മക്കൾ ഇല്ലാത്ത നമുക്ക് ദൈവം തന്നതാ ഇവനെ..അങ്ങനെ കരുതി കൂടെ…

രചന: ഭദ്ര ബിനു മാധവ്

മോളെ ഇങ്ങനെ കരയാതെ…. ഉള്ളിലെ കുഞ്ഞിനെ ഓർത്തെങ്കിലും കരച്ചില് നിർത്തു മോളെ……. മാധവി മരുമോളായ മീരയെ ഹൃദയം നുറുങ്ങുന്ന വേദനയോടെ നെഞ്ചോട് ചേർത്ത് പിടിച്ചു

ഉമ്മറത്ത് വെള്ള പുതച്ചു കിടത്തിയിരിക്കുന്നത് മാധവിയുടെ മകനെയാണ്….മിഥുൻ…. അവരുടെ ഒരേയൊരു മകൻ…. മീരയുടെ കണ്ണേട്ടൻ….8മാസം ഗർഭിണിയായ മീരയെയും അവളുടെ ഉള്ളിലെ കുഞ്ഞിനേയും തന്റെ അമ്മയെയും തനിച്ചാക്കി അവൻ ഈ ഭൂമി വിട്ട് പോയിരിക്കുന്നു….അറ്റാക്ക് ആയിരുന്നു…. ഈ 30വയസിൽ അറ്റാക്ക് വരാൻ മാത്രം എന്ത് വിഷമങ്ങളാണ് അവനെ അലട്ടിയിരുന്നത്….

വന്നവരെല്ലാം മീരയെയും അവളുടെ നിറ വയറിനെയും നോക്കി കണ്ണ് നിറച്ചു….

എന്ത് നല്ല പയ്യനായിരുന്നു… പക്ഷെ ആയുസില്ലാതെ പോയല്ലോ

മീര മിഥുന്റെ നെഞ്ചിലേക്ക് വീണു അലറി കരഞ്ഞു കൊണ്ടിരുന്നു…..മാധവി കരയാതെ മനസിലെ വേദന ഉള്ളിൽ തന്നെ അടക്കി പിടിച്ചിരുന്നു…കരയരുത് താൻ കൂടി കരഞ്ഞാൽ തളർന്നു പോവുക മീരയാണ്…. ഇനി തനിക്ക് അവളും അവൾക്ക് താനുമേയുള്ളു….അവളെ ഈ സമയത്ത് തളരാതെ നോക്കേണ്ടത് തന്റെ കടമയാണ്

എടുക്കാൻ പോവുകയാണ്…. അവസാനമായി ആർക്കെങ്കിലും കാണണമെങ്കിൽ ആവാം…. തല മൂത്ത ഏതോ കാർന്നോരുടെ ശബ്ദം മാധവിയുടെ ചെവിയിൽ വന്നലച്ചു…. അവരുടെ നെഞ്ചിൽ ഒരു നീറ്റൽ വന്നു നിറഞ്ഞു

മോനെ…. അമ്മേടെ കണ്ണാ….. മാധവി അത്രയും സമയം ഉള്ളിൽ അടക്കി വെച്ചിരുന്ന സങ്കടത്തിന്റെ കെട്ട് അവർ അറിയാതെ പൊട്ടിതകർന്നു

അവർ മകന്റെ ദേഹത്തേക്ക് വീണു അലറി കരഞ്ഞു

മോനെ…. എണീക്ക് മോനെ….നിനക്ക് അമ്മയെ കാണണ്ടേ….മീരയെ കാണണ്ടേ… നമ്മുടെ വാവയെ കാണണ്ടേ…. എണീക്ക് കണ്ണാ…. കണ്ണ് തുറക്ക് മോനെ…..

മാധവി….വാ അവരുടെ തോളത്തു ഒരു കരമർന്നു

ശങ്കരൻ….മാധവിയുടെ ജേഷ്ഠൻ….

ഏട്ടാ എന്റെ മോൻ…. മാധവി നിറഞ്ഞു തൂവുന്ന കണ്ണുകളോടെ അയാളെ നോക്കി….അയാൾ സങ്കടത്തോടെ പെങ്ങളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു

മോളെ… മീരേ വാ… ശങ്കരന്റെ ഭാര്യ സീത മീരയെ എണീപ്പിക്കാൻ ശ്രമിച്ചു

ഇല്ല… ഞാൻ വരൂല…. മീര ഭർത്താവിന്റെ ദേഹത്തേക്ക് ഒന്നുടെ പറ്റി ചേർന്നിരുന്നു

സീത ദയനീയതയോടെ അവളുടെ മുടിയിൽ തഴുകി

അമ്മായി പറഞ്ഞാൽ മീര മോള് കേൾക്കൂലേ….വാ

മീര മനസില്ലമനസോടെ തന്റെ ഉദരവും താങ്ങി പിടിച്ചു ബുദ്ധിമുട്ടി എണീറ്റു….സീത അവളെയും കൊണ്ട് അകത്തേക്ക് നടന്നു……വിങ്ങുന്ന മനസോടെ അവൾ തല തിരിച്ചു മിഥുനെ നോക്കി….

ഏകദേശം കാൽമണിക്കൂറിനു ശേഷം മിഥുന്റെ ശവദാഹം വീടിനോടുള്ള തൊടിയിൽ നടന്നു

രാത്രി…..

അവിടെ കൂടിയിരുന്ന ആളുകളെല്ലാം കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു….മാധവി അടച്ചിട്ട തന്റെ മുറിയ്ക്കകത്തായിരുന്നു….അവർ തന്റെ കൊച്ച്മുറിയിൽ എന്തോ തിരയുകയായിരുന്നു…കട്ടിലിനടിയിൽ നിന്നും അവരൊരു ട്രെങ്ക്പെട്ടി വലിച്ചെടുത്തു…ശ്രദ്ധയോടെ അവരത് കട്ടിലിലേക്ക് എടുത്തു വെച്ചു….മുഷിഞ്ഞൊരു തുണിയെടുത്തു പെട്ടിക്ക് മുകളിലെ പൊടി തൂത്തു കൊണ്ട് അവരത് തുറന്നു….വല്ലാത്തൊരു തുരുമ്പിച്ച ശബ്ദത്തോടെ ആ പെട്ടി തുറന്നു…പഴമയുടെ വല്ലാത്തൊരു ഗന്ധം ആ പെട്ടിക്കുള്ളിൽ നിറഞ്ഞു നിന്നിരുന്നു

അതിൽ നിറയെ കുഞ്ഞുടുപ്പുകളായിരുന്നു…. മാധവിയുടെ മനസൊന്നു പിടഞ്ഞു…. ജനിച്ചു തന്റെ കയ്യിൽ കിട്ടിയ നിമിഷം മുതൽ ഒരു വയസാവും വരെ തന്റെ കണ്ണനിട്ട ഉടുപ്പുകൾ…. അവർ ഒരു കുഞ്ഞുടുപ്പ് എടുത്തു നെഞ്ചിലേക്ക് ചേർത്തു…..ആ 50വയസിലും അവരുടെ മാറിടങ്ങളൊന്നു തുടിച്ചു…

ചുവന്ന മുഖവും കുഞ്ഞി ചുണ്ടുമൊക്കെ വിറപ്പിച്ചു കരയുന്ന കണ്ണനെ അവർക്ക് ഓർമ വന്നു…മാറോട് ചേർത്ത് പാലൂട്ടുമ്പോൾ കണ്ണുകൾ ചിമ്മി ചിമ്മി തന്നെ നോക്കുന്നുണ്ടായിരുന്നു…എന്തൊരു കുറുമ്പനായിരുന്നു ചെറുപ്പത്തിൽ…. അച്ഛനെ പോലെ തന്നെ വാശിയും കൂടുതലായിരുന്നു….നന്നായി പഠിച്ചു ബാങ്കിൽ ജോലി വാങ്ങി….ഒരിക്കൽ ആരാരുമില്ലാത്ത മീരയെ കൂട്ടി വന്നപ്പോൾ അവനെക്കാൾ ഏറെ സന്തോഷിച്ചത് താനായിരുന്നു… തന്റെ മകൻ കാരണം ഒരു സാധു പെണ്ണിനൊരു ജീവിതം കിട്ടിയതിൽ തനിക്കും സന്തോഷം തന്നെയായിരുന്നു….

എന്ത് നല്ല കുട്ടിയായിരുന്നു… ഒരു ചീത്തപേരും കേൾപ്പിക്കാതെ, എല്ലാവർക്കും നന്മ മാത്രം ചെയ്യ്തു ജീവിച്ചിട്ടും തന്റെ മകനന്ത്യേ ദൈവം ആയുസ് കൊടുത്തില്ല??

മാധവി മകന്റെ കുഞ്ഞ്ഉടുപ്പുകളിൽ ഒന്നെടുത്തു മുഖം അതിലേക്ക് പൊതിഞ്ഞു പിടിച്ചു വിങ്ങിപ്പൊട്ടി

മാധവി !!!!!!

വാതിൽക്കൽ ആരോ ഉച്ചത്തിൽ തട്ടുന്നു…. മാധവി വേഗം കണ്ണു തുടച്ചു കൊണ്ട് വാതിൽ തുറന്നു

സീതയായിരുന്നു പുറത്ത്….. സീത അകത്തേക്ക് കേറി…

നീ കരയരുത് എന്ന് ഞാൻ പറയില്ല… നൊന്തു പ്രസവിച്ചു വളർത്തിയ ഒറ്റ മകൻ നഷ്ട്ടപെട്ട ഒരമ്മയോട് എനിക്കത് പറയാൻ കഴിയില്ല…..പക്ഷെ നമ്മുടെ കണ്ണന്റെ കുഞ്ഞിനേയും ഉള്ളിലിട്ട് ഇപ്പോഴും കണ്ണേട്ടൻ വരുമെന്ന് പറഞ്ഞു കരഞ്ഞു സമനില തെറ്റിയതിനു തുല്ല്യമായ ഒരു അവസ്ഥയിൽ ഒരു പെൺകുട്ടി അപ്പുറത്തുണ്ട്……ആ കുട്ടി തളരാതെ നീ നോക്കണം…നമ്മുടെ കണ്ണന്റെ ചോരയാണ് മീരയുടെ ഉള്ളിൽ വളരുന്നത്…ഇനി കണ്ണനെ ആ കുഞ്ഞിലൂടെ വേണം നമുക്ക് തിരികെ കിട്ടാൻ…. കരഞ്ഞു കരഞ്ഞു എന്തെങ്കിലും വരുത്തി വെച്ചാൽ…….. സീത പകുതിയിൽ നിർത്തി

മാധവി കണ്ണുകൾ തുടച്ചു കൊണ്ട് മീരയുടെ അടുത്തേക്ക് നടന്നു

മുറിയിൽ മിഥുന്റെ ഷർട്ടും കെട്ടിപിടിച്ചു ബെഡിൽ ചെരിഞ്ഞു കിടക്കുകയായിരുന്നു മീര

മോളെ…. മാധവി അവളുടെ മുടിയിൽ തഴുകി

മീര കരഞ്ഞു വീർത്ത കൺപോളകൾ വിടർത്തി അവരെ നോക്കി…. അവൾ കൈ കുത്തി കിടക്കയിൽ എണീറ്റിരുന്നു

മോളെ… മോളുടെ സങ്കടം അമ്മയ്ക്ക് മനസിലാവും….മോൾക്ക് അറിയാലോ കണ്ണന് 8വയസുള്ളപ്പോൾ ഇതുപോലെ എന്നെയും കണ്ണനെയും തനിച്ചാക്കി പോയതാ അവന്റെ അച്ഛനും…മോളിനി കരയരുത്…കണ്ണന് പകരം ദൈവം മോളുടെ വയറ്റിൽ ഒരു വാവയെ ദൈവം തന്നില്ലേ….. ഇനി ആ കാര്യത്തിൽ വേണം മോള് ശ്രദ്ധ കൊടുക്കാൻ…മോള് സങ്കടപെടുമ്പോൾ ഉള്ളിലെ കുഞ്ഞും സങ്കടപെടും……ഇപ്പൊ മാസം എട്ടു കഴിഞ്ഞു… കരഞ്ഞു വെറുതെ ഓരോന്നും വരുത്തി വെയ്ക്കരുത്…. എനിക്ക് ഇനി കാണാനും കൊഞ്ചിക്കാനും ഈ കുരുന്നേയുള്ളു

മാധവി മീരയുടെ വീർത്ത വയറിൽ കൈ വെച്ചു…പെട്ടന്ന് അവരുടെ സാമിപ്യം തിരിച്ചറിഞ്ഞ പോലെ ഉള്ളിലെ കുരുന്ന് ഒന്ന് അനങ്ങി….മാധവിയുടെ കണ്ണുകൾ തുളുമ്പി…. അവരുടെ ശബ്ദം തൊണ്ടയിൽ കുടുങ്ങി….. അവർ സാരിതുമ്പാൽ വായ പൊത്തി കൊണ്ട് മുറിവിട്ടുപോയി

മീര തന്റെ ഉദരത്തിൽ തലോടി കൊണ്ട് കണ്ണുകളടച്ചു

*****

മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു…..മിഥുന്റെ മരണം നൽകിയ വേദന മാധവിയും മീരയും മനഃപൂർവം തന്നെ മറന്നു തുടങ്ങിയിരിക്കുന്നു…ഒറ്റയ്ക്ക് ഇരിക്കുന്ന സമയങ്ങളിൽ മിഥുന്റെ ഓർമ്മകൾ മീരയെ വേട്ടയാടുമെന്നു അവൾക്ക് അറിയാവുന്നത് കൊണ്ട് തന്നെ അവൾ പകൽ സമയങ്ങളിൽ കുഞ്ഞിന് ഉടുപ്പുകൾ തുന്നിയും മറ്റും സമയം തള്ളിനീക്കി……മാധവി പ്രസവരക്ഷയ്ക്കായി മരുന്നുകളും കഷായങ്ങളും ഉണ്ടാക്കിയും മറ്റും തിരക്കിൽ ഏർപ്പെട്ടു

ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ മീരയ്ക്ക് പ്രസവത്തിനുള്ള തിയതിയാണ്…

ഒരു വൈകുന്നേരം മീര പതിവില്ലാതെ മിഥുന്റെ കുഴിമാടത്തിനു അരികെ ചെന്നു..

കണ്ണേട്ടാ……ഇനി കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ നമ്മുടെ വാവ ഇങ്ങ് എത്തും….എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു നമുക്ക്…. കുഞ്ഞിനേയും കൊണ്ട് ഗുരുവായൂർക്ക് പോണമെന്നു പറഞ്ഞത് കണ്ണേട്ടന് ഓർമ്മയുണ്ടോ???? ആൺകുട്ടി ആണെങ്കിൽ ആദി പെണ്കുട്ടി ആണെങ്കിൽ ഇതൾ എന്നൊക്കെ ആയിരുന്നില്ലേ നമ്മള് പേര് കണ്ടു വെച്ചിരുന്നത്???

എന്തിനാ ഇത്രേം പെട്ടന്ന് അങ്ങ് പോയെ???മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോടൊന്നു പറയാമായിരുന്നില്ലേ….. ഇതിപ്പോ നമ്മുടെ കുഞ്ഞ് വരുമ്പോൾ ഞാൻ എന്താ പറയണ്ടേ??? മീരയുടെ കണ്ണു കലങ്ങി

തൊടിയിലൂടെ ഒരു ഇളംകാറ്റ് ഒഴുകി വന്നു അവളെ തഴുകി

എനിക്കറിയാം എന്റെ കൂടെയുണ്ടെന്ന്… എന്നെ ഒറ്റയ്ക്ക് ആക്കി എവിടേം പോവില്ലെന്ന് എനിക്കറിയാം..മീരയുടെ ചുണ്ട%8