വെളുത്ത മകൾ

രചന Omesh Thyparambil

പണിയും കഴിഞ്ഞു വീടിന്റെ പടിക്കൽ എത്തിയപ്പോഴേ അമ്മ അകത്തിരുന്നു പിറുപിറുക്കുന്നതു കേട്ടു .

” ഇന്നെന്താ പുതിയ പ്രശ്നം ?” ഞാൻ അമ്മയോട് തിരക്കി .

“എന്നോട് പറയാതെ കണ്ടിടത്തെല്ലാം കറങ്ങി , വീട്ടിലുണ്ടാക്കുന്നതു കഴിക്കാതെ കടപ്പലഹാരം തിന്നു നീയും അവളും നടക്കുവല്ലേ …..ദേ ,പുറകു വശത്തു കിടന്നു നിന്റെ ഭാര്യ ശർദ്ധിക്കുന്നുണ്ട് ..ചെന്ന് ചോദിക്ക് ” .

അമ്മയോട് പറയാതെ കഴിഞ്ഞ ദിവസം പുറത്തു പോയതിന്റെ ചൊരുക്കാ . എന്നാലും അവൾക്കിതെന്തു പറ്റി …ഞാൻ വേഗത്തിൽ വീടിന്റെ പുറകു വശത്തേക്ക് ചെന്നു .

എന്നെ കണ്ടപ്പോൾ തളർച്ചയോടു കൂടി ആണെങ്കിലും ഒരു പുഞ്ചിരിയോട് കൂടി അവൾ പറഞ്ഞു .

“ഞാൻ പറഞ്ഞില്ലേ എനിക്ക് സംശയം ഉണ്ടെന്നു ” .

“എന്ത് സംശയം” ? ഞാൻ ചെറിയ ഒരു ആകാംഷയോടെ ചോദിച്ചു …

” നിങ്ങൾ ഒരു അച്ഛൻ ആവാൻ പോവുകയാണ് ” .

ഇത് കേട്ടതും സന്തോഷം കൊണ്ട് എനിക്ക് എന്ത് ചെയ്യണം എന്നറിയാണ്ടെ ആയി , സിനിമയിൽ കാണുന്നത് പോലെ അവളെ എടുത്തു ഉയർത്തി ഒന്ന് കറങ്ങിയാലോ ? കുറച്ചു നാളായി അലട്ടുന്ന നടുവ് വേദന ഓർത്തപ്പോൾ അത് വേണ്ടെന്നു വെച്ചു , എങ്കിലും എന്റെ സന്തോഷ സൂചകമായി അവൾക്കു ഞാൻ ഒരു സ്നേഹ ചുംബനം നൽകി .

മുറിയിലേക്ക് കയറിയതും അവൾ ആദ്യം പറഞ്ഞത് അവൾക്കൊരു മസാല ദോശ വേണമെന്നായിരുന്നു . മസാല ദോശയും , പുളിയും , പച്ച മാങ്ങയുമാണല്ലോ ഗർഭത്തിന്റെ Brand Ambasidor മാർ .ഇനി അതായിട്ടു കുറയ്‌ക്കേണ്ട ; ഞാൻ കടയിൽ പോയി ഒന്നല്ല മൂന്നു മസാല ദോശ വാങ്ങി കൊണ്ടു വന്നു . അവൾ ഒറ്റയിരുപ്പിനു അത് മൂന്നും കഴിച്ചു , ഇത്രയും ആർത്തിയോടെ അവൾ കഴിക്കുന്നത് ഞാൻ ആദ്യമായി ആണ് കാണുന്നത് .

മുൻപ് കണ്ണാടിയിൽ അധികം ശ്രദ്ധിക്കാതിരുന്ന അവൾ ഇപ്പോൾ ഏതു സമയവും കണ്ണാടിക്കു മുന്നിൽ തിരിഞ്ഞും മറിഞ്ഞും അവളുടെ വയറിന്റെ വികാസം നോക്കുന്നു , അളവെടുത്തു ദിവസവും ബുക്കിൽ കുറിച്ച് വക്കുന്നു . ഇതെല്ലാം അമ്മയ്ക്ക് ശരിക്കും ചൊറിച്ചിൽ വരുത്തുന്നുണ്ടെന്നു എനിക്ക് മനസിലായി , പോരാത്തതിന് അടുക്കളയിൽ കയറിയാൽ ഉടനെ ഇപ്പോൾ അവൾ ഓക്കാനിക്കുന്നതു കൊണ്ടു അമ്മ തന്നെയാണ് അടുക്കളപ്പണി ചെയ്യുന്നത് . അമ്മ അത് കൊണ്ടു അമ്മായിയമ്മമാരുടെ സ്ഥിരം പല്ലവി പിറുപിറുത്തു കൊണ്ടേയിരുന്നു .

” ഞാനെല്ലാം പാടത്തു പണി കഴിഞ്ഞു വന്നാ നിന്നെയും നിന്റെ ചേച്ചിയെയും പെറ്റതു , ലോകത്തു എങ്ങുമില്ലാത്ത ഒരു ഭാര്യയും അതിനൊത്തു തുള്ളാനായി പെങ്കോന്തനായ ഒരു ഭർത്താവും “.

അമ്മ അങ്ങനെയൊക്കെ പറയുമെങ്കിലും അതൊന്നും ഞാൻ ശ്രദ്ധിച്ചതേയില്ല , എങ്കിലും ഒരു കാര്യത്തിന് മാത്രം ഞാൻ അവളെ എതിർത്ത് രണ്ടു ഡയലോഗ് അങ്ങ് കാച്ചിയേച്ചു …..

കുഞ്ഞു വെളുത്തു തുടുക്കണമെങ്കിൽ ബദാമും കുങ്കുമ പൂവും കഴിച്ചാൽ മതിയെന്ന് അവൾ ഏതോ മാസികയിൽ വായിച്ചത്രെ ! എനിക്കും നിനക്കും നല്ല കറുത്ത നിറമാ , കാക്ക കറുപ്പ് , നമുക്ക് ഉണ്ടാകുന്ന കുഞ്ഞിനും ആ നിറമേ കാണു , കാക്കയേ കുളിപ്പിച്ചാൽ ഒരിക്കലും കൊക്കാവില്ലാ … അത് കൊണ്ടു ആവശ്യമില്ലാത്ത ഈ സാധനമൊന്നും വാങ്ങി കഴിക്കേണ്ട എന്ന് പറഞ്ഞു ഞാൻ അവളുടെ വായടച്ചു .

ടെസ്റ്റുകളും ചെക്കപ്പുകളുമായി മാസങ്ങൾ അങ്ങ് നീങ്ങി . അവളുടെ വയർ വലുതാകുന്നത് അനുസരിച്ചു എന്റെ കീശ ചെറുതായും കൊണ്ടേ ഇരുന്നു .സിസേറിയൻ എങ്ങാനും ആണെങ്കിൽ !! എന്റെ നെഞ്ചിൽ ഒരു തീ ഗോളമായിരുന്നു .അവളുടെ വയറു കണ്ടു ബന്ധുക്കളും , സുഹൃത്തുക്കളും പ്രവചനങ്ങൾ പലതും നടത്തുന്നുണ്ടായിരുന്നു ; എങ്കിലും ഒരു പെൺകുട്ടി വേണമെന്നായിരുന്നു എന്റെ ആഗ്രഹം .

ഒടുവിൽ കാത്തിരുന്ന ആ ദിവസമെത്തി . പതിവൊന്നും തെറ്റിക്കാതെ എല്ലാ സിനിമാകളിലേയും പോലെ നഖവും കടിച്ചു പ്രസവ മുറിയുടെ വാതിൽക്കലൂടെ ഞാൻ ഉലാത്തി കൊണ്ടിരുന്നു .

“നഖം മാത്രമല്ല നിന്റെ കയ്യും കൂടി തിന്നോടാ , വെപ്രാളം കണ്ടാൽ അവന്റെ ‘അമ്മ ചാകാൻ കിടക്കുവാണെന്നു തോന്നും ” . അമ്മയുടെ ഈ വാക്കുകൾ എന്റെ നഖം തീറ്റി നിർത്തിച്ചു .

ഒരു നേഴ്സ് പെൺകൊച്ചു കതകു തുറന്നു പുറത്തേക്കു വന്നു , “സുഖ പ്രസവം , പെൺകുട്ടി ” ഇത് പറഞ്ഞു അപ്രത്യക്ഷമായി . സന്തോഷം കൊണ്ടു എനിക്ക് തുള്ളിച്ചാടണം എന്നുണ്ടായിരുന്നു , എങ്കിലും അമ്മയുടെ വായിൽ നിന്നും വല്ലതും കേൾക്കുമല്ലോ എന്നോർത്ത് വേണ്ടെന്നു വെച്ചു . കുറച്ചു കഴിഞ്ഞു ഒരു പ്രായമുള്ള നേഴ്സ് ഒരു വെള്ള തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ എന്റെ കയ്യിൽ കൊണ്ടു തന്നു . കുട്ടിയെ കണ്ടു ഞാൻ ശരിക്കും ഷോക്ക് അടിച്ചത് പോലായി . നല്ല തൂവെള്ള നിറമുള്ള ഒരു കുഞ്ഞു !!

ഇനി കുട്ടി എങ്ങാനും മാറി പോയതാണോ ? ഞാൻ സംശയം നഴ്സിനോട് പ്രകടിപ്പിച്ചു .

“ഇന്ന് ഒരു പ്രസവമേ ഇവിടെ നടന്നൊള്ളു , അത് തന്റെ ഭാര്യയുടെ ആണ് , പിന്നെങ്ങനാ കുഞ്ഞു മാറുന്നത് “. അവർ അത് പറഞ്ഞിട്ട് എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി .

ഞാൻ കുഞ്ഞിനേയും കൊണ്ടു പതുക്കെ അമ്മയുടെ അടുത്തേക്ക് ചെന്നു , കുഞ്ഞിനെ അമ്മയെ കാണിച്ചു . പിന്നെ ആശുപത്രി കീഴ്‌മേൽ മറിയുന്നതായിട്ടാണ് എനിക്ക് തോന്നിയത് . അവിടെ മുഴങ്ങി നിന്നതു അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം മാത്രം ആയിരുന്നു .

” എടാ പെണ്കൊന്താ , നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടില്ലേ അവള് ശരിയല്ലെന്ന് , അവളും കിഴക്കേതിലെ വെളുമ്പൻ ചന്ദ്രനും പലവട്ടം കയ്യും കണ്ണും കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് , അതൊന്നും പറഞ്ഞിട്ട് നീ വിശ്വസിച്ചില്ലല്ലോ , ഇപ്പൊ നോക്ക് അവനെ പറിച്ചു വച്ചിരിക്കുവല്ലേ ? നീ പെണ്ണുമ്പിള്ളയുടെ സാരിത്തുമ്പു പിടിച്ചു നടന്നോ …”

അമ്മയുടെ ഈ വാക്കുകൾ എന്റെ മനസ്സിൽ ശരിക്കും പ്രകമ്പനം കൊള്ളിച്ചു . ശരിയാണ് ചന്ദ്രൻ പലപ്പോഴും അവളെ സൂക്ഷിച്ചു നോക്കി നിൽക്കുന്നത് ഞാനും കണ്ടിട്ടുണ്ട് . അമ്മ പറയുന്നതിലും കാര്യം ഉണ്ട് , അല്ലങ്കിൽ ഇത്രയും കറുത്ത ഞങ്ങൾക്ക് എങ്ങനെ ഇത്ര വെളുത്ത കുട്ടി ?

ഈ സംശയം ഞങ്ങളുടെ വിവാഹ മോചനത്തിൽ എത്തിച്ചു . അമ്മ ഉടൻ തന്നെ മറ്റൊരു പെണ്ണിനെ കണ്ടു പിടിച്ചു എന്റെ വിവാഹവും നടത്തി .

മൂന്നു നാല് കൊല്ലങ്ങൾ കടന്നു പോയി . അവളെ ഇതിനിടയ്ക്ക് കാണുകയോ , അന്വേഷിക്കുകയോ ഞാൻ ചെയ്തില്ല . എന്നെ ചതിച്ചു , എന്റെ മനസ് തകർത്തു പോയവളല്ലേ , എന്തിനു തിരക്കണം , എന്തിനു കാണണം …. പക്ഷെ അന്നാ പട്ടണത്തിലേക്കുള്ള പോക്ക് എല്ലാം തകിടം മറിച്ചു .

പട്ടണത്തിലെ തിരക്കൊക്കെ ആസ്വദിച്ചു നടന്നു നീങ്ങുമ്പോൾ ആണ് എനിക്കെതിരെ ഒരു പരിചിത രൂപം ഞാൻ കണ്ടത് ; അതെ അത് അവൾ തന്നെ ! അവളുടെ കയ്യിൽ തൂങ്ങി കറുത്തതെങ്കിലും , കറുപ്പിന് ഏഴഴക് എന്ന് പറയുന്ന പോലെ ഒരു സുന്ദരി കുട്ടിയും ഉണ്ടായിരുന്നു . ഒഴിഞ്ഞു മാറിയാലോ എന്ന് ആദ്യം ആലോചിച്ചു .പിന്നെ അവളെ കുത്തി നോവിക്കാൻ കിട്ടിയ ഒരു സന്ദർഭം എന്തിനു വെറുതെ കളയണം എന്ന് കരുതി അവളുടെ നേരെ നടന്നു . എന്നെ കണ്ടപ്പോൾ അവളിലും ഒരു ഞെട്ടൽ ഉണ്ടാകുന്നത് ഞാൻ കണ്ടു .

അടുത്ത് ചെന്നു സുഖം അല്ലേ എന്ന എന്റെ ചോദ്യത്തിന് അതെ എന്ന് അവൾ മറുപടി തന്നു . ഞാൻ ചെറിയ ഒരു പുച്ഛത്തോട് കൂടെ “ഇതാരാ , രണ്ടാമത്തെ കുട്ടി ആണോ ” എന്ന് ചോദിച്ചപ്പോൾ അതിലും പുച്ഛത്തോട് കൂടെ ആയിരുന്നു അവളുടെ മറുപടി .

“ഞാൻ ഒന്നേ കെട്ടിയട്ടുള്ളു , അതിൽ ഒരു കുട്ടിയെ ഉള്ളു ” .

അത് കേട്ടു ചെറിയ ഒരു അമ്പരപ്പോടെ ഞാൻ ചോദിച്ചു , “അപ്പോൾ ആ വെളുത്ത കുഞ്ഞ് “?

“ആ വെളുത്ത കുഞ്ഞു തന്നെയാണ് ഇത് , ഒരു വയസ്സ് കഴിഞ്ഞപ്പോൾ തന്നെ അവൾ അവളുടെ തനി നിറം കാട്ടി …. കാക്കയേ കുളിപ്പിച്ചാൽ കൊക്കാവില്ലല്ലോ” !!!!!!!

ഇത്രയും പറഞ്ഞു അവൾ ആ കുട്ടിയുമായി നടന്നു നീങ്ങിയപ്പോൾ ഭൂമി പിളർന്നു താഴേക്ക് പോകുന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ ……

രചന Omesh Thyparambil

Leave a Reply

Your email address will not be published. Required fields are marked *