“ദൈവമേ ആ കുട്ടിക്ക് ഒന്നും വരുത്തിയേക്കല്ലേ “

രചന : Prajith Surendrababu‎

കാഷ്വാലിറ്റിക്കു മുന്നിൽ ഇരിക്കുമ്പോൾ ജോർജ്ജിന്റെ ചങ്കിടിപ്പേറി. ഡോർ തുറന്ന് ഒരു നഴ്സ് ധൃതിയിൽ പുറത്തേക്കു വന്നു

“നിങ്ങൾ കുട്ടിയുടെ ആരാണ് ”

“ഞാൻ..ഫ്ര…ഫ്രണ്ടാണ് സിസ്റ്റർ ”

“ഒക്കെ… ഈ മെഡിസിൻ ഉടന്നെ വാങ്ങണം പിന്നെ ഒരു ജോഡി ഡ്രസ്.എല്ലാം താഴെ കിട്ടും പെട്ടെന്നാകട്ടെ ”

നഴ്സ് കൊടുത്ത കുറിപ്പുമായി അവൻ ഫാർമസിയിലേക്ക് പാഞ്ഞു ഒരു മണിക്കൂറത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ പുറത്തുവന്നു.

” പേഷ്യന്റ് ഇപ്പൊ ഒക്കെ ആണ് വലതുകയ്യുടെ അസ്തി പൊട്ടി മാറി പോയി സർജറി കഴിഞ്ഞു പക്ഷെ ടൈമെടുക്കുംകൈ പഴയതുപോലാകാൻ പിന്നെ ചെറിയ പരിക്കുകൾ ..ആൾ ഇപ്പൊ നോർമൽ ആണ് ”

“ഹോ സമാധാനമായി ”

ജോർജ്ജിന് അപ്പോഴാണ് ശ്വാസം നേരെ വീണത്

“സമാധാനിക്കാൻ വരട്ടെ ഇയാൾടെ വണ്ടിയല്ലേ ആ കുട്ടിയെ ഇടിച്ചത് കേസും പൊല്ലാപ്പും ഒന്നും ആകണ്ടേൽ ആ കൊച്ചിനെ പോയ് കണ്ട് കാലുപിടിച്ച് സ്റ്റേഷനിൽ പോകാണ്ട് ഒരു സെറ്റിൽമെന്റ് ആക്ക് അല്ലേൽ അകത്താകും”

ഡോക്ടർ നടന്നകലുമ്പോൾ ജോർജ്ജിന്റെ ഉള്ള സമാധാനം കൂടി പോയ് കിട്ടി വാർഡിലേക്ക് ചെല്ലുമ്പോൾ ബെഡിൽ ചാരി ഇരിക്കുവാരുന്നു അവൾ കൂടെ ഒരു കൂട്ടുകാരിയും

.”ഹലോ സുഖായോ ഇപ്പൊ ”

“ങും….. കുറച്ച്.. ക്ഷമിക്കണം നിക്ക് ആരാന്ന് മനസിലായില്ല ”

ശബ്ദത്തിൽ വേദന പടർന്നിരുന്നു.

“ഞാനാ ഇയാളെ ഇവിടെ കൊണ്ടു വന്നത് പേര് ജോർജ്ജ്”

” ഒരുപാട് നന്ദി ഉണ്ട് ട്ടോ.. ന്റെ പേര് മായ ”

അവളുടെ മുഖമൊന്ന് തിളങ്ങി.

” ഇത് എന്റെ ഫ്രണ് നാൻസി.. ”

മായ കൂട്ടക്കാരിയെ പരിചയപ്പെടുത്തി

“ഹായ് നാൻസി.. ”

ജോർജ്ജ് ഭവ്യത കൈവിട്ടില്ല

“താൻ ആരാന്നാ പറഞ്ഞെ രക്ഷിച്ച ആളോ ഇയാളാ മായ വയ്നോക്കി വണ്ടി ഓടിച്ച് നിന്നെ ഇടിച്ചിട്ടത് എന്നിട്ട് രക്ഷപെടാൻ നോക്യപ്പോ നാട്ടുകാർ പിടിച്ച് നിർത്തി തന്നെ വണ്ടിയിൽ കയറ്റിവിട്ടതാ.. എന്നിട്ട് വന്ന ഡയലോഗ് അടിക്കുന്നോ ”

നാൻസിയുടെ രണ്ട് ഉണ്ട കണ്ണുകൾ ഇപ്പൊ താഴെ വീഴും എന്ന ജോർജ്ജിനു തോന്നി അത്രക്ക് ദേഷ്യം ഉണ്ടായിരുന്നു ആ മുഖത്ത്.

“മനപൂർവ്വം അല്ല പറ്റി പോയി ക്ഷമിക്കണം എന്തു വേണേലും ചെയ്യാം ഞാൻ ”

മായയുടെ മുഖത്തേക്ക് നോക്കുമ്പോൾ പേടി തോന്നി അവന് അത്രത്തോളം ദേഷ്യം ഇരച്ച് കയറുന്നുണ്ടായിരുന്നു ആ മുഖത്ത്

“എന്തു ചെയ്യും താൻ എന്റെ ഈ കയ്യ് നേരെ ആക്കി തരാമോ ഇപ്പോ?”

ആ ചോദ്യത്തിന്നു മുന്നിൽ ജോർജ്ജ് ഒന്നു പതറി.

“നിങ്ങൾക്കൊക്കെ അബധം പറ്റിയത്.. വേറൊന്നും അറിയണ്ട മറ്റുള്ളോർടെ ജീവിതം തുലഞ്ഞാലും നിങ്ങൾക്ക് ഒന്നൂല്ല എന്റെ ഈ കൈ ഇനി പഴയതുപോലെ ആകണേൽ കുറഞ്ഞത്ആറു മാസം വേണമെന്ന് അതും ഫിസിയോ തെറാപ്പി ചെയ്യണം നേരെ ആക്കി തരാൻ പറ്റുമോ ഇപ്പോൾ തനിക്ക് ?”

ആകെ പതറിപ്പോയി ജോർജ്ജ്

” പെങ്ങളെ ഞാൻ മനപൂർവം അല്ല….”

“നിർത്ത് താൻ ഒന്നു ശ്രദ്ധിച്ചിരുന്നേൽ…. തനിക്കൊക്കെ എല്ലാ സൗഭാഗ്യങ്ങളും തന്ന് മറ്റുള്ളോരെ ദ്രോഹിക്കാൻ ഇറക്കി വിടുന്ന വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ. ഒന്നു പോടൊ മുന്നിൽ ന്ന് ”

വാർഡിൽ ഉള്ളവരുടെ എല്ലാം നോട്ടം അവരിലേക്ക് കേന്ദ്രീകരിച്ചിരുന്നു.

“ഓരോന്ന് രാവിലെ ഇറങ്ങിക്കോളും മറ്റുള്ളോരെ ദ്രോഹിക്കാൻ കാശുള്ളതിന്റെ അഹങ്കാരത്തിൽ പാവങ്ങളുടെ വിഷമം അറിയണ്ടല്ലോ ഇവനൊന്നും ” ആരുടെയൊക്കെയോ അടക്കം പറച്ചിലുകൾ കൂടിയായപ്പോൾ മനസിൽ അതു വരെ ഉണ്ടായിരുന്ന വിഷമവും കുറ്റബോധവുമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാണ്ടായ് പകരം മനസു നിറയേ ദേഷ്യമായി അവന്. പാർക്കിംഗിൽ നിന്നും വണ്ടിയെടുത്ത റോഡിലേക്ക് ഇറങ്ങുമ്പോൾ അവന്റെ ഫോൺ റിംഗ് ചെയ്തു.ഫ്രണ്ടിന്റെ നമ്പർ കണ്ട് വണ്ടി സൈഡാക്കി ഫോൺ അറ്റന്റ് ചെയ്തു.

” ജോർജ്ജേ എവിടാ നീ അമ്മച്ചി ഇപ്പൊ ഓക്കെ ആയി നിന്നെ അന്യോഷിക്കുവാ രാവിലെ പോയതല്ലെ നീ വിളിച്ചിട്ടും കിട്ടിയില്ല.”

“ഒന്നു പറയണ്ട ജോൺസാ ഞാൻ ദേ വരുവാ വന്നിട്ടു പറയാം എല്ലാം ”

ഫോൺ കട്ട് ആക്കി വണ്ടിയെടുക്കുമ്പോൾ അവന്റെ മനസ് നീറി പുകയുന്നുണ്ടായിരുന്നു.

“നിന്നെ എന്റെ കയ്യിൽ കിട്ടുമെടീ എന്നേലും ഇപ്പൊ നാണം കെടുത്തിയതിന്റെ കണക്ക് അന്നു തീർക്കും ഞാൻ ”

കാർ പാഞ്ഞു മേരി മാതാ ഹോസ്പിറ്റൽ ലക്ഷ്യമാക്കി. ഹോസ്പിറ്റലിൽ എത്തുമ്പോൾ ഐ.സി.യു വിനു മുന്നിൽ ജോൺസൺ ഉണ്ടായിരുന്നു.

” അമ്മച്ചി ഉറങ്ങിയെടാ… ഞാൻ കയറി കണ്ടു നിന്നെ അന്യോഷിച്ചു.ബി.പി. കൂടിയതാന്നാ ഡോക്ടർ പറഞ്ഞെ മാത്രല്ല ഷുഗറും കൂടുതലാ.. നീ എവിടാരുന്നു ഇതുവരെ”

ജോർജ്ജ് പതുക്കെ ഇരുന്നു. നടന്ന സംഭവങ്ങൾ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു

“ജോൺസാ അവൾടെ പേര് മായ നീ ഒന്ന് തിരക്കണം അവളെ പറ്റി അങ്ങിനെ വെറുതെ വിടില്ല ഞാൻ അവളെ ”

വാക്കുകളിലെ അമർഷം ജോൺസൺ തിരിച്ചറിഞ്ഞു

“അയാളോട് പറഞ്ഞത് അൽപം കൂടി പോയോ മായ.. അത്രേം വേണ്ടിയിരുന്നില്ല.”

“പിന്നെ ? ഞാൻ എന്തു പറയണം എല്ലാമറിയുന്ന നീ ആണൊ ഈ പറയുന്നെ. ഈ വയ്യാത്ത കയ്യുമായ് ഞാൻ ഇനി എന്തു ചെയ്യും പലിശക്കാർ ഇറക്കിവിട്ടാൽ എങ്ങട് പോവും ഇപ്പൊ തന്നെ ഇതൊന്നും അറിയാണ്ട് ഞാൻ നിന്റെ വീട്ടിൽ ആണെന്ന് സമാധാനിച്ചിരിക്കുവാ അച്ഛൻ” മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

” ഞാൻ ഒരു വഴി പറയട്ടെ ”

.എന്താ എന്ന ഭാവത്തിൽ നാൻസിയെ നോക്കി മായ

“അറിഞ്ഞിടത്തോളം നിന്നെ കാറു കൊണ്ട് തട്ടിയത് ഒരു ബഡാ പാർട്ടി ആണ്. ജോർജ്ജ് കുര്യൻ. സി.കെ ഗ്രൂപ്പ്സിന്റെ ഏക അവകാശി സി.കെ മോട്ടോർസ്, സി.കെ കൺസ്ട്രക്ഷൻസ്…. അങ്ങിനെ മൊത്തത്തിൽ ഒരു പണച്ചാക്ക്. നമുക്ക് അയാളോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചാലോ ”

” അയാളു തരോ.. ഞാൻ അത്രക്കും നാണം കെടുത്തിയില്ലേ.”

മായയിൽ സംശയം നിഴലിച്ചു

” തരുമെന്ന് വിശ്വസിക്കാം. ഇല്ലേൽ കേസുകൊടുക്കും എന്ന് പറയാം ഇവർക്കൊക്കെ നൂറുകാര്യങ്ങൾ അല്ലെ .അപ്പൊ കേസിനും പൊല്ലാപ്പിനുമൊന്നും നിക്കില്ല.”

പറയുന്നത് ശരിയാ എന്ന് മായക്കും തോന്നി. അവളുടെ കണ്ണുകളിൽ തിളക്കം വച്ചു.

” ഹോസ്പിറ്റൽ രജിസ്റ്ററിൽ തപ്പിയാൽ അയാൾടെ നംബർ കിട്ടും നമുക്ക് നാളെ രാവിലെ ഒന്ന് വിളിക്കാം.”

നാൻസിയുടെ വാക്കുകൾ മായയിൽ പ്രതീക്ഷ ഉണർത്തി ദൈവമേ കാശു കിട്ടണേ… മനസുരുകി പ്രാർത്ഥിച്ചു അവൾ. രാവിലെ ഐ.സി.യു വിന്റെ മുന്നിൽ ഇരിക്കുമ്പോഴാണ് ജോർജ്ജിന്റെ ഫോൺ ശബ്ദിച്ചത്

“ഹലോ ആരാണ് ”

“ഹ ..ഹലോ.. ഞാൻ മായയാണ് ഇന്നലത്തെ ആക്സിഡന്റ്……. ”

മായയുടെ ശബ്ദം ഇടറി.

” ങും.എന്ത് വേണം”

“നിങ്ങൾ ഒന്ന് ഇവിടെ വരെ വരണം ”

“എന്തിനാ ബില്ല് വല്ലതും അടയ്ക്കാനാണേൽ ഞാൻ ആളിനെ വിടാം”

അൽപം പരുക്കൻ ശബ്ദത്തിലുള്ള മറുപടി കേട്ടപ്പോൾ മായ ഒന്ന് പതറി

” അതിനല്ല ഇത് നിങ്ങൾ നേരിട്ട് വരണം മറ്റൊരു കാര്യത്തിനാ”

“ങും .. വരാം”

അവൻ ഫോൺ കട്ട് ചെയ്തു . ഹോസ്പിറ്റലിൽ എത്തുമ്പോൾ ബെഡിൽ ഇരിക്കുവാരുന്നു മായ ഒപ്പം നാൻസിയും ജോർജ്ജിനെ കണ്ടതും നാൻസി എണീറ്റു.

“എന്താ വേണ്ടത് എന്തിനാ വരാൻ പറഞ്ഞെ”

മുഖത്ത് നോക്കാണ്ട് ജോർജ്ജ് ചോദിച്ചു.

മായ നാൻസിയുടെ മുഖത്തേക്ക് നോക്കി.

“ഇവൾക്ക് നല്ല പരിക്ക് ഉണ്ട് ആറ് മാസമെങ്കിലും വേണം പഴയതുപോലാകാൻ ചികിൽസക്കും കാശു വേണം.. അതു കൊണ്ട് മാന്യമായൊരു നഷ്ടപരിഹാരം നിങ്ങൾ തരണം അങ്ങിനെയാണേൽ കേസ് ഒന്നും ഇല്ലാണ്ട് പ്രശ്നം പരിഹരിക്കാം”

ജോർജ്ജ് അൽപ നേരം നാൻസിയെ ഒന്നു നോക്കി

“എത്രയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ”

“അത്..ഒരു ലക്ഷം ”

മായയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് നാൻസി പറഞ്ഞു.

ജോർജ്ജ് അൽപസമയം നിശബ്ദനായി നിന്നു.

“അപ്പൊ ഒരു ലക്ഷമാണ് വേണ്ടത്.. ഈ തുക ഈസിയായി എനിക്ക് തരാൻ കഴിയും ”

ആ മറുപടിയിൽ മായയുടെ മിഴികൾ ഒന്നു തിളങ്ങി ആ തിളക്കത്തിന് പക്ഷെ അൽപായുസ്സ് ആയിരുന്നു.

“പക്ഷെ ഞാൻ തരില്ല. ഒരിക്കലും തരില്ല എന്നല്ല.ഇപ്പൊ തരില്ല നിങ്ങൾ കേസ് കൊടുക്ക് നമുക്ക് കോടതി വഴി നോക്കാം എന്തേ… ”

പുഛത്തോടെ ജോർജ്ജ് മായയെ നോക്കി

“എന്താ താൻ ഉദ്ദേശിക്കുന്നെ ”

മായക്ക് അരിശം കയറി

” ഉദ്ദേശം ഒന്നുമില്ല. പറ്റി പോയ തെറ്റിന് മനസ് നിറയെ കുറ്റബോധവുമായാ ഇന്നലെ ഞാൻ നിന്നത് രാവിലെ മുതൽ കാവൽ നിന്നു തനിക്ക് ഒന്നും സംഭവിച്ചേക്കരുതേ എന്ന് മനസുരുകി പ്രാർത്ഥിച്ചു. .എന്നിട്ടോ ആട്ടിയിറക്കി നീ എന്നെ കുറ്റബോധമൊക്കെ പോയി… ഇനി നീ കേസു കൊടുക്ക് കാശു കൊടുത്താൽ വണ്ടി ഓടിച്ചു എന്ന് പറയാൻ നൂറ് ആൾക്കാർ വരും പിന്നെ വിധി വരാൻ കുറഞ്ഞത് അഞ്ച് ആറ് വർഷമെടുക്കും അന്ന് ഞാൻ നഷ്ടപരിഹാരം തന്നോളാം നാണമില്ലാണ്ട് വിളിച്ചേക്കുന്നു നഷ്ട പരിഹാരത്തിന്”

പുച്ഛം നിറഞ്ഞ വാക്കുകൾ മായയെ ചൊടിപ്പിച്ചു.

“മതി നിർത്ത് എനിക്ക് വേണ്ട തന്റെ പിച്ച കാശ് ആറ് അല്ല പത്ത് വർഷം കഴിഞ്ഞാലും കോടതി പറയുമ്പോ ഞാൻ വാങ്ങിക്കോളാം എന്റെ അവകാശമായി ഇറങ്ങി പോടോ ”

ദേഷ്യവും അതിലേറെ സങ്കടവും കൂടി ആയപ്പോൾ മായ ഒച്ചയെടുത്തു. ചുറ്റുപാടും ഉള്ളവർ ശ്രദ്ധിക്കുന്നു എന്ന് മനസിലായതോടെ ജോർജ്ജും പൊട്ടിതെറിച്ചു.

” അടങ്ങെടീ….. ”

ദേഷ്യം കൊണ്ട് അവൻ വിറച്ചു.

“ഇന്നലെ ഞാൻ ഒന്നും മിണ്ടിയില്ലന്നു കരുതി തലയിൽ കയറുന്നോ…. ഒരു ലക്ഷം…അല്ലേ ….നീ തരികിടയാണല്ലെ.. കാശിന് അത്രക്ക് ആവശ്യമെങ്കിൽ വേറെ പണിയുണ്ട്.. നല്ല തൊലി വെളുപ്പ് ഉണ്ടല്ലോ എന്താ ഇറങ്ങുന്നോ ഫീൽഡിൽ ”

ജോർജ്ജിന്റെ ഉച്ചയുയർന്നപ്പോൾ വാർഡിലുള്ളവരൊക്കെ ചുറ്റും കൂടി. ആകെ തകർന്നു മായ നാണക്കേടും സങ്കടവും ദേഷ്യവുംഎല്ലാം കൂടി ഒരുമിച്ച അവസ്ഥയിൽ ചാടി എണീറ്റു അവൾ

“ഇനി ഒരക്ഷരം മിണ്ടരുത് ഇറങ്ങി പോടോ…” പൊട്ടിക്കരയുകയാമയിരുന്നു അവൾ. വീഴാണ്ട് അവളെ താങ്ങിപ്പിടിച്ചു നാൻസി… പിന്നെ നിന്നില്ല തിരിഞ്ഞു നടന്നു ജോർജ്ജ് പക വീട്ടിയ സമാധാനത്തോടെ… വണ്ടിയിലേക്ക് കയറുമ്പോൾ വീണ്ടും ഫോൺ ശബ്ദിച്ചു. ജോൺസൺ ആയിരുന്നു അത്. ഫോൺ ചെവിയോട് ചേർക്കുമ്പോൾ ഒരു ഞെട്ടൽ അനുഭവപ്പെട്ടു അവന്റെ മുഖത്ത്..

ജോർജ്ജിന്റെ വാക്കുകൾ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. മായയുടെയുടെകാതുകളിൽ പൊട്ടി കരഞ്ഞ അവളെ സമാധാനിപ്പിച്ചു കൊണ്ട് നാൻസി ഉണ്ടായിരുന്നു കൂടെ

” പോട്ടെ ടോ താൻ വിഷമിക്കാതെ അവന്റെ സംസ്കാരം അവൻ കാടി അത്ര തന്നെ ”

“എന്നാലും നാൻസി ഒരു പെൺകുട്ടിയോട് പറയേണ്ട വാക്കുകളാണോ അത് അവനുമില്ലേ അമ്മയും പെങ്ങൾമാരും ”

മായക്ക് സങ്കടം സഹിച്ചില്ല. എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ തീർക്കാൻ നെട്ടോട്ടമോടുവല്ലെ ഞാൻ ആ എന്നെ….ജീവിതത്തിൽ ഇന്നേ വരെ സുഖങ്ങളൊന്നും അനുഭവിച്ചിട്ടില്ല ജനിച്ച നാൾ മുതൽ കഷ്ടപാടുകൾ മാത്രമായിരുന്നു … മാനാഭിമാനം മാത്രമാണ് സ്വന്തമായി ഉണ്ടായിരുന്നത്.പക്ഷെ ഇന്ന്……. വീട്ടിലേക്ക് ഇനി എങ്ങനെ കയറി ചെല്ലും ഞാൻ ഈ അവസ്ഥയിൽ ചങ്ക് പൊട്ടി പോകും അച്ഛന്….” സങ്കടം കണ്ണീർച്ചാലായി ഒഴുകിയപ്പോൾ അതു കാണാൻ നാൻസി മാത്രം.

ഡിസ്ചാർജ് ആയി വീട്ടിൽ ചെന്നു കയറുമ്പോൾ അവളുടെ പാദങ്ങൾ വിറകൊണ്ടു.

മകളുടെ അവസ്ഥ കണ്ട് ചങ്ക് പിടഞ്ഞു പോയിആ അച്ഛന്.

“നമ്മളിന്നി എന്തുചെയ്യും അച്ഛാ പലിശ കാർക്ക് മുന്നിൽ നാണംകെട്ട് വീടുവിട്ട് ഇറങ്ങേണ്ടി വരില്ലെ ” അച്ഛന്റെ മാറിലേക്ക് ചാഞ്ഞ് പൊട്ടിക്കരയുമ്പോൾ അവളുടെ നിറുകയിൽ തലോടി ആ അച്ഛൻ

“ഇല്ല മോളെ ആരുമില്ലാത്തോർക്ക് ദൈവം തുണക്കുണ്ട്… അങ്ങിനൊരു ദൈവം വന്നു. നമ്മുടെ കടങ്ങൾ എല്ലാം വീട്ടാൻ സഹായിച്ചു. നമ്മളെ രക്ഷിച്ചു.”

അച്ഛന്റെ വാക്കുകൾ മനസിലാകാണ്ട് അവൾ പകച്ചു നിന്നു

” അതേ മോളെ സത്യമാണ് നമ്മുടെ കഷ്ടപ്പാടുകൾ എങ്ങിനെയോ അറിഞ്ഞൊരു നല്ല മനുഷ്യൻ ഇവിടുത്തെ പള്ളിവക ഓർഫനേജിലെ സിസ്റ്റർ വഴി സഹായിച്ചു നമ്മളെ കടങ്ങൾ എല്ലാം തീർന്നു ”

അച്ഛന്റെ വാക്കുകൾ മായക്ക് വിശ്വസിക്കാൻ ആയില്ല

” ആരാ.. ആരാ അച്ഛാ അദ്ദേഹം ”

അവൾക്ക് ആകാംഷയേറി

” അറിയില്ല മോളെ പറയില്ല ആ സിസ്റ്റർ അയാൾക്ക് വാക്കു കൊടുത്തത്രെ ഒരിക്കലും ആളെ കാട്ടികൊടുക്കില്ല എന്ന്. പക്ഷെ കുംബത്തിന്റെ ബാദ്ധ്യതകൾ തീർക്കാൻ കഷ്ടപ്പെടുന്ന എന്റെ കുട്ടിയെ ഒരുപാട് ഇഷ്ടമാ അയാൾക്ക് ആ ഇഷ്ടം കൊണ്ടാണത്രെ നമ്മളെ സഹായിക്കാൻ അദ്ദേഹം മുതിർന്നത്”

അച്ഛന്റെ വാക്കുകൾ വിശ്വസിക്കാനായില്ല അവൾക്ക് .അരാണ് അയാൾ താൻ അറിയാതെ തന്നെ ഇഷടപ്പെടുന്ന ആൾ

“എന്റെ മോൾക്ക് തരാൻ അദ്ദേഹം ഒരു കത്തു കൂടി കൊടുത്തയച്ചു. ”

അച്ഛൻ നൽകിയ കത്ത് ആകംക്ഷയോടെ പൊട്ടിച്ച് നോക്കി അവൾ

‘മായ തളരരുത് ഇനിയെന്നും താങ്ങായി ഞാനുണ്ടാകും.. കാണാ മറയത്ത് ഒരു പാട് ഇഷ്ടാ എനിക്ക് നിന്നെ പക്ഷെ തമ്മിൽ കാണാൻ സമയമായിട്ടില്ല.’

ആ വരികൾ മായയുടെ മനസിലാണ് പതിഞ്ഞത് രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു അവൾ മനസു നിറയെ അയാളായിരുന്നു താൻ അറിയാതെ തന്നെ സ്നേഹിക്കുന്ന ആ ആൾ ആരായിരിക്കും അത്…..ഇടക്ക് എപ്പോഴോ ഒന്നുറങ്ങി. പക്ഷെ രാവിലെ ഒരുനില വിളി കേട്ടാണ് ഞെട്ടിയുണർന്നത് ഞെട്ടലോടെ അവൾ മനസിലാക്കി തന്റെ അച്ഛൻ…

“പൊന്നുമോളെ അച്ഛൻ പോയി.. ഉറങ്ങുന്നേനു മുന്നെയും എന്റെ മോൾടെ അവസ്ഥയോർത്ത നെഞ്ചു പൊട്ടിയാ പാവം… ”

അമ്മയുടെ നിലവിളി മായകേട്ടില്ല ആകെ മരവിച്ച അവസ്ഥയിലായിരുന്നു അവൾ നിമിഷ നേരം കൊണ്ട് ആ വീടും പരിസരവും ആളുകൾ നിറഞ്ഞു.കുട്ട കരച്ചിലിന്റെ അലയൊളികൾ കാറ്റിൽ അലിഞ്ഞു ചേർന്നു…..

ഓഫിസിൽ ഇരിക്കുമ്പോഴാണ് ജോർജ്ജിന്റെ ഫോണിലേക്ക് ആ കോൾ വന്നത്

“ഹലോ..ജോർജ്ജ് അല്ലെ.”

ഒരു സ്ത്രീ ശബ്ദമായിരുന്നു.

“അതെ… നിങ്ങൾ ആരാണ് ……..”

“ഞാൻ നാൻസി. മായയുടെ ഫ്രണ്ട്…”

“എന്താ വേണ്ടത് ”

ജോർജ്ജിന്റെ നെറ്റി ചുളിഞ്ഞു

“ഏയ് എനിക്കൊന്നും വേണ്ട.. തനിക്ക് ഒരു സന്തോഷ വാർത്തയുണ്ട് മായയുടെ അച്ഛൻ മരിച്ചു… മകളുടെ അവസ്ഥ കണ്ട് ചിലപ്പോൾ ചങ്കു പൊട്ടി കാണും ആ പാവത്തിന്..”

കേട്ടപ്പോൾ ഒരു ഞെട്ടൽ ഉണ്ടായി ജോർജ്ജിന്..

“കാശിന് ആർത്തി മൂത്തൊന്നുമല്ല അവൾ തന്നോട് പണം ചോദിച്ചത് പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരാതെ തന്നെ കുടുംബത്തെ രക്ഷിക്കാൻ ആയിരുന്നു. കുറച്ചെങ്കിലും കടം വീട്ടി പിടിച്ച് നിൽക്കാൻ …നന്നായി വരയ്ക്കും അവൾ പുതിയ മൂന്ന ചിത്രങ്ങൾ വരച്ച് എക്സിബിഷനുവച്ച് കുറച്ച് കാശ് അറേഞ്ച് ചെയ്യാനാ അവൾ വന്നെ പക്ഷെ വിധി ഇങ്ങനായി ”

ജോർജ്ജിന്റെ നിശബ്ദത മായയെ ചൊടിപ്പിച്ചു

“സന്തോഷിക്കണ്ട താൻ തകർന്നിട്ടില്ല അവൾ…. കണക്കു പറയേണ്ടി വരും താൻ ദൈവത്തിനോട് ഓർത്തോ……. ”

കോൾ കട്ടായി . നാൻസിയുടെ വാക്കുകൾ ജോർജ്ജിന്റെ മനസിലാണ് തുളഞ്ഞുകയറിയത്. കുറ്റബോധത്താൽ അസ്വസ്ഥനായി അവൻ മരണാനന്തര ചടങ്ങുകൾക്കും ആവശ്യമായ തുക മായയുടെ വീട്ടിൽ എത്തിയിരുന്നു ഒപ്പം ഒരു കത്തും

“വിഷമിക്കരുത് അച്ഛന് അത്രയേ ആയുസ് ഉള്ളൂ എന്ന് സമാധാനിക്ക് ഞാൻ വന്നിരുന്നു തന്റെ വീട്ടിൽ ആൾ തിരക്കിനിടയിൽ ഒരു നോക്ക് കണ്ടു. ഇനി അമ്മയ്ക്കും സഹോദരങ്ങൾക്കും നീയേ ഉള്ളൂ തളരരുത് എന്നും ഒപ്പം ഞാനുണ്ട്….”

ഏറെ ആശ്വാസം തോന്നി മായക്ക് അതിലേറെ ആകാംഷയും… അച്ഛന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ഒരു ദിവസം നാൻസിയേയും കൂട്ടി അവൾ ഓർഫനേജിലേക്ക് പോയി

” സിസ്റ്റർ പ്ലീസ് എനിക്ക് അറിയണം അതാരാണ് എന്ന് അച്ഛന്റെ മരണ ദിവസം എന്റെ വീട്ടിൽ പോലും വന്നിരുന്നു ഇനിയെങ്കിലുംഒന്നു പറയു സിസ്റ്റർ പ്ലീസ് ”

“ഇല്ല കുട്ടി എനിക്കതിനു കഴിയില്ല. അദ്ദേഹം പ്രത്യേകം പറഞ്ഞു ആളെ കാട്ടികൊടുക്കരുത് എന്ന് ആ വാക്ക തെറ്റിക്കാൻ എനിക്കാവില്ല സമയമാകുമ്പോൾ തന്റെ മുന്നിൽ സ്വയം വന്നോളും അദ്ദേഹം ” വളരെ ശാന്തയായി സിസ്റ്റർ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഇനി ചോദിച്ചിട്ട് കാര്യമില്ല എന്ന് മനസിലാക്കി നിരാശയോടെ എണീറ്റു മായ. സിസ്റ്ററുടെ ടേബിളിൽ നിന്നും ഒരു വെള്ള പേപ്പറും പേനയും എടുത്ത് അവൾ എഴുതി

‘ നിങ്ങൾ ആരാണ് എന്നെനിക്ക് അറിയില്ല. പക്ഷെ ഇന്നിപ്പോൾ എനിക്കേറ്റവും ആശ്വാസം നിങ്ങളുടെ വാക്കുകളാണ് എന്റെ എല്ലാ ദുഖങ്ങളിലും തുണയാകുന്ന നിങ്ങളെ ഞാൻ ഏറെ ഇഷടപെടുന്നു… ഞാൻ കാത്തിരിക്കും കാണാമറയത്തു നിന്നും എന്റെ കൺമുന്നിൽ നിങ്ങൾ എത്തുന്ന നിമിഷത്തിനായി… ‘

പേപ്പർസി സിസ്റ്റനെ ഏൽപ്പിച്ച് പുറത്തിറങ്ങുമ്പോൾ മനസിൽ ഒരു പ്രതീക്ഷ മൊട്ടിട്ടിരുന്നു.വീട്ടിലേക്ക് തിരിയുന്ന ഇടവഴിയിൽ അവരെ കാത്ത് ഒരാൾ നിൽപ്പുണ്ടായിരുന്നു ആളെ കണ്ടപ്പോഴേ മായക്ക് അരിശം കയറി ..ജോർജ്ജ് . കൈകാണിച്ചപ്പോൾ നാൻസി സ്കൂട്ടി അയാൾക്കരികിൽ നിർത്തി.

” ഒരു നിമിഷം എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കാമോ… പ്ലീസ്”

മായ വണ്ടിയിൽ നിന്നും ഇറങ്ങി

” എന്താ… എന്താ നിങ്ങൾക്ക് ഇനി വേണ്ടത് ”

” എന്നോട് ക്ഷമിക്കണം എന്നു ഞാൻ പറയില്ല പക്ഷെ വെറുക്കരുത്.. ഞാൻ അറിഞ്ഞിരുന്നില്ല ഒന്നും ഇന്നിപ്പൊ തന്റെ ഈ അവസ്ഥക്ക് ഞാനാ കാരണം… നമുക്ക് എത്ര വല്യ ഹോസ്പിറ്റലിൽ വേണോ പോകാം തന്റെ ഈ വലം കൈ കൊണ്ട് ഇനിയും ചിത്രങ്ങൾ വരക്കണം ”

ബാൻഡൈഡ് ഇട്ട അവൾടെ കൈകളിലേക്ക് നോക്കി കാറിൽ നിന്നും ഒരു പൊതി എടുത്തു .അത് മായക്ക് നേരെ നീട്ടി.

” ഇത് താൻ അന്നു പറഞ്ഞ നഷ്ടപരിഹാര തുകയാണ് ഇനി കേസൊന്നും വേണ്ട താൻ ഇതു വാങ്ങണം”

നാൻസി മായയുടെ മുഖത്തേക്ക് നോക്കി ആ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറുന്നത് അവൾ കണ്ടു.

“എടുത്തോണ്ട് പോടൊ തന്റെ പിച്ചകാശ് ”

മായ പൊട്ടിതെറിച്ചു

” ഇതു ഞാൻ വാങ്ങും കോടതി വഴി അല്ലാണ്ട് എനിക്ക് വേണ്ട ഒരുത്തന്റെയും സഹാതാപം തന്നെ എന്റെ കൺമുന്നിൽ കാണുന്നതു പോലും വെറുപ്പ് ആണ് കാശിന് ഒട്ടും ഗതിയില്ലാണ്ട് ആയാൽ അന്ന് താൻ പറഞ്ഞ ആ മറ്റേ പണിക്ക് പോകും ഞാൻ കുറച്ചു കൂടി അന്തസ് ഉണ്ടാകും ആ കാശിന്… ഇന്ന് എനിക്കൊരു തുണയുണ്ട ഇതുവരെ കാണാത്ത ,ഞാൻ ഏറെ ഇഷ്ടപ്പെടുന്ന, എന്റെ എല്ലാ ബുദ്ധിമുട്ടുകൾക്കും കൂടെയുള്ള ഒരാൾ ഞാൻ കണ്ടെത്തും അദ്ദേഹത്തെ എന്നിട്ട് ആ കൈ കോർത്ത് പിടിച്ച് ഞാൻ വരും തന്റെ മുന്നിൽ… അന്നു താൻ ഉണ്ടാകോ എന്ന് അറിയില്ല കാരണം ഓരോ നിമിഷവും ഞാൻ പ്രാർത്ഥിക്കയാണ് തന്റെ നാശത്തിനായി. താൻ നശിച്ചു എന്നറിഞ്ഞാൽ അന്നു ഞാൻ മനസറിഞ്ഞൊന്ന് ചിരിക്കും….. വണ്ടിയെടുക്ക് നാൻസി പോകാം”

മായയുടെ ഭാവം കണ്ട് നാൻസി പോലും പേടിച്ചിരുന്നു.

തിരികെ കാറോഡിച്ച്‌ പോകുമ്പോൾ ജോർജ്ജിന്റെ മനസു നിറയെ മായയുടെ വാക്കുകൾ ആയിരുന്നു. മനസ്സിൽ എവിടെയോ നോവ് പടർന്നു. കണ്ണുകൾ നിറഞ്ഞു.കർച്ചീഫ് കൊണ്ട് അവൻ മുഖമൊന്ന് തുടച്ചു. ഒരു സെക്കന്റിൽ കയ്യൊന്നു പാളി മുന്നിൽ വലിയൊരു ലോറി മാത്രം അവൻ കണ്ടു. എന്തേലും ചെയ്യുന്നേനു മുന്നേ കാറ് ലോറിയുടെ മുന്നിൽ ഇടിച്ചു കയറി.. കണ്ടു നിന്നവർ കണ്ണു പൊത്തി…..

കുറച്ച് ദിവസങ്ങൾക്ക് ശേഷം മായക്ക് വീണ്ടും ഓർഫനേജിൽ നിന്നും കത്തു വന്നു. ‘മായ തനിക്ക് എന്നെ കാണാൻ തിടുക്കമായോ… ഇനി വൈകിക്കണ്ട.. കാണാം നമുക്ക് ഞാൻ ഇപ്പോൾ ഇവിടുണ്ട് തന്നെ നാട്ടിൽ ഓർഫനേജിൽ വന്നു സിസ്റ്ററെ കണ്ടു തന്റെ ആഗ്രഹം സിസ്റ്റർ എന്നോട് പറഞ്ഞു. തന്റെ കുറിപ്പ് കണ്ടു. നാളെപള്ളിയിലേക്ക് വരാമോ ഞാൻ അവിടെ കാത്തു നിൽക്കും വരണം… ‘

മായ സന്തോഷം കൊണ്ട് മതി മറന്നു ഒടുവിൽ താൻ ഏറെ ആഗ്രഹിച്ച നിമിഷം വന്നിരിക്കുന്നു…. തന്റെ സ്വപ്നങ്ങളിലെ രാജകുമാരനെ നേരിൽ കാണാൻ പോകുന്നു. അന്നു രാത്രി ഉറങ്ങാനായില്ല അവൾക്ക് നേരം വെളുക്കാൻ മിനുറ്റുകൾ എണ്ണി കാത്തിരുന്നു. അതിരാവിലെ കുളി കഴിഞ്ഞ് അന്നാദ്യമായി അണിഞ്ഞൊരുങ്ങുന്നതിൽ അവൾ ഏറെ ശ്രദ്ധിച്ചു… പുറത്ത് നാൻസിയും സ്കൂട്ടിയും ഹാജർ ആയി…

” പെണ്ണ് ആകെ മാറി പോയല്ലൊ…. ”

“നീ വണ്ടിയെടുക്ക നാൻസിയമ്മാ…..”

പുഞ്ചിരിച്ചു കൊണ്ട് മായ വണ്ടിയുടെ പുറകിൽ കയറി. പള്ളിക്ക് മുന്നിൽ എത്തുമ്പോഴേക്കും സിസ്റ്റർ മുറ്റത്ത് ഉണ്ടായിരുന്നു.

“പിന്നിലേക്ക് ചെല്ലു അവിടുണ്ട് ” പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞതും സിസ്റ്റർ പിന്നിൽ നിന്നു വിളിച്ചു.

“മായ ദേ ഈ കത്തു കൂടി തനിക്കുള്ളതാ”

. ഇനിയും കത്തോ.. . നടക്കുന്നതിനിടെ മായ ആകാംക്ഷയോടെ ആ കത്തു വായിച്ചു തുടങ്ങി

” മായകുട്ടി എത്തി അല്ലെ.തന്റെ നിഷ്കളങ്കമായ മുഖം സ്നേഹത്തോട് ഒന്ന് തലോടാൻ ഞാനും കൊതിക്കുവാ ”

നാണത്താൽ മായയിൽ ഒരു പുഞ്ചിരി വിടർന്നു. തലയുയർത്തി നോക്കുമ്പോൾ അങ്ങകലെ സെമിത്തേരിയിൽ അവൾ കണ്ടു. പ്രാർത്ഥിച്ചു നിൽക്കുന്ന ആ ആളിനെ. അവളുടെ മുഖം വിടർന്നു.തന്റെ രാജകുമാരൻ…. നാൻസിയും പുഞ്ചിരിച്ചു. കത്തിന്റെ ബാക്കി വായിച്ച് കൊണ്ട് അവൾ മുന്നിലേക്ക് നടന്നു.

“താൻ അറിയാണ് പാത്തും പതുങ്ങിയും പലപ്പോഴും കണ്ടു ഞാൻ തന്നെ അന്തസായി വീട്ടിൽ വന്നു പെണ്ണു ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷെ വിധി അതിനനുവദിക്കില്ല. സ്നേഹത്തോടെ ഒരു വാക്ക് തന്റെ നാവിൽ നിന്നു കേൾക്കാൻ എനിക്ക് ഭാഗ്യമില്ല എന്നെ വെറുക്കരുത് ഈ കത്ത് തന്റെ കയ്യിൽ കിട്ടുമ്പോൾ ചിലപ്പോൾ ഞാൻ ജീവനോടെ കാണില്ല.’

മായയുടെ കണ്ണുകൾ ഒന്നു കുറുകി ഒരു ഞെട്ടൽ. അവർ നടന്ന് കല്ലറയുടെ മുന്നിലെ ആളുടെ അടുത്ത് എത്തിയിരുന്നു.

‘ഒരുപാട് സ്വത്തുക്കളും ഒരു പാവം അമ്മച്ചിയും ഉണ്ട് എനിക്ക് അതെല്ലാം തന്നെ ഏൽപ്പിക്കുകയാണ് ഞാൻ.. സി.കെ ഗ്രൂപ്പ് ഒരിക്കലും നാഥനില്ലാണ്ട് പോകരുത്……..’

” സി.കെ ഗ്രൂപ്പ്…”

ആ പേര് തനിക്ക് പരിചിതമാണ് മായ ഓർമകളിൽ പരതി.

“നിന്നെ കാറു കൊണ്ട് തട്ടിയത് ഒരു ബഡാ പാർട്ടിയാണ് സി.കെ ഗ്രൂപ്പിന്റെ ഏക അവകാശി…”

നാൻസിയുടെ വാക്കുകൾ ഓർമകളിൽ തെളിഞ്ഞെത്തി.. ഒരു നടുക്കത്തോടെ അവൾ മുഖമുയർത്തി. മുന്നിൽ നിൽക്കുന്ന ആളിന്മപ്പുറം കല്ലറക്കു മുകളിൽ മാർബിളിൽ കൊത്തിയ പേരിൽ അവളുടെ കണ്ണുകൾ ഉടക്കി

“ജോർജ്ജ് കുര്യൻ ”

ഞെട്ടിത്തരിച്ചു പോയി മായ അവൾ മാത്രമല്ല നാൻസിയും. കയ്യിൽ നിന്നും കത്ത് പറന്നു പോയി പ്രതിമ കണക്കെ മരവിച്ചു നിന്നു പോയി അവൾ… താൻ ജീവിതത്തിൽ ഏറെ വെറുത്തവൻ. അവനായിരുന്നോ മറഞ്ഞു നിന്ന് തനിക്ക് എല്ലാ സൗഭാഗ്യങ്ങളും തന്നത്..തന്നെ ഏറെ സ്നേഹിച്ചത്.കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നി അവൾക്ക്.

‘ഈ കത്ത നിന്റെ് കയ്യിൽ കിട്ടുമ്പോൾ ചിലപ്പോൾ ഞാൻ ജീവനോടെ ഉണ്ടാകില്ല’

വായിച്ചു കഴിഞ്ഞ വരികൾ ഞെട്ടലോടെ ഓർത്തു അവൾ.അരികെ നിന്ന യുവാവിലേക്ക് അവളുടെ നോട്ടം കുറുകി. നിറകണ്ണുകളോടെ അയാൾ മായക്ക് നേരെ തിരിഞ്ഞു.

” ഇല്ല ജീവനോടില്ല അവൻ ” ആ വാക്കുകൾ മായയുടെ മനസിൽ തുളഞ്ഞു കയറി ചലനമറ്റു നിന്നു അവൾ.

“ക്ഷമിക്കണം ഇവിടെ വരാൻ ക്ഷണിച്ച് തനിക്ക് അങ്ങിനൊരു ലെറ്റർ അയച്ചത് ഞാൻ ആണ്. ഒക്കെ മരിക്കുന്നതിനു മുൻപുള്ള അവന്റെ നിർബന്ധങ്ങളായിരുന്നു. നെടുവീർപ്പോടെ കല്ലറയിൽ നോക്കി അയാൾ തുടർന്നു.

” ഞാൻ ജോൺസൺ.. ജോർജ്ജിന്റെ ഫ്രണ്ട് ആണ്……പാവമായിരുന്നെടോ…വായ് നോക്കി വണ്ടിയോടിച്ച് ഇടിച്ചതൊന്നുമല്ല. അവന്റെ അമ്മച്ചിക്ക് വയ്യാണ്ട് ഹോസ്പിറ്റലിൽ ആയിരുന്നു.ആ വെപ്രാളത്തിലാ അന്ന് വണ്ടിയോടിച്ചത്.. പറ്റിയ കയ്യബദ്ധത്തിൽ മനംനൊന്താ തന്നെ കാണാൻ വന്നെ പക്ഷെ എല്ലാർടേം മുന്നിൽ വച്ച് താൻ ഇൻസൾട്ട് ചെയ്തപ്പോ വാശിയായി അവന്. സ്വന്തം അമ്മച്ചി ഐ. സി.യു വിൽ കിടക്കുമ്പോ അവിടെ എന്നെ കാവലാക്കിയാ അവൻ അന്ന് ഹോസ്പിറ്റലിൽ തനിക്ക് കാവലായി നിന്നത്. തന്നോടുള്ള വാശിയിലാണ് എന്നോട് തന്നെ പറ്റി തിരക്കാൻ പറഞ്ഞത് രണ്ടാമത്തെ വട്ടം തന്നെ കണ്ട് പ്രശ്നമായി തിരിച്ചിറങ്ങുന്ന ടൈമിലാണ് ഞാൻ അവനെ വിളിച്ച് തന്നെ പറ്റി എല്ലാം പറയുന്നത്. അന്നത്തെ ഒരു ദിവസം അവൻ അനുഭവിച്ച മാനസിക സംഘർഷവും കുറ്റബോധവും ഞാൻ നേരിട്ട് കണ്ടതാണ്. ഒന്നു നിർത്തി മായക്ക് നേരെ തിരിഞ്ഞു അവൻ

“നേരിട്ട് തന്നാൽ താൻ വാങ്ങില്ല എന്നുറപ്പുളളതു കൊണ്ടാ സിസ്റ്ററിനെ കണ്ടത് അവനാണ് സഹായിച്ചത് എന്നറിഞ്ഞാൽ താൻ സ്വീകരിക്കില്ല എന്നുള്ളോണ്ടാ പേരു പോലും പറയാത്തത്പിന്നീട് അങ്ങോട്ട് തന്നെ ഏറെ ഇഷ്ടപ്പെട്ടു അവൻ തന്റെ അച്ഛൻ മരിച്ച ദിവസം നാൻസി പറഞ്ഞറിഞ്ഞ് വന്നിരുന്നു. അവൻ. ആരും കാണാതെ …ഒടുവിൽ… അവസാനമായി തന്നെ കണ്ട് മടങ്ങിയ അന്ന് ഒരാക്സിഡന്റ്……. ”

ഒരു നെടുവീർപ്പോടെ ജോൺസൺ തുടർന്നു.

“മരിക്കുന്നതിനു മുൻപ് എഴുതിച്ചതാ ഈ കത്ത് അവന്റെ എല്ലാ സമ്പത്തും തന്നെ പേരിലും ഈ ഓർഫനേജിന്റെ പേരിലും എഴുതി വപ്പിച്ചു.മരണാനന്തരം തന്റെ നാട്ടിൽ തന്നെ ഉറങ്ങണം… അതായിരുന്നു ഏക ആഗ്രഹം അമ്മച്ചിയെ തന്നെ ഏൽപ്പിക്കണമെന്നാ പറഞ്ഞെ… പക്ഷെ മകന്റെ മരണവാർത്തയറിഞ്ഞ ആ അമ്മ അവന്റെ ഒപ്പം പോയി….. പൊട്ടിക്കരഞ്ഞു പോയി ജോൺസൺ…. എല്ലാം കേട്ട് പ്രതിമ പോലെ നിന്നു മായ

‘താൻ നശിച്ചു എന്നറിഞ്ഞാൽ മനസു തുറന്ന് ഞാനൊന്ന് ചിരിക്കും, ‘

അന്ന് പറഞ്ഞ വാക്കുകൾ അവളുടെ മനസിൽ മുഴങ്ങി കേട്ടു.ചുണ്ടിൽ ചിരിയല്ല…കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.കല്ലറക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു പോയ് അവൾ.

“അറിഞ്ഞിരുന്നില്ല ഞാനൊന്നും… എന്നും വെറുത്തിട്ടേയുള്ളൂ നാശം കാണാൻ പ്രാർത്ഥിച്ചിട്ടേ ഉള്ളൂ.. പറയാരുന്നു എന്നോട് ഒരു വാക്ക്… ഇതിപ്പൊ എന്റെ ശാപത്തിന്റെ ഫലമാണല്ലോ ഈശ്വരാ…… ”

കല്ലറയിൽ കെട്ടിപ്പിടിച്ച് പൊട്ടി കരഞ്ഞു അവൾ… കണ്ണുനീർ തുള്ളികൾ കല്ലറക്കു മുകളിൽ തളം കെട്ടി നിന്നു…ഇളം കാറ്റിൽ ആ കത്ത് പറന്നകന്നു. മായ വായിക്കാൻ മറന്ന ബാക്കി വരികളുമായി…..

“എന്റെ മരണമറിഞ്ഞ് ഒരിറ്റു കണ്ണുനീർ നിന്റെ കണ്ണിൽ നിന്നും പൊടിഞ്ഞാൽ അതിൽ ഒരു തുള്ളിയെങ്കിലും എന്റെ കല്ലറയിൽ പതിച്ചാൽ.. അതു മതി ഞാൻ നിന്നോട് ചെയ്ത പാപങ്ങളിൽ നിന്നും മുക്തി നേടാൻ… എന്റെ ആത്മാവി്നു ശാന്തി ലഭിക്കാൻ…….. എന്നും കൊതിക്കുന്നു.. എന്റെ പ്രണയം…. നിനക്കായ്………”

രചന : Prajith Surendrababu‎

Leave a Reply

Your email address will not be published. Required fields are marked *