മച്ചിയെന്നു വിളി കേൾക്കുമ്പോഴും അവളാരോടും ദേഷ്യപ്പെട്ടിട്ടില്ല.

രചന: ഷെഫി സുബൈർ

അല്ലെങ്കിലും അവളുടെ ദേഷ്യവും, പരിഭവങ്ങളുമെല്ലാം കിടപ്പുമുറിയിലെ ഇരുട്ടിൽ കണ്ണുനീരായി ഒഴുക്കി കളഞ്ഞിട്ടേയുള്ളു.

ഇവനൊരു പെൺകോന്തനാണ്. ഈ മച്ചിപ്പെണ്ണിനെയും ചുമന്നോണ്ട് അല്ലെങ്കിൽ ഇവനിങ്ങനെ നടക്കുമോ ? ബന്ധുക്കളുടെ കുത്തുവാക്കുകൾ പലപ്പോഴും ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും അവളെ ജീവിതത്തിൽ നിന്നൊഴുവാക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ല.

ഏട്ടാ… എന്തിനാ ഇങ്ങനെ എന്നെ സഹിക്കുന്നത് ? വേറൊരു വിവാഹം കഴിച്ചൂടെ. ഞാൻ കാരണം ഉള്ള ജീവിതം കളയണോ ? ഞാൻ സന്തോഷത്തോടെ ഒഴിഞ്ഞു തരാം. അവൾ മിഴിനീരിന്റെ നനവുള്ള ചിരിയോടെ ഇതെന്നോട് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്.

ഒരിക്കൽപ്പോലും വീട്ടിൽ വരുന്ന കുഞ്ഞുങ്ങളെ എടുക്കാനും കൊഞ്ചിക്കാനും അവൾക്കു അവകാശമില്ലായിരുന്നു. ആ മച്ചിപ്പെണ്ണിന്റെ കൈയിൽ കുഞ്ഞിനെ കൊടുക്കരുതെന്ന് അവൾ പലവട്ടം കേൾക്കേണ്ടി വന്നിട്ടുണ്ട്.

ക്ഷേത്രവും വീടുമായും മാത്രം അവൾ ഒതുങ്ങി കൂടിയപ്പോൾ പലപ്പോഴും ദേഷ്യം വന്നിട്ടുണ്ട്. പുറത്തെങ്ങുമിറങ്ങാതെ ഇതിനകത്തിരുന്നാൽ നമ്മൾക്ക് കുഞ്ഞുങ്ങളുണ്ടാകുമോ ?

വിശേഷം വല്ലതുമുണ്ടോ ? ഡോക്ടറെ കാണിച്ചില്ലേ ? ആരുടെയാ കുഴപ്പം ? ഈ ചോദ്യങ്ങൾ കേട്ടു മടുത്തു പോയിട്ടാണ് അവൾ വീട്ടിൽ തന്നെ ഒതുങ്ങി കൂടിയത്.

പിന്നീടൊരിക്കൽപ്പോലും ഒരു ദൈവത്തിനെയും ഞാൻ വിളിച്ചിട്ടില്ല. അതിനു അവൾക്കു എപ്പോഴും പരാതിയായിരുന്നു. ഇങ്ങനെ വിശ്വാസമില്ലാതെയാവല്ലേ ഏട്ടാ. നീ ഒരുപാടു വിശ്വസിക്കുന്നുണ്ടല്ലോ, പിന്നെന്തേ നിന്റെ പ്രാർത്ഥന ഈശ്വരന്മാർ കേൾക്കാത്തത് ? പിന്നീടൊരിക്കൽപ്പോലും അവൾ ആ കാര്യത്തെപ്പറ്റി സംസാരിച്ചിട്ടില്ല. *****************

ഒരു പാതിരാത്രി എന്റെ കാതിൽ എനിക്ക് പുളിമാങ്ങ തിന്നണമെന്നു അവൾ പറഞ്ഞപ്പോൾ ഞാൻ വിശ്വാസം വരാതെ അവളെ നോക്കിയിരുന്നു.

സത്യമാണ് ഏട്ടാ. അവൾ കരച്ചിലോടെ പറഞ്ഞപ്പോൾ ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല. അല്ലെങ്കിലും ഒരു പെണ്ണിന്റെ മിഴിനീരിന്റെ മുന്നിൽ അലിയാത്തൊരു ഈശ്വരന്മാരുമില്ല.

പുതിയ ആള് വരുമ്പോൾ എന്നോടുള്ള സ്നേഹം കുറയുമോയെന്നു അവൾ കാതോരം പറഞ്ഞപ്പോൾ, നീയല്ലേ എന്റെ ആദ്യത്തെ കുഞ്ഞെന്നു പറഞ്ഞു അവളുടെ കവിളിലൊരു നനുത്ത ചുംബനമായിരുന്നു എന്റെ മറുപടി.

എന്റെ പെണ്ണിനേയും, കുഞ്ഞിനേയും നീ കാത്തുക്കൊള്ളണെ ഈശ്വരമാരെ എന്ന പ്രാർത്ഥന മാത്രമായിരുന്നു അപ്പോഴും മനസ്സിൽ…!

രചന: ഷെഫി സുബൈർ

Leave a Reply

Your email address will not be published. Required fields are marked *