“ഉമ്മ”

രചന : നസീറ.കെ.എ

തുപ്പിയതും തൂറിയതും ഒക്കെ കൈ കൊണ്ട് വാരി മതിലിൽ എടുത്ത് തേക്കുന്നു.. എനിക്കിനി വയ്യ ഇക്ക നോക്കാൻ..ഇനി ഇക്ക കൊണ്ട് പോയ് നോക്ക്..എന്തായാലും ഞാൻ നോക്കിയ അത്രയും കാലം ഇക്കാക് നോക്കേണ്ടി വരില്ലല്ലോ..ആഷിഖ് മോനാണെങ്കിൽ അത് ഒക്കെ കണ്ട് കഴിഞ്ഞാൽ ഭക്ഷണം പോലും കഴിക്കില്ല..ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് അത് വല്ലതും ഇഷ്ടപ്പെടുമോ??മാത്രമല്ല,അടുത്ത ഞായറാഴ്ച അവന്റെ വീടിന്റെ വാസ്‌തോലി അല്ലെ??ഇക്കാക് അറിയാല്ലോ രൂപ 45 ലക്ഷം മുടക്കിയതാ..എന്റെ കുഞ്ഞ് ഗൾഫിൽ പോയി ചോര നീരാക്കി ഉണ്ടാക്കിയ കാശ് കൊണ്ട് അവന്റെ ഇഷ്ടത്തിനനുസരിച്ചു ഒരു വീട് ഉണ്ടാക്കിയതിൽ നമ്മുടെ ഉമ്മയെ കൊണ്ട് പോയാൽ ഇത് പോലുള്ള വൃത്തികേട് കാരണം അവന് അത് ഒന്നും ഇഷ്ടമാവില്ല..അവന്റെ കുഞ്ഞും അതൊക്കെ കാണില്ലേ?”

ആസിയ പറഞ്ഞു നിർത്തി..മറുത്ത് ഒന്നും പറയാനോ ചോദിക്കാനോ നിൽക്കാതെ ഉമ്മയുടെ മുറിയിലേക്ക് ചെന്നു..

ഉറങ്ങുക ആയിരുന്നു ഉമ്മ..താൻ ഉൾപ്പടെ 7 മക്കൾക്ക് ജന്മം നൽകിയ ഉമ്മ..4 ആണും 3 പെണ്ണും..ആസിയയുടെ ഭർത്താവ് അവളെ ഇട്ടേച്ചു പോയതിൽ പിന്നെ അവളും മോനും ഞങ്ങളിൽ ഇളയവൻ ആയ ജബ്ബാറും ഭാര്യയും 2 ആൺമക്കളും കൂടെ കുടുംബത്തിൽ തന്നെ ആയിരുന്നു..

ഉമ്മക്കു ഓർമ്മ നഷ്ടമാകുന്നതിന് മുൻപ് വീട് ഭാഗം വെക്കാൻ തീരുമാനം എല്ലാരും കൂടി എടുത്തപ്പോൾ ഞങ്ങൾ 5 പേർ ഒന്നും വേണ്ട എന്ന് അറിയിച്ചു.. ആസിയായും ഗൾഫിൽ ഉള്ള അവന്റെ മോനും കൂടി ഉമ്മയെ പറഞ്ഞു സുഖിപ്പിച്ചു വീട് അവളുടെ മോന്റെ പേരിലേക്ക് ആക്കാൻ തീരുമാനം ആയി..ജബ്ബാറും കുടുംബവും പടി ഇറങ്ങി..നേരത്തെ ഉള്ള കരാർ പ്രകാരം ഉമ്മയുടെ സംരക്ഷണംആസിയായിൽ എത്തി..

ഒരു വർഷം ആയിട്ടുള്ളു അവൾ ഇങ്ങോട്ട് മാറിയിട്ട്..ഉമ്മക്കു വയ്യാതായിട്ട് 6 മാസവും..കുടുംബ സ്ഥലത്ത് വേറെ വീട് പണിയാൻ വേണ്ടി അവൾ വാടക വീട്ടിലേക്ക് മാറിയിരുന്നു..അടുത്താഴ്ച പുത്തൻ വീട്ടിലേക്ക് പോകും മുൻപ് ഉമ്മയെ ഒഴിവാക്കണം അതിനാണ് ഈ പുകിൽ..

പതുക്കെ ഉമ്മക്കു അരികിൽ ഇരുന്നു..തലയിൽ തലോടി..എന്റെ 11 വയസ്സിൽ ഞങ്ങൾ അനാഥരായി..അന്ന് തൊട്ട് ഉമ്മയെ സഹായിച്ചും കുടുംബം നോക്കിയും മുന്നോട്ട് പോയത് ഞാൻ ആണ്..അത് കൊണ്ടാവാം ഉമ്മാക്ക് ഏറ്റവും ഇഷ്ടം ഉള്ള മകൻ ഞാൻ ആയിരുന്നു..

“മോനേ.. കണ്ണടയും മുൻപ് ഒരു ദിവസം എങ്കിലും എനിക്ക് നിന്റുപ്പായുടെ വിയർപ്പിന്റെ മണ്ണിൽ നല്ലൊരു വീട് വെച്ചതിൽ ഉറങ്ങണം മോനെ..”ഉമ്മ എന്നോ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നപ്പോൾ നെഞ്ച് വിങ്ങി..

ഉമ്മയുടെ കൈയിൽ പിടിച്ച് ഉമ്മയോടായി പറഞ്ഞു:- ഉമ്മാനെ ഞാൻ കൊണ്ട് പോകുവാ..ഇനി ആർക്കും ശല്യമാവാൻ എന്റുമ്മയെ ഞാൻ വിടില്ല..അവർ അവിടെ താമസിച്ചോട്ടെ ഉമ്മാ..

നെഞ്ചിൽ വലിയ ഭാരം തോന്നുന്നു..ശരീരം വിറക്കുന്നു..

പെട്ടെന്ന് അരുതാത്തത് എന്തോ കേട്ടെന്ന മട്ടിൽ ഉമ്മ കണ്ണുകൾ തുറന്ന് എന്നെ ഒന്ന് നോക്കി..എന്നോ പ്രകാശം നഷ്ടപ്പെട്ട് പോയ ആ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു..മെല്ലെ കണ്ണുകൾ കൊണ്ട് എന്തോ ആംഗ്യം കാണിച്ചു..ചുണ്ടിൽ ചെറിയൊരു ചിരി വരുത്തി..ദിക്ർ ഉച്ചത്തിൽ മൊഴിഞ്ഞു..എന്നെ നോക്കി ആ കണ്ണുകൾ അടഞ്ഞു..

ഒരു നിമിഷം ഞാൻ തണുത്തുറഞ്ഞു പോയി..ഒരു ദുഃസ്വപ്നം പോലെ.. ഓർമ്മ വന്നപ്പോൾ വീട്ടിൽ നിറയെ ആളുകൾ..ആരൊക്കെയോ എനിക്ക് ചുറ്റും ഇരിപ്പുണ്ട്..ഉമ്മയെ ഖബറടക്കി കഴിഞ്ഞുവത്രെ..

എഴുന്നേറ്റു,ആസിയ അവിടെ ഒരു മൂലയിൽ ഇരിക്കുന്നു..മെല്ലെ അവൾക്കരികിലേക്ക് ചെന്നു.. കുനിഞ്ഞു ചെവിയിൽ പറഞ്ഞു:-സമാധാനം ആയില്ലേ നിനക്ക്??അവരുടെ തുപ്പലും കാഷ്ഠവും നിനക്ക് അറപ്പ് ഉളവാക്കി അല്ലെ??കുഞ്ഞുനാളിൽ എന്റെയും നിന്റെയും എത്രയോ തുപ്പലുകൾ അവർ തുടച്ചിട്ടുണ്ടാവും??നിനക്ക് അറിയുമോ??നിന്റെ വാക്കുകൾ ഉമ്മക്കു എത്ര വേദന ഉണ്ടാക്കിയിട്ടുണ്ടാവും എന്ന്??ബോധം ഇല്ലെങ്കിലും ഓർമ്മ ഇല്ലെങ്കിലും അത് നിന്റെ ഉമ്മയാർന്നെടി.. അവരുടെ ചോര ആയിരുന്നെടി നീ ദാഹം അകറ്റാൻ 2 വയസ്സ് വരെ കുടിച്ചത്..കണ്ണ് നിറക്കാൻ പോലും അവകാശം ഇല്ല നിനക്ക്..ആഷിഖിന് തെറ്റ് പറ്റിയാൽ തിരുത്തി കൊടുക്കേണ്ട നീ അവനു ഒത്താശ ചെയ്തു..ഉമ്മയെ നോക്കാൻ പ്രയാസം ഉണ്ടായിരുന്നു എങ്കിൽ എന്തിനാടി ഇത്ര നാൾ അത് നീ പറയാതിരുന്നെ??ആണായ എനിക്ക് ഉണ്ടായ കരുണ പോലും നിനക്ക് ഇല്ലാതായി പോയോ??

ഒരു കിതപ്പോടെ അവിടുന്നിറങ്ങി ഉമ്മാന്റെ ഖബ്റിന് അരികിലേക്ക് എത്താൻ..

ആസിയയുടെ ഉള്ളിൽ ഇരുന്ന് ആരോ അപ്പോൾ പറയുന്നുണ്ടായിരുന്നു:–

“ആഷിഖും ഒരു മകൻ ആണെന്ന്,നീയും പ്രായമാകുമെന്നും”

രചന : നസീറ.കെ.എ

Leave a Reply

Your email address will not be published. Required fields are marked *