റോഹൻ അവളെ നോക്കിയപ്പോഴേക്കും നാണത്താൽ അവളുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു…

രചന: Mareelin Thomas

“ഡാ.. 10 മണി ആകുമ്പോൾ എത്തും എന്നാ പെണ്ണ് വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്… നിന്റെ ഈ ആടി തൂങ്ങി ഉള്ള നിൽപ്പ് കണ്ടിട്ട് നാളെ ഉച്ച ആയാൽ അവിടെ എത്താൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല….”

അമ്മയെ ഒന്ന് രൂക്ഷമായി നോക്കി റോഹൻ മനസ്സില്ലാ മനസ്സോടെ കട്ടിലിൽ നിന്ന് എണീറ്റ് ഫ്രഷ് ആവാൻ ബാത്റൂമിലെക്ക്‌ കയറി..

‘എന്തോ മനസ്സിന് ഒരു സുഖം തോന്നുന്നില്ല.. എത്രാമത്തെ പെണ്ണ് കാണൽ ആണിത്… ‘

‘മടുത്തു.. ‘

‘ ഇതിപ്പോ പെണ്ണിന്റെ വീട്ടിൽ ചെല്ലും.. പെണ്ണ് ചായ കൊണ്ടുവരും… താൻ ചായ കുടിക്കും.. പെണ്ണിനും ചെറുക്കനും തനിച്ച് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം എന്ന് തല മൂത്ത കാരണവർ പറയും.. താനും പെണ്ണും മാറി നിന്ന് സംസാരിക്കും… താൻ എല്ലാം തുറന്ന് പറയും…എല്ലാം കേട്ടുകഴിഞ്ഞ് ഒന്നുകിൽ പെണ്ണ് ആലോചന വേണ്ടെന്ന് വെക്കും അല്ലെങ്കിൽ പെണ്ണിന്റെ വീട്ടുകാർ…. പിന്നെ അടുത്ത ആലോചന.. അടുത്ത ചായകുടി… ഇതിങ്ങനെ ഒരവസാനം ഇല്ലാതെ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നു…’

“ഡാ.. ഇറങ്ങാറായില്ലെ… സമയം പോകുന്നു…” അമ്മ ബാത്റൂം ഡോറിൽ ശക്തമായി മുട്ടുന്ന ശബ്ദം ചെറുതായി റോഹന്റെ കാതിൽ പതിഞ്ഞു… ”

വേഗം കുളിച്ച് വേഷം മാറി റോഹൻ പുറത്തേക്ക് ഇറങ്ങി…

“ദയവ് ചെയ്ത് ഇന്നെങ്കിലും പെണ്ണിനെ കാണുമ്പോൾതന്നെ എല്ലാം തുറന്ന് പറയാൻ നിൽക്കരുത്… ആദ്യം പെണ്ണിന് നിന്നെ ഒന്ന് ഇഷ്ടപ്പെടട്ടെ… എന്നിട്ട് സാവധാനം നമുക്ക് കാര്യങ്ങള് പറയാം..” വണ്ടിയിലേക്ക് കയറുന്നതിനു മുൻപ് റോഹനെ മാറ്റി നിർത്തി അമ്മ പറഞ്ഞു..

റോഹൻ ഒന്നും മിണ്ടാതെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി… പിറകെ അച്ഛനും അമ്മയും…

‘എല്ലാം അറിഞ്ഞ് തന്നെ സ്നേഹിച്ച ഒരുവൾ ഉണ്ടായിരുന്നു… അല്ല.. എല്ലാം അറിഞ്ഞു തന്നെ സ്നേഹിച്ചവളല്ല… തന്നെ ജീവന് തുല്യം സ്നേഹിക്കുന്നു എന്ന് നടിച്ചവൾ…. ജോലി കിട്ടി കുറച്ചു നാളുകൾക്കുള്ളിൽ തന്നെ കല്യാണ ആലോചനയുമായി അവളുടെ വീട്ടിൽ സർപ്രൈസ് ആയി ചെന്നപ്പോളാണ് അറിഞ്ഞത് അവള് അവളുടെ വുട്‌ ബീയുടെ കൂടെ സിനിമക്ക് പോയിരിക്കുകയാണ് പോലും.. ‘

‘അവൾക്ക് പോക്കറ്റ് മണി കൊടുക്കാനും കറങ്ങാൻ കൊണ്ടുപോകാനും ഒരാള്… അത് മാത്രം ആയിരുന്നു താൻ എന്ന് അന്നാണ് മനസ്സിലാക്കിയത്… അന്ന് തീരുമാനിച്ചുറപ്പിച്ചു ഇനി ഒരു പെണ്ണ് തന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന്… പക്ഷേ എല്ലായിടത്തും സംഭവിക്കുന്നത് പോലെ അമ്മയുടെ കണ്ണുനീരിന് മുൻപിൽ താൻ നിസ്സഹായനായി പോയി… ‘

പെണ്ണ് വീട്ടിൽ എത്തി പരിചയപ്പെടലും ചായകുടിയും കഴിഞ്ഞ് റോഹനും പെണ്ണും ഒറ്റക്ക് സംസാരിക്കാൻ ആയി മുറ്റത്തേക്ക് ഇറങ്ങി…

“റിയ എന്നല്ലേ പേര്….”

“അതെ..”

“എനിക്ക് റിയയോട് ഒരു കാര്യം പറയാൻ ഉണ്ട്.. ”

“അതിന് മുൻപ് ഞാൻ റോഹനോട് ഒരു കാര്യം പറയട്ടെ…”

“ഏഹ്… ആയിക്കോട്ടെ…”

“ഗർഭിണി ആയിരുന്ന സമയത്ത് റോഹന്റെ അമ്മക്ക് ജർമൻ മീസിൽസ് പിടിപെട്ടു… ഗർഭിണി ആയിരിക്കുമ്പോൾ ജർമൻ മീസിൽസ് പിടിപെട്ടാൽ അത് ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കും…. എന്തെങ്കിലും വൈകല്യത്തോട് കൂടി ആകും കുഞ്ഞ് ജനിക്കുക… ഇവിടെ റോഹന്റെ കേഴ്‌വി ശക്തിയെ ആണ് അത് സാരമായി ബാധിച്ചത്…… ഇപ്പൊ ഇരുചെവികളിലും ഏകദേശം 40 ശതമാനം കേൾവി ശക്തിയെ ഉള്ളൂ… കേൾവി ശക്തി ഇനിയും കുറയാനുള്ള ചാൻസ് ഉണ്ട്… ആധുനിക ഹിയറിങ് എയ്ഡ് ഉപയോഗിക്കാറുള്ളത് കൊണ്ട് വലിയ പ്രശ്നം ഇല്ലാതെ തട്ടിയും മുട്ടിയും ജീവിച്ച് പോകുന്നു…ഇതല്ലേ പറയാൻ വന്നത്…”

റോഹൻ ഒന്ന് ഞെട്ടി…

“ഇതെങ്ങനെ….”

“ഡോക്ടർ ഇന്ദിര ദേവിയുടെ ജൂനിയർ ആണ് ഞാൻ.. നിങ്ങള് അവിടെ മൂന്ന് മാസം കൂടുമ്പോൾ കൺസൾട്ടേഷന് വരാറുള്ളതല്ലെ.. ഡോക്ടറിൽ നിന്നാണ് നിങ്ങളുടെ ഡിട്ടെയിൽസ്സ്‌ ഞാൻ അറിഞ്ഞത്… ”

“ആഹാ.. വരുന്ന എല്ലാ രോഗികളുടെയും ഡീട്ടൈൽസ് താൻ അന്വേഷിക്കുമോ…”

റിയ മുഖം കൂർപ്പിച്ച് റോഹനെ നോക്കി… അത് കാൺകെ റോഹന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…

“തന്നെ ഒന്ന് ശുൻഠി പിടിപ്പിക്കാൻ പറഞ്ഞതാടോ.. വിട്ടു കള.. ” അതേ പുഞ്ചിരിയോടെ റോഹൻ പറഞ്ഞു…

പതിയെ റിയയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു…

“അമ്മയുടെ അടുത്ത കൂട്ടുകാരി ആണല്ലേ ഡോക്ടർ.. ഡോക്ടർ നിങ്ങളെ പറ്റി ഇടക്കിടക്ക് സംസാരിക്കാറുണ്ട്… “റോഹൻ അങ്ങനെ ചെയ്തു.. റോഹൻ ഇങ്ങനെ ചെയ്തു…”

അങ്ങനെയാണ് നിങ്ങളെപ്പറ്റി ഞാൻ കൂടുതൽ അറിഞ്ഞതും ഒരു ഇഷ്ടം മനസ്സിൽ മൊട്ടിട്ടതും… മറ്റെ പേണ്ണില്ലെ…. എന്താ അവളുടെ പേര്???…”

“പെണ്ണോ.. ഏത് പെണ്ണ്….

“ആഹ്‌.. പെണ്ണ്…നമ്മുടെ പഴയ തേപ്പ് കേസ്…”

” ങ്ഹെ….ശ്രേയയോ???….”

“ആഹ്‌…. ശ്രേയാ….പുള്ളിക്കാരി നല്ല കനത്തിൽ നിങ്ങളെ തേച്ച് ഇസ്തിരി ഇട്ടത് വരെ എനിക്കറിയാം.. ”

“ഈശ്വരാ… ഈ ആന്റി എന്നെ നാറ്റിച്ചേ അടങ്ങൂ…” റോഹൻ ആത്മഗതം ചെയ്തു…

“ആദ്യമൊക്കെ ഒരു സഹതാപം മാത്രം ആയിരുന്നിരിക്കാം എനിക്ക് നിങ്ങളോട്..” റിയ തുടർന്നു…

” പക്ഷേ അച്ഛനും അമ്മയും വീട്ടിൽ കല്യാണം ആലോചിക്കാൻ തുടങ്ങിയപ്പോൾ തൊട്ട് എന്തോ… വരന്റെ സ്ഥാനത്ത് ഈ മുഖം മാത്രം ആയിരുന്നു മനസ്സിൽ….ഇപ്പോ ദേ ഈ ഹൃദയത്തിനുള്ളിൽ നിങ്ങളോടുള്ള ഇഷ്ടം മാത്രമേ ഉള്ളൂ… ”

“ആദ്യം ഒന്നും വീട്ടുകാർ സമ്മതിച്ചില്ല ട്ടോ.. പതിയെ അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി…. അവരെ പറഞ്ഞ് സമ്മതിപ്പിക്കാൻ ഞാൻ ഒരിത്തിരി കഷ്ടപ്പെട്ടു … പിന്നെ ഇന്ദിരാ മാഡത്തിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് കൂടി ആയപ്പോൾ അച്ഛനും അമ്മയും ഫ്ലാറ്റ്…ഇതിനെക്കാളും നല്ല മരുമകനെ മഷി ഇട്ടാൽ പോലും കാണില്ല എന്നാണ് മാഡം വീരവാദം മുഴക്കിയത്…”

” അങ്ങനെ ഒരുതരത്തിൽ ഈ ആലോചന ഇവിടെ വരെ ഞാൻ കൊണ്ടെത്തിച്ചു…. ഇവിടെ നിന്ന് പറഞ്ഞിട്ടാണ് ശങ്കരേട്ടൻ ആലോചനയുമായി റോഹന്റെ വീട്ടിലേക്ക് വന്നത്… എനിക്ക് പൂർണ്ണ സമ്മതം ആണുട്ടോ…. എനിക്ക് നിങ്ങളോട് കറയില്ലാത്ത നല്ല കട്ട പ്രണയം തന്നെ ആണെന്ന് കൂട്ടിക്കൊളൂ… ഇനിയിപ്പോ ഇയാൾക്ക് എന്നെ ഇഷ്ടപ്പെടാതെ വരുവോ… ” ഒട്ടൊരു കുസൃതിയോടെ റിയ ചോദിച്ചു…

അത്ഭുതത്തോടെ റോഹൻ അവളെ നോക്കിയപ്പോഴേക്കും നാണത്താൽ അവളുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു… അവന്റെ മിഴികളെ നേരിടാനകാതെ അവളുടെ മിഴികൾ നിലത്തേക്ക് ദൃഷ്ടി പതിപ്പിച്ചു…

മാസങ്ങൾക്ക് ശേഷം തന്റെ പേര് കൊത്തിയ താലി അണിയിച്ച്, ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകയിൽ ചാർത്തി അവളെ സ്വന്തമാക്കിയപ്പോൾ , അന്നുവരെ താൻ പരിഭവം മാത്രം പറഞ്ഞിരുന്ന ഈശ്വരന്മാരോട് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ആദ്യമായി നന്ദി പറയുകയായിരുന്നു റോഹൻ…. തന്റെ കുറവുകളെ അംഗീകരിച്ച് തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന നല്ല പാതിയെ തന്ന് അനുഗ്രഹിച്ചതിന്…

ഒരിക്കൽ നമ്മൾ ആഗ്രഹിച്ച് സ്വന്തമാക്കാൻ പറ്റാതെ പോയതിനേക്കാളും മികച്ചത് ആയിരിക്കും ദൈവം നമുക്ക് വിധിച്ചിരിക്കുന്നത്… റോഹന് റിയ സ്വന്തമായത്‌ പോലെ… അല്ലെ… ❤️❤️❤️❤️

രചന: Mareelin Thomas

Leave a Reply

Your email address will not be published. Required fields are marked *