കാക്കക്കറുമ്പി

രചന: രമ്യ വിജീഷ്

“വീണാ നീയിതെന്താ ഈ ഉണ്ടാക്കി വച്ചിരിക്കുന്നത്… എരുവുമില്ല ഉപ്പുമില്ല ചുമ്മാ പുഴുങ്ങി എടുത്തത് പോലെയുണ്ട്”

“ഇവിടെ എല്ലാവരും കഴിച്ചല്ലോ? എന്നിട്ടവരാരും ഒരു കുറ്റവും പറഞ്ഞില്ലല്ലോ”?

“ഓ അവരാരും പറയില്ല.. നീ എല്ലാവരെയും കയ്യിൽ എടുത്തു വച്ചിരിക്കുകയല്ലെടി കാക്കക്കറുമ്പി ”

അപ്പുവിന്റെ വാക്കുകൾ കേട്ടപ്പോൾ വീണയുടെ കണ്ണു നിറഞ്ഞു…

“എന്തിനാ അപ്പുവേട്ടാ എന്നെ എപ്പോളും ഇങ്ങനെ പരിഹസിക്കുന്നത്.. ഞാൻ ഇങ്ങനെ കറുത്തു പോയത് എന്റെ തെറ്റാണോ”?

“എന്താടാ ആ കൊച്ചിനെ ഇട്ടു നീ ഇന്നും കരയിക്കുന്നത്.. കറിക്കു രുചിയില്ലെങ്കിലേ നീ കഴിക്കേണ്ട.. അവൾ കാക്കക്കറുമ്പി ആണെങ്കിലേ നീയങ്ങു സഹിച്ചോ… അല്ല പിന്നെ.. നീയാകത്തോട്ട് ചെല്ലൂ മോളെ ”

അപ്പുവിന്റെ അമ്മ അതുപറയുമ്പോൾ വീണ അപ്പുവിനെ വിജയഭാവത്തോടെ നോക്കി…

” ഹ കൊള്ളാം ഇവളാണോ വീട്ടിൽ പോയി നിൽക്കുന്നത്… കല്യാണത്തിന് ശേഷം ഒരു ദിവസം തികച്ചും ഇവള് വീട്ടിൽ പോയി നിന്നിട്ടുണ്ടോ? ”

അപ്പു വീണ്ടും അവളെ പരിഹസിച്ചു…

കട്ടിലിൽ ഒരു വശം ചേർന്നു കിടന്നു കരയുമ്പോളും അവളു പ്രതീക്ഷിച്ചു അപ്പു അവളെയൊന്നു സമാധാനിപ്പിക്കുമെന്നു.. തൊട്ടടുത്തു അപ്പുവിന്റെ കൂർക്കംവലികൾ അവളുടെ ആ പ്രതീക്ഷയും അവസാനിപ്പിച്ചു…

അപ്പുവിന് വീണയുമായുള്ള വിവാഹം തീരെ ഇഷ്ടമായിരുന്നില്ല…എന്നാൽ അമ്മയ്ക്കു അവളെ കണ്ടപ്പോളേ ഇഷ്ടം തോന്നി… വീണ ഇത്തിരി കറുത്തവളെങ്കിലും അഴകുള്ളവൾ ആണ്.. നല്ല സ്വഭാവവും…

പതിവുപോലെ തന്നെ പുലർച്ചെ എണീറ്റു എല്ലാ ജോലികളും പെട്ടന്ന് തന്നെ തീർത്തു ചായയും ആയി അവളു തന്നെ അപ്പുവിന്റെ അടുത്തു ചെന്നു… അവൻ എത്ര ആട്ടിപ്പായിച്ചാലും അവൾ അതൊന്നും കാര്യം ആക്കുവേ ഇല്ല..

“നീയിങ്ങനെ നാണം ഇല്ലാതെ പുറകേ നടക്കുന്നത് കൊണ്ടാ അവനിങ്ങനെ… കുറച്ചൊക്കെ മിടുക്കു പെണ്ണുങ്ങൾക്കും വേണം ”

അമ്മ അതു പറയുമ്പോൾ അവൾ വെറുതെ ഒന്നു ചിരിച്ചു.. വേദന നിറഞ്ഞ ചിരി…

“അപ്പുവേട്ടാ ഞാനും വരുന്നു.. എനിക്കൊന്നു അമ്പലത്തിൽ പോണം.. ഏട്ടൻ അതുവഴി അല്ലെ പോണത് ”

ജോലിക്ക് പോകാൻ ഇറങ്ങിയ അപ്പുവിനോട് അതും പറഞ്ഞവൾ ഓടി വന്നു…

” എന്തിനാ എനിക്ക് കണ്ണു കിട്ടാതിരിക്കാനാണോ”? നിന്നെയും കെട്ടി എഴുന്നള്ളിച്ചു നടക്കാനേ എനിക്കു നാണക്കേടാ.. അതുകൊണ്ട് മോളു ബസിനു പോയി വന്നാൽ മതി കേട്ടോ ”

കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് കണ്ടിട്ടും അതൊന്നും ശ്രദ്ധിക്കാതെ അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി…

അവൾക്കെന്തോ പെട്ടന്ന് അവളുടെ അമ്മയെ കാണണം എന്നു തോന്നി.. അപ്പോളേക്കും അവളുടെ ഫോൺ റിംഗ് ചെയ്തു… നോക്കിയപ്പോൾ അമ്മ.. അവൾക്കു വല്ലാതെ സങ്കടം വന്നു… അല്ലെങ്കിലും വിഷമിച്ചിരുന്ന നേരത്തും അമ്മയെ കാണണമെന്ന് തോന്നുമ്പോളും എല്ലാം അമ്മയുടെ കോൾ വരാറുണ്ട്…

വീട്ടിൽ പോണമെന്നും രണ്ടു ദിവസം നിൽക്കണമെന്നും പറഞ്ഞപ്പോൾ സന്തോഷത്തോടെയാണ് അപ്പു അവൾക്കു അനുവാദം നൽകിയത്..

“രണ്ടു ദിവസം ആക്കണ്ട രണ്ടു വർഷം ആയാലും സന്തോഷം “അവന്റെ പരിഹാസം വീണ്ടും അവളെ കുത്തിനോവിച്ചു….

അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അവരുടെ കണ്ണുകളും നിറഞ്ഞു നിന്നു..

ജോലി കഴിഞ്ഞെത്തിയ അപ്പുവിനെ ആകെ ഒരു ശൂന്യത അനുഭവപ്പെട്ടു… വീണയുടെ അഭാവത്തിൽ വീട് ഉറങ്ങിക്കിടക്കുന്നു… അമ്മ ആഹാരം എടുത്തു വച്ചിട്ടും കഴിക്കാൻ തോന്നിയില്ല.. എന്തോ ഒരു രുചിക്കുറവ് പോലെ…. വീണയെ കുറ്റം പറയുമ്പോളും അവളുണ്ടാക്കുന്ന ആഹാരം താൻ ആസ്വദിച്ചു കഴിക്കുമായിരുന്നു… കലപില വെക്കാനും വഴക്കുണ്ടാക്കാനും അവൾ ഇല്ലാത്തത് അവനെ വല്ലാതെ വേദനിപ്പിച്ചു… മുറിയിൽ പടരുന്ന ചന്ദനഗന്ധം ഇന്നില്ല… ഉറങ്ങാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല.. ഫോണിൽ അവളെ വിളിക്കണം എന്നു തോന്നിയെങ്കിലും ഇത്ര നേരമായിട്ടും അവൾ തന്നെ ഒന്നു വിളിക്കാത്തതിൽ അവനു വിഷമം തോന്നി… അവൾ ഇന്നു തന്നെ തിരിച്ചു വരും എന്നു കരുതിയത് എന്റെ തെറ്റ്… ദുഷ്ട എന്നെ കാണാതെ ഒരു രാത്രിയൊക്കെ കഴിച്ചു കൂട്ടാനൊക്കെ അവൾക്കു പറ്റും..

” നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ടെടി… “എന്നു പറഞ്ഞു കൊണ്ടു അവൻ പുറത്തിറങ്ങി…

വണ്ടി സ്റ്റാർട്ട്‌ ചെയ്ത ശബ്ദം കേട്ടപ്പോൾ അമ്മ ചിരിച്ചു കൊണ്ടു തിരിഞ്ഞു കിടന്നു…

രാത്രിയിൽ കോളിങ് ബെൽ ശബ്ദം കേട്ട് കതക് തുറന്ന വീണ അതിശയിച്ചു പോയി.. അപ്പു വരുമെന്നവൾ ഒരിക്കലും വിചാരിച്ചതേയില്ല

“അപ്പുവേട്ടനെന്താ ഈ രാത്രിയിൽ “?

അവൾ വിക്കി വിക്കി ചോദിച്ചു

” നീ ജീവനോടെയുണ്ടോന്നറിയാൻ വന്നതാടി കാക്കക്കറുമ്പി ”

അവന്റെ പറച്ചിൽ കേട്ടപ്പോൾ അവൾക്കു ചിരി വന്നു…

“വേഗം തന്നെ റെഡി ആയിക്കോ നിന്നെ കാണാതെയും നിന്നോട് വഴക്കടിക്കാതെയും എനിക്ക് പറ്റില്ലെടി ഒരു ദിവസം പോലും.. ഒരു ദിവസം നീ മാറി നിന്നപ്പോളാ എനിക്കതു മനസിലായത്… നീയിന്നു തന്നെ തിരിച്ചു വരുന്നല്ലേ ഞാൻ കരുതിയത്… മനസ്സിൽ നിറച്ചു നിന്നോട് സ്നേഹമാ പെണ്ണെ എനിക്ക്.. നീ വേഗം തന്നെ വാ.. അമ്മയോട് യാത്ര പോലും പറയാതെയാ ഞാൻ വന്നത് ”

ചില സ്നേഹം അങ്ങനെയാണ്… മനസിൽ എത്രയുണ്ടെങ്കിലും അതു ചിലർ പ്രകടിപ്പിക്കില്ല… കുറുമ്പുകൾ കാട്ടിയും ചെറുതായി കരയിച്ചും അവർ ഒരായുസ്സിന്റെ സ്നേഹം മുഴുവൻ നൽകും…

രചന: രമ്യ വിജീഷ്

Leave a Reply

Your email address will not be published. Required fields are marked *