മുത്തൂസും കൗണ്ടർ നാഫിയും

രചന : – ഷാനിഫ് ഷാനി –

ഈ ആഴ്ച നല്ല പണിയാ കിട്ടിയത്. ഞമ്മളെ കൂടെള്ള ആള് എമർജൻസി ലീവിന് നാട്ടിൽക്ക് പോയപ്പോ ഓന്റെ പണികൂടി ഞമ്മൾക്ക് കിട്ടി. കുഞ്ഞിപ്പാത്തൂന്റെ കഥകളെന്താ വരാത്തേന്ന് ചോയ്ച്ച് ഓൾടെ ആരാധകര് ചോയ്ക്കാനും തുടങ്ങീക്ക്ണ്. ഞമ്മള് ബല്ല്യ എഴ്ത്ത്കാരനൊന്നും അല്ല,, ഒഴിവ് സമയം കിട്ടുമ്പോ അങ്ങട്ട് എഴ്തി വിട്ണതാണ്. അതൊക്കെ വായിക്കാനും ഇഷ്ടപ്പെടാനും നിങ്ങളെ പോലുള്ള സഹൃദയരുണ്ടല്ലോ, എല്ലാവരോടും പെരുത്ത് നന്ദിണ്ട്ട്ടോ.. എന്തായാലും ഇന്ന് വരാൻ നേരം വൈകുംന്ന് മുത്തൂസിനോട് വിളിച്ച് പറയാ,,, ഞമ്മളെ വിളി കേൾക്കാൻ കാത്ത്ക്കെയ്നിന്ന് തോന്ന്ണ്ട് ഓള് ,

“ഇക്കൂ, ന്നാ ഞാൻ അപ്പുറത്തെ നാഫിത്താന്റെ കൂടെ സൂക്കിൽ പോട്ടെ, വേഗം വരണ്ട്,, എന്തായാലും നാട്ടിൽക്ക് പോവാനായിലേ കുറച്ച് പർച്ചേസും ചെയ്യാം”

“അയ്ന് അന്റേൽ പൈസണ്ടോ മുത്തുസേ ”

“ഹാ, ഇങ്ങളെ കീശേന്ന് അടിച്ച് മാറ്റിയ ഒരു നൂറ് റിയാല്ണ്ട്, അത് മതി” എന്നിട്ട് കൂടെ ഒരു കള്ള ചിരിയും പാസാക്കി.

” ബലാലോ,, അതൊക്കെ എപ്പോ, സത്യം പറഞ്ഞോ,.. നൂറെന്നല്ലേ എട്ത്തത് ”

” അയ്ന് എട്ക്കാൻ കുറേ ഇണ്ടല്ലോ ഇങ്ങളെ കീശേൽ,, ഇതെന്നെ അലക്കാൻ എട്ത്തപ്പോ കിട്ടിയതാ.. എന്തായാലും ഒരു കാര്യത്തിനായല്ലോ”

” അയിക്കോട്ടെ മുത്തോ ഇജെട്ത്തോ.. നല്ല തണ്പ്പാണ് ട്ടോ പുറത്ത്. കുഞ്ഞിപ്പാത്തൂന് സെറ്ററൊക്കെ ഇട്ട് സെറ്റപ്പാക്കിട്ട് കൊണ്ടോയിക്കോ ട്ടോ ”

നാഫിന്റെ കൂടെ ആയോണ്ട് ധൈര്യാ പറഞ്ഞയക്കാൻ. ആരടാന്ന് ചോയ്ച്ചാ ഞാനെടാന്ന് പറയണ ടീമാ.. അല്ലേലും പെണ്ണുങ്ങളായാ കുറച്ച് ധൈര്യം തന്റേടൊക്കെ മാണം ഇപ്പത്തെ കാലത്ത്.

പണിയൊക്കെ ഏകദേശം തീർത്ത് ഞമ്മള് നേരെ ഫ്ലാറ്റിലേക്ക് വിട്ടു. ഞമ്മളെത്തിയിട്ടും ഓലെത്തീല്ല. ‘പടച്ചേനേ, എന്ത് സർക്കീട്ടിനാ ഇവരിത് പോയത്..’ മുത്തൂസിന്റെ ഫോണിൽക്ക് വിളിച്ചപ്പോ എട്ത്തത് നാഫിയായിരുന്നു.

” ഇങ്ങള് രണ്ടാളും ഇതെന്താക്കാണ് നാഫിയേ,, നേരെത്രായി പോയിട്ട് ”

” ബേജാറാവല്ലി ഷാനിയേ,, ഓളിന്റൊപ്പരല്ലേ പോന്നത്. ഞങ്ങളിപ്പം എത്തും, ഒരഞ്ച് മിനുട്ട് ”

ആ, അതെന്നെ ഇന്റെ ബേജാറ്ന്നും പറഞ്ഞ് ഞമ്മള് ഫോൺ വെച്ച്. ഭാഗ്യം ഓളത് കേട്ടീല്ല… കേട്ട്ണേൽ അപ്പതന്നെ ഉരുളക്കുപ്പേരി മറുപടി കിട്ടീനി,, ബല്ലാത്ത ജാതി.

സെറ്ററും മംഗ്ഗീ ക്യാപ്പൊക്കെ ഇട്ട് രണ്ട് കയ്യിലും നിറച്ച് മുട്ടായി ആയിട്ട് ഞമ്മളെ കുഞ്ഞിപ്പാത്തു കേറി വര്ണ്ട്.. “ഒരു മുട്ടായി പീടിയ മുഴുവൻ ഉണ്ടല്ലോ പാത്തോ , കൊണ്ടോയ റിയാല് മുഴുവൻ ജ് മുട്ടായി മാങ്ങി തീർത്തോ?”

“അതൊക്കെ ഓരോരുത്തർ കൊട്ത്തതാ ഓൾക്ക്, ഓളെല്ലാ പീടിയേലും കേറി അർമാദിക്കല്ലെയ്ന്യോ ” അപ്പളും മറുപടി പറഞ്ഞത് മ്മളെ നാഫിയെന്നെ,

“അല്ല നാഫിയേ, ഞമ്മളെ ബീവി ഏടേ,,? ഇജോളെ ഏടേലും മറന്നെച്ചോ ?”

നോക്കുമ്പോണ്ട് ഒച്ച് എഴഞ്ഞ് വര്ണ മാതിരി തണ്ത്ത് വിറച്ച് ഞമ്മളെ ബീവി കോണിപ്പടി കേറി വര്ണ്. ” അന്നോടല്ലേ ബുദ്ദൂസേ കോട്ടെട്ക്കാൻ പറഞ്ഞീന്യത്, എന്നിട്ടിപ്പം തണ്ത്ത് വിറച്ച് വര്ണ്.”

“കോട്ടൊക്കെ എട്ത്തീനിക്കാ ..”

” അതെവ്ടേലും മറന്ന് വെച്ചീണ്ടാവും ലേ, അന്റൊരു മറവീന്നും പറഞ്ഞ് ഞമ്മള് ചൂടായി. പാവം, സങ്കടായീന്ന് തോന്ന്ണു, നാഫിയൊക്കെ ഉള്ളതല്ലേ, ഞമ്മള് ഗൗരവത്തിലെന്നെ നിന്നു.

“ഞങ്ങള് പോര്ണ വഴീല് ഒരു ചെറിയ കുട്ടിണ്ട് ഇരിക്ക്ണ്. പാവം തണ്ത്ത് വിറച്ചീണ്,, അയിലൂടെ എത്രേ ആൾക്കാര് പോവ്ണ്ട്,, ആരും മൈന്റൂടി ചെയ്യ്ണില്ല. ഇന്നോട് ഒരു റിയാല് ചോയിച്ചു,, ഇൻക്ക് പാവം തോന്നി ഇന്റെ കോട്ടൂരി ആ കുട്ടിക്ക് കൊട്ത്തു ”

മുത്തൂസിന്റെ മറുപടി കേട്ട് ആകെ എടങ്ങേറായി, കാര്യമറിയാതെ ഓളോട് വെർതേ ചൂടായല്ലോന്ന് ആലോയിച്ച് ഓളെ ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് കൊട്ത്തു. ” കണ്ടോ നാഫിയേ ഞമ്മളെ ബീവിന്റെ മനസ്സ് ”

അത് ഞമ്മള്ളൊപ്പം കൂടിയോണ്ടാന്നൊരു കൗണ്ടറും അടിച്ച് നാഫി ചിരിച്ചോണ്ട് ഓളെ ഫ്ലാറ്റിൽക്കും പോയി…. (അല്ലേലും കൗണ്ടറടിക്കാൻ ഓളെ കഴിഞ്ഞിട്ടേ വേറാളൊള്ളൂ) __________

കാരുണ്യം വറ്റിയ ഈ ലോകത്ത് പലതും കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്ന നമ്മൾ മനുഷ്യനെന്ന് പറയുന്നതിൽ അർത്ഥമില്ല. കരുണയുള്ള മനസ്സില്ലാതെ കുറേ പണവും സൗന്ദര്യവുമൊന്നും ഉണ്ടായിട്ട് യാതൊരു കാര്യവുമില്ല. പരസ്പരം സഹായിക്കാനുള്ള മനസ്സ് കൂടി വളർത്തിയെടുക്കുക.എല്ലാവർക്കും ആവശ്യമുള്ളതും എല്ലാവരും പരസ്പരം നൽകേണ്ടതുമായ അടിസ്ഥാനപരമായ ഒരു മാനുഷിക ഗുണമാണ് കാരുണ്യം. എത്രമാത്രം കാരുണ്യം നാം മറ്റുള്ളവരിലേക്ക് ചൊരിയാൻ കഴിയുന്നുവോ അത്രയും ചിലപ്പോൾ അതിലും കൂടുതലായി, അലംഘനീയമായ ഒരു പ്രകൃതി നിയമം പോലെ നമുക്കത് പല വഴിക്കായി തിരിച്ച് ലഭിക്കും.

രചന : – ഷാനിഫ് ഷാനി –

Leave a Reply

Your email address will not be published. Required fields are marked *