അനാഥന്റെ പ്രണയം

രചന Zainu

ഒത്തിരി സമയമായി ഞാനീ വഴിയിൽ മുബീനയെയും കാത്ത്…

സൂര്യൻ പതിവുപോലെ കടുംചുവപ്പ് കുപ്പായമിട്ട് പടിഞ്ഞാറ് റെയിൽപാളം അനന്തതയിലേക്ക് നീളുന്നിടത്ത് അസ്തമിക്കാറായിരിക്കുന്നു. പാളം കുറുകെ കടന്ന് പോവുന്ന വഴിയിലെ മരത്തിൽ ചാരി ഞാൻ നിന്നു. ഇലകൾ കൊഴിഞ്ഞ് വീഴാറായിട്ടുണ്ട് മരം. പണ്ടീ മരത്തിൽ നിറയെ ഇലകളും പൂക്കളും നിറഞ്ഞ് നിന്നിരുന്നു. ചുവട്ടിൽ നിറയെ വാസനപ്പൂക്കൾ പൊഴിച്ച് ചിത്രം വരച്ച തണലത്തായിരുന്നു പണ്ട് സായാഹ്നങ്ങളിൽ മുബീനയെ കാത്ത് നിൽക്കാറ്. അന്ന് കോമ്പസിന്റെ കൂർത്ത മുനമ്പ് കൊണ്ട് എഴുതിവച്ച “മുനീർ & മുബീന ” എന്ന വാക്കുകൾ ഇന്നതിന്മേൽ കാണാനില്ല.ഉണങ്ങിക്കഴിഞ്ഞ അതിന്റെ പുറംതൊലി നശിച്ച് പോയിരിക്കുന്നു. പ്രണയത്തിന്റെ സുന്ദരനിമിഷങ്ങൾ സാക്ഷിയായത് കൊണ്ടായിരിക്കണം ആ മരം അന്ന് നിത്യമായി പൂത്ത് പുഞ്ചിരിച്ച് നിന്നിരുന്നത്.

ചക്രവാളങ്ങളിൽ ഇരുൾ പരക്കാൻ തുടങ്ങി.ഇനിയും കാത്ത് നിൽക്കണോ.. ട്രിപ്പില്ലാത്ത ദിവസങ്ങളിൽ നിത്യമായി വരാറുണ്ടിവിടെ.റൂമിൽ നിന്നുമിറങ്ങി മറ്റത്തൂർ കവലയിൽ നിന്നും വലത്ത് തിരിഞ്ഞ് റയിൽവേ ഗേറ്റ് കടന്ന് ചെറുറോഡിലൂടെ അനാഥാലയത്തിന്റെ മുന്നിലൂടെ നടന്ന് ഇവിടെ വന്ന് നിൽക്കും. ഈ വഴിയിലൂടെ എന്നെങ്കിലുമൊരു നാൾ അവൾ വരാതിരിക്കില്ല.ഞാൻ നിൽക്കാറുള്ള സ്ഥലത്തിനു മറുവശം റയിലിന് സമാന്തരമായുള്ള ഹൈവേയിൽ ബസ്സിറങ്ങി റെയിൽ കടന്ന് ഇതു വഴിയായിരുന്നു മുബീന സ്കൂൾ വിട്ട് വരാറ്. പൂമരച്ചോട്ടിൽ അക്ഷമയോടെ കാത്ത് നിൽക്കുന്ന എന്നെ നോക്കി തട്ടം കൊണ്ട് മുഖം മറച്ച് പുഞ്ചിരിച്ച് ഇളംകാറ്റ് പോലെ അവൾ നടന്നു വരുമ്പോൾ എന്റെ മനസ്സിലും ആ നിമിഷമൊരു പൂമരം പൂത്തുലയും. അവളെത്തിക്കഴിഞ്ഞാൽ അതുവരെ എനിക്ക് കൂട്ടിരുന്ന സലീം വീട്ടിലേക്ക് പോവും.

പിന്നെ അധികമാരും നടക്കാറില്ലാത്ത ആ വഴിയോരം സ്വർഗ്ഗത്തിലെ പൂന്തോപ്പായി മാറും. അന്ന് സ്കൂളിൽ നടന്ന സംഭവങ്ങൾ മുബീന വാ തോരാതെ സംസാരിക്കും. എന്റെ തമാശകൾ കേട്ട് അവൾ മുത്തുകൾ പൊഴിച്ച് പുഞ്ചിരിക്കും.

ഇടക്ക് ട്രൈനുകൾ പോവുമ്പോൾ ഞങ്ങൾ ബോഗികൾ എണ്ണാറുണ്ടായിരുന്നു. വളരെ ശ്രദ്ധയോടെ എണ്ണാറുള്ള മുബീന അവസാനബോഗിയും പോയിക്കഴിഞ്ഞാൽ തിരിഞ്ഞ് നിൽക്കും.

“മുനീർക്കാ എത്ര.. ”

ഞാൻ ശരിയായ എണ്ണത്തിൽ നിന്നും അൽപം കൂട്ടിയോ കുറച്ചോ അവളോടു പറയും..

“ഇരുപത്തിയൊന്ന് മുബീ… ”

“അല്ല…. ഇക്കാക്ക് തെറ്റീ… ഇരുപതോള്ളൂ.. ”

ഞാൻ എന്റേത് ശരിയാണെന്ന് പറഞ്ഞ് വാശി പിടിക്കുമ്പോൾ അവളുടെ കവിളുകൾ ചുവന്ന് രക്തവർണ്ണമാവും. മഹാനായ കലാകാരൻ അറിഞ്ഞിട്ട കറുത്ത മറുക് കവിളിന്റെ സൗന്ദര്യം വർദ്ധിപ്പിക്കും. അത് കാണാൻ എനിക്ക് ഇഷ്ടമായിരിയിരുന്നു. അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറയും.

“ന്നാ ഞാൻ പോവാ…”

“മുബി പിണങ്ങല്ലേ… ഇരുപതെന്നെ… ഇക്ക ബെർതെ പറഞ്ഞതല്ലേ…”

അത്ര മാത്രം പറഞ്ഞാൽ മതിയായിരുന്നു പാവത്തിന്റെ പിണക്കം മാറാൻ.. ഞങ്ങൾ വീണ്ടും ഒത്തിരി കഥകൾ പറഞ്ഞും താമശിച്ച് ചിരിച്ചും പിന്നെയുമവിടെ നിൽക്കും.അഞ്ചര മണിയോടടുത്ത സമയം ചൂളം വിളി കേട്ടാൽ അവൾ പറയും..

” ഇനി ഞാൻ പോട്ടിക്കാ.. നേത്രാവതി വന്ന്.”

വലിയ ശബ്ദത്തോടെ നേത്രാവതി എക്സ്പ്രസ്സ് ഞങ്ങൾക്കരികിലൂടെ കടന്ന് പോവുമ്പോൾ വീണ്ടുമൊരു കണ്ടുമുട്ടലിനു വേണ്ടി ഞങ്ങൾ മനസ്സില്ലാ മനസ്സോടെ പിരിയും.

പതിവുപോലെ നിരാശനായി ഞാൻ വന്ന വഴിയെ തിരിച്ച് നടന്നു. എന്തിനായിരുന്നു ഇങ്ങനെയൊരു മടക്കം..ഇരുപത് വർഷങ്ങൾക്ക് മുന്നേ ഇവിടെ നിന്ന് പോവുമ്പോൾ ശപഥം ചെയ്തതായിരുന്നു. ഇനിയൊരു മടക്കമുണ്ടാവില്ല എന്ന്. കൊച്ചുനാൾ മുതലേ വളർന്ന നാടിനോടുള്ള അടങ്ങാത്ത സ്നേഹമാണോ അതോ ജീവശ്വാസം പോൽ എന്നിലലിഞ്ഞ് ചേർന്നിരുന്ന പ്രണയമാണോ വീണ്ടുമീ തിരിച്ചു വരവിന് പ്രേരിപ്പിച്ചത്.

വഴിയിൽ നിന്നിറങ്ങി ചെറുറോഡിലൂടെ നടന്നു അനാഥാലയിത്തിന്റെ മുന്നിലെത്തിയപ്പോൾ ഒരു നിമിഷം നിന്നു. ഉള്ളിൽ നിന്നൊരു നെടുവീർപ്പ് ഉയർന്നു വന്നു. തുറന്നിട്ട ഗേറ്റിനപ്പുറം ഗ്രൗണ്ടിൽ ചെറിയ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നു. ഒരു നാൾ ഞാനിതു പോലെ ഈ ഗ്രൗണ്ടിൽ എത്ര കളിച്ചതാണ്. ചില പുതിയ എടുപ്പുകൾ വന്നിട്ടുണ്ടെന്നതല്ലാതെ വലിയ മാറ്റങ്ങളൊന്നുമില്ല. അന്നുണ്ടായിരുന്ന വാർഡൻ തന്നെയാവുമോ ഇന്നും. അനാഥകളായ കുട്ടികൾക്ക് നിറയെ സ്നേഹം കോരിച്ചൊരിയാൻ മടിച്ചിരുന്നില്ല അയാൾ. പക്ഷേ തെറ്റുകൾ ചെയ്യുന്നവരെ ഒരു മൃഗത്തെ പോലെ ശിക്ഷിച്ചു. എപ്പോഴും അയാളുടെ ഒരു കയ്യിൽ ചൂരൽ കാണുമായിരുന്നു. ഉള്ളിൽ കയറി നോക്കിയാലോ…വേണ്ട. ഒരു പക്ഷേ അതെന്നിൽ മറ്റൊരു പരിവേഷമുണ്ടാക്കിയേക്കാം.. ഞാൻ മെല്ലെ തിരിഞ്ഞ് നടന്നു.

മനസ്സിന് വലിയ ഭാരം. എന്തിനാണ് ഞാനിങ്ങനെ സങ്കടപ്പെടുന്നത്.ഇരുപത് വർഷം മുന്നേ പ്രണയമുപേക്ഷിച്ച് പോവുമ്പോൾ എല്ലാ പ്രതീക്ഷകളും കൂടെ ഉപേക്ഷിച്ചതാണ്.എന്നിട്ടും എന്തു കാരണത്താലാണിന്ന് മനസ്സ് ദുർബ്ബലമാവുന്നത്… വെറുതെ ഒന്ന് കണ്ടാൽ മാത്രം മതി.. ഒരു പ്രാവശ്യം മാത്രം.അതിനാണ് മനസ്സ് വെമ്പൽ കൊള്ളുന്നത്. മുറിയിൽ വന്ന് കയറിയപ്പോൾ ഇരുട്ടിന് കട്ടി കൂടിയിരുന്നു. ഇളംചുവപ്പ് മേഘങ്ങൾ മാഞ്ഞ് തുടങ്ങിയ അകാശത്ത് കൊച്ചുതേങ്ങാ പൂളിനോളം വലുപ്പത്തിൽ ചന്ദ്രനുദിച്ചിരുന്നു. രാത്രി പാകം ചെയ്യാൻ വേണ്ടി ഞാൻ പരിപ്പ് വെള്ളത്തിലിട്ടു, സ്റ്റൗവിൽ തീ പിടിപ്പിക്കാൻ തുടങ്ങി.ഇന്നലെ വരെ ട്രിപ്പുണ്ടായിരുന്നു. ഇനി പതിനഞ്ചു ദിവസം ഒഴിവാണ്.മറ്റത്തൂർ ടിപ്പോയിൽ നിന്നെടുക്കുന്ന കെ എസ് ആർ ടിസി ബസിലെ ഡ്രൈവറാണ് ഞാൻ.നീണ്ട പതിനഞ്ചു ദിവസത്തെ ഒഴിവിൽ ദൂരെയുള്ള ജീവനക്കാരൊക്കെ നാട്ടിൽ പോവും. ഞാനെവിടെ പോവാൻ. നാടും വീടുമില്ലാത്ത ഞാനീ ഒറ്റമുറി മാത്രമുള്ള കോട്ടേഴ്സിൽ ഒതുങ്ങിക്കൂടും.സായാഹ്നങ്ങളിൽ ജീവിതത്തിൽ നല്ല നാളുകൾ സമ്മാനിച്ച റെയിലോരത്തെ മരത്തിനു താഴെ പോയി നിൽക്കും.ജിവിതത്തിൽ നിന്ന് എന്നോ മറഞ്ഞ രാജകുമാരിയെ ഒന്ന് കാണാൻ വേണ്ടി മാത്രം. പ്രതീക്ഷയോടെ..

രാവും പകലും കൃത്യനിഷ്ഠയോടെ വന്നും പോയുമിരുന്നു. മനുഷ്യർ മാത്രം കർമ്മങ്ങളോട് വിമുഖത കാണിച്ച് മടിയനായി ജീവിക്കുന്നു. എന്തു കൊണ്ട് ഞാനീ വഴിയോരത്ത് തന്നെ വീണ്ടും വീണ്ടും മടുപ്പില്ലാതെ വന്നു നിൽക്കുന്നു. മനസ്സിലെ കൊച്ചു പ്രതീക്ഷയാവും വീണ്ടുമിവിടേക്കെന്നെ നയിക്കുന്നത്. കുട്ടിപ്രായം മുതലേ ഒത്തിരി കൂട്ടുകാർ അനാഥാലയത്തിലും സ്കൂളിലുമൊക്കെയായി ഉണ്ടായിരുന്നു. എങ്കിലും സ്വന്തമെന്ന് പറയാനൊരാളുണ്ടെന്ന് തോന്നിയത് സലീമിന്റെ സൗഹൃദം ആസ്വദിച്ചപ്പോഴാണ്. പ്ലസ് ടു കഴിഞ്ഞ് കോളേജിൽ വന്നപ്പോൾ കിട്ടിയ കൂട്ട്. ആരോരുമില്ലാത്ത അനാഥാലയത്തിൽ താമസിച്ച് സുമനസ്സുകളുടെ ചിലവിൽ പഠിക്കുന്ന എന്നിൽ എന്ത് നന്മയാണാവോ അവർ കണ്ടത്..! അവനെന്നെ സ്നേഹിച്ചു. ഉള്ളതെല്ലാം ഞാനുമായി പങ്ക് വച്ചു. ഞാനറിയാത്ത ഒരു കാര്യവും ആ നിഷ്കളങ്ക ഹൃദയത്തിൽ നിന്നില്ല. എല്ലാമവൻ എന്നോട് പറയുമായിരുന്നു.ക്ലാസ് മുറിയിലും മുറ്റത്ത് തണൽമരത്തിന് ചുറ്റും പണിത സ്ക്വയറിനു മുകളിലും ഞങ്ങൾ ഒഴിവു സമയങ്ങളിൽ ഇരുന്ന് സംസാരിക്കും.രാവിലെ അവനീ മരച്ചുവട്ടിൽ കാത്തിരിക്കും. ഇവിടെ നിന്ന് റെയിലിനോരത്തു കൂടെ ഇനിയും പടിഞ്ഞാറോട്ടു പോവണം അവന്റെ വീട്ടിലേക്ക്. ഇവിടെ നിന്നും ഞങ്ങളൊന്നിച്ച് റയിലിനോട് ചേർന്നുള്ള വഴിയിലൂടെ കിഴക്കോട്ട് നടക്കും. ഒരു കിലോമീറ്റർ നടന്നാൽ റയിൽവേസ്റ്റേഷനാണ്. അവിടെ നിന്ന് ഒൻപത് മണിയുടെ പാസഞ്ചറിൽ കോളേജിലേക്ക് പോവും. തിരിച്ചു വരുന്നത് നാലരയുടെ വണ്ടിയിലാവും. മരച്ചുവട്ടിൽ വരെ ഞങ്ങളൊന്നിച്ച് നടന്ന് അവിടെ നിന്നും പിരിയും. ഒരു ദിവസം കോളേജ് കഴിഞ്ഞ് വരുമ്പഴാണ് മുബീനയെ അവിചാരിതമായി കാണുന്നത്. മറുവശത്ത് നിന്ന് റയിൽ കടന്ന് വരികയായിരുന്നവൾ. വിടർന്ന കണ്ണുകളുള്ള, ചന്ദനനിറമുള്ള നുന്ദരി. ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം തമ്മിലുടഞ്ഞുവോ..

പിന്നെ അതൊരു നിത്യ കാഴ്ചയായി. ചില ദിവസങ്ങളിൽ ഞങ്ങൾ അവളെ കാണാതിരുന്നാൽ അൽപം കാത്തിരുന്നു. ഒത്തിരി തവണ കണ്ടത് കൊണ്ടാവാം അവളൊരു ദിവസം എന്നെ നോക്കി ചിരിച്ചു. ഒരു ദിവസം എന്നെ മരത്തണലിൽ നിറുത്തി ഒത്തിരി രാവുകളിലെ ചിന്തയുടെ പരിശ്രമത്താൽ ഞാനെഴുതിയ പ്രണയലേഖനം സലീം അവൾക്ക് കൊടുത്തു. അവളത് വാങ്ങി ബാഗിൽ വച്ച് നടന്നു പോയി. പിന്നെ ടെൻഷനായിരുന്നു. അവൾ വഴി മാറി പോവുമോ… അവളാ എഴുത്ത് വീട്ടിൽ കാണിക്കുമോ.അതെങ്ങാനും അനാഥാലയത്തിലറിഞ്ഞാൽ.. പിടക്കുന്ന ഹൃദയത്തോടെയാണ് അന്ന് കോളേജിൽ ഇരുന്നത്. ക്ലാസുകളൊന്നും മനസ്സിലാവുന്നില്ല. സമയം പോവുന്നില്ല. വൈകിട്ട് പൂമരച്ചുവട്ടിൽ എത്തിയപ്പോൾ എല്ലാ പ്രതീക്ഷയും നശ്ടപ്പെട്ടിരുന്നു. നിൽക്കാതെ പോയാലോ എന്ന് തോന്നി. പക്ഷേ അവൾ വന്നു. പുഞ്ചിരിച്ച് കൊണ്ട്. എനിക്ക് വിറക്കാൻ തുടങ്ങി.സലീം അവളെ വിളിച്ചു.ചിരിച്ച് കൊണ്ട് തന്നെ അവൾ എന്റെ അടുത്ത് വന്ന് നാണത്തോടെ നിന്നു. ഒന്നും ചോദിക്കാനില്ലാത്ത പോലെ. മുന്നേ ഓർത്തു വച്ചതെല്ലാം മറന്നു. അൽപം നേരത്തെ മൗനത്തിന് ശേഷം ഞാൻ മെല്ലെ ചോദിച്ചു.

“എന്താ പേര്….

“മുബീന…..

“മ്….

“ഇക്കാന്റെയോ…

” മുനീർ….

“മ്….

പിന്നെയൊന്നും ചോദിച്ചില്ല… “എന്നാ പോവട്ടെ…” എന്നും പറഞ്ഞ് പിരിഞ്ഞു. പിന്നീട് ഞങ്ങളുടെ പ്രണയം വളർന്നു.വൈകാതെ അവളെന്റെ മനസ്സിന്റെ ഭാഗമായി. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസങ്ങളായിരുന്നു അത്. എനിക്ക് എല്ലാം ഉള്ള പോലെ.. സായാഹ്നങ്ങളിൽ ഞങ്ങൾ നിത്യമായി കണ്ടു.മുബീന വരുന്ന വരെ കൂട്ടുനിൽക്കുന്ന സലിം അവൾ വന്നാൽ പോവും. എന്തിനായിരിക്കും അവനിത്ര ധൃതി പിടിച്ച് പോവുന്നതാവോ..പിന്നെ ഞങ്ങൾ മാത്രം.

സലീം ഇപ്പോൾ എവിടെയാവും. വന്നത് മുതൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ.. അവന്റെ മുമ്പിൽ പെടരുതെന്ന്. കാണാൻ അധിയായ ആഗ്രഹമുണ്ട്.ഒരു നാൾ കാണേണ്ടി വരുമെന്നുമറിയാം. എന്നാലും പഴയ പ്രണയിനിയെ തേടി വന്നതാണെന്നല്ലേ അവൻ കരുതുക..! അവൻ കാണാതിരിക്കാൻ വഴിയില്ല… ചിലപ്പോൾ അവൻ ഇവിടെ ഉണ്ടാവില്ല. ഗൾഫിലായിരിക്കാം. വേറെ ആരും എന്നെ തിരിച്ചറിയില്ല. അത്ര മാത്രം എന്നിൽ കാലം ചിത്രങ്ങൾ മാറ്റി വരച്ചിട്ടുണ്ട്. ഒരു ദിവസം മുബീന ചോദിച്ചു..

“ഇക്കാ നിങ്ങളെന്നാ.. ന്നെ കെട്ടുന്നത്..

“മുബീ… ഞാനൊരു അനാഥനല്ലേ…

“ആരു പറഞ്ഞു… ഇക്കാക്ക് ഞാനില്ലേ..

” ഈ കൊല്ലാം കോളേജ് കഴിയും മുബീ… എന്നിട്ട് ജോലി നോക്കണം.

” എന്നിട്ടോ…

” ജോലി കിട്ടിയാൽ പിന്നെ ഒരു വാടക വീടെടുത്ത് എന്റെ രാജകുമാരിയെ ഞാൻ കൊണ്ടോവും… ഉപ്പ സമ്മദിക്കോ മുബീ…?

“ഞാൻ പറഞ്ഞാ ഉപ്പ കേക്കും. ഉപ്പ പാവാ…

“മ്…

“ഇക്കാ നമുക്കീ മരത്തിൽ നമ്മുടെ പേരെഴുതിയാലോ…

ബാഗിൽ നിന്നും കോമ്പസ്‌ പുറത്തെടുത്ത് അവളാ മരത്തിൽ ആഴത്തിൽ കോറിയിട്ടു.. “മുനീർ & മുബീന ” അതിനു ചുറ്റുമൊരു ലൗ സിംബലും ചേർത്ത് ഭംഗിയാക്കി… ശേഷം അതിലേക്ക് നോക്കി അവൾ പുഞ്ചിരിച്ചു.പിന്നെ എന്തോ പറഞ്ഞ് എന്നെ കളിയാക്കിച്ചിരിച്ചു.ഞാൻ അടിക്കാൻ തുനിഞ്ഞപ്പോൾ അവളോടി.. റെയിലിനു മുകളിൽ കയറി.. ഞാൻ പിന്നാലെ ഓടി. പെട്ടെന്ന് ഒരു കല്ലിൽ തടഞ്ഞ് ഞാൻ മലർന്നു വീണു.എന്റെ നെറ്റി പാളത്തിലടിച്ചു.. നല്ല വേദന..കൈ കുത്തിയെഴുനേറ്റപ്പോൾ മുബീന വെപ്രാളത്തോടെ പറഞ്ഞു.

“ഇക്കാ ചോര..!

ഞാൻ നെറ്റിയിൽ കൈ വച്ചു…കൈയിൽ ചോര..

“മുബീ…. നീ പോയ്ക്കോ..

” വേണ്ടിക്കാ… നമുക്ക് ഹോസ്പിറ്റലിൽ പോവാം..

” നീ പോ.. മുബീ… ആരേലും കാണും..

അവൾ മനസ്സില്ലാ മനസ്സോടെ പോയി. നെറ്റിയിൽ കൈ പൊത്തി ഞാൻ നടന്നു. ഷർട്ടിലേക്ക് ചോര ഒലിച്ചു.കവലയിൽ നിന്നും ഒരു ഓട്ടോ പിടിച്ച് ഞാൻ ഹോസ്പിറ്റലിലേക്ക്. പോയി.അവർ അനാഥാലത്തിൽ വിളിച്ചു. അവിടുത്തെ കുട്ടികൾ നിത്യമായി ആ ഹോസ്പിറ്റലിലായിരുന്നു പോവാറ്.ഉടനെ വാർഡൻ വന്നു. നെറ്റിയിൽ നാല് സ്റ്റിച്ചിട്ടു. പിന്നെ ഒരാഴ്ച്ച കോളേജിൽ പോവാനായില്ല.. അതിൽ സങ്കടമില്ലായിരുന്നു. എങ്കിലും മുബീനയെ കാണാതിരിക്കൽ അസഹനീയമായി തോന്നി. അവളും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും. സലീം അനാഥാലത്തിൽ വന്നു. ഒത്തിരി സമയം അവൻ അടുത്തിരുന്ന് സംസാരിച്ചു.മുബീന അന്വേഷിച്ചു എന്ന് പറഞ്ഞപ്പോൾ ആശ്വാസം തോന്നി.പിന്നെയും രണ്ട് ദിവസം കഴിഞ്ഞപ്പോൾ സ്റ്റിച്ച് വെട്ടി കോളേജിൽ പോയി. വൈകുന്നേരം മുബീനയെകണ്ടു..

“ഇക്കാ ഒത്തിരി നൊന്തോ..

” അത് സാരില്ല…

“മ്.. നെറ്റിയിൽ. അടയാളം വന്നു ല്ലേ…

ഞാൻ നെറ്റിയിൽ തടവി നോക്കി. മുന്നേ കണ്ടിരുന്നതാണെങ്കിലും. സ്റ്റിച്ചിട്ടതിന്റെ അടയാളം വലതു വശത്ത് നെറ്റിയിൽ കൈയിൽ തടയുന്ന രീതിയിലൊരു തീർത്തിരുന്നു.

” അത് വിട് മുബീ… നീയൊന്ന് ചിരി…

“ഇക്കാ വീട്ടിലെല്ലാവരും അറിഞ്ഞ്..

” എപ്പോ…. എന്നിട്ട്..

“ന്നെ ഉപ്പ ഒത്തിരി വഴക്ക് പറഞ്ഞ്..

“ഇക്കാനോട് ഇനി മിണ്ടരുതെന്നും. ഒരിക്കലും ഇക്കാന്റെ കൂടെ ന്നെ കെട്ടിച്ച് വിടൂലാന്നും ഒക്കെ പറഞ്ഞ്.

അവൾ കരയാൻ തുടങ്ങി… അത് കണ്ട് എനിക്കും വിഷമായി. എന്ത് ചെയ്യും..

“കരയല്ലേ മുബീ…

“ഇക്കാ… നിക്ക് ഇക്കാന്റെ കൂടെ മാത്രം വന്നാ മതി…

” ശരിയാക്കാം മോളേ… കരയല്ലേ….

” ഞാൻ പോട്ടെ ഇക്കാ… ആരേലും കാണും..

അവൾ തിരിഞ്ഞ് നോക്കാതെ നടന്ന് പോയി..എന്ത് ചെയ്യും.അനാഥാലയത്തിൽ അറിയുമോ.. അറിയാതിരിക്കില്ല.. മനസിൽ ഭാരം കൂടുന്നു. ഏത് നിമിഷത്തിലാണ് മുബീന മനസിൽ കയറിയത്..

പിറ്റേന്ന് രാവിലെ കോളേജിൽ പോവാൻ കുളിച്ച് മാറ്റി മുടി ചീകിയിറങ്ങാനിരുന്നപ്പോൾ താഴെ ഓഫീസിൽ നിന്നും ബഹളം കേട്ടു.കൂടി നിൽക്കുന്ന കുട്ടികളെ വാർഡൻ ഇറങ്ങി ചൂരൽ വീശി ഓടിച്ചു. ഓഫീസിൽ ഒന്നിലധികം വെള്ളവസ്ത്ര ധാരികളുണ്ട്. ആരാണവരൊക്കെ.. അവരെന്താണ് പറയുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു..

“നിങ്ങൾ കുട്ടികളെ കോളേജിൽ വിടുന്നത് പഠിക്കാനോ… അതോ തെമ്മാടിത്തരം കാട്ടാനോ. ”

എന്താണവർ പറയുന്നത്. വ്യക്തമാവുന്നില്ലല്ലോ.. വാർഡൻ ഒന്നും മിണ്ടുന്നില്ല.. അതിൽ ഒന്ന് മുബീനയുടെ ഉപ്പയാണല്ലോ… എന്റെ കാര്യമായിരിക്കുമോ പറയുന്നത്.അല്ലാതാരുടെ..!ശബ്ദം വീണ്ടും ഉയർന്നു..

“തന്തേം തള്ളേമൊന്നുമില്ലാത്ത ഒരു അലവലാതിക്ക് എന്റെ മോളെ കൊടുക്കുമെന്ന് വിചാരിക്കുന്നുണ്ടോ നിങ്ങൾ..”

ആ വാക്കുകൾ മനസ്സിൽ ആഞ്ഞു പതിച്ചു.. “തന്തേം തള്ളേമില്ലാത്തവൻ..” ഇനിയിവിടെ നിൽക്കണ്ട. വാർഡൻ ഇപ്പോൾ കയറി വരും തന്നെ വിളിക്കാനായി.. പിന്നെ കോളേജിൽ പോവലുണ്ടാവില്ല.. ബാഗുമെടുത്ത് പിന്നിലെ ചെറിയ വഴിയിലൂടെ ഇറങ്ങി നടന്നു..

ഒന്നും വേണ്ടിയിരുന്നില്ല. ഇത്ര കാലമായിട്ടില്ലാത്ത സങ്കടം മനസ്സിൽ എരിയുന്നു. നീയൊരു അനാഥനാണെന്ന് മനസ്സിൽ നിന്നാരോ ഉറക്കെ ഉരുവിടുന്നു. എങ്ങോട്ടെങ്കിലും പോയാലോ… എങ്ങോട്ട് പോവാൻ.., പൂർണ്ണചന്ദ്രനെ കണ്ട് മോഹിച്ച കൊച്ചുകുഞ്ഞിനെ പോലെയായി എന്റെ അവസ്ഥ.. ആരോരുമില്ലാത്ത ഞാൻ ഒരിക്കലും മുബീനയെ സ്വപ്നം കാണരുതായിരുന്നു.. ആരോടും ഒന്നും മിണ്ടാൻ തോന്നിയില്ല. സലീമിനോടു പോലും കൂടുതൽ സംസാരിച്ചില്ല.കാരണമന്വേഷിച്ച അവനോട് ഒന്നുമില്ലെന്ന് മാത്രം പറഞ്ഞു.കോളേജിൽ തലവേദയാണെന്ന് പറഞ്ഞ് ഡസ്ക്കിൽ തല വച്ച് കിടന്നു. ഇന്ന് മുബീനയെ കാണാതെ പോയാലോ…വേണ്ട.. അവൾ കാത്തിരിക്കും.. വൈകുന്നേരമാവാതിരുന്നെങ്കിൽ…

തിരിച്ച് പോവുമ്പോഴും സലീം ഒത്തിരി തിരക്കി.. ഒന്നും പറയാതെ ഒഴിഞ്ഞ് മാറി… മുബീനയുടെ കരയുന്ന മുഖം കണ്ടിട്ടും ഒന്നും തോന്നിയില്ല… തികഞ്ഞ നിർവ്വികാരത..

“ഇക്കാ… ന്നെ പെട്ടെന്ന് കല്യാണം കഴിപ്പിച്ച് വിടാണെന്ന്.. ഉപ്പ….

“മ്….

“എന്താ ഇക്കാ ഒന്നും മിണ്ടാത്തെ…

“മുബീ… ഞാൻ ആരുമില്ലാത്ത അനാഥനാണ്. നിന്നെ ഞാൻ അർഹിക്കുന്നില്ല.. പിന്നെ നാം കണ്ടതും സംസാരിച്ചതുമെല്ലാം തെറ്റായിരുന്നു മുബീ… പ്രണയം അനിയന്ത്രിതമായ മഹത്തായ വികാരമാണ്. പക്ഷേ പ്രണയിക്കാനുണ്ടായ ആദ്യ കാരണം സൗന്ദര്യമേറിയ നിന്റെ ശരീരമല്ലേ… പ്രണയം ശക്തമാവാനുള്ള കാരണം നമ്മുടെ ഒരുമിക്കലായിരുന്നില്ലേ.. അതെല്ലാം തെറ്റായിരുന്നു മുബീ..

“ഇക്ക എന്നെ ഒഴിവാക്കാണല്ലേ..

ഒന്നും പറയാൻ തോന്നിയില്ല.. തിരിച്ച് നടന്നു. തിരിഞ്ഞ് നോക്കിയപ്പോൾ ഒരു യുഗം മുഴുവൻ പെയ്തൊഴിയാനുള്ള കാർമേഘം ഇരുണ്ട് കൂടിയ മുഖവുമായി ശില പോലെ നിൽക്കുന്നു മുബീന.. ഞാനെപ്പഴാണിത്ര ക്രൂരനായത്. അവളുടടുത്തേക്ക് തന്നെ പോവാനൊരുങ്ങി. അപ്പഴും ഉള്ളിൽ നിന്നാരോ പറഞ്ഞു.. ” മുനീർ നീ ആരോരുമില്ലാത്ത അനാഥനാണ്. സ്വപ്നം കാണാൻ അർഹതയില്ലാത്തവൻ..” അവളിൽ നിന്നും കണ്ണ് പറിച്ച് നടന്നകന്നു.. അനാഥാലയത്തിൽ വന്നു കയറി. എല്ലാവരും എന്നെ മാത്രം തുറിച്ചു നോക്കുന്നു. നേരെ റൂമിൽ പോയി കിടന്നു. ഒന്നും കഴിക്കാതെ, ആരോടും മിണ്ടാതെ എത്ര നേരമങ്ങനെ കിടന്നു എന്നറിയില്ല.. വാർഡന്റെ വിളി കേട്ടാണ് ഞാൻ മുഖമുയർത്തിയത്. മുന്നിൽ വടിയും പിടിച്ച് ക്രൂരമുഖവും കാണിച്ചു നിൽക്കുന്നു അയാൾ..

“എണീക്കെഡാ…. ഗുരുത്വം കെട്ടവനേ…

കൂടി നിൽക്കുന്ന കുട്ടികൾക്ക് മുന്നിൽ നിന്ന് ഒത്തിരി തല്ല് കൊണ്ടു. അലറിക്കരഞ്ഞിട്ടും അയാൾ നിറുത്തിയില്ല..

“നിനക്ക് പ്രണയിക്കണോ..

എന്നും ചോദിച്ച് പൊതിരെ തല്ലി. ശരീരത്തിലെ മുഴുവൻ സ്ഥലത്തും അയാളുടെ ചൂരൽ പതിച്ചു. എന്നിട്ടും നിർത്താതെ ഭ്രാന്തനെ പോലെ അയാൾ അടിച്ചു കൊണ്ടിരുന്നു. ക്ഷീണിച്ചിട്ടാണെന്ന് തോന്നുന്നു. ഒടുക്കം നിറുത്തി. എന്തൊക്കെയോ അവ്യക്തമായി പറഞ്ഞ് കൊണ്ട് അയാൾ നടന്ന് പോയി. ശരീരമാകെ നീറുന്നു.കുട്ടികൾ ചുറ്റും വന്ന് പലതും ചോദിക്കുന്നുണ്ട്.ഞാൻ അവിടെത്തന്നെ കിടന്നു. ഉറക്കം വരാതെ ഒരുപാടു നേരം അങ്ങനെത്തന്നെ കിടന്നു.

അർദ്ധരാത്രി എഴുന്നേറ്റു.എല്ലാവരും ഉറക്കമാണ്. തുറന്നിട്ട റൂമിൽ നിന്ന് വാർഡന്റെ കൂർക്കം വലി ഉയർന്നു കേൾക്കുന്നുണ്ട്.ശബ്ദമുണ്ടാക്കാതെ വളരെ പതുക്കെ രണ്ട് ജോഡി വസ്ത്രം മാത്രം സ്കൂൾബാഗിലിട്ട് പുറത്തിറിങ്ങി. മറ്റൊന്നും എടുക്കാൻ ഇല്ലായിരുന്നു എന്നതാണ് സത്യം. ഗേറ്റിനടുത്ത് ഒരു നിമിഷം നിന്ന് നെടുവീർപ്പിട്ടു. തന്റെ ശരീരം മുഴുവൻ ഇവിടുത്തെ ചോറാണ്. ഓർമ്മ വച്ച കാലം മുതലേ ഇതിനുള്ളിലാണ്.ഒന്നാം ക്ലാസ് മുതലേ ഇവിടെയായിരുന്നു പോലും ഞാൻ. ആരാണെന്നെ ഇവിടെ കൊണ്ടുവിട്ടത്. ആരാണെന്റെ ഉമ്മയും ഉപ്പയും.. ഒന്നുമറിയില്ല.. ഒരു അനാഥനാണ് ഞാൻ എന്നുമാത്രമറിയാം. ആരെങ്കിലുമുണർന്നാൽ പിടിയ്ക്കപ്പെടും. ശബ്ദമുണ്ടാക്കാതെ ഗേറ്റ് ചാടിക്കടന്ന് വേഗത്തിൽ നടന്നു. സുപരിചിതമായ പാതയിലൂടെ.. നടന്ന് റെയിലിനു മുകളിൽ കയറിയപ്പോൾ ആ പൂമരം ഒന്നു നോക്കി. അത് ഇരുൾ പുതച്ച് ഭീമ കാരമായ രൂപം പൂണ്ട് എന്നെ നോക്കി പല്ലിളിച്ചു.. റെയിലിനു മുകളിലൂടെ വേഗത്തിൽ നടന്നു.സ്റ്റേഷനിൽ പോവാനൊരുങ്ങി നിൽക്കുന്ന വണ്ടിയിൽ കയറി ഡോറിനരികിൽ ഇരുന്നു. അടി കൊണ്ട സ്ഥലം നിലത്തമർന്ന് വേദനിച്ചപ്പോൾ എഴുന്നേറ്റ് നിന്നു. ടിക്കറ്റെടുക്കാൻ പണമില്ല. ഉണ്ടെങ്കിൽ തന്നെ എങ്ങോട്ടെടുക്കും. എനിക്ക് ലക്ഷ്യമില്ലല്ലോ..

ട്രൈൻ നിൽക്കുന്നിടത്ത് വരെ സഞ്ചരിച്ചു.രാവ് പുലർന്നു ഉച്ചയായിരിക്കുന്നു. സ്റ്റേഷനിലെ ബോർഡ് നോക്കിയപ്പോൾ ഇറങ്ങിയ സ്ഥലം തിരുവനന്തപുരമാണെന്ന് മനസ്സിലായി.അനാഥാലയത്തിലെല്ലാവരും ഇപ്പോൾ എന്നെ തിരയുന്നുണ്ടാവും… ഛെ.. വെറുതെ ഒരു തോന്നൽ. ആരും ചോദിക്കാനും പറയാനുമില്ലാത്ത അനാഥനെ എന്തിന് തിരയണം. മുബീനയുടെ കാര്യമോർക്കുമ്പോഴാണ് വിഷമം. പാവം ഒത്തിരി കരഞ്ഞിട്ടുണ്ടാവും. ഇപ്പോഴും കരയുകയാവും. നീറുന്ന ഓർമ്മകളെ കഴിച്ച് മൂടാൻ ശ്രമിച്ചു.. എന്നിട്ടുമത് നിരന്തലും ലാവയായി മനസിൽ തിളച്ചു മറിഞ്ഞു..

ജീവിക്കാൻ വേണ്ടി എല്ലാ വേഷവും കെട്ടി..ഹോട്ടലിൽ പാത്രം മോറാനിരുന്നു.. കടകളിൽ സാധനങ്ങൾ കൊടുക്കാൻ നിന്നു. വർഷങ്ങൾ കൊഴിഞ്ഞ് പോയിക്കൊണ്ടിരുന്നു. എരിയുന്ന മനസുമായി വിരസമായ ദിവസങ്ങൾ മിന്നി മറഞ്ഞു. മുബീനയെ പറ്റിയും സലീമിനെ പറ്റിയും ഓർക്കുമ്പോൾ മനസ്സ് നീറി. എന്തിനായിരുന്നു കല്യാണം പോലും കഴിക്കാതെ അർത്ഥശൂന്യമായി ഇത്ര കാലം ജീവിച്ചത്. ആരോരുമില്ലാത്ത, എന്നോ ഒരു ദിസം പത്രത്തിൽ ന്യൂസ് കണ്ടാണ് അപേക്ഷ സമർപ്പിച്ച് കെ എസ് ആർ ടി സി യിലേക്കുള്ള ജോലിക്ക് വേണ്ടി. പി എസ് സി എഴുതിയത്.ഒരിക്കലും വിചാരിക്കാതെ വിജയിച്ചു ജോലി കിട്ടി എന്നതല്ല കാര്യം. ജോലി ചെയ്യേണ്ട സ്ഥലം കണ്ട് ഞാൻ ഞെട്ടി. “മറ്റത്തൂർ ”

ഒരു പാടു ദിവസങ്ങൾ അത് മാത്രം ചിന്തിച്ചു. പോവണോ.. അതോ മാറ്റത്തിന് അപേക്ഷിക്കണോ.. ഈ ദിവസങ്ങൾ മനസിൽ അടക്കം ചെയ്യപ്പെട്ടിരുന്ന മോഹം അറിയാതെ മുള പൊട്ടി വളർന്നു വലുതായോ. അവസാനം പോവാൻ തന്നെ തീരുമാനിച്ചു.മറ്റത്തൂരിൽ ഒരു ഒറ്റമുറി ക്വാട്ടേഴ്സ് വാടകക്കെടുത്തു. സ്വന്തമായി പാകം ചെയ്ത് ഭക്ഷണം കഴിച്ചു. പതിനഞ്ചു ദിവസം ലോങ് റൂട്ടുകളിൽ ട്രിപ്പുണ്ടാവും. ജോലിയില്ലാത്ത പതിനഞ്ചു ദിവസം റൂമിൽ ഒതുങ്ങിക്കൂടി. പക്ഷേ സായാഹ്നങ്ങളിൽ ഏതോ അദൃഷ്യ ശക്തി ഈ വഴിത്താരയിലേക്ക് എന്നെ നയിച്ചു.

മഴയുടെ ഒരുക്കമുണ്ടെന്ന് തോന്നുന്നു. മാനം ഇരുണ്ട് കൂടിയിരിക്കുന്നു..തിരിച്ച് പോയാലോ.. അകലെ നിന്നൊരു ചൂളം വിളി കേട്ടു. നിമിഷ നേരം കൊണ്ട് അതടുത്ത് വന്നു. വലിയ ശബ്ദമുണ്ടാക്കി ട്രൈൻ കടന്നു പോയി.നേത്രാവതിയായിരിക്കുമോ.. അവസാന ബോഗിയും കടന്നു പോയപ്പോൾ ഒരു സ്ത്രീ മറുവശത്ത് നിന്ന് നടന്നു വരുന്നത് കണ്ടു. വണ്ടി പോവാൻ കാത്തു നിന്നതായിരിക്കണം. കാറ്റത്ത് പാറിയ ഷാൾ ഒതുക്കിപ്പിടിച്ച് അവൾ നടന്നു റെയിലിനു മുകളിലേക്ക് കയറി.ആ നടത്തം എനിക്ക് പരിചയമുണ്ടല്ലോ.. മങ്ങിയ അന്തരീക്ഷത്തൽ ആ വെളുത്ത മുഖം കണ്ടപ്പോൾ മനസ്സിലൊരു ഇടിമുഴക്കമുണ്ടായി. ഇരുപത് വർഷം മുന്നേ മനസിൽ പതിഞ്ഞ അതേ കണ്ണുകൾ.. മനസ്സിൽ കൊത്തിവെക്കപ്പെട്ട വെളുത്ത കവിളുകൾ.. അവൾ തന്നെ കാണുമോ..

മറുവശത്തെ പാളത്തിൽ നിന്നും എന്റെയടുത്തുള്ള പാളത്തിലേക്ക് കയറി അവൾ മുഖമുയർത്തി നോക്കി. അവളൊന്ന് ഞെട്ടിയോ.. എന്നെ തന്നെ കണ്മിഴിക്കാതെ നോക്കുകയാണ്. ഞാൻ അനങ്ങാതെ നിന്നു. എന്തു പറയണം. നോട്ടം മാറ്റി അവൾ പറഞ്ഞു..

“ഇക്കാ എന്റെ കൂടെ വാ….

ജീവിതത്തിലേറ്റവും ഹൃദയത്തിന് കുളിരേകിയ അതേ മധുരശബ്ദം. അവൾ അൽപം നടന്ന് തിരിഞ്ഞ് നോക്കി വീണ്ടും പറഞ്ഞു..

“എന്റെ കൂടെ വാ… ഇക്കാ…

യാന്ത്രികമായി അവളുടെ കൂടെ നടന്നു.അവളുടെ മുഖത്ത് വിഷാദം നിഴലിച്ചിരുന്നു. അവൾ വേഗത്തിൽ നടക്കുകയാണ്. ഇടക്ക് എന്നെ തിരിഞ്ഞ് നോക്കുന്നുണ്ട്. മരത്തിനടുത്ത് നിന്നും തിരിയാതെ പടിഞ്ഞാറോട്ട് റെയിലിനോരത്ത് കൂടെയാണവൾ നടക്കുന്നത്. വഴികൾ പരിജയം തോന്നുന്നു. അൽപം നടന്ന് വഴിയരികിലെ വെള്ളക്കെട്ടിനു കുറുകെ കെട്ടിയ പാലം വഴി അവൾ തിരിഞ്ഞു. മനസ്സിൽ പലതും ഓർമ്മ വരുന്നു. ഇവിടെ രണ്ട് തെങ്ങിൻതടികൾ ചേർത്ത് വച്ചുള്ള പാലമായിരുന്നു പണ്ട്. ഇന്നത് കോൺഗ്രീറ്റ് സ്ലാബാണ്. ഉയർന്നു നിൽക്കുന്ന, അപരിചിതത്വം സൃഷ്ടിക്കുന്ന ഇരുനില വീടുകൾക്കരികിലൂടെ വെട്ടുവഴിയിലൂടെ നടന്ന് അവൾ ഓടിട്ട ഒരു കൊച്ചു വീടിന്റെ മുന്നിലെത്തി നിന്നു എന്നെ നോക്കി പറഞ്ഞു.

“ഇക്കാ…. കയറി വാ..

നല്ല പരിജയമുണ്ട് ഈ വീട്.പണ്ട് പല പ്രാവശ്യം വന്നതാണ്. അവൾ ഉളളിൽ കയറിപ്പോയി.. അവനെവിടെ.. എന്നെയെന്തിനിവൾ ഇവിടേക്ക് കൊണ്ട് വന്നു.. മറ്റേതോ ലോകത്തെത്തിയ പോലെ..

അകത്ത് നിന്നും കത്തുന്ന ബീഡി കയ്യിൽ പിടിച്ച് കുരച്ച് കൊണ്ട് ഒരു രൂപം ഇറങ്ങി വന്നു. എന്തൊരു കോലമാണിത്.കവിളുകൾക്കിടയിലെവിടെയോ പടച്ചവൻ പ്രത്യേകമായി വരച്ച ചിത്രം മാത്രമാണ് അവനെ എനിക്ക് പരിചയപ്പെടുത്തിയത്. ഇങ്ങനെയായിരുന്നോ ഇവനെ ഞാൻ പ്രതീക്ഷിച്ചത്.പരസ്പരം നിശ്ചലം നോക്കി നിൽക്കുന്ന ഞങ്ങൾക്കിടയിലെ മൗനം ഞാൻ മുറിച്ചു..

സലീം….. നീ…..?! നിനക്കെന്നോടൊരു വാക്ക്.. പഞ്ഞുകൂടായിരുന്നോ..?!

“മുനീർ കയറി വാ… ഇവിടിരി….

അവനൊരു കസേരയിലിരുന്ന് മറ്റൊന്ന് എനിക്ക് നീക്കി വച്ചു … നരച്ചു ചേറു കെട്ടിയ കസേരയിൽ ഞാൻ ഇരുന്നു..

” ഞാൻ വന്നത് നീയറിഞ്ഞിരുന്നോ സലീം…

“മ്….

” എന്നിട്ട്….

” ഞാൻ നിന്നിൽ നിന്ന് മറഞ്ഞു നടക്കുകയായിരുന്നു മുനീ.. എപ്പഴെങ്കിലുമൊരു സമയം കാണേണ്ടി വരുമെന്നറിയാമായിരുന്നു. എങ്കിലും നിന്നെ എങ്ങനെ അഭിമുഖീകരിക്കണമെന്നെനിക്കറിയില്ലായിരുന്നു.. ഇന്ന് അവൾ നിന്നെ കണ്ടെത്തിയില്ലേ..

“എന്തിനായിരുന്നു സലീം.. ഇങ്ങനെ.. നിനക്ക് മുബീനയെ ഇഷ്ടമായിരുന്നെങ്കിൽ എന്നോട് പറയാമായിരുന്നില്ലേ.. എന്നെ അവളോടടുപ്പിച്ചത് നീയല്ലേ…. എന്നിട്ടും നീ തന്നെ അവസാനം..

” മുനീർ… നീ… ഞാൻ പറയുന്നത് കേൾക്ക് അൽപം ക്ഷമിക്ക്..

” വേണ്ട… സലീം… ഞാൻ പോട്ടെ….

” നീ കേട്ടേ… പറ്റൂ… അന്ന് നീ പോവുന്ന അവസാനമായി കണ്ട് പോവുന്ന സമയം അവളോട് പറഞ്ഞിരുന്നോ.. എന്നോടെങ്കിലുമൊന്ന് പറയാമായിരുന്നില്ലേ… പിന്നെ ഇവിടെയെന്ത് സംഭവിച്ചെന്ന് നീ അന്വേഷിച്ചോ….

“സലീം… അത് പിന്നെ….

” നീ പോയ ശേഷം ഇവിടെ നാട്ടിലാകെ പരന്നു.. നിങ്ങളുടെ പ്രണയം.. അനാഥാലയത്തിൽ പോയി പ്രശ്നമുണ്ടാക്കിയത് എല്ലാവരുമറിഞ്ഞു.. പ്രണയിച്ച് കാര്യം സാധിച്ച് പോയതാണ് നീ എന്ന് ആളുകൾ പറഞ്ഞത് കേട്ട് എനിക്ക് സഹിച്ചില്ല മുനീ…മുബീനയുടെ ആലോചനകൾ ഓരോന്നായി മുടങ്ങി.. പല കുട്ടികളും പ്രണയിക്കാറുണ്ടെന്ന് ആർക്കാ അറിയാത്തത്.. പക്ഷേ പ്രണയം നാട്ടിൽ പാട്ടായ പെണ്ണുങ്ങൾക്ക്.. നല്ല അലോചനകൾ വരില്ല… അവളുടെ സ്കൂൾ പഠനം പ്ലസ് ടു പകുതി വച്ച് വീട്ടുകാൾ നിറുത്തിച്ചു.. എങ്കിലും അവൾ വൈകുന്നേരങ്ങളിൽ റയിലോരത്ത് വന്ന് നിന്നെ നോക്കിയിരിക്കും… അവസാനം കുടിയന്മാരും അങ്ങാടിത്തെണ്ടികളും അവളെ കെട്ടാൻ തയ്യാറായി വന്നു.. പിഴച്ച പെണ്ണെന്ന് മുദ്രകുത്തപ്പെട്ടവളെ അവരൊക്കെയേ വരിക്കാൻ തയ്യാറാവൂ.. നിന്നെ ശപിക്കാത്തവരായി ആരുമില്ല മുനീർ… ഒരാളൊഴികെ ..മുബീന..! അവസാനം അവളുടെ ഉപ്പ എന്നെ തേടി വന്നു… നിന്നെയൊന്ന് കാണിച്ചു കൊടുക്കാൻ വേണ്ടി.. അവളെ നിനക്ക് കെട്ടിച്ച് തരാൻ വേണ്ടി… നിന്നെ ഞാൻ തിരയാത്ത സ്ഥലങ്ങളില്ല മുനീ.. നീയെവിടെയായിരുന്നു… ഇപ്പഴല്ലേ…. നിനക്ക് വരാൻ തോന്നിയുള്ളൂ…

ഞാൻ ഏതോ ഭീകര സ്വപ്നം കാണുന്ന പോലെ അവനെ തുറിച്ച് നോക്കി… അറിയാതെ ചോദിച്ച് പോയി…

” എന്നിട്ട്…..?

അവൻ തല താഴ്ത്തി… പതുക്കെ പറഞ്ഞു…

” അവസാനം എനിക്കവളെ കെട്ടേണ്ടി വന്നു.. നീ പറ…. അവളെ വല്ല തെണ്ടിയോ… കുടിയനോ വിട്ട് കൊടുക്കണമായിരുന്നോ… നിന്നെ ഇനിയും ആളുകൾ ശപിക്കണമായിരുന്നോ….അവൾ നല്ല ഭാര്യയായിരുന്നു മുനീ.. എന്നോടുള്ള മുഴുവൻ കടമകളും അവൾ തെറ്റാതെ നിർവ്വഹിച്ചു.. പക്ഷേ അവൾക്കെന്നെ സ്നേഹിക്കാൻ കഴിഞ്ഞില്ല… അവളുടെ മനസ്സിൽ എന്നും നീയായിരുന്നു… രാത്രികളിൽ എന്റെ ദാഹമകറ്റാൻ നഗ്നശരീരം എനിക്കവൾ വിളമ്പിവച്ചു. അതവളുടെ കടമയാണല്ലോ..പക്ഷേ.. എന്നെയൊന്ന് അണച്ചു പിടിക്കാൻ പോലും അവൾക്ക് സാധിച്ചില്ല..

ഞാൻ സലീമിന്റെ കയ്യിൽ മുറുകെ പിടിച്ചു.

” മതി സലീം.. ഇനി പറയല്ലേ..

” നീ വൈകിപ്പോയി മുനീർ… നീ ഒരു പാട് വൈകി..

സലിം പിറുപിറുത്തു..

“എന്താണ് സലീം… എന്തു പറ്റി…

” അവൾ പോയി..

“ഏ….. എന്ത്…!

കഴിഞ്ഞ മഴക്കാലം അവൾക്ക് ഡങ്കിപ്പനി ബാധിച്ചു. ഒത്തിരി നാൾ കിടന്നു. രക്തത്തിൽ കൗണ്ട് കുറഞ്ഞു വന്നു.ഞാൻ ഒത്തിരി ശ്രമിച്ചതാ മുനീ… എന്നിട്ടുമവൾ പോയി.. നിന്നെ കാത്ത് നിൽക്കാതെ..

അവൾ ജീവിതത്തിൽ ഒരു സമ്മാനം തന്നിട്ടുണ്ട് നമുക്ക്. പതിനെട്ട് വർഷം മുന്നേ.. നീ കണ്ടില്ലേ.. അവളുടെ മകളെ.. അവളെ പോലെ തന്നെ.. കവിളുകളും കണ്ണുകളും.. കാർകൂന്തലും അതേ പകർപ്പ്… ഒന്ന് നോക്ക് മുനീ.. അവളുടെ കവിളിലെ മറുക് പോലും കിട്ടിയിട്ടുണ്ട്.. അവളുടെ ശബ്ദം നീ ശ്രദ്ധിച്ചില്ലേ…!

“മുനീ നീയിവളെ കൊണ്ട് പോവണം.നിന്നെ കാണുമ്പോൾ ഏൽപ്പിക്കാൻ തന്നെയായിരുന്നെഡാ.. ഞാൻ മുബീനയെ സ്വീകരിച്ചത് .. എന്ത് ചെയ്യാനാ പടച്ചോൻ വിളിച്ചില്ലേ.. വൈകി വരുന്ന നിനക്ക് വേണ്ടി മബീന പുനർജ്ജനിച്ചതായിരിക്കാം ഇവളിലൂടെ… പൂർണ്ണമസ്സോടെ ഞാൻ നിനക്കേൽപ്പിച്ചു തരുന്നു.. മുനീ…

ഞാനവന്റെ വായ പൊത്തി… എന്തിനായിരുന്നു ഈ മടക്കം.. ഒന്നും വേണ്ടിയിരുന്നില്ല.. മനസ്സ് തകർന്നു പോയി.. കണ്ണുനീർ അടങ്ങുന്നില്ല… മെല്ലെ എഴുന്നേറ്റ് വാതിൽ ചാരി നിൽക്കുന്ന മോളുടെ അരികിൽ നിന്നു.. അവളെ ചേർത്തു പിടിച്ചു..

“എന്താ മോളെ പേര്…

“മുനീറ…

“മുനീറ…!

എന്റെ മുബീനാ.. ഞാൻ.. ഞാൻ നിന്നെ മനസ്സിലാക്കിയില്ലല്ലോ… എന്നോട് ക്ഷമിക്കില്ലേ.. ഞാനൊരു മഹാപാപിയായിപ്പോയല്ലോ… നാഥാ…

“മോക്കെങ്ങനാ.. എന്നെ തിരിച്ചറിഞ്ഞത്..

” ഉമ്മ നിത്യമായി പറയാറുണ്ടായിരുന്നു.. നിങ്ങളെ പറ്റി.. നിങ്ങൾ പറയാതെ പോയതാണെന്നും ഒരു നിവസം തിരിച്ച് വരാതിരിക്കില്ലെന്നും ഒത്തിരി പറയാറുണ്ടായിരുന്നു. ഒന്ന് കണ്ടാൽ മാത്രം മതി.. എന്ന് പറഞ്ഞ് നെടുവീർപ്പിടും.. ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഏതോ അബോധാവസ്ഥയിലും ഇടക്ക് കൺമിഴിച്ച് ചോദിക്കും.. നിങ്ങൾ വന്നോ എന്ന്.. മരിക്കുന്നതിന്റെ തൊട്ടു മുന്നേ എന്നോട് പറഞ്ഞിരുന്നു.. “റോഡിൽ നിന്നും റയിലിലേക്ക് കടക്കുന്ന സ്ഥലത്ത് വഴിയോരത്ത് മരത്തിൽ ചാരി നെറ്റിയിൽ വലതു വശത്ത് നീളത്തിൽ അടയാളമുള്ള ഒരാൾ നിൽക്കുന്നത് എന്നെങ്കിലും കണ്ടാൽ വീട്ടിൽ വിളിച്ച് കൊണ്ട് വരണമെന്നും. അത് ഉമ്മ പറയാറുള്ള കൂട്ടുകാരനാണെന്നും.” പിന്നെ ഉമ്മ എന്നോട് സംസാരിച്ചിട്ടില്ല…

ഞാൻ തേങ്ങുന്ന അവളെ മാറോടണച്ചു. ഒന്നും പറയാനില്ല. ഹൃദയം വിറങ്ങലിച്ചു പോയിരിക്കുന്നു.

” എന്റെ മോളാണ്… നീ.. എന്റെ മോള്..

പുറത്ത് വലിയ കാറ്റ് വീശുന്നുണ്ട്. ഇരുട്ടിന് കട്ടി കൂടിയിരിക്കുന്നു. ഒന്നും പറയാതെ തിരിച്ച് നടന്നു. കാറ്റ് ശക്തിയായി വീശുന്നുണ്ടിപ്പഴും.. തിരിഞ്ഞ് നോക്കാതെ നടന്നു..

നശ്ടപ്രണയത്തിന്റെ നിശ്ചലസാക്ഷിയായ മരം നിന്നിരുന്നിടത്തെത്തിയപ്പോൾ നിന്ന് അതിനെ നോക്കി.. പൂർണ്ണമായും ഉണങ്ങിക്കഴിഞ്ഞ അത് ശക്തിയായ കാറ്റിൽ നിലംപൊത്തിയിരിക്കുന്നു.. “തന്റെ മടിത്തട്ടിലിരുന്ന് സല്ലപിച്ചിരുന്ന പ്രണയിനികൾ എന്നെങ്കിലുമൊരു നാൾ ഒന്നിക്കുമെന്ന പ്രതീക്ഷയാകാം അതിനെ നിലനിർത്തിയത്. പ്രതീക്ഷയറ്റതു മുതൽ അത് ഉണങ്ങിത്തുടങ്ങിയിരിക്കണം.. ഇന്ന് അത് മരിച്ച് വീണിരിക്കുന്നു.. അതിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ.”വീണ്ടും നടന്നു.. മുറിയിൽ കയറി ഡ്രസ്സുകൾ മാത്രം ബാഗിലെടുത്ത് ചാവി തൂണിനു മുകളിൽ വച്ച് പുറത്തിറങ്ങി.. ഓണറെ പിന്നെ അറിയിക്കാം..

ചരിത്രം ആവർത്തിക്കുകയാണ്. ഇരുട്ടിലൂടെ റയിലോരത്തെ വഴിയിലൂടെ വേഗത്തിൽ നടന്നു.. ഇരുട്ടിന്റെ വലിയ ഭാണ്ഡക്കെട്ടുകൾ പേറി യ റെയിലോരത്തെ മരങ്ങൾ രാത്രിയുടെ ഭീകരത വർദ്ധിപ്പിച്ചു.. സ്റ്റേഷനിൽ നിന്നും ഒരു ട്രൈൻ പോവാറായി നിന്നിരുന്നു..

രചന Zainu

Leave a Reply

Your email address will not be published. Required fields are marked *