മുല്ലപ്പൂവിന്റെയോ ചന്ദനത്തിന്റെ മണമുള്ള സെന്റിന്റെയോ ചന്ദ്രിക സോപ്പിന്റെ നേർത്ത മണമോ അവളെ ഉടലിലിൽ നിറഞ്ഞു നിന്നിരുന്നു…

രചന: അയ്യപ്പൻ അയ്യപ്പൻ

രാത്രി കനത്തപ്പോൾ റോഡിന്റെ എതിർവശത്തായി മുല്ലപ്പൂ തലയിൽ ചുറ്റി നിന്നവളെ നോക്കിയയാൾ കൈവീശി…

അയാളുടെ കയ്യിലെ വിയർപ്പിന്റെ ചൂരിൽ നനഞ്ഞൊട്ടിയ നൂറിന്റെ 4 നോട്ടുകൾക്കു മുന്നിൽ അവൾ ഈർഷ്യയോടെ മുരടനക്കി…

“ഈ കാശിനു വരാൻ പറ്റില്ല “എന്നവൾ തീർത്തു പറയുമ്പോൾ അയാൾ കെഞ്ചുന്നുണ്ടായിരുന്നു “കയ്യിൽ ഇതെ ഉള്ളു” എന്ന് പറഞ്ഞവളെ വിശ്വസിപ്പിക്കുന്നുണ്ടായിരുന്നു…

ഒരല്പ നേരത്തെ അവളുടെ ദുർബലമായ വാദങ്ങൾ അയാൾക്ക്‌ മുന്നിൽ ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു…. അയാൾ ചൂണ്ടിയ വഴിയിലേക്ക് അയാളുടെ പിന്നിൽ മുറുമുറുത്തു ഒരല്പം പിറകിലായി അവൾ നടന്നു നീങ്ങി….

മുല്ലപ്പൂവിന്റെയോ ചന്ദനത്തിന്റെ മണമുള്ള സെന്റിന്റെയോ ചന്ദ്രിക സോപ്പിന്റെ നേർത്ത മണമോ അവളെ ഉടലിലിൽ നിറഞ്ഞു നിന്നിരുന്നു…

തിളച്ചു പൊന്തിയ വികാരത്തോടെ മഞ്ഞപ്പല്ലിളിച്ചുകാട്ടി അയാൾ അവളെ ചേർത്ത് പിടിച്ചു…

എല്ലാ നിശ്വാസങ്ങൾക്കും അപ്പുറം അവൾക്കു കൊടുക്കാമെന്നേറ്റ ചുരുട്ടിയ 4 നൂറിന്റെ നോട്ടിൽ നിന്നും 100 രൂപ തിരികെ ഷർട്ടിന്റെ മടക്കിലേക്ക് കുത്തി തിരുകി… 300 രൂപ അവൾക്കു മുന്നിലേക്ക് എറിഞ്ഞു കൊടുക്കുമ്പോൾ…

അയാളെ നോക്കി അവൾ തലേൽ തല്ലി പ്രാകുന്നുണ്ടായിരുന്നു… കാർക്കിച്ചു തുപ്പുന്നുണ്ടായിരുന്നു….” പറഞ്ഞ പൈസ തരൂ “എന്ന് കഫം കുരുങ്ങിയ ശബ്ദതിൽ ദേഷ്യത്തോടെ പുലമ്പുന്നുണ്ടായിരുന്നു…

*** വെളിച്ചം വാരി വിതറിയ ഒരു “പകലിൽ” ഒറ്റമുറി കടയുടെ മുന്നിൽ സൊറ പറഞ്ഞിരുന്ന അയാളുടെ മുന്നിൽ കൂടെ അവൾ മുല്ലപ്പൂചുറ്റി നടന്നു പോയപ്പോൾ മഞ്ഞപ്പല്ല് കാട്ടി അയാൾ കൂടെ നിന്നവരെ നോക്കിയൊന്നു അർഥം വെച്ചു ചിരിച്ചു…

എന്നിട്ട് പതിയെ അടുത്തിരുന്ന ഒരല്പം കഷണ്ടികയറിയ മനുഷ്യനോട് സ്വകാര്യത്തിൽ പറഞ്ഞു…

” അവള് അത്ര ശരിയല്ല ..പിഴച്ചവൾ.. . തുഫ്ഫ്ഫ്.. ”

“ഒരു പെണ്ണും ഒറ്റയ്ക്ക് വ്യഭിചരിച്ചിട്ടില്ല” എന്ന് പണ്ടാരോ പറഞ്ഞു വെച്ച തമാശയോർത്തവൾക്കു ചിരി പൊട്ടി…

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾ ഇരിക്കുന്ന കടമുറിയിലേക്ക് തിരിഞ്ഞു നോക്കി …

അപ്പോഴും പിറകിൽ നിന്നും നീട്ടിതുപ്പി ഉറക്കെ അയാൾ പറയുന്നുണ്ടായിരുന്നു… “ഒരുമ്പിട്ടോള് തുഫ്ഫ്ഫ് “..

രചന: അയ്യപ്പൻ അയ്യപ്പൻ

Leave a Reply

Your email address will not be published. Required fields are marked *