സ്ത്രീയാണ് ധനം, പണം കണ്ടല്ല ഹൃദയം കണ്ട് സ്നേഹിക്കുക…

രചന ലക്ഷ്മി ബിനു

ലക്ഷ്മി…. എത്ര നാളായി ഇങ്ങനെ പുറമേ നടന്നു ശല്ല്യം ചെയ്യുന്നു… എന്നോടൊരുതരി സ്നേഹം തോന്നുന്നില്ലേ…?

എനിക്കും ഇതേ പറയാനുള്ളൂ നിങ്ങൾക്ക് നാണമില്ലേ എന്റെ പുറമേ ഇങ്ങനെ നടന്നു തേയാൻ..

അത്രക്ക് ഇഷ്ടം ഉള്ളോണ്ടാടോ.. ഒന്ന് സഹകരിച്ചൂടെ…?

കോപത്തോടെ എന്നെ അവളൊന്ന് നോക്കി…

ഇനി എന്റെ പുറകെ ഇങ്ങനെ നടക്കരുത്. എന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് പറയാൻ പറ്റില്ല….

സോറി…

വഞ്ചി ഇക്കരയിലെത്തിയപ്പോഴേക്കും ഞാനിറങ്ങി നടന്നു….

ശോ വേണ്ടായിരുന്നു… നാണം കെട്ട പരിപാടി ആയല്ലോ.. സ്വയമേ പരിഭവം പറഞ്ഞു ഞാൻ നടന്നു…

ഉണ്ണിയേട്ടാ… പിന്നിൽ നിന്നവളുടെ വിളി ആദ്യം തോന്നിയതായിരിക്കുമെന്ന് കരുതി..

ഒന്ന് നിന്നെ.. ഉണ്ണിയേട്ടാ..

സഡൻബ്രേക്ക് ഇട്ടപോലെ ഞാൻ നിന്നു..

എന്താ ലക്ഷ്മി…

ഇതാ ഗിരിജാന്റിടെ വീട്ടിലൊന്ന് കൊടുത്തേക്കണേ….

മുന്നിലേക്ക് നീട്ടിയ പാൽക്കുപ്പി വാങ്ങി പിടിച്ചു..

കൊടുത്തേക്കാം.. ഞാൻ തലയാട്ടി …

അക്കരെ കടവത്ത് നിന്നും ഇക്കരയിലേക്ക് പാലും കൊണ്ട് എല്ലാ ദിവസവും വരാറുള്ള ലക്ഷ്മിയെ കാണാനാണ് എല്ലാ ദിവസവും വൈകിട്ട് കടവത്ത് എത്തുന്നത്…

ഞാൻ ഇനിയും വൈകിയാലേ വഞ്ചിക്കാരൻ പോകും…

ഉം സാരമില്ല ഞാൻ കൊടുത്തോളാം…

നാരായണേട്ടന്റെ ചായക്കടയിൽ പാലും കൊടുത്തു വിശേഷം പറയുമ്പോ കൂട്ടത്തിലെ ഒരു മൂപ്പൻ അവളോട് കല്യാണക്കാര്യം ചോദിച്ചത്..

എന്തായി മോളെ ചെക്കനെ ഇഷ്ടായോ .. എവിടുത്ത് കാര..?

തൃശൂർന്ന അമ്മാവാ.. കക്ഷി ദുബായ്ലാ…

ആഹാ അപ്പൊ കല്യാണം കഴിഞ്ഞു അങ്ങോട്ടേക്ക് കൊണ്ട് പോകുമായിരിക്കും ല്ലെ..

ഉം നാണത്തോടെ അവള് തലയാട്ടി…

ഞാൻ പോകട്ടെ ഇനിയും നിന്നാൽ വഞ്ചി പോകും..

ഹഹഹ എങ്കിലും നിന്റെ കാര്യം ഓർക്കുമ്പോഴാ ഉണ്ണ്യേ…. പിന്നെ അവളെ കെട്ടാനുള്ള എന്ത്‌ യോഗ്യതയ ഇവനുള്ളേ.. !!

ഒരുപണിയുമില്ലാതെ വീട്ടിലിരിക്കുന്ന ഇവനൊക്കെ ആരേലും പെണ്ണ് കൊടുക്കുവോ… കൂടെ മുറുക്കാൻ കറ പുരണ്ട ചുണ്ടിൽ അടക്കിപ്പിടിച്ചൊരു ചിരിയും..

അവരെ നോക്കി സൗമ്യമായി ഒന്ന് ചിരിച്ചു..

നീയറിഞ്ഞില്ലേ ഉണ്ണി അവളുടെ കല്യാണം ഉറപ്പിച്ചതൊന്നും…

അവരെ ഒന്നുടെ നോക്കി… എന്നിട്ടവളേയും…

ഇളം ചന്ദനക്കളർ പാവാടയും പച്ചപ്പട്ടിൽ തുന്നിയ ബ്ലൗസും ലൈറ്റ് ഓറഞ്ച് ഷോളും ആയിരുന്നു അവളുടെ വേഷം. കാലിലൊരു പൊൻകൊലുസും അണിഞ്ഞിരുന്നു രണ്ടുകയ്യും പാവാടയെ അടക്കിപ്പിടിച്ചാണ് അവളുടെ നടപ്പ്….

തിരികെ നടക്കുമ്പോ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

പെണ്ണിന് വേണ്ടി കണ്ണ് നിറയുന്നത് ആദ്യമായിരുന്നു…

വീട്ടിലെത്തി റൂമിനുള്ളിൽ കയറി വാതിൽ വലിച്ചടച്ചു കുറ്റിയുമിട്ട് തടിക്കസേരയിൽ കുറേ നേരം മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനെ നോക്കി ഇരുന്നു…

അങ്ങനെയിരുന്നു മയങ്ങിപ്പോയിരുന്നു.

ഡോറിൽ വലിച്ചുള്ള കൊട്ട് കേട്ടാണ് മയക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റത്..

മോനേ ഉണ്ണിയെ… അമ്മയുടെ ശബ്ദമായിരുന്നു

എന്താ അമ്മേ…. വിളി കേട്ടോണ്ട് ഞാൻ വാതിൽ തുറന്നു…

എന്താ പറ്റ്യേ ന്റ കുട്ടിക്ക്…?

ഒന്നുല്ലമ്മേ….

മുഖം ഒക്കെ വല്ലതിരിക്കുന്നല്ലോ പോയ്‌ കുളിച്ചിട്ട് വന്നേ..

തോർത്തും സോപ്പുമെടുത്ത് കുളിക്കടവിലേക്ക് നടന്നു.

അലക്കുകല്ലിലിരുന്ന് ചെരുപ്പും തേച്ചു കഴുകി പുഴയിലേക്ക് എടുത്തു ചാടി… മുങ്ങി ഏറെ നേരം കഴിഞ്ഞാണ് പൊങ്ങിയത്… തന്റെ സങ്കടങ്ങളൊക്കെ തന്നെതട്ടി ഒഴുകിയകലുന്ന ഓളങ്ങളിൽ പറഞ്ഞവസാനിപ്പിക്കുന്നത് ഒരു പതിവായിരുന്നു…

ടാ ഉണ്ണിയെ നീയൊന്ന് കയറി വന്നേ…. ടാ അമ്മയുടെ ശബ്ദം കേട്ട് വേഗം തല പൊക്കി കരയിലേക്ക് നോക്കി…

നീ വേഗം കയറി വാ ആ കൊച്ച് ദേ പുഴയിൽ ചാടിയെന്നു….

ആരാ അമ്മേ…. കരയിലേക്ക് കയറിക്കൊണ്ട് ഞാൻ ചോദിച്ചു ലക്ഷ്മി…

എന്താ എന്ത്‌ പറ്റ്യേ….? ദേ അക്കരെന്ന് ഇപ്പൊ വിളിച്ചു പറഞ്ഞയ നീ ഒന്ന് പോയിട്ട് വന്നേ…

കടവിലെ വഞ്ചിയിലേക്ക് ദൃതി പെട്ടു ചാടിക്കയറി, പങ്കായം ആഞ്ഞു തുഴഞ്ഞു… നിമിഷനേരം കൊണ്ട് ഇക്കരെ എത്താറായപ്പോഴേക്കും ഓറഞ്ച് ഷാൾ വെള്ളപ്പരപ്പിന് മേലെ ഓളങ്ങളിൽ ഉലഞ്ഞുലഞ്ഞു പോക്കൊണ്ടേയിരുന്നു…

പങ്കായം വഞ്ചിയിലേക്ക് വച്ച് തോർത്ത്‌ ഒന്നുടെ മുറുക്കെ കെട്ടി അവൻ വെള്ളത്തിലേക്ക് എടുത്തു ചാടി….

ഉണ്ണ്യേ സൂക്ഷിക്കണേ.. അക്കരെ നിന്നാരോ വിളിച്ചു പറഞ്ഞു…

ആകാശം ഇരുണ്ടുമൂടി.. കറുത്തിരുണ്ട മേഘത്തിലെ മിന്നൽ പിണർപ്പുകൾ പുഴയിൽ പ്രതിധ്വനിച്ചു..

തുളളി തുള്ളികളായി മഴ ഓളങ്ങളിൽ പതിച്ചു…

ഷാൾ കയ്യെത്തി പിടിച്ചു…

അടുത്തേക്ക് വലിച്ചെങ്കിലും ഷാൾ ഏതോ മരക്കൊമ്പിലെന്ന പോലെ തോന്നി..

വീണ്ടും അടുത്തേക്ക് ചെന്നപ്പോൾ ആ തുണി മാത്രം കയ്യിൽ അവശേഷിച്ചു…

മഴയുടെ ഉത്സാഹം അവന്റെ കണ്ണുകളിൽ ഇരുട്ടായി..

കൂടെ ചാടിയവരൊക്കെ മഴ കനത്തപ്പോൾ തിരികെ കയറി…

മരക്കൊമ്പുകളാകില്ലെന്ന് അവന് ഉറപ്പായിരുന്നു… ചിലപ്പോ ഇടുപ്പിൽ നിന്ന് ഷാൾ ഊരി വന്നതാണെങ്കിലോ…

ആഴത്തിലേക്കവൾ പോയോ…?

കയ്യും കാലുകളും മനസും അതിലേറെ ആഴത്തിൽ ആയിരുന്നു…

മഴ കനത്തതോടെ, ഇനിയും പുഴയുടെ ആഴങ്ങളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയായി… തിരികെ വരാൻ പലരും വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു… പക്ഷെ, അവളില്ലാതെ…എങ്ങനെ താൻ തിരികെ കയറും…??

അവളെ മരണത്തിലേക്ക് തള്ളിവിട്ടു, തനിക്ക് മാത്രമൊരു രക്ഷപെടൽ എന്തിന്…??

ഒരുനിമിഷം അവളുടെ മുഖം മനസ്സിൽ മിന്നി മറഞ്ഞു… പിന്നീട് ഒട്ടും താമസിച്ചില്ല…എല്ലാവരുടെയും വാക്കുകളെ മറികടന്നു.. പുഴയുടെ ആഴങ്ങളിലേക്ക് കുതിച്ചു…

അവളെ തേടി, വെളളത്തിനടിയിലൂടെ വേഗത്തിൽ നീന്തി കൊണ്ടിരുന്നു…സമയം കടന്നുപോകുംതോറും കാലുകൾ കുഴയുന്നതായി തോന്നി… നിലയില്ലാ കയത്തിൽ അകപ്പെട്ടത് പോലെ… താനും പതിയെ പുഴയുടെ മടിത്തട്ടിലേക്ക് ആണ്ടു പോകുന്നതായി തോന്നി…

“ലക്ഷ്മീ… എവിടെയാടി നീ…??നീയില്ലാതെ ഒരു മടക്കം…ആലോചിക്കാൻ കൂടെ കഴിയില്ല…!!മരണത്തെ മുന്നിൽ കാണുന്ന നിമിഷങ്ങളിലും പോലും നിന്നെ മറക്കാൻ കഴിയുന്നില്ല പെണ്ണേ…”

കണ്ണുനീരും, മനസ്സിലെ മുറവിളികളും…പുഴയിലെ വെള്ളത്തിൽ അലിഞ്ഞു ചേർന്നു…

ഇനിയും എത്ര നേരം… താൻ ഇങ്ങനെ..എന്ന് ആലോചിക്കുമ്പോഴേക്കും…മുന്നിൽ കണ്ട പച്ച പട്ടിന്റെ നേരിയ തുമ്പിൽ… തളർന്നു തുടങ്ങിയ കൈകാലുകൾക്ക് ജീവൻ വെച്ചതുപോലെ തോന്നി… തിടുക്കപ്പെട്ട് മുന്നോട്ടാഞ്ഞു നീന്തി അരികിലേക്ക് ചെന്നതും…ദ്രവിച്ചു തുടങ്ങിയ മരക്കുട്ടികൾക്കിടയിൽ തങ്ങി നിൽക്കുന്ന ലക്ഷ്മിയെ കണ്ടു

വേഗത്തിൽ,നീണ്ടു വളർന്നു കിടക്കുന്ന അവളുടെ മുടിയിഴകളിലേക്ക് കൈവിരലുകളെ കോർത്തു വലിച്ചു… മുകളിലേക്ക് നീന്തി… വെള്ളത്തിനു മുകളിലേക്ക് പൊങ്ങി..അപ്പോഴേക്കും ആരൊക്കെയോ തിടുക്കപ്പെട്ട് വഞ്ചി തുഴഞ്ഞു ഞങ്ങൾക്കരികിലേക്ക് വരുന്നതായി കണ്ടു..

വെള്ളത്തിൽ നിന്നു വഞ്ചിയിലേക്ക് അവളെ കിടത്തുമ്പോഴെക്കും, അവളുടെ ശ്വാസനിശ്വാസങ്ങൾ കുറയുന്നതായി തോന്നി…

തന്റെ പ്രാണനായി കണ്ടവളെ ഈ അവസ്ഥയിൽ…മരണത്തോട് മല്ലിടുന്നത്…കാണാൻ ശക്തിയില്ലാത്തതു പോലെ തോന്നി ഉണ്ണിക്ക്…

കടവിലേക്ക് തോണിയടുപ്പിച്ചു… ആരൊക്കെയോ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് നോക്കി നിസ്സഹായനായി ആ മഴയിൽ അവൻ നിന്നു…

………………………………………………………..

പതിവ് പോലെ വീട്ടിൽ ഇരിക്കിമ്പോഴാണ് മേശക്ക് മുകളിലിരുന്ന ലൈൻ ഫോൺ ശബ്‌ദിച്ചത്.

ഉണ്ണ്യേ ആ ഫോണോന്നെടുത്തെ.. അടുക്കളയിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞു.

എഴുന്നേറ്റ് ഫോണിനടുത്തേക്ക് നടന്നു

ഹലോ ആരാ..?

പോസ്‌റ്റോഫീസിൽ നിന്നാണ് ഇത് ഉണ്ണികൃഷ്ണന്റെ വീടല്ലേ..

ഉവ്വ് സാർ…

ഒരു പോസ്റ്റ്‌ ഉണ്ടേ ഇന്ന് തന്നെ വന്നു കൈപ്പറ്റണെ

ഓ ശരി സാർ ഞാനിപ്പോ തന്നെ വരാം…

അമ്മേ പോസ്‌റ്റോഫീസിൽ നിന്ന ഞാനൊന്ന് പോയിട്ട് വരാം..

കഴിച്ചിട്ട് പോകാം മോനേ..

ഞാൻ പെട്ടെന്ന് വരാം അമ്മ എടുത്ത് വെക്ക്.

എന്തൊ അർജെന്റ് പോസ്റ്റ…

വഞ്ചിയിൽ കേറി അക്കരെ കരയിലെത്തി അവിടുന്ന് നടന്ന് പോസ്‌റ്റോഫീസിൽ എത്തി.

ഒപ്പിട്ട് പോസ്റ്റ്‌ വാങ്ങി.

കോൺസ്റ്റബിൾ പോസ്റ്റിലേക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്ററായിരുന്നു അത്.

സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ശ്യാസം നേരെ ഒന്ന് ഉള്ളിലേക്ക് എടുത്തു വീട്ടിലേക്ക്നടക്കുന്നതിനിടയിൽ അമ്മയെ വിളിച്ചു പറഞ്ഞു… സന്തോഷം കൊണ്ട് അമ്മ ഒരു നിമിഷം മിണ്ടാതെ നിന്നു… പിന്നെ കേട്ടത് കണ്ണീരിന്റെ ശബ്ദമായിരുന്നു…

തിരികെ വന്ന് കടവിൽ വഞ്ചിക്കായ് കാത്തു നിന്നപ്പോഴാണ് ലക്ഷ്മി അവിടേക്ക് വന്നത്…

ഉണ്ണ്യേട്ടാ…

ഓളങ്ങളിലേക്ക് നോക്കിക്കൊണ്ട് അവൾ വിളിച്ചു .

എന്താ ലക്ഷ്മി..

“ആശുപത്രിയിൽ വെച്ചു ബോധം വന്നപ്പോൾ, കണ്ണുകൾ തിരഞ്ഞത് ഉണ്ണിയേട്ടന് വേണ്ടിയായിരുന്നു…ചുറ്റുമുള്ളവർ സ്വന്തം ജീവൻ പോലും നോക്കാതെ പുഴയിലേക്ക് എടുത്ത് ചാടിയ ഉണ്ണിയെ പറ്റി വാതോരാതെ പറയുന്നത് കേട്ടപ്പോൾ…സങ്കടമാണ് തോന്നിയത്… ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് ഞാൻ ഏട്ടനെ…പക്ഷെ അതൊക്കെ മനസ്സിൽ തോന്നിയ ഇഷ്ടത്തെ കുഴിച്ചു മൂടി കൊണ്ടായിരുന്നു…

അത്രയും പറഞ്ഞു, ഓളങ്ങളെ നോക്കി മൗനമായി അവൾ നിന്നു…

“ലക്ഷ്മി…എന്തിനായിരുന്നു നീ..??”

ഉണ്ണിയുടെ ചോദ്യം കേട്ട്, അവൾ മൗനമായി പുഴയിലെ ഓളങ്ങളെ നോക്കി നിന്നു…

കണ്ണുനീർ കവിളുകളിലൂടെ ഒലിച്ചു താഴേക്ക് ഇറങ്ങി…

കുട്ടികാലം മുതലേ,ഒത്തിരി കഷ്ടപ്പെട്ടാണ് ഞൻ ജീവിച്ചത്…വയ്യാത്ത അമ്മയും, കുടുംബം നോക്കാതെ കള്ളുകുടിച്ചു നടക്കുന്ന അച്ഛനും ആയിരുന്നു എന്റെ ഏറ്റവും വല്യ സങ്കടം.. പശുക്കളെ നോക്കിയും, അവയുടെ പാല് വിറ്റു കിട്ടുന്നതും കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്… അതിൽ നിന്നു കിട്ടിയതൊക്കെ നുള്ളിപെറുക്കി കല്യാണത്തിന് അവര് പറഞ്ഞ സ്ത്രീധനം ഉണ്ടാക്കി വെച്ചത്…

അന്ന് തിരികെ വീട്ടിലെത്തിയപ്പോ അച്ഛൻ നന്നായി മദ്യപിച്ച വന്നേ.. കയ്യില് വേറെയും, ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്ന മനുഷ്യന് എവിടുന്നാ ഇത്രേം കാശ് എന്ന് ചിന്തിച്ചു ഓടി റൂമിൽ ചെന്ന് അലമാരി തുറന്നു നോക്കിയപ്പോൾ, വിവാഹ ത്തിനായി കരുതിയാതൊക്കെ നഷ്ടപെട്ടിരുന്നു… അതിനെ ചൊല്ലി വഴയ്ക്കായി, അച്ഛൻ ഉപദ്രവിച്ചു… എല്ലാം സഹിച്ചു, പോയതൊക്കെ പോട്ടെയെന്ന് കരുതി… പക്ഷെ ഒക്കെ കൊണ്ട് വിറ്റതും പോരാഞ്ഞിട്ട്…എന്നേ കൂടെ അയാൾ…!!ആരുടെയോ കയ്യിൽ നിന്ന് എന്റെ ഒരു രാത്രിക്കുള്ള കൂലി വാങ്ങിയെന്ന് അറിഞ്ഞപ്പോൾ.. പിന്നെ…”

പറഞ്ഞൂ പൂർത്തിയാക്കും മുന്നേ, കൈകൾ കൊണ്ട് മുഖം പൊത്തി…അവൾ തേങ്ങി കരഞ്ഞു..

അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്ന് അറിയാതെ ഉണ്ണി നിന്നു.. എന്തോ പറയാൻ തുടങ്ങിയതും തോണി എത്തിയിരുന്നു…

അവൻ ഒന്നും മിണ്ടാതെ തോണിയിലേക്ക് കയറി…

വഞ്ചി തുഴയാൻ തുടങ്ങിയപ്പോ അവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു ഉണ്ണിയൊന്നു വിളിക്കാൻ..

എപ്പോഴും ഇഷ്ടം പറഞ്ഞു പിന്നാലെ നടന്നിരുന്ന ഉണ്ണിയേട്ടന് ഇനി ഞാനില്ലാതെ ജീവിക്കാൻ കഴിയുമായിരിക്കുമോ…

ഞാൻ എത്രയോതവണ കുറ്റപ്പെടുത്തി തള്ളിപ്പറഞ്ഞു.. മടുത്തിട്ടുണ്ടാവും ഒക്കെ… എന്തൊക്കെയോ പരിഭവങ്ങൾ അവൾ ചുണ്ടിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു…

തിരികെ നടക്കാൻ തുടങ്ങവേ കുപ്പിവളകൾക്കിടയിൽ വിരലുകൾ മുറുകുന്നത് അവളറിഞ്ഞു തിരിഞ്ഞു നോക്കിയപ്പോ ഉണ്ണി അവളോട്‌ അടുത്ത് ചേർന്ന് നിന്നു…

ഒരല്പം വിറയലോടെയും ഹൃദയമിടിപ്പോടെയും അവൻ അവളോട് ചോദിച്ചു

പോരുന്നോ

എന്റെ കൂടെ….

അവൾ നാണം കൊണ്ട് തല താഴ്ത്തി എന്നിട്ട് മെല്ലെ തല കുലിക്കി.. അവനവളെ തന്റെ ഹൃദയത്തോട് ചേർത്തൊന്ന് കെട്ടിപ്പിടിച്ചു…

വഞ്ചിയിലേക്ക് അവളുടെ വലതു കൈയിൽപിടിച്ചു കയറ്റി…

വഞ്ചിക്കാരൻ മുള മെല്ലെ കുത്തി താഴ്ത്തി വഞ്ചി പുഴയുടെ മുകളിലൂടെ ഓളങ്ങളിലൂടെ അവരെയുമേന്തി ഇക്കരയിലേക്കടുക്കുമ്പോ

അവൻ ഒത്തിരി കൊതിച്ച നിമിഷങ്ങളായിരുന്നു അത്..

എന്നെങ്കിലുമൊരിക്കൽ അവളിലേക്ക് ചേർന്നിരുന്ന് ഈ പുഴ മുറിച്ചു കടക്കണമെന്ന്…

നാരായണേട്ടന്റെ ചായക്കടയിൽ പതിവ് ആളുകൾ ഉണ്ടായിരുന്നു…

വഞ്ചിയിൽ വന്നിറങ്ങുന്ന യുവ മിഥുനങ്ങളെ കണ്ടപ്പോ എല്ലാരും ഒന്ന് ചിരിച്ചു… കൂടെ വരവേൽക്കാൻ അമ്മയും കടവത്തുണ്ടായിരുന്നു…

ഇവർ തന്നെയാണ് ഒന്നിക്കേണ്ടതെന്ന് തോന്നി…

അല്ലെങ്കിലും സ്ത്രീധനത്തിന്റെ പേരിൽ പെണ്ണിനെ വേണ്ടെന്ന് വെക്കുന്ന പയ്യനും പണത്തിന് മകളെ വിൽക്കുന്ന തന്തയും തമ്മിൽ എന്താണ് വ്യത്യാസം…..

സ്ത്രീയാണ് ധനം പണം കണ്ടല്ല ഹൃദയം കണ്ട് സ്നേഹിക്കുക..

#ആഴങ്ങളിൽ

രചന ലക്ഷ്മി ബിനു

ബിനുവിന്റെ പ്രണയ കഥകൾ ❤️💚

Leave a Reply

Your email address will not be published. Required fields are marked *