പൂർണ്ണചന്ദ്രനെ നോക്കി നിന്ന ഗൗരിയെ പിന്നിലൂടെ ചെന്ന് ആ അരക്കെട്ടിൽ ഒന്നു ചേർത്തു പിടിച്ചപ്പോൾ അവൾ കുതറി മാറി.

രചന: Savin Sajeev

വീട്ടിലെ വഴക്കും ബഹളവും ഉച്ചത്തിലായപ്പോൾ അയൽപക്കത്തുള്ളവരും വീട്ടിലേക്ക് വന്നു.വഴക്ക് അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയപ്പോൾ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. ഇല്ലെങ്കിൽ ചിലപ്പോൾ ഇറക്കിവിട്ടാൽ അതുചിലപ്പോൾ വലിയ കഠിനമായ തീരുമാനങ്ങളും എടുക്കാൻ കാരണമാകും.

അമ്മയുടെ പിൻവിളി കേട്ടില്ലെന്ന് നടിച്ച് എന്തെക്കെയോ വാരിപ്പെറുക്കി ബാഗിലാക്കി ടെന്റും ആയി പോർച്ചിലേക്ക് നടന്നു.” ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല എന്നു മനസ്സിൽ ഉറപ്പിച്ച് ഇരുളടഞ്ഞ വഴികളിലേക്ക് ബൈക്കിറക്കി. എല്ലാവരുടേയും തുറിച്ചനോട്ടം എന്നിലേക്ക് തന്നെയാണെന്ന് മനസ്സിലായതോടെ വേഗത്തിൽ സ്ഥലം വിടാൻ തീരുമാനിച്ചു.” വീട്ടുകാരെ നോക്കാതെ തന്നിഷ്ടത്തിന് നടക്കുന്നവൻ, ഇവനൊക്കെ നന്നാകാൻ ആണോ, ആ തളളയുടെ കണ്ണീർമതി പോണ വഴിക്ക് തീരാൻ.” ആ ശബ്ദം തേടി തിരിഞ്ഞു നോക്കിയെങ്കിലും ആൾക്കൂട്ടത്തിനിടയിൽ നിന്നും ആ കുലസ്ത്രീയേ കണ്ടെത്താൻ സാധിച്ചില്ല.

തെരുവിലെ അരണ്ട വൈദ്യുത വെളിച്ചത്തിൽ നായ്ക്കൾ അങ്ങിങ്ങായി അലഞ്ഞു നടക്കുകയാണ്. പതിയെപ്പോകാൻ തീരുമാനിച്ചു, ഇല്ലെങ്കിൽ ആ തള്ളച്ചി പറഞ്ഞ പോലെ ജീവിതം ഇവിടെ കൊണ്ട് തീരും.

ദൂരങ്ങൾ പിന്നിടുന്നതറിയുന്നില്ല, ഇടയ്ക്ക് ഓരോ ചായയും കുടിച്ചാണ് യാത്ര.ഉറക്കം വരാതിരിക്കാൻ മുറുക്കാനും വാങ്ങി വെച്ചിരുന്നു.ഫോൺ ഓഫ് ആക്കിയതിനാൽ എവിടായി എന്ന് ഒരു പിടിയും കിട്ടുന്നില്ല. എന്തായാലും വണ്ടി കേരളാ – തമിഴ്നാട് അതിർത്തിയോടക്കുകയാണെന്ന് വഴിയിൽ ബോർഡുകൾ പറഞ്ഞു തന്നു കൊണ്ടിരുന്നു.മല കയറുന്നതിനൊപ്പം തണുപ്പും കൂടി വരുകയാണ്. മുറുക്കാൻ ചവച്ചും നീട്ടി തുപ്പിയും ഒരു താളത്തിൽ മുന്നോട്ട് പോയി.യാത്ര ദുഷ്കരമാക്കി കോടമഞ്ഞ് വഴിയാകെ മൂടിക്കഴിഞ്ഞിരുന്നു. അതിനിടയിൽ മുറുക്കിയതു ചെറുതായി തലക്ക് പിടിച്ചതോടെ അടുത്തു കണ്ട കടയുടെ മുന്നിൽ വണ്ടി നിർത്തി.

പ്രായം എഴുപതു കഴിഞ്ഞ ഒരു അപ്പാപ്പൻ ആണ് ചായക്കട നടത്തുന്നത്.പാതിരായോടടുക്കുകയാണ് ഇനിയും ആളുകൾ വരും എന്ന ശുഭപ്രതീക്ഷയോടെ നില്ക്കുന്ന അപ്പാപ്പനെ കണ്ടപ്പോൾ എനിക്ക് പലതും ഓർമ്മ വന്നു. ഒരു പക്ഷേ ഞാനും വീട്ടിലെ ഒച്ചപ്പാടിൽ ഒരു നിമിഷം ശാന്തനായിരുന്നെങ്കിൽ ക്ഷമയോടെ നല്ലൊരു നാളെയെക്കരുതി ഉറക്കാൻ പോയിരുന്നെങ്കിൽ ഒരിക്കലും വീടുവിട്ടു പോരേണ്ടി വരില്ലായിരുന്നു. ജാക്കറ്റിനെ തുളച്ചു കൊണ്ടു തണുത്ത കാറ്റ് ശരീരമാകെ കൊത്തിവലിക്കുകയാണ്.

”മോനേ, ചായ ആണോ അതോ കട്ടനാണോ?” അപ്പാപ്പന്റെ സ്നേഹപൂർണ്ണമായ വിളിയിൽ ഞാൻ ഒന്നൂടെ ശാന്തനായി.ഒരു കട്ടനും വാങ്ങി ബൈക്കിൽ കയറിയിരുന്നു. വീശിയടിക്കുന്ന കാറ്റിൽ കോടമഞ്ഞ് പറന്നകലുന്നത് കടയിലെ അരണ്ട വെളിച്ചത്തിൽ കാണാമായിരുന്നു. ചൂട് കട്ടൻ ഊതിക്കുടിച്ച് ഇനി എങ്ങോട്ടെന്ന ചിന്തയിൽ മുഴുകിയിരിക്കുമ്പോൾ ഞെട്ടിത്തരിപ്പിച്ചു കൊണ്ട് ഒരു കാറിനെ ഇടിച്ചു മറിച്ചിട്ട് തമിഴൻപാണ്ടി ലോറി ചീറി പാഞ്ഞു പോയി.എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചുപോയി.ജീവന്റെ തുടിപ്പുകൾ തേടി ഞങ്ങൾ ഇരുവരും തകർന്നു കിടക്കുന്ന വണ്ടിയുടെ അരികിലേക്ക് ഓടിയെത്തി.

വണ്ടിയിൽ നിന്നും ഒരു ഞെരക്കവും മൂളലും കേട്ട് ഫോണിലെ ടോർച്ച് തെളിച്ചപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു സ്ത്രീ ചോരയിൽ കുളിച്ചു കിടക്കുന്നു. അവരെ അതിൽ നിന്നും പുറത്തെടുക്കാൻ നോക്കുന്നതിനിടയിൽ അതു വഴി കടന്നു പോയ ഒരു കാറുകാരനും ഞങ്ങൾക്കൊപ്പം എത്തിയിരുന്നു.ഒരു കണക്കിന് അവരെ പുറത്തെടുത്ത് പുള്ളിയുടെ കാറിൽ തന്നെ ആശുപത്രിയിലേക്ക് തിരിച്ചു. ചോരയൊലിച്ച് മടിയിൽ കിടക്കുന്ന ആ കുട്ടിയുടെ മുഖം എന്നെ വല്ലാതെ സങ്കടക്കടലിലാഴ്ത്തിക്കളഞ്ഞിരുന്നു. ആ കുട്ടിയുടെ ബാഗുകൂടി അപ്പാപ്പൻ എടുത്തു വണ്ടിയിൽ ഇട്ടിരുന്നു.

ശരീരമാകെ ഒരു വിറകൊണ്ടിരിക്കുകയാണ്. മനസ്സിലും പുറത്തെപ്പോലെ കൂരിരുട്ടു കൊണ്ട് മൂടിയ അവസ്ഥ. വണ്ടി ഓടിക്കുന്നവനെങ്കിലും ഒരു ആശ്വാസവാക്ക് പറഞ്ഞിരുന്നെങ്കിൽ…… വണ്ടി വളവും തിരിവും പിന്നിട്ട് കൂരിരുട്ടിനെ വകഞ്ഞു മാറ്റി മുന്നോട്ട് തന്നെ പോയിക്കൊണ്ടിരുന്നു.

മടിയിൽ കിടക്കുന്ന കുട്ടി എന്തോ പറയുന്നതുപോലെ തോന്നിയെങ്കിലും ഒന്നും വ്യക്തമായി മനസ്സിലായില്ല. ഒഴുകിയൊലിച്ച ചോരയിൽ കൈ വിരലുകൾ വല്ലാതെ ഒട്ടിപ്പിടിക്കുന്നതു പോലെ തോന്നി. ഞാൻ ഒന്നൂടെ ആ കുട്ടിയുടെ മുഖത്തോട് ചെവിയോർത്തു.വെളളം, വെള്ളം എന്നു അവ്യക്തമായി പറയുന്നതു പോലെ തോന്നി.”ചേട്ടാ, അടുത്തുള്ള കടയിൽ വണ്ടി നിർത്തണം, ഒരു കുപ്പിവെള്ളം വാങ്ങിക്കണം.”പുള്ളി കേട്ടഭാവം നടിക്കാതെ ഡ്രൈവിംഗിൽ തന്നെ ശ്രദ്ധ കൊടുത്തു.അധികം വൈകാതെ ആശുപത്രിയിലേക്ക് എത്തിച്ചേർന്നിരുന്നു.

സർവ്വ സന്നാഹങ്ങളുമായി നേഴ്സ്മാരും എത്തി. ക്യാഷ്യാലിറ്റിയിൽ നിന്നും നേരെ icu വിലേക്കു മാറ്റിയിരുന്നു.

ആശുപത്രി വരാന്തയിലെ ചാരുകസേരയിൽ ആ കുട്ടിയുടെ ബാഗുമായി ഇരിക്കുമ്പോഴും പേടിയും വിറയും എന്നെ വിട്ടു പോയിരുന്നില്ല. ദീർഘനിശ്വാസത്തോടെ ഒന്നു കണ്ണുകൾ അടച്ചപ്പോഴേക്കും മരുന്നിന്റെ ഒരു വലിയ കുറിപ്പ് എന്റെ മുന്നിലേക്ക് എത്തിയിരുന്നു.

സമയം പാതിരാവ് പിന്നിട്ടെങ്കിലും ആശുപത്രിയും പരിസര പ്രദേശവും ഉറക്കത്തിന്റെ യാതൊരു ആലസ്യവും കൂടാതെ പ്രസരിപ്പോടെ നില്ക്കുകയാണ്.മെഡിൽ സ്റ്റോറിൽ നിന്നും മരുന്നും വാങ്ങി എത്തിയപ്പോഴേക്കും കൂടെ വന്ന ഡ്രൈവറും പോയിക്കഴിഞ്ഞിരുന്നു.മൂകമായ വരാന്തയിലൂടെ പതിയെ നടന്നു.ഓരോ കാലോച്ചകളും വല്ലാതെ എന്നെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു.

അടുത്തിരുന്ന പുരുഷ കേസരികളെല്ലാം ഗാഢനിദ്രയിൽ ചാരിയിരുന്നുറങ്ങുകയാണ്. എനിക്കെന്തോ ഉറക്കം വന്നില്ല.വല്ലാത്ത ഭയം എന്നെ പിടി കൂടിയിരുന്നു. ആ കുട്ടിയുടെ ബാഗിൽ നിന്നും ഫോൺ ബെല്ലടിച്ചു തുടങ്ങിയപ്പോൾ തന്നെ അടുത്തിരുന്നവർ വല്ലാതെ മുറുമുറുങ്ങുന്നുണ്ടായിരുന്നു,കോൾ എടുക്കും മുന്നേ ഫോണും സ്വിച്ചോഫായി.ഫോൺ ബാഗിലേക്കിടുന്നതിനിടയിൽ ഒരു ഐഡി കാർഡ് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.ഗൗരിനന്ദ 24 വയസ്സ്.കൊച്ചി ഇൻഫോ പാർക്കിലെ ടെക്കിയാണ്.കുറേ സ്വർണ്ണാഭരണങ്ങളും പണവും ആ ബാഗിൽ ഉണ്ടായിരുന്നു.ബാഗ് സുരക്ഷിതമായി തോളിൽ ഇട്ടു.ഞാൻ എന്തിനാണ് ടെൻഷൻ അടിക്കുന്നത് അതെന്റെ ആരും അല്ല, ഒരു സഹായം ചെയ്തു അത്ര മാത്രം എന്നു മനസ്സിനെപ്പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ല.രാത്രിയുടെ ഓരോ യാമങ്ങളും ഓരോ യുഗങ്ങൾ പോലെയാണ് കടന്നു പോകുന്നത്.

സമയം പുലരിയോടക്കുകയാണ്, ഡോക്ടർ icu യൂണിറ്റിൽ നിന്നും പുറത്തേക്ക് വന്നു. ”കുട്ടിക്ക് ബോധം വന്നിട്ടുണ്ട്.കൈയ്യിൽ ചെറിയ ചതവ് ഉണ്ട്.തലയ്ക്ക് കുറച്ചു പരിക്ക് പറ്റിയിട്ടുണ്ട്, കൂടുതൽ സ്കാനിംഗ് റിപ്പോർട്ട് കിട്ടിയിട്ടുപറയാം. എന്തായാലും അപകടനില തരണം ചെയ്തിട്ടുണ്ട്.” ഡോക്ടറിന്റെ വാക്കുകൾ എനിക്ക് തന്നെ സമാധാനം ചെറുതൊന്നുമല്ലായിരുന്നു.പതിയെ ക്യാന്റീനിലേക്ക് നടന്നു.ഒരു ചൂടു കട്ടൻ കാപ്പി വളരെ ആശ്വാസത്തോടെ ഇരിന്നു കുടിച്ചു.

കിഴക്ക് വെള കീറി തുടങ്ങിയപ്പോഴേ ആശുപത്രി പരിസരം പതിയെ തിരക്കിലേക്ക് വഴുതിത്തുടങ്ങിയിരുന്നു. ഞാൻ എന്റെ ഫോൺ ഓണാക്കി കൂട്ടുകാരനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

വീട്ടിൽ നിന്നും പിന്നെ വിളിയൊന്നും വരില്ല. പോയാൽ പോയ വഴി ആണെന്ന് അവർക്കും അറിയാം. ഒരു പകലും ഒരു രാത്രിയും പിന്നെയും കടന്നു പോയി.അപകടനില പൂർണ്ണമായും തരണംചെയ്തു സാധാരണ ജീവിതത്തിലേക്ക് എത്തിയതിനാൽ റൂമിലേക്ക് മാറ്റിയിരുന്നു.ഗൗരിയുടെ ഫോൺ ചാർജ് ആക്കി അവളുടെ ബന്ധുക്കളെ വിളിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും നടന്നില്ല.

മരുന്നിന്റെ ആലസ്യത്തിൽ നിന്നും പതിയെ അവൾ കണ്ണു തുറന്നപ്പേഴേക്കും രാത്രിയായിരുന്നു.അതോടെ ഞാനും സന്തോഷിച്ചു. ഊരും പേരും ചോദിച്ചെങ്കിലും ഒന്നും തന്നെ അവൾ പറഞ്ഞില്ല. ക്ഷമകെട്ട് അവസാനം അവൾക്ക് വന്ന ഫോൺ കോൾ ഞാൻ തട്ടിപ്പറിച്ചെടുത്തു, കാര്യങ്ങൾ എല്ലാം വിശദമായിത്തന്നെ പറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ അവർ വരാമെന്നും പറഞ്ഞു.സന്തോഷം കൊണ്ടോ എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. രാത്രി ഭക്ഷണവും നല്കി അവൾക്കരിലിരുന്നു ഞാനും മയങ്ങി.കുറച്ചു ദിവസങ്ങൾക്ക് ശേഷമുള്ള ശാന്തമായ നിദ്ര സമ്മാനിച്ചാണ് രാത്രി വിടപറഞ്ഞത്.

അവർ ആശുപത്രിയിൽ എത്തിച്ചേർന്നെന്ന വിവരം അറിയിച്ചു കൊണ്ട് വിളി എത്തിയിരുന്നു. ഞാൻ അവരെ ഗൗരിയുടെ റൂമിലേക്ക് കൂട്ടികൊണ്ടു പോയി.പഴയ പ്രസരിപ്പ് നഷ്ടപ്പെട്ട് അവളുടെ കണ്ണുകളുടെ തിളക്കം കുറഞ്ഞതുപോലെ തോന്നി.അവരെ കണ്ടതും നിർവ്വികാരഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു.പെട്ടെന്ന് അവൾക്ക് ബോധം മറിഞ്ഞു.ഉടനെ ഡോക്ടറും നഴ്സ്മാരും പരിവാരങ്ങളും എല്ലാം എത്തി ഞങ്ങളെ പുറത്തേക്ക് നിർത്തി റൂം അടച്ചു.

വീണ്ടും വല്ലാത്ത ഭയം എന്ന പിടികൂടിയിരുന്നു. തോളിൽ വന്നു പതിച്ച കൈകൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞിരുന്നു.” ഞാൻ ഗൗരിയുടെ അമ്മാവനാണ് പേര് ഗണേശൻ കോട്ടയത്ത് റബ്ബർ പ്ലാന്റേഷൻ ഉണ്ട് പിന്നെ കുറച്ചു ബിസിനസ്സും ഇതു അവളെ കെട്ടാൻ പോകുന്ന ചെറുക്കൻ കാർത്തിക് കൊച്ചിയിൽ സോഫ്റ്റ് വെയർ എൻജിനീയർ ആയി ജോലി നോക്കുന്നു. ഇതു അമ്മായി. കുറേ നാൾ മുന്നേ അവളുടെ അച്ഛനും അമ്മയും ഒരു കാറപകടത്തിൽ മരിച്ചു പോയി. പിന്നെ ഞങ്ങളാണ് വളർത്തിയത്. തേക്കടിയിൽ ഒരു പഴയ ബംഗ്ലാവ് ഉണ്ട് ഞങ്ങൾ അവിടെയായിരുന്നു. അവൾക്ക് രാവിലെ ജോലിക്ക് കയറണം എന്നു പറഞ്ഞ് രാത്രി തന്നെ ഇറങ്ങിയതാണ്. എത്തേണ്ട സമയം കഴിഞ്ഞു വിളിച്ചിട്ടും കിട്ടിയില്ല.ഫോണും ഓഫ് ആയി. പിന്നെ പോലീസിൽ പരാതി നല്കി.ഭാഗ്യത്തിന് എന്റെ കുട്ടിക്ക് ഇത്രയല്ലേ പറ്റിയിട്ടുള്ളല്ലോ.ഇപ്പോഴാ സമാധാനം ആയത് ” എന്നും പറഞ്ഞു എന്റെ തോളിലേക്ക് വീണിരുന്നു പാവം.”ഞാൻ അവളെ ഒന്നു കണ്ടിട്ടു ഇറങ്ങും, ഇനി നിങ്ങളൊക്കെ ഉണ്ടല്ലോ എനിക്കും ഇപ്പോഴാ ശ്വാസം നേരെ വീണത് “.

സമയം കടന്നു പോയിക്കൊണ്ടിരുന്നു. ഡോക്ടർ ഞങ്ങളെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചു. “ഗൗരിക്ക് അപടകത്തിൽ സാരമായി ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. വിശദമായ സ്കാനിംഗ് റിപ്പോർട്ട് ഇപ്പോഴാണ് കിട്ടിയത്.സംശയം തോന്നയതിനാൽ ഒന്നൂടെ പരിശോധനക്ക് അയച്ചിരുന്നു.ആ കുട്ടിയുടെ ഇതുവരെയുള്ള ഓർമ്മകൾ എല്ലാം നഷ്ട്ടപ്പെട്ടിരിക്കുന്നു. ഇനിയുള്ളത് ഓർമ്മിക്കാൻ സാധിച്ചേക്കാം പക്ഷേ ഭൂതകാലത്തിലെ ഓർമ്മകൾ എല്ലാം എന്നെന്നേക്കുമായി നഷ്ട്ടമായിരിക്കുന്നു. ഇടിയുടെ ആഘാതത്തിൽ ഞരമ്പിനു ചെറിയ ചതവ് സംഭവിച്ചിട്ടുണ്ട്. സംസാരശേഷിയും നഷ്ട്ടപ്പെട്ടു.വോക്കൽ കോഡിൽ തകരാറ് സംഭവിച്ചിട്ടുണ്ട്.ഇനി അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ അവൾക്ക് പഴയ ജീവിതത്തിലേക്ക് എത്തിപ്പെടാൻ പറ്റൂ.മരുന്നിനേക്കാലേറെ സ്നേഹവും പരിലാളനയും നല്കണം.” ഇത്രയും കേട്ടതോടെ തലയ്ക്ക് വല്ലാത്ത പെരിപ്പ് കയറുന്നതു പോലെ തോന്നി.ഞങ്ങളെല്ലാവരും അവളെ കാണാൻ റൂമിലേക്ക് നടന്നു.മയക്കത്തിൽ നിന്നും ഉണർന്നവൾ ഞങ്ങളിലേക്ക് മാറി മാറി കണ്ണുകളോടിച്ചു നോക്കി.ഇത്രയും നാൾ പൊന്നുപോലെ നോക്കിയ അമ്മാവനേയും അമ്മായിയേയും അവൾക്ക് തിരിച്ചറിയാൻ സാധിക്കാത്തതിൽ വല്ലാത്ത ദുഃഖം തോന്നി. ലാബിൽ കൊടുത്തിരുന്ന റിസൾട്ട് ആയിരിക്കുന്നു എന്നും പറഞ്ഞ് വിളി എത്തിയിരുന്നു. ഞാൻ അതു വാങ്ങാൻ പുറത്തു പോയി തിരിച്ചെത്തിയപ്പേഴേക്കും അമ്മാവനേയും അമ്മായിയേയും ചെക്കനേയും കാണാൻ ഇല്ലായിരുന്നു. അവരുടെ ഫോണിലേക്ക് വിളിച്ചെങ്കിലും കോൾ എടുത്തില്ല.അടുത്ത വിളിയിൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന വിവരം അറിഞ്ഞപ്പോഴാണ് അവർ കടന്നു കളഞ്ഞെന്ന കാര്യം മനസ്സിലായത്.ഇനി ഇവൾ അവർക്കൊരു ഭാരമാകുമെന്ന് തിരിച്ചറിവായിരിക്കും അവർ വിട്ടിട്ടു പോകാൻ കാരണം.പക്ഷേ അതിനെ അവിടെ ഉപേക്ഷിക്കാൻ എനിക്ക് മനസ്സു വന്നില്ല.

എല്ലാ സൗഭാഗ്യങ്ങളും നഷ്ട്ടപ്പെട്ടു പോയ അവളോട് ഒരു സഹാനൂഭൂതി തോന്നി. പരിചരിച്ചും സ്നേഹിച്ചും അവളെ പഴയപടിയാക്കാൻ ശ്രമം നടത്തിയെങ്കിലും ഒന്നും നടന്നില്ല.ശരീരത്തിലെ മുറിവുകൾ കരിഞ്ഞു തുടങ്ങിയപ്പോഴേ ഡോക്ടർ ഡിസ്ചാർജ് തന്നു കഴിഞ്ഞിരുന്നു.

ഗൗരിയെ വീട്ടിലേക്ക് കൊണ്ടു പോകുന്ന കാര്യം ആലോചിച്ചാണ് എല്ലാം പാക്ക് ചെയ്യുന്നത്.അതു ഞാൻ അവളോട് പറഞ്ഞപ്പോൾ മൗനം സമ്മതം എന്ന പോലെ തലയാട്ടി.വീട്ടിലേക്കുള്ള യാത്രയിൽ മനസ്സിൽ ഒരു പെരുമഴക്കാലം പെയ്തു തുടങ്ങിയിരുന്നു. കാറും കോളും ഇടിമിന്നലും ചേർന്ന ഉഗ്രനൊരു മഴ തുടങ്ങിയിരുന്നു.ഗൗരി കൂട്ടിൽ നിന്നും തുറന്നു വിട്ട പക്ഷിയേപ്പോലെ വഴിയോര കാഴ്ചകൾ ആസ്വദിച്ചിരിക്കുകയാണ്.വീട്ടിൽ നിന്നും കലിപ്പിട്ടിറങ്ങിയിട്ടു ഒരു പെൺകൊച്ചുമായി കയറിച്ചെല്ലുമ്പോൾ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ഓർക്കാൻ വയ്യ.

ദീർഘദൂരത്തെ യാത്രയ്ക്ക് വിരാമമിട്ട് വണ്ടി വീടുനു മുന്നിൽ എത്തിയിരുന്നു.

വൈകുന്നേരത്തെ നാസ്തയും ചായയും കുടിച്ച് വീടിന്റെ ഉമ്മറത്തു തന്നെ അച്ഛനും അമ്മയും ഇരിപ്പുണ്ട്.എന്നെയും അവളേയും കണ്ടതോടെ അമ്മയുടെ മുഖം മാറിത്തുടങ്ങിയിരുന്നു.അതുകൂടി കണ്ടപ്പോൾ അവിടെ വെച്ച് തന്നെ ആവിയായിപ്പോയിരുന്നെങ്കിൽ എന്ന് വെറുതെ കൊതിച്ചു. ചെണ്ടയിൽ കാലങ്ങൾ കൊട്ടിക്കയറുന്ന പോലെ പതിയെ തുടങ്ങിയ ശകാരം ഇത്തിരി ഉച്ചത്തിലായപ്പോൾ അച്ഛന്റെ അവസൊരോചിതമായ ഇടപെടൽ അമ്മയെ ശാന്തയാക്കി. ധൃതിയിൽ അകത്തു പോയ അമ്മ നിറഞ്ഞു കത്തുന്ന നിലവിളക്കുമായിട്ടാണ് പുറത്തേക്ക് വന്നത്.

“അമ്മേ, ഇതെന്തിനാണ് വിളക്ക്. അമ്മ ഉദ്ദേശിക്കുന്ന പോലെ ഒന്നും ഇല്ല.” ”നീ ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്, ഇതൊക്കെ ഒപ്പിച്ചു വെച്ചിട്ട് നിന്ന് കഥ പറയുന്നു.” അമ്മ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചാണ് സംസാരിക്കുന്നത്.പതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം എന്ന പ്രതീക്ഷയോടെ ഞാനും മുറിയിലേക്ക് നടന്നു.കുളി കഴിഞ്ഞ് എത്തിയപ്പോൾ ഫോണിലെ മിസ്സിഡ്‌ കോളുകൾ കണ്ട് അത്ഭുതപ്പെട്ടു പോയി. സകല കുടുംബക്കാരും വിളിച്ചിട്ടുണ്ട്.ഒരാളെ വിളിച്ചപ്പോഴേ കാര്യം മനസ്സിലായി. എന്റെ കല്യാണം കഴിഞ്ഞെന്ന വാർത്ത അവിടെ എത്തിയിരിക്കുന്നു.

നാട്ടിലെ പ്രാദേശിക ചാനലുകാരും പത്രങ്ങളും കാട്ടുതീ പോലെ പരത്തിക്കളഞ്ഞിരിക്കുന്നു. കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി. സന്ധ്യ പതിയെ രാത്രിയ്ക്ക് വഴിമാറികൊടുത്തു.മുറിയാകെ കനത്ത നിശബ്ദത തളംകെട്ടി നില്ക്കുകയാണ്.കട്ടിലിനരികിൽ അവളും വന്നിരുന്നു. ഇനി എന്താകും എന്നാലോചിച്ച് ഒരു എത്തും പിടിയും കിട്ടാതിരിക്കുമ്പോൾ കുടുംബക്കാർ ഓരോരുത്തരായി എത്തിയിരുന്നു.പിന്നെ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല.എന്നാൽ കുട്ടിക്ക് മിണ്ടാൻ വയ്യാത്തതിൽ എല്ലാർക്കും ഒരു അമർഷം ഉണ്ടായിരുന്നു. പക്ഷേ അവരാരും അതു കൂട്ടാക്കിയില്ല, ഇതെങ്കിലും അവനു കിട്ടിയത് ഭാഗ്യമെന്ന് അമ്മായി പറയുന്നത് ഞാൻ കേൾക്കാനിടയായി. അതു കേട്ടതും അവൾ എന്റെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി.

പിന്നെ കല്യാണ ചർച്ചകളും കെട്ടും സദ്യയും എല്ലാം പടിപടിയായി അവർ ഏർപ്പാടാക്കി. അങ്ങനെ എന്റെ വാക്കുകൾ കേൾക്കാൻ കൂട്ടാക്കാതെ അവരെന്നെക്കൊണ്ട് അവൾക്ക് വരണമാല്യം ചാർത്തിച്ചു.ഒരാഴ്ചത്തെ പരിചയം മാത്രമുള്ള അവളെ ഞാൻ കെട്ടി എന്നു ഉൾക്കൊള്ളാൻ എനിക്ക് പിന്നേയും സമയം വേണ്ടി വന്നു.അങ്ങനെ ആദ്യരാത്രിയും കടന്നു വന്നു.അവളോടു എന്നേ പറ്റി എല്ലാം പറഞ്ഞു, അവൾക്കു ഒരു ഭാവ മാറ്റവും ഇല്ലാതെ എല്ലാം കേട്ടിരുന്നു.”നിന്റെ ജോലി സ്ഥലം എനിക്ക് അറിയാം. നിന്നെ അവിടെ ആക്കാം, അവിടെ കൂട്ടുകാരും ഉണ്ടാകും.പിന്നെ ഹോസ്റ്റലിൽ റൂം റെഡിയാക്കാം. എന്നെപോലെ ഒരു അലമ്പനു നീ ചേരില്ല. നിനക്ക് നല്ലൊരു ജീവിതം ഉണ്ട്.എന്റെ വീട്ടുകാരോട് ഞാൻ പറഞ്ഞോളം” എന്ന് പറഞ്ഞു തീരുന്നതിനു മുൻപേ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “ക്ഷീണം ഉണ്ടാകും മരുന്ന് കഴിച്ച് ഉറങ്ങിക്കോളൂ, ഞാൻ ശല്യപ്പെടുത്തില്ല.” രാവിലെ മുതലുള്ള ആൾക്കൂട്ടവും ബഹളവും വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു.

നിദ്രദേവി എന്നേയും മാടിവിളിച്ചു.ക്ഷീണത്തിൽ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.രാവിലെ അവൾ ചേട്ടായി എന്ന് തോളിൽ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റത്. ചായയുമായി മുന്നിൽ ഗൗരി നില്ക്കുകയാണ്, ചേട്ടായി എന്നുള്ള വിളി എന്റെ തോന്നൽ മാത്രമാണെന്ന് അപ്പോഴാണ് മനസ്സിലായത്.ഞാനും അവളെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു.അപ്പോൾ ഇല്ലാത്ത വിളി എല്ലാം കേൾക്കും.ഞാൻ റെഡി ആയി ജോലിക്ക് പോകാൻ ഇറങ്ങി. ലീവിന്റെ എണ്ണം കൂടി ഇനി പോയില്ലെങ്കിൽ പണി പോകും.

ജോലിയും തിരക്കുകളും ജീവിതം പഴയപോലെ ആയിത്തുടങ്ങി.ഗൗരിയെ ഞാൻ എന്നേക്കാൾ ഏറെ സ്നേഹിച്ചു തുടങ്ങിക്കഴിഞ്ഞിരുന്നു. വീട്ടുകാരുടെ മുന്നിൽ അവൾ നല്ലമരുമകൾ ആയിരുന്നെങ്കിലും ആ നാലു ചുമരുകൾക്കുള്ളിൽ അവളുടെ മനസ്സ് ഇപ്പോഴും വല്ലാതെ വീർപ്പുമുട്ടുന്നതു പോലെ തോന്നി.

ജനാലയുടെ ചില്ല് വാതിലിലൂടെ പൂർണ്ണചന്ദ്രനെ നോക്കി നിന്ന ഗൗരിയെ പിന്നിലൂടെ ചെന്ന് ആ അരക്കെട്ടിൽ ഒന്നു ചേർത്തു പിടിച്ചപ്പോൾ അവൾ കുതറി മാറി. പിന്നെ ഒരു കണ്ണീർപ്പുഴ അവളവിടെ തീർത്തു.

ഒരുകാലത്തും ഒന്നും നടക്കില്ലെന്ന തിരിച്ചറിവിൽ ഞാൻ ഒരു പായ നിലത്തു വിരിച്ചു കിടന്നു.എന്തൊക്കെയോ ഓർത്തു എപ്പോഴോ ഉറങ്ങി. ആരോ തട്ടി വിളിക്കുന്നതു പോലെതോന്നി.കൂടെ ‘ചേട്ടായി’ എന്നുള്ള വിളിയും.ഞെട്ടിയുണർന്ന എന്റെ മുന്നിൽ ഗൗരി ഇരിക്കുന്നു.”ചേട്ടായി എന്നോട് ക്ഷമിക്കണം, എനിക്ക് സംസാരശേഷി പോയിട്ടുണ്ടായിരുന്നില്ല. എന്റെ ഓർമ്മയ്ക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.” അവളുടെ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. നീണ്ട നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് അവൾ തുടർന്നു, ‘ “എന്റെ പതിനാലാം വയസ്സിൽ അച്ഛനും അമ്മയും ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു. പിന്നെ അമ്മാവനും അമ്മായിയും ആണ് എന്നെ വളർത്തിയത്.ലക്ഷങ്ങളുടെ സ്വത്തുവകൾ എല്ലാം അമ്മാവൻ ആയിരുന്നു നോക്കി നടത്തിയിരുന്നത്. പക്ഷേ എനിക്ക് ഇരുപത്തിനാല് വയസ്സ് പൂർത്തിയായതിന്റെ അന്ന് തേക്കടിയിലെ ബംഗ്ലാളാവിൽ ആഘോഷമായിരുന്നു. പക്ഷേ അമ്മാവൻ ആരോടോ ഫോണിൽ പറഞ്ഞ ചില നഗ്ന സത്യങ്ങൾ എന്റെ നെഞ്ചു പിളർത്തിക്കളഞ്ഞിരുന്നു.എന്റെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തിയതുപോലെ എന്നെയും കൊല്ലാൻ ആരോടോ ഫോണിൽ പറഞ്ഞു കേട്ടതിൽ പിന്നെ അവിടെ നില്ക്കാൻ എനിക്കായില്ല. രാത്രി തന്നെ എറണാകുളം എത്തണമെന്ന് കള്ളം പറഞ്ഞിറങ്ങുമ്പോൾ എന്തു ചെയ്യണമെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. എന്റെ അപകടം പോലും ചിലപ്പോൾ അവർ പ്ലാൻ ചെയ്തതായിരിക്കും.” അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ പൊഴിഞ്ഞു കൊണ്ടിരുന്നു.” “പക്ഷേ എങ്കിൽ എന്തിനാണ് അവർ ഉപേക്ഷിച്ചു പോയത്.” അതോ അവർക്ക് തോന്നിയിട്ടുണ്ടാകും ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നും അങ്ങനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ സ്വത്തുകൾ അവർക്ക് കിട്ടുകയും ചെയ്യും.ആശുപത്രിയിൽ വെച്ച് എല്ലാം പറയാൻ തുടങ്ങിയപ്പോഴാണ് അവരേയും കൂട്ടി ചേട്ടായി വന്നത്,പിന്നെ നടന്ന നാടകത്തിൽ ഡോക്ടറും എനിക്കൊപ്പം നിന്നു. നിങ്ങളും എന്നെ ഇട്ടിട്ടു പോകുമോ എന്ന് അറിയാനും കൂടി ആണെന്നു കൂട്ടിക്കോ.ആശുപത്രിയിൽ വെച്ച് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് ഒരു ഭർത്താവിന്റെ,ഒരു അച്ഛന്റെ, ഒരു ഏട്ടന്റെ സ്നേഹവും കരുതലും എനിക്ക് നല്കുന്നത്.

വീട്ടിലേക്ക് വന്നപ്പോൾ അമ്മ മരുമോൾ എന്ന ലേബൽ ഒട്ടിച്ചു തന്നതോടെ നെഞ്ചിലെ വലിയ ഭാരം ഇറങ്ങിപ്പോഴിയിരുന്നു.പിന്നെ പറയാൻ ശ്രമിച്ചപ്പോഴൊന്നും എട്ടൻ നിന്നു തന്നിരുന്നില്ല.എന്താ ചേട്ടായി ഒന്നും പറയാത്തത്” ഇതൊക്കെ കേട്ട് തൊണ്ട വരണ്ടുപോയ ഞാൻ കൈ കൊണ്ട് വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു.

അവൾ ഒരു ഗ്ലാസ്സിൽ വെള്ളം എനിക്ക് നല്കി. സ്വപ്നം കാണുന്നതുപോലെയാണ് തോന്നുന്നത്. ” നിനക്ക് എന്നോടെങ്കിലും പറയാമായിരുന്നു. ഇതു എല്ലാവരേയും വിഢികളാക്കി.” പേടിയായിരുന്നു എനിക്ക്, പറഞ്ഞാൽ ചിലപ്പോൾ ഈ കല്യാണം പോലും നടത്താൻ സമ്മതിക്കാതെ എന്നെ കൊണ്ടു പോകും, മരിക്കാനുള്ള പേടിയാക്കേൾ എനിക്ക് ചേട്ടായിയെ നഷ്ട്ടപ്പെടുമെന്നുള്ള പേടിയായിരുന്നു.” അതും പറഞ്ഞ് ഗൗരി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. നഷ്ട്ടപ്പെട്ടു പോയ ആദ്യരാത്രിയുടെ ആഘോഷങ്ങൾ അവിടെ തുടങ്ങിക്കഴിഞ്ഞിരുന്നു.

#ഊരുതെണ്ടിയുടെ_കുത്തിക്കുറിക്കലുകൾ.

രചന: Savin Sajeev

Leave a Reply

Your email address will not be published. Required fields are marked *