സഹയാത്രികൻ (ഭാഗം: 01 ഭാഗം: 02)

ഭാഗം: 01

ഒരുപാട് നേരം കാത്തിരുന്നു മുഷിഞ്ഞപ്പോഴാണ് ജോലിയും വേണ്ട ഒരു കോപ്പും വേണ്ടന്നു വെച്ച് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാതെ ഇറങ്ങി പോന്നല്ലോ … എന്നുവരെ ചിന്തിച്ചത് . പക്ഷേ തിടുക്കപ്പെട്ട് കെട്ടിച്ചയക്കാൻ കാത്തുനിൽക്കുന്ന വീട്ടുകാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റൊരു വഴിയുമില്ല എന്നോർത്തപ്പോൾ ആ ചിന്തയെ ഞാൻ തന്നെ ചവറ്റുകൊട്ടയിലേക്ക് ഇടുകയായിരുന്നു . മാത്രവുമല്ല … എന്നെ പോലെ ഒരു ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട മേഖലയിൽ വർക്ക് ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യവുമാണ് .

ഏറെ നാളായുള്ള പ്രയത്നത്തിന്റേയും പിടിവാശിയുടെയും പുറത്തായിരുന്നു കേരളത്തിലെ തന്നെ നമ്പർ വൺ ആയ ഒരു മ്യൂസിക് ചാനലിൽ അവതാരകരെ തിരഞ്ഞെടുക്കുന്നുണ്ട് എന്നറിഞ്ഞതും ; ഓൺലൈൻ വഴി പേര് രജിസ്റ്റർ ചെയ്തതും . വെളുപ്പിനെ അഞ്ചരക്കുള്ള ബസ്സിൽ ഇറങ്ങി തിരിച്ചാണ് കൊച്ചിയിലേക്ക് ഇതിപ്പോൾ ഇര തേടി ചെന്ന് കെണിയിൽ പ്പെട്ട എലിയുടെ അവസ്ഥയായി എനിക്ക് .

ഒരു പക്ഷേ വാതോരാതെ സംസാരിക്കുന്നത്‌ ഒരു ശീലമായതുകൊണ്ടായിരിക്കണം ഈ വീർപ്പുമുട്ടൽ എന്നു തോന്നിയപ്പോഴാണ് ചുറ്റുമുള്ളവരുടെ മുഖത്തേക്ക് ഒന്ന് കണ്ണോടിച്ചത് . സിറ്റിയിൽ ജനിച്ചു വളർന്നതിന്റെ എല്ലാ വിധ ഭാവങ്ങളും അവരുടെ വേഷത്തിലും രീതിയിലും തെളിഞ്ഞു കാണാമായിരുന്നു . ഒന്നും മിണ്ടാതിരിക്കുന്നത് തന്നെയാണ് ഭേധമെന്നു കരുതി ബാഗിൽ നിന്നു ഒരു ബുക്ക് എടുത്തു വായിക്കാൻ തുടങ്ങിയതും ഞാനിരുന്ന സീറ്റിൽ നിന്നും ഒന്നിട വിട്ട സീറ്റിൽ ഒരു ചെറുപ്പക്കാരൻ വന്നിരുന്നതും ഒരുമിച്ചായി . വെളുത്തു തുടുത്ത് ഒരു നീളൻ ചെക്കൻ . സുന്ദരനാണ് . ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വേണ്ടി തന്നെ വന്നതായിരിക്കണം . എന്തായലും രണ്ടും കൽപിച്ചു പരിജയപ്പെടാം എന്നു നിനച്ചാണ് അയാളുടെ മുഖത്തേക്ക് നോക്കി ഒരു ചിരി നൽകിയത് . തിരിച്ചും ചിരിച്ചു കൊണ്ടൊരു ചോദ്യം പ്രേതീക്ഷിച്ചിരുന്ന ഞാൻ നാണം കെട്ടു പോയി . തന്റെ ചിരിയെ വകവെക്കാതെ തല തിരിച്ചു കയ്യിലിരുന്ന ഒരു കറുത്ത ബാഗിൽ നിന്നും ഹെഡ്സെറ്റ് എടുത്ത് അയാൾ ചെവിയിൽ തിരുകി കൊണ്ട് ആസ്വാദന ഭാവത്തിൽ തല താഴ്ത്തിയിരുന്നു . ജാള്യത മറച്ചുവെക്കാനായി ആരും തന്നെ വീക്ഷിക്കുന്നില്ലല്ലോ എന്നൊന്ന് പരതി .

” ഭാഗ്യം ആരും കണ്ടിട്ടില്ല …” അവൾ സ്വയം ഒന്നാശ്വസിച്ചു . കക്ഷി കുറച്ചു ഓവർ സ്മാർട്ട് ആണ് കണ്ടാലറിയാം .

അങ്ങനെ വിട്ടുകൊടുക്കാൻ അവളും തയ്യാറല്ലായിരുന്നു .

എക്സ്ക്യൂസ്മി … ടൈം എന്തായി ???

ഞാനതു ചോദിച്ചതും എന്റെ കയ്യിൽ കിടന്ന വാച്ചിലേക്ക് തുറിച്ചു നോക്കി അയാൾ വീണ്ടും നിശബ്ദതയിൽ മുഴുകി .

oh …. sorry , ഈ വാച്ച് നടക്കില്ല …” അവളുടെ മുഖം ചുവന്നു തുടുത്തു .

അത് കേട്ടതും അയാള്‍ പൊട്ടി ചിരിക്കുകയാണ് ചെയ്തത് . ഇതും ധരിച്ചാണോ ഒരു ഇന്റർവ്യൂയിൽ പങ്കെടുക്കാൻ വന്നത് എന്ന ഒരു പരിഹാസ ധ്വനിയും അതിലുണ്ടായിരുന്നു .

”ഹാവൂ … ” ഇയ്യാൾക്ക് ചിരിക്കാനൊക്കെ അറിയോ !!

ഞാൻ എന്റെ കയ്യ് അയാൾക്ക്‌ നേരെ നീട്ടികൊണ്ട് പറഞ്ഞു .

” അയാം ലക്ഷ്മി .. ”

” ഉം …. കിഷോർ ..”

എ….എന്താന്ന്…??? കേട്ടില്ല ….അവൾ ചെവി അയാളിലേക്ക് കൂർപ്പിച്ചു .

” കിഷോർ ……. ”

ചുറ്റുമുള്ളവർ ശ്രദ്ധിക്കും വിധം ഉച്ചത്തിലായാണ് അയാൾ രണ്ടാമതാ പേര് പറഞ്ഞത്‌ . ” പൊട്ടനാണൊ…പതിയെ പറഞ്ഞാൽ മതി എനിക്ക് കേൾക്കാം . താൻ ആദ്യം ചെവിയിൽ നിന്നും ആ കുന്ത്രാണ്ടാം ഒന്ന് എടുത്തു മാറ്റ് …എന്നിട്ട് പറ ….”

”ഒൗ ഇയ്യാളോടൊക്കെ സംസാരിക്കാൻ നിന്നതിനു എന്നെ വേണം പിടിച്ചടിക്കാൻ . ഇങ്ങനെയും ഉണ്ടാവോ ആൾക്കാര് ” ലക്ഷ്മി പിറുപിറുത്തു .

” എന്തെങ്കിലും പറഞ്ഞോ താനിപ്പോൾ …??? ” .

‘ഒന്നൂല്ല്യേ …..!!! ‘

അപ്പോഴേക്കും അടച്ചിട്ട ശിഥിലീകരിച്ച മുറിയിൽ നിന്നും പ്രോഗ്രാം കോർഡിനേറ്റർ എന്നു തോന്നിക്കുന്ന ഒരു സ്ത്രീ ഞങ്ങൾക്കു മുന്നിലായി വന്നു നിന്നു .

” ടൈം ഇത്രയായില്ലേ … ഇന്ന് ഇനി ആരും നിക്കണമെന്നില്ല . പൊക്കോളൂ … അടുത്ത ഡെയ്റ്റ് അറിയിക്കാം …”

അവരതു പറഞ്ഞതും കയ്യിലിരുന്ന ബാഗെടുത്തു ആ പെണ്ണും പിള്ളയുടെ തലക്കടിക്കാനുള്ള ദേഷ്യമാണ് അന്നേരം തോന്നിയത് . അവർക്കറിയണ്ടല്ലോ നമ്മടെ കഷ്ടപാട് . സമയം ഉച്ച തിരിഞ്ഞു മൂന്നായിരിക്കുന്നു .അതുവരെ സഹിച്ചു പിടിച്ച വിശപ്പ് എന്നെ കൂടുതൽ കോപിഷ്ടയാക്കി .എല്ലാവരുടെ മുഖത്തും ആ നിരാശ വ്യക്തമായിരുന്നു .

അന്ന് വൈകുന്നേരം ഒരു ആറുമണി വരെ അമ്മാവന്റെ നിർദ്ദേശം അനുസരിച്ചു നിഷാദിന്റെ വീട്ടിൽ തങ്ങി . അവിടെ ആകെ പരിജയത്തിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഡിഗ്രീ വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു . എന്നെ ബസ്സിൽ കയറ്റി നമ്പർ തപ്പി പിടിച്ചു സീറ്റിൽ ഇരുത്തിയിട്ടാണ് അവൻ തിരികെ വീട്ടിലേക്ക് മടങ്ങിയത് .

ബസ്സ് എടുക്കാൻ തുടങ്ങിയതും ചില്ലു ഗ്ലാസ്സിനെ വലിച്ചു ഒതുക്കി അവൾ വിദൂരതയിലേക്ക് നോട്ടമെറിഞ്ഞു . അപ്പോഴിതാ അവൾക്ക് തൊട്ടടുത്ത സീറ്റിൽ തന്നെ കിഷോറും വന്നിരിന്നു . ലക്ഷ്മി ഞെട്ടലോടെ അവനെ നോക്കി. കിഷോർ ബാഗ് ഒതുക്കി മുകളിലേക്ക് എടുത്തു വെക്കുന്ന തിരക്കിലായിരുന്നു. അവൻ ഇരുന്നതും അവളെ ശ്രദ്ധാപൂർവ്വം ഒന്ന് നോക്കി .

”ഇയ്യാളെന്താ ഈശ്വര ഇങ്ങനെ നോക്കുന്നെ … ഇനി എന്നെ പിന്തുടർന്ന് തന്നെ വന്നതായിരിക്കോ…” ഇത്തരക്കാരെ വിശ്വസിക്കാൻ പറ്റില്ല എന്ന് ഒരിക്കൽ ദേവകി ഓപ്പോൾ പറഞ്ഞത്‌ ഓർത്തു പോയി .

അവനെ കണ്ടിട്ടില്ല എന്ന ഭാവത്തിൽ അവൾ പുറത്തേക്ക്‌ തന്നെ നോക്കിയിരുന്നു . നെഞ്ചിൽ ഒരു ആളല്‍ ഉടലെടുത്തു.

” ഹാ … താൻ തന്നെ ആണല്ലേ … എനിക്കൊരു സംശയം തോന്നി …” അതും പറഞ്ഞു അയാൾ വിൻഡോ സീറ്റിലേക്ക് ഒന്ന് ആഞ്ഞതും കുമിഞ്ഞു കൂടിയ ഭയത്താൽ ഞാൻ പൊട്ടി തെറിച്ചു പോയി …

” ഏയ് തന്റെ വേഷം കെട്ടൊന്നും എന്റെ അടുത്ത് നടക്കില്ല ….മാറി നിക്കടോ ..”കാര്യം തിരക്കും വിധത്തിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്നവരെല്ലം ഒന്ന് തല ഉയർത്തി നോക്കി .

”ഇതിനെന്താ ഭ്രാന്തുണ്ടോ ??… എന്നാ നീ തന്നെ വലിച്ചിട്ടോ … ” അതും പറഞ്ഞു അവൻ വിൻഡോ ഗ്ലാസ്സിൽ നിന്നും കൈ പിൻവലിച്ചു .

”ഓ …അതായിരുന്നോ .. സോറി …” തെറ്റു ധരിച്ചു പോയി എന്ന ചിന്ത അവളെ ലജ്ജാമുഖി ആക്കി .

”ഇനി എന്താ പ്ലാൻ അടുത്ത ഇന്റർവ്യൂവിൽ വരുന്നുണ്ടോ….. ?? ലക്ഷ്മി പരിജയം പുതുക്കുവാനെന്നോണം ചോദിച്ചു” .

കിഷോർ അവളെ നോക്കി കൊണ്ട് ചെറുചിരിയോടെ മറുപടി നൽകി . ” ഇല്ല … എനിക്ക് സ്ഥിരം ആയിട്ടൊരു തൊഴിലുണ്ട് . തൃശ്ശൂരിലെ ഒരു ടെക്സ്റ്റയില്‍സ്സില്‍ ഫാഷൻ ഡിസൈനര്‍ ആണ് ”.

” അപ്പൊ ഇയ്യാളെന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇവിടെ വരെ വന്ന് ഈ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്യണേ …ഇങ്ങനെ ഉള്ളോരൊക്കെ വാരുന്നത് കൊണ്ടാണ് ഇന്ന് ഉണ്ടായത് പോലെ വേണ്ടത്ര സമയം പോലും കിട്ടാതെ പലർക്കും അവസരങ്ങൾ നഷ്ടപ്പെടുന്നത് ”. നിരാശയുടെ ഒരു ധ്വനിയുണ്ടായിരുന്നു ലക്ഷ്‌മിയുടെ വാക്കുകളിൽ .

”ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിന്റെ സുഖം ഒന്ന് വേറെയല്ലടോ ….അതുകൊണ്ട് വന്നെന്നു മാത്ര ”

കിഷോര്‍ അത് പറഞ്ഞതും ലക്ഷ്മിയുടെ ചുണ്ടുകളിൽ സാമ്യതയുടെ ഒരു ചിരി വിടർന്നു . ചുരുങ്ങിയ നേരം കൊണ്ട് തന്നെ അവർ അടുത്തറിയ്യുന്നവരായി. ആദ്യ കാഴ്ചയിൽ തന്നെ താൻ വിലയിരുത്തിയ ജാഡക്കാരനിൽ നിന്നും അവൻ വ്യത്യസ്തനാവുന്നത് അവൾ ശ്രദ്ധിക്കുകയായിരുന്നു . സംസാരിച്ചിരുന്നു സ്റ്റാൻഡ് എത്തിയത് പോലും വേഗത്തിലായി .

”ഇവടെന്നു നാട്ടിലെത്തിയിട്ട് ഇനി എന്താ പരിപാടി …” ബസ്സിറങ്ങാൻ നേരം ലക്ഷ്മി ചോദിച്ചു നിർത്തി .

”ഹാ ….. നാളെ എന്തോ പ്രോഗ്രാം ഉണ്ടത്രേ …അമ്മ വിളിച്ചിരുന്നു . ഇത്ര തിരക്കിട്ട് നാട്ടിലേക്ക് പോവാൻ തിരിച്ചതും അതുകൊണ്ടാണ് … അല്ലങ്കെ കൊച്ചിൻ മെട്രോ ഒന്ന് കാണണം എന്നുണ്ടായിരുന്നു ”.

” ഉം ….”

”അയ്യോ …എന്റെ ബസ്സ് എടുക്കരായിന്നു തോന്നുന്നു… അപ്പോ ശരീടോ… പരിജയപെട്ടത്തിൽ സന്തോഷം…ഇനിയുമിങ്ങനെ എവിടെങ്കിലും വെച്ചു കാണാം …” അതും പറഞ്ഞു കൊണ്ട് അയ്യാൾ സ്റ്റാർട്ട് ചെയ്തിട്ട ഒരു പിങ്ക് നിറത്തിലുള്ള ബസ്സിലേക്ക് ഓടി കയറി . നേരിയ തോതിൽ എന്തോ ഒരു തരം വിഷമം എന്നിലൂടെ കടന്നു പോയിരുന്നു …

റോഡ് മുറിച്ചു കടന്നു ഞാൻ സ്‌റ്റാൻഡിൽ നിന്നും ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് പുറപ്പെട്ടു .

വീട്ടിലേക്കുള്ള എന്റെ വരവും കാത്തുകെട്ടി മുത്തശ്ശൻ പടിക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു . വന്നുകയറിയതും ചുറ്റിനും ചോദ്യങ്ങൾ കുന്നുകൂടി …. കയ്യിൽ നിന്നും ബാഗു വാങ്ങി അമ്മ വിശേഷങ്ങൾ ചോദിച്ചറിയാൻ തിടുക്കം കാട്ടി .

എന്താ വൈകിയത് …???

ഇന്റർവ്യൂ എന്തായി ….???

പാസ്സാകുമോ ….??

ഇല്ലെങ്കിലും സാരമില്ല …!!!

അങ്ങനെ അങ്ങനെ ചില ചോദ്യങ്ങൾ …

ഇത്രയും നേരത്തെ യാത്രാക്ഷീണത്തെ പിടിച്ചു കെട്ടാനകതെ എല്ലാം വിവരിക്കുക എന്ന സാഹസത്തിനു ഞാൻ മുതിർന്നില്ല . മേലു കഴുകി വന്ന് അത്താഴം തട്ടി വിട്ടതും റൂമിലേക്ക് ചേക്കേറി . മയക്കത്തിലേക്ക് വീഴും മുമ്പ് ഇന്ന് പരിജയപ്പെട്ട കിഷോറെന്ന ജാഡക്കാരനന്റെ കാര്യം ഓർമ്മയിൽ കടന്നു വന്നു.

നേരെ ഫേസ്ബുക്കിൽ കയറി തപ്പി .

കിഷോര്‍ സത്യാ …

കിഷോർ കിച്ചു ..

കിഷോർ ദേവരാജ് ..

എവിടെയും അവന്റെ പ്രൊഫൈൽ മാത്രം കണ്ടു കിട്ടിയില്ല ….

”എന്തായലും ഇന്നത്തെ കാലത്തും ഇങ്ങനത്തെ ചെറുപ്പക്കാരൊക്കെ ഉണ്ട് …എന്തു മാന്യമായിട്ടാണ് അയ്യാളെന്നോട് ബസ്സിൽ വെച്ച് പെരുമാറിയത് ….” ചെറു ചിരിയോടെ അവൾ ഫോണെടുത്തു വെച്ചു കൊണ്ട് ലൈറ്റ് ഓഫ് ചെയ്തു കിടന്നു .

”ഇനി കാണുമായിരിക്കോ അയ്യാളെ …??? കിടക്കാന്‍ നേരം മനസ്സ് അവളോട് സ്വയം ചോദിച്ചു .

”ഹാ…കാണുമായിരിക്കും ..എന്തായലും ഒരേ ലക്ഷ്യത്തിൽ ഉള്ളവരല്ലേ…കണ്ടു മുട്ടാതിരിക്കില്ല …”

എന്തായലും ഇപ്പൊ തൽക്കാലം അതൊന്നും ഓർത്തു ഉറക്കത്തെ വിഷമിപ്പിക്കണ്ടാ ……Gud night …

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 2

ഒരു ചെറിയ കഥയാണ്…. ഒരു ഭാഗത്തിലായ് ഉൾകൊള്ളിക്കാൻ കഴിയാത്തതുകൊണ്ട് രണ്ട് ഭാഗങ്ങൾ ആയി പോസ്റ്റ്‌ ചെയ്യുന്നു.. ബാക്കി വായിക്കുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ…

രചന: മാളവിക ശ്രീകൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *