എടൊ… ജീവിതം എന്ന് പറയുന്നത് നമ്മൾ കരുതുന്നത് പോലെ ഒന്നുമല്ല…

രചന: മഹാ ദേവൻ

പഠിക്കാൻ മിടുക്കനായിരുന്നവൻ വെട്ടുകല്ല് ചുമക്കുന്നത് കണ്ടപ്പോൾ ആവണിയുടെ മുഖത്ത് അത്ഭുതമായിരുന്നു. ക്ലാസ്സിൽ എപ്പോഴും ഒന്നാമൻ. എല്ലാവരോടും നല്ല രീതിയിൽ മാത്രം പെരുമാറുന്നവൻ ! ആര് വഴക്ക് പറഞ്ഞാലും ചിരിയോടെ അതിനെ നേരിടുന്നവർ! കുറച്ച് മാത്രം സംസാരിക്കുന്നവൻ ! ടീച്ചർമാർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ട്ടം തോന്നിപ്പിക്കുന്ന ശുദ്ധൻ !

എല്ലാ നല്ല ഗുണങ്ങൾ ഒക്കെയും ദൈവം ഒരാൾക്ക് കൊടുത്തെന്നു കൂട്ടുകാർ കളിയാക്കി പറഞ്ഞവൻ ആണ് മുന്നിൽ വെട്ടുകല്ല് ചുമന്ന് പോകുന്നത് എന്നോർത്തപ്പോൾ അവളുടെ മനസ്സിൽ സങ്കടവും അത്ഭുതവും ഒരുമിച്ചായിരുന്നു.

വെട്ടുകല്ലും ഏറ്റി വരുമ്പോൾ മുന്നിൽ തന്നെ തന്നെ നോക്കി നിൽക്കുന്ന ആവണിയെ കണ്ടപ്പോൾ ആദ്യം അവനും ഒന്ന് പകച്ചു നിന്നു. പിന്നെ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കല്ലുമായി മുന്നോട്ട്‌ നടന്ന് അവൾക്കരികിലെത്തുമ്പോൾ ” ഇയാളെന്താ ഇവിടെ ” എന്ന് ചിരിച്ചുകൊണ്ട് ചോദിക്കുന്ന അവനോട് അവൾ തിരിച്ചും ചോദിച്ചു ” ഇയാളെന്താ ഈ വേഷത്തിൽ ഇവിടെ ” എന്ന്. അതിനും പുഞ്ചിരി മാത്രമായിരുന്നു അവനിൽ നിന്നുള്ള മറുപടി.

” ഡോ , താനൊക്കെ ഇപ്പോൾ വലിയ ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ആയോട്ടുണ്ടാകും എന്നാണ് കരുതിയത്. ഇങ്ങനെ ഒരു വേഷത്തിൽ ഒട്ടും പ്രതീക്ഷിച്ചില്ല. ഇതൊരു വല്ലാത്ത കാഴ്ച തന്നെ… ക്ലാസ്സിലെ ഒന്നാമൻ, എക്സികുട്ടീവ് ലുക്കിൽ നിൽക്കേണ്ടവൻ മുന്നിൽ ഒന്നാംതരം വെട്ടുകല്ലും ചുമന്നു നിൽക്കുന്നു. ഇയാളെ ഇങ്ങനെ കാണാൻ അല്ലാട്ടോ തന്നെ ഇഷ്ട്ടപ്പെട്ടിരുന്നവർ ഒന്നും ആഗ്രഹിച്ചത്. ”

അവൾ ചെറിയ വിഷമത്തോടെ പറയുമ്പോൾ അതിനുള്ള മറുപടി പറയുന്നതിന് മുന്നേ ചിരിയോടെ അവൻ പറയുന്നുണ്ടായിരുന്നു ” താൻ ഇവിടെ നിൽക്ക് ഞാൻ ഇതൊന്ന് ഇറക്കി വരട്ടെ… പത്തമ്പത് കിലോ ഉളള സാധനം ആണ് ” എന്ന്. പിന്നെ അവളെ മറികടന്ന് മുന്നിലോട്ട് പോയി കല്ലിറക്കി തിരിച്ച് അവൾക്കരികിൽ എത്തുമ്പോൾ അവളുടെ മുഖത്തൊരു ആകാംഷ ഉണ്ടായിരുന്നു.

” എടൊ ആവണി… ഈ പണിക്ക് എന്താടോ കുഴപ്പം.. ഞാൻ ഇന്നതെ ചെയ്യുള്ളൂ എന്ന് ഒന്നുമില്ലലോ. എനിക്ക് ഇപ്പോൾ എന്ത് ജോലിയും ചെയ്യാനുള്ള ആരോഗ്യം ഉണ്ട്. ശരീരത്തിന് പ്രത്യേകിച്ച് കേടുപാടുകളും ഇല്ല. പിന്നെ ആർക്കും ശല്യമിലാതെ ഉളള ജോലിയെടുത്ത്‌ വൈകീട്ട് കൂലിയും വാങ്ങി വീട്ടിൽ പോകാം. ഇയാൾ പ്പറഞ്ഞപോലെ വല്ല എഞ്ചിനീയറോ മറ്റോ ആയി ദൂരെ എവിടെ എങ്കിലും ജോലി കിട്ടിയാൽ ഇതുപോലെ നമ്മുടെ സ്വന്തം നാട്ടിൽ നിൽക്കാൻ പറ്റോ? ഈ വായു ഇങ്ങനെ നീട്ടിവലിച്ചു ശ്വസിക്കാൻ പറ്റോ ? വൈകീട്ട് രണ്ട് പെഗ്ഗ് അടിക്കാൻ തോന്നുമ്പോൾ കുളക്കടവിലോ വയൽ വരമ്പിലോ ഇരുന്ന് അടിക്കാൻ പറ്റോ? ”

ചിരിയോടെ അവൾക്ക് മുന്നിൽ കാര്യകാരണങ്ങൾ നിരത്തുമ്പോൾ അവന്റെ മുഖത്തു നിന്ന് വായിച്ചെടുക്കാമായിരുന്നു ആ ചിരിക്ക് പിന്നിൽ ഒളിപ്പിച്ചുവെച്ച ഒരുപാട് സങ്കടങ്ങൾ.

” നീ പറഞ്ഞതൊക്കെ ഞാൻ സമ്മതിച്ചു മനു. പക്ഷേ, അതൊക്കെ എന്റെ ചോദ്യങ്ങൾക്ക് മുന്നിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള നിന്റെ വെറും അടവാണെന്നും അറിയാം. പക്ഷേ, ഞാൻ അറിയുന്ന മനു കള്ളം പറയാറില്ലായിരുന്നു. മനസ്സിൽ പലതും ഒളിപ്പിച്ചു വെച്ച് പുറമെ ചിരിക്കുന്നവൻ അല്ലായിരുന്നു. ! കാലങ്ങൾക്ക് ശേഷം പഴയ സഹപാഠിയെ ഈ വേഷത്തിൽ കാണേണ്ടിവന്നതിലുള്ള വിഷമം കൊണ്ട് ചോദിക്കുവാ.. എന്ത് പറ്റിയെടോ നിനക്ക്. മനസ്സിൽ ഒരു ഭാരമായി കൊണ്ട് നടക്കുന്ന പലതും ആരോടെങ്കിലും ഷെയർ ചെയ്താൽ മനസ്സൊന്നു ശാന്തമാകും എന്ന് കേട്ടിട്ടുണ്ട്.. ഞാൻ ഇയാളെ നിർബന്ധിക്കുന്നൊന്നും ഇല്ല. എന്നോട് ഷെയർ ചെയ്യാൻ പറ്റുന്നതാണെങ്കിൽ പറയൂ ”

അവൾ അത്രയും പറഞ്ഞുകൊണ്ട് അവനെ തന്നെ നോക്കി നിൽക്കുമ്പോൾ കയ്യിലുള്ള തോർത്ത്‌ കൊണ്ട് മുഖമൊന്ന് അമർത്തിതുടച്ചുകൊണ്ട് ചുണ്ടിലെ മായാത്ത പുഞ്ചിരിയോടെ അവളെ നോക്കി അവൻ പതിയെ പറയുന്നുണ്ടായിരുന്നു ” എടൊ… ജീവിതം എന്ന് പറയുന്നത് നമ്മൾ കരുതുന്നത് പോലെ ഒന്നുമല്ല… പണ്ട് കണ്ടിരുന്ന സ്വപ്നങ്ങൾക്ക് ആയുസ്സ് ഇല്ലെന്ന് മനസ്സിലായത് ഇരുപത്തിരണ്ടാം വയസ്സിൽ അച്ഛൻ മറിച്ചപ്പോൾ ആയിരുന്നു. പിന്നെ അങ്ങോട്ട് ജീവിതം ഒരു ഞാണിന്മേൽക്കളി ആയിരുന്നു. അമ്മ നേരത്തെ മരിച്ച ഞങ്ങള്ക്ക് എല്ലാം അച്ഛൻ ആയിരുന്നു. അറിയാലോ, എനിക്ക് താഴെ ഉള്ളത് ബുദ്ധിവളർച്ച ഇല്ലാത്ത ഒരു പെണ്ണാണ്. ഞാൻ പഠിച്ച് ഒരു നിലയിൽ എത്തിയാൽ കുടുംബം രക്ഷപ്പെടും എന്ന വിശ്വാസത്തോടെ ഉള്ളതെല്ലാം വിറ്റ് പെറുക്കിയും കടം വാങ്ങിയും എന്റെ പഠനം മുന്നോട്ട് കൊണ്ട്പോകുമ്പോൾ ആയിരുന്നു അച്ഛന്റെ മരണം. അത് ഞങ്ങളുടെ ജീവിതത്തെ ചെറിയ രീതിയിൽ ഒന്നുമല്ല ബാധിച്ചത്… ”

അവന്റെ ഓരോ വാക്കുകൾക്കും ചെവോയോർക്കുമ്പോൾ മനു വീണുടഞ്ഞ സ്വപ്നങ്ങളുടെ അവശിഷ്ട്ടങ്ങൾക്കിടയിലൂടെ ഒന്ന് കൂടി നടക്കുകയായിരുന്നു പിറകിലോട്ട് !!.

അച്ഛൻ മരിച്ചിട്ട് മാസം ഒന്നായി. ഇനി എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ സഹായത്തിന് ഉണ്ടായിരുന്നുന്നത് അമ്മാവൻ മാത്രമായിരുന്നു.

” മോനെ.. കഴിഞ്ഞത് കഴിഞ്ഞു.. നീ ഇങ്ങനെ ഇനി അത് തന്നെ മനസ്സിൽ കരുതി തളർന്നിരുന്നാൽ ശരിയാവില്ല… ജനിച്ചവർ എന്നായാലും ഒരിക്കൽ മരിക്കണം. അച്ഛന്റെ കാര്യത്തിൽ അത് കുറച്ച് നേരത്തെ ആയിപ്പോയി. അല്ലെങ്കിലും നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്നല്ലേ.. മോന് വിഷമം ഉണ്ടാകുമെന്ന് അറിയാം.. പക്ഷേ, ഇനിയും അതിന്റ പേരിൽ ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കരുത്. മോളെ ഓർത്താണെങ്കിൽ വിഷമിക്കണ്ട.. ഇവൾ കൂടി വീട്ടിൽ നിന്നത് കൊണ്ട് എനിക്ക് ഒരു ഭാരവും ആകില്ല.. അതിന്റ പേരിൽ നീ ഇനി ഒന്നിനും ശ്രമിക്കാതെ ഇരിക്കരുത്. നിനക്ക് നല്ല ഒരു ഭാവിയുണ്ട്. അമ്മാവന് പണം കൊണ്ട് സഹായിക്കാൻ കഴിയില്ല. അറിയാലോ.. അതുകൊണ്ട് നീ എന്തെങ്കിലും ഒരു ജോലി കണ്ടെത്തു. കൂടെ പഠിക്കുകയും ആവാലോ ”

അമ്മാവന്റെ വാക്കുകൾ കേട്ട് ഇരിക്കുമ്പോൾ അവനറിയാമായിരുന്നു അതാണ്‌ ശരിയെന്ന്. ഇനി സ്വന്തം ജീവിതം കണ്ടെത്തി മുന്നോട്ട് പോകണം. കുറച്ചു ദിവസം മുൻപ് വരെ അച്ഛൻ ഉണ്ടായിരുന്നു മുന്നിൽ നിന്ന് വഴികാണിക്കാൻ.. അതുകൊണ്ട് ഒന്നും അറിഞ്ഞിട്ടില്ല ജീവിതത്തിന്റെ കഷ്ടതകൾ.. പക്ഷേ ഇനി മുതൽ അത് അറിഞ്ഞുള്ള ജീവിതമാണ് മുന്നിൽ. അതിനോട് പൊരുത്തപ്പെട്ടേ പറ്റൂ… !

അന്ന് മുതൽ നാളെയിലേക്കുള്ള നെട്ടോട്ടമായിരുന്നു. കിട്ടിയ എന്ത് ജോലിയും ചെയ്യാനുള്ള വാശി. അതിനിടയിൽ അച്ഛൻ കടം വാങ്ങിയ കാശിനായി പലരും വരുമ്പോൾ നീക്കിവെക്കാൻ പോക്കറ്റിൽ ഒന്നും തന്നെ ഉണ്ടാകാറില്ലെങ്കിലും മനസ്സിന് ഒരു സന്തോഷം ഉണ്ടായിരുന്നു.. ഇനി ആർക്ക് munnilum.കൈ നീട്ടില്ല എന്ന വാശിയും. അതിനിടയിൽ പഠിപ്പിലേക്കുള്ള ശ്രദ്ധ പതിയെ കുറഞ്ഞുതുടങ്ങി. അതിനേക്കാൾ ഒക്കെ വലുതായിരുന്നു ജീവിതത്തോട് ഉളള പൊരുതൽ. അച്ഛൻ കടം വാങ്ങിയതിന്റ പേരിൽ ഒരാൾ പോലും അച്ഛനെ കുറ്റം പറയരുത് എന്ന വാശി.

പലപ്പോഴും ജോലി കഴിയാൻ വൈകുമ്പോഴും അനിയത്തി അമ്മാവന്റെ വീട്ടിൽ ആണെന്നുള്ള ആശ്വാസം മാത്രമായിരുന്നു മനുവിന്.. അവൾക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ലെന്നുള്ള ഉറപ്പ് തന്നെ ആയിരുന്നു പല രാത്രികളും മനുവിനെ ജോലിയിൽ മുഴുകാൻ പ്രേരിപ്പിച്ചതും.

ആ ഇടക്ക് പലപ്പോഴും ശരീരം തളരുന്ന അനിയത്തിയെ കാണുമ്പോൾ സങ്കടമായിരുന്നു. ഇപ്പോൾ അവൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ഓരോ തവണ ആശുപത്രിയിലേക്ക് ഓടുമ്പോഴും മനസ്സിൽ വേവലാതി ആയിരുന്നു. ഒന്നുമില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന അമ്മാവനെ നിറകണ്ണുകളുമായി നോക്കുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു ” ഇനി ആകെ ഉള്ളത് എന്റെ പൊന്ന്മോളാണ്.. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ…. ” എന്ന്.

അപ്പോഴെല്ലാം അവനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുമ്പോൾ അയാൾ പറയുന്നുണ്ടായിരുന്നു ” നീ ഇങ്ങനെ വിഷമിക്കല്ലേ മനു.. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമെല്ലാം പേടിച്ച് ആശുപത്രിയിലേക്ക് ഓടി വരേണ്ട ആവശ്യം ഇല്ല.. അവൾ വയ്യാത്ത കുട്ടി അല്ലെ.. അതിന്റേതായ പ്രശ്നങ്ങൾ ആയിരിക്കും ഇതൊക്കെ.. അത് കുറച്ച് കഴിയുമ്പോൾ തനിയെ മാറുകയും ചെയ്യും. നീ വെറുതെ വേവലാതിപ്പെടാതെ ” എന്ന്.

അങ്ങനെ ആവണേ എന്ന് കരുതാൻ ആയിരുന്നു അവനും താല്പര്യം.. ഒന്നും വറുത്തരുതേ എന്ന് മനസ്സിൽ പ്രാർത്ഥിക്കുമ്പോഴും.

അന്ന് രാത്രി ചിലപ്പോൾ ജോലിയുമുണ്ടാകും എന്ന് പറഞ്ഞ് അനിയത്തിക്ക് ഒരു ഉമ്മയും നൽകി ഇറങ്ങുമ്പോൾ പുഞ്ചിരിയോടെ അമ്മാവനോട് അവൻ പറയുന്നുണ്ടായിരുന്നു ” മോൾക്ക് മരുന്ന് കൊടുക്കാൻ മറക്കല്ലേ ” എന്ന്. അതേ പുഞ്ചിരിയോടെ തലയാട്ടുന്ന അമ്മാവനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഓർത്തിരുന്നു ” നാളെ മോൾക്ക് ഒരു കമൽ വാങ്ങണം “എന്ന്. പലപ്പോഴായി കൂട്ടിവെച്ച കാശ് പോക്കറ്റിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി പടി കടന്ന് പോകുമ്പോൾ അന്ന് പണിയുണ്ടാകില്ല എന്ന് കരുതിയില്ല. എങ്കിൽ പിന്നെ ഉളള കമ്മലും വാങ്ങി വീട്ടിൽ പോകാമെന്നു കരുതി നല്ല ഒരു ജ്വല്ലറിയിൽ കേറി അതും വാങ്ങി വീട്ടിലെത്തുമ്പോൾ മുൻവശത്തെ വാതിൽ ചാരിയിരുന്നു. അതും തുറന്ന് അകത്തേക്ക് കയറി സന്തോഷത്തോടെ അനിയത്തിയുടെ മുറിക്ക് മുന്നിൽ എത്തുമ്പോൾ അവന്റെ kannukalil.ഇരുട്ട് കയറുന്നത് പോലെ തോന്നി. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം സ്തംഭിച്ചു നിൽകുമ്പോൾ അകത്ത്‌ ഉറിഞ്ഞ ഉടുതുണി വെപ്രാളത്തോടെ ഉടുക്കുന്ന അമ്മാവൻ. ബെഡിൽ ഒന്ന് പ്രതികരിക്കാൻ പോലും അറിയാതെ എല്ലാം സഹിച്ചുകൊണ്ട് ആനകമറ്റു കിടക്കുന്ന അനിയത്തി.

“മോളെ ” എന്ന് വിളിച്ചുകൊണ്ട് അകത്തേക്ക് പാഞ്ഞുകയറിയ അവനെ കണ്ട് വെപ്രാളത്തോടെ മുണ്ട് വാരിചുറ്റി ഭയത്തോടെ നിൽക്കുന്ന അമ്മാവനെ തള്ളിമാറ്റി അവൾക്കരികിൽ ഇരിക്കുമ്പോൾ അവന് മുന്നിൽ അനിയത്തിയുടെ അവസാനപിടച്ചിൽ മാത്രമായിരുന്നു അവശേഷിച്ചത്. പിറന്ന പടി കിടക്കുന്ന അനിയത്തിയെ പൊട്ടിക്കാരന്നുകൊണ്ട് പുതപ്പെടുത്തു പുതപ്പിക്കുമ്പോൾ കണ്ണുനീരിനൊപ്പം കണ്ണുകളിൽ കനലുകൾ എരിയുന്നുണ്ടായിരുന്നു. മനസ്സിൽ നുരഞ്ഞുപൊന്തിയ ദേഷ്യത്തോടെ തിരിയുമ്പോൾ അവന് മുന്നിൽ നിന്നും രക്ഷപ്പെടാൻ വെമ്പൽ കൊള്ളൂകയായിരുന്നു അയാൾ. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ആ വീടിനെ നടുക്കിക്കൊണ്ട് ഒരു നിലവിളി ഉയരുമ്പോൾ എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെ കുഞ്ഞു പെങ്ങൾക്കരികിൽ ഇരിക്കുകയായിരുന്നു മനു.. താഴെ കാൽച്ചുവട്ടിൽ ജീവന്റെ അവസാന പിടച്ചിലിലും കൊല്ലരുതെന്ന അപേക്ഷയോടെ ആയാളും. അവന്റ കാൽപാദത്തെ തൊട്ടുരുമ്മിക്കൊണ്ട് അവസാനശ്വാസവും അകന്നു പോകുമ്പോൾ ജീവിതത്തിൽ ഒരിക്കൽ കൂടി തോറ്റവനായി അവൻ ഇരിപ്പുണ്ടായിരുന്നു എല്ലാവരും ഉണ്ടായിട്ടും ഒറ്റ നിമിഷം കൊണ്ട് ആരുമില്ലാത്തവനായി… !

പിന്നെ പോലീസ്, കേസ് ജയിൽ.. ! ബുദ്ധിയുറക്കാത്ത പെങ്ങളെ പീഡിപ്പിച്ചനെ ആണ് കൊന്നത് എന്നുള്ള പരിഗണന.. അങ്ങനെ പോയി ഏഴ് വർഷങ്ങൾ . ! ”

ആവണിക്ക് മുന്നിൽ മനസ്സിനുള്ളിൽ ഒളിപ്പിച്ചു വെച്ച ഭാരത്തിന്റെ പകുതി ഇറക്കിവെക്കുമ്പോൾ എല്ലാം കേട്ട് വിശ്വസിക്കാൻ കഴിയാത്ത പോലെ നിൽക്കുകയായിരുന്നു അവൾ. എന്തൊക്കെയോ ആകുമെന്ന് പ്രതീക്ഷിച്ചവൻ എത്ര പെട്ടന്നാണ് ഒന്നുമല്ലാത്തവൻ ആയി മാറുന്നത്. അത്രയൊക്കെ പറയുമ്പോഴും അവന്റെ മുഖത്തെ മായാത്ത പുഞ്ചിരി അവൾക്ക് അത്ഭുതമായിരുന്നു.

” ഇത്രയൊക്കെ മനസ്സിൽ ഒളിപ്പിച്ചിട്ടും എങ്ങിനെ ആണ് മനു നിനക്ക് ഇത്ര മനോഹരമായി പുഞ്ചിരിക്കാൻ കഴിയുന്നത്. ഒരു വാക്ക് കൊണ്ട് നിന്റെ സങ്കടങ്ങളെ ഇല്ലാതാകാൻ കഴിയില്ലെന്ന് അറിയാം.. എങ്കിലും നിന്റെ സ്വപ്‌നങ്ങൾ നഷ്ട്ടപ്പെട്ടിടത്തു നിന്ന് നിനക്ക് ഒന്നുകൂടി തുടങ്ങിക്കൂടെ.. നിനക്ക് മുന്നിൽ ഇനിയും ഒരുപാട് കാലമുണ്ട്.. ദൂരമുണ്ട്.. ശ്രമിച്ചാൽ… !”

അവളുടെ വാക്കുകളെ പാതിവഴിയിൽ തടഞ്ഞു മനു ” ഡോ.. ഇപ്പോൾ അച്ഛൻ മരിച്ചതിൽ പിന്നെ എന്നെ വളർത്തിയത് ഈ ജോലിയാണ്. ഇതിൽ ഞാൻ ഇപ്പോൾ സന്തോഷം കണ്ടെത്തുന്നു.. മുന്നിലെ ജീവിതത്തിൽ വലിയ അർഥങ്ങൾ ഒന്നുമില്ലാത്തവന് ഇത് തന്നെ ധാരാളം. ഏത് പണിക്കും ഉണ്ടല്ലോ അതിന്റേതായ മഹത്വം. അങ്ങനെ കരുതിയാൽ മതി. ഇനി ഈ ജീവിതം ഇങ്ങനെ ഒക്കെ പോട്ടെ ” .എന്നും പറഞ്ഞ് പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ കൂടെ ഉളള ആരോ വിളിച്ച് പറയുന്നുണ്ടായിരുന്നു കല്ല് കൊണ്ട് വരാൻ..

അത് കേട്ട ഉടനെ അവളോട് പിന്നെ കാണാം എന്ന് പറഞ്ഞ് വെട്ടുകല്ലിനടുത്തേക്ക് നടന്ന് ഒരു കല്ലെടുത്തു തൂക്കി തോളിൽ വെച്ച് മുന്നോട്ട് നടക്കുന്ന അവനെ നോക്കി നിൽക്കുമ്പോൾ അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു

” ജീവിതം ഇങ്ങനെ ആണ്… വളർത്തുന്നതും തളർത്തുന്നതും വിധിയാണ്. അതിനോട് പൊരുതുന്നവന്റെ ഉറച്ച കാൽവെപ്പുകൾ ആണ് ഇത്. അതിൽ നിന്നും ഒരിക്കലും പിന്തിരിപ്പിക്കാൻ കഴിയില്ല ” എന്ന്.

രചന: മഹാ ദേവൻ

Leave a Reply

Your email address will not be published. Required fields are marked *