അവളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഇല്ലാതാവാൻ പോകുന്ന പോലെ അവൾക്ക് തോന്നി.

രചന: Aradhya Siva

” എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട.. ”

“എന്റെ പൊന്നു ശിവ നീ ഒന്ന് പതുക്കെ പറ അച്ഛൻ കേട്ടാൽ ഇനി അത് മതി ”

“ഓ അപ്പൊ ചേച്ചിയും കൂടി അറിഞ്ഞിട്ടാണല്ലേ.. ആരോടു ചോദിച്ചിട്ടാ അവരോട് നാളെ പെണ്ണ് കാണാൻ വരാൻ പറഞ്ഞത് ”

“അതെന്താ മോളേ നിനക്ക് വല്ല പ്രേമം ഉണ്ടോ.. ”

“എൻ്റെ ചേച്ചി ഈ കല്യാണം വേണ്ട എന്ന് പറയണ പെൺകുട്ടികൾ ഒക്കെ പ്രേമം ഉള്ളോർ അല്ല എനിക്ക് കുറച്ച് ആഗ്രഹങ്ങൾ ഒക്കെ ഉണ്ട്.. ”

ഇവരുടെ സംസാരം കേട്ടാണ് മാധവൻ നായർ അങ്ങോട്ട്‌ വന്നത്.

“എന്താ രണ്ടാൾക്കും ഉറക്കം ഒന്നും ഇല്ലേ ”

“അത് അച്ഛാ ശിവയ്ക്ക് ഇപ്പൊ കല്യാണം വേണ്ടന്ന പറയണേ… ” ചേച്ചി വിക്കി വിക്കി പറഞ്ഞു.

മാധവൻ നായർ ദേഷ്യത്തിൽ ശിവയെ നോക്കി. “പിന്നെ ഇപ്പൊ കെട്ടാതെ ഇനി നീ മൂക്കിൽ പല്ല് വന്നിട്ടാണോ കെട്ടാൻ പോണേ ”

“അതിനു എനിക്ക് പത്തു മുപ്പതു വയസ്സ് ഒന്നും ആയില്ലല്ലോ.. വെറും 19 അല്ലേ ”

“അച്ഛനോട് തർക്കുത്തരം പറയുന്നോഡി ” അമ്മ ദേഷ്യത്തിൽ അവളെ നോക്കി.

“ശിവ നീ ഇനി ഇങ്ങോട്ടൊന്നും പറയണ്ട. നിന്നെ വളർത്തി ഇത്രേം ആക്കാൻ അറിയും എങ്കിൽ നിന്നെ കെട്ടിച്ചു വിടാനും ഞങ്ങൾക്ക് അറിയാം. നാളെ അവർ വരും അവർക്ക് നിന്നെ ഇഷ്ടപ്പെട്ട ഈ കല്യാണം ഞാൻ നടത്തും. ” മാധവൻ നായർ തിരിഞ്ഞു നടന്നു.

ശിവയ്ക്ക് അന്ന് രാത്രി ഉറക്കം വന്നില്ല. പെണ്ണ് കാണാൻ വരുന്നവർക്ക് തന്നെ ഇഷ്ടപ്പെടല്ലേ എന്ന് അവൾ പ്രാർത്ഥിച്ചു. അവളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഇല്ലാതാവാൻ പോകുന്ന പോലെ അവൾക്ക് തോന്നി.

പിറ്റേ ദിവസം പെണ്ണ് കാണാൻ വന്നവരുടെ മുന്നിൽ ഒരു മരപാവ പോലെ അവൾ നിന്നു. അച്ഛനും അമ്മയും ചേച്ചിയും വളരെ സന്തോഷത്തിൽ ആണ്. അവൾക്ക് മാത്രം മുഖത്തു ഒരു പുഞ്ചിരി പോലും വരുത്താൻ സാധിച്ചില്ല.

“അതെ ചെക്കനെ ശെരിക്കും ഒന്ന് നോക്കിക്കോ ഇനി കണ്ടില്ലന്നു പറയരുത് ” കൂട്ടത്തിൽ ഒരു അമ്മാവൻ തമാശ രൂപത്തിൽ പറഞ്ഞെങ്കിലും അവൾക്ക് ഒന്നും തോന്നിയില്ല.

“എന്നാൽ അവർ രണ്ടു പേരും ഒന്ന് സംസാരിക്കട്ടെ “ചെക്കന്റെ അച്ഛൻ പറഞ്ഞു. അവർ രണ്ടു പേരും തൊടിയിലെക്ക് ഇറങ്ങി.

രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല. കുറച്ചു നേരത്തെ നിശബ്ദതയെ ഇല്ലാതാക്കാൻ ചെക്കൻ തന്നെ സംസാരിച്ചു തുടങ്ങി.

“എടൊ എനിക്ക് അങ്ങനെ പെണ്ണ് കണ്ടു പരിചയം ഒന്നും ഇല്ല. അതോണ്ട് എന്താ പറയണ്ടേ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ തന്നെ കണ്ട അറിയാം തനിക്കു എന്നെ ഇഷ്ടപ്പെട്ടില്ല എന്ന്.. അതെന്താടോ എന്നെ കാണാൻ കൊള്ളില്ലേ അതോ തനിക്കു വല്ല പ്രേമം ഉണ്ടോ ”

അപ്പോഴാണ് ശിവ അയാളുടെ മുഖത്തു നോക്കിയത്. എന്തോ അയാളോട് തന്റെ പ്രശ്നം പറയാം എന്ന് അവൾക്ക് തോന്നി. “എനിക്ക് ഇപ്പൊ കല്യാണം കഴിക്കാൻ താല്പര്യമില്ല. എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് സ്വപ്‌നങ്ങൾ ഉണ്ട് അതൊക്കെ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതോണ്ട് ഏട്ടൻ എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറയണം. ഞാൻ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ അവർ ആരും കേൾക്കില്ല…. പ്ലീസ്……. ” അവളുടെ നിസ്സാഹയമായ മുഖം കണ്ടപ്പോൾ അവനും സങ്കടം തോന്നി.

“ഓക്കേ ഇഷ്ടപ്പെട്ടില്ല എന്ന് ഞാൻ പറയാം പക്ഷെ തന്റെ ആഗ്രഹം എന്താന്ന് എന്നോടും കൂടെ പറയോ…ഒന്ന് പറയെടോ ”

അവൾ ആദ്യം ഒന്ന് മടിച്ചു പക്ഷെ അവൾ പറഞ്ഞു. “എനിക്ക് ഒരു നല്ല ജോലി വേണം. സ്വന്തം കാലിൽ നിൽക്കണം. എന്റെ അച്ഛനും അമ്മയും ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു.. അവര് ഒരാളുടെ മുന്നിലും തല കുനിക്കാനോ കൈ നീട്ടാനോ പാടില്ല. അവരെ എനിക്ക് പൊന്നു പോലെ നോക്കണം… പിന്നെ എൻ്റെ അച്ഛന് വയ്യാതിരുന്ന രണ്ടു മാസം ആണ് ശെരിക്കും ദാരിദ്ര്യം എന്താന്ന് ഞങ്ങൾ അറിഞ്ഞത് വിശപ്പ് എന്താന്ന് അറിഞ്ഞത്.. അന്ന് തീരുമാനിച്ചതാ എന്നെ കൊണ്ട് കഴിയുന്ന പോലെ ദാരിദ്ര്യം അനുഭവിക്കുന്ന കുറച്ച് പേരെ എങ്കിലും രക്ഷിക്കണം എന്ന്.. ”

അവൾ പറഞ്ഞത് ഒക്കെ കേട്ടപ്പോൾ അവനു അവളോട്‌ വല്ലാത്തൊരു ഇഷ്ടം തോന്നി. അവർ സംസാരിച്ചു തിരിച്ചു വന്നപ്പോൾ എല്ലാവരും ഉമ്മറത്തു ഉണ്ടായിരുന്നു.

“മോനു പെണ്ണിനെ ഇഷ്ടായോ “അച്ഛൻ ചോദിച്ചു.

“ഇഷ്ടപ്പെട്ടു “അവൻ അവളുടെ മുഖത്തു നോക്കി പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ അത് കേട്ടപ്പോൾ അവൾ ഞെട്ടി അവന്റെ മുഖത്തു നോക്കി. അവൾക്ക് അവനോട് വല്ലാത്ത ദേഷ്യം thonni.

പിന്നീട് എല്ലാം വളരെ പെട്ടന്ന് ആയിരുന്നു. താലി കെട്ടാൻ ഒരു ശവം പോലെ അവൾ ഇരുന്നു കൊടുത്തു. അല്ലേലും മനസ് മരിച്ചു കഴിഞ്ഞല്ലോ.അവൾ അവന്റെ മുഖത്തു നോക്കുക പോലും ചെയ്തില്ല. അവൾക്ക് അവനോട് ദേഷ്യം തോന്നി. താൻ എല്ലാം പറഞ്ഞിട്ടും അയാൾക്ക്‌ തന്നോട് ഒരു അലിവും തോന്നിയില്ലലോ. അവളുടെ കണ്ണുകൾ നിറഞ്ഞു.

ആദ്യരാത്രി അവൾ ആ മുറിയിലേക്ക് കയറി ചെന്നപ്പോൾ ഒരു കള്ള ചിരിയോടെ അവൻ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

“ആ വാതിൽ ഒന്ന് അടച്ചിട്ടു വാടോ “അവൻ അവളോട്‌ പറഞ്ഞു. അവൾ ദേഷ്യത്തോടെ വാതിൽ വലിച്ചു അടച്ചു. “ഒന്ന് പതുക്കെ അടക്കഡോ എന്നോടുള്ള ദേഷ്യം അതിനോട് തീർക്കാതെ”അവൻ ചിരിച്ചു. “താൻ ഇവിടെ ഇരിക്ക് “അവൻ അതും പറഞ്ഞു അവളുടെ കയ്യിൽ പിടിക്കാൻ ശ്രമിച്ചു. അവൾ കൈ തട്ടി മാറ്റി .

“എടൊ തനിക്കു എന്നോട് നല്ല ദേഷ്യം ഉണ്ടെന്ന് എനിക്ക് അറിയാം. പക്ഷെ താൻ ഞാൻ പറയുന്നതു ഒന്ന് കേൾക്കു. ഞാൻ തന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു പോയ വേറെ ആൾ തന്നെ കാണാൻ വരും അയാളോട് താൻ എന്നോട് പറഞ്ഞതൊക്കെ പറയും. എന്നിട്ടും അയാൾ പിന്മാറി ഇല്ലെങ്കിൽ തന്റെ ജീവിതം അയാളുടെ വീട്ടിൽ തീരും. ഇതിപ്പോ തനിക്കു സന്തോഷിച്ചുടെ തന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും കൂട്ട് നിൽക്കുന്ന എന്നെ പോലെ ഒരാളെ കിട്ടിയതിൽ ”

ശിവ ഒന്നും മനസിലാവാതെ അവനെ നോക്കി.

“എടൊ എനിക്ക് ഈ കെട്ട്യോന്റെ ചിലവിൽ ജീവിക്കുന്ന പെൺകുട്ടികളെകാളും ഇഷ്ടം സ്വന്തമായി അധ്വാനിക്കുന്ന കുറച്ചൊക്കെ ആഗ്രഹങ്ങൾ ഉള്ള കുട്ടികളെയാ. അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ അല്ലേ ഞാൻ ഒരു ഒരു നല്ല കെട്ട്യോൻ ആവണേ.. അല്ലേടി ഭാര്യേ… “അവൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.

അവൾ ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ടപ്പോൾ അവളുടെ മനസും കണ്ണും ഒരുമിച്ചു നിറഞ്ഞു….. .

രചന: Aradhya Siva

Leave a Reply

Your email address will not be published. Required fields are marked *