ലീവിനു നാട്ടിൽ വന്നിട്ട് ആദ്യമായി കാണുന്ന പെണ്ണുകാണാലാണു

രചന : Shanavas Jalal‎

ലീവിനു നാട്ടിൽ വന്നിട്ട് ആദ്യമായി കാണുന്ന പെണ്ണുകാണാലാണു, നല്ല കുടുംബമാണു , വിദ്യാഭ്യാസമുള്ള കുട്ടിയാണ് എന്നോക്കെ പറഞ്ഞെങ്കിലും നേരിൽ കണ്ടപ്പോൾ ഓളുടെ ഉണ്ടക്കണ്ണും, ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും കണ്ടപ്പോഴെ മനസ്സിൽ ഉറപ്പിച്ചു ഇവൾ എന്റെതാണെന്ന്..

പെണ്ണിനോട് സംസാരിക്കാൻ കിട്ടിയ അവസരത്തിൽ, പകുതി അടഞ്ഞ് കിടന്ന വാതിൽ തുറന്ന് അവൾക്ക് പുറകിലായി എത്തിയപ്പോഴെക്കും അവൾ പറഞ്ഞു

ചേട്ടായി എന്നെയോരു സഹോദരിയുടെ സ്ഥാനത്ത് കണ്ട് സഹായിക്കണം

ഞാനോന്ന് തിരിഞ്ഞു നോക്കി, ഇല്ല വേറെ ആരുമില്ല, ഇത് എന്നോട് തന്നെ, ആദ്യത്തെ പെണ്ണു കാണലിലെ കുട്ടിയെ തന്നെ പെങ്ങളാക്കി തരണമായിരുന്നോ ഈശ്വരാ എന്ന് മനസ്സിൽ കരുതിയപ്പോഴെക്കും അവൾ പറഞ്ഞു തുടങ്ങിരുന്നു

എനിക്കോരാളെ ഇഷ്ടമാ, ജീവിക്കുന്നെങ്കിൽ അവനോടോപ്പം അല്ലെങ്കിൽ എന്ന് പറഞ്ഞ് തീരും മുമ്പേ അവളുടെ കണ്ണു നിറഞ്ഞിരുന്നു

അല്ലെങ്കിലും എനിക്ക് ഈ കണ്ണുനിർ കണ്ടാൽ പെട്ടെന്ന് മനസ്സിളകും, അത് കൊണ്ടാണു അവളോട് വിശദമായി കാര്യം ചോദിച്ചറിഞ്ഞത്

അയൽവാസിയായിരുന്നു നമ്മുടെ കഥാനായകൻ അരുൺ, രണ്ട് ഫാമിലികൾ തമ്മിലും നല്ല ബന്ധമായിരുന്നു കൊണ്ട് ചെറുപ്പം മുതലെ അരുണിന്റെയാണു അച്ചുന്ന് ഇരു വീട്ടുകാരും പറഞ്ഞ് ഉറപ്പിച്ചിരുന്നു… ഒരുമിച്ചായിരുന്നു സ്കൂളിൽ പോക്കും, കളിയും എല്ലാം.. അവർ വളർന്നോതോടോപ്പം അവരുടെ പ്രണയവും വളർന്നു, ഇടയ്ക്ക് വെച്ച് രണ്ട് പേരുടെയും അച്ചന്മാർ തമ്മിലുണ്ടായ പ്രശ്നമാണ് ഇരു വീട്ടുകാരെയും അകറ്റിയത് .കൂട്ടത്തിൽ അവരെയും, ആദ്യമോക്കെ ഒരുപാട് എതിർത്തെങ്കിലും അവനുമായി സംസാരിക്കാൻ അവസരങ്ങൾ കിട്ടുമായിരുന്നു, കയ്യിലുണ്ടായിരുന്ന മൊബൈലും വീട്ടിൽ വാങ്ങി വെച്ചതോടെ…. എന്ന് പറഞ്ഞിട്ട് നിസ്സഹയതോടെ അവൾ എന്റെ മുഖത്ത് നോക്കിയപ്പോൾ എനിക്ക് എന്റെ പെങ്ങൾ നിമ്മിയെ ആയിരുന്നു ഓർമ്മ വന്നത്…

കുറ്റം അവരെ പറയാൻ പറ്റില്ല, ഇരു വീട്ടുകാരും പറഞ്ഞ് പ്രണയിപ്പിച്ചതാണു ഇവരെ, തിരിച്ചിറങ്ങുമ്പോൾ അവനു നൽകാൻ അവൾ നൽകിയ ഒരു കടലാസ് കഷ്ണം എന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു..

അവനെ തിരഞ്ഞു പിടിച്ച് കാര്യങ്ങൾ സംസാരിച്ചപ്പോൾ നിസ്സഹായതയോടെയുള്ള അവന്റെ മുഖം കണ്ടത് കൊണ്ടാണു അവളെ ആരും കാണാതെ ഇറക്കി കൊണ്ട് വരുന്ന കാര്യം ഞാൻ ഏറ്റത്, അമ്മയോട് കൂട്ടുകാരനെ വിടാൻ എയർപോർട്ടിൽ പോകുവാണെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങുമ്പോൾ മനസ്സിൽ എന്താകും എന്നോരു ആധിയായിരുന്നു.

ആരുടെയോക്കയോ ഭാഗ്യം കൊണ്ട് കാര്യങ്ങൾ ഭംഗിയായി നടന്നു, അവരെ ബാംഗ്ലൂർ ബസിൽ കയറ്റിവിട്ടതും എന്റെ പുറത്ത് ആരോ അടിച്ചതും ഒരുമിച്ചായിരുന്നു..

അമ്മേന്ന് വിളിച്ചിട്ട് കണ്ണു തുറന്ന് നോക്കുമ്പൊൾ തൊട്ടു മുന്നിൽ നിൽക്കുന്ന നിമ്മിയെ കണ്ടപ്പോഴാണു ഇതെല്ലാം സ്വപ്നമായിരുന്നുന്നു തിരിച്ചറിഞ്ഞത്,

ചേട്ടായി എന്റെ കൂട്ടുകാരികൾ വന്നിട്ടുണ്ട്, ഒന്ന് നോക്കി വെച്ചോ ആവശ്യം വന്നാലോ എന്ന അവളുടെ വാക്ക് കേട്ട് കൊണ്ട് അവരുടെ മുന്നിലെക്ക് എത്തിയപ്പോഴെക്കും, എന്നെ ഞെട്ടിച്ച് കൊണ്ട് നമ്മുടെ നായിക അച്ചുവിന്റെ മുഖമുള്ള ഒരു കുട്ടി.

കുട്ടിയുടെ പേരു അച്ചുന്നാണോ എന്ന എന്റെ ചോദ്യത്തിനു ചേട്ടായിക്ക് എങ്ങനെയറിയാം എന്നായി അവൾ,

അരുണിനു സുഖമല്ലെ

ഏത് അരുൺ

വീടിന്റെ അടുത്തുള്ള..

എനിക്കറിയില്ലാട്ടോ എന്ന അവളുടെ മറുപടി കേട്ട നിമ്മി എന്നെ വലിച്ച് അകത്തെക്ക് കൊണ്ട് പോയി

സത്യം പറ എനിക്കിന്ന് അറിയണം അവളെ ചേട്ടായിക്ക് എങ്ങനെയറിയാം എന്ന അവളുടെ ചോദ്യത്തിനു ഞാൻ കണ്ട സ്വപ്നം മൊത്തം അവളോട് പറയേണ്ടി വന്നു..

“എന്റെ ഫോണിൽ കിടക്കുന്ന കൂട്ടുകാരുടെ ഫോട്ടോ കട്ട് നോക്കുന്നത് ഇന്നത്തോടെ നിർത്തിയില്ലെങ്കിൽ…..” എന്ന് പറഞ്ഞ് ചാടി തുള്ളി അവൾ പുറത്തേക്കു പോയപ്പോഴാ വീണ്ടും അച്ചുവിന്റെ കാര്യം മനസ്സിലെക്ക് ഓടി വന്നത്,

ഒന്നും മിണ്ടാതെ പതിയെ അവരുടെ അടുക്കലെക്ക് എത്തിയപ്പോഴെ നിമ്മി ഞാൻ കണ്ട സ്വപനം അവരുമായി പങ്ക് ഇട്ടിരുന്നു…

ചെറിയോരു ചമ്മലോടെ അച്ചുവിന്റെ മുഖത്തെക്ക് നോക്കിയപ്പോൾ നാണം കൊണ്ട് ചുമന്ന് തുടുത്തിരുന്നു ഓളുടെ കവിളുകൾ, യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം അവളുടെ കണ്ണുകൾ എന്നെ പരതുന്നത് മാറി നിന്ന് ഞാൻ കണ്ടു,

അവർ ഇറങ്ങി കഴിഞ്ഞ് നിമ്മി എന്നോട് പറഞ്ഞു ” ചേട്ടായി ആ ബുദ്ധുസിനു അരുണിനെ വേണ്ട എന്റെ ഈ ചേട്ടായിയെ മതിന്ന്….”

അതും പറഞ്ഞിട്ട് പോക്കറ്റിൽ ഇരുന്ന പൈസ കൈക്കലാക്കി തൽക്കാലം ബ്രോക്കർ ഫീസിൽ ഇതിരിക്കട്ടെന്ന് അവൾ പറഞ്ഞെങ്കിലും. എന്റെ കണ്ണും മനസ്സും പോയത് കണ്ണിൽ നിന്ന് മായും വരെ തിരിഞ്ഞ് നോക്കി തിരിഞ്ഞു നോക്കി പോകുന്ന എന്റെ ഉണ്ടക്കണ്ണിയോടൊപ്പമായിരുന്നു

രചന : Shanavas Jalal‎

Leave a Reply

Your email address will not be published. Required fields are marked *