പൂമൊട്ടുകൾ

രചന : – Navas Aamandoor

“കുറച്ച് കഴിഞ്ഞു ഞാൻ വരും ഒരുങ്ങി നിന്നോ. ഇനി വെച്ചു താമസിപ്പിക്കണ്ട…. ഇന്ന് തന്നെ വേണം. ”

“ഇക്കാ ഒന്നൂടെ ആലോചിച്ചിട്ട് പോരെ… ?”

“പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു സുമി. ഈ വിഷയത്തിൽ ഒരു ചർച്ച വേണ്ടാ…. എനിക്ക് വേണ്ടി മാത്രമല്ല ഈ തുരുമാനം നിനക്കും കൂടി വേണ്ടിയാ. ”

“ഉമ്മയും ഉപ്പയും സമ്മതിക്കുന്നില്ല ഇക്കാ ”

“എനിക്ക് ആരുടെയും സമ്മതം വേണ്ടങ്കിലോ…. ?”

സമീർ മുറിയിൽ നിന്നും പുറത്ത് ഇറങ്ങി. സുമിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നത് കണ്ടിട്ടും കാണാത്ത പോലെ മുഖം തിരിച്ചു. ടേബിളിൽ വന്നിരുന്നു.

ഉമ്മ ആവി പറക്കുന്ന പുട്ടും കടലയും കൊണ്ട് വെച്ചു. അടുത്ത കസേരയിൽ ഉപ്പയും വന്നിരുന്നു. ഉമ്മയെയും ഉപ്പയെയും നോക്കാതെ സമീർ ഒരു കഷ്ണം പുട്ട്‌ എടുത്തു പ്ലെയിറ്റിൽ വെച്ചു ഉടച്ചു കടല കറി കോരി ഒഴിച്ചു.

“മോനെ ഇങ്ങനെയൊരു കാര്യം ഞങ്ങൾക്ക് പറയാൻ അവകാശമുണ്ടോയെന്ന് അറിയില്ല. എങ്കിലും പറയാതിരിക്കാൻ കഴിയുന്നില്ല. ”

പുട്ടും കടലയും കുഴക്കുന്നതിന്റെ ഇടയിൽ സമീർ വാപ്പയുടെ മുഖത്തേക്ക് നോക്കി.

“ഞങ്ങൾക്കുമില്ലേ ആഗ്രഹം നിന്റെ കുട്ടിനെ കാണാനും താലോലിക്കാനും.പടച്ചോൻ തന്ന അനുഗ്രഹമാണ് അവളുടെ ഉള്ളിൽ തുടിക്കുന്ന ജീവൻ. അത്‌ വേണ്ടെന്ന് വെക്കരുത് മോനെ… ”

അവന്റെ മറുപടിക്കായി വാപ്പയും ഉമ്മയും അവനെ നോക്കി. മുറിയുടെ വാതിലിൽ ചാരി സുമിയും.

“എല്ലാവർക്കും അറിയാലോ ഏഴ് കൊല്ലം നാട് കാണാതെ മരുഭൂമിയിൽ പണി എടുത്തു ഉണ്ടാക്കിയ ക്യാഷ് കൊണ്ടാണ് ഒരു ഷോപ്പ് തുടങ്ങിയത്. അത്‌ പച്ച പിടിച്ചു വരുന്നുള്ളു. ഇതുവരെയുള്ള മുഴുവൻ സമ്പാദ്യവും അതിൽ ഉണ്ട്… ഇങ്ങനെ ഒരു അവസരത്തിൽ ഒരു കുട്ടി വേണ്ടാ.. ”

“സമീറെ അതൊക്കെ നോക്കിയാണോ കുട്ടിയെ വേണ്ടെന്ന് പറയുന്നത്. ”

“അത്‌ മാത്രമല്ല. സുമി സ്കൂളിൽ ജോയിൻ ചെയ്തിട്ട് മൂന്ന് മാസം ആയിട്ടുള്ളു. ഒരു വർഷം തികച്ചാൽ ആ ജോലി സ്ഥിരമാകും.. അതുകൊണ്ട് ഇപ്പൊ ആരും ആഗ്രഹിക്കണ്ട. അഞ്ച്‌ മാസമല്ലേ ആയിട്ടുള്ളു കല്യാണം കഴിഞ്ഞിട്ട്… ഞങ്ങളൊന്നു സെറ്റ് ആവട്ടെ വാപ്പ. ”

കുഴച്ച പുട്ട് ബാക്കി വെച്ച് ചായ കുടിച്ച് സമീർ ഇറങ്ങി.

സുമി അലമാരയിലെ കണ്ണാടിയിൽ നോക്കി നിന്ന് വലത്തേ കൈ വയറിൽ വെച്ചു.

ആൺ കുട്ടി ആയിരിക്കോ വാപ്പിച്ചിനെ പോലെ.

അതോ പെൺ കുട്ടിയോ ഉമ്മിച്ചിയെ പോലെ.

അവളുടെ ഹൃദയം പിടക്കാൻ തുടങ്ങി.അവൾ ഇപ്പൊ ഉമ്മയാണ്. ഏതൊരു ഉമ്മക്കാണ് ഉദരത്തിൽ കിളിർത്ത പൂമൊട്ടു വിരിയും മുൻപേ കൊഴിച്ചു കളയാൻ കഴിയുക.

ഉമ്മ അവളുടെ മുറിയിലേക്ക് കയറി ചെന്നപ്പോൾ കണ്ട കാഴ്ച ഉമ്മയുടെ കണ്ണിനെയും കണ്ണീർ വരുത്തി. സുമി ഉമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.

“അവൻ അങ്ങനെയാ മോളേ. തീരുമാനിച്ചാൽ പിന്നെ ആര് പറഞ്ഞാലും കേൾക്കില്ല. ”

“ഉമ്മാ എന്റെ കുട്ടിക്ക് ഇപ്പൊ ജീവൻ ഉണ്ടാവോ… ഉമ്മാ. ”

സമീർ പുറത്ത് പോയി വന്നതിനു ശേഷം സുമിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. ബുള്ളറ്റിൽ ഗെയ്റ്റ് കടന്ന് പോകുന്നതും നോക്കി ഉമ്മയും ഉപ്പയും നിന്നു.

“ഇത്‌ എന്താ വേറെ വഴിലൂടെ പോകുന്നത്… ?”

“മറ്റേ വഴി നിറച്ചും കുണ്ടും കുഴിയാണ് സുമി ”

ഉച്ചയോടെ ഡോക്ടറെ കണ്ട് അവർ തിരിച്ചെത്തി.

പച്ചക്കറിയും ഫ്രൂട്സും മരുന്നും സമീർ ഉമ്മയുടെ കൈയിൽ കൊടുത്തു ഉമ്മയെ നോക്കി പുഞ്ചിരിച്ചു. ഉമ്മ ആ പുഞ്ചിരിക്ക് മറുപടി കൊടുക്കാതെ മുഖം വീർപ്പിച്ചു,സുമിയുടെ കൈപിടിച്ചു.

അവളുടെ മുഖത്തു ഇപ്പോൾ സങ്കടമില്ല. കണ്ണുകളിലെ കണ്ണീരിന് പകരം തിളക്കം.

“ഉമ്മാ ഇതൊക്ക ഓളെ കൊണ്ട് തീറ്റിക്കണട്ടോ. എന്റെ മോന് ആരോഗ്യം ഉണ്ടാവട്ടേ. ഇനി രണ്ടാൾക്കും പേരകുട്ടിയെ കിട്ടാത്തത് കൊണ്ട് സങ്കടം വേണ്ടാ. ”

ഉമ്മയുടെ മുഖം വിടർന്നു. സമീറിന്റെ കവിളിൽ ഉമ്മ സ്‌നേഹത്തോടെ ചുംബിച്ചു.

“അൽഹംദുലില്ലഹ് ….. നീ എന്റെ പ്രാർത്ഥന കേട്ടു ”

ഉമ്മ സുമിയെയും കൊണ്ട് അകത്തേക്ക് പോയി.വാപ്പ സമീറിന്റെ അരികിൽ വന്നവന്റെ കൈയിൽ പിടിച്ചു.

“മോനെ,ചിലപ്പോൾ ചില തീരുമാനങ്ങൾ മാറ്റേണ്ടി വരും.എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി. ഇപ്പൊ എന്റെ മോനോട് വാപ്പാക്ക് ഇത്തിരി ബഹുമാനം തോന്നുന്നുണ്ട്… എന്താ ഇപ്പൊ ഇങ്ങനെ തീരുമാനിക്കാൻ… ? ”

“ഉമ്മയുടെ വയറ്റിൽ ഞാൻ ഉണ്ടായപ്പോൾ വാപ്പയും ഉമ്മയും എന്നെ വേണ്ടെന്ന് വെച്ചിരുന്നങ്കിൽ ഞാൻ ഉണ്ടാകുമായിരുന്നില്ലല്ലോ… അതോർത്തപ്പോൾ… എന്റെ മനസ്സിലും ഉണ്ട് വാപ്പ,എന്റെ കുട്ടിയെ വേണ്ടെന്ന് വെക്കുമ്പോൾ സങ്കടം. ”

ജന്മം കൊടുക്കാൻ വിധിക്കപ്പെട്ട മാതാപിതാക്കൾ തന്നെ സ്വന്തം ചോരയുടെ കൊലയാളികൾ ആവാതിരിക്കാൻ നമുക്ക് ശ്രമിക്കാം.

“മൊട്ടായെങ്കിൽ പൂവായി വിരിയട്ടെ അല്ലേ.. ?”

രചന : – Navas Aamandoor

Leave a Reply

Your email address will not be published. Required fields are marked *