ക്രിസ്മസ്കേക്ക്

രചന : ജിഷസുരേഷ്

മോനേ….. ഇന്ന് നീ വേണമീ മുളകും കൊണ്ടുപോവാൻ. അമ്മച്ചിക്കു വയ്യടാ.

ആ ചന്തയുടെ ഓരത്തിരുന്ന് താനാണെന്നുമിത് വിൽക്കാറ്. ഇന്ന് വയറുവേദന അസഹ്യമായിരിക്കുന്നു.

ആ… കുഞ്ഞുമുഖം വാടി.

അവന്റെ മുഖത്തെ ദയനീയാവസ്ഥ കണ്ടപ്പോഴേ തനിക്കു മനസ്സിലായി, അവന്റെ നോട്ടത്തിന്റെ പൊരുൾ.

ഇന്നലെ സ്കൂളു വിട്ട് വന്നപ്പോൾ തുടങ്ങിയതാണ്. അവനൊരു ക്രിസ്മസ് തൊപ്പിയും, കേക്കും വേണമെന്ന ആവശ്യം.

അവന്റെ ക്ലാസിലെ ഏതോ ഒരു പയ്യൻ കൊണ്ടു വന്നത്രേ ഒരു കേക്കും, തൊപ്പിയും. അവനത് പീസാക്കി അവന്റെ കൂട്ടുകാർക്കു മാത്രം പങ്കുവെച്ചത്രേ.

അവനു കൊതിയായിക്കാണും.

അവന്റെ പപ്പയുണ്ടായിരുന്നപ്പോൾ ക്രിസ്മസിന് പതിവായി, അഞ്ചു നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ എല്ലാമടങ്ങുന്ന ഒരു കിറ്റ് സമ്മാനിക്കുമായിരുന്നു.

അതിൽ ഒരു കിലോ അരി, പഞ്ചസാര, വെളിച്ചണ്ണപായ്ക്,മല്ലി, മുളക് പിന്നൊരു കേക്കും പതിവായുണ്ടാകാറുണ്ടായിരുന്നു.

തന്റെ കല്യാണം കഴിഞ്ഞ നാളുകളിൽ ഇതുകണ്ട് താനേറെ കൗതുകപ്പെട്ടിട്ടുണ്ട്. എങ്ങിനെയാണ് ചേട്ടനിതിന് പണമുണ്ടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. കാരണം പലചരക്കുകടയിലെ സെയിൽസ്മാന് കിട്ടുന്ന ശമ്പളം എത്രയാന്നെല്ലാവർക്കുമറിയാമല്ലോ.

താൻ പക്ഷേ ഒന്നും ചോദിക്കാറില്ല, അദ്ദേഹമൊട്ടു പറഞ്ഞതുമില്ല. അതങ്ങനെ തുടർന്നുപോന്നു. പക്ഷേ മോന് നാലുവയസ്സുള്ളപ്പോഴാണ് ചേട്ടനെ അസുഖം പിടികൂടിയത്. രണ്ടു കിഡ്ണിയും തകരാറായി. താൻ പകരമൊന്നു കൊടുക്കാൻ തയ്യാറായി. പക്ഷേ തന്റെ ആരോഗ്യസ്ഥിതിയതിനു യോജിച്ചതല്ലെന്ന മറുപടിയാണ് ഡോക്ടറിൽ നിന്ന് കിട്ടിയത്.

പക്ഷേ തനിക്കു നിരാശപ്പെടേണ്ടി വന്നില്ല. ചേട്ടനു കിഡ്ണി കൊടുക്കാൻ തയ്യാറായി ഒത്തിരി പേരാണെത്തിയത്. അവരുടെ സ്നേഹത്തിനു പിന്നിൽ, ചേട്ടന്റെ ത്യാഗമായിരുന്നുവെന്നെനിക്കറിയാമായിരുന്നു. പക്ഷേ ആരേയും ബുദ്ധിമുട്ടിക്കാനിഷ്ടപ്പെടാതെ അദ്ദേഹം വിട ചൊല്ലി.

താനേകയായി. മോനെ വളർത്തണം. അവനെപ്പഠിപ്പിക്കണം. ജീവിതം ചോദ്യചിഹ്നമായി അവശേഷിച്ചു.

പക്ഷേ ഈശ്വരന് ഓരോരുത്തരെക്കുറിച്ചുമൊരു പദ്ധതിയുണ്ടെന്നെനിക്കറിയാമായിരുന്നു.

അന്ന് പള്ളിയിൽ കുർബാന കഴിഞ്ഞിറങ്ങുമ്പോൾ പുതുതായി വന്ന കൊച്ചച്ഛൻ എന്നോട് പറഞ്ഞൂ.

“ആനീ.. നീ വളരെ ബുദ്ധിമുട്ടിലാണെന്നറിഞ്ഞു.”

നിനക്കു വരാൻ പറ്റുമെങ്കിൽ ഇവിടെ കുശിനിയിൽ ഞാനൊരു ജോലി തരാം. ഉച്ചവരെ മതി,, ബാക്കി സമയം നമ്മുടെ പച്ചക്കറിത്തോട്ടത്തിലെ പച്ചക്കറികൾ വിൽക്കാൻ നീ സഹായിക്കണം. അത് വിവാഹം കഴിപ്പിക്കാൻ ത്രാണിയില്ലാത്ത വീട്ടിലെ പെൺകിടാങ്ങൾക്കായി സഹായധന ശേഖരണാർത്ഥം നമുക്കു സംഭരിക്കാം. നിനക്കതിനു കൂലിയും തരാം.

അതായിരുന്നു തന്റെ ജീവിതത്തിന്റെ വഴിത്തിരിവ്. മെല്ലെ മെല്ലെ പച്ചപിടിച്ചു തുടങ്ങിയതായിരുന്നു. പക്ഷേ അപ്പോഴാണ് താനൊന്നു വീണത്. നടുവിന് പൊട്ടലുണ്ടായിരുന്നു. അങ്ങനെ പള്ളിയിലെ ജോലിക്കുപോകാൻ നിവൃത്തിയില്ലാതായി. പച്ചക്കറികളുമായി പോകും. അതിനും കഴിയുന്നില്ല ചിലപ്പോൾ. ഇടക്കു മോനെ വിടും. അവന് സ്കൂളിൽ പോകണ്ടേ. പിന്നെയവൻ കൊച്ചുമല്ലേ.

അമ്മാ…. അമ്മെയെന്തോർത്തോണ്ടു നിൽക്കുവാ.

നിക്കു കേക്കു വാങ്ങണം……

അവന്റെ ശബ്ദം ഓർമ്മകളെ തല്ലിപ്പായിച്ചു.

ആ മുഖത്തേക്കു നോക്കിയപ്പോൾ വീണ്ടും നെഞ്ചു വിങ്ങി. അകത്തെ ചുവരിലെ ക്രൂശിതന്റെ തിരുസ്വരൂപത്തിലേക്ക് അറിയാതെ കണ്ണുകൾ പോയി. കണ്ണീരിൽ കുതിർന്ന കണ്ണുകളാൽ അപ്പുറത്തെ ഭിത്തിയിലിരുന്ന് ഇച്ചായനും തങ്ങളെ നോക്കുന്നുണ്ടെന്നു തോന്നി.

എന്തെങ്കിലുമൊരു വഴി തെളിയാതിരിക്കില്ല. മനസ്സു മന്ത്രിക്കുന്നുണ്ടായിരുന്നു.

അത് സത്യമായിരുന്നു. ക്രിസ്മസിന്റെ തലേ രാത്രിയാലായിരുന്നവത് അന്ന് മുറ്റത്തു നിന്നൊരു വിളി വന്നു. കൊച്ഛച്ഛനും, പള്ളിയിലെ ക്വയർസംഘത്തിലെ കൊച്ചുങ്ങളുമായിരുന്നു.

അവരൊരു കിറ്റ് തിണ്ണയിൽ വെച്ചു. കൊച്ഛച്ഛൻതന്നെ അതഴിച്ച് ഒരു കേക്കെടുത്ത് മോനു നൽകി. കുട്ടികളിലൊരുത്തൻ അവന്റെ തലയിലെ ക്യാപ്പെടുത്ത് മോന്റെ തലയിൽ വെച്ചു. ഞങ്ങളുടെ കൊച്ചുവീടിന്റെ ഇറയത്തവർ മനോഹരമായൊരു നക്ഷത്രവും തൂക്കി.

ആനീ…. ഇവന്റപ്പച്ഛനിന്നില്ലെങ്കിലും അവനൊരു കുറവും വരുത്തരുത്. അത്രക്കും നന്മകൾ ബാക്കിവെച്ചല്ലേ അങ്ങേര് പോയത്. ഞാനീ ഇടവകയിൽ വന്നപ്പോൾ നിറഞ്ഞു നിന്നത് അദ്ദേഹത്തെക്കുറിച്ചുള്ള നല്ല വാക്കുകളായിരുന്നു.

ഞാൻ മോന്റെ മുഖത്തേക്കു നോക്കി. അവന്റെ മുഖത്തൊരായിരം സൂര്യനുദിച്ചിരുന്നു.

ഞാനോടി അകത്തെ ക്രൂശിതന്റേയും, , ഇച്ചായന്റേയും മുൻപിലെ ഭിത്തിയിലേക്കു ചേർന്നു നിന്നു പൊട്ടിക്കരഞ്ഞു. എന്റെ കണ്ണുനീർ വീണ് ഭിത്തി കുതിർന്നുകൊണ്ടിരുന്നു.

അവനപ്പോൾ ആർത്തിയോടെ കേക്കു തിന്നുന്ന തിരക്കായിരുന്നു. അതിൽ നിന്നൊരു കഷണമവൻ എന്റെ വായിലും വെച്ചു തന്നു.

എനിക്കന്നേരം മനസ്സിലായി. എപ്പോഴും തുണയായി, ഈശോയും, ഇച്ചായനും എന്റെ കൂടെത്തന്നെയുണ്ടെന്ന്. കണ്ണുനീരിനിടയിലും ഞാനാശ്വാസത്തോടെ നിശ്വസിച്ചു.

രചന : ജിഷസുരേഷ്

Leave a Reply

Your email address will not be published. Required fields are marked *