താലി

രചന സുനൈന

” പുനർവിചിന്തനത്തിനു ശേഷവും നിങ്ങൾ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നോ ?” ജഡ്ജിയുടെ ശബ്ദം കോടതി മുറിക്കുള്ളിൽ മുഴങ്ങി

” അതേ ” ജിൻസിയുടെ ശബ്ദം വീണ്ടും വലിയ മുഴക്കം സൃഷ്ടിച്ചു…. അതിന്റെ നടുക്കം ജോയിയുടെ കണ്ണിലും പ്രതിഫലിച്ചു …… എത്ര സ്നേഹിച്ചതാ അവളെ ഈ നെഞ്ചിൽ സൂക്ഷിച്ച് വെച്ച് ഒടുവിൽ ഒരു വാക്ക് കൊണ്ട് തന്നെ അന്യനാക്കാൻ എങ്ങിനെ കഴിഞ്ഞു. ഡിവോഴ്സ് ചോദിച്ചപ്പോൾ സമ്മതമല്ലെന്ന് താൻ പറഞ്ഞു സത്യം തന്നെ. പക്ഷെ അതിനിത്ര തരംതാണ കാരണം കണ്ട് പിടിച്ചപ്പോൾ ശരിക്കും തളർന്നു പോയി …….

ഒരിക്കൽ പോലും അവൾ തന്റെ ഭാര്യയായി കൂടെ കഴിഞ്ഞിട്ടില്ല… അതിനവൾ തന്നെ അനുവദിച്ചില്ല….. സൗന്ദര്യമുള്ളൊരു പെണ്ണിനെ വിദ്യാഭ്യാസമില്ലാത്ത ഞാൻ സ്വന്തമാക്കിയപ്പോൾ അഹങ്കാരം തോന്നി. ആദ്യരാത്രി വരെ മാത്രം നീണ്ടു നിന്ന അഹങ്കാരം….

“അതെയ് ഞാൻ നിങ്ങളുട പണം കണ്ടാണ് ഈ കല്യാണത്തിന് സമ്മതിച്ചത് . നിങ്ങളെ പോലുള്ള സൗന്ദര്യവും വിദ്യാഭ്യാസമില്ലാത്ത ഒരാളെ സ്നേഹിക്കാനും ഒരുമിച്ച് ജീവിക്കാനും ഒന്നും എന്നെ കിട്ടില്ല. ഒരു ഭർത്താവിന്റെ അവകാശം വെച്ച് എന്റെ ദേഹത്തെങ്ങാനും തൊട്ടാൽ ഇവിടെ ദേ ഇവിടെ കെട്ടിത്തൂങ്ങിച്ചാവും …… പറഞ്ഞേക്കാം ”

അന്നു പകച്ചുപോയതാണ്. രണ്ട് വര്ഷത്തിനിപ്പുറം ഭർത്താവിന് തന്നെ സംതൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന തരം താഴ്ന്ന കാരണം കൊണ്ട് അവൾ തന്റെ മുഖത്തടിച്ചിരിക്കുന്നു …… തന്നെ പരിഹാസത്തോടെ നോക്കുന്ന മുഖങ്ങള്ക്ക് മുന്നിൽ തല താഴ്ന്നു നിൽക്കുമ്പോൾ അവൾ അറിയുന്നില്ലല്ലോ സ്വന്തം മുഖത്താണവൾ കരിവാരിത്തേച്ചതെന്ന്. ശരീരസുഖത്തേക്കാൾ ബന്ധങ്ങൾക്ക് വില കൽപ്പിച്ചു .എന്നെങ്കിലും തന്നെ മനസ്സിലാക്കി തിരിച്ചുവരുമെന്ന് കരുതി .തെറ്റ് വലിയ തെറ്റ്… …: ! അത്രമാത്രം സ്നേഹിച്ചു.

കഴിഞ്ഞു .കോടതി രണ്ടു പാത്രമാക്കി വിധിയെഴുതി…..! വിജയിയുടെ ഗർവ്വോടെ പരിഹാസം കൊണ്ട് നിൽക്കുന്ന അവളുടെ അടുത്തേക്ക് ചെന്ന് തെല്ലുറക്കെ ചോദിച്ചു .

” ശരിയാ നീ പറഞ്ഞത് …. ഞാനറിഞ്ഞില്ലല്ലോ ജിൻസീ …. ഒരു പുരുഷനിൽ മാത്രം ഒതുങ്ങാത്തത്ര വികാരത്തിനടിമയാണ് നീയെന്ന്…… ഇനിയിപ്പൊ നിനക്കൊരു ജോലിയേ ഉള്ളൂ ചെയ്യാൻ .വേശ്യയുടെ ……..! അതിന് ഞാൻ കെട്ടിയ താലി നിന്റെ കഴുത്തിൽ ആവശ്യമില്ലല്ലോ …….”

പറഞ്ഞതും കോടതി മുറ്റത്ത് വച്ചുതന്നെ ഞാൻ താലി പറിച്ചെടുത്തു …… രക്തം വറ്റി വിവർണമായ മുഖത്തോടെ അവൾ എന്നെ നോക്കി…… തലയുയർത്തിപ്പിടിച്ച് സ്വന്തം ജീവിതം കൊണ്ട് വലിയ പാഠം പഠിച്ചവനെ പോലെ ഞാൻ തിരിഞ്ഞു നടന്നു……

ചുറ്റും കൂടിയ ആളുകൾക്കിടയിൽ നിന്ന് ചൂളം വിളിയും ഉയർന്നു. തല താഴ്ത്തേണ്ടി വരുന്നവന്റെ നോവ് ഇപ്പോൾ അവൾ മനസ്സിലാക്കിക്കാണും……

ബന്ധങ്ങൾക്ക് പണത്തിന്റെയോ സൗന്ദര്യത്തിന്റേയോ അളവുകോൽ കൽപ്പിക്കുന്നവർ അറിയാതെ പോകുന്നു വലിച്ചെറിഞ്ഞുടക്കുന്നത് വിലമതിക്കാനാവാത്തതാണെന്ന്…… തകർത്താൽ നേടാൻ കഴിയാത്ത വിശ്വാസമാണെന്ന്……..!

രചന സുനൈന

Leave a Reply

Your email address will not be published. Required fields are marked *