ആദം

രചന :- കൃഷ്ണ

നീ എന്നൊരു വാക്കിൽ കുരുങ്ങി, നിന്നിൽ ലോകം കണ്ടും നീയില്ലായ്മയിൽ ലോകമില്ലെന്നും നിനച്ചു ഞാൻ…..

ആദം ….അവളുടെ പതിഞ്ഞ നേർത്ത ശബ്ദം അവനെ ഏകാന്തതയിൽ നിന്നും ഉണർത്തി.. അവൻ എഴുത്തു നിർത്തി മുഖമുയർത്തി നോക്കി… അവന്റെ കണ്ണുകളിൽ ചുവപ്പു രാശിയും കൺതടങ്ങളിലെ കറുപ്പും ചാര കൂമ്പാരത്തിലെ തീ കനൽ പോലെ …

അവൾ കയ്യിലെ ബാഗും ഫോണും അരികിലെ മേശയിൻമേൽ വെച്ചു… ഒഴിഞ്ഞ കുപ്പികളും നിറഞ്ഞിരിക്കുന്ന glass ലും നോക്കി അവൾ അവനു നേരെ മുഖം തിരിച്ചു..

ഇത്….. ഇതെന്തൊക്കെയാണ്?… കണ്ടതൊന്നും താൻ വിചാരിച്ച സത്യങ്ങളാകാതിരിക്കണമേ എന്നാഗ്രഹിച്ചുക്കൊണ്ടവൾ ചോദിച്ചു…

എഴുതാൻ തുടങ്ങിയ അവൻ അവളുടെ ചോദ്യം കേട്ട് മുഖമുയർത്താതെ തന്നെ ഉത്തരം നൽകി…

നീ എന്താണോ കാണുന്നത് അതൊക്കെ തന്നെയാണവിടെ ഉള്ളത്.. അവൻ ഭാവഭേദമില്ലാതെ മറുപടി നൽകി…

ഇതൊന്നും ഇല്ലാതിരുന്നതാണല്ലോ… പിന്നെ എന്തിന് ഇത് തുടങ്ങി…. നിർത്ത്..ഇതൊന്നും വേണ്ടാ….

എന്നോട് നിർത്താൻ പറയാൻ നീ ആരാ…

ആദം…. അവൾ ശാന്തമായി വിളിച്ചു..

വേണ്ട രുദ്രാ…. വേണ്ട…. ഉപദേശിക്കാൻ ആണെങ്കിൽ നീ ഒന്നും പറയണ്ട… ഞാൻ ഇങ്ങനെയാണ്…. ഇങ്ങനെ തന്നെ മതി.. അവൻ ഒരു നിസ്സഹായതയോടെ പറഞ്ഞു… അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

എനിക്കൊന്ന് പറഞ്ഞുതാ ഇവിടെ എന്താ സംഭവിച്ചേ… നീ എന്താ ഇങ്ങനെ… പറയ്… അവൾ അവനരികിലേയ്ക്ക് നടന്നു…

ചുരുട്ടിയിട്ട കടലാസുകളിൽ ചവിട്ടി അവൾ ഒരു നിമിഷം നിന്നു… അവൾ കുനിഞ്ഞു ആ കടലാസു എടുത്തു., അവൾ അത് തുറന്നു നോക്കി… പാതി മാത്രം പൂർണ്ണമായ ചിത്രം… അവൾ മറ്റു കടലാസുകളും തുറന്നു നോക്കി.. എല്ലാ ചിത്രങ്ങളും അപൂർണ്ണം..

ഇത്….? അവൾ സംശയത്തോടെ ചോദിച്ചു..

എന്നാൽ നിശബ്ദതയായിരുന്നു അതിനു ലഭിച്ച മറുപടി…

ആദം… ഇത്.. ഇത് അവളാണോ? അവൾ അക്ഷമയോടെ ചോദിച്ചു..

അതിനും ലഭിച്ച മൗനം അവളെ ദേഷ്യത്താൽ ഭ്രാന്തിയാക്കി…

ആദം പറയ്…. അവളുടെ ആ ഭാവമാറ്റം അവന് പുതിയതായിരുന്നു..

അവന്റെ നോട്ടം അവളുടെ ഭാവപകർച്ചയെ അവൾക്ക് മനസ്സിലാക്കി തന്നു..

അവൾ സ്വയം നിയന്ത്രിച്ചുകൊണ്ട് അവനരികിൽ മുട്ടുകുത്തി നിന്നു…

പറയ് ആദം .. എന്താ സംഭവിച്ചത് അവൾ അവന്റെ കൈകളിൽ പിടിച്ചു ചോദിച്ചു.

അവളുടെ കൈകളിൽ അവന്റെ കണ്ണുനീർ പതിച്ചു… അതവളെ പൊള്ളിച്ചു..

ഇതവളാണ്…… ജെന്ന . അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

അവൾ അപൂർണ്ണമായ ചിത്രത്തിലേയ്ക്ക് നോക്കി.. ഒരിക്കൽപ്പോലും കണ്ടില്ലെങ്കിലും അവനിൽ ഒരു വർഷമായി നിറഞ്ഞിരുന്നത് ആ പേര് മാത്രമായിരുന്നു..

ജെന്ന …. ആ പേര് അവളുടെ ചുണ്ടുകളികളിൽ പ്രതിധ്വനിച്ചു

അവൾ….. അവൾ പോയി… തിരിച്ചുവരാനാകാത്ത ദൂരത്തേയ്ക്ക് അവൾ പോയി…. അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..

ഒരു നിമിഷം അവൾ നിശ്ചലയായി… ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും ആദത്തിലൂടെ രുദ്ര ജെന്നയെ നന്നായി മനസ്സിലാക്കിയിരുന്നു..

ആദം…നീ പറയുന്നത്.. എന്താ സംഭവിച്ചത്? ഒരാഴ്ചയായി നിന്നെ വിളിച്ചിട്ടും കിട്ടുന്നില്ല.. നീ പറയ്

അവനവളുടെ കൈകളെ ഒന്നുകൂടെ മുറുകെ പിടിച്ചു. അവൻ പറഞ്ഞു തുടങ്ങി ” ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ അവൾ തിരിച്ച് ദുബായിൽ പോകാന്ന്.. പോകുന്നതിന് മുന്നേ കാണണം എന്നവൾ പറഞ്ഞിരുന്നു.. കാണാൻ വന്നവൾ ആകെ പറഞ്ഞത് … നമ്മൾ തമ്മിൽ ശരിയാകില്ല.., ഇതിവിടെ നിർത്താം എന്നാ.. അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു പോയി

ഒരുപാട് Call ചെയ്തു message അയച്ചു ഒന്നിനും reply ഇല്ല…. അവസാനം അവൾ വിളിച്ചു… ശല്യപ്പെടുത്തരുതെന്ന് പറഞ്ഞു…

അവളെന്നെ nice ആയിട്ട് തേച്ചു എന്ന് കരുതി നിന്നോടും മിണ്ടാതെ ആകെ ഭ്രാന്തു പിടിച്ച അവസ്ഥയിലായിരുന്നു…

പക്ഷെ… നാലു ദിവസം മുന്നേ അവളുടെ മമ്മി വിളിച്ചിരുന്നു അവളറിയാതെ…

അവളെന്നെ ഉപേക്ഷിച്ചു പോയതല്ല… ഇഷ്ടം കൊണ്ട് അവൾ ഒഴിഞ്ഞു തന്നതാ… അവൾ എനിക്ക് ഭാരമാകുമെന്ന് കരുതി..

ആദം…

അവൾക്ക് blood cancer ആയിരുന്നു… അവൾ പോയി രണ്ടു ദിവസം മുന്നേ….. അവസാനമായി എനിക്ക് അവളുടെ മുഖം പോലും കാണാൻ പറ്റിയില്ലല്ലോ…

അവൻ പൊട്ടിക്കരഞ്ഞുകൊണ്ട് അവളുടെ മടിയിൽ കിടന്നു.. അവനെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ അവൾ കുഴങ്ങി…. അവന്റെ മുടിയിൽ തലോടി അവനെ സമാധാനിപ്പിക്കുമ്പോഴും അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞൊഴുകിയിരുന്നു…

ആദം….. എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല… എനിക്കറിയാം നീ അവളെ എത്ര സ്നേഹിച്ചിരുന്നു എന്ന്… അവളില്ലാതെ നിനക്ക് പറ്റില്ല എന്നും പക്ഷേ നീ ഇങ്ങനെ കുടിച്ച് ജീവിതം നശിപ്പിക്കുന്നത്… അത് മാത്രം എനിക്ക് മനസ്സിലാക്കുന്നില്ല… ഇത് വേണ്ട ആദം… ഇത് നല്ലതല്ല…

എനിക്ക് അവളെ മറക്കാൻ പറ്റില്ല.. അതിന് ഞാൻ മരിക്കണം… വേഗം എനിക്ക് അവൾക്കരികിൽ എത്തണം.. അവൻ ഭ്രാന്തമായലറി…

ആദം… നീ അവളെ കുറിച്ചാലോചിക്കുമ്പോൾ മറക്കുന്നത് കുടുംബത്തെയാണ്… പപ്പ, മമ്മി, ചേച്ചി…

മതി… നിർത്ത് രുദ്ര… അവളെ എനിക്ക് വേണം….. ഇങ്ങനെയെങ്കിൽ ഇങ്ങനെ…

നിനക്ക് അവളാണോ വലുത് അതോ വീട്ടുക്കാരോ… പറയ്..

എനിക്കവൾ വേണം… അതിന് ഞാൻ മരിക്കണം..അവൻ പറഞ്ഞവസാനിപ്പിച്ചതും അവന്റെ കവിളിൽ അവളുടെ കൈ പതിഞ്ഞിരുന്നു…

രുദ്രാ… അവൻ ദേഷ്യത്തോടെ വിളിച്ചപ്പോഴാണ്‌ അവളെന്താണ് ചെയ്തതെന്ന ബോധം അവളിലുണ്ടായത്…. ആദം… ഞാൻ… അവൾ അവന്റെ കൈകളിൽ പിടിച്ചു.. അവനത് കുടഞ്ഞെറിഞ്ഞു…

നിന്നെ പറഞ്ഞിട്ട് കാര്യമില്ല…. എന്നെ മനസ്സിലാക്കണമെങ്കിൽ നീ ആരെയെങ്കിലും പ്രണയിക്കണം… അങ്ങനെ നീ പ്രണയിച്ചിരുന്നെങ്കിൽ നീ എന്നെ മനസ്സിലാക്കിയേനേ… ആദം…. പോ… രുദ്രാ…. ഇനി നീ ഇവിടെ നിൽക്കണ്ട… പോ… അവളെ പിടിച്ച് തള്ളി door വലിച്ചടക്കുമ്പോഴും അവളുടെ മനസ്സുനിറയെ അവൻ പറഞ്ഞ വാക്കുകളായിരുന്നു..

നിന്റെ പ്രണയം നീ ആവേശത്തോടെ പറയുമ്പോഴും, ഞാനത് പുഞ്ചിരിയോടെ കേൾക്കുമ്പോഴും, എന്റെ ഉള്ളിലെ നിന്നോടുള്ള പ്രണയത്തിന് സമാധി തീർക്കുകയായിരുന്നു ഞാൻ

ഒഴുകി വന്ന കണ്ണുകൾ തുടച്ച് അവൾ നടന്നു… * പിന്നെ…. ഒരിക്കലും ആദത്തിനെ കണ്ടില്ലേ? ആകാംക്ഷ നിറഞ്ഞ ഒരു ജോഡി കണ്ണുകൾ അവളെ ചുറ്റുന്നുണ്ടായിരുന്നു…

ഉം…. ആദത്തിനെ ആ ഒരവസ്ഥയിൽ അവസാനമായി കണ്ടത് അന്നായിരുന്നു… രുദ്ര തനുവിനോടായി പറഞ്ഞു..

പിന്നെ ആദം അങ്ങനെ ആയിട്ടില്ല… അല്ലേ രുദ്രേ? പിന്നിൽ നിന്നു കേട്ട ശബ്ദത്തിനുടമയെ കാണാൻ അവരിരുവരും പിന്നിലേയ്ക്ക് നോക്കി….

അവിടെ ചിരിച്ചു കൊണ്ട് ആദം നിൽക്കുന്നുണ്ടായിരുന്നു…

പാവം ജെന്ന … തനു വിഷമിച്ചുകൊണ്ട് പറഞ്ഞു…

പാവം… രുദ്ര ചിരിച്ചുക്കൊണ്ട് പറഞ്ഞു…. തനു അവളിലെ മാറ്റം കണ്ട് തിരിഞ്ഞ് ആദത്തിനെ നോക്കി.. അവനാകെ ചമ്മി നിൽക്കുന്നുണ്ടായിരുന്നു…

തനു പുരികം പൊക്കി അവനോട് എന്താണെന്ന് ചോദിച്ചു…

ജെന്ന വൃത്തിയായി തേച്ചു കൊടുത്ത ഷർട്ടിൽ ഒന്നാണീ ചമ്മി നിൽക്കുന്നത്…. രുദ്ര ആദത്തിനെ നോക്കി പറഞ്ഞു:…

അതൊക്കെ വിട്… ഞാൻ coffee എടുക്കാം.. അതും പറഞ്ഞ് രുദ്ര നടന്നു…

അല്ലാ… എങ്ങനെ മനസ്സിലാകി രുദ്രയുടെ പ്രണയം.. അവൾ പറഞ്ഞോ?

തനു പ്രതീക്ഷയോടെ അവനെ നോക്കി..

അവളെയന്ന് പുറത്താക്കി door വലിച്ചടച്ച് ദേഷ്യം മുറിയിലെ സാധനങ്ങളോട് തീർക്കുമ്പോൾ അവളുടെ ബാഗിൽ നിന്ന് വീണ ഡയറിയിൽ നിന്ന് കിട്ടി നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം… അതിൽ മുഴുവൻ ഞാനായിരുന്നു…. എന്നോടുള്ള അവളുടെ പ്രണയവും…

നിനക്കായ് എണ്ണി തീർത്ത മഞ്ചാടികൾക്കും, ആകാശം കാണിക്കാതെ പുസ്തകത്താളിലൊളിപ്പിച്ച മയിൽപ്പീലികൾക്കും ഒരുപാട് കഥകൾ പറയാനുണ്ട് … ആരോരും അറിയാത്ത ,നീ പോലും അറിയാത്ത നമ്മുടെ പ്രണയകഥ..

അവളെഴുതിയ ആ വരികൾ അവന്റെ അധരങ്ങളിൽ പുഞ്ചിരി തീർത്തു..

രചന :- കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *