സേതു

രചന : Navas Aamandoor

ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയെന്നു പറഞ്ഞവരുമായോ യാതൊരു ബന്ധവുമില്ല.

“സേതുവിന്‌ ആദരാഞ്ജലി ”

ഇന്ന് ഞാൻ അറിയുന്ന പലരുടെയും വാളിൽ കണ്ട പോസ്റ്റ്. ഞാനും അറിയും അയാളെ. എന്റെ പോസ്റ്റിലും വരാറുണ്ട്. വേറെ ഒന്നും ആലോചിക്കാതെ ഞാനും പോസ്റ്റി ഒരു ആദരാഞ്ജലി.

“എന്റെ കൂട്ടുകാരനും എഴുത്തുകാരനുമായ സേതുവിന്‌ ആദരാഞ്ജലികൾ ”

അതിന്‌ ശേഷം സേതുവിന്റെ വാളിൽ പോയി എഴുത്തുകൾ വായിച്ച് എന്റെ കണ്ണ് നിറഞ്ഞു.

ഓരോ വരിയിലും വാക്കിലും വേദനയുടെ ചൂട്. തൊട്ടരികിൽ മരണം ഉണ്ടെന്ന് അറിഞ്ഞു എഴുതിയ വരികളിൽ ജീവിച്ചു കൊതി തീരാത്ത മനസ്സിന്റെ മോഹം. ഇന്നുമുതൽ ഇനി ഒരിക്കലും അവൻ എഴുതില്ല. പച്ച ലൈറ്റ് തെളിയില്ല. ജീവിച്ചതിനും മരിച്ചതിനും അടയാളമായി സേതുവിന്റെ അക്ഷരങ്ങൾ അക്ഷര നക്ഷത്രമായി എന്നെ എന്നും ഓർമിപ്പിക്കും.

“ഇതുവരെയുള്ളൂ സെന്റി ബാക്കി ഫുൾ കോമഡിയാണ് ”

“ഇതിൽ എന്ത് കോമഡി…. ?”

“അതൊക്കെ ഉണ്ട്. ആദ്യം മനസ്സിൽ ഉണ്ടായ സംശയം സേതുവിൻറെ ഫോട്ടോ.ആ ഫോട്ടോ ഞാൻ എവിടെയോ കണ്ടത് പോലെ തോന്നി. പിന്നെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ വേണ്ടി ചികിത്സക്ക് സഹായം കിട്ടാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ അയാളുടെ ഭാര്യയുടെ പേരും അക്കൗണ്ട് നമ്പറും ഉണ്ട്. പക്ഷെ അത്‌ ഫേക്കാണ്. അങ്ങനെ ഒരു അക്കൗണ്ട് നമ്പർ ഇല്ല. ”

“പൊളിച്ചല്ലോ. തരികിട മണക്കുന്നുണ്ട് ”

“അതെ,അങ്ങനെയാ ഞാൻ സൈബർ വാരിയേഴ്‌സിനോടു ഈ കാര്യങ്ങൾ പറഞ്ഞത്. അവർ അത്‌ മിഷൻ ആയി ഏറ്റെടുത്തു ”

കുറച്ച് ദിവസത്തിനുള്ളിൽ അവർ സംഭവത്തിന്റെ സത്യം തിരിച്ചറിഞ്ഞു.

സേതുവിന് ആദരാഞ്ജലി അർപ്പിച്ചു ആദ്യ പോസ്റ്റ് റീമയുടെ. റീമയുടെ ഐഡിയും സേതുവിന്റെ ഐഡിയും അപ്പോൾ തന്നെ അവർ പൊക്കി.

വലിയൊരു തട്ടിപ്പിന്റെ കഥയാണ് സൈബർ വാരിയേഴ്സിന് പറയാനുണ്ടായത്.

മുൻപ് എപ്പോഴോ ഉണ്ടാക്കിയ ഐഡി സേതു എന്ന പേരിൽ ആക്റ്റീവ് ആക്കി. പുതിയ ഐഡി സംശയം ഉണ്ടാക്കും. അതിനാ പഴയ ഐഡി.

കുറേ കൂട്ടുകാരെ ആഡ് ചെയ്തു. എല്ലാവരുടെയും പോസ്റ്റിൽ തമാശയും കാര്യവുമായി സേതു വന്നു. കുറച്ച് ദിവസങ്ങൾ കൊണ്ട് സേതു അറിയപ്പെടുന്ന ഐഡിയായി മാറി.

ഇടക്ക് വാളിൽ വേദനയുടെ നഷ്ടസ്വപ്‌നങ്ങളുടെ വരികൾ എഴുതി ചേർത്തു. അയാൾക്ക്‌ എന്തോ സങ്കടം ഉള്ളതായി അത്‌ വായിക്കുന്നവർക്ക്‌ ഫീൽ ചെയ്തു.

പിന്നെ ക്യാൻസർ കാർന്നു തിന്നുന്ന വേദനയുടെ ലോകത്തെ പറ്റി പറഞ്ഞു. മരണം കാത്ത് കിടക്കുന്ന സേതുവിനെ സേതു തന്നെ പരിചയപ്പെടുത്തി.

ചികിത്സ സഹായത്തിനു പോസ്റ്റ് ഇട്ടപ്പോൾ ഭാര്യയുടെ പേരായി റീമയുടെ പേര് അക്കൗണ്ട് നമ്പർ.

രണ്ട് മാസം കൊണ്ട് ആറു ലക്ഷം രൂപയിൽ അധികം ആ അക്കൗണ്ടിൽ എത്തി.

ഇനി മുന്നോട്ട് പോയാൽ പണിയാകും എന്ന് മനസ്സിലാക്കി ചികിത്സ സഹായ പോസ്റ്റിലെ റീമയുടെ പേരും അക്കൗണ്ട് നമ്പറും മാറ്റി എഴുതി. പിറ്റേന്ന് റീമ അവളുടെ വാളിൽ പോസ്റ്റ് ഇട്ടു.

“സേതു വേദനയുടെ ലോകത്തിൽ നിന്നും വിടപറഞ്ഞു ”

അത്‌ കണ്ടവർ ഓരോരുത്തരായി സേതുവിന്‌ ആദരാഞ്ജലികൾ അർപ്പിച്ചു.

“സേതു അങ്ങനെ ഒരാൾ ഇല്ല. റീമയുടെ ബുദ്ധിയിൽ തോന്നിയ ഒരു തട്ടിപ്പ്. ക്യാഷ് അയച്ചവരും സേതുവിനെ സ്‌നേഹിച്ചവരും ശശി യായി. ”

മുഖപുസ്തകം ജീവിതത്തിന്റെ ഭാഗമായി മാറിയ ഈ കാലത്ത് പുതിയ പുതിയ തട്ടിപ്പുകൾ വരും.

ഒരിക്കലും കാണാത്ത അറിയാത്ത ഒരാളുടെ മരണം എന്നെ സങ്കടപ്പെടുത്തിയത് അയാളുടെ അക്ഷരങ്ങൾക്ക് മനസ്സുകളെ കീഴ്പ്പെടുത്താനുള്ള ശക്തി ഉണ്ടായത് കൊണ്ടാണ്.

ഒന്ന് ഓർക്കുക റീമ നീ ഉണ്ടാക്കിയ സേതു ഇല്ലാതാക്കിയത് എന്നെ പോലെ പല നാട്ടിലും നിന്നുകൊണ്ട് കൈമാറുന്ന ഈ ഫ്രണ്ട്ഷിപ്പെന്ന വലിയ ഇഷ്ടത്തിന്റെ വിശ്വസ്ഥതയാണ്.

രചന : Navas Aamandoor

Leave a Reply

Your email address will not be published. Required fields are marked *