സ്നേഹമർമ്മരം….ഭാഗം..8.

എയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 7

ഭാഗം..8

വൈകുന്നേരം ആയപ്പോൾ തന്നെ അവർ വീട്ടിലെത്തി……

ജാനി എത്തിയപ്പോൾ തന്നെ മുറിയിലേക്ക് കയറി ഫോണെടുത്ത് മഹേഷിനെ വിളിച്ചു…….

“എന്താ ജാനീ നീ പറയുന്നത്……..

കേസ് പിൻവലിക്കാനോ……..

നിന്റെ ശത്രുവാരെന്ന് നിനക്കറിയണ്ടേ…….”

മഹേഷിന്റെ ശബ്ദത്തിൽ ദേഷ്യത്തിനൊപ്പം തന്നെ പരിഭവവും ഉണ്ടായിരുന്നു……

“വേണ്ട……മഹേഷ്……. ഇനി അതിന്റെ പുറകേ നടക്കാൻ വയ്യ…….

പങ്കന്റെ കല്യാണം ഇന്ന് കഴിഞ്ഞതേയുള്ളൂ…. ഇതൊക്കെ അറിഞ്ഞാൽ അവൻ ഇതിന്റെ പുറകേ പോകും…..

അച്ഛയുടെ കാര്യം ശ്രേയ പറഞ്ഞിട്ടില്ലേ മഹേഷിനോട്……

പിന്നെ……..ഞാൻ പങ്കന്റെ വീട്ടിലാണ്…. ഇവിടെ വച്ച് എനിക്കൊന്നും പറയാൻ കഴിയില്ല…..”

ജാനി അപേക്ഷ പോലെ പറഞ്ഞു നോക്കി…

“കേസ് ഞാൻ പിൻവലിക്കില്ല ജാനീ……

ശ്രേയയെ ഈ വിധത്തിൽ ആക്കിയതാരെന്ന് എനിക്കറിയണം…….

പിന്നെ നിന്നെ ഇതിൽ ഇൻവോൾവ് ചെയ്യിക്കാതെ നോക്കാം ഞാൻ…… ”

“മഹേഷ്……. ഞാൻ……..”

“ഒന്നും പറയണ്ട ജാനീ……

ശ്രേയയ്ക്ക് മരുന്ന് കൊടുക്കാൻ സമയമായി ഞാൻ വയ്ക്കുന്നു……..”

മഹേഷ് ദേഷ്യത്തിലാണ് ഫോൺ കട്ട് ചെയ്തെന്ന് ജാനിക്ക് മനസ്സിലായിരുന്നു……

കുറച്ചു നേരം ഫോണും പിടിച്ച് അങ്ങനെയിരുന്നു………

ലെച്ചുവിന്റെ കാര്യം ഓർമ വന്നപ്പോൾ അവൾ ഫോൺ ബാഗിലേക്ക് വച്ച് അങ്ങോട്ട് പോയി…..

ജനലഴികളിൽ പിടിച്ച് ആലോചനയോടെ നിൽക്കുന്ന ലെച്ചുവിനെ കണ്ടപ്പോൾ ജാനിയ്ക്ക് വിഷമം തോന്നി…….

‘പാവം കുട്ടി………….. പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇന്നു മുഴുവൻ അവളുടെ ജീവിതത്തിൽ അരങ്ങേറിയത്……..’

“എന്താ ലെച്ചൂ……സ്വപ്നം കാണുവാണോ……..”

ജാനിയുടെ ശബ്ദം കേട്ട് ധൃതിയിൽ നിറഞ്ഞ കണ്ണുകൾ തുടച്ച് ലെച്ചു തിരിഞ്ഞു നോക്കി……

“എന്താ വലിയ ആലോചന………”

ജാനി കുസൃതിയോടെ ചോദിച്ചു കൊണ്ട് മുറിയിലേക്ക് കയറി…….

“ഒന്നുമില്ല ജാനിചേച്ചീ…….ഞാൻ……

അമ്മയെയും അച്ഛനെയും ഓർത്തപ്പോൾ………”

“നമുക്ക് പങ്കുനോട് പറഞ്ഞിട്ട് നാളെത്തന്നെ അവരെ പോയി കാണാം…….മതിയോ…..

ഇപ്പോൾ മോള് പോയി ഡ്രസ്സൊക്കെ മാറ്റി ഒന്നു ഫ്രഷായി വാ…….

ഞാൻ പോയി എന്റെ പങ്കനെ നോക്കട്ടെ…….”

ലെച്ചുവിന്റെ കവിളിൽ ഒന്ന് തട്ടിക്കൊണ്ടു ജാനി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി……

വീട് മുഴുവൻ തിരഞ്ഞിട്ടും പങ്കനെ കാണാതെ നിരാശയോടെ തിരിഞ്ഞപ്പോളാണ്………… ഗാർഡനിലെ ലോണിൽ നിവർന്നു കിടക്കുന്ന പങ്കനെ കണ്ടത്………

അവൾ അങ്ങോട്ട് പോയി…..

“പങ്കൂ……….

തീർന്നില്ലേടാ നിന്റെ സങ്കടം…….”

ജാനിയെ കണ്ടതും പങ്കു എഴുന്നേറ്റു… പുറകിലേക്ക് കൈ കുത്തി ചാഞ്ഞിരുന്നു…..

ജാനി അവനരികിലായി ഇരുന്നു…….

“നീ വീട്ടിൽ പോകുന്നില്ലേടീ…..”

“മ്…….കുറച്ചു കഴിഞ്ഞിട്ട് പോകും………..”

നിശബ്ദതയിൽ കുറച്ചു നിമിഷങ്ങൾ കടന്നു പോയി…….രണ്ടുപേരും തുറന്നു പറഞ്ഞില്ലെങ്കിലും മനസ്സിൽ തിങ്ങിനിറഞ്ഞ വേദന പരസ്പരം മനസ്സിലാക്കിയിരുന്നു….

“പങ്കൂ………………ലെച്ചു………”

ജാനി പറയാൻ തുടങ്ങിയത് അവൻ കൈയുയർത്തി തടഞ്ഞു…….

“എനിക്ക് കേൾക്കണ്ട ജാനീ………

നിങ്ങളൊക്കെ പറഞ്ഞത് ഞാൻ അനുസരിച്ചല്ലോ……അത് പോരെ……..”

പങ്കുവിന്റെ വാക്കുകളിൽ തെളിഞ്ഞ വേദന മനസ്സിലായതും ജാനി വേദനയോടെ അവന്റെ കൈകളിൽ കൈമർത്തി…….

“പങ്കൂ……….”

“പ്ലീസ് ജാനീ……..എനിക്ക് തനിച്ചിരിക്കണം…………”

ജാനി അദ്ഭുതത്തോടെ അവനെ നോക്കി……. സന്തോഷമായാലും ദുഖമായാലും തന്റെ സാമീപ്യം ആഗ്രഹിക്കുന്നവനാണ്…. ……

പങ്കുവിന്റെ ചെറിയ അവഗണന പോലും അവളിൽ നോവ് സൃഷ്ടിച്ചു………

ഒന്നും മിണ്ടാതെ അവൾ എഴുന്നേറ്റ് അകത്തേക്ക് പോയി……….

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ജാനിയും കുടുംബവും പോകാനൊരുങ്ങി……..

അവർ പോകുന്നത് കണ്ടെങ്കിലും പങ്കു അനങ്ങിയില്ല……… അത്രമേൽ വേദനിച്ചിരുന്നു അവന്റെ മനസ്സ്…….

രാത്രിയായപ്പോൾ രേണുക ഒരു ഗ്ലാസ്‌ പാലും കൊടുത്ത് ലെച്ചുവിനെ പങ്കുവിന്റെ മുറിയിലേക്ക് നിർബന്ധിച്ച് പറഞ്ഞുവിട്ടു………

തെല്ലൊരു പേടിയോടെയാണ് അവൾ മുറിയിലേക്ക് കയറിയത്………

മുറിയിലെ ജനലിൽ കൂടി പുറത്തേക്ക് നോക്കി തിരിഞ്ഞു നിൽക്കുന്ന പങ്കുവിനെ കണ്ട് അവളുടെ പേടി കൂടി……. വിറയലോടെ തുളുമ്പുന്ന പാൽഗ്ലാസുമായി വാതിലിന്റെ ഒരറ്റത്തായി നിന്നു………

“ശ്രീയേട്ടാ……………”

ആർദ്രതയോടെ അവൾ വിളിച്ചെങ്കിലും അവൻ തിരിഞ്ഞു നോക്കിയില്ല……….

“ശ്രീയേട്ടാ…….. ഞാൻ……..”

“നിർത്ത് ലെച്ചൂ………എനിക്ക് കുറച്ചു മനസമാധാനം വേണം……..”

അവന്റെ അവഗണന പ്രതീക്ഷിച്ചതായത് കൊണ്ട് അവൾ പതറിയില്ല…

നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അവൾ തുടച്ചു മാറ്റി…….

തിരിഞ്ഞ് നിൽക്കയാണ് അവനിപ്പോഴും…..

പാടില്ല….. അറിയണം എല്ലാം….. പറയണം……. അവൾ ഉറച്ച തീരുമാനത്തോടെ പാൽഗ്ലാസ് റ്റേബിളിൽ വച്ച് പങ്കുവിന്റെ അടുത്തേക്ക് നടന്നു…….

“ശ്രീയേട്ടാ……….

ഹൃദയത്തിൽ സൂക്ഷിച്ച ജാനിയെന്ന പ്രണയം മറക്കാൻ ഞാൻ പറയുന്നില്ല………..

പക്ഷെ……..

എന്നെ ഒരു സൗഹൃദത്തിന്റെ ചങ്ങലയിലെങ്കിലും കൊരുത്തിടണം……….”

ഒരു പിടച്ചിലോടെ ഞെട്ടി അവൻ തിരിഞ്ഞുനോക്കി………..

മനസ്സിന്റെ ആഴങ്ങളിൽ ആരുമറിയാതെ പൂട്ടി വച്ചതാണ്…….പക്ഷെ ……ഇവളെങ്ങെനെ അറിഞ്ഞു………

അവന്റെ മുഖത്തെ ചോദ്യഭാവം മനസ്സിലായത് പോലെ ലച്ചു തുടർന്നു……..

“എന്റെ വിവാഹം നേരെത്തെ മുടങ്ങിയതാണ് ശ്രീയേട്ടാ………..

കല്യാണത്തിന് രണ്ടുദിവസം മുൻപാണ് വിനോദ് ഒരു പെണ്ണുമായി ഒളിച്ചോടിയത്…….”

പങ്കു മനസ്സിലാവാതെ മുഖം ചുളിച്ചു…….

“അപ്പോൾ………നിന്റെ നാടകമായിരുന്നോ ഇത്……..”

മറുപടിയായി ലെച്ചു വിളറിയ ചിരി ചിരിച്ചു…..

“തമ്മിൽ പിണങ്ങിയെങ്കിലും അച്ഛന് രേണുഅമ്മായിയെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടെന്ന് ഇടയ്ക്കിടെ പറയും…….

ഈഗോ കാരണം വന്ന് കാണാൻ അച്ഛന് ഒരു മടി പോലെ……..

അച്ഛൻ നിരാശയോടെ നിങ്ങളെ കുറിച്ച് പറഞ്ഞപ്പോളാണ് ഒരു ദിവസം ഞാൻ ശ്രീയേട്ടന്റെ fb ഐഡി തപ്പിയെടുത്തത്…….

അച്ഛന് കാണിച്ചു കൊടുക്കാൻ എടുത്തതാണെങ്കിലും ഫോട്ടോകളിലൂടെ ……….. ഞാൻ………. എനിക്ക്………ശ്രീയേട്ടനെ ഇഷ്ടമായി……….”

അവൾ ഒന്ന് നിർത്തി പങ്കുവിനെ നോക്കി……

അവൻ ഗൗരവത്തോടെ തന്നെ അവളെ കേട്ട് കൊണ്ടിരുന്നു………മുഖത്ത് ലെച്ചു ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ അമ്പരപ്പൊന്നും കണ്ടില്ല…..

“ഞാൻ നിർബന്ധിച്ചിട്ട് അച്ഛൻ കല്യാണം വിളിക്കാൻ തന്നെയാണ് വന്നത്…….. പക്ഷെ……

രവിയങ്കിളിനെ കണ്ട് സംസാരിച്ചു നിന്ന സമയത്താണ് വിനോദിന്റെ കാര്യം അച്ഛനെ ആരോ വിളിച്ചു പറഞ്ഞത്……

അന്ന് സങ്കടത്തോടെ തിരിച്ചു പോരാൻ തുടങ്ങിയ അച്ഛനെ രവിയങ്കിളാണ് തടഞ്ഞു നിർത്തിയത്…….

ഫോൺ വിളിച്ച് മകനെ വിവാഹം കഴിക്കാൻ ഇഷ്ടമാണോന്ന് ചോദിച്ച രവിയങ്കിളിനോട് സമ്മതം പറയാൻ എനിക്ക് കഴിഞ്ഞില്ല………..

രവിയങ്കിളാണ് ജാനിചേച്ചിയുടെ കാര്യം പറഞ്ഞത്……….ശ്രീയേട്ടനെ അതിൽ നിന്നും മാറ്റാൻ സഹായിക്കണമെന്ന് പറഞ്ഞപ്പോൾ……”

അവൾ ഇടർച്ചയോടെ പറഞ്ഞു നിർത്തി……..

പങ്കു തളർച്ചയോടെ കട്ടിലിലേക്കിരുന്നു…….

ആ വാക്കുകൾ വീണ്ടും അവൻ ഓർത്തെടുത്തു……..ജാനിയുടെ കാര്യം രവിയ്ക്ക് അറിയാമെന്നത് അവനെ പൂർണമായും തളർത്തി…..

‘അച്ഛന് അറിയാമായിരുന്നോ…….എന്നിട്ട് എന്നോട് തുറന്ന് ചോദിക്കാതെ……..’

“ശ്രീയേട്ടാ………..” അവൾ വേദനയോടെ വിളിച്ചു….

“സാരമില്ല ലെച്ചൂ……….നിന്നോടെനിക്ക് ദേഷ്യമൊന്നുമില്ല………

കിടന്നോളൂ………”

ഗൗരവമായി പറഞ്ഞുകൊണ്ട് ഇറങ്ങി പ്പോയ പങ്കുവിനെ നോക്കി നെടുവീർപ്പെട്ടു കൊണ്ട് ലെച്ചു കട്ടിലിന്റെ ഒരറ്റത്തായി കിടന്നു……..

അവൻ ഹാളിലേക്ക് എത്തിയപ്പോൾത്തന്നെ കണ്ടു……..

അവനെ പ്രതീക്ഷിച്ചത് പോലെ രവി അവിടെ കാത്തു നിൽക്കുന്നത്………

കുറ്റബോധത്തോടെ തലകുനിച്ച് നിൽക്കുന്ന മകനെ കണ്ട് രവിയുടെയും കണ്ണ് നിറഞ്ഞു…….

“അച്ഛാ………….മാപ്പ്………

നിങ്ങൾ തന്ന സ്വാതന്ത്ര്യം ഞാൻ ദുരുപയോഗം ചെയ്തു……

ജാനിയെ അറിയാതെ പ്രണയിച്ച് പോയി…..”

അവൻ വിതുമ്പിപ്പോയി…..

രവി അവന്റെ അരികിലേക്ക് വന്ന് അവനെ നെഞ്ചോടു ചേർത്തു………

“പോട്ടെ മോനെ………

അച്ഛന് മനസ്സിലാകും………. പല രാത്രികളും ഞാൻ കണ്ടിട്ടുണ്ട് എന്റെ മകൻ നെഞ്ച് പൊട്ടി കരയുന്നത്……

ഞാൻ കളിയായി മധുവിനോട് ചോദിച്ചതാ മോനെ…….. ജാനിയെ പങ്കുവിനെ കൊണ്ട് കെട്ടിച്ചുകൂടേന്ന്…………

സഹോദരങ്ങളെ തമ്മിൽ എങ്ങനാടാ കെട്ടിക്കുന്നതെന്ന് അവൻ ചോദിച്ചപ്പോൾ നീറിപ്പിടഞ്ഞു അച്ഛന്റെ മനസ്സ്…….നിന്നെയോർത്ത്…….

മോനെല്ലാം മറക്കാൻ ശ്രമിക്കാൻ അച്ഛൻ കണ്ടു പിടിച്ച വഴിയാണ് ലെച്ചു…….”

പങ്കു നീറുന്ന മനസ്സോടെ രവിയെ മുറുകെ പിടിച്ചു……

വാക്കുകൾ പലപ്പോഴും ഹൃദയത്തിൽ തുളച്ചു കയറുമ്പോൾ……ചോര പൊടിയിച്ച് കടന്നു പോകുമ്പോൾ വേണ്ടപ്പെട്ടവരുടെ സാമീപ്യം അത് മാത്രം മതിയാകും……..

“മറക്കാൻ കഴിയുമോന്ന് അറിയില്ല അച്ഛാ……

തെറ്റ് തിരിച്ചറിയുന്നു……സൗഹൃദവും പ്രണയവും രണ്ടാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം…….. പക്ഷെ…….. ലെച്ചു….

അറിയില്ല……….അവളെ ഈ ജന്മം സ്നേഹിക്കാൻ കഴിയുമോന്ന്……..”

അവന്റെ വേദന കൈകൾ മുറുകുന്നതിനനുസരിച്ച് തീവ്രമാകുന്നത് രവി അറിഞ്ഞു…..

“മോൻ പോയി കിടന്നോ………ഒന്നും ഓർക്കണ്ട……

എല്ലാം ശെരിയാകും……..”

നിറഞ്ഞു വരുന്ന കണ്ണുകൾ അവനിൽ നിന്ന് മറയ്ക്കാൻ അവനെ അടർത്തി മാറ്റി രവി മുറിയിലേക്ക് കയറിപ്പോയി……..

ഹോസ്പിറ്റലിൽ കോറിഡോറിലൂടെ നടക്കുമ്പോളാണ് ജാനി ആ കാഴ്ച കണ്ടത്……

കുഞ്ഞാറ്റ മുകളിലേക്കുള്ള സ്റ്റെപ്പിലേക്ക് വലിഞ്ഞു കയറുന്നു………

ഓരോ കാലും മുകളിലേക്ക് വയ്ക്കുമ്പോൾ ഇടറി വീഴാൻ തുടങ്ങുന്ന കുഞ്ഞാറ്റയെ കണ്ട് ജാനി അവളുടെ അടുത്തേക്കോടി……

“ഈ ഡോക്ടർ…….. ഇയാളെന്താ കുഞ്ഞിനെ ശ്രദ്ധിക്കാത്തെ…….

ഒറ്റയ്ക്ക് വിട്ടിരിയ്ക്കുന്നു……ദുഷ്ടൻ……..😡”

മുകളിലേക്ക് കയറുന്ന അവളുടെ അടുത്തേക്ക് ഓടിയിട്ടും എത്തുന്നില്ലെന്ന് തോന്നി അവൾക്ക്…..

സ്റ്റെപ്പിനടുത്തേക്ക് ജാനി ഓടിയെത്തിയെങ്കിലും കുഞ്ഞാറ്റ മുകളിലേക്ക് കയറിയിരുന്നു…… അവൾ വെപ്രാളത്തോടെ മുകളിലേക്ക് ഓടിക്കയറി……….. പക്ഷെ അവിടെയൊക്കെ തിരഞ്ഞിട്ടും കുഞ്ഞാറ്റയെ കണ്ടില്ല…..

ചുറ്റും പരിഭ്രാന്തിയോടെ അവൾ ഓടി നടന്നു…… തനിക്ക് വേണ്ടപ്പെട്ടതെന്തോ നഷ്ടപ്പെടുന്ന പോലെ തോന്നി അവൾക്ക്….

“മോളെ………..”

ജാനിയുടെ ഒച്ച ആളൊഴിഞ്ഞ ഹോസ്പിറ്റലിൽ മുഴങ്ങികേട്ടു……..

മുകളിലേക്ക് നോക്കിയ ജാനി ഞെട്ടിപ്പോയി…… മൂന്നാമത്തെ നിലയുടെ സ്റ്റെപ്പിനടുത്തായി കുഞ്ഞാറ്റ…….

ഭയത്തോടെ അവൾ മുകളിലേക്കോടി….ഓരോ സ്റ്റെപ്പും ചാടിക്കയറുമ്പോൾ കുഞ്ഞാറ്റ വീഴരുതെന്ന് മാത്രമായിരുന്നു അവളുടെ പ്രാർത്ഥന…….

സ്റ്റെപ്പ് പകുതി കയറിയപ്പോൾ തന്നെ ചുറ്റും ഇരുട്ട് പടർന്നു………ഒന്നും കാണാൻ കഴിയാതെ കണ്ണ് തിരുമ്മിക്കൊണ്ട് അവൾ മുകളിലേക്ക് കയറിയതും പാവക്കുട്ടി പോലെ കുഞ്ഞാറ്റ താഴേക്ക് വീണതും ഒരുമിച്ചായിരുന്നു……

“മോളേ…………..എന്റെ മോളെ………..”

അലർച്ചയോടെ അവൾ ചാടിയെണീറ്റു…. ഭയത്തോടെ ചുറ്റും നോക്കിയപ്പോളാണ് താൻ കണ്ടത് സ്വപ്നമായിരുന്നെന്ന് അവൾക്ക് മനസ്സിലായത്…….

“മോളേ……..ജാനീ……….ജാനീ…….”

വാതിലിൽ മുട്ടി വിളിയ്ക്കുന്നത് കേട്ട് ജാനി എഴുന്നേറ്റ് വാതിൽ തുറന്നു…..

“എന്താ മോളേ…….എന്താ പറ്റിയെ……..

നീയെന്തിനാ നിലവിളിച്ചത്……..”

…….പരിഭ്രമത്തോടെ ചോദിച്ചു കൊണ്ട് മധു അവളെ ചേർത്ത് പിടിച്ചു……..

“ഒന്നുമില്ല അച്ഛേ……..ഒരു സ്വപ്നം കണ്ട് പേടിച്ച് പോയി………”

“ആഹാ……അതാണോ കാര്യം….. അച്ഛ നിലവിളി കേട്ട് പേടിച്ച് പോയി………”

മധു അവളുടെ മുഖത്ത് പറ്റിയിരുന്ന വിയർപ്പ് തുള്ളികൾ തുടച്ചു കൊടുത്തു………. റ്റേബിളിലിരുന്ന വെള്ളം ഗ്ലാസിൽ പകർന്ന് അവൾക്ക് കുടിയ്ക്കാൻ കൊടുത്തു…….

“മോള് പ്രാർത്ഥിച്ചിട്ട് കിടന്നോ………… അച്ഛ പുറത്തുണ്ടാകും……….”

അവളുടെ തലയിൽ തലോടി കൊണ്ട് മധു പുറത്തേക്ക് നടന്നു……….

“അച്ഛേ…………..”

ജാനിയുടെ വിളി കേട്ട് മധു ചോദ്യഭാവത്തിൽ അവളെ തിരിഞ്ഞു നോക്കി….

“കുറച്ചു നാളുകളായി എന്റെ മുറിയുടെ മുന്നിൽ കാവൽ കിടക്കുന്നുണ്ടല്ലോ………..

ചോദിക്കുമ്പോൾ പല കാരണങ്ങൾ പറഞ്ഞിട്ടുണ്ട്………. പക്ഷെ…… ഇന്ന് അച്ഛയുടെ മുഖത്തെ ഭയം കണ്ടപ്പോൾ എനിക്ക് മനസ്സിലായി………… ഞാനറിയാത്ത എന്തോ ഒരു കാരണം അച്ഛനെ ഭയപ്പെടുത്തുന്നുണ്ട്…….”

മുഖത്ത് വന്ന പതർച്ച ഒളിപ്പിച്ച് അയാൾ പെട്ടെന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു………….

“മോളെന്താ പറയുന്നെ……..അച്ഛയ്ക്ക് എന്ത് ഭയം………

നീ എപ്പോഴും പേടിയെന്ന് പറയുന്നത് കൊണ്ടാ അച്ഛ നിന്റെ മുറിയിലെ വാതിലിൽ കാവല് കിടക്കുന്നത്……”

“ഒരു വർഷത്തിന് മുൻപല്ലേ ഞാൻ എന്തോ കണ്ട് പേടിച്ചെന്ന് പറഞ്ഞത്……..

അതിന് ഇപ്പോഴും കാവല് കിടക്കണോ അച്ഛേ………”

“നീ വെറുതെ ഓരോന്ന് പറയാതെ കിടന്നുറങ്ങ് ജാനീ…….

പ്രായമായ പെൺമക്കളുള്ള അച്ഛൻമാർക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരും………”

“എങ്ങനെയൊക്കെ……..”

“മര്യാദയ്ക്ക് കിടന്നുറങ്ങ് ജാനീ…..വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ……..”

മധു ദേഷ്യത്തോടെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതും മുന്നിൽ നിൽക്കുന്ന കൗസുനെ കണ്ട് ഞെട്ടി……….

“എന്നിൽ നിന്ന് അകന്നു നിൽക്കാനാണ് അച്ഛൻ ഹാളിൽ കിടക്കുന്നതെന്ന് മോളോട് പറയട്ടെ മധുവേട്ടാ ഞാൻ………”

മധു അവരുടെ മുന്നിൽ തലകുനിച്ച് നിന്നു…..

“ഞാനൊന്നും പറയുന്നില്ല……..മധുവേട്ടൻ കിടന്നോളൂ……….”

സാരിത്തലപ്പ് കൊണ്ട് കണ്ണുതുടച്ചു കൊണ്ട് മുറിയിലേക്ക് കയറിപ്പോകുന്ന കൗസുനെ കണ്ട് മധുവിന്റെ കണ്ണ് നിറഞ്ഞു……

ലെച്ചു രാവിലെ കണ്ണ് തുറന്നപ്പോൾ കട്ടിലിൽ പങ്കുവില്ലായിരുന്നു………

രാത്രി എപ്പോഴോ കട്ടിലിന്റെ അറ്റത്തായി പങ്കു വന്ന് കിടക്കുന്നത് അവൾ അറിഞ്ഞിരുന്നു…

ലെച്ചു എഴുന്നേറ്റ് കുളിക്കാനുള്ള ഡ്രസ്സുമെടുത്ത് ബാത്ത്റൂമിൽ കയറി………

കുളിച്ചിറങ്ങിയപ്പോൾ കണ്ടു ബാഗിലേക്ക് ഡ്രസ്സ് അടുക്കി വയ്ക്കുന്ന പങ്കുവിനെ………

“ശ്രീയേട്ടാ………….”

അവൾ പേടിയോടെ വിളിയ്ക്കുന്നത് കേട്ട് പങ്കു അടുക്കി വയ്ക്കുന്നത് നിർത്തി നിവർന്നു……

“പേടിക്കണ്ട……… ഞാൻ ഒളിച്ചോടുന്നതല്ല…… അപ്പുറത്തെ മുറിയിലേക്ക് മാറുന്നതാണ്………….

എനിക്ക് വീർപ്പുമുട്ടിയിങ്ങനെ കഴിയാൻ ബുദ്ധിമുട്ടാണ്…….”

ലെച്ചു നിർവികാരതയോടെ അവന്റെ വാക്കുകൾ കേട്ട് നിന്നു…….പെട്ടെന്ന് എന്തോ ഓർത്തത് പോലെ ഓടിച്ചെന്നു അവളുടെ ബാഗ് വലിച്ചെടുത്തു……

അതിൽ റ്റേബിളിലിരുന്ന അവളുടെ സാധനങ്ങൾ വലിച്ചിട്ട് ബാഗ് പൂട്ടി കൈയിലെടുത്തു……

പങ്കു മനസ്സിലാകാതെ അവളുടെ പ്രവൃത്തികൾ വീക്ഷിച്ചു നിന്നു……

“ഇത് ശ്രീയേട്ടന്റെ റൂമല്ലേ………പോകേണ്ടത് ഞാനാണ്…………”

ബാഗും തൂക്കി പുറത്തേക്കിറങ്ങിയ ലെച്ചുവിനെ കണ്ട് അവന് വേദന തോന്നിയില്ല…….

അവൻ ബാഗിലേക്ക് വച്ച തുണികൾ തിരികെ കബോർഡിലേക്ക് തന്നെ വച്ചു…………

ജാനി റെഡിയായി ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും പങ്കുവിന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു…….

ആദ്യം ഫോൺ കട്ട് ചെയ്തിട്ട് പിന്നെ വിളിച്ചപ്പോൾ പങ്കു ഫോൺ സ്വിച്ച് ഓഫ് ചെയ്തു………..

ജാനിയ്ക്ക് അവന്റെ അവഗണന താങ്ങാവുന്നതിലും അപ്പുറമായിരുന്നു……..

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ ശേഷം ധ്രുവ് കാബിനിൽ നിന്ന് മുറിയിലേക്ക് കയറി…..

ബാത്ത്റൂമിൽ കയറി കൈയും മുഖവും കഴുകി അവൻ ഉറങ്ങിക്കിടക്കുന്ന കുഞ്ഞാറ്റയുടെ അടുത്തിരുന്നു….

കുസൃതി നിറഞ്ഞ അവളുടെ മുഖം കണ്ടപ്പോൾ ധ്രുവിന് ജാനിയെയാണ് ഓർമ വന്നത്……അവൻ പുഞ്ചിരിയോടെ കുഞ്ഞാറ്റയുടെ തലയിൽ തഴുകി……

‘എന്നാലും ജാനകിയ്ക് എന്ത് പറ്റി…… അന്ന് അവളുടെ കൂടെ കണ്ടത് ആരാണ്……

ജോലി വേണമെന്ന് പറഞ്ഞിട്ട്……..’

കൈയിലിരുന്ന ഫോൺ ബെല്ലടിച്ചത് കേട്ട് അവനത് പെട്ടെന്ന് സൈലന്റാക്കി…..ഇല്ലെങ്കിൽ കുഞ്ഞാറ്റ ചാടിയെണീക്കും…..ഉറക്കം വിട്ടിലെങ്കിൽ പിന്നെ കരച്ചില് തുടങ്ങും……

ധ്രുവ് ഫോണുമെടുത്ത് കുറച്ചു മാറി നിന്ന് അറ്റന്റ് ചെയ്തു…..

“ടാ…….അരവീ……പറ……

എന്തായി…….”

“മ്……..നിനക്ക് വേണ്ടി ഫുൾ ഡീറ്റെയിൽസ് എടുത്തിട്ടുണ്ട് മോനെ…………

പേര് ജാനകി മാധവൻ…….അച്ഛൻ മാധവൻ….

അത്യാവശ്യം സാമ്പത്തികമൊക്കെയുണ്ട്…….

കൃഷി ആണെങ്കിലും ബോംബെയിൽ ആണ് മെയിൻ ബിസിനസ്…… അതിനെ കുറിച്ച് ഒന്നുമറിയില്ല….

ഒരു സഹോദരിയുണ്ട് അമേയ എന്ന അമ്മു….. അമ്മ ഒരു കൗസല്യ……ഇതാണ് അവളുടെ ഫാമിലി…….

ഈ മാധവന്റെ ഫ്രണ്ടാണ് ഒരു രവിശങ്കർ….. അയാളുടെ ഫാമിലിയും ഇവരും തമ്മിൽ വല്യ കൂട്ടാണ്………

ഈ രവിയുടെ മകനാണ് ഒരു ശ്രീരാഗ്…… അവനും ജാനിയും എപ്പോഴും ഒരുമിച്ചാണ് നടപ്പ്…..

ഒരു പക്ഷേ നീ അന്ന് കണ്ടത് അവനെയായിരികും ശ്രീരാഗ് എന്ന പങ്കുവിനെ….”

“ടാ……അരവീ………നീ അവളുടെ ജാതകം വരെ തപ്പിയെടുത്തോടാ🙄….”

“പിന്നല്ലാതെ എന്റെ കൂട്ടുകാരന് വേണ്ടി ഈ അരവിന്ദ് എന്തും ചെയ്യില്ലേ☺️..

നിനക്ക് അവരുടെ ഫാമിലി ഫോട്ടോ ഞാൻ വാട്ട്സ്അപ്പിൽ സെന്റ് ചെയ്തു തരാം……”

“എടാ…….നീയെങ്ങനെ……..”

“എന്റെ ചന്തൂ……..നീ അയച്ചു തന്ന ഫോട്ടോ എന്റെ ഫോണിൽ കണ്ട് മീനുവാണ് പറഞ്ഞത്…. അവളുടെ സ്കൂളിലാണ് ജാനകിയുടെ അനിയത്തി അമേയ പഠിക്കുന്നതെന്ന്…….

പിന്നെ കാര്യങ്ങൾ എളുപ്പമായി……”

“മ്…….ശരിയെടാ…….ഞാൻ വിളിക്കാം…….”

“എന്താണ് മോനെ ഒരു ചുറ്റിക്കളി……..

മനസ്സിൽ ജാനകി കൂടു കൂട്ടിയോ..😜”

“ഒന്നു പോടാ……..ഞാൻ പറഞ്ഞതല്ലേ നിന്നോടെല്ലാം………”

“മ്….ശരി….ശരി…….എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്…..”

“ഓകെ….. ബൈ…..”

ധ്രുവ് ഫോൺ കട്ടാക്കിയുടൻ തന്നെ വാട്ട്സ്ആപ്പ് തുറന്ന് ഫോട്ടോ നോക്കി……..

തെളിഞ്ഞ് വന്ന ഫോട്ടോ കണ്ട് അവൻ ഞെട്ടലോടെ പുറകോട്ട് വേച്ചു പോയി……

ഒമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 9

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *