കാന്താരി പെണ്ണ്

രചന : ജോതിഷ് അച്ചു 🙂

ഹരിയേട്ടാ എണീക്ക് നേരം വെളുത്തു

കുറച്ചും കൂടി കിടക്കട്ടെ അച്ചു. ഇന്നെങ്കിലും നീ എന്നെ ഒന്നും ഉറങ്ങാൻ വിട്. ആഴ്ചയിൽ ഒരു ദിവസം അവധി കിട്ടുന്നതല്ലേ അത് നീ ആയിട്ട് നശിപ്പിക്കരുതേ.

പുതപ്പിന്റെ അടിയിലേക്ക് ചുരുണ്ട എന്റെ പുതപ്പു വലിച്ചു മാറ്റിയിട്ടു

ആഹാ ഇന്നലെ എന്നെ ഉറങ്ങാൻ പോലും സമ്മതിക്കാഞ്ഞിട്ടു.. അങ്ങനെ ഇപ്പോ ഉറങ്ങണ്ടാ ഇങ്ങോട്ട് എണീറ്റേ…..

എന്താടി അച്ചു എന്താ കാര്യം.

‌വാ നമുക്ക് അമ്പലത്തിൽ പോകാം

ഉറക്കം തൂങ്ങി ഞാൻ പറഞ്ഞു

അടുത്ത ആഴ്ച ആട്ടെ

കഴിഞ്ഞ ആഴ്ച ഹരിയേട്ടൻ ഇത് തന്നെ അല്ലെ പറഞ്ഞെ

അത് പിന്നെ….

ഒരതുമില്ല വാ എണീക്ക്. അതോ ഞാൻ അമ്മയെ വിളിക്കണോ ?

അയ്യോ വേണ്ട രാവിലെ തന്നെ ഉപദേശം കേൾക്കാൻ വയ്യ.

അവൾ ഒരു ചിരിയും ചിരിച്ച് തലക്കിട്ടു ഒരു തട്ടും തന്നിട്ട്

അമ്മ കേൾക്കണ്ട

നീ പോയി കുളിക്കു ഞാൻ വരാം

ഞാൻ രാവിലെ കുളിച്ചതാ

അത് സാരമില്ല നമുക്ക് ഒന്നുടെ കുളിക്കാം

അയ്യടാ മോനെ ആ പൂതി അങ്ങു മനസ്സിൽ വെച്ചാമതി

എങ്കിൽ ഞാൻ വരുന്നില്ല നീ ഒറ്റക്ക് പോയാമതി

അതും പറഞ്ഞു ബെഡിലേക്കു ചാഞ്ഞു.

അമ്മേ………. പെണ്ണ് ഒരലറിച്ചായായിരുന്നു

ഒന്ന്‌ പേടിച്ചെങ്കിലും പുറത്തു കാട്ടാതെ ഞാൻ വീണ്ടും കിടന്നു അമ്മ വരുമോ എന്നൊരു പേടി ഉണ്ടായിരുന്നെങ്കിലും ഒന്ന്‌ തല പൊക്കി നോക്കി പിന്നെ പുതപ്പു തപ്പിപ്പിടിച്ചു തലയിൽ കൂടി മൂടി. പക്ഷെ അവള് വിടുന്ന മട്ടില്ല

ഇങ്ങോട്ട് എനിക്ക് എന്നും പറഞ്ഞു എന്നെ കുത്തിപ്പൊക്കി എണീപ്പിച്ചു ബാത്റൂമിലേക്കു തള്ളിവിട്ടു.

പല്ലുതേപ്പും കുളിയും കഴിഞ്ഞു വന്നു നോക്കുമ്പോൾ അവൾ കസവു കര ഉള്ള സെറ്റ് സാരി ഉടുത്തു നിൽക്കുന്നു

കല്യാണം കഴിഞ്ഞ രണ്ടാമത്തെ ആഴ്ചയിൽ അവളുടെ ബര്ത്ഡേ ആയതിനാൽ അന്ന് അവൾക്കു ഞാൻ വാങ്ങി കൊടുത്തതാണ് ഈ സാരി അവൾ അതു ഇപ്പോഴാണെന്ന് തോന്നുന്നു ഉടുക്കുന്നത് മടക്കു ഒക്കെ അതുപോലെ തന്നെ ഇരിക്കുന്നു

ഞാൻ അങ്ങനെ നോക്കി നിൽക്കുന്നത് കണ്ട് അവൾ സാരിയിലേക്ക് നോക്കിയിട്ട് എന്നെ നോക്കി ചോദിച്ചു

എന്താ ഇങ്ങനെ നോക്കുന്നെ…

എടി അച്ചു നിന്നെ ഈ സെറ്റ് സാരിയിൽ കാണാൻ നല്ല ഭംഗിയാട്ടോ

ഒന്നു പോ ഏട്ടാ എന്നും പറഞ്ഞു അവൾ റൂമിന്റെ പുറത്തേക്കു പോകാൻ തുടങ്ങിയതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എന്നിലേക്ക്‌ അടുപ്പിച്ചു

വിട് ഹരിയേട്ടാ…..

ഒന്ന്‌ നില്ല് അച്ചു നിന്നെ ഞാൻ ഒന്ന്‌ കാണട്ടെ

ദേ അമ്മ ഇപ്പൊ വരും വിട്….

അമ്മയൊന്നും വരത്തില്ല നീ ചൂടോടെ ഈ ഏട്ടന് ഒരു ഉമ്മ തന്നെ..

ഉമ്മ കിട്ടാൻ വേണ്ടി അവളിലേക്ക്‌ അടുത്ത എനിക്ക് കിട്ടിയത് നല്ല ഒന്നാന്തരം ഒരു കടിയാണ് അയ്യോ അമ്മേ……

എന്താടാ അവിടെ…. അമ്മയാണ്

പെട്ടന്ന് അവൾ എന്നിൽ നിന്നും കുതറി ഓടി

നിന്നെ ഞാൻ എടുത്തോളാട്ടോ

പോടാ എന്നു ഒരു ആംഗ്യവും കാണിച്ചു ചിരിച്ചുകൊണ്ട് അവൾ ഓടി പോയി

പെണ്ണിന്റെ ഒടുക്കത്തെ കടി കവിളും തിരുമി പെട്ടന്ന് ഡ്രസ്സ്‌ മാറി ഇറങ്ങി

അപ്പോഴാണ് അമ്മ വന്നത് എന്തിനാടാ ഇവിടെ കിടന്നു കാറിവിളിക്കുന്നത്

ഒന്നുമില്ല അമ്മേ ചെറിയ ഒരു പല്ലുവേദന അതുപറഞ്ഞു പെട്ടന്ന് കവിളിൽ പൊത്തിപ്പിടിച്ചു

അതിനാണോ നീ ഇവിടെ കിടന്നു കാറി നിലവിളിച്ചതു

ഹരിയേട്ടാ വേഗം വാ…

പെട്ടന്നായിരുന്നു അച്ചുന്റെ വിളി

ദാ വരുന്നു…..

അമ്മേ ഞങ്ങൾ അമ്പലത്തിൽ പോയിട്ട് വരാം അവൾ അമ്മയോട് വിളിച്ചു പറഞ്ഞു.

ഞാൻ ആശിച്ചതുപോലൊരു പെണ്ണിനെ വേണമെന്ന എന്റെ പ്രാർത്ഥനയുടെ ഫലമായിട്ടായിരിക്കാം അച്ചു എന്ന അനു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഒരു തനി നാട്ടിൻപുറത്തുകാരി. പ്രേമിച്ചു വിവാഹം കഴിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ അതിനു പറ്റിയ ആളെ കിട്ടാത്തതുകൊണ്ടും നമുക്കുള്ള ആൾ നമുക്ക് വേണ്ടി എവിടെങ്കിലും കാത്തിരിക്കുന്നുണ്ടാവും എന്നൊരു തോന്നൽ ഉള്ളതുകൊണ്ടും ആ പണിക്കു പോയില്ല. വളരെ യാദൃശ്ചികമായിട്ടായിരുന്നു അച്ചുവുമായിട്ടുള്ള കണ്ടുമുട്ടൽ. അമ്പലത്തിലെ ഉത്സവത്തിന് ആണ് ഞാൻ അവളെ ആദ്യമായി കാണുന്നത് കൂട്ടുകാരികളുടെ കൂടെ ചിരിച്ചുകളിച്ചു നടക്കുന്ന അച്ചുനെ അന്നേ എന്റെ ഹൃദയത്തിൽ വരച്ചിട്ടതാണ്

എന്താ ഹരിയേട്ടാ ഇത്ര ചിന്ത ?

നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു. ഒരു പുഞ്ചിരി സമ്മാനിച്ചിട്ടു ഞാൻ പറഞ്ഞു

ഒന്നുമില്ല പെണ്ണെ

കല്യാണം കഴിഞ്ഞു മൂന്നു മാസം ആയതേ ഉള്ളെങ്കിലും ഞങ്ങൾ കൂടുതൽ അടുത്തു. ഓരോ ആഴ്ചയിലും ഞാൻ വരുമ്പോൾ ഈ അമ്പലത്തിൽ പോക്ക് ഒരു പതിവാണ്.

പക്ഷേ കഴിഞ്ഞ ആഴ്ച പോകാൻ പറ്റിയില്ല എന്റെ മടിയാണ് കാരണം കേട്ടോ

ഭഗവാനെ തൊഴുതു പ്രസാദവും വാങ്ങി ഇറങ്ങുമ്പോൾ നല്ലൊരു ഉന്മേഷം തോന്നി

എന്താ ഹരിയേട്ടാ ഇപ്പൊ മുഖത്ത് ഒരു സന്തോഷം ?

പണ്ട് ഞാൻ എന്നും ഭഗവാനോട് പ്രാർത്ഥിക്കുമായിരുന്നു എനിക്ക് ഒരു നല്ല കാന്താരി പെണ്ണിനെ കിട്ടണെന്നു

എന്നിട്ട് കിട്ടിയോ ?

നാണത്താൽ ചിരിച്ചുകൊണ്ടുള്ള അവളുടെ ആ ചോദ്യത്തിന് ചന്ദനം അവളുടെ നെറ്റിയിൽ ചാർത്തിയിട്ടു ഞാൻ മെല്ലെ പറഞ്ഞു

ഇല്ല

അതു പറഞ്ഞപ്പോൾ അവളുടെ മുഖം ആകെ മാറി എന്നിട്ട് ചോദിച്ചു

ഇല്ലേ……. ?

ഇല്ല…..

പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു ഇപ്പൊ കരയുമെന്നു ഉറപ്പായപ്പോ ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു എടി പൊട്ടി ഞാൻ ഒരു തമാശ പറഞ്ഞതാ.

നീയല്ലേ എന്റെ കാന്താരിപ്പെണ്ണ്

രചന : ജോതിഷ് അച്ചു 🙂

Leave a Reply

Your email address will not be published. Required fields are marked *