മിഥുനം…

രചന: രമ്യ വിജീഷ്

തിങ്കളാഴ്ച ആയിരുന്നതിനാൽ ഹോസ്പിറ്റലിൽ നല്ല തിരക്ക്… സെക്യൂരിറ്റി ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് നിർദ്ദേശം കൊടുത്തു കൊണ്ടു ഓടി നടക്കുന്നു… വണ്ടിയിൽ നിന്നും മാധവൻ നായരും..ഭാര്യയും ഇറങ്ങി..

“മാധവേട്ടാ സൂക്ഷിച്ചു… ദാ അവിടെക്കിരിക്കാം…” അവൾ അയാളെ താങ്ങി പിടിച്ചു… അയാൾ ഉറക്കെ ചിരിച്ചു..

“ശോ മാധവേട്ടാ ഒന്നു… പതുക്കെ.. അല്ലെങ്കിൽ തന്നെ മാധവേട്ടൻ എന്തിനാ ഇപ്പോൾ ചിരിക്കുന്നത്… ”

“ചിരിക്കാതെ പിന്നെ ചെറിയൊരു നെഞ്ചിനു വേദന വന്നപ്പോൾ തന്നെ എന്നെ വലിയൊരു അസുഖക്കാരൻ ആക്കിയില്ലേ താൻ…. ”

“ദേ മാധവേട്ടാ അസുഖം ഉണ്ടോ ഇല്ലയോ എന്നൊക്കെ നോക്കുന്നതെ ഡോക്ടറാ… അവരുടെ ജോലി തല്ക്കാലം മാധവേട്ടൻ നോക്കണ്ട ട്ടോ… ”

അവളുടെ സംസാരവും ആക്ഷനും കണ്ടിട്ട് വീണ്ടും അയാൾക് ചിരി വന്നു….

“ഓഹ്‌ ഉത്തരവ്… മാഡം ചെന്നു ചീട്ടെടുത്തിട്ട് വാ.. ”

അയാൾ കൈകൂപ്പിക്കൊണ്ട് പറയുന്നത് കണ്ടപ്പോൾ അവളും ചിരിച്ചു…

“ദാ അവിടെ ഇരുന്നോ ഏട്ടാ… ഞാൻ പെട്ടെന്ന് വരാം… ”

അവൾ ചൂണ്ടക്കാട്ടിയിടത്തേക്കു അയാൾ ഇരുന്നു…

വീണ്ടും ചെറുതായി ഒരു നെഞ്ചു വേദന വരുന്നു… ശരീരം ചെറുതായി വിയർക്കുന്നു… ചെറിയൊരു അസ്വസ്ഥത തോന്നി അയാൾക്കു….

“മാധവേട്ടാ വാ എണീക്കു… 30 ആണ് ടോക്കൺ… ഡോക്ടർ ഹരിശങ്കർ എന്ന് പറഞ്ഞു അവർ.. തിരക്കുള്ള ഡോക്ടർ ആണത്രേ… നമുക്ക് ഡോക്ടറുടെ ഒ. പി യിൽ വെയിറ്റ് ചെയ്യാം… ”

മിഥുന… അതാണ് അവളുടെ പേര്… അതിസുന്ദരി…. ഭർത്താവ് മാധവൻ നായർ… ആ നാട്ടിലെ സമ്പന്നൻ….. സദാ സരസൻ… എപ്പോളും തമാശകൾ കൊണ്ടു എല്ലാവരെയും ചിരിപ്പിക്കുന്ന മനുഷ്യൻ… പരോപകാരി..

തങ്ങളുടെ ഊഴവും കാത്ത് അവർ ഇരുവരും ഇരുന്നു… മിഥുനയുടെ മുഖം ആകെ വിഷമത്തിൽ ആണ്… ഓരോരോ തമാശകൾ പറഞ്ഞു കൊണ്ടു അയാളും….

“മാധവൻ നായർ…..”.

സിസ്റ്റർ വിളിക്കുന്നത് കേട്ടു അവർ ഡോക്ടറുടെ റൂമിൽ കയറി… ഇരിക്കുവാൻ ഡോക്ടർ കൈകൊണ്ടു ആംഗ്യം കാണിച്ചു… അവർ ഇരുവരും ഡോക്ടറുടെ മുന്നിലായി കസേരയിൽ ഇരുന്നു…

മിഥുനയും ഡോക്ടറും പരസ്പരം കണ്ട നിമിഷം…. രണ്ടു പേരും ചെറുതായി ഒന്നു ഞെട്ടി…. “മിഥുന”… ഡോക്ടർ മന്ത്രിച്ചു…

“ഹരിയേട്ടൻ”…… അവളും… അറിയാതെ… പറഞ്ഞു പോയി…. ഒരു നിമിഷം പരിസരം മറന്നു അവരിരുവരും നോക്കിയിരുന്നു.

“അല്ല ഇതെന്താ… രണ്ടു പേരും… ഇങ്ങനെ നോക്കുന്നെ…. ഞാനാ രോഗി… അല്ല… ഡോക്ടർ ഇതിനു മുൻപ് ഇയാളെ അറിയുമോ…. ”

മാധവൻ നായരുടെ ആ ചോദ്യം ആണ് അവരെ ഉണർത്തിയത്….

“അതേ മാധവേട്ടാ കോളേജിൽ എന്റെ സീനിയർ ആയിരുന്നു ഹരിയേട്ടൻ…” അവൾ പറഞ്ഞൊപ്പിച്ചു…

“ഹരിയേട്ടാ ഇതെന്റെ ഭർത്താവ്…”

അതു കേട്ടപ്പോൾ ഹരിശങ്കർ ഞെട്ടി പ്പോയി.. “മിഥുനയുടെ ഭർത്താവോ..? ”

മാധവൻ നായർ വീണ്ടും ചിരിച്ചു…

“അതേ ഭർത്താവ് തന്നെ… അൻപതു വയസുള്ള എനിക്കു 35 വയസ്സുള്ള ഇവൾ ഭാര്യ ആയതു എങ്ങനെ എന്നല്ലേ ഡോക്ടർ ചിന്തിച്ചത്… അതെല്ലാം ഒരു നിയോഗം ആണ് ഡോക്ടർ… ”

“മാധവേട്ടാ… ”

വീണ്ടും എന്തോ പറയുവാൻ വന്നു അയാളെ അവൾ ശാസന രൂപേണ നോക്കി….

അയാൾ ചിരിച്ചു…

ഡോക്ടർ : “എന്താണ് വന്നത്… ”

“ഓഹ്‌ ഒന്നുമില്ല ഡോക്ടർ ഒരു ചെറിയ നെഞ്ചിനു വേദന… ഗ്യാസ് കയറിയതോ മറ്റോ ആവാം… ഇവൾ സമ്മതിക്കണ്ടേ… ”

“ഓഹോ നോക്കട്ടെ…”

ചിരിച്ചു കൊണ്ടു ഡോക്ടർ അദ്ദേഹത്തെ പരിശോധിച്ചു…

“എന്തായാലും വന്നതല്ലേ.. നമുക്ക് ഒന്നു രണ്ടു ടെസ്റ്റുകൾ നടത്തി കളയാം… ഇസിജി ഒന്ന് നോക്കണം… ”

ഡോക്ടർ ടെസ്റ്റിന് കുറിച്ചു…

സിസ്റ്റർ അവരെയും കൊണ്ടു ലാബിലേക്ക് പോയി… ———————————————————————

മിഥുനയുടെയും ഹരിശങ്കറിന്റെയും മനസ്സിൽ പലതും മിന്നിമായുക ആയിരുന്നു അപ്പോൾ….

ഒന്നു രണ്ടു മണിക്കൂറുകൾക്കു ശേഷം റിസൾട്ടും ആയി അവർ വീണ്ടും ഹരിയെ കാണാൻ എത്തി… ഹരിയുടെ നെറ്റി ഒന്നു ചുളിഞ്ഞു..

“എന്താ ഡോക്ടർ… എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ… ഞങ്ങൾ പൊയ്ക്കോട്ടേ….”

മാധവൻ നായർ ചോദിച്ചു….

“ഏയ്യ് കുഴപ്പം ഒന്നുമില്ല… ബിപി ഇത്തിരി ഉണ്ട്… ഇ സി ജി ചെറിയൊരു വേരിയേഷൻ കാണിക്കുന്നു… നമുക്ക് ഇന്നൊരു ദിവസം അഡ്മിറ്റ്‌ ആകാം…. ”

“ഹരിയേട്ടാ… എന്റെ മാധവേട്ടൻ….’

മിഥുന കരയുവാൻ തുടങ്ങി….

“ഏയ്യ് ഒന്നുമില്ലടോ…. ”

“കണ്ടോ നിനക്കു സമാധാനം ആയല്ലോ.. ഞാൻ അടങ്ങിയിരുന്നില്ല എന്ന പരാതി അല്ലെ.. ഇന്നൊരു ദിവസം നമുക്ക് ഇവിടെ അങ്ങ് കൂടമെടോ… “അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു….

അവരെ സിസ്റ്റർ റൂമിൽ ആക്കി. ———————————————————————

ഇൻജെക്ഷൻ എടുക്കാൻ സിസ്റ്റർ വന്നു…

“ആ തുടങ്ങിയല്ലോ കലാപരിപാടികൾ…”

അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു…

“എന്റെ പെണ്ണെ നിന്റെ ഒരു കാര്യം..” അയാൾ അവളെ നോക്കി പുഞ്ചിരിച്ചു..

അതിനു ശേഷം അയാൾ പതിയെ മയക്കത്തിലേക്ക് വഴുതി വീണു…

മിഥുന തന്റെ ഭൂതകാലത്തിലേക്കും..

കോളേജിൽ തന്നെയും കാത്ത് എന്നും നിൽക്കുന്ന ഹരിയേട്ടൻ… ആദ്യമായി പ്രണയം തന്നോട് തുറന്നു പറഞ്ഞത്….. പരസ്പരം ആഗ്രഹങ്ങളും… മോഹങ്ങളും പങ്കു വച്ചത്…. തങ്ങളുടെ ഏക ആശ്രയം ആയിരുന്ന അച്ഛൻ പെട്ടെന്ന് തളർന്നു വീണത്….

അമ്മയും മൂന്നു അനിയത്തിമാരെയും കൊണ്ടു എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ച ദിനങ്ങൾ….

ഹരിയേട്ടന്റെ ആശ്വാസ വാക്കുകൾ….

ഹരിയേട്ടൻ ഞങ്ങളുടെ പ്രണയകഥ വീട്ടിൽ അറിയിച്ചു. ഹരിയേട്ടന്റെ അമ്മക്ക്‌ ഇഷ്ടം ആയിരുന്നില്ല എന്നെ.. ഇത്രയേറെ ബാധ്യതകൾ ഉള്ള പെണ്ണിനെ കെട്ടുവാൻ അവർ സമ്മതിച്ചില്ല… അമ്മയുടെ ആത്മഹത്യാ ഭീഷണിക്ക് മുന്നിൽ ഹരിയേട്ടനും നിസ്സഹായൻ ആയപ്പോൾ തന്നെ കൈപിടിച്ച് ഉയർത്തിയത് തന്റെ മാധവേട്ടൻ ആയിരുന്നു…

വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ആണ് ചിന്തയിൽ നിന്നും അവൾ ഉണർന്നത്…

വാതിൽ തുറന്നു.. സിസ്റ്റർ ആയിരുന്നു…

“മാഡം ഡോക്ടർ വിളിക്കുന്നു… ” അവൾ അവരെ അനുഗമിച്ചു…

മിഥുനയെ കണ്ടു ഹരി ശങ്കർ ഇരിക്കുവാൻ പറഞ്ഞു…

“മിഥു ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം… ”

“മാധവൻ നായർ ഒരു ഹാർട്ട്‌ പേഷ്യന്റ് ആണ്… പെട്ടെന്ന് തന്നെ ഒരു സർജറി വേണ്ടി വരും….ജീവൻ രക്ഷിക്കാൻ ഉള്ള അവസാന ശ്രമം….”

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു… സർജറി ക്കു കയറ്റുമ്പോൾ മാത്രം തന്നെഎപ്പോളും ചിരിപ്പിക്കുന്ന മാധവേട്ടന്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു….

“താൻ കരയേണ്ടടോ ഞാൻ പെട്ടെന്ന് തിരിച്ചു വരും” എന്ന് യാത്ര പറഞ്ഞു പോയി… ഒരിക്കലും തിരിച്ചു വരാത്ത യാത്ര…..

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി…. ആരോ കാണാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു വീട്ടിലെ വാല്യക്കാരി വന്നു മിഥുനയെ വിളിച്ചു…

ഹരിശങ്കറും അമ്മയും… കൂടെ 5 വയസ്സുള്ള ഒരാൺകുഞ്ഞും… അവരെ ക്ഷണിച്ചിരുത്തി… കൂടെ വന്ന കുഞ്ഞിനെ മടിയിൽ ഇരുത്തി…

അമ്മ അവളുടെ കയ്യിൽ പിടിച്ചു..

“മോൾക് അമ്മയോട് ദേഷ്യം ഉണ്ടോ…. ”

“ഒരിക്കലും ഇല്ല അമ്മേ എല്ലാ അമ്മമാരും ചെയ്യുന്നതേ അമ്മയും ചെയ്തുള്ളൂ…. ”

“ഈ അമ്മ ചെയ്ത തെറ്റിന് അമ്മ തന്നെ പരിഹാരം കാണട്ടെ… ”

അവൾ സംശയത്തോടെ അമ്മയെ നോക്കി…

അവർ പറഞ്ഞു തുടങ്ങി…

“അന്നു എന്റെ ഭീഷണിക്കു മുന്നിൽ ഹരി നിന്നെ വേണ്ടാന്നു വച്ചു… അതേ ഭീഷണിക്ക് മുന്നിൽ വഴങ്ങി മറ്റൊരു വിവാഹവും കഴിച്ചു… കാലക്രമേണ അവളെ സ്നേഹിക്കാനും തുടങ്ങി… ഒരു കുഞ്ഞും പിറന്നു… എന്നാൽ പണത്തിന്റ അഹങ്കാരം കൊണ്ടു അവൾ അവനെ സ്നേഹിച്ചതേ ഇല്ല… എന്തോ നിസ്സാര കാര്യത്തിന് അവൾ അവനെയും ഈ കുഞ്ഞിനേയും ഇട്ടിട്ട് പൊയ്ക്കളഞ്ഞു… നീ ഇനി എന്റെ കുഞ്ഞിന് കൂട്ട് ആകണം.. അവന്റെ മോന് അമ്മ ആകണം…. ”

അവർ അതു പറഞ്ഞു വിതുമ്പി കരഞ്ഞു. ഹരിശങ്കർ തല കുനിച്ചിരുന്നു.

“മോൾ എന്തെങ്കിലും ഒന്ന് പറയൂ…. നീ വരില്ലേ ഞങ്ങൾക്കൊപ്പം…” പ്രത്യാശയോടെ അവരിരുവരും അവളെ നോക്കി……

അവൾ ആ കുഞ്ഞിനേയും അവരെയും മാറി മാറി നോക്കി…

“വരില്ല…… ”

അവളുടെ ഉറച്ച ശബ്ദം കേട്ട് അവർ ഒരേപോലെ ഞെട്ടി….

“അമ്മാ ജീവിതം തകർന്നു പോയിടത്തുനിന്നും എന്നെ കൈപിടിച്ച് ഉയർത്തിയത് എന്റെ മാധവേട്ടൻ ആണ്… എന്റെ സഹോദരിമാരെ പഠിപ്പിച്ചു കല്യാണം കഴിച്ചയച്ചു.. മരിക്കുന്നത് വരെ അച്ഛനമ്മമാരെ പരിപാലിച്ചു… ഞങ്ങളെ സഹായിച്ചു കൊണ്ടിരുന്ന മാധവേട്ടനെയും എന്നെയും ചേർത്ത് കഥകൾ നാട്ടുകാർ പറഞ്ഞുണ്ടാക്കിയപ്പോൾ എന്റെ നിർബന്ധം കൊണ്ടാണ് മാധവേട്ടൻ എന്നെ താലി കെട്ടിയത്… ഒരു കുഞ്ഞിനെ ഒഴികെ മറ്റെല്ലാം മാധവേട്ടൻ എനിക്കു തന്നു… ഒരിക്കലും ഈ കുഞ്ഞിന് ഞാൻ ഒരമ്മ ആകില്ല.. അവനു അറിവായി തുടങ്ങിയിരിക്കുന്നു… അവനു ആവശ്യം അവന്റെ അമ്മയെ ആണ്..നിങ്ങൾ അവന്റെ അമ്മയെ പോയി കാണൂ.. ചിലപ്പോൾ അവർ അതു കാത്തിരിക്കുക ആണെങ്കിലോ…? എനിക്കു ഈ ജന്മം എന്റെ മാധവേട്ടനെ മാത്രം മതി… മരണത്തിലും എന്നോടൊപ്പം ഉണ്ട് ആ സാമിപ്യം… അതു മതി എനിക്കു…. എനിക്കിനിയും ഒരു പാട് നല്ല കാര്യങ്ങൾ ഈ സമൂഹത്തിൽ ചെയ്യാൻ ഉണ്ട്… അതിലൂടെ എന്റെ മാധവേട്ടൻ ജീവിക്കും….”

അവൾ അതു പറയുമ്പോൾ ഭിത്തിയിൽ തറച്ചിരിക്കുന്ന മുല്ല മാലകൊണ്ട് അലങ്കരിച്ച ആ ഫോട്ടോയിൽ അവളുടെ മാധവേട്ടൻ ചിരിക്കുന്നതായി തോന്നി അവൾക്കു……….

രചന: രമ്യ വിജീഷ്

Leave a Reply

Your email address will not be published. Required fields are marked *