ഭാര്യ_വില്ലത്തിയല്ല

രചന : – ഇബ്രാഹിം നിലമ്പൂർ –

ഒരു രാമീറ്റിംഗ്‌ കഴിഞ്ഞ് വീട്ടിലെത്തിപ്പോ സമയം പുലർചയുടെ പടി കടന്നിട്ടുണ്ട്.

പുലർചയെന്നൊക്കെ കേൾക്കുമ്പോ നാലുമണി എന്നൊന്നും കരുതണ്ട.

വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ 12:10.

എത്തിയ സ്ഥിതിക്ക് സാന്നിധ്യമറിയ്ക്കാൻ കാളിംഗ് ബെല്ലടിച്ചു.

എന്ത്? ആര്? എവിടെ? ഒരു റീപ്ലേയുമില്ല .പള്ളിക്കാട്ടിലേക്ക് സലാം പറഞ്ഞ വിട്ടപോലെ.

മൊബൈലെടുത്തു തുരുതുരാ അടിച്ചു നോക്കി.അല്ലെങ്കിലേ ബാറ്ററി തീരാറായി ഇരുട്ടിൽ ഒരേ ഒരു കൂട്ടായി ക്ലും ക്ലും ന്ന് ഇടക്കിടെ ഒച്ചയും അതിനൊപ്പിച്ച് വെളിച്ചവും പുറപ്പെടുവിച്ചിരുന്ന മൊബൈലിന്റെ അനക്കം നിലച്ചത് മിച്ചം.

ഞമ്മളെ കുട്ടി മാൾ കെടക്കുന്നത് രണ്ടാം നിലയിലായതോണ്ട് ജനലിന് തട്ടി വിളിക്കാനും വയ്യ.

നുമ്മ വിടോ.. അടിക്കടി നേരിട്ട പരാജയങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട അബ്രാഹാം ലിങ്കണെ മനസ്സിലേക്കാവാഹിച്ചു

കോഴിയെ എറിയുന്ന കല്ലുകൾ പൊറുക്കി കാറ്റു കൊള്ളാൻ കുട്ടിമാൾ തുറന്നിട്ട ജനലിന്റെ ഉള്ളിലേക്കെറിഞ്ഞു കൊണ്ടിരുന്നു.

കുറേയെണ്ണം ജനലഴിയിൽ തട്ടി എന്റെ തലയിലേക്ക് തന്നെ വീണു. കുറച്ചൊക്കെ കുട്ടിമാളൂന്റെ ദേഹത്തേക്കും വീഴുന്നുണ്ടാവുംന്നും, അവളിപ്പോ ജനാലിനരികെ വന്ന് “നിർത്ത് മൻഷ്യാ ഞാനിതാ വരുന്നുന്നും ” പറഞ്ഞു തല കാണിക്കുന്നതും പ്രതീക്ഷിച്ചു വാ പൊളിച്ചു വീണ്ടും എറിയാൻ നോക്കുമ്പോ ദേണ്ട് വാതിൽ തുറന്ന് ഒരു രൂപം എന്നെ രൂക്ഷമായി നോക്കുന്നു.

അഴിച്ചിട്ട മുടിയും ചുവന്ന കണ്ണുകളും മുഖത്തെ രൗദ്രഭാവവുമാകെ കൂടി ഒരു കള്ളിയങ്കാട്ടു നീലിയുടെ ലുക്കിൽ മ്മളെ ബീവി.

പൊങ്ങിയ കൈ അറിയാതെ താഴ്ന്നു. പൊളിഞ്ഞു നിന്ന വായ കൊണ്ടു ഇളിച്ചു നോക്കിയെങ്കിലും അവൾടെ മുഖത്ത് ഭാവഭേദങ്ങളൊന്നും വരാത്തതോണ്ട് ഞാൻ വീണ്ടും പ്ലിംഗായി.

“വാതിൽ വാണെങ്കി അടച്ചോളീന്നും ” പറഞ്ഞ് ചവിട്ടിക്കുതിച്ച് ഓൾ വാണം വിട്ട പോലെ ഒറ്റപ്പോക്ക്.

ചെന്നു നോക്കുമ്പോ ദാ കുതാ കുത്തനെ കമിഴ്ന്നു കിടക്കുന്നു. ഉരുട്ടിയിട്ടും തട്ടി വിളിച്ചിട്ടും യാതൊരു പ്രതികരണവുമില്ല.

ബാത്ത് റൂമിൽ കയറി ഒരു കാക്കക്കുളി പാസ്സാക്കിയ ശേഷം ഞാൻ ബാത്ത് റൂമിൽ തന്നെയാണെന്ന് തോന്നിപ്പിക്കാൻ വെള്ളം പവറ് കുറച്ച് ബക്കറ്റിലേക്ക് തുറന്നു വിട്ട് മെല്ലെ അടുക്കളയിലേക്ക് വെച്ചുപിടിച്ചു.

കുറച്ചു ചോറും മീനിന്റെ ഒരു ഭാഗവും തിന്ന്, തിന്നാത്ത ഭാഗം മുകളിൽ കാണും വിധം വെച്ച് ഒന്നുമറിയാത്ത പോലെ വെള്ളം പൂട്ടി വന്നപ്പഴും ബീപാത്തു കട്ട കലിപ്പിൽ തന്നെയാണ്.

അപ്പോ ഞമ്മൾ അടുത്ത നമ്പറിറക്കി നേരെ അടുത്ത ബെഡ് റൂമിൽ പോയിക്കിടന്നു. പാത്തു ഇപ്പോ വിളിക്കാൻ വരും വരുംന്ന് കരുതി. പാത്തു കടാക്ഷിച്ചില്ലെങ്കിലും ഉറക്ക് കടാക്ഷിച്ചു.

ടിക്കറ്റൊന്നുമില്ലാതെ ദുബൈ ഫ്ലൈറ്റിൽ പറക്കുന്ന സ്വപ്നം ലൈവായി ആസ്വദിക്കുന്നതിനിടെ ഒരു നുള്ള് കിട്ടി എണീറ്റപ്പോ ആവി പറക്കുന്ന കട്ടൻ ചായയുണ്ട് അടുത്ത്,നുള്ളിയ ആളെ കണ്ടില്ല.

രണ്ടാക്കും മിണ്ടണമെന്നുണ്ട്. പക്ഷേ ആരാദ്യം മിണ്ടിത്തുടങ്ങും.. ഞാൻ മിണ്ടിയാൽ എന്റെ പൗരുഷത്തിന് പോറലേൽക്കുമോയെന്ന് ചിന്തിച്ചിരിക്കുമ്പോഴതാ അമ്മായിയമ്മയുടെ കാൾ..

ഇബൂ..നിങ്ങൾ രണ്ടാളും ഒന്നിവിടം വരേ വരണം ചെറ്യേ പരിപാടിയാണ് നേരം വൈകണ്ട ഇപ്പോ തന്നെ പോന്നോളീം.

ഫോൺ കട്ടാക്കി റൂമീ ചെന്നപ്പോ മറ്റേ ആൾ മാറ്റൽ തുടങ്ങീക്ക്ണ്.

കൂടുതൽ ചിന്തിക്കാണ്ട് ഞമ്മളും ഒരു കാൽസറായി വലിച്ച് കേറ്റി നേരെ ച്ചെന്ന് ബൈക്ക് സ്റ്റാർട്ടാക്കി.

സാധാരണ നുമ്മ ബൈക്ക് സ്റ്റാർട്ടാക്കി അര മണിക്കൂർ കഴിഞ്ഞാലും മാറ്റിത്തീരാത്ത ബീവിയിതാ ബൈക്കിന്റെ പിന്നിൽ ചാടിക്കേറിയിരിപ്പായിരിക്കുന്നു.

മുന്നിലും പിന്നിലുമുള്ള വണ്ടികളെ പേടിച്ച് ഇറുകി പിടിച്ചിരിക്കുന്ന അവളിന്നിതാ പട്ടി തൊട്ട കലം പോലെ പരമാവധി തൊടാതെ മസിലുപിടിച്ചിരിക്കുമ്പോഴാണ് മ്മളെ ചങ്ക് ഉനൈസിന്റെ കാൾ വരുന്നത്.

“പെട്ടെന്ന് വാ ഞമ്മക്ക് ചാലിയാർ പൊഴക്ക് മീൻ പിടിക്കാൻ പോവാം ” ഓൻ പറഞ്ഞത് കേട്ടപാതി കേക്കാത്ത പാതി “ദാ എത്തീന്നു കൂട്ടിക്കൊന്നും ” പറഞ്ഞു ഫോൺ കട്ടാക്കിയപ്പോഴേക്ക് ബൈക്ക് ഓളെ വീട്ടു മുറ്റത്തെത്തിയിരുന്നു.

സിറ്റൗട്ടിൽ ഞമ്മളെയും കാത്തിരിക്കുന്ന അമ്മായിമാനോട് ഞാനിപ്പം വരാംട്ടോന്നും പറഞ്ഞ് വണ്ടി തിരിക്കാൻ നോക്കിയപ്പോഴേക്കും മാളു ബൈക്കിന്ന് ചാടിയിറങ്ങി വണ്ടിയുടെ ചാവി ഊരി ഓളെ വാനിറ്റി ബാഗിലിട്ടു “ദാ പുട്ച്ചോളീം ന്ന് ” പറഞ്ഞ് ആ ബാഗ് ഓളുമ്മാനെറ് കയ്യീക്ക് ഒറ്റ ഏറ്

ഒന്നും മനസ്സിലാകാതെ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിക്കുന്ന എന്റെ കയ്യിൽ പിടിച്ച് ” കാക്കാന്റെ കുട്ടി എങ്ങട്ടാ മണ്ടണ്ത് ങ്ങക്ക് ളള മീൻ ഞാൻ തരാന്നും ” പറഞ്ഞ് വലിച്ച് ബഡ് റൂമിലേക്ക് കൊണ്ടു പോയപ്പോ ചെറുപ്പത്തിൽ എന്റെ സ്ലൈറ്റ് പൊട്ടിച്ച കാദറിനെ നിലത്തിട്ട് ഇടിക്കുന്നത് ലൈവായി കണ്ട അംബിക ടീച്ചർ എന്നെ അവരുടെ കൈയ്യിൽ തൂക്കി ഓഫീസ് മുറിയിലേക്ക് കൊണ്ട് പോയതോർമ്മ വന്നു.

ഓഫീസ് റൂമീന്ന് പിന്നീട് കിട്ടിയ ചൂരൽ അവാർഡുകളും ഓർമ്മയിൽ മിന്നിത്തെളിഞ്ഞു.

അങ്ങനെയൊരു പഞ്ഞിക്കിടൽ പ്രതീക്ഷിച്ചു ആവേശത്തോടെ നിന്ന എന്നെ അദ്ഭുതപ്പെടുത്തി പിന്നെ നടന്നത് സ്നേഹപ്രകടനങ്ങളുടെ ഘോഷയാത്രയായിരുന്നു.

പിച്ചലും, മാന്തലും,നുള്ളലും, കിള്ളലും, പരാതിയും, പരിഭവവും, കരച്ചിലും, പിഴിച്ചിലും, ഉപദേശവും,നിർദ്ദേശവും എല്ലാം ഉണ്ടായിരുന്നു ആ ഘോഷയാത്രയിൽ.

എന്നെ റൂമിലേക്ക് പിടികിട്ടാ പുള്ളിയെ ജയിലിലേക്ക കൊണ്ടു പോവുന്ന മാതിരിയുള്ള പോക്ക് കണ്ട് വീട്ടുകാരും ഇടിവെട്ടേറ്റ പോലെ നിൽക്കുന്നുണ്ടായിരുന്നു.

കുറ്റിയിട്ട വാതിൽ തുറക്കാനവൾ സമ്മതിക്കാത്തതു കൊണ്ട് അമ്മായിയമ്മ നെ സമാധാനിപ്പിക്കാൻ വേണ്ടി ഫോൺ ചെയ്തു വിഷയം പറഞ്ഞപ്പഴാണറിയുന്നത് അവളിത് രാവിലെ വിളിച്ചൊപ്പിച്ചതാന്ന്. എന്തിനാന്ന് അവർക്കും മനസ്സിലായിരുന്നില്ല.

ഏതായാലും രണ്ടു മണിക്കൂർ കൊണ്ട് രണ്ടു കൊല്ലത്തേക്കുള്ള സ്നേഹം ഹോൾസെയിലായി കിട്ടിയാ മതീന്ന് പറഞ്ഞാ മതിയല്ലോ. പിന്നെ അമ്മായിമ്മാന്റെ കൈപുണ്യം ചാലിച്ച ചിക്കൻ കടായിയും നെയ്ചോറും.

പിന്നെ നുമ്മക്ക് ഒരു സ്നേഹവും കടായിയും ഒന്നിച്ചു കിട്ടാൻ കൊതിയാവുമ്പോ ചെങ്ങായിമാരൊടൊപ്പം സൊറ മീറ്റിംഗ് നടത്തി നട്ടപ്പാതിരക്ക് വീടണയും.

ഇത് പരീക്ഷിച്ച് നോക്കി പട്ടിണി മാത്രം ബാക്കിയായീന്ന് ഞമ്മളോട് പരാതി പറയാൻ ആരും വരണ്ട ട്ടോ..

വാൽകഷ്ണം: ഇന്നുള്ള പല ദാമ്പത്യ പ്രശ്നങ്ങളും ചെറിയ ചെറിയ കാര്യങ്ങളിൽ തുടങ്ങി ഈഗോ കാരണം വീർത്തു പൊട്ടുന്നതാണ്.

ഇണക്കങ്ങളും പിണക്കങ്ങളും ദാമ്പത്യ ജീവിതത്തിന്റെ സൗന്ദര്യമാണ്. താഴ്ന്ന് കൊടുക്കുന്നവരാണ് ഉയർന്നവർ. ഈഗോ കാണിച്ചു നിൽക്കുന്നവർ വിഢഡികളുടെ സ്വർഗത്തിലും.

രചന : – ഇബ്രാഹിം നിലമ്പൂർ –

Leave a Reply

Your email address will not be published. Required fields are marked *