പ്രേമിച്ച പെണ്ണിനെ തന്നെ താലി കെട്ടി വീട്ടിലേക്ക് വന്നു കയറുമ്പോൾ മനസ്സ് നിറയെ സന്തോഷം മാത്രമായിരുന്നു…

രചന: ബാസി ബാസിത്

പാതി രാത്രി ഉറങ്ങികൊണ്ടിരിക്കുന്ന അവളെ തന്നെ നോക്കി ഇരുന്നപ്പോൾ അയാളുടെ കണ്ണുകളിൽ വെറുതെ നനവ് പടരാൻ തുടങ്ങി.ചിന്തകൾ ഓർമ്മകളിൽ ചേക്കേറി.

പ്രേമിച്ച പെണ്ണിനെ തന്നെ താലി കെട്ടി വീട്ടിലേക്ക് വന്നു കയറുമ്പോൾ മനസ്സ് നിറയെ സന്തോഷം മാത്രമായിരുന്നു. നേർച്ചകൾ പലതു നേർന്നിട്ടും ഒരു പെണ്കുഞ്ഞിന്‌ ജന്മം നൽകാൻ വിധിയില്ലാതെ വന്ന വീട്ടിൽ അച്ഛനും അമ്മയ്ക്കും അവളുടെ വരവ് ഒരു ഉത്സവം തന്നെയായിരുന്നു.

അച്ഛനു അടക്കയും പോലയും കുത്തികൊടുത്തും അമ്മയുടെ കാലിൽ കുഴമ്പിട്ട് കൊടുത്തും അവരുടെ സ്നേഹം വാരി കൂട്ടുമ്പോൾ തന്നെ അടുക്കള ഭരണവും അടുത്ത വീട്ടിലേക്ക് പാൽ എത്തിച്ചു കൊടുത്തും ഒക്കെ ഏറെ പാടുപെട്ട് ജീവിക്കുമ്പോഴും അവളുടെ ചുണ്ടിൽ എല്ലാം മറച്ചു വെക്കാൻ ഉതകുന്ന ഒരു നേർത്ത പുഞ്ചരി ഉണ്ടായിരുന്നു.

രണ്ടു മൂന്ന് വർഷം പിന്നിട്ടിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ വിധിയില്ലാതായതിൽ പിന്നെ ആ പുഞ്ചിരി മെല്ലെ മാഞ്ഞു മാഞ്ഞു എന്നേക്കുമായി അസ്തമിച്ചു.അത് പലപ്പോഴും അവളുടെ മിഴികളിൽ നനവ് പടർത്തിയിരുന്നു.

“ഹാഹേ..ഹാ..” തീണ്ടയിൽ എന്തോ ഒരു തരിപ്പ് വന്നപ്പോൾ അയാൾ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു.

“എന്താ… എന്താ പറ്റിയെ…” ഞെട്ടിയുണർന്നവൾ ചുളിവ് വീണ അയാളുടെ കൈകളിൽ പിടിച്ചു നെഞ്ചിൽ തടവി കൊടുത്തപ്പോൾ അയാൾ കുഴിഞ്ഞു പോയ അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു.

“എന്താ മൻശാ നോക്കണേ,ഇങ്ങൾ ഇന്നേ ഇത് വരെ കണ്ടീല്ലേ…” ഗൗരവത്തോടെ അവൾ അത് ചോദിക്കുമ്പോൾ ആ ഇരുട്ടിൽ പാതി തുറന്നിട്ട ജനൽ പൊളിയിലൂടെ ഒരു മിന്നൽ പിണർ എത്തി നോക്കി.

“ഒരു കുഞ്ഞിന് ജന്മം കുടുക്കാൻ എനിക്ക് ആവില്ലെന്ന് അറിഞ്ഞിട്ടും നീ എന്തിനാ എന്റെ കൂടെ തന്നെ ജീവിച്ചേ, അതുകൊണ്ട് അല്ലെ ഇപ്പൊ ഈ വയസ്സാ കാലത്ത് ഇങ്ങനെ ദുരിതത്തിൽ…”

ആ വാക്കുകൾ വല്ലാതെ ഇടറുന്നുണ്ടായിരുന്നു… കവിളിലെ ചുളിവുകളിൽ കണ്ണീർ ഒഴുകി തുടങ്ങിയപ്പോൾ അവൾ ആ കൈകളിൽ മുറുകെ പിടിച്ചു.

“ഇങ്ങൾ ഇപ്പൊ ഇതൊക്കെ എന്തിനാ ചിന്തിക്കുന്നെ…മരിക്കുവോളം എനിക്ക് ഇങ്ങളെ പെണ്ണായാ ജീവിച്ചാ മതിന്ന് ഇങ്ങളോട് പറഞ്ഞ..” വാക്കുകൾ പൂർത്തീകരിക്കാൻ ആവാതെ നിറഞ്ഞ കണ്ണുകളോടെ അവർ അയാളിലേക്ക് ചേർന്നു കിടക്കുമ്പോൾ അയാളുടെ കണ്ണിൽ ആ പഴയ പത്തൊമ്പതുകാരി തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

“ഇൻക് ഇങ്ങളും ഇങ്ങളും ഇങ്ങക്ക് ഞാനും…ജീവിത കാലം ഇത്രേം അങ്ങനാണ്,ഇനി മരിക്കോളം ജീവിക്കാൻ ഇൻക് അത് തന്നെ മതി…”

നിറഞ്ഞ കണ്ണോടെ ഇടറിയ വാക്കുകളിൽ അവർ അത് കൂടി പറഞ്ഞു നിർത്തിയപ്പോൾ അയാൾ അവളുടെ നരച്ച് വെളുത്ത മുടികളിൽ തലോടി ആ നെഞ്ചോട് ചേർത്ത് വെക്കുന്നത് കണ്ടിട്ടാവണം ഒരു ഇളം കാറ്റിന്റെ അകമ്പടിയോടെ ആകാശം കണ്ണീർ പൊഴിച്ചു തുടങ്ങിയത്.

രചന: ബാസി ബാസിത്

Leave a Reply

Your email address will not be published. Required fields are marked *