പുയ്യാപ്ല

രചന : – സൈനു ഓമി –

” ഖാദർ ഹാജിയുടെ പുയ്യാപ്ല പിണങ്ങിപ്പോയിട്ട് രണ്ട് ദിവസമായി… ”

ഇനി ചെന്ന് വിളിച്ചാലേ തിരികെ വരികയുള്ളൂ.. ഇടക്ക് പോവാറുള്ളതാണ്.. അങ്ങനെയുള്ള ദിവസങ്ങളിൽ അയാൾ രാത്രി തങ്ങാറുള്ള സ്ഥലങ്ങളിൽ പോയി തിരയണം.. പകൽ സമയത്ത് കടയിൽ വരുമ്പോൾ മുഖം വീർപ്പിച്ച് അരികിൽ വരാതെ നിൽക്കും.. അടുത്ത് പോയി സംസാരിക്കാൻ ശ്രമിച്ചാൽ ആളുകളറിഞ്ഞ് നാണക്കേടാവും…

ഉപ്പയെ ചോദിച്ച് കുട്ടികൾ കരയാൻ തുടങ്ങി.. തന്റെ ഏക മകളായ അവരുടെ ഉമ്മയുടെ ആശ്വാസവാക്കുകൾ കേട്ടിട്ടൊന്നും കുട്ടികൾ അടങ്ങുന്നില്ല… അവർക്ക് ഉപ്പയെ കാണണം. ഇതൊക്കെ കണ്ടും കേട്ടും സഹിക്കാതായപ്പോൾ ഖാദർ ഹാജി അകത്തേക്ക് നോക്കി വിളിച്ചു…

” ഫാത്തിമാ… ആ കാറിന്റെ ചാവിയിങ്ങെടുത്തേ… ”

കണ്ണൂരിലെ പേരു കേട്ട കച്ചവടക്കാരനാണ് ഖാദർ ഹാജി. ടൗണിൽ അരിക്കച്ചവടം ചെയ്യുകയാണ്. ദാരിദ്ര്യം നിറഞ്ഞൊരു കാലമുണ്ടായിരുന്നു അയാൾക്ക്. പട്ടിണി കിടന്നും കിട്ടുന്ന ഏത് ജോലിയും ചെയ്തും ജീവിച്ചൊരുകാലം. അവിടെ നിന്നും കഠിനപ്രയത്നം കൊണ്ട് ഒരു പാട് സമ്പാദിച്ച് അറിയപ്പെട്ട കച്ചവടക്കാരനായി.. പേരു കേട്ട പണക്കാരനായി…

പക്ഷേ.. മകളുടെ കാര്യത്തിൽ അയാൾക്കു പിഴച്ചു.. നല്ല തറവാട്ടിൽ നിന്ന് ഒത്തിരി പഠിച്ച ചെറുപ്പക്കാരനെ തന്നെയാണ് അയാൾ തന്റെ ഏക മകൾക്കായി കണ്ടെത്തിയത്.. തന്റെ കടയിൽ ഏറ്റവും നല്ല ജോലി ഹാജി തന്റെ പുയ്യാപ്ലക്ക് നൽകി.. വീട്ടിൽ വേണ്ടതിലധികം ആദരവ് നൽകി.. കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് പെട്ടെന്നൊരു ദിവസം അയാൾ ആദ്യമായി പിണങ്ങിപ്പോയി…

മകൾ ഭക്ഷണം കഴിക്കാതെ രാത്രി കാത്തിരുന്നു.. ഹാജിയും ഇത്തയും അവളുടെ കൂടെ ഉറക്കൊഴിച്ചു.. അയാൾ വന്നില്ല… രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ആരോ പറഞ്ഞു പുയ്യാപ്ല ജുമുഅത്ത് പള്ളിയിൽ ഉറങ്ങുന്നുണ്ടെന്ന്.. ഹാജിയാർ കേട്ടപ്പോൾ തന്നെ പോയി വീട്ടിലേക്ക്‌ വരാൻ പറഞ്ഞു..

“പുയ്യാപ്ല പിണങ്ങിപ്പോവുന്നത് ഭാര്യ വീട്ടുകാർക്ക് നാണക്കേടാണ്.. വീട്ടുകാർ ഒന്നിച്ച് അയാളെ അപമാനിച്ചു എന്നേ നാട്ടുകാർ പറയുകയുള്ളൂ… പുറത്തിറങ്ങിയാൽ ആളുകൾ ചോദിക്കുന്നത് കേൾക്കുമ്പോൾ ഉത്തരം മുട്ടിപ്പോവും.. ‘നമ്മുടെ കുറ്റം കൊണ്ടല്ല’ എന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല.. ഒരു പരിഹാസച്ചിരിയോടെ അവർ തിരിഞ്ഞു നടക്കും..”

അന്ന് ഒരു പാട് തവണ വിളിച്ചപോൾ ‘ഞാൻ വരാം’ എന്ന് പറഞ്ഞു.. ഖാദർ ഹാജി ജീവിതത്തിൽ ഒത്തിരി കഷ്ട്ടപ്പെട്ടിട്ടുണ്ടെങ്കിലും ആരുടെ മുമ്പിലും തലകുനിച്ചിട്ടില്ല.. പക്ഷേ പുയ്യാപ്ലക്ക് മുന്നിൽ അയാൾ കടുകുമണിയോളം താഴ്ന്നു. പിറ്റേന്ന് അയാൾ വീട്ടിലേക്ക് വന്നു…

വീണ്ടും ഇടക്കിടെ അയാൾ പിണങ്ങിപ്പോവും. കറിയിൽ ഉപ്പ് കുറഞ്ഞെന്നോ., കട്ടൻ ചായയുടെ കടുപ്പം കൂടിയൊന്നോ.., ഷർട്ടിന്റെ ബട്ടൺ പൊട്ടിയെന്നോ.. ചെറിയ കാരണങ്ങൾ മതി പോവാൻ… പോവുമ്പോഴെല്ലാം ഖാദർ ഹാജി പോയി വിളിച്ചു വരുത്തും.

രണ്ട് മക്കളായിട്ടും അയാളിപ്പഴും പിണങ്ങിപ്പോവുന്നല്ലോ.. എന്നോർത്തപ്പോൾ അയാൾക്ക് വെറുപ്പ് തോന്നി.. ജുമുഅത്ത് പള്ളിയുടെ മുന്നിൽ കാറ് സൈഡാക്കി ഹാജി പള്ളിയുടെ അകത്തേക്ക് കയറി.. കൂരിരുട്ടിലൂടെ ഒരു മനുഷ്യന്റെ ഖൂർക്കം വലി ഉയർന്നു കേൾക്കുന്നുണ്ട്.. ഹാജി സെൽഫോൺ പ്രകാശിപ്പിച്ചു…. മലർന്നു കിടന്നുറങ്ങുന്ന പുയ്യാപ്ലയുടെ അടുത്തിരുന്ന് കുലുക്കി വിളിച്ചു… അയാൾ ഞെട്ടിയുണർന്ന് എഴുന്നേറ്റ് നിന്നു…

“മോനേ… നീ.. വീട്ടിലേക്ക് വരണം..”

“ഞാനിനി വരുന്നില്ല…”

“മോനേ… കുട്ടികൾ നിന്നെ വിളിച്ചു കരയുന്നു.. ”

” ഞാൻ വരുന്നില്ല ഉപ്പാ…”

ഹാജി എത്ര താഴ്ന്ന് പറഞ്ഞിട്ടും പുയ്യാപ്ല വഴങ്ങിയില്ല… ക്ഷമ കെടാൻ തുടങ്ങിയിരിക്കുന്നു. മനസ്സിൽ അടക്കി വച്ച ദേഷ്യമൊക്കെ നുരഞ്ഞു പൊന്താൻ തുടങ്ങിയിരിക്കുന്നു..

എത്ര കാലമായി താനിയാളുടെ പിറകിലിങ്ങനെ നാണമില്ലാതെ നടക്കുന്നു.ചെറിയ കാര്യങ്ങൾ പറഞ്ഞ് പിണങ്ങിപ്പോവുന്ന ഇയാൾക്ക് വേണ്ടി താനെന്തിന് ഇത്രയും നാണം കെടണം. ഇനിയുമിത് തുടരുന്നത് അപകടമല്ലേ… ഹാജിയാർ ചുറ്റും നോക്കി.. പള്ളിയിലെ ഇമാമും മുഅദ്ദിനുമെല്ലാം അകത്ത് മുറിയിൽ ഉറക്കമാണ്.. ഇവിടെ താനും പുയ്യാപ്ലയും മാത്രം..

ഹാജി ഒന്ന് പല്ല് ഞെരിച്ചു.. കുപ്പായക്കൈകൾ തെറുത്ത് കയറ്റി..അയാൾ പഴയ അങ്ങാടിപ്പയ്യനായി മാറി അൽപ നേരം ദേഷ്യം കൊണ്ട് നിന്ന് വിറച്ചു…

അടുത്ത നിമിഷം ഹാജിടെ പരുപരുത്ത വലം കൈ പുയ്യാപ്ലയുടെ കവിളത്ത് വലിയ ശബ്ദത്തോടെ ആഞ്ഞു പതിച്ചു.. അയാൾ നിലവിളിക്കാൻ തുടങ്ങിയപ്പോൾ അടുത്ത കവിളിലും അടിപൊട്ടി.. ഹാജിയുടെ പരുക്കൻ ശബ്ദമുയർന്നു…

” മിണ്ടിപ്പോവരുത്..”

പുയ്യാപ്ലയുടെ തുറന്ന വായ ‘oപ്പ്’ എന്ന് അടഞ്ഞു. ഹാജിയുടെ ശബ്ദം ഇടിമുഴക്കം പോലെ വീണ്ടും മുഴങ്ങുകയാണ്.

“ഇപ്പോ എന്റെ കൂടെ വരണം.. സൗകര്യമുണ്ടെങ്കിൽ വീട്ടിൽ താമസിക്കാം.. ഇല്ലെങ്കിൽ കെട്ട്യോളെയും കുട്ട്യോളെയും കൊണ്ട് പോവാം.. അവരെ വേണ്ടെങ്കിൽ പറഞ്ഞിട്ട് തനിച്ച് പോവാം…

പിന്നെ ഇത് വരെ വിളമ്പിത്തരുന്നത് നക്കുക എന്നല്ലാതെ നാട്ടിൽ പതിവുള്ള പോലെ അവൾക്കും കുട്ടികൾക്കും അഞ്ച് പൈസ ചിലവിന്ന് കൊടുത്തിട്ടില്ലല്ലോ..

ഇനി മുതൽ അത് കൃത്യമായി കൊടുക്കണം.. വെറുതെ അല്ലല്ലോ. നല്ല ജോലിയില്ലേ..

വീട്ടിൽ താമസിക്കാനാണ് തീരുമാനമെങ്കിൽ ഇനി പിണങ്ങിപ്പോയാൽ പിന്നെ ഞാനാ പടി കയറ്റില്ല..

നല്ല രീതിയിൽ ജീവിക്കുന്ന കുറേ പുയ്യാപ്ലമാരെ പറയിപ്പിക്കുന്നവനാണ് നീയൊക്കെ..

ഇതു മൂലം എനിക്കുണ്ടാവുന്ന നാണക്കേട് എന്ത് തന്നെയായാലും ഞാൻ സഹിച്ചോളം. ഇനിയുമെനിക്ക് താഴാൻ വയ്യ.”

ഹാജി അതും പറഞ്ഞ് തിരിഞ്ഞു നടന്നു… വേദനിക്കുന്ന കവിളിൽ കൈ വച്ചു കൊണ്ട് പുയ്യാപ്ല കണ്ണുനീർ തുടച്ചു കൊണ്ട് പിറകെ വന്ന് കാറിൽ കയറി.. എന്തൊരു അനുസരണ…! സാധാരണ വിളിക്കാൻ പോയാൽ അടുത്ത ദിവസമേ വരാറുണ്ടായിരുന്നുള്ളൂ.. ഇത് ഒപ്പം തന്നെ വരുന്നു..!

ഹാജിയുടെ കൂടെ പുയ്യാപ്ല വീട്ടിൽ കയറി മിണ്ടാതെ കസേരയിലിരുന്നു.. ഉറങ്ങാതെ നോക്കി നിൽക്കുകയായിരുന്ന ഉമ്മയും മകളും ഭക്ഷണം വിളമ്പി..

ഒതുക്കത്തോടെ ഇരുന്ന് കഴിച്ച് വെള്ളം കുടിച്ച് മണിയറയിലേക്ക് പോവുന്ന പുയ്യാപ്ലയെ നോക്കി ഖാദർ ഹാജി… ചെറു ചിരിയോടെ മനസ്സിൽ പറഞ്ഞു..

” ഈ… അടി പണ്ടേ.. കൊടുക്കേണ്ടതായിരുന്നു.. ഇനിയിവൻ ജന്മത്തിൽ പിണങ്ങിപ്പോവില്ല.. ”

* * *

രചന : – സൈനു ഓമി –

Leave a Reply

Your email address will not be published. Required fields are marked *