കിടപ്പറ സമരം…

രചന: ഷൈനി വർഗീസ്

കാലവർഷം കലിതുള്ളി പെയ്യുകയാണ് ഭയങ്കര തണുപ്പും തണുപ്പൊന്നു മാറ്റാനായി അവളുടെ അടുത്തേക്ക് നീങ്ങി കിടന്ന് അവളെ തന്നോട് ചേർത്ത് കിടത്തി കൊണ്ട് എൻ്റെ കൈയ് അവളുടെ ദേഹത്തൂടെ കുസൃതി കാണിച്ച്.ഒരു ഒന്നാകലിന് കൊതിച്ച് കൊണ്ട് ഞാൻ അവളിൽ ആധിപത്യം കാണിക്കാൻ തുടങ്ങി. അവളുടെ ചുണ്ടോട് എൻ്റെ ചുണ്ട് ചേർത്ത് ഞാൻ അമർത്തി ചുംബിച്ചു

ഏട്ടാ ഹരിയേട്ടാ

എന്താ മുത്തേ

ഞാനൊരു കാര്യം പറയട്ടെ

പറ

ഏട്ടൻ ദേഷ്യപെടരുത്

ഇല്ല ദേഷ്യപെടില്ല

അതെ ഇന്ന് കുറി ചിട്ടി കിട്ടിയില്ലേ

അതു ഞാൻ വന്നപ്പോ തന്നെ പറഞ്ഞതല്ലേ അമ്മു

അതല്ല ഏട്ടാ ആ പൈസയിൽ നിന്ന് എനിക്കൊരു മാല വാങ്ങിത്തരുമോ

അത്രയുള്ളോ കാര്യം നാളെ റെഡി ആയിക്കോ മാല വാങ്ങിയിട്ട് തന്നെ കാര്യം

സത്യമാണോ ഏട്ടാ നാളെ ഏട്ടൻ ലീവെടുക്കാമോ?

സത്യമാന്നേ നീ ഇപ്പോ എന്നെ ഒന്നു കെട്ടി പിടിച്ചേ

ഐ ലവ്വ് യു ഏട്ടാ അല്ലേലും എനിക്കറിയാം എൻ്റെ ഏട്ടനൊരു പാവമാണന്ന്.

അമ്മു – … ഏട്ടൻ്റെ മുത്തേ…

ഏട്ടാ

എല്ലാം കഴിഞ്ഞ് ഹരി ക്ഷീണത്താൽ കിടന്നുറങ്ങിയപ്പോൾ അമ്മു സ്വപ്നം കാണുകയായിരുന്നു നാളെ വാങ്ങുന്ന മാലയുടെ ഡിസൈൻ.

രാവിലെ അമ്മു പതിവിലും നേരത്തെ എണീറ്റ് കുളിച്ച് അടുക്കള പണിയെല്ലാം തീർത്തു ഹരിയുടെ അടുത്തെത്തി

ഹരിയേട്ട എണീക്ക് വേഗം

എന്താടി എന്താ

വേഗം എണീറ്റ് ഒരുങ്ങ് നമുക്ക് നേരത്തെ പോയിട്ട് വരാം

എവിടെ പോകാൻ

ഹരിയേട്ടൻ മറന്നോ ഇന്നലെ പറഞ്ഞ കാര്യം

എന്ത് കാര്യമാ അമ്മു നീ ഒന്ന് തെളിച്ച് പറ

ഹരിയേട്ടാ കളിക്കല്ലേട്ടോ ഇന്ന് മാല വാങ്ങി തരാന്ന് പറഞ്ഞിട്ട് പൊട്ടൻ കളിക്കുന്നോ.?

മാലയോ എന്ത് മാല നീ എന്താ അമ്മു ഇന്നലെ സ്വപ്നം കണ്ടോ?

അപ്പോ ഹരിയേട്ടൻ എന്നെ പറ്റിച്ചതാല്ലേ

ഞാനോ ഞാൻ എൻ്റെ അമ്മുകുട്ടിയെ പറ്റിക്കുകയോ

അപ്പോ ഇന്നലെ മാല വാങ്ങി തരാം രാവിലെ തന്നെ ഒരുങ്ങിക്കോളാൻ പറഞ്ഞിട്ട്.

എപ്പഴാ അമ്മു ഞാനങ്ങനെ പറഞ്ഞത്

എപ്പഴാന്ന് എന്നേ കൊണ്ട് പറയിപ്പിക്കരുതേ

ഞാനൊന്നും ഓർക്കുന്നില്ലേ ഇനി അഥവാ ഏതങ്കിലും ദുർബ്ബല നിമിഷത്തിൽ ഞാൻ എന്തേലും വിടുവാ പറഞ്ഞിട്ടുണ്ടേൽ നീ ക്ഷമിക്ക് എൻ്റെ അമ്മുകുട്ടി

ദുർബ്ബല നിമിഷത്തിലൊന്നും അല്ല പറഞ്ഞത്

പിന്നെ ഏതു നിമിഷത്തിലാണ് നീ പറ

ഞാനിപ്പോ ഒന്നും പറയുന്നില്ല ഇനി വാ മുത്തേ പൊന്നേ എന്നും വിളിച്ച് അപ്പോ കാണിച്ച് തരാം

നീ എൻ്റെ വിക്കനസിൽ പിടിക്കാതെടി

ഓ ഒരു വീക്കനസ് ഇന്നും മഴയും ഉണ്ട് തണുപ്പും ഉണ്ട് ഓർത്തോ

എന്നാൽ ഞാനിനി തണുപ്പ് മാറ്റാൻ പുറത്തെ വിടേലും പോകാം

അതായിരിക്കും നല്ലത്

അതും പറഞ്ഞ് അവള് ചവിട്ടി തുള്ളി റൂമിൽ നിന്ന് പോയി

അമ്മു ഭക്ഷണമെടുത്ത് വെയ്ക്ക് എനിക്ക് ഓഫീസൽ പോകാൻ സമയമായി

ഇന്നെന്താ കഴിക്കാൻ

കഴിച്ച് നോക്ക് അപ്പോ അറിയാം

എന്താ മക്കളെ അമ്മേനെ കടന്നല് കൊത്തിയോ മുഖമെല്ലാം വീർത്തിരിക്കുന്നുണ്ടല്ലോ

എന്താ അച്ഛാ കടന്നലോ അതെന്താ

അമ്മയോട് ചോദിച്ചാ മതി മക്കളെ അമ്മ പറഞ്ഞ് തരും’

അമ്മേ ഈ കടന്നൽ എന്നു പറഞ്ഞാ എന്തുവാമ്മേ

പൊയ്ക്കോണം അച്ഛനോട് തന്നെ ചോദിക്ക്

അമ്മു ഞാനിറങ്ങുകയാണേ മക്കളേ അച്ഛാ പോയിട്ട് വരുമ്പോൾ വൈകുന്നേരം പറഞ്ഞ് തരാട്ടോ

അച്ഛാ റ്റാറ്റാ

റ്റാറ്റാ മക്കളെ

വീട്ടിൽ നിന്നറങ്ങുമ്പോൾ അമ്മു എന്നും എൻ്റെ കൂടെ ബൈക്കിൻ്റെ അടുത്ത് വരുന്നതാ എന്നിട്ട് കവിളിൽ ഒരു കടിയും തരും ഇന്ന് അതൊന്നും ഉണ്ടായില്ല

ബൈക്കോടിച്ച് പോരുമ്പോളും ഇതു തന്നെ ആയിരുന്നു ചിന്ത

ജോലിയൊന്നുമില്ലാതിരുന്ന എനിക്ക് അമ്മൂനെ തരാൻ അമ്മൂൻ്റെ അച്ഛന് ഒട്ടും ഇഷ്ടമല്ലായിരുന്നു. മതാപിതാക്കളെ വേദനിപ്പിച്ച് കൊണ്ട് അവളെ ഇറക്കി കൊണ്ടുവരാനും എനിക്ക് താത്പര്യം ഇല്ലായിരുന്നു. അമ്മു കരഞ്ഞും കാലു പിടിച്ചും നിരാഹാരം കിടന്നും അച്ഛനെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. അത്രക്ക് ഇഷ്ടമായിരുന്നു അവൾക്ക് എന്നെ എനിക്ക് അവളേയും. അച്ഛൻ ആവശ്യത്തിന് സ്വർണ്ണവും തന്നാണ് അവളെ എൻ്റെ വീട്ടിലേക്കയച്ചത്. പ്രരാബ്ദക്കാരാനായ എൻ്റെ വിഷമഘട്ടത്തിൽ അതെല്ലാം ഒരോന്നായി അഴിച്ച് തരാൻ അവൾക്ക് ഒരു മടിയുമില്ലായിരുന്നു. രണ്ട് അനിയത്തിമാരുടെ കല്യാണം വീട് പുതുക്കി പണിതപ്പോളൊക്കെ അവൾ കൂടെ നിന്നു. LDC എഴുതി ജോലി കിട്ടിയപ്പോൾ ഓർത്തു അവൾക്ക് ഒരു മാല വാങ്ങി കൊടുക്കണമെന്ന് പക്ഷേ ഇന്നുവരെ സാധിച്ചില്ല.ചിട്ടി കൂടിയപ്പോൾ അവൾ പറഞ്ഞതാ കുറി ചിട്ടി കിട്ടുമ്പോൾ ഒരു മാല വാങ്ങി തരണമെന്ന് .പാവം ഇന്നലേയും കൊതിപ്പിച്ചു. കുറിചിട്ടി കൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലോർത്തിട്ടുണ്ട്.

ഓരോന്ന് ഓർത്ത്‌ഓഫീസിലെത്തിയത് അറിഞ്ഞില്ല

ഓഫിസിലിരിക്കുമ്പോളെല്ലാം അമ്മൂൻ്റെ മുഖമായിരുന്നു മനസ്സ് മുഴുവൻ. ഇന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം.

വൈകുന്നേരം വീട്ടിൽ ചെന്നപ്പോൾ അമ്മു ഒന്നും സംഭവിക്കാത്തതുപോലെ പഴയ അമ്മു ആയിട്ടാണ് പെരുമാറ്റമൊക്കെ ഓ രക്ഷപ്പെട്ടു

രാത്രി കിടന്നപ്പോൾ മനസ്സിലായി അമ്മു ഒന്നും മറന്നിട്ടില്ലാന്ന്

അമ്മൂസേ

എന്താ

ഞാൻ കെട്ടിപിടിച്ചോട്ടെ

വേണ്ട

അതെന്താ

വേണ്ടാഞ്ഞിട്ട്

അമ്മൂസിനെ കെട്ടി പിടിച്ചില്ലങ്കിൽ എനിക്ക് ഉറക്കം വരില്ല

ഉറങ്ങണ്ട

എന്നാൽ ഞാൻ വേറെ എവിടേലും പോകൂ ട്ടോ കെട്ടി പിടിക്കാൻ

പൊയ്ക്കോ

ഞാൻ പോയാൽ എൻ്റെ അമ്മൂസിന് സങ്കടമാകില്ലേ

ഇല്ല

ഇല്ലേ

ഇല്ലന്നല്ലേ പറഞ്ഞത്

എന്നാൽ നാളെ മുതൽ പോകാം പത്തോ അഞ്ചൂറോ കൊടുത്താൽ മതീലോ

അപ്പോ അവർക്ക് കൊടുക്കാൻ ഹരിയേട്ടന് പൈസ ഉണ്ടല്ലേ

ഞാനൊരു തമാശ പറഞ്ഞതല്ലേ അമ്മൂസേ

ഇങ്ങോട്ട് ഒന്നു നോക്കിക്കേ ഏട്ടനൊരു കാര്യം പറയട്ടെ

എനിക്കൊന്നും കേൾക്കണ്ട

കേൾക്കണ്ടങ്കിൽ കേൾക്കണ്ട

ഹരിയേട്ടന് എന്നോട് എന്തേലും സ്നേഹം ഉണ്ടോ? എൻ്റെ ജന്മദിനം വിവാഹ വാർഷികം ഈ ദിവസങ്ങളൊന്നും ഹരിയേട്ടൻ ഓർക്കാറുണ്ടോ? എനിക്കും ആഗ്രഹങ്ങൾ ഉണ്ട് ഹരിയേട്ടാ ഞാൻ പറയാതെ തന്നെ ഈ ദിവസങ്ങൾ ഓർത്തിരുന്ന് എന്തേലും ഒരു സമ്മാനം മേടിച്ച് തന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ജോലി ഇല്ലാതിരുന്നപ്പോ ജോലി ഇല്ലാലോ എന്നോർത്തു സമാധാന. ജോലി കിട്ടിയപ്പോ കടമാണല്ലോ എന്നോർത്തു. ഹരിയേട്ടൻ്റെ കൂടെ പുറത്ത് പോകാനൊക്കെ എനിക്കും കൊതിയുണ്ട്.

അമ്മൂസേ മോളെ എന്തായിത്

എനിക്കെന്തേലും സങ്കടം ഉണ്ടോന്ന് ഹരിയേട്ടൻ ചോദിക്കാറുണ്ടോ? എന്നിട്ടും ഞാൻ ഹരിയേട്ടനെ എന്തിനേലും ബുദ്ധിമുട്ടിച്ചിട്ടുണ്ടോ ഹരിയേട്ടൻ്റേയും അച്ഛൻ്റേയും അമ്മയുടെയും കുട്ടികളുടേയും കാര്യത്തിൽ എന്തെങ്കിലും കുറവ് വരുത്താറുണ്ടോ.ഈ വീട്ടിലെ പണി ചെയ്യാനും രാത്രി ഹരിയേട്ടൻ്റെ വികാരങ്ങളെ ശമിപ്പിക്കാനുമുള്ള ഒരു യന്ത്രമാണ് ഞാൻ

അങ്ങനെയൊന്നും പറയാതെ അമ്മൂസേ എൻ്റെ ജീവനാ നീയും മക്കളും പിന്നെ അച്ഛനും അമ്മയും നിങ്ങൾ കഴിഞ്ഞിട്ടേ ഈ ഹരിക്ക് ഈ ലോകത്തിൽ വേറെ എന്തും ഉള്ളു.

എന്നിട്ടാണോ ഹരിയേട്ടാ ഞാൻ ഒരു കാര്യം ആവശ്യപെട്ടിട്ട് ഹരിയേട്ടൻ നിസാരമായിട് എടുത്തത്

ഇല്ല അമ്മൂസേ നീ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്യുന്നതു കാണുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്

വാ ഇനി ഏട്ടൻ അമ്മൂസിൻ്റെ എല്ലാ കാര്യത്തിലും ശ്രദ്ധിച്ചോളാം

ഞാൻ വരുന്നില്ല

വരുന്നില്ലങ്കിൽ വേണ്ട ഞാൻ കെട്ടിപിടിച്ചോട്ടെ

വേണ്ടന്നല്ലേ പറഞ്ഞത്

ശരി എന്നാൽ അമ്മൂസ് ഉറങ്ങിക്കോ

അമ്മുൻ്റെ ഏങ്ങലടിയും മൂക്കുപിഴിച്ചലും കേൾക്കാം അമ്മു പറയുന്നതെല്ലാം ശരിയാ ഒരിക്കലും അമ്മൂൻ്റെ ഒരു കാര്യത്തിലും ശ്രദ്ധിച്ചിട്ടില്ല. ഇനി അമ്മൂനെ സങ്കടപ്പെടുത്താതിരിക്കാൻ ശ്രമിക്കണം

പിറ്റേന്ന് ഓഫീസ് വിട്ട് നേരെ പോയത് സ്വർണ്ണ കടയിലേക്കാണ് പുതിയ ഫാഷനിലുള്ള ഒരു മാല തിരഞ്ഞെടുത്തു. രണ്ട് പവൻ ഉണ്ട്.അമ്മൂന് ഒരു സസ്പെൻസ് കൊടുക്കാം വളരെ സന്തോഷത്തോടെയാ വീട്ടിലെത്തിയത്

അമ്മൂസേ അമ്മൂസേ

എന്താ ഹരിയേട്ട

പിണക്കമൊക്കെ മാറിയോ

എനിക്ക് പിണക്കമില്ലാലോ

അതു കള്ളം

ഇല്ല ഹരിയേട്ടാ

എന്നാൽ ഒരു കടി താ

ഇല്ല ആ കാര്യത്തിന് പിണക്കമാ

അപ്പോ പിണക്കമില്ലാന്ന് പറഞ്ഞിട്ട്

ഹരിയേട്ടൻ പോയേ എനിക്ക് നൂറു കൂട്ടം പണിയുണ്ട്

ഇപ്പോ ഞാൻ പോകാം ഇന്ന് ഞാൻ നിൻ്റെ പിണക്കം മാറ്റും

പിണക്കം മാറ്റാനായി ഇങ്ങോട് വാ അപ്പോ കാണാം

കാണാം

രാത്രി അവൾ വരാനായി ക്ഷമയോടെ കാത്തിരിന്നു.

അമ്മൂസേ നമുക്ക് കൂട്ട് കൂടാം

അതിന് എനിക്ക് വഴക്കില്ലാലോ

എന്നിട്ട് ഇന്നലെ കെട്ടി പിടിക്കാൻ സമ്മതിച്ചില്ലാലോ

ഇന്നും സമ്മതിക്കില്ലാലോ

ഇന്ന് എൻ്റെ അമ്മൂസ് സമ്മതിക്കും

ഇല്ല

മാല വാങ്ങി തന്നാൽ സമ്മതിക്കോ

ആലോചിക്കാം

അമ്മുസൊന്ന് കണ്ണടച്ചേ

എന്താ ഒളിച്ച് കളിക്കാൻ പോവുകയാണോ

നീ കണ്ണൊന്നടച്ചേ അമ്മൂസേ

ഉം അടച്ചു

ഹരി മാല അമ്മൂസിൻ്റെ കഴുത്തിലണിയിച്ച് ആ മൂർദ്ധാവിൽ ചുംബിച്ചു.

ഇനി കണ്ണ് തുറന്ന് നോക്കിയേ ഇഷ്ടായോന്ന്.

ഹരിയേട്ടാ അപ്പോ ഹരിയേട്ടൻ എന്നെ പറ്റിക്കാൻ പറഞ്ഞതാല്ലേ

അതേന്നേ

ഇഷടായോ

ഇഷ്ടായി. ഒത്തിരി ഇഷടായി.

ഹരിയേട്ടാ എനിക്ക് മാലയിടാനുള്ള കൊതി കൊണ്ടല്ല മാല വാങ്ങണം എന്ന് പറഞ്ഞത്

പിന്നെ എന്തിനാടി ഈ പുകിലെല്ലാം ഉണ്ടാക്കിയത്. മാല കാണാൻ വേണ്ടിയാണോ

എന്നു വിട്ടിൽ ചെന്നാലും അച്ഛനും അമ്മയും ഹരിയേട്ടനെ കുറ്റം പറയും കെട്ടുതാലി വരെ പൊട്ടിച്ചു എന്നും പറഞ്ഞ് അതു കേൾക്കുമ്പോൾ എൻ്റെ ചങ്കുപൊട്ടും കഴിഞ്ഞ പ്രാവശ്യം വീട്ടിൽ ചെന്നപ്പോ ഞാനമ്മയോട് പറഞ്ഞു കുറി ചിട്ടി കിട്ടുമ്പോൾ മാല വാങ്ങും എന്ന് അതാ ഹരിയേട്ടാ ഞാൻ വഴക്കിട്ടത്.

അവരു കുറ്റം പറഞ്ഞതിൽ അവരെ തെറ്റുപറയാൻ പറ്റില്ല അമ്മൂസേ

ഹരിയേട്ടാ താലികെട്ടിയ പുരുഷനെ മറ്റാരും കുറ്റപ്പെടുത്തുന്നതോ താഴ്ത്തികെട്ടുന്നതോ ഒരു ഭാര്യക്കും ഇഷ്ടമാകില്ല

ഇപ്പോ സന്തോഷമായില്ലേ ഏട്ടൻ്റെ അമ്മൂട്ടിക്ക്

സന്തോഷമായി

എന്നാലൊന്ന് കെട്ടിപിടിച്ചോട്ടെ

അമ്മൂസേ

എന്താ ഹരിയേട്ടാ

ഇനി ദേഷ്യം വരുമ്പോൾ ഇമ്മാതിരി സമരമുറയൊന്നും പാടില്ലാട്ടോ നിനക്കറിയാലോ എനിക്കിതില്ലാതെ പറ്റില്ലാന്ന്. ഇതൊരു ശീലമാക്കണ്ട

അതു കൊണ്ടല്ലേ ഞാൻ ഈ ആയുധം കൈയിലെടുത്തത്.

അതു കൊണ്ടൊന്നും അല്ലാ ഞാൻ മാല വാങ്ങിയത് എൻ്റെ അമ്മൂസ് സങ്കടപ്പെടുന്നത് കാണാൻ എനിക്ക് പറ്റില്ല

ഉം അതെനിക്ക് മനസ്സിലായി ഇന്നലെ ഉറങ്ങാതെ കിടന്നപ്പോ

അപ്പോ നീയും ഉറങ്ങിയില്ലേ.

ഹരിയേട്ടൻ്റെ നെഞ്ചത്ത് തല വെയ്ക്കാതെ കിടന്നാ എനിക്ക് ഉറക്കം വരോ ഹരിയേട്ടാ

പെട്ടന്ന് എവിടെ നിന്നോ വലിയ ശബ്ദത്തോടെ ഇടിമിന്നലുണ്ടായി പെട്ടന്ന് പേടിച്ചിട്ടെന്നോണം അമ്മൂസ് എൻ്റെ നേഞ്ചോട് ചേർന്ന് കെട്ടി പിടിച്ചു.

N .B ഇത് വായിച്ച് ഭാര്യമാരെയും ഭർത്താക്കൻമാരെയും ഓർത്തെങ്കിൽ അത് എൻ്റെ തെറ്റല്ലാട്ടോ…..

രചന: ഷൈനി വർഗീസ്

Leave a Reply

Your email address will not be published. Required fields are marked *