മകൾ…

രചന: Dhanya Shamjith

“നാശം പിടിക്കാൻ… ഇന്നത്തെ ദിവസവും പോയി കിട്ടി… എത്ര പറഞ്ഞാലും മനസിലാവില്ല…. എടി ശ്യാമേ…. ടീ…… വിനയൻ ഒച്ചയെടുത്തു.

“ദാ വരുന്നു, … കൈയ്യിലിരുന്ന ടിഫിൻ ബോക്സ് ടേബിളിലേക്ക് വച്ചു ശ്യാമ.”

“എന്താ വിനയേട്ടാ, രാവിലെ തന്നെ എന്തിനാ ഇത്രയും ഒച്ചയെടുക്കണേ?”

“ആ ജന്തുക്കളോട് എത്രേം വേഗം വീട് മാറാൻ പറയാൻ എത്ര നാളായി ഞാൻ നിന്നോട് പറയുന്നു.ദാ കണ്ടില്ലേ, രാവിലെ കണ്ട വേസ്റ്റും ചൂലും പൊക്കിക്കൊണ്ട് മുമ്പിൽ തന്നെ. എന്നും രാവിലെ കണ്ണു തുറന്നാ കാണുന്നത് ഇതാ.അരിശത്തോടെ വിനയൻ തൊട്ടു മുന്നിലുള്ള വീടിന് നേരെ നോക്കി.

അവനൊപ്പം ചെന്ന ശ്യാമയും കണ്ടു, വിനയൻ പറഞ്ഞതുപോലെ ചീഞ്ഞളിഞ്ഞ വേസ്റ്റുകൾ കൈകളാൽ വാരി ബക്കറ്റിലാക്കുന്ന അയാളെ, താഴെ വീഴുന്ന ബാക്കി അവശിഷ്ടങ്ങൾ ചൂലുകൊണ്ട് തൂത്തുകൂട്ടുന്നുണ്ട് അയാളുടെ ഭാര്യ, തൊട്ടരികിൽ വക്കു പൊട്ടിയ സ്റ്റീൽ കപ്പും ചുണ്ടോട് ചേർത്തൊരു ആറ് വയസ്സുകാരിയും.

ശ്യാമ ഒന്ന് നെടുവീർപ്പിട്ടു.

“വിനയേട്ടാ, ഞാനവരോട് പറഞ്ഞിട്ടുണ്ട് വേറെ വീട് കിട്ടിയാലുടൻ അവര് മാറാന്ന് പറഞ്ഞിട്ടുണ്ട്. അല്ലേലും ഈ ടൗണിൽ പെട്ടന്നൊന്നും വാടകയ്ക്ക് ഒരു വീട് കിട്ടില്ലന്ന് ഏട്ടനും അറിഞ്ഞൂടെ…”

“എന്ന് വച്ച്, ഇതിങ്ങനെ എന്നും സഹിക്കണോ? കാഴ്ചയോ പോട്ടെ.. പക്ഷേ ഇതിന്റെയൊരു മണം, അത് സഹിക്കാൻ പറ്റില്ല. ഇപ്പോ തന്നെ റസിഡന്റ് മീറ്റിംഗിൽ പലരും പരാതിയാ. എന്നെ പറഞ്ഞാ മതി, നിന്റെ വാക്കു കേട്ട് എന്ത് ചെയ്താലും കുരിശാണ്…”

“ശരിയാണ്, താനാണ് സഹതാപം കൊണ്ട് അവരെ അവിടെ താമസിക്കാൻ അനുവദിച്ചത്.ശ്യാമ ഓർത്തു.

ചെടികൾ നനച്ചു കൊണ്ടിരിക്കുമ്പോഴാണ് റോഡിൽ ഒരു ബഹളം കേട്ടത്. ചെന്നു നോക്കുമ്പോൾ കണ്ടതോ വീണു കിടക്കുന്ന ഒരാൾ, അയാൾക്കരികിൽ നിന്ന് കരയുന്ന ചെറിയൊരു പെൺകുഞ്ഞ്, വഴിയെ പോകുന്നവരോട് സഹായമിരക്കുകയാണ് ഒരു സ്ത്രീ.

“എന്താ സുമേച്ചി, ശ്യാമ കാഴ്ചക്കാരിയായ അയൽവക്കക്കാരിയോട് ചോദിച്ചു.

പിച്ചതെണ്ടാൻ ഇറങ്ങീതാവുംശ്യാമേ, വെള്ളം ചോദിച്ച് ഇങ്ങോട്ട് വന്നു ഞാൻ ഓടിച്ച് വിട്ടു, കക്കാനോ പിടിച്ചുപറിക്കാനോ ആണോന്ന് ആർക്കറിയാം.

ശ്യാമയുടെ കണ്ണുകൾ ആ കുട്ടിയിലായിരുന്നു. കറുത്തിട്ടാണെങ്കിലും ഓമനത്വം തോന്നുന്ന കുഞ്ഞ്, അവൾ അയാളെ കുലുക്കി വിളിക്കുന്നുണ്ട്.

പെട്ടന്ന് ആ സ്ത്രീ ശ്യാമയുടെ നേർക്ക് നോക്കി കൊണ്ട് ഒറ്റ കുതിപ്പിന് അവൾക്കരികിലെത്തി.

കുറച്ച് വെള്ളം തരാമോ കൊച്ചമ്മാ, അല്ലെങ്കിൽ അദ്ദേഹം അവർ കൈകൂപ്പി .

ഒരു കുപ്പിയിൽ വെള്ളമെടുത്ത് ശ്യാമ അവർക്ക് നൽകി. ആ സ്ത്രീ മടിക്കുത്തിൽ നിന്നെന്തോ എടുത്ത് അയാളുടെ വായ് തുറന്ന് വെള്ളത്തോടൊപ്പം കൊടുക്കുന്നുണ്ടായിരുന്നു. അല്പനേരത്തിനു ശേഷം അയാൾ കണ്ണു തുറന്നു. ആശ്വാസത്തോടെ ആ സ്ത്രീ അയാളുടെ നെറുകിൽ തലോടികൊണ്ടെന്തോ പറയുന്നു ന്നതിനോടൊപ്പം അയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അയാളുടെ കുഴഞ്ഞ ശരീരം താങ്ങാൻ ആവാത്ത പോലെ അതൊരു ശ്രമമായി തന്നെ തുടർന്നു.

എന്തോ അതും കണ്ട് കൊണ്ടു നിൽക്കാൻ ശ്യാമയ്ക്കായില്ല. ആ സ്ത്രീയ്ക്കൊപ്പം അയാളെയും താങ്ങി അവൾ വീടിന് പടിയിൽ ഇരുത്തി. അകത്തു പോയി രാവിലെ ബാക്കിയായ ദോശയിൽ അല്പം ചമ്മന്തിയൊഴിച്ച് അവർക്കരികിലെത്തി. ഒന്ന് മടിച്ചുവെങ്കിലും അവരാ പ്ലേറ്റിലെ ദോശ മുറിച്ച് കുഞ്ഞിനും അയാൾക്കുമായി നൽകി.. ആർത്തിയോടെയുള്ള കുഞ്ഞിന്റെ നോട്ടം കണ്ട് ശ്യാമയുടെ ഉള്ളം പിടച്ചു.

അഴകൻ,, ഭാര്യവേണി , മകൾ മൊഴി…. ജോലിയ്ക്കെന്നുപറഞ്ഞ് തഞ്ചാവൂരിൽ നിന്നും ഇങ്ങോട്ട് വന്നവർ, കൂടെ കൂട്ടിയവർ കൈയിലുണ്ടായിരുന്ന പൈസയെല്ലാം വാങ്ങിയെടുത്ത ശേഷം ഒരിടത്താക്കി പോവുകയായിരുന്നു. പരിചയമില്ലാത്തിടത്ത് ഭക്ഷണവും വെള്ളവുമില്ലാതെ രണ്ട് ദിവസം, അവസാനം അവർ പറ്റിച്ചുവെന്ന് മനസിലായപ്പോൾ ആരുടെയെങ്കിലും കാലു പിടിച്ചെങ്കിലും എന്തെങ്കിലും ജോലി നേടാൻ ഇറങ്ങിയതാണ് പക്ഷേ ഭാഷ മനസിലാവാഞ്ഞിട്ടോ എന്തോ എല്ലാവരും ആട്ടിയോടിക്കുകയായിരുന്നു.അഴകന് ആസ്മയുടെ അസുഖം ഉണ്ട്, രണ്ട് ദിവസത്തെ പട്ടിണിയും കൂടിയായപ്പോൾ തളർന്നുവീണതാണ്.

എന്തെങ്കിലും ഒരു ജോലി തരണേ കൊച്ചമ്മാ ഇല്ലെങ്കി എന്റെ കൊച്ച് പട്ടിണിയാവും. കാലു പിടിച്ച് കരയുകയായിരുന്നു രണ്ടാളും. അവരോടുള്ള സഹതാപമായിരുന്നില്ല മൊഴി ” ആ കുഞ്ഞായിരുന്നു മനസ്സിനെ നൊമ്പരപ്പെടുത്തിയത്. വർഷങ്ങളായി ചുരത്താനാവാത്ത മാതൃത്വം അവളെ കണ്ടപ്പോൾ മുതൽ വിങ്ങുന്നുണ്ടായിരുന്നു.

എന്തെങ്കിലും ജോലി ശരിയാക്കാം എന്ന വാഗ്ദാനം നൽകിഅടച്ചു പൂട്ടിയിരുന്ന തൊട്ടു മുന്നിലത്തെ ചായ്പ്പ് തുറന്ന് കൊടുത്തപ്പോൾ തന്റെ നേരെ കൈകൂപ്പി അവർ പറഞ്ഞു. അമ്മാ നീ ദൈവമാണെന്ന്.

വൈകിട്ട് വിനയേട്ടൻ വിവരം അറിഞ്ഞപ്പോൾ ദേഷ്യപ്പെട്ടു, അവരെ ഇറക്കി വിടണമെന്നായി.

വിനയേട്ടാ, ഒറ്റയ്ക്കിവിടെ ഞാൻ മടുത്തു. തനിച്ചാവുമ്പോൾ പല തരം ചിന്തകളാണ്, ഒരു കുഞ്ഞെങ്കിലും ഉണ്ടായിരുന്നെങ്കിൽ…. എന്നത്തേയും പോലെ ആ വാക്കുകളിൽ ഒരു മൂളലിൽ വിനയേട്ടനും നിശബ്ദനായി.

റോഡിൽ നിറഞ്ഞു കവിഞ്ഞ മാലിന്യക്കൂമ്പാരം ശ്വാസം മുട്ടിക്കാൻ തുടങ്ങിയപ്പോഴാണ് അത് വൃത്തിയാക്കാനുള്ള ജോലി അഴകൻ ഏറ്റെടുത്തത്, പിന്നെ പിന്നെ അതായി അയാളുടെ ജോലിയും. തുച്ഛമായ ഒരു തുക എല്ലാ വീട്ടുകാരേയും പോലെ ശ്യാമയും നൽകി.

ഒഴിവ് നേരങ്ങളിൽ “മൊഴി ” അവൾക്കൊപ്പമായിരുന്നു, കുഞ്ഞു ചിരിയിലും കൊഞ്ചലുകളിലും നേരം പോകുന്നത് ശ്യാമ അറിയുന്നേയില്ലായിരുന്നു. കുറച്ച് നാൾ കൊണ്ടു തന്നെ മൊഴി അവൾക്ക് സ്വന്തം മകളായി കഴിഞ്ഞിരുന്നു. വിനയന്റെ ദേഷ്യപ്പെടലും ശകാരങ്ങളും കേട്ടില്ലെന്ന് നടിച്ച് അവൾ മൊഴിയിലൂടെ ഒരമ്മയാവുകയായിരുന്നു.

അഴകനും വേണിയ്ക്കും അതൊരാശ്വാസമായിരുന്നു. ജോലിയ്ക്ക് പോകുമ്പോൾ മൊഴി തനിച്ചാവില്ലല്ലോ… വിനയന്റെ ചീത്ത വിളികൾ അവരും കേൾക്കുന്നുണ്ടായിരുന്നു.

വേറെ വീട് കണ്ടെത്തിയാലുടൻ മാറിക്കോളാമെന്ന് അഴകൻ ശ്യാമയോട് പറയുകയും ചെയ്തു. പക്ഷേ അവരവിടുന്ന് പോവുന്നത് ശ്യാമയ്ക്ക് ചിന്തിക്കാനാവാത്ത കാര്യമായിരുന്നു

.” മൊഴി ” യെ പിരിയാൻ തനിക്കാവില്ല എന്ന സത്യം ഉൾക്കൊള്ളുകയായിരുന്നു ശ്യാമ. അതിനിടയിലാണ് ഇന്നത്തെ വിനയന്റെ ദേഷ്യപ്പെടൽ.

നീയെന്താ ചിന്തിച്ചോണ്ട് നിൽക്കുന്നേ, സമയം പോയി എനിക്ക് ഓഫീസിൽ പോവാൻ ടൈം ആയി.. വിനയന്റെ ശബ്ദമാണവളെ ഉണർത്തിയത്.

ദോശയെടുത്ത് വച്ചിട്ടുണ്ട് വിനയേട്ടൻ വന്നോളൂ, അവൾ തിടുക്കപ്പെട്ട് അകത്തേക്ക് നടന്നു.. ടേബിളിൽ വച്ചിരുന്ന തണുത്ത ദോശയുമായി അടുക്കളയിലേക്ക് നടക്കുമ്പോഴും, വിനയനിഷ്ടപ്പെട്ട കനം കുറച്ച ദോശ നെയ്യൊഴിച്ച് ചുട്ടെടുക്കുമ്പോഴും അവളുടെ മനസ്സിൽ മൊഴിയായിരുന്നു.

ഭക്ഷണം കഴിച്ച് പതിവുപോലെ ഇറങ്ങിയ വിനയന്റെ കൈയ്യിലേക്ക് ഉച്ചത്തെ ലഞ്ച് ബോക്സ് നൽകി അവൻ ഇറങ്ങിയതിനു പിന്നാലെ ശ്യാമ മുൻപിലെ വീട്ടിലേക്ക് നടന്നു.

അഴകനുംവേണിയും പോയീട്ടുണ്ടാവും മൊഴിയവിടെ തനിച്ചാവും, ഈശ്വരാ അവളെന്തെടുക്കുകയായിരിക്കുമോ എന്തോ,വികൃതിയാണ് അടങ്ങിയിരിക്കില്ല.. ഇന്ന് വിനയേട്ടന്റെ ബഹളം കാരണം സമയം വൈകി.

മൊഴീ… മൊഴീ….. ടീ, കുസൃതിപ്പാറൂ…. ശ്യാമ വാത്സല്യത്തോടെ നീട്ടി വിളിച്ചു.. കേൾക്കേണ്ട താമസം പുറത്തെവിടെ നിന്നോ ഉച്ചത്തിലൊരു ചിരി കേട്ട് ശ്യാമ പിന്നാമ്പുറത്തേക്ക് ചെന്നു. അവിടെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുമായി കളിയ്ക്കുകയാണ് അവൾ..

അയ്യേ.. എന്താ മുത്തേയിത്, ഇതൊക്കെ ചീത്തയാന്ന് ശ്യാമമ്മ പറഞ്ഞിട്ടില്ലേ, മുത്തിന് എത്ര കളിപ്പാട്ടാ അമ്മ വാങ്ങി തന്നത് അതെടുത്ത് കളിച്ചാ മതി. ഇങ്ങ് വാ….. ശ്യാമ കൊഞ്ചലോടെ അവൾക്കരികിലേക്ക് ചെന്നു.

ല്ല….ക്കിത് മതി.. ഇതേ ങ്ങനെ ഞെക്കുമ്പം ഒച്ച കേക്കൂലോ…. മൊഴി ചിരിച്ചു.

അത് വേണ്ട മോളൂ, അതൊക്കെ ചീത്തയാ വാവു വരും, ഇങ്ങ് താ ശ്യാമമ്മ കളയാം…

തരൂല നിക്കിത് മേനം…. കൈയിലിരുന്നത് പുറകോട്ടാക്കി മൊഴി രണ്ട് ചുവടു പിന്നോട്ടുവച്ചു.. അവൾക്കൊപ്പം ശ്യാമയും. ശ്യാമയുടെ വരവ് കളിയായാണ് മൊഴിക്ക് തോന്നിയത്.കൊഞ്ചലോടെ ശ്യാമയുടെ കൈകളിൽ നിന്ന്അവൾ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ വഴുതി മാറി.. ആ നിമിഷമാണത് സംഭവിച്ചത്, പിറകോട്ട് മാറിയ മൊഴി കാൽവച്ചതും മൂടിയിട്ടിരുന്ന മാലിന്യക്കുഴിയിലേക്ക് വീണതും ഒരുമിച്ചായിരുന്നു…

മൊഴീ…….. ഒരലർച്ചയോടെ ശ്യാമ ഓടിയെത്തിയപ്പോഴേക്കും അവളുടെ കൈയിലൂടെയൂർന്ന് മൊഴി താഴേക്ക് വീണു.. കഴുത്തൊപ്പമെത്തിയ മാലിന്യത്തിൽ കൈ കാലടിക്കുന്ന കുഞ്ഞിനെ കണ്ട് ശ്യാമ അലറി വിളിച്ചു. കുറേയേറെ നിഴലുകൾ കണ്ണിലേക്കു വീണതും ബോധമറ്റ് അവൾ വീണു പോയി.

കണ്ണുതുറക്കുമ്പോൾ അവൾ സ്വന്തം മുറിയിലായിരുന്നു. സുമേച്ചി, ദിവാകരേട്ടൻ എല്ലാവരുമുണ്ട്… തനിക്കെന്തു പറ്റി, എങ്ങനെ മുറിയിലെത്തി.. മൊഴി… അയ്യോ എന്റെ കുഞ്ഞ് അവൾ …. ശ്യാമ നടുക്കത്തോടെ ചാടിയെഴുന്നേറ്റു..

കിടക്ക് ശ്യാമേ. ഒന്നൂല സുമ അവളെ ബെഡിലേക്കിരുത്തി.

സുമേച്ചി, മൊഴി.. എനിക്കവളെ കാണണം

പൊട്ടിക്കരഞ്ഞുകൊണ്ട് പുറത്തേക്കോടിയിറങ്ങിയതും അവൾ കണ്ടു മുന്നിൽ നിറഞ്ഞ മിഴികളുമായി അഴ കനും വേണിയും. തൊട്ടരികിൽ ചെളിയിൽ മുങ്ങി നിവർന്ന പോലെ ഒട്ടിയ മുടിയും വസ്ത്രങ്ങളുമായി ഒരാൾ..

വിനയേട്ടൻ…….

ശ്യാമ ഒറ്റക്കുതിപ്പിന് അവനരികിലെത്തി. അവനു പുറകിൽ വിരിച്ച ഷീറ്റിൽ സുഖമായി കിടക്കുന്ന മൊഴി,

ചാമമ്മേ….. അവളെ കണ്ടതും കൊഞ്ചലോടെ മൊഴി ചിരിച്ചു.

“ശ്യാമേ.. നിന്റെ മൊഴിക്ക് ഒന്നും പറ്റിയിട്ടില്ല. തക്ക സമയത്താ ഞാൻ വന്നത്. നിന്നെ വഴക്ക് പറഞ്ഞിറങ്ങിയതുകൊണ്ടാവും എന്തോ പാതി വഴിയിൽ തിരിച്ചു വരാൻ തോന്നിയത്. ഗേറ്റ് തുറന്നതും നിന്റെ കരച്ചിൽ കേട്ടപ്പോ ഓടിയെത്തുകയായിരുന്നു. നോക്കുമ്പോ ബോധമില്ലാതെ കിടക്കുന്ന നീ,പിന്നെയാണ് മുങ്ങി താഴുന്ന മൊഴിയെ കണ്ടത്. ആലോചിക്കാൻ സമയമുണ്ടായിരുന്നില്ല, ഒരു ജീവൻ കൺമുന്നിൽ ഇല്ലാതാവുന്നത് കണ്ടപ്പോ അറപ്പോ വെറുപ്പോ തോന്നിയില്ല.. വിനയന്റെ വാക്കുകളിൽ സംതൃപ്തിയുണ്ടായിരുന്നു.

മൊഴിയെവാരിയെടുത്ത് തെരുതെരെയുമ്മകൾ കൊണ്ട് മൂടി വിനയനെ നോക്കുമ്പോൾ ശ്യാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

അവളുടെ കണ്ണുനീരിന്റെയർത്ഥം മനസ്സിലാക്കിയ പോലെ വിനയനൊന്ന് പുഞ്ചിരിച്ചു. എന്നിട്ട് അഴകനോടായി പറഞ്ഞു.

“ഇന്ന് തന്നെ ഇതൊക്കെ ശരിയാക്കാനുള്ള ഏർപ്പാട് ചെയ്യാം, നാളെ മുതൽ മോൾക്ക് തടസ്സമില്ലാതെ കളിക്കാലോ….”

ശരീരത്ത് പറ്റിയ മാലിന്യത്തെ തുടച്ചു കൊണ്ട് വിനയൻ അത് പറയവേ ശ്യാമയറിഞ്ഞു, മനസ്സൽ പറ്റിയ അഴുക്കും കൂടിയാണവൻ തുടച്ചു മാറ്റിയതെന്ന്, ഇനി മുതൽ ഒരച്ഛന്റെ സ്നേഹവും കൂടി മൊഴിയ്ക്ക് കിട്ടുമെന്ന് വിനയന്റെ പുഞ്ചിരിയും പറയാതെ പറയുന്നുണ്ടായിരുന്നു. ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…

രചന: Dhanya Shamjith

Leave a Reply

Your email address will not be published. Required fields are marked *