ഒരിക്കൽ കൂടി…..

രചന: നിലാവിനെ പ്രണയിച്ചവൻ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രെമിച്ച കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ…..

കോരി ചൊരിയുന്ന മഴയിൽ നനയാതിരിക്കുവാൻ വേണ്ടി കൂട്ടുകാരുമായി ബസ് സ്റ്റോപ്പിൽ കയറി നിൽക്കുമ്പോഴായിരുന്നു ആ സുന്ദരമായ കരിമശി എഴുതിയ കണ്ണുകൾ ആദ്യമായി എന്നെ ആകർഷിച്ചത്….

എന്താണെന്ന് അറിയില്ല മഴ തീർന്നതും വെയിൽ വന്നതും സുഹൃത്തു ക്കളുടെ കളിയാക്കലും ഒന്നും ഞാൻ അറിഞ്ഞില്ല…

ആ കുഞ്ഞു കണ്ണുകളിലായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ…

എന്റെ നോട്ടം കണ്ടിട്ടാവണം അവൾ ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു…

അടുത്ത വന്ന ബസിൽ കയറി അവൾ പോയി….

വീണുപോയോടാ എന്നാ കൂട്ടുകാരുടെ ചോദ്യത്തിന് മനസ്സിൽ ഞാൻ മറുപടി പറഞ്ഞു നൂറ് വട്ടം എന്ന്….

എങ്ങനെയെങ്കിലും അവളെ പ്രണയിക്കണം എന്നായി എന്റെ ചിന്ത മുഴുവൻ…

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അവളെ കാണുവാൻ വേണ്ടി അവൾ വരുന്നതിന് അരമണിക്കൂർ മുൻപ് തന്നെ ഞാൻ ബസ്റ്റോപ്പിൽ ഹാജരാകുമായിരുന്നു…

ആദ്യമൊക്കെ സുഹൃത്തുക്കളേയും ഒരു ധൈര്യത്തിന് കൊണ്ടുപോകുമായിരുന്നു എങ്കിലും പിന്നീട് അവർ ഇല്ലാതെ പോകാൻ തുടങ്ങി…

എന്റെ ശല്യം സഹിക്കാൻ കഴിയാതെ ആകണം അവൾ എന്നോട് അവളുടെ പ്രണയം അറിയിച്ചു….

പിന്നീട് അവൾ ക്ലാസിന് പോകാതെ എന്നോടൊപ്പം സിനിമ കാണാനും കറങ്ങാനും ഒക്കെ വരാൻ തുടങ്ങി…

കീരിയും പാമ്പുമായിരുന്ന ഞങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ കൃഷ്ണനും രാധയും ആയി മാറി…

പിന്നീടുള്ള രാത്രികൾ ഒക്കെ ഫോണിലൂടെയുള്ള സംസാരത്തിലൂടെ ഞങ്ങൾ പകൽ ആക്കി മാറ്റി..

എന്റെ ഇഷ്ടങ്ങൾ അവളുടേതും അവളുടെ ഇഷ്ടങ്ങൾ എന്റേതുമാക്കി മാറ്റി…

കൂട്ടുകാർ പറയുമായിരുന്നു ദൈവം പോലും കണ്ണ് വയ്ക്കുന്നതാണ് നിങ്ങളുടെ പ്രണയമെന്ന്….

പക്ഷെ അതിനൊക്കെ ആയുസ്സ് വളരെ കുറവാണ് എന്നറിയാൻ അതികം ഒന്നും വൈകേണ്ടി വന്നില്ല…

ഒരിക്കൽ ഞങ്ങൾ തമ്മിൽ ഒട്ടിയുരുമ്മി ഇരുന്ന് പോകുന്നത് അവളുടെ അച്ഛൻ കണ്ടു…

അന്ന് രാത്രി മുഴുവൻ അവളെ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും അയാൾ നോവിച്ചുകൊണ്ടേ ഇരുന്നു…

അടുത്ത ദിവസം നേരം വെളുത്തപ്പോൾ ഫോണിൽ 21 മിസ്സ്കാൾ ഞാൻ വേഗം തിരികെ വിളിച്ചു മറുഭാഗത്ത് അവളായിരുന്നു….

ചേട്ടാ ഇന്ന് രാത്രി നമുക്ക് ഈ നാട് ഉപേക്ഷിച്ചു എവിടേക്കെങ്കിലും പോകാം ചേട്ടൻ വരണം…

എനിക്ക് പ്രായം ഇരുപത്തിയൊന്നു കഴിഞ്ഞെങ്കിലും അവൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയാകാൻ ഇനിയും വേണം നാലുമാസം..

അതുകൊണ്ട് അവളെ ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു….

അവളോട് എത്രയൊക്കെ പിന്മാറാൻ പറഞ്ഞിട്ടും അവളുടെ ആ വാക്കിന് ഒരു മാറ്റവും ഇല്ലായിരുന്നു…

എന്തൊക്കെ സംഭവിച്ചാലും ഞാൻ ചേട്ടനെ തള്ളിപറയില്ല… ജീവിച്ചാലും മരിച്ചാലും ഒരുമിച്ചേ ഉള്ളു എന്ന് അവൾ പറഞ്ഞുകൊണ്ടേ ഇരുന്നു…

വന്നില്ലെങ്കിൽ ഇനിയൊരിക്കലും എന്നെ കാണാൻ കഴിയില്ല എന്ന ഭീക്ഷണിയും ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ…..

അവസാനം ഒളിച്ചോ ട്ടത്തിന് ഞാൻ തയ്യാറായി…

സഹായത്തിന് സുഹൃത്തുക്കളും കൂടെ വന്നു…

പക്ഷെ പാതി വഴിയിൽ വച്ച് വാഹന പരിശോധനയ്ക്ക് എത്തിയ പോലീസുകാർ ഞങ്ങളെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു…

അവിടെയുള്ള ഒരു പോലീസുകാരൻ അവളുടെ അരികിൽ ചെന്ന് അവളുടെ അച്ഛന്റെ ഫോൺ നമ്പർ വാങ്ങി..

വാഹനപരിശോധനയ്ക്ക് ഇടയ്ക്ക് നിങ്ങളുടെ മകളെ നാല് ചെറുപ്പക്കാരുടെ ഒപ്പം സംശയകരമായി പിടികൂടി നിങ്ങൾ എത്രയും പെട്ടന്ന് സ്റ്റേഷനിൽ വരണം ഇതായിരുന്നു ആ പോലീസുകാരൻ ഫോണിലൂടെ സംസാരിച്ചത്….

താമസിക്കാതെ അവളുടെ അച്ഛനും വന്നു…

ഒരു പൊലീസ്‌കാരൻ അവളെയും അച്ഛനെയും കൂട്ടി അകത്തേക്ക് പോയി.. കുറേ സമയം കഴിഞ് പുറത്തേക്ക് വന്നു.. എന്നെയൊന്ന് നോക്കാൻ കൂട്ടാക്കാതെ പോലും അവൾ അച്ഛനോടൊപ്പം പോയി….

രാവിലെയുള്ള വാർത്തകളിൽ മുഴുവൻ നിറഞ് നിന്നത് ഞാനും എന്റെ സുഹൃത്തുക്കളും…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചു അത്രേ…..

ഒരു ദിവസം കൊണ്ട് ലോകം മുഴുവൻ ഞങ്ങളെ അറിഞ്ഞു…

അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ എന്ന മറ്റൊരുപേരിൽ….

എല്ലാവരോടും കാലിൽ വീണ് സത്യം പറഞ്ഞു നോക്കി ആരും വിശ്വസിക്കുവാൻ തയ്യാറായില്ല…

പെണ്ണിന്റെ മൊഴിയാണ് പോലും പ്രധാനം..

അതെ ആരുടെയൊക്കെയോ വാക്കുകൾ കേട്ട് ഓന്തിനെക്കാൾ വേഗത്തിൽ അവൾ നിറം മാറി…

നോട്ടുകെട്ടുകൾക്ക് വേണ്ടി ഏമാന്മാരും പറഞ്ഞു കള്ളം…

ഒറ്റ വാക്കുകൊണ്ട് അവൾ അവളുടെ കുടുംബത്തിന്റെ മാനം രക്ഷിച്ചപ്പോൾ ഈ നാല് കുടുംബത്തിന്റെ കാര്യം ആരും ഓർത്തില്ല….

ഒരും തെറ്റും ചെയ്യാതെ സഹായിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെ എന്നൊടൊപ്പം വന്ന സുഹൃത്തുക്കൾ മാത്രം കൂട്ടിന്…

പരിഭവവും പരാതിയും പറയാതെ എന്നോടൊപ്പം ഈ ജയിലറയ്ക്കുള്ളിൽ…………

ചതിക്കപ്പെട്ടിട്ടുള്ള പലരും പാഴ്വാക്കുകളെ അമിതമായി വിശ്വസിച്ചവരാകാം…

ആരെയും വാക്കുകളിലൂടെ അറിയാതിരിക്കുവാൻ ശ്രമിക്കുക…….

(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം…)

രചന: നിലാവിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *