സന്ധ്യാ ദീപം …..

രചന സക്കീർ ഹുസൈൻ ….

ഈ അരുണേട്ടനോട് എത്ര പറഞ്ഞാലും മനസ്സിലാകില്ലല്ലൊ എന്റീശ്വരാ ….. മീനാക്ഷി അവന്റെ ഷർട്ടിന്റെ കോളർ ശരിയാക്കി കൊണ്ട് പറഞ്ഞു.

” ന്റെ ഏട്ടാ ഓഫീസിൽ പോകുമ്പോ ഒന്ന് സ്മാർട്ടായിട്ട് വേണ്ടേ പോകാൻ….

കുപ്പായകയ്യിന്റെ മടക്ക് ശരിയാക്കി കൊണ്ടവൾ അവന്റെ മുഖത്തേക്ക് പരിഭവത്തോടെ നോക്കി.

കണ്ണുകൾ തമ്മിലിടഞപ്പോൾ നാണത്തിൽ പൊതിഞ്ഞ പതിഞ്ഞൊരു ചിരി അവളിലുണ്ടായി.

” മീനു. … നീ ആളൊരു സുന്ദരിയാട്ടോ…..

അവനവളെ തന്നിലേക്ക് ചേർത്ത് പിടിക്കാൻ നോക്കി.

“പോ .. ഏട്ടാ … അച്ഛനകത്തുണ്ട് മറക്കണ്ട…

“ഓ… പിന്നേ … അച്ഛനെന്താ അറിയില്ലെ നീ എന്റെ സുന്ദരിക്കുട്ടിയാണെന്ന്.

അവൾ അവനെ തള്ളി മാറ്റി കൊണ്ട് അകത്തേക്കോടുമ്പോൾ അവനൊരു കള്ളച്ചിരി സമ്മാനിച്ചു.

” അരുൺ സാറേയ് ….. ഇന്ന് ഓഫീസിൽ പോകാൻ പരിപാടിയൊന്നുമില്ലേ….

പമ്മിപ്പരുങ്ങി അവിടത്തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ട്

അവള് ഉമ്മറത്ത് നിന്ന് അവനെ നോക്കി കൈ കൊണ്ട് ഗോഷ്ടികൾ കാണിച്ചു.

പിന്നെ മനോഹരമായ ഒരു ഫ്ലൈയിങ്ങ് കിസ് അവനയച്ചു.

” അരുണേട്ടാ വരുമ്പൊ അമ്മക്ക് മരുന്ന് വാങ്ങാൻ മറക്കണ്ട ട്ടൊ.. ”

അതും പറഞ്ഞ് അവൾ അകത്തേക്കോടി ….

“അരുൺ …. മോനേ…

അച്ഛനാണ് വിളിക്കുന്നത് …..

മധുരമുള്ള ഒരു വിഭൂതിയുടെ ലോകത്തെന്ന പോലെ നിൽക്കുകയായിരുന്ന അരുണിനെ അച്ഛന്റെ വിളി ഉണർത്തി ….

“എന്താ മോനേ പടിക്കൽ സ്വപ്നം കണ്ട് നിൽക്കുന്നത് നീയിന്ന് ഓഫീസിൽ പോണില്ലേ ….

“പോവാണച്ഛാ ….

എൻഫീൽഡ് സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങവേ അവിടെ നിൽക്ക് എന്ന് കൈ കൊണ്ട് കാണിച്ച് അച്ഛൻ അവന്റടുത്തേക്ക് നടന്നു വന്നു.

“മോനേ നീ ഇന്നിത്തിരി നേരത്തെ വരണം നമ്മുടെ വടക്കേതിലെ രാമേട്ടൻ വരാന്ന് പറഞ്ഞിട്ടുണ്ട് എന്തോ കാര്യം പറയാനുണ്ടത്രെ. ….

അച്ഛനോട് യാത്ര പറഞ്ഞ് പോകാനൊരുങ്ങുമ്പോഴാണ് അകത്ത് നിന്ന് ഒരു കരച്ചിൽ കേട്ടത് …..

മിനുവിന്റെ കരച്ചിലാണ് കേൾക്കുന്നത്.

” അരുണേട്ടാ …. അമ്മ….

ബൈക്ക് സ്റ്റാന്റിൽ വെക്കാൻ നിൽക്കാതെ അവനകത്തേക്കോടി …

വാതിൽ തള്ളിത്തുറന്ന് അകത്ത് കേറുമ്പോൾ കണ്ട കാഴ്ച അവനെ തളർത്തി

” കണ്ടോ അരുണേട്ടാ ഈ അമ്മ മരുന്ന് കഴിക്കുന്നില്ല. …

” ഞാൻ എത്ര പറഞ്ഞതാ അമ്മയോട് മൂത്രമൊഴിക്കാൻ തോന്നുമ്പൊ വിളിക്കണംന്ന് ഇപ്പൊ ഇത് കണ്ടാ ഉട്ത്ത തുണില് ഒഴിച്ചിരിക്കണു…..

” മീനു.. മോളേ … നീ എന്തൊക്കെയാ പറേണത് ….

അവന്റെ ഉള്ളിൽ സങ്കടങ്ങൾ ഒരു നീർ ചുഴിയായി ഒഴുകി. കണ്ണുകൾ ഈറനായി അവൻ ചുവരോട് ചാരി നിന്ന് കരഞ്ഞു.

അരുണേട്ടാ എന്തിനാ കരയണ്… വേണ്ട ട്ടൊ….

അവൾ അവന്റെ കണ്ണുകൾ തുടക്കാനായി അടുത്തേക്ക് ഓടി ….

പക്ഷെ കാലിൽ ബന്ധിച്ചിരുന്ന ഇരുമ്പ് ചങ്ങലക്കണ്ണികൾ അവളെ പിന്നോട്ട് വലിച്ചു ……

അവന്റെ കരച്ചിൽ തേങ്ങലായി അവസാനിക്കുമ്പോൾ അവളിൽ നിന്ന് ഒരു തരം വന്യമായ പൊട്ടിച്ചിരി ഉയരാൻ തുടങ്ങി

” അരുൺ … കരയാതെ പോടാ….. എന്റെ മുമ്പിൽ കണ്ട് പോകാത് …ഹ.ഹ.ഹ ഹാ.

കയ്യിൽ ഉണ്ടായിരുന്ന പാത്രം അവന്റെ നേരെ അവളെറിഞ്ഞു.

“മിനു. … മോളേ വേണ്ട ….

അടുത്ത് ചെന്ന് അവൻ അവളെ ഇരുകയ്യിലും ബലമായി പിടിച്ച് തന്റെ നെഞ്ചോട് ചേർത്ത് വെച്ചു.

” നീ എന്തൊക്കെയാ ചെയ്യുന്നത് വാ… ഏട്ടൻ നിന്റെ വസ്ത്രം മാറ്റി തരാം

മലമൂത്ര വിസർജനം നടത്തിയ അവളുടെ വസ്ത്രങ്ങൾ എടുത്ത് മാറ്റി വാഷിംങ്ങ് മെഷീനിലിട്ടു .

അപ്പോഴും ഉള്ളിലിത്തിരി പോലും വെറുപ്പ് അവന് തോന്നിയില്ല. കാലത്തിന്റെ വികൃതിയിൽ മനസ്സിന്റെ താളം തെറ്റിപ്പോയ അവന്റെ പ്രിയ ഭാര്യയാണ് മീനാക്ഷി .

വിധി അവളെ ഭ്രാന്തിയാക്കിയിരിക്കുന്നു.

ജീവന് തുല്യം സ്നേഹിച്ച ഭർത്താവിന്റെ അമ്മക്ക് പക്ഷാഘാതം വന്ന് കിടപ്പിലായപ്പോൾ മീനാക്ഷിയുടെ ചെറിയ ഒരശ്രദ്ധ കാരണം കട്ടിലിൽ നിന്ന് തലയടിച്ച് വീണ അമ്മ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ട് കുറ്റബോധത്താൽ മാനസ്സിക നില തെറ്റിയതാ.. ഇപ്പൊ വർഷങ്ങൾ കഴിഞ്ഞു. ഈ മുറിയിൽ തളക്കപ്പെട്ടിട്ട് .

ചെയ്യാത്ത ചികിത്സകളില്ല പോകാത്ത സ്ഥലങ്ങളില്ല. ചിലപ്പോൾ അക്രമാസക്തവുമാവുന്നു.

മുഴുഭ്രാന്തരായ രോഗികളുടെ കൂടെ ഭ്രാന്താശുപത്രിയുടെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിലേക്ക് തളച്ചിടപ്പെടാൻ അവനവളെ വിട്ട് കൊടുത്തില്ല.

മുഴുഭ്രാന്തിയായിട്ടും അവന്റെ മീനുവിനെ അത്രക്ക് ഇഷ്ടമായിരുന്നു അരുണിന് .

അവസാനം അമ്മ വീണ് മരിച്ച അതേ റൂമിൽ തളക്കപ്പെടേണ്ടി വന്നു.

അരുൺ അവളെ കുളിപ്പിച്ച് വസ്ത്രങ്ങളെല്ലാം മാറ്റി ഉടുപ്പിച്ച് തന്റെ ഓഫീസ് ബാഗും എടുത്തിറങ്ങി

വളരെ വൈകിയാണന്ന് ഓഫീസിൽ എത്തിയത് ഒപ്പിടാൻ സൂപ്രണ്ടിന്റെ അടുത്ത് ചെന്നപ്പോൾ തന്റെ മുഖഭാവം കണ്ടാവാം അവർ ഒന്നും പറഞ്ഞില്ല.

മാഡത്തിന് അവന്റെ അവസ്ഥകൾ നന്നായി അറിയാം.

മഞ്ഞിൽ തൂങ്ങിയ മുല്ലമൊട്ട് പോലെ ദു:ഖ ഭാരം തൂങ്ങിയ ശിരസുമായി കസേരയിൽ ഇരിക്കുമ്പോൾ

കഴിഞ്ഞ് പോയ സന്തോഷത്തിന്റെ നല്ല നാളുകൾ മനസ്സിന്റെ താഴ് വാരങ്ങളിൽ നീലക്കുറുഞ്ഞി തീർത്തു.

കാണുന്നവരിൽ അസൂയതോന്നിപ്പിക്കന്ന ദാമ്പത്യം

പൂവും കായും വിരിഞ്ഞ് പാകമാകുന്നതിന്ന് മുമ്പേ ഒടിഞ്ഞ് പോയ ശിഖിരങ്ങൾ

ഓഫീസിലെ അന്നത്തെ ജോലികൾ ഒരുവിധം പൂർത്തിയാക്കി നേരത്തെ തന്നെ അരുൺവീട്ടിലേക്ക് എത്തി

അച്ഛൻ പറഞ്ഞ പോലെ തന്നെയും കാത്ത് ഉമ്മറപ്പടിയിൽ വടക്കേതിലെ രാമേട്ടനും കാവി വസ്ത്രധാരിയായ ഒരു മധ്യവയസ്ക്കനും ഉണ്ടായിരുന്നു.

“ഇത് കുന്നംകുളത്ത് നിന്ന് വന്ന സുബ്രമണ്യൻ തിരുമേനിയാ….

കേറി ചെന്നപ്പോഴേ അച്ഛൻ പരിചയപ്പെടുത്തി

രാമേട്ടൻ അടുത്ത് തന്നെ ഇരിക്കുന്നുണ്ട് ഒന്നും പറയാതെ .

അവനൊന്ന് മൂളി അകത്തേക്ക് കേറി

വസ്ത്രം മാറ്റുന്നതിന് മുമ്പായി മീനാക്ഷിയുടെ മുറിയിലേക്ക് എത്തി നോക്കി കട്ടിലിൽ ഒരു കൊച്ചു കുട്ടിയെ പോലെ അവളുറങ്ങുന്നുണ്ട്

പതിവിന് വിപരീതമായി ചുവന്ന സാരിയും മെറൂൺ കളർ ബ്ലൗസുമാണവൾ ഉടുത്തിരിക്കുന്നത്.

നെറ്റിയിൽ ചന്ദനക്കുറിയും അതിന് താഴെ ചുവന്ന പൊട്ട് തൊട്ടിരിക്കുന്നു.

തലയിൽ മുല്ലപ്പൂമാലയും ചൂടിയിട്ടുണ്ട് മിനു വർഷങ്ങൾക്ക് മുമ്പ് അവളുടെ കഴുത്തിൽ ചാർത്തിയ താലിമാലയും ഇന്നവൾ അണിഞ്ഞിരിക്കുന്നു.

ഒരപ്സര കന്യകയായി മാറിയിരിക്കുന്നു മിനു. അതൊക്കെ കണ്ടപ്പോൾ അവന് അതിശയം തോന്നി കാരണം സമനില തെറ്റിയതിൽ പിന്നെ വർഷങ്ങളായി അവൾക്ക് അതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല.

ഇന്നെങ്ങനെ ഒപ്പിച്ചു ഇതെല്ലാം എന്നവന് മനസ്സിലായില്ല.

അടുത്തായി ഒരു തലയിണയുമുണ്ടായി തന്നു.

അത് അമ്മയാണെന്നാ അവളുടെ സങ്കല്പം . അമ്മയെ കെട്ടിപ്പിടിച്ച് കിടന്നില്ലെങ്കിൽ താഴെ വീഴുമത്രെ സമനില തെറ്റിയ മനസ്സിന്റെ മൗന നൊമ്പരം

അരുൺ അവളെ ഉണർത്താതെ പൂമുഖത്ത് അവരുടെ അടുത്ത് ചെന്നു.

“എന്താ രാമേട്ടാ കാര്യം … നമ്പൂരിച്ചനേം കൂട്ടി എന്താപ്പൊ വിശേഷിച്ച്….

“ഒന്നിങ്ങട് വര്യാ … രാമേട്ടൻ അരുണിനെ പൂമുഖത്തിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട് പോയി

” അത് മോനേ … എത്രാന്ന് വെച്ചാ ഇങ്ങനെ കാത്തിരിക്ക … അച്ഛനും വയ്യാണ്ടായി കാര്യങ്ങൾ നോക്കാൻ ഒരാള് വേണ്ടേ..

അരുണിന് അപ്പോഴും കാര്യങ്ങൾ ഒന്നും വ്യക്തമായില്ല.

” മോനേ കുന്നംകുളത്തുന്ന് ഇവരൊര് ആലോചന കൊണ്ട് വന്നിട്ടുണ്ട്. …

അവിടേക്ക് വന്ന അച്ഛനാണത് പറഞ്ഞത്

“നമുക്കതങ്ങ് അലോചി ച്ചാലോ …. അവർക്ക് നമ്മുടെ കാര്യങ്ങൾ എല്ലാം അറിയാം.

അരുണിന് അപ്പോഴുണ് കാര്യം മനസ്റ്റിലായത്.

തന്നെക്കൊണ്ട് വേറൊരു വിവാഹം കഴിപ്പിക്കാനുള്ള പരിപാടിയാണ്.

അവന്റെ ശിരകളിൽ ദേഷ്യം നുരഞ്ഞ് പൊങ്ങി അവർ നിൽക്കുന്നിടത്ത് നിന്ന് നോക്കിയാൽ മീനാക്ഷി കിടക്കുന്ന മുറി കാണാം ഈ സംസാരം കേട്ട് അവൾ ഉണർന്നിരിക്കുന്നു.

അവളുടെ മിഴികൾ ഈറനാവുന്നതവൻ കണ്ടു എത്ര സമനില തെറ്റിയാലും പ്രിയതമന്റെ സാമീപ്യം നഷ്ടമാവുന്ന കാര്യമാവുമ്പോൾ ഇടറാത്ത പെൺമനമില്ല.

അരുണിന് അവളുടെ ദയനീയ അവസ്ഥ കണ്ടപ്പോൾ വന്നവരോട് കലിപ്പ് വർദ്ധിച്ചു.

അവന്റെ ഭാവമാറ്റം കണ്ട് കാര്യങ്ങൾ ഭംഗിയില്ല എന്ന് തോന്നിയത് കൊണ്ടാവാം. വന്നവർ പോകാനിറങ്ങി

” ആലോചിച്ച് പറയ ഇപ്പൊ ഞങ്ങൾ പോണു.

അവർ മുറ്റത്തിറങ്ങി നടക്കാൻ തുടങ്ങി. അവരുടെ പോക്ക് നോക്കി നിന്ന അരുണിന് കടുത്ത ദേഷ്യമാണ് തോന്നിയത്

” അരുണേട്ടാ…. മീനാക്ഷി ജനാലയുടെ അടുത്തേക്ക് വന്നിരിക്കുന്നു.

” അവരോട് പോണ്ടാന്ന് പറയ് അരുണേട്ടാ….

അവളുടെ കണ്ണുകളിൽ നിന്നും ഒരു പുഴ ഒഴുകാനുള്ള കണ്ണീൻ ധാര വീഴുന്നുണ്ടായി തന്നു.

അരുൺ അവളുടെ മുറിയിലേക്ക് ഓടി ചെന്ന് കാലിൽ നിന്ന് ചങ്ങല കെട്ടുകൾ അഴിച്ച് മാറ്റി.

“അരുണേട്ടാ..

അവളവന്റെ നെഞ്ചോട് ചേർന്ന് പൊട്ടിക്കരഞ്ഞു. അവൾ ചൂടിയ മുല്ലപ്പൂവിന്റെ സുഗന്ധം വർഷങ്ങൾക്ക് മുമ്പത്തെ കല്യാണ പന്തലിലേക്ക് അവനെ ഒരു നിമിഷം കൊണ്ട് പോയി. പിന്നെ അവളേയും ചേർത്ത് പിടിച്ച് കൊണ്ട് ഉമ്മറത്തേക്ക് വന്നു.

“രാമേട്ടാ…. മുറ്റത്തേക്കിറങ്ങി നീങ്ങുന്ന . അവരെ അവൻ വിളിച്ചു..

അവന്റെ ഉച്ചത്തിലുള്ള വിളി കേട്ടവർ തിരിഞ്ഞു നിന്നു.

മീനാക്ഷിയുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഉറക്കെ അവൻ പറഞ്ഞു.

” ഇത് കണ്ടോ …

” എന്റെ ജീവൻ തുടിക്കന്നത് മീനൂന്റെ നെഞ്ചിലാ …

എന്റെ ശ്വാസം എന്റെ മീനൂന്റെ ശ്വാസമാ.

അവൻ അത് പറയുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു. പല്ലുകൾ ഞെരിക്കുന്നുണ്ട്

” മീനൂനെ കളഞ്ഞിട്ട് എനിക്കൊരു സുഖ ജീവിതം വേണ്ട…

ജീവിക്കുന്നെങ്കാൽ ഞങ്ങൾ ഒരുമിച്ചേ ജീവിക്കു …..

“സ്നേഹിക്കണമെനിക്കവളെ ….ഇനിയും എത്ര കാലം വേണമെങ്കിലും നോക്കും ഞാൻ എന്റെ കുട്ടിയെ ….

ദൃഢനിശ്ചയത്തോടെയുള്ള ആ പുരുഷന്റെ വാക്കുകൾ കേട്ട് വന്നവർ തല താഴ്ത്തി നടന്നകന്നു.

ഇതെല്ലാം കേട്ട് അവന്റെ കണ്ണിലേക്ക് തന്നെ നോക്കി തരിച്ച് നിന്നിരുന്ന മീനാക്ഷി അവന്റെ തോളിൽ തല ചായ്ചു

രണ്ട് കയ്യും കൊണ്ട് അവനെ ചേർത്തണച്ചു.

കുറെ സമയം അങ്ങനെ നിന്നു.

പിന്നെ തല പൊക്കി കൊണ്ട് അവന്റെ മുഖത്ത് നോക്കി പറഞ്ഞു.

” അരുണേട്ടാ …. ഞാൻ ചായ എടുക്കാം.

അവന്റെ ഉള്ളൊന്ന് ആളി.

ആ വാക്കുകൾ അവന് വിശ്വസിക്കാനായില്ല.

കുറേ വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് മീനാക്ഷി ഇങ്ങനെ പറയുന്നത് .

വല്ലാത്തൊരു മാറ്റം അവനവളിൽ കണ്ടു.

കഠിനമായ ഗ്രീഷ്മത്തിനൊടുവിൽ അനുഭൂതിയുടെ വസന്തം ചേക്കേറുകയായിരുന്നു ആ വീട്ടിൽ

വിവാഹാലോചന ഒരു നിമിത്തം പോലെ വന്നതാവാം.

അവിശ്വസനീയമായ മീനുവിന്റെ ഭാവമാറ്റം കണ്ട് ഉമ്മറ പടിയിയിലിരിക്കുന്ന അച്ഛൻ കറുത്ത കട്ടി കണ്ണടയുടെ ഇടയിലൂടെ ഒലിച്ചിറങ്ങിയ സന്തോഷാശ്രുക്കൾ

തോൾമുണ്ടിന്റെ തലപ്പ് കൊണ്ട് തുടക്കുന്നുണ്ടായിരുന്നു …..

പാടത്തിന്നക്കരെ അയ്യപ്പകേത്രത്തിൽ സന്ധ്യാദീപങ്ങൾ തെളിഞ്ഞ് തുടങ്ങി

പടിഞ്ഞാറെ മാനത്ത് ചെഞ്ചായം പൂശിയ ചെഞ്ചുണ്ടോടെ സന്ധ്യ അവരെ നോക്കി മന്ദഹസിച്ചു. ….

രചന സക്കീർ ഹുസൈൻ ….

Leave a Reply

Your email address will not be published. Required fields are marked *