അഴിഞ്ഞു പോയ മുടി പിന്നിൽ വാരികെട്ടി അടുക്കള വശത്തേക്ക് നടക്കുന്നിതിനിടയിൽ രണ്ട് തവണ ആവലാതിയോടെ പുറത്തേക്കു നോക്കിയിരുന്നു…

രചന: അയ്യപ്പൻ അയ്യപ്പൻ

അവന്റെ ഇളം നീല നിറത്തിലെ യൂണിഫോമിന്റെ ഷർട്ട് കഴുകി പിഴിഞ്ഞു വെള്ളം കുടഞ്ഞു മുറ്റത്തു വിരിക്കുമ്പോൾ അവൾ നേർത്ത ശബ്ദത്തിൽ പിറുപിറുത്തിരുന്നു….

മുന്താണി അരയിൽ ചുറ്റി ആഴിഞ്ഞു പോയ മുടി പിന്നിൽ വാരികെട്ടി അടുക്കള വശത്തേക്ക് നടക്കുന്നിതിനിടയിൽ രണ്ട് തവണ ആവലാതിയോടെ പുറത്തേക്കു നോക്കിയിരുന്നു…

അടുക്കളയിൽ ചെന്നു ഒരു വാക്കത്തിയെടുത്തു വീടിന്റെ ഉമ്മറത്തേക്ക് നടക്കുമ്പോൾ ആധിയോടെ ക്ലോക്കിൽ നോക്കി… സമയം മൂന്ന് നാല്പത്തിയഞ്ചു….

വീടിന്റെ ഒരു വശത്തു ചൊന്നു തുടുത്തു പടർന്നു കിടന്ന ചെമ്പരത്തികമ്പുകൾ വെട്ടി ചീകി മിനുക്കി.. റോഡിനോട് ചേർന്ന് കിടന്ന വഴിയിൽ അവൾ ഒരു വേലികെട്ടി…

നനഞ്ഞു കുതിർന്ന നെറ്റിത്തടത്തിൽ സിന്ദൂരം പടർന്നപ്പോഴാണ് അവൾ മുഷിച്ചിലോടെ നടു നിവർത്തി റോഡിന്റെ ഇടതു വശത്തേക്ക് നോക്കിയത്.

ദൂരെ ഇളം നീല ഷർട്ടിന്റെ യൂണിഫോം ഇട്ടു മാൻകുഞ്ഞുങ്ങളെ പോലെ ചാടിതുള്ളി അലച്ചു ചാടി വരുന്ന കുഞ്ഞുങ്ങളെ കണ്ടാണ് അവൾ തലയിൽ പതിയെ ഒരടി കൊടുത്തു അടുക്കളയുടെ പിന്നാമ്പുറത്തേക്ക് നടന്നത്…

എന്നിട്ട് ഒരു ഓട്ടുരുളിയിൽ കുഴച്ചു വെച്ച ഗോതമ്പിൽ ശർക്കരയും പൂവൻപഴവും തേങ്ങചുരണ്ടിയതും ഏലയ്ക്കയും കൂട്ടിയിളക്കി വെള്ളം ഉണങ്ങാത്ത വയണയിലയിൽ കുമ്പിളു കുത്തി ആവിപൊന്തിയ ഇഡ്‌ഡലിതട്ടിൽ വെച്ചു….. ശേഷം പാല് വെട്ടിതിളച്ചു നൊന്തു പിടഞ്ഞതിൽ ഒരല്പം ചായപ്പൊടി ചേർത്ത് കടുപ്പം കുറഞ്ഞഒരു ചായയും ഉണ്ടാക്കി വെച്ചു…

വിറകടുപ്പിൽ ഇരുന്ന ചെറു ചൂട് വെള്ളം ഒരല്പം പച്ച വെള്ളം കൂടെ കലർത്തി അവനു കുളിക്കാൻ പാകത്തിന് ചൂട് ഉണ്ടോ എന്ന് ഒന്നുകൂടി നോക്കിയ ശേഷം.. മുറ്റത്തെ തുളസിയിൽ നിന്നും ഒരല്പം കൃഷണതുളസി കൈകളിൽ വെച്ചു ചേർത്ത്ഉരുമ്മി സുഗന്ധം അരിച്ചിറങ്ങുന്നതുളസി നീര് അവന്റെ തല കഴുകാൻ വെച്ചിരുന്ന പച്ചവെള്ളത്തിൽ കൂട്ടിയിളക്കി വെച്ചു….

എന്നിട്ട് ഉമ്മറത്തെ പടിയിൽ കിടന്ന അവന്റെ കുഞ്ഞി ചെരുപ്പ് എടുത്തു ഒരു വശത്തേക്ക് നീക്കി ഇട്ടിട്ട്… മഴവെള്ളത്തിന്റെ മണ്ണ് പുരണ്ട അവന്റെ പോപ്പികുടയെടുത്തു ഇറയത്തേക്കു വെച്ചു… ചെമ്പരത്തിവേലിക്കരികിൽ ചെന്നു നിന്നു…

മണി നാല് മുപ്പതു കഴിഞ്ഞിരിക്കുന്നു…

വല്ലാത്ത ഭയം അവളുടെ ഉടലിൽ പൊതിഞ്ഞു…. അവളുടെ നെഞ്ചിൽ കനലെരിഞ്ഞു…. ആ ചൂടിൽ വെന്ത് അവൾ നിന്നു നീറി….

അവൾക്ക് കരയാൻ തോന്നി… “കുഞ്ഞെവിടെ” അവൾ തലതല്ലി കരഞ്ഞു…

കുഞ്ഞെവിടെ???

അവൾ വഴിയിൽ പോവുന്നോരോട് ചോദിച്ചു…

ചീറി പാഞ്ഞുപോയ ബസുകാരനോട് ഉറക്കെ വിളിച്ചു ചോദിച്ചു…

മുറുക്കാൻ കടയിലെ തിമിരം വന്നു കണ്ണ് പാടകെട്ടിയ വൃദ്ധനോട്‌ ചോദിച്ചു…

വേലിക്കരുകിൽ വന്നിരുന്ന കാക്കപ്പെണ്ണിനോട് ചോദിച്ചു…

“കുഞ്ഞെവിടെ….. ??? ”

നിശബ്ദതയായിരുന്നു മറുപടി… അതുകൊണ്ടാണ് അവൾക്ക് വീണ്ടും കരച്ചിൽ വന്നത് മൂവന്തിസമയത്തു ജോലി കഴിഞ്ഞു വരുന്ന അവളുടെ പ്രിയപ്പെട്ടവൻ വരുന്നവരെയും അവൾ പതം പറഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു …

കുഞ്ഞെവിടെ….

അയാളെ ചേർത്ത് പിടിച്ചവൾ അലറികരയുമ്പോൾ അവൾ വീണ്ടും പുലമ്പി… കുഞ്ഞെവിടെ…

അവൾ വിങ്ങി പറഞ്ഞു…

“ഞാൻ കുളിപ്പിച്ചു നിർത്തിയപ്പോഴല്ലേ എന്നെ പറ്റിക്കാൻ വീടിന്റെ മുൻവശത്തേക്ക് അവൻ പോയത്? ?”

“ഞാൻ അവനെ കാണാതിരിക്കാൻ അല്ലെ അവൻ വേലിയില്ലാത്ത മുറ്റം കടന്നു റോഡിലേക്ക് ഓടിയത്??? ”

അപ്പോഴല്ലേ ഒരു വണ്ടി ചീറി പാഞ്ഞു വന്നത്…..

ന്റെ മുന്നീ വെച്ചല്ലേ….??? കരഞ്ഞു വീങ്ങിയ അവളെ നെഞ്ചോട് ചേർക്കുമ്പോൾ അയാൾ മെല്ലെ പറഞ്ഞു…

“ഇതിപ്പോ രണ്ട് വർഷം ആയിട്ടും നീ ഇങ്ങനെ…. ”

അവളൊന്നും കേൾക്കാതെ വീണ്ടും പറഞ്ഞു

“ഇന്നും അവനിഷ്ടമായതൊക്കെ ഞാൻ ഉണ്ടാക്കി വെച്ചു ….. ഇന്നും അവൻ വന്നില്ല….

പറയു… എന്റെ കുഞ്ഞെവിടെ????? ”

രചന: അയ്യപ്പൻ അയ്യപ്പൻ

Leave a Reply

Your email address will not be published. Required fields are marked *