വഴക്ക് കൂടലുകൾ….

രചന: ബിന്ധ്യ ബാലൻ

“പൊന്നുവേ എന്റെ കൈ മേടിക്കാതെ കഴിക്കെടി ഇവിടെയിരുന്ന് ”

അത്താഴമുണ്ണുന്നതിനിടയ്ക്ക് ഉള്ള സ്ഥിരം പൊട്ടു വർത്തമാനത്തിനിടയ്ക്ക് നിസാരമായൊരു കാര്യത്തിന്റെ പേരിൽ ചെറുതായൊന്നു പിണങ്ങി, കഴിക്കൽ മതിയാക്കി ഞാൻ മുഖം വീർപ്പിച്ചെണീറ്റപ്പോൾ ഇച്ചായൻ അലറി.ആ അലർച്ചയിൽ ആകെ സ്തംഭിച്ച്‌ അറിയാതെ ഇരുന്ന് പോയി ഞാൻ.

“കഴിക്കാനല്ലേ പറഞ്ഞത് ”

ഇച്ചായൻ ഒന്ന് കൂടി ഒച്ച വച്ചതും, എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.എന്റെ പ്ലേറ്റിലേക്ക് ഒരു ചിക്കൻ ലെഗ് എടുത്തിട്ട് തന്നിട്ട്
“മോങ്ങാതെ മുഴുവൻ കഴിക്കെടി ” എന്ന് ഒന്ന് കൂടി ഒച്ച വച്ചിട്ട് ഇച്ചായനെഴുന്നേറ്റ് പോയി.

കണ്ണിലുരുണ്ടു കൂടിയ കണ്ണുനീരിന്റെ ഉപ്പ് ചുണ്ടുകളിലേക്ക് കിനിഞ്ഞിറങ്ങിക്കൊണ്ടിരുന്നു.ഒന്നും മിണ്ടാതെ ഇച്ചായൻ വിളമ്പിയത് മുഴുവൻ കഴിച്ച് എണീക്കുമ്പോഴും, അടുക്കളയിൽ അത്താഴമുണ്ട പ്ലേറ്റുകളും പാത്രങ്ങളും കഴുകി അടുക്കള തുടച്ചു വൃത്തിയാക്കുമ്പോഴും,ഏങ്ങിക്കരയുന്നത് ഇച്ചായൻ കേൾക്കാതിരിക്കാൻ ആവുന്നതും ശ്രമിക്കുന്നുണ്ടായിരുന്നു ഞാൻ.

പണികളെല്ലാമൊതുക്കി മുറിയിലേക്ക് ചെല്ലുമ്പോൾ, ഫോണിൽ കുത്തിയും തൊണ്ടിയുമിരിക്കുന്ന ഇച്ചായനെ നോക്കിയൊന്ന് വിതുമ്പിയിട്ട്, കട്ടിലിന്റെ ഒരറ്റത്തേക്ക് ഒതുങ്ങിക്കിടന്നു ഞാൻ. ഈ ലോകത്തു ഇച്ചായൻ മാത്രമേ എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഉള്ളുവെന്നു കരുതി ജീവിക്കുമ്പോൾ, ഇച്ഛൻ ദേഷ്യപ്പെടുന്നത് പോയിട്ട്, ആ സ്വരമൊന്ന് മാറുന്നത് പോലും എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു. ഒഴുകിയിറങ്ങിയ കണ്ണുനീരിനെ കൈത്തലം കൊണ്ട് തുടച്ച് കണ്ണുകൾ അടയ്ക്കുമ്പോഴാണ് ഒരു കൈ നെറുകിൽ തൊടുന്നത്

“ഡീ.. നാളെ എണീക്കും വരെ ഇങ്ങനെ തിരിഞ്ഞു കിടക്കാനാണോ ഉദ്ദേശം…? ”

എന്റെ നെറ്റിയിൽ തലോടിക്കൊണ്ട് ഇച്ചായൻ ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല.

“ഇച്ഛനെന്തിനാ ദേഷ്യപ്പെട്ടത് എന്ന് കൊച്ചിനറിയോ..ഇങ് തിരിഞ്ഞേ പറഞ്ഞു തരാം ”

സ്വരം മയപ്പെടുത്തിക്കൊണ്ട് ഇച്ചായൻ പറഞ്ഞത് കേട്ട് ഞാൻ തിരിഞ്ഞു കിടന്നു.

“ഇനി മേലാൽ കഴിക്കുന്ന ആഹാരത്തോടു ദേഷ്യം കാണിക്കരുത്.. നിനക്ക് ദേഷ്യം വരുമ്പോ കൊച്ച് വേണേൽ വീട്ടിലേ സാധങ്ങൾ മുഴുവൻ തല്ലിപ്പൊട്ടിച്ചോ ഇച്ചായൻ ഒന്നും പറയത്തില്ല…പക്ഷെ ഇന്ന് കാണിച്ചത് പോലെ ആഹാരത്തിന്റെ മുന്നിലിരുന്നു ദേഷ്യം കാണിച്ചാൽ ഇനി ഈ പറച്ചിലൊന്നും ഉണ്ടാവില്ല… ഇച്ഛനു ദേഷ്യം വന്നാൽ അറിയാല്ലോ കൊച്ചിന്… ”

എന്റെ നെറുകയിൽ തലോടിക്കൊണ്ട് ഇച്ചായൻ പറഞ്ഞത് കേട്ട് നിറഞ്ഞൊഴുകിയ എന്റെ കണ്ണുകൾ ആ ഇരുളിലും ഇച്ചായൻ കണ്ടു. എന്റെ കണ്ണുകൾ തുടക്കാൻ നീട്ടിയ ആ വിരലുകളിൽ ചുണ്ടുകൾ കൊണ്ടൊന്ന് തൊട്ടിട്ടു “സോറി ഇച്ഛാ.. ഇനി ഞാൻ അങ്ങനെ ചെയ്യില്ല” എന്ന് പറഞ്ഞതും അറിയാതെ ഞാൻ ഏങ്ങലടിച്ചത് കേട്ട് മെല്ലെയൊന്നു പൊട്ടിച്ചിരിച്ചിട്ടു ഇച്ചായൻ പറയുവാ

“ആരാടാ എന്റെ കൊച്ചിനെ കരയിച്ചത്.. പൊന്നുവേ നമുക്കവനെ വെട്ടത്ത് ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്തിയാലോ..അങ്ങനെയിപ്പം അവൻ സുഖിക്കണ്ട.. ”

“ആ താന്തോന്നി ഇരുട്ടത്ത് തന്ന്യാ കെടക്കണേ.. ഹും ”

ഞാനും പറഞ്ഞു.. ശ്ശെടാ വിങ്ങിപ്പൊട്ടി വന്ന കരച്ചില് ഏത് വഴി പോയോ ആവോ….. ചിരിയാണ് പിന്നെ വന്നത്…അതേ
ഞങ്ങളുടെ വഴക്കുകൾക്ക് കുറച്ചു നേരത്തെ ആയുസ്സ് മാത്രമാണുള്ളത്.. ഒരു രാത്രിക്കപ്പുറം അത് നീളില്ല…

രചന: ബിന്ധ്യ ബാലൻ

Leave a Reply

Your email address will not be published. Required fields are marked *