നല്ല പാതി………

രചന: Sumayya Farsana

“വായിൽ വെക്കാൻ കൊള്ളാവുന്നത് ഉണ്ടാക്കാൻ അറിയില്ലേൽ ഇനി അതിനു നിക്കരുത്. ഉപ്പും ഇല്ല എരിവും ഇല്ല…”

മുന്നിൽ കൊണ്ടേ വെച്ച കാന്താരിയും തേങ്ങായും ചേർത്തരച്ച കപ്പ് പുഴുക്കും മീൻകറിയും മാറ്റി വെച്ച് അശോകേട്ടൻ എന്നെ നോക്കി ദേഷ്യപ്പെട്ടു എണീക്കുന്നത് കണ്ടാണ് അമ്മ വന്ന് കാര്യം അന്വേഷിക്കുമ്പോൾ കൊടുത്ത മറുപടിയാണ്.

” അല്ലേലും മറ്റുള്ളവർക്ക് വേണ്ടി സന്തോഷത്തോടെയും ഇഷ്ടത്തോടെയും അവർ കഴിക്കണം എന്നും പറഞ്ഞു ഉണ്ടാക്കണം അല്ലാതെ ആർക്കണ്ടോ വേണ്ടി ഓക്കാനിക്കുവല്ല വേണ്ടത്. ” ഇതും പറഞ്ഞു അമ്മ എന്നെ നോക്കുമ്പോൾ എന്തോ അറിയാതെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കഴിച്ചു നിർത്തി പോയപ്പോൾ ബാക്കി വെച്ച ആഹാര സദനങ്ങളും ആയി അടുക്കളയിലേക്ക് പോകുമ്പോൾ പിന്നിൽ നിന്ന് വീണ്ടും അശോകേട്ടന്റെ ശബ്ധം.

” എന്നാ കാടിവെള്ളത്തിൽ ഒഴിക്കാൻ ആണോ കൊണ്ടു പോകുന്നത്.” പ്ലേറ്റിൽ നോക്കുമ്പോൾ ഇനിയും ഒരാൾക്ക് കഴിക്കാൻ ഉള്ളത് കറി പോലും ഒഴിക്കാതെ ഒന്നു തൊട്ടു നോക്കാതെ വെച്ചിട്ടുണ്ട്.

“അതിന് അവൾക്ക് കളയാമല്ലോ മോനെ. അവൾക്ക് മുടക്കൊന്നും ഇല്ലല്ലോ. എന്റെ മോനല്ലേ വിഴാർപ്പൊഴുക്കുന്നത്.”

അതിന് ഏട്ടൻ മറുപടി ഒന്നും പറഞ്ഞില്ല. പകരം ഒരു പ്ലേറ്റ് മുന്നിലേക്ക് വെച്ച് തന്നു. പിന്നെ എന്നെ നോക്കിയ നോട്ടത്തിൽ ഉണ്ടായിരുന്നു ആ ബാക്കി വെച്ചത് തിന്നിട്ട് പോയാൽ മതി എന്ന്. അതും കഴിച്ചു ഞാൻ എണീക്കും വരെ ആൾ അവിടെ നിന്നു. തിരികെ അടുക്കളയിലേക്ക് പോകുമ്പോൾ അമ്മയുടെ മുഖത്തു ഞാൻ വഴക്കു കേട്ടതിന്റെ സംതൃപ്തി ഉണ്ടായിരുന്നു.

ഏട്ടൻ ഓഫീസിൽ പോയതും അമ്മ റൂമിലേക്ക് പോയി. ബാക്കി വെച്ച പണികൾ എല്ലാം ഒതുങ്ങാറായപ്പോൾ ഊണിനു നേരം ആയി കഴിക്കാൻ അമ്മ വരുമ്പോയേക്കും തൊട്ടടുത്ത് കെട്ടിച്ചു വിട്ട ഏട്ടന്റെ പെങ്ങളും എത്തി . രണ്ടു പേർക്കുള്ള ആഹാരം കൊടുത്തു ആ പാത്രങ്ങളും മോറി മുഷിഞ്ഞ തുണികളും അലക്കി വന്നപ്പോളേക്കും ചായക്ക് നേരം ആയി. ചായയും കടിയും കഴിച്ചു നാത്തൂൻ സ്വന്തം വീട്ടിലേക്കും അമ്മ അടുത്ത വീട്ടിലേക്കും പോയപ്പോൾ ഞാൻ എന്റെ മുഷിഞ്ഞ ദേഹം ഒന്ന് വൃത്തിയാക്കി. തിരികെ വരുമ്പോൾ ഉമ്മറത്ത് വിളക്ക് വെക്കാറായി. അതും കഴിഞ്ഞപ്പോൾ ഏട്ടനും എത്തി. ഏട്ടനുള്ള ചായയും ആഹാരവും കൊടുത്തു എന്റെ പങ്കും ആയി ഇരിക്കുമ്പോൾ ആണ് ഞാൻ ഓർത്തത് ഇന്ന് ഈ നേരം വരെ എന്റെ വയറ്റിൽ ചെന്നത് രാവിലെ ഏട്ടൻ ബാക്കി വെച്ച കപ്പപുഴുക്ക് ആയിരുന്നു.

” രാവിലെ തൊട്ടു പട്ടിണി അല്ലെ ഇതുടെ കഴിക്ക്” എന്നും പറഞ്ഞ് എന്റെ പ്ലാറ്റിലേക്ക് വീണ്ടും ഒരു കഷ്ണം മീനും തോരനും കൂടെ വെച്ചു തരുമ്പോൾ എന്റെ മിഴികളിൽ ഉതിർന്ന നനവിന് എന്നെ അറിഞ്ഞ പതിയോടുള്ള സ്നേഹവും സംതൃപ്തിയും ഉണ്ടായിരുന്നു.

രചന: Sumayya Farsana

Leave a Reply

Your email address will not be published. Required fields are marked *