ഇന്നു ഞാൻ എന്റെ നല്ലപാതിയായ ഈ വായാടിക്കിളിയെ എനിക്കു കൂട്ടിനുകിട്ടിയ കഥ പറയാം…

രചന : അഞ്ജു രാഘവൻ…. ♡

അന്നൊരു ബസ് യാത്രയിലാണ് ഞാനവളെ ആദ്യമായി കാണുന്നത്. ഒരു രൂപാ ബാലൻസിനുവേണ്ടി കണ്ടക്ടറുമായി അടികൂടുന്ന ഒരു തന്റേടി പെണ്ണ്. അന്നുതന്നെ എന്റെ കണ്ണ് അവളുടെ മേൽ പതിഞ്ഞിരുന്നു.കെട്ടുവാണേൽ ഇങ്ങനൊരു വായാടിപെണ്ണിനെ കെട്ടണമെന്ന് എന്റെ ഉള്ളിലും ഒരു മോഹമുദിച്ചു.

പിന്നീട് ഇടയ്ക്കൊക്കെ അവളെ കാണുമായിരുന്നു. മിക്കവാറും വല്ല വാക്കുതർക്കത്തിലുമായിരിക്കും കക്ഷി.

ഒരിക്കൽ ഞാൻ കയറിയ ബസിൽ ഇടയ്ക്കുവച്ച് അവളുംകയറി.കുറച്ചു കഴിഞ്ഞപ്പോ ബസിൽ ഭയങ്കര ബഹളം. നോക്കിയപ്പോ വായാടിയുടെ പിറകിൽ നിൽക്കുന്നവന്റെ കൈ അവളുടെ വായിലിരുന്നു ഞെരുങ്ങുന്നു. അവൻ തോണ്ടിയപ്പോൾ അവളാ കൈ പിടിച്ചൊരു കടി. അതാണു സംഭവം. എനിക്കു ശരിക്കും ചിരിയാണു വന്നത്.

അവൾ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിടണമെന്ന് പറഞ്ഞ് ബഹളം വയ്ക്കാൻ തുടങ്ങി. അതിനിടയിൽ ഇങ്ങനൊക്കെ വേഷം ധരിച്ചാൽ പിന്നെ തോണ്ടാതിരിക്കുമോ എന്ന് ചിലരുടെ കമന്റ്. അവരുടേം വായവൾ അടച്ചു കൊടുത്തു. അവസാനം മാപ്പിലൊതുക്കി പ്രശ്നം തീർത്തു. ശരിക്കും പറഞ്ഞാ ഞാനവളുടെ ഫാനായി മാറി.

പിന്നെ അവളെ കാണാൻ വേണ്ടി മാത്രം ഞാനാ ബസിൽ കയറിതുടങ്ങി. അവസാനം എന്റെ നോട്ടവും ചിരിയും പരുങ്ങലും കണ്ട് അവളും ശ്രദ്ധിച്ചുതുടങ്ങി.

അങ്ങനെ ഞാനെന്റെ ഇഷ്ടം അവളോട് തുറന്നു പറയാൻ തീരുമാനിച്ചു.ഒരു ദിവസം അവൾ ബസിറങ്ങിയപ്പോൾ ഞാനും പിറകെ ഇറങ്ങി നടന്നു. കുറച്ചു നടന്നപ്പോ ഞാൻ വിളിച്ചു

-ഏയ് കുട്ടീ.., ഒന്നു നിൽക്കൂ ഒരു കാര്യം പറയാനുണ്ട്

അവൾ ആശ്ചര്യത്തോടെ തിരിഞ്ഞു നിന്നുകൊണ്ടു ചോദിച്ചു

-എന്താ ചേട്ടാ?

-അതേയ് എനിക്കിയാളെ ഇഷ്ടാ… കല്യാണം കഴിച്ചാ കൊള്ളാരുന്നു

ഞാനൊറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. ഞാനൊന്നു ചുറ്റും നോക്കി. മറുപടി ചെകിട്ടത്തടിയാണെങ്കിൽ ആരേലും കാണുമോന്നറിയണ്ടേ?. ആരുമില്ല. എന്നാലവളുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു.

-ചേട്ടാ, ഞാനും കുറച്ചു ദിവസായി ചേട്ടനെ ശ്രദ്ധിക്കുന്നുണ്ട്. കാര്യമെനിക്ക് പിടികിട്ടി. വീട്ടിൽ വന്നാലോചിച്ചോളൂ അവരുടെ ഇഷ്ടമാ എന്റേതും.

അവളിതും പറഞ്ഞ് ഒറ്റപ്പോക്ക്. ഞാനാണേൽ ബ്ലിങ്ഗസ്യാന്നും പറഞ്ഞ് നടു റോഡിൽ. ഞാനിതു പറയുമ്പോൾ എന്തൊക്കെയായിരുന്നു മനസ്സിൽ, ചിലപ്പോൾ രണ്ടു ചീത്തവിളി അല്ലെങ്കിൽ നാണത്തോടെ ഒരു പുഞ്ചിരി ഇത്രേ പ്രതീക്ഷിച്ചുള്ളൂ. ഇതിപ്പോ കല്യാണംവരെയെത്തി. എന്തായാലും ഈ വായാടിയെ മറ്റാർക്കും കൊടുക്കൂലാന്നു മനസ്സിൽ ഉറപ്പിച്ചു. പിറ്റേന്ന് വീണ്ടും അവളെ കണ്ടു അഡ്രസ്സ് വാങ്ങി. അടുത്ത ഞായറാഴ്ച തന്നെ അമ്മയേയും ചേച്ചിയേയും കൂട്ടി അവളുടെ വീട്ടിൽ ചെന്നു.ഇതൊക്കെ എത്ര കണ്ടതാ എന്ന രീതിയിലായിരുന്നു ചായയുമായി വന്ന അവളുടെ മുഖഭാവം. അവളുടെ അച്ഛൻ അവളെ കുറിച്ചു വിശദമായി വിവരിച്ചു തന്നു. ഡിഗ്രിക്കു പഠിക്കുന്നു. ഈ മാസം ക്ലാസ്സു തീരും. കുറേപേർ വന്നു വിവാഹമാലോചിച്ചു. പക്ഷേ പിന്നീടവർ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിവാകും. ഒറ്റമോളായതുകൊണ്ട് സർവ്വ സ്വാതന്ത്രവും കൊടുത്താ വളർത്തിയേന്നും കുട്ടിത്തം ഇതുവരേയും മാറിയിട്ടില്ലാന്നുമൊക്കെ. ‘അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോ…. ‘ മനസിനകത്ത് ആരോ പാടിയെങ്കിലും കേട്ടില്ലെന്നു നടിച്ചു ഞാൻ ഈ കല്യാണത്തിനു ഇഷ്ടമാണെന്നും അടുത്തുതന്നെ നല്ല തീയതി കുറിക്കാനും വാക്കുകൊടുത്തു. അമ്മയ്ക്കും എതിരഭിപ്രായമില്ലാരുന്നു. ഫോൺ വിളികളികളിൽ അവളുടെ സംസാരം മാത്രം നടന്നു കൊണ്ടിരുന്നു. ചുരുക്കത്തിൽ എട്ടുംപൊട്ടും തിരിയാത്ത ഒരു പൊട്ടിപെണ്ണ് പക്ഷേ കാര്യനിർവഹണത്തിൽ മുതിർന്നവരേക്കാൾ ഒരു പടി മുന്നിൽ. അങ്ങനെ ഞങ്ങളുടെ വിവാഹം മംഗളമായി നടന്നു.

ആദ്യമായി ആദ്യരാത്രി ആഘോഷിക്കാൻ പോകുന്ന എന്നെ വീണ്ടും അവൾ ഞെട്ടിച്ചു. കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ അവൾ ഫോണിലൂടെ സംസാരിച്ച് എന്റെ പെങ്ങളുടെ നാലുവയസ്സുകാരിയെ കൈയ്യിലെടുത്തിരുന്നു. അവൾക്കിന്ന് പുത്തൻപെണ്ണിന്റെ കൂടെ കിടക്കണമെന്ന്. എന്റെ വായാടിയാണെങ്കിൽ അതും സമ്മതിച്ച് അവളേം പൊക്കിക്കോണ്ട് വന്നേക്കണു. ചേച്ചി എത്ര നിർബന്ധിച്ചിട്ടും രണ്ടാളും അടുക്കുന്ന ലക്ഷണമില്ല.പെങ്ങളുടെ മോൾ കരച്ചിലിന്റെ വക്കെത്തിയപ്പോ ഞാനിടപെട്ടു. സാരമില്ല അവളേം കൂടെ കിടത്താമെന്നേറ്റു. അവളു കരയാൻ തുടങ്ങിയാലത്തെ അവസ്ഥയോർത്തു പറഞ്ഞുപോയതാണ്. അങ്ങനെ ആദ്യരാത്രി അവരു രണ്ടുപേരും കഥ പറഞ്ഞും ഞാനത് കേട്ടും നേരം വെളുപ്പിച്ചു. പിന്നീടങ്ങോട്ട് എന്റെ ജീവിതവും വീടുമെല്ലാം മാറിമറിയുകയായിരുന്നു. വീടിനൊരു അനക്കംവച്ചു തുടങ്ങി . വീട്ടിൽ കൊച്ചുപിള്ളേരുള്ള ഒരു ഫീൽ. അമ്മയ്ക്കും സന്തോഷം. അവളെപ്പോഴും അമ്മയ്ക്കു പുറകെയാണ്. തലനോക്കി കൊടുക്കാനും കുഴമ്പു പുരട്ടാനും മരുന്ന് എടുത്തു കൊടുക്കാനുമൊക്കെയായി… ഇടയ്ക്കിടെ രണ്ടാളും അസ്സൽ പോരും എടുക്കും കേട്ടോ. അതിലിടപെടാൻ പോയാൽ അഞ്ചു മിനിറ്റ് കഴിയും മുന്നേ അവരൊന്ന് നമ്മൾ പുറത്ത്.പിന്നെ അവളുടെ ബെസ്റ്റ് ഫ്രണ്ട് എന്റെ ചേച്ചീടെ മോളാ. ഇങ്ങനെയൊക്കെ ആണേലും എന്റെ കാര്യത്തിൽ ഒരു കുറവും വരുത്തീട്ടില്ലാട്ടോ. എന്റെ ഭാര്യയായും നല്ല സുഹൃത്തായും ഏട്ടാ ഏട്ടാ വിളിച്ച് ഈ വായാടി എപ്പോഴും പുറകെ ഉണ്ട്. അങ്ങനെ ഞങ്ങളുടെ ദാമ്പത്യജീവിതം മൂന്നു വർഷം പിന്നിട്ടപ്പോൾ വീണ്ടുമവളെന്നെ ഞെട്ടിച്ചു, രണ്ടു പൊന്നോമനകളെ ഒന്നിച്ചു എനിക്കു നേരെ നീട്ടിക്കൊണ്ട്. ഇനിയീ മൂന്നെണ്ണത്തിനേയും ഞാൻ തന്നെ നോക്കണമല്ലോ എന്നാലോചിച്ച് എന്റെ കണ്ണുതള്ളിയോന്നൊരു സംശയം.ഞെട്ടലുകൾക്കായി ഇനിയുമെന്റെ ജീവിതം ബാക്കി.

എന്തായാലും ഇന്നെന്റെ വീടൊരു സ്വർഗ്ഗമാണ് അമ്മൂമ്മക്കിളിയും അച്ഛൻ കിളിയും അമ്മക്കിളിയും പിന്നെ രണ്ടു കുഞ്ഞിക്കിളികളും ചേരുന്നൊരു കൊച്ചു സ്വർഗ്ഗം… പിന്നേ, ഈ വായാടിത്തരമുള്ള പെണ്ണുങ്ങടെ ഉള്ളു പൊള്ളയാന്നേ…

ബാക്കി പിന്നെ പറയാം.. ഇനിയുമിതിൽ തോണ്ടിയിരുന്നാ അവൾ തവിയുമായി വന്നെന്റെ തലയ്ക്കിട്ടു കൊട്ടും… അപ്പോ പിന്നെ കാണാട്ടോ…

രചന : അഞ്ജു രാഘവൻ…. ♡

Leave a Reply

Your email address will not be published. Required fields are marked *