ഇല്ലത്തെ ഉമ്മച്ചി കുട്ടി

രചന : Risvana Nisham

ഇല്ലത്തെ ഉമ്മച്ചി കുട്ടിയോ?… എന്താപ്പൊ ഇത്…? ഇല്ലത്തെങ്ങനാ ഇറച്ചീം മീനും കൂട്ട്ണ ഉമ്മച്ചി കുട്ട്യോൾ ഉണ്ടാവാ..?

നെറ്റിയിൽ ചന്ദന കുറിയും,നല്ല കാച്ചിയ എണ്ണയുടേയും തുളസി കതിരിന്റേയും മണമുള്ള മുട്ടോളമെത്തുന്ന മുടഞ്ഞിട്ട മുടിയും,പട്ട് പാവാടയും ദാവണിയും ഒക്കെ ഉടുത്ത നമ്പൂതിരി കുട്ട്യോൾ അല്ലെ ഇല്ലത്ത് ഉണ്ടാക…??

തികച്ചും മാന്യമായ സംശയം….. സംശയൊക്കെ ഞാനിപ്പൊ തീർത്ത് താരാട്ടൊ…

ഇവിടെ നമ്മുടെ കഥാ നായിക മറ്റാരും അല്ല, ആതിരയാണ്… വരിക്കാശ്ശേരി മനയിലെ കൃഷ്ണൻ നമ്പൂതിരിയുടെയും ഭാര്യ ലക്ഷ്മിയുടെയും, മകൻ വിഷ്ണു നമ്പൂതിരിയുടെ ഭാര്യ,, ആതിര…

അവളെ കണ്ടാൽ ഇല്ലത്തെ കുട്ടിയാണെന്ന് ആരും പറയൂല്ല്യ.. ചന്ദന കുറി മാറ്റിയാലുള്ള ആ വട്ട മുഖവും, ഇച്ചിരി തടിയുള്ള ശരീര പ്രകൃതവും, ആ സംസാരവും, നടത്തവും എല്ലാം കണ്ടാൽ ഒരു ഉമ്മച്ചി കുട്ടി ആണെന്ന് തന്നെ പറയു… അതിലേക്ക് അവൾ ആ ഷാൾ ഒന്ന് മെല്ലെ തലയിലേക്ക് ചേർത്ത വെച്ചാൽ പിന്നെ അവൾ ശരിക്കും ഒരു ഉമ്മച്ചി കുട്ടി തന്നെയാണ്.. അങ്ങനെ അല്ലാന്ന് പറയാനും പറ്റൂലല്ലോ… വിഷ്ണുവും അവരുടെ സ്വകാര്യതയിലായിരിക്കുമ്പോൾ, അവളുടെ പൊട്ടൊക്കെ മാറ്റി അവളുടെ തലയിൽ തട്ടം ഇടീക്കാറുണ്ട്.. സ്നേഹം കൂടുമ്പോൾ എന്റെ അയ്ഷൂട്ടീ എന്നാണ് വിഷ്ണു ആതിരയെ വിളിക്കാറ്.. ” ദേ ആരും കേൾക്കണ്ടാട്ടോ വിഷ്ണുവേട്ടാ..” അത് കേൾക്കുമ്പോയുള്ള അവളുടെ സ്ഥിരം പല്ലവിയാണ്…

വിഷ്ണു ന്റേം ആതിരേ ടേം രജിസ്റ്റർ വിവാഹം ആയിരുന്നു.. കാരണം ഒന്നും അല്ല, അവർ ഡി ഗ്രീക്ക് ചേർന്ന കോളേജിൽ വച്ച് കണ്ടുമുട്ടി, കടുത്ത പ്രണയത്തിലായി.. വിഷ്ണു സീനിയർ ആയതോണ്ട് തന്നെ അവന്റെ പഠനം കഴിഞ്ഞ് ആതിരയുടെ പഠനം കഴിയുവോളം രണ്ട് വർഷം വീണ്ടും പ്രണയിച്ച് നടന്നു.. ആതിര അവസാന വർഷം ആയപ്പോഴേക്കും എല്ലാവരേം പോലെ അവൾക്കും കല്ല്യാണാലോചന വന്ന് തുടങ്ങി… ഇതറിഞ്ഞ വിഷ്ണു അവസാന പരീക്ഷ ദിവസം അവരുടെ രജിസ്റ്റർ മാരേജ് ചെയ്യാൻ ഉള്ള ഒരുക്കങ്ങളും ചെയ്തു.. അങ്ങനെ അത് ഒരു തടസ്സവും ഇല്ലാതെ, എല്ലാം നല്ല മംഗളമായി നടന്നു… രജിസ്റ്ററ്റും കഴിഞ്ഞ് ഇല്ലത്ത് എത്തിയപ്പോയല്ലെ സംഗതി ആകെ കൈവിട്ടത്…

ആതിരയെ സ്വീകരിക്കാൻ ആവില്ല പോലും… കാരണെന്താ….,, വരിക്കാശ്ശേരി മനയിലെ പുരുഷ കേസരികൾ എല്ലാവരും അവിടത്തെ കുടുംബക്ഷേത്രമായ ശിവന്റെ അമ്പലത്തിൽ വെച്ച് താലികെട്ടിയ ചരിത്രമേ ഒള്ളു പോലും… എങ്കിലെ വിവാഹം കഴിഞ്ഞതായി അവരുടെ പൂർവ്വികർ അംഗീകരിക്കുകയൊള്ളു… ശിവക്ഷേത്രത്തിലെ താലികെട്ടും കഴിഞ്ഞ് സർപ്പകാവിൽ വിളക്കും വെച്ച്,, നാഗദേവതമാർക്ക് പൂജയും കഴിച്ച് അവർ പ്രസാദിച്ചാലെ നവവധുവിന്,, താലത്തിൽ കർപ്പൂരം കത്തിച്ച് പൂക്കളെറിഞ്ഞ് നിലവിളക്കുമായി മനയുടെ പടി കയറാൻ സാധിക്കുകയൊള്ളു.. എന്നാലെ അവരുടെ നാഗദേവതമാരും മറ്റും അവരെ അനുഗ്രഹിക്കത്തൊള്ളു…

ആചാരാനിഷ്ടാനങ്ങൾ നിറവേറ്റാതെ പറ്റില്ലല്ലോ,, പുതു ജീവിതം തുടങ്ങുമ്പോൾ ദൈവ കോപവും,, സർപ്പ ശാപവും ഏൽക്കാൻ പാടില്ലല്ലോ..

ചെക്കൻ പെണ്ണിനെ അടിച്ചെടുത്ത് കൊണ്ടന്നത് കൊണ്ട് തന്നെ,, ശിവക്ഷേത്രത്തിലെ വിവാഹ ചടങ്ങിനൊക്കെ വളരെ ചുരുക്കം, ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം ഉണ്ടായിരുന്നൊള്ളു.. പിന്നീട് കുടുംബത്തിലെ എല്ലാവരേം വിളിച്ച് നല്ലൊരു പാർട്ടി തന്നെ കൊടുത്തു… ആറ് കൂട്ടം പായസോം ഇരുപത്തി ഒന്ന് കൂട്ടം കൂട്ടാനും ഉള്ള ഒരു കെങ്കേമമായ സദ്യ തന്നെ ഒരുക്കി… സദ്യയെ കുറിച്ചും പുതുമണവാട്ടിയെ കുറിച്ചും എല്ലാവർക്കും നല്ലത് മാത്രേ പറയാൻ ഒള്ളൂ,,, എങ്കിലും അങ്ങിങ്ങായ് ചെറിയ മുറുമുറുപ്പുകൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു….

കല്യാണ കോലാഹളങ്ങളും എല്ലാം കഴിഞ്ഞ്,, നാല് മാസവും കഴിഞ്ഞ്,ആതിര ഒന്നര മാസം ഗർഭിണിയും ആണിപ്പോൾ.., എന്നിട്ടും മുറുമുറുപ്പുകൾ കൂടി വരുന്നതല്ലാതെ ഒരു കുറവും ഇല്ല.. അതിന് കാരണവും ഉണ്ട്,, വിഷ്ണുവിന്റെ ബന്ധു വീട്ടുകാരെ, അതായത് ആതിരയുടെ വീട്ടുകാരെ ആരും കണ്ടിട്ടില്ല… എങ്ങനെ കാണും….???

അവളെ ഒരു നോക്കു കാണാൻ ആ പാവം എത്ര തവണ ഈ മനയിൽ കയറി ഇറങ്ങി.. അവളോട് സംസാരിക്കുക പോലും വേണ്ട ഒന്നു കണ്ടാൽ മതി,, അതിന് പോലും ഇല്ലത്തുള്ളവർ സമ്മതിക്കണില്ല… അവൾ ഗർഭിണിയാണെന്നറിഞ്ഞിട്ട് തന്നെ അവളുടെ ഉപ്പ എത്ര തവണ വന്നു.. അവളെ ഒന്നു കാണാൻ പോലും സമ്മതിച്ചില്ല..

ഒരു ദിവസം കാദർ വന്നപ്പോൾ മനയിലുള്ളവർ തറപ്പിച്ചു പറഞ്ഞു “ഇനി ഇങ്ങട് വരരുത്, അവളിപ്പോൾ നിങ്ങളുടെ മകൾ ആയിഷ അല്ല. എന്റെ മകൻ വിഷ്ണുവിന്റെ ഭാര്യ ആതിരയാണ്.., എന്റെ മകന്റെ കുഞ്ഞിന്റെ അമ്മയാണ്, ആ കുഞ്ഞിലും അവളിലും ഒരു അവകാശവും പറഞ്ഞ് ഇനീം ഈ പടി കയറി വരരുത്.. അന്ന് രജിസ്റ്റർ മാരേജും കഴിഞ്ഞ് വന്നപ്പോൾ പറഞ്ഞതാണ്, നിനക്ക് ഇവിടെ വിഷ്ണുവിന്റെ ഭാര്യ ആയി തുടരണമെങ്കിൽ, നീ ഇതുവരെ തുടർന്നു പോന്ന ആചാരങ്ങളൊന്നും ഇവിടെ പറ്റില്ല.., ഇവിടെ താമസിക്കണമെങ്കിൽ ഈ മനയിലെ ആചാരങ്ങളും അനിഷ്ടാനങ്ങളും മാത്രമേ പറ്റൂ.. നിന്റെ പേരും പറഞ്ഞ് ആരും ഈ ഇല്ലത്ത് കയറി വരാൻ പാടില്ല.. ഇതൊക്കെ സമ്മതിച്ചിട്ടാണ് നിങ്ങളുടെ മകൾ ആയിഷയെ, എന്റെ മകൻ വിഷ്ണുവിന്റെ ഭാര്യആക്കിയത് ” “നിങ്ങൾ എന്തു തന്നെ പറഞ്ഞാലും അവൾ എന്റെ മകളല്ലാതിരിക്കില്ലല്ലോ.. ദയവു ചെയ്തു അവളെ ഒന്നു കാണുവാൻ സമ്മതിക്കണം.. ഞാൻ നിങ്ങളുടെ കാല് പിടിക്കാം.. ദയവ് ചെയ്ത് ഒന്നു സമ്മതിക്കണം.. ഈ പലഹാരം അവൾക്ക് കൊടുത്ത് ഉടനെ തന്നെ ഞാൻ തിരിച്ച് പൊക്കോളാം” കാദർ കരഞ്ഞ് പറഞ്ഞു… “ഇയ്യാളോടിത് പറഞ്ഞാലും മനസ്സിലാകില്ലേ.. ഹയ്യ്… പറഞ്ഞാലും മനസ്സിലാകില്ല., രാമാ… ഇവിടെ വരൂ.. ഇയാളെ പറഞ്ഞ് മനസ്സിലാകൂ… ഇവട്ന്ന് പോകാൻ പറയൂ.. ” എന്നും പറഞ്ഞ് വിഷ്ണുവിന്റെ മുത്തശ്ശന് അവിടന്ന് എണീറ്റ് പോയി..

“കാദർക്ക വരൂ.. ഞാൻ പറയാം.. വരൂ.. ” ഇതും പറഞ്ഞ് കാര്യസ്ഥൻ രാമൻ കാദറിനെ പിന്നാമ്പുറത്തെ തൊടിയിലേക്ക് കൊണ്ടു പോയി.. അപ്പോയും ” മോളേ.. ആയിഷാ ഒന്ന് വാ.. ഓടി വാ മോളേ ” എന്നും അലറി വിളിച്ചോണ്ടിരിക്കുകയായിരുന്നു കാദർ… പിന്നാമ്പുറത്തെ തൊടിയിലെത്തിയതും കാദറിന്റെ പൊട്ടി കരച്ചിലിന് രാമൻ സാക്ഷി ആകേണ്ടി വന്നു… അത് മുമ്പ് വന്നപ്പോയും ഇങ്ങനെ തന്നെ ആയിരുന്നല്ലൊ… അവർ കാദറിനെ ഇറക്കി വിടും, രാമൻ കാദറിനെയും വിളിച്ചോണ്ട് പോകും,അവൾ കാണാതെ,കാദറിനെ കാണിക്കാൻ വേണ്ടി ആരും അറിയാതെ ആയിഷയെ വിളിച്ചോണ്ട് വരും.. അവൾ പോലും അറിയാതെ അവളെ കണ്ട സംതൃപ്തിയിൽ, ഒന്നും സംസാരിക്കാൻ പറ്റാത്ത വിഷമം ഉള്ളിൽ ഒതുക്കി കാദർ മടങ്ങും.,

“രാമാ.. എന്റെ മോളെ ഒന്ന് വിളിച്ചോണ്ട് വാടാ.. ഇതാ ഇത് അവൾക്ക് കൊടുക്കാൻ വേണ്ടിയിട്ടാണ്… അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം ആണിത്..” എന്നും പറഞ്ഞ് കാദർ തന്റെ കയ്യിലുള്ള പലഹാര പൊതി രാമന് നേരെ നീട്ടി… ” കാദർക്ക ഇവിടെ നിൽക്കുട്ടൊ.. ആയിഷ മോൾ എവിടെയാണെന്ന് നോക്കിയിട്ട് വരാം.. ” ഇതും പറഞ്ഞ് രാമൻ ആതിരയെ വിളിച്ചോണ്ട് വരാൻ പോയി.. ‘എന്തു തന്നെ വന്നാലും ഇത് എന്റെ കുഞ്ഞോൾക്ക് കൊടുക്കണേ..’ എന്നും പറഞ്ഞ് തട്ടം കൊണ്ട് നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ തുടക്കുന്ന ബീവിയുടെ മുഖം ഓർത്ത് കണ്ണീർ വീഴ്ത്താതിരിക്കാൻ കാദറിനായില്ല..

“എന്തിനാ രാമേട്ടാ ഇങ്ങട് വരുന്നെ ” എന്നും ചോദിച്ചോണ്ട് വരുന്ന തന്റെ മകളുടെ ശബ്ദം കേട്ട്‌ ചിന്തയിൽ നിന്നുണർന്ന് കാദർ അങ്ങോട്ട് നോക്കി… സെറ്റ് സാരിയും ഉടുത്ത് വരുന്ന തന്റെ മകളെ കണ്ടപ്പോൾ കാദറിന് സന്തോഷം ആയെങ്കിലും ആരെങ്കിലും ഇത് കണ്ടാൽ ഉണ്ടാക്കുന്ന ഭവിഷ്യത്ത് ഓർത്ത് ഉള്ളൊന്ന് പിടഞ്ഞു.. അവൾ കാണാതിരിക്കാൻ വേണ്ടി തൊടിയിലെ വല്ല്യ ഒരു പ്ലാവിന് പിന്നിലേക്കായി മറഞ്ഞ് നിന്നു.. “അതേയ് ഒന്നുല്യ കുഞ്ഞെ.. ഇതാ എന്റെ ഭാര്യ ഉണ്ടാക്കിയ ഉണ്ണിയപ്പം ആണ്, ഇത് കുഞ്ഞിന് തരാൻ വേണ്ടിയ ഇങ്ങട്ട് വിളിച്ചോണ്ട് വന്നത്.. മോൾക്ക് വിശേഷം ആയി അറിഞ്ഞ സന്തോഷത്തിൽ ഉണ്ടാക്കിയതാണ്.. കുഞ്ഞ് ഒന്നെങ്കിലും കഴിക്കണം” രാമൻ പറഞ്ഞ് നിർത്തി.. “ഹായ് ഉണ്ണിയപ്പൊ എവിടെ.? ഇങ്ങട്ട് താ എന്റെ ഇഷ്ടപെട്ട പലഹാരം ആണിത്.. ഇതാണൊ എന്നോട് ഒന്നെങ്കിലും കഴിക്കണം എന്ന് പറഞ്ഞത്.. ” പലഹാരപ്പൊതി വാങ്ങി കൊണ്ട് അവൾ പറഞ്ഞു.. പൊതി തുറന്ന് ഉണ്ണിയപ്പം ആർത്തിയോടെ തിന്നുന്നത് കാദർ സന്തോഷത്തോടെ നോക്കി നിന്നു..

ഉണ്ണിയപ്പം കഴിച്ചതും അവളുടെ കണ്ണിൽ നിന്നും ധാരയായ് കണ്ണീർ പൊഴിഞ്ഞു.. “അയ്യോ.. എന്താ കുഞ്ഞെ എന്താ പറ്റിയെ..?” ഒന്നും മനസ്സിലാവാതെ രാമൻ ചോദിച്ചു… “ഒന്നൂല്ല രാമേട്ടാ.. എന്റെ ഉമ്മാടെ അതേ കൈപുണ്യം ആണ് രാമേട്ടന്റെ ഭാര്യക്കും.. തേങ്ങയും എള്ളും ഇട്ട് എനിക്ക് മാത്രമായിട്ട് എന്റെ ഉമ്മ ഉണ്ടാക്കി തരുന്ന അതേ രുചി.. അതോർത്തപ്പൊ അറിയാതെ… ” വാക്കുകൾ മുഴുവിപ്പിക്കുവാൻ അവൾക്കായില്ല.. അവൾ അവിടെ നിന്നും തിരിച്ച് പോയി..

” കണ്ടോ രാമാ… എന്റെ മോൾ അതൊന്നും മറന്നിട്ടില്ല… നിന്നോട് ഞാൻ എങ്ങനെയാ നന്ദി പറയേണ്ടത്.. എനിക്കറിയില്ലല്ലോ ടാ.. ഞാൻ ഓരോ തവണ വരുമ്പോഴും എന്റെ മകളെ നിന്റെ കാരുണ്യം കൊണ്ടാണ് ഞാൻ കാണുന്നത്.. ഇതിനൊക്കെ പകരമായിട്ട് ഞാൻ എന്താ ചെയ്യണ്ടെ..? നീ തന്നെ പറഞ്ഞ് താ.. ” കാദർ കരഞ്ഞ് കൊണ്ട് ചോദിച്ചു… ” കാദർക്ക നിങ്ങൾ എനിക്കൊന്നും ചെയ്ത് തരണ്ട ഒരു അഛന്റെ വേദന എനിക്കും മനസ്സിലാകും… കാരണം നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് എന്റെ മകളും ഇങ്ങനെ വീട് വിട്ട് ഇറങ്ങി പോയത ഒരു ക്രിസ്ത്യാനിയുടെ കൂടെ.. അവരുടെ വീടിന്റെ പടിക്കൽ ഞാനും ഇങ്ങനെ നിന്ന് കരഞ്ഞിട്ടുണ്ട്,, അതോണ്ട് തന്നെ നിങ്ങളെ മാനസികാവസ്ഥ എനിക്കറിയാം, എനിക്ക് ഊഹിക്കാവുന്നതേ ഒള്ളൂ.. ” എന്നും പറഞ്ഞ് രാമൻ തന്റെ കണ്ണീർ തുടച്ചു.. ഇവിടെ തങ്ങളുടെ മക്കളുടെ കാര്യത്തിൽ രാമനും കാദറും തുല്യ വേദന പങ്കിടുന്നത് ചങ്ക് പറിയുന്ന വേദനയോടെ അവൾ നോക്കി നിന്നു.. ‘ഞാൻകാണാതെ എന്നെ കണ്ടതിലുള്ള സന്തോഷത്തോടെ മടങ്ങുന്ന ഉപ്പയെ ‘ നിറ കണ്ണുകളോടെ നോക്കി നിൽക്കാനെ അവൾക്കായൊള്ളു…

ജനാലയിലൂടെ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന അവളുടെ പിറകിലൂടെ ചെന്ന് സാരി തലപ്പ് കൊണ്ട് തല വഴി ഇട്ട് പിന്നിൽ നിന്നും അവളെ ചേർത്ത് പിടിച്ച് കൊണ്ട് “എന്റെ അയ്ഷുട്ടി എന്താ ആലോചിക്കുന്നേ.. ” എന്നും പറഞ്ഞ് വിഷ്ണു അവളെ തിരിച്ച് നിർത്തിയതും, കണ്ണിൽ നിന്നും ധാരയായ് ഒഴുകി വരുന്ന കണ്ണീരിനെ അടക്കി നിർത്തി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അവൾക്കായില്ല.. അവനേം കെട്ടിപിടിച്ച് അവൾ കരഞ്ഞു… “നിന്റെ ഉപ്പ ഇന്നും വന്നിരുന്നു അല്ലെ..?” വിഷ്ണു ചോദിച്ചു.. അതേ എന്നവൾ തലയാട്ടി.. ” എന്നത്തേയും പോലെ നീ കാണാതെ നിന്നെ കണ്ടു എന്ന നിർവൃതിയോടെ നിന്റെ ഉപ്പ പോയി, അതല്ലെ ഇന്നും സംഭവിച്ചെ..?” അവൻ ചോദിച്ചു… അവൾ തന്റെ ഉമ്മ തനിക്ക് വേണ്ടി ഉണ്ടാക്കിയ ഉണ്ണിയപ്പം അവന് നേരെ നീട്ടി… “നീ കരയണ്ടടി പൊട്ടി പെണ്ണെ.. എനിക്കറിയാം, നിനക്ക് അവരെയെല്ലാം കാണണെമെന്ന് ആഗ്രഹമുണ്ടെന്ന്… നീ ഒരു രണ്ട് മാസം കൂടി ക്ഷമിക്ക്.. അതിനുള്ളിൽ എന്റെ ജോലിയൊക്കെ ശരിയാകും… അന്ന് നമ്മൾ ഈ ഇല്ലം വിട്ടിറങ്ങും.. നമ്മുടേതായ ലോകത്തേക്ക് മാറി താമസിക്കും, അവിടേക്ക് ആർക്കും ധൈര്യത്തോടെ കടന്ന് വരാം.. നിനക്കും നിന്റെ വീട്ടിൽ പോവുകേം ചെയ്യാം.. നിന്റെ ഇഷ്ടത്തിനനുസരിച്ച് നിന്റെ ആചാരങ്ങളിലൂടെ ജീവിക്കുകയും ചെയ്യാം.. ഞാൻ നിന്നെ പ്രണയിച്ച് കൂടെ കൂട്ടിയത് നിന്നെ ഈ ഇല്ലത്തെ ഒരു നമ്പൂതിരി കുട്ടി ആക്കാൻ അല്ല… എന്റെ ഹൃദയത്തിലെ ഉമ്മച്ചി കുട്ടി ആക്കാനാണ്..” വിഷ്ണുവിന്റെ മറുപടി കേട്ട്, തന്നെ മനസ്സിലാക്കുന്ന ഭർത്താവിനെ ലഭിച്ചതിൽ അഭിമാനം കൊണ്ടു…

അവൾ ആലോചിച്ചു.. ‘അന്ന് തന്റെ കൂടെ പടിച്ച ലിസിയുടെയും ആഷിഖിന്റെയും ജീവിതത്തെ കുറിച്ച്.. ലിസിയുടെ അപ്പച്ചനും ഇത് പോലെ ആഷിഖിന്റെ വീടിന് മുന്നിൽ നിന്ന് തന്റെ മകളെ കാണാൻ വേണ്ടി കരഞ്ഞിട്ടുണ്ടാകുമോ…??? അതൊ അവരുടെ പ്രണയത്തെ ഉൾക്കൊണ്ട് എല്ലാം മനസ്സിലാക്കി ആഷിഖിന്റെ വീട്ടുകാർ രണ്ടാളെയും അകമഴിഞ്ഞ് സ്വീകരിച്ച് കാണുമോ…???

രചന : Risvana Nisham

Leave a Reply

Your email address will not be published. Required fields are marked *