അമ്മേ പെട്ടെന്ന് ഇറങ്ങൂ ! നേരം വൈകുന്നു. ഒരുപാട് ദൂരം വണ്ടി ഓടിക്കാനുള്ളതാ !

രചന : Nasar Kappadan‎

അല്പം ദേഷ്യത്തോടെ രാജേഷ് പറഞ്ഞു. നാളെ പെങ്ങളൂട്ടിക്ക് മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷ ഉള്ളതാണ്. എറണാകുളത്താണ് പരീക്ഷ കേന്ദ്രം. . അച്ഛന്റെ സുഹൃത്തു വഴി പരീക്ഷ കേന്ദ്രത്തിനു അധികം ദൂരമല്ലാത്ത ഒരു ലോഡ്ജിൽ ഇന്ന് രാത്രി താമസിക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.

മോളെ ആവശ്യമുള്ള രേഖകളൊക്കെ എടുത്തിട്ടില്ലേ ? .

എല്ലാം ചേട്ടത്തിയുടെ ബാഗിലുണ്ട് അച്ഛാ !. എന്ന് പറഞ്ഞു അച്ഛന്റെ അനുഗ്രഹം വാങ്ങി ചിന്നു വണ്ടിയിൽ കയറി.

രാജേഷും ഭാര്യ രാധികയും വണ്ടിയുടെ മുൻസീറ്റിലും അമ്മയും ചിന്നുവും പിറകു സീറ്റിലും കയറി അവർ യാത്ര പുറപ്പെട്ടു. പരിചയമില്ലാത്ത വഴി ആയതിനാൽ ലോഡ്ജ് കണ്ടെത്താൻ കുറച്ചു ബുദ്ധിമുട്ടി. ലോഡ്‌ജിൽ എത്തുമ്പോൾ സമയം ഏകദേശം 10 മണി ആയിരുന്നു.ലോഡ്ജിന്റെ ഒന്നാമത്തെ നിലയിൽ ആയിരുന്നു റൂം

“ഞാൻ പറഞ്ഞതാ നേരത്തെ ഇറങ്ങാൻ”. ദേഷ്യത്തോടെ രാജേഷ് എല്ലാരോടുമായി ആയി പറഞ്ഞു.

“സാരമില്ല മോനെ , എന്തായാലും ബുദ്ധിമുട്ടില്ലാതെ ഇവിടെ എത്തിയില്ലേ അതുമതി ” അമ്മ രാജേഷിനെ സമാധാനിപ്പിച്ചു.

“ഉം ” രാജേഷ് മൂളി.

ഇത്രയും ദൂരം വണ്ടി ഓടിച്ചതല്ലേ , മോൻ രാവിലെ നേരത്തെ എണീക്കൊന്നും വേണ്ട. ഇവിടുന്നു അഞ്ചു മിനിറ്റു ദൂരം അല്ലെ പരീക്ഷ ഹാളിലേക്കുള്ളു. പരീക്ഷക് പോകാൻ രാധിക വണ്ടി ഓടിച്ചോളും”

” നിനക്ക് ഡ്രൈവിംഗ് അറിയാവുന്നതു കൊണ്ട് ഇങ്ങനെ ചില ഉപകാരങ്ങളൊക്കെ ഉണ്ട് ” രാജേഷ് രാധികയെ നോക്കി കളിയാക്കികൊണ്ടു പറഞ്ഞു.

————————————— രാവിലെ തന്നെ രാധികയും അമ്മയും ചിന്നുവും പരീക്ഷ ഹാളിലേയ്ക്ക് പോയി. റൂമിൽ രാജേഷ് മാത്രം. ഉറക്കമുണർന്ന രാജേഷ് പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു ഒരു കട്ടൻ ചായയും കുടിച്ചുകൊണ്ട് റൂമിലെ കസേരയിൽ ഇരുന്നു.

ടക് , ടക് . ആരോ വാതിലിനു മുട്ടുന്ന ശബ്‌ദം. രാജേഷ് ക്ലോക്കിൽ സമയം നോക്കി. 12 മണി കഴിഞ്ഞിരിക്കുന്നു

പരീക്ഷ കഴിഞ്ഞു അമ്മയും ചിന്നുവും നേരത്തെ ഇത്ര നേരത്തെ എത്തിയോ ? രാജേഷ് സ്വയം ചോദിച്ചു കൊണ്ട് വാതിൽ തുറന്നു.

പക്ഷെ അത് അവർ ആയിരുന്നില്ല. വാതിക്കൽ ഏകദേശം 21 വയസ്സ് തോന്നിക്കുന്ന ഒരു യുവതി. ഒരു കയ്യിൽ ബാഗും മറുകയ്യിൽ 5 വയസ്സ് പ്രായം ഉള്ള ഒരു ആൺകുട്ടി . തന്റെ കയ്യിൽ ഉള്ള കളിപ്പാട്ടത്തിൽ ആയിരുന്നു അവന്റെ ശ്രദ്ധ. ചുറ്റുവട്ടത്തുള്ളതൊന്നും അവൻ ശ്രദ്ധിക്കുന്നില്ല.

മനസ്സിലായില്ല എന്ന ഭാവത്തിൽ രാജേഷ് ആ യുവതിയെ നോക്കി . മുഖത്തു ഒരു ഭാവവ്യതാസം ഇല്ലാതെ ആ യുവതി റൂമിനകത്തേയ്ക്ക് കയറി.

“ഞാൻ നേരം വൈകിപ്പോയോ സർ ” കസേരയിൽ ഇരുന്നുകൊണ്ട് യുവതി ചോദിച്ചു.

” എനിക്ക് മനസ്സിലായില്ല ?”

” ഇന്നലെ ഫോൺ വിളിച്ചു ഇവിടേയ്ക്ക് വരാൻ പറഞ്ഞിരുന്നു.”

ബാഗിൽ നിന്നും ചുവന്ന ചുരിദാർ പുറത്തേയ്ക് എടുത്തു കൊണ്ട് യുവതി പറഞ്ഞു.

രാജേഷിനു യുവതി വന്നതിന്റെ ഉദ്ദേശം മനസ്സിലായി.

“ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല, നിങ്ങൾ പുറത്തു പോണം !”

“നിങ്ങൾ വിളിച്ചിട്ടല്ലേ ഞാൻ വന്നത് , പിന്നെ എന്താ ഇങ്ങനെ പറയുന്നത് ?” യുവതിയുടെ മറുചോദ്യം കേട്ട് രാജേഷിനു ദേഷ്യം വന്നു.

“നിങ്ങൾക് ആള് മാറിപോയിട്ടുണ്ട്. ആരേലും കാണുന്നതിന് മുൻപ് റൂമിൽ നിന്ന് പുറത്തിറങ്ങു ”

ദേഷ്യം നിയന്ത്രിച്ചു രാജേഷ് പറഞ്ഞു

“വിളിച്ചു വരുത്തിയിട്ട് നിങ്ങൾ ആളെ കളിയാകുകയാണോ ?”.

അമ്മയും രാധികയും വരാൻ സമയമായി. അവര് വരുമ്പോൾ ഇവരെ കണ്ടാൽ ? രാജേഷിന്റെ ഉള്ളിൽ ഭയം കൂടി.

” നിങ്ങളോടല്ലേ പറഞ്ഞതു പുറത്തു പോകാൻ , ” രാജേഷിന്റെ ശബ്‌ദം ഉയർന്നു.

രാജേഷിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട് യുവതിയുടെ മകൻ പേടിച്ചു കരയാൻ തുടങ്ങി.

യുവതി ആ കുഞ്ഞിനെ തൻറെ ശരീരത്തോട് ചേർത്തുപിടിച്ചു സമാധാനിപ്പിക്കാൻ ശ്രമിച്ചു.

പെട്ടെന്ന് യുവതിയുടെ മൊബൈൽ ഫോൺ ബെല്ലടിച്ചു .

“എടുത്തു നോക്ക് , നിൻറെ ആവശ്യക്കാരായിരിക്കും.”

യുവതി ഫോൺ എടുത്തു, മറുപടിയൊന്നും പറയാതെ മറുതലക്കൽ നിന്നുള്ള സംസാരം കേട്ട് നിന്നു.

‘നീയായിട്ടു ഇറങ്ങുന്നുണ്ടോ അതോ ഞാൻ പിടിച്ചു പുറത്താക്കണോ ?’

കൈ പുറത്തേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് രാജേഷ് ഉച്ചത്തിൽ പറഞ്ഞു. ഇത് കേട്ട് കൊണ്ടാണ് അമ്മയും രാധികയും ചിന്നുവും റൂമിലേക്ക് വന്നത്.

എന്താണ് സംഭവം എന്ന് അറിയാതെ അവർ മൂന്നുപേരും രാജേഷിനെ നോക്കി . “ഇതാരാ ?” അമ്മ ചോദിച്ചു.

“എനിക്കറിയില്ല, റൂമിലേയ്ക് ഓടികേറിവന്നതാ ! ” അമ്മയുടെ മുഖത്തേക്ക് നോക്കാതെ രാജേഷ് പറഞ്ഞു.

അമ്മ യുവതിയെ രൂക്ഷമായി നോക്കി .

“എനിക്ക് ആളു മാറിപോയിരിക്കാം , ഞാൻ പോയിക്കോളാം ” “നിവർത്തികേടുകൊണ്ടാണ് ഈ പണിക്ക് ഇറങ്ങിയത്, നിങ്ങളെ പോലുള്ളവർക്ക് നോക്കി ചിരിക്കാനുള്ള കോമാളികൾ ആയിരിയ്ക്കും ഞങ്ങളെ പോലുള്ളവർ ” മകനെ എടുത്തുകൊണ്ടു യുവതി പറഞ്ഞു.

” നിന്നെ പോലുള്ള എല്ലാ തേവിടിച്ചികൾക്കും ഉണ്ടാകും സാഹചര്യത്തിന്റെ ഓരോ കഥ പറയാൻ, അതൊന്നും ഇവിടെ പറയാൻ നിൽക്കണ്ട ” രാജേഷിനു ശബ്ദം കുറച്ചു കൂടെ ഉച്ചത്തിലായി.

ഇതും കേട്ടതും യുവതി തൻറെ മകനെയും ബാഗും എടുത്തുകൊണ്ടു തല താഴ്ത്തി റൂമിൽ നിന്നും പുറത്തേക്ക് ഓടി . വാതിക്കൽ നിന്നിരുന്ന രാധിക ആ യുവതി റോഡിലൂടെ നടന്നകലുന്നതും നോക്കി നിന്നു .

രാജേഷ് എല്ലാം വിശദീകരിച്ചു പറഞ്ഞു. അത് കേട്ട് അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

” ചേട്ടൻ പറഞ്ഞത് അൽപ്പം കൂടിപ്പോയി ! “ചിന്നുവിൻറെ മറുപടി കേട്ട് രാജേഷിനു ദേഷ്യം കൂടി.

” നീ നിൻറെ കാര്യം നോക്കിക്കോ ” രാജേഷിൻറെ മറുപടി കേട്ട ചിന്നു കൂടുതൽ ഒന്നും പറയാതെ അമ്മയുടെ അടുത്തേക്ക് പോയി.

“ദേ ഇത് നോക്കിയേ ” യുവതി ഇരുന്ന കസേരയിലേക്ക് ചൂണ്ടി കൊണ്ട് രാധിക പറഞ്ഞു. രാജേഷ് തിരിഞ്ഞു നോക്കി.

യുവതി ബാഗിൽ നിന്നും പുറത്തെടുത്തുവെച്ച ചുരിദാറും ആ കുട്ടിയുടെ കളിപ്പാട്ടവും. ഇറങ്ങിപ്പോകുന്ന നേരത്തു അവരതു എടുക്കാൻ മറന്നിരിക്കുന്നു.

“ഞാൻ ഇതവർക്ക് കൊടുത്തിട്ടു വരാം ” രാധിക അത് രണ്ടും കാറിന്റെ ചാവിയും കയ്യിൽ പിടിച്ചു പുറത്തേക്കിറങ്ങാൻ തുനിഞ്ഞു.

“നിൽക്ക് ഒറ്റക് പോകണ്ട ഞാനും വരാം ”

രാജേഷ് രാധികയുടെ കയ്യിൽ നിന്നും കാറിൻറെ ചാവി വാങ്ങി മുന്നിൽ നടന്നു.

“അവരു ആ ഭാഗത്തേക്കാണ് പോയത് ” കാറിൽ കയറിയ ഉടനെ റോഡിൻറെ ഇടതു ഭാഗത്തേക്ക് ചൂണ്ടി കൊണ്ട് രാധിക പറഞ്ഞു . രാജേഷ് രാധിക പറഞ്ഞ ഭാഗത്തേക്ക് വണ്ടി ഓടിച്ചു.

“അവരോടു അങ്ങനെ പറയരുതായിരുന്നു.”

“പിന്നെ ഞാൻ എങ്ങനെ പറയണം ”

“നിവർത്തികേടു കൊണ്ടായിരിക്കും. അല്ലേല് ഒരു സ്ത്രീയും ഇങ്ങനെ ജീവിക്കാൻ ഇഷ്ടപ്പെടില്ല ”

രാജേഷ് മറുപടി ഒന്നും പറഞ്ഞില്ല

“വണ്ടി നിർത്തു ” അൽപ്പം മുന്നോട്ടു പോയപ്പോൾ റോഡിൻറെ മറുഭാഗത്തേക്ക് നോക്കികൊണ്ട്‌ രാധിക പറഞ്ഞു.

രാജേഷ് റോഡിന്റെ മറുഭാഗത്തേക്ക് നോക്കി. അവിടെയുള്ള ബസ് സ്റ്റോപ്പിൽ ചുരിദാറിന്റെ ഷാൾ കൊണ്ട് മുഖത്തിൻറെ പകുതി മറച്ചുകൊണ്ട് കയ്യിലുള്ള ഫോണിലേക്ക് നോക്കിയിരിക്കുന്ന അവൾ . മകനെയും മാറോടു ചേർത്തു പിടിച്ചു അവൻറെ കരച്ചിൽ നിർത്താൻ ശ്രമിക്കുന്നുണ്ട്.

രാജേഷ് കാർ റോഡിൽ നിന്നും ഇറക്കി നിർത്തി. രാധിക കാറിൽ നിന്നും ഇറങ്ങി , യുവതിയും മകനും ഇരിക്കുന്ന ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി റോഡ് മുറിച്ചു കടന്നു.

അവരുടെ അടുത്തെത്തിയ രാധിക കളിപ്പാട്ടം കുട്ടിയുടെ നേരെ നീട്ടി. അമ്മയുടെ മുഖത്തേക്ക് നോക്കിയ ശേഷം അവനതു വാങ്ങി. അവൻ ആഗ്രഹിച്ചത് കിട്ടിയത് പോലെ അവൻ കരച്ചിൽ നിർത്തി. യുവതി രാധികയുടെ മുഖത്തേക്ക് നോക്കി. രാധിക തൻറെ കയ്യിൽ ഉണ്ടായിരുന്ന ചുരിദാർ യുവതിക്ക് നേരെ നീട്ടി. ഒന്നും മിണ്ടാതെ തലതാഴ്ത്തികൊണ്ട് യുവതി അത് വാങ്ങി.അവളുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നത് രാധിക കണ്ടു. രാധിക അവളുടെ അടുത്ത് ഇരുന്നു.

രാധിക എന്തോ അവളോട് ചോദിക്കുന്നതും അവൾ മറുപടി പറയുന്നത് രാജേഷ് കാറിൽ നിന്ന് കണ്ടു .

നേരം വൈകുന്നു എന്ന് സൂചിപ്പിക്കാൻ രാജേഷ് കാറിന്റെ ഹോൺ നീട്ടിയടിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ രാധിക തിരിച്ചു കാറിനു നേരെ നടന്നു. രാധികയുടെ മുഖത്തെ പ്രസരിപ്പ് നഷ്ടപെട്ടതു പോലെ രാജേഷിനു തോന്നി.

എന്ത് പറ്റി വിഷമിച്ചിരിക്കുന്നത് ? രാധിക കാറിൽ കേറിയ ഉടനെ രാജേഷ് ചോദിച്ചു.

“ഏയ് ഒന്നുമില്ല !” നമുക്ക് പോകാം ”

രാജേഷ് കാർ തിരിച്ചു, ലോഡ്ജ് ലക്ഷ്യമാക്കി അവരു നീങ്ങി . ” അവളൊരു പാവം പെണ്ണാണ് , ” കുറച്ചു നേരത്തെ മൗനത്തിനു ശേഷം രാധിക പറഞ്ഞു.

” എന്തേയ് അങ്ങനെ തോന്നാൻ ?”

“” മീര എന്നാ അവളുടെ പേര്. 9 വയസ്സ് ഉള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നീട് അവളും അമ്മയും അമ്മാവൻറെ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. പഠിച്ചു ഒരു ജോലി നേടി അമ്മയെ സംരക്ഷിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. കോളജിൽ പഠിക്കുന്ന സമയത്തു അവൾ സതീഷ് എന്ന ഒരു യുവാവുമായി പ്രണയത്തിൽ ആയി. അവനിൽ നിന്നും അവൾ ഗർഭിണിയായപ്പോൾ വീട്ടുകാരുടെ സമ്മതം വാങ്ങി വരാം എന്ന് പറഞ്ഞുപോയ സതീഷ് പിന്നീട് തിരിച്ചു വന്നില്ല. . അവൾ ഗർഭിണി ആയതോടെ പിഴച്ചവൾ എന്ന് പറഞ്ഞു വീട്ടിൽ നിന്നും നാട്ടിൽ നിന്നും പുറത്താക്കി. അച്ഛൻറെ അകന്ന ബന്ധുവിൻറെ കൂടെയായി പിന്നെ താമസം.അവിടെ വെച്ചാണ് അവൾ മകനെ പ്രസവിച്ചത് . മൂന്ന് വർഷങ്ങൾക്ക് മുൻപ് അമ്മ മരിച്ചപ്പോൾ ആ വൃദ്ധയെയും അവളുടെ മകനെയും നോക്കേണ്ടത് അവളുടെ ചുമലിലായി. “”

ഞെട്ടലോടെ രാജേഷ് രാധിക പറയുന്നതും കേട്ട് നിന്നു . “മകന് ഒരു നേരത്തെ ഭക്ഷണം വാങ്ങാൻ വേണ്ടി ശരീരം വിൽക്കേണ്ടി വന്നു അവൾക്. ഒടുവിൽ അവൾ ഇവിടെ എത്തി “.

ഇതെല്ലം കേട്ട് രാജേഷിനു അവളെ “” തേവിടിച്ചി “” എന്ന് വിളിച്ചതിൽ കുറ്റബോധം തോന്നി. ————————- “നിങ്ങൾ ഇതെവിടെ പോയതായിരുന്നു ” കാറിൽ നിന്ന് ഇറങ്ങിയ രാധികയോട് ‘അമ്മ ചോദിച്ചു.

രാധിക ഒന്നും മിണ്ടാതെ അകത്തേക്ക് കയറി. അവളുടെ മുഖത്തെ സങ്കടം കണ്ടതുകൊണ്ടായിരിക്കും അമ്മ കൂടുതൽ ഒന്നും ചോദിയ്ക്കാൻ നിന്നില്ല.

“വേഗം പുറപ്പെട്ടാൽ ഇരുട്ടുന്നതിനു മുൻപ് വീട്ടിൽ എത്താം , അച്ഛൻ ഒറ്റക്കല്ലേ അവിടെ ! ” അമ്മ രാജേഷിനോട് പറഞ്ഞു.

” ഉം ” രാജേഷ് മൂളി

അധികം വൈകാതെ അവർ വീട്ടിലേയ്ക് പുറപ്പെട്ടു. മനസ്സിൽ ഒരായിരം വട്ടം രാജേഷ് മീരയോട് മാപ്പു ചോദിച്ചു ******************************************************** ഏതാനും ദിവസങ്ങൾക്ക് ശേഷം ,,,,,, രാജേഷ് ജോലി കഴിഞ്ഞു വരുന്നതും കാത്ത് രാധിക ഉമ്മറത്തു കാത്തിരുന്നു .

” എടേയ് കുടിക്കാൻ കുറച്ചു വെള്ളം എടുത്തേ ”

കാറിൽ നിന്ന് ഇറങ്ങിയ ഉടനെ രാജേഷ് രാധികയോട് പറഞ്ഞു. രാധിക വെള്ളം എടുക്കാൻ പോയി. രാജേഷ് കാറിൽ ഉണ്ടായിരുന്ന പച്ചക്കറിയും മറ്റു സാധനങ്ങളും അമ്മയെ ഏല്പിച്ചു. അമ്മ അതുമായി അകത്തേക്ക് പോയി.

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.”

ഉമ്മറത്തെ ചാരുപടിയിൽ ഇരിക്കായിരുന്ന രാജേഷിനു നേരെ വെള്ളം നിറച്ച പാത്രം നീട്ടികൊണ്ട് രാധിക പറഞ്ഞു.

“എന്തേയ് ?”

“വൈകുന്നേരം ഭവാനിയമ്മായി വന്നിരുന്നു.”

” ആഹാ എന്നിട്ടു എന്ത് പറഞ്ഞു ?”

“അവര് പുതിയ വനിതാ മെസ്സ് തുടങ്ങാൻ പോവാണ് ”

“അത് നല്ലകാര്യ ആണല്ലോ , ഒരു വരുമാനമാർഗം ഉള്ളത് നല്ലതല്ലേ ”

“അവർക്കു ജോലിക്ക് ആളെ വേണം എന്ന് പറഞ്ഞു ”

” അപ്പോ നീ ടീച്ചർ ജോലി നിർത്തി മെസ്സ് തുടങ്ങാൻ പോവാണോ ?” രാധികയെ കളിയാക്കികൊണ്ട് രാജേഷ് ചോദിച്ചു.

“എനിക്കല്ല ”

“പിന്നെ ആരാ ? ” രാജേഷ് ആശ്ചര്യത്തോടെ ചോദിച്ചു.

“മീരയെ ജോലിക്ക് നിർത്തിയാലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത് ! ” തല താഴ്ത്തികൊണ്ടു രാധിക പറഞ്ഞു.

ഒരു നിമിഷം രാജേഷ് ഞെട്ടിപ്പോയി.

അത് അവർക്ക് ഇഷ്ടപ്പെടുമോ ?

“ഞാൻ ഭവാനിയമ്മായിയോട് സൂചിപ്പിച്ചിട്ടുണ്ട്. അവർക്കു കുഴപ്പമില്ല എന്ന് പറഞ്ഞു ”

“പക്ഷെ മീരയോട് എങ്ങനെ ചോദിക്കും?”

അവളുടെ നമ്പർ എന്റെ കയ്യിൽ ഉണ്ട്. അന്ന് സംസാരത്തിനിടക്ക് ഞാൻ വാങ്ങിയതാ ! ”

“ഉം” അച്ഛനോടും അമ്മയോടും ചോദിച്ചിട്ട് എന്താണന്നുവെച്ചാൽ ചെയ്തോ ! ” ————————— ഹലോ , മീരയല്ലേ ? “അതെ !” “ഞാൻ രാധിക ആണ് , ഓർമ്മയുണ്ടോ ?” “ഓർമയുണ്ട് ചേച്ചീ , ” “ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാണ്, മീര തിരക്കിലാണോ ?” “അല്ല , ചേച്ചി പറഞ്ഞോളൂ !” രാധിക മീരയോട് കാര്യങ്ങൾ പറഞ്ഞു, ആദ്യം സമ്മതിച്ചില്ലെങ്കിലും രാധിക നിർബന്ധിച്ചപ്പോൾ മീര സമ്മതിച്ചു . “നാളെ പുറപ്പെടുമ്പോൾ ഈ നമ്പറിൽ വിളിച്ചാൽ മതി , ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് വന്നോളാം !” “ശരി ചേച്ചി ” മീര ഫോൺ കട്ട് ചെയ്തു,

************************* ചേച്ചി ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തി, ചേച്ചി എവിടെയാ ?

“ഞാൻ പുറത്തു കാത്തു നിൽക്കുന്നുണ്ട് , നീ പുറത്തേക്ക് ഇറങ്ങിക്കോ !”

മീര ഫോൺ ബാഗിൽ ഇട്ട് പുറത്തേക്ക് നടന്നു. പുറത്തു രാധികയും അച്ഛനും കാറുമായി അവളെ കാത്തിരിക്കുണ്ടായിരുന്നു.

“മോൻ മുത്തച്ഛൻറെ അടുത്തേയ്ക് വാ. ” അച്ഛൻ മീരയുടെ മകനെ എടുക്കാൻ ശ്രമിച്ചു.

ആദ്യമായിട്ട് കാണുന്നത് കൊണ്ടാവും അവൻ മീരയോട് ചേർന്ന് നിന്നു , അച്ഛൻ പോക്കറ്റിൽ കരുതിയ ചോക്ലേറ്റ് അവനു നേരെ നീട്ടി. അവൻ മീരയെ നോക്കി, വാങ്ങിക്കോ എന്ന് മീര തലകൊണ്ട് ആംഗ്യം കാണിച്ചു.

അവർ വീട്ടിലേയ്ക് തിരിച്ചു. വീടിന്റെ ഉമ്മറത്തു അവരെയും കാത്ത് അമ്മയും ചിന്നുവും ഉണ്ടായിരുന്നു. കാറിൻറെ ശബ്‌ദം കേട്ടതും രാജേഷ് ഉമ്മറത്തേക്ക് വന്നു.

വീട്ടിലെത്തിയ മീര അമ്മയുടെ മുഖത്തു നോക്കാൻ മടിച്ചു.

“മോൾ കഴിഞ്ഞതിനെ പറ്റി ആലോചിക്കണ്ട. ഇത് പുതിയൊരു ജീവിതം ആണ്. ഞങ്ങളെല്ലാരും കൂടെ ഉണ്ടാവും. ഇത് മോളുടെ കുടുംബം പോലെ കരുതിക്കോ !” ‘അമ്മ അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.

“ചേച്ചി , അകത്തേക്ക് വാ ” ചിന്നു മീരയെയും കൂട്ടി അകത്തേക്ക് നടന്നു.

അകത്തേക്ക് കടന്നതും ചുമരിൽ തൂക്കിയിട്ടിരുന്ന ഫോട്ടോ മീരയുടെ ശ്രദ്ധയിൽ പെട്ടു . മാലയിട്ടു തിരി തെളിയിച്ച ആ ഫോട്ടോ തൻറെ സതീഷുമായി സാമ്യമുള്ളതു പോലെ മീരക്ക് തോന്നി.

” ഇത് ആരാ ? “അല്പം ആശ്ചര്യത്തോടെ മീര ചിന്നുവിനോടു ചോദിച്ചു.

ചിന്നു ഒന്നും മിണ്ടിയില്ല , പക്ഷേ അതിനു മറുപടി പറഞ്ഞത് അമ്മയായിരുന്നു.

“എൻറെ മകൻ . അഞ്ചു വർഷം മുൻപ് ഞങ്ങളെ വിട്ടു പോയി” വിറയ്ക്കുന്ന ശബ്ദത്തോടെ അമ്മ പറഞ്ഞൂ

“സ്നേഹിച്ച പെണ്ണിനെ കൂട്ടികൊണ്ടു വരാൻ പോയതാ, പക്ഷെ പോകുന്ന വഴിയിൽ ബൈക്ക് അപകടത്തിൽ .. ” മുഴുമിപ്പിക്കാൻ ആകാതെ അമ്മയുടെ കണ്ണ് നിറഞ്ഞു .

“അന്ന് ഫോണിൽ സതീഷിന്റെ ഫോട്ടോ കണ്ടപ്പോഴാണ് എനിക്ക് നീ ആരാണെന്നു മനസ്സിലായത് “. മീരയുടെ തോളിൽ കൈ വെച്ച്‌ കൊണ്ടു രാധിക പറഞ്ഞു

മീര ഒരിക്കൽ കൂടി ആ ഫോട്ടോയിലേക്ക് നോക്കി.അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

രചന : Nasar Kappadan‎

Leave a Reply

Your email address will not be published. Required fields are marked *