ഇന്നെന്റെ വിവാഹ ദിവസമായിരുന്നു…

രചന : അമ്മു….‎

ഓർമ്മ വച്ച കാലം മുതൽ എന്റേതെന്നു കരുതി സ്നേഹിക്കുന്ന എന്റെ നന്ദേട്ടനുമായി. എന്നിട്ടും ഞാൻ കാമുകനൊപ്പം ഇറങ്ങി പോയി…

ഇപ്പോൾ വീണ്ടും എനിക്കായി ഒരുക്കിയ ആ വിവാഹ പന്തലിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. തനിച്ചല്ല അവനെയും സ്വീകരിച്ചു….. എന്റെ പുതിയ കാമുകനെ…..

എന്നെ കണ്ടവരുടെയെല്ലാം മുഖങ്ങളിൽ മിന്നി മാഞ്ഞ ഭാവം എന്തെന്ന് വേർതിരിച്ചു അറിയാനാവുന്നില്ല. ജീവനുതുല്യം എന്നെ സ്നേഹിച്ച എന്റെ നന്ദേട്ടനെ വിട്ടു ഞാനെന്തിന് അവനൊപ്പം പോയി അതായിരിക്കാം എല്ലാവരുടെയും സംശയം.

ഒരാൾക്ക് ഒഴികെ,… നന്ദേട്ടന്റെ അനിയൻ…. അല്ല ഞങ്ങളുടെ സ്വന്തം ഹരിക്കുട്ടനൊഴികെ…

അമ്മയുടെ സ്ഥാനം നൽകി സ്നേഹിക്കേണ്ട എന്നെ കീഴ്പെടുത്തുമ്പോൾ അവനോർത്തു കാണില്ല അവന്റെ ഏട്ടനെ…. ഞങ്ങളുടെ സ്വപ്‌നങ്ങളെ ….

നിശ്ചയിച്ച വിവാഹ തീയതി അടുത്തെത്തിയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായയായ എന്റെ മുന്നിൽ ഈ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളു…

നന്ദേട്ടനെ ഒന്നും അറിയിക്കാതെ സ്വയം ഉരുകി ഒരു ജീവിതം… വേണ്ട അതിനൊരിക്കലും എനിക്കാവില്ല… മറിച്ച് ഇതറിഞ്ഞാൽ മറ്റാരേക്കാളും എന്റെ നന്ദേട്ടൻ തകർന്നു പോകും….

മകന്റെ സ്ഥാനം നൽകി സ്നേഹിച്ചിരുന്നവൻ….

വേണ്ട ഒന്നും വേണ്ട ഞാൻ ചെയ്തതാണ് ശരി…

എവിടെ എന്റെ നന്ദേട്ടൻ …. തിരിച്ചെത്തിയ എന്റെ കണ്ണുകൾ പന്തലിലാകെ നന്ദേട്ടനെ തിരഞ്ഞു. കതിർ മണ്ഡപത്തിന്റെ ഒരു കോണിൽ അതാ കരയാൻ പോലും ശക്തിയില്ലാത്ത വിധം തളർന്നു പോയിരിക്കുന്നു പാവം. ചുറ്റും നിന്നവരോടായി എന്തൊക്കെയോ പുലമ്പുന്നു സമനില തെറ്റിയത് പോലെ…

അമ്മയും അച്ഛനുമൊക്കെ എന്തിനാണിങ്ങനെ നെഞ്ച് പൊട്ടി കരയുന്നത് കാരണം പറയാതെ ഇറങ്ങി പോയ ഈ മകളെ അവർക്കൊരിക്കലെങ്കിലും ശപിച്ചുടെ…

വെറുപ്പിനു പകരം എല്ലാ മുഖങ്ങളിലും ആശ്ചര്യ ദ്യോതകമായ ദുഃഖം നിഴലിച്ചു കാണുന്നു…

ഹരിക്കുട്ടന്റെ മാത്രം മുഖത്തെ ഭാവം എന്താണ് ? അവനിപ്പോൾ ആശ്വസിക്കുന്നുണ്ടാവും, ആരും ഒന്നും അറിയാത്തതിൽ…

എങ്കിലും ഞാൻ അവനു മാപ്പ് നൽകി..

മരണമാകുന്ന എന്റെ കാമുകനെ സ്വീകരിച്ചു ഞാനിതാ യാത്രയാകുന്നു… വിവാഹ ശേഷം മാത്രം എനിക്ക് നൽകാനായി കാത്തു വച്ച എന്റെ നന്ദേട്ടന്റെ ആദ്യ ചുംബനവും സ്വീകരിച്ച് …..

രചന : അമ്മു….‎

Leave a Reply

Your email address will not be published. Required fields are marked *