താങ്ക്സ് + നാരങ്ങമിഠായി = സ്നേഹം

രചന : ബിജൊ…..

“നിങ്ങൾക്കൊരു ടാങ്ക്സ് പറഞ്ഞൂടെ…!?”.

എന്റെ ഭാര്യ ശ്യാമള എനിയ്ക്ക് തന്ന ചായ ഊതിക്കുടിയ്ക്കാൻ തുനിയവെ, അവളുടെ ചോദ്യം കേട്ട് ഞാൻ അമ്പരന്നു പോയി.

“എ…ന്തിന്…? ”

“രാവിലെ നാലേമുക്കാലിന് എഴുന്നേറ്റ് ദോശയുണ്ടാക്കി, ചമ്മന്തിയരച്ചു, വെള്ളം പിടിച്ചു വെച്ചു, മുറ്റമടിച്ചു, പുരയ്ക്കകം തൂത്ത് വാരി, ചോറ് വെച്ചു, കൂർക്ക മെഴുക്കുപുരട്ടി, സാമ്പാറ് അടുപ്പില് തിളയ്ക്കുന്നു, പിള്ളേരുടേയും നിങ്ങടേയും ഷർട്ട് ഇസ്തിരിയിട്ടു, നിങ്ങൾക്ക് കുളിക്കാനുള്ള വെള്ളം ചൂടാക്കി, പാല് മേടിച്ചു, ചായയിട്ടു…”.

വിരലുകൾ കൊണ്ട് എണ്ണിപ്പറയുന്ന അവൾക്ക് വിരലുകൾ തികയുമോ എന്നു ഞാൻ സംശയിച്ചു. ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു തീർത്തവൾ അടുക്കളയിലേയ്ക്ക് പോയി. അമ്പരപ്പ് വിട്ടുമാറാതെ ഞാൻ മടിയിൽ കിടന്ന പുതപ്പ് കട്ടിലിലിട്ട് എഴുന്നേറ്റു.

ഞാൻ പല്ലുതേച്ച് മുറ്റത്തു കൂടി ഉലാത്തുമ്പോൾ ശ്യാമള അലക്ക് കല്ലിന് സമീപം കൂട്ടിയിട്ടിരുന്ന മുഷിഞ്ഞ തുണികൾക്കുള്ളിൽ തിരച്ചിലിലാണ്.

“എന്താ നീ… തിരയുന്നേ?”. “നിങ്ങടെ നീല ജട്ടിയെന്ത്യേ…?”.

വായിൽ നിറഞ്ഞ കോൾഗേറ്റിന്റെ പത ഞാൻ അടുത്തു നിന്ന ചീരയുടെ മുകളിലേയ്ക്ക് തുപ്പി…!! ഒരു വായബദ്ധം…!!.

എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് കപ്പിൽ വെള്ളം കോരി ചീരയുടെ മീതെയൊഴിച്ചു അവൾ ചീരവൃത്തിയാക്കി.

“ശ്യാമേ…എന്താ നിനക്ക് പറ്റ്യേ…?”

ഞാനിട്ടിരുന്ന നീല ജട്ടി നിന്ന നിൽപ്പിൽ തന്നെ ഊരി ശ്യാമളയ്ക്കു കൊടുക്കുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു.

“എന്ത്…?” എന്ന മട്ടിൽ അവളെന്നെ നോക്കി. ചുമലുകൾ രണ്ടും പൊക്കി ഒന്നുമില്ലെന്നർത്ഥത്തിൽ ഞാൻ ചുണ്ടുകളനക്കി പതിയെ അവിടം വിട്ടു.

“വിനൂ….അനികുട്ടീ… സ്ക്കൂളീപ്പോവാൻ നേരായീട്ടോ… അവിടെ കളിച്ചോണ്ടിരുന്നോ രണ്ടും”.

അലക്കു കല്ലിന്റെ ചുവട്ടിൽ നിന്നും മാതൃഭൂമി വായിച്ചു കൊണ്ടിരുന്ന എന്റെ ചെവിയിൽ ശ്യാമളയുടെ ശബ്ദം മാറ്റൊലി കൊണ്ടു.

ഓഫീസിൽ പോകാനായി ഗെയിറ്റുതുറന്ന് പുറത്തേയ്ക്കിറങ്ങുമ്പോൾ ശ്യാമള പുറകിൽ നിന്ന് വിളിച്ചു !.

“കരണ്ട് ബില്ലേടുത്തോ ഇന്നടച്ചില്ലേൽ പീസൂരും!”.

“അയ്യോ… ഞാൻ മറന്നു ബില്ലെടുത്തേ… ”

“ഈ ആടിനെ ഒന്നു പിടിയ്ക്ക് ഇപ്പ എടുത്തു തരാം.”

ശ്യാമളയുടെ കയ്യിലിരുന്ന ആടിന്റെ മൂത്രം മണക്കുന്ന കയറ് ഒരു ദാക്ഷിണ്യവുമില്ലാതെ അവൾ എന്റെ നേരെ നീട്ടി. ഞാൻ മേടിയ്ക്കാൻ വിസമ്മതിച്ചപ്പോൾ മുറ്റത്തെ പാരിജാതത്തിന്റെ കൊമ്പിൽ കയർ ഉടക്കിയിട്ട് അവൾ പുരയ്ക്കകത്തേയ്ക്ക് ഓടി.

ബസ്സിലിരുന്ന് ഞാൻ ശ്യാമളയെ കുറിച്ച് ആലോചിച്ചു ഞാനെന്തിനാ അവളോട് താങ്ക്സ് പറയേണ്ടത്…?, എന്താണ് അതിന്റെ ആവിശ്യം…?, അവൾ ഒരു ഭാര്യയാണ്, അമ്മയാണ് എന്റെ വീടിന്റെ നാഥയാണ്. അവളുടെ കടമയും ഉത്തരവാദിത്തവുമാണ് അവൾ ചെയ്യുന്നത്. അതിനൊക്കെ താങ്ക്സ് പറയേണ്ട എന്ത് ആവിശ്യമാണ്…! അവളുടെ ഒരു താങ്ക്സ്… കോപ്പ്.

പെട്ടന്ന് പോക്കറ്റിൽ കിടന്ന് ഫോൺ ചിലച്ചു…ശ്യാമളയാണ്!

“അതേ…ചേട്ടാ…അച്ഛനെ നാളെ ഓപ്പറേഷന് കോണ്ടോണന്ന്., ഉച്ചയ്ക്കത്തെ ഗീതയ്ക്ക് ഞാൻ നെല്ലിച്ചോട് പോവും. വൈകിട്ട് പിള്ളേര് വരുമ്പോഴേക്കും ഓഫീസീന്ന് വരണം.”

ഉം…ഞാൻ നീട്ടി മൂളി. വൈകിട്ട് നാലരയ്ക്ക് വീടെത്തുമ്പോൾ പിള്ളേര് സ്ക്കൂൾയൂണിഫോം പോലും മാറാതെ ഛോട്ടാ ബീം കാണുകയാണ്…! ശ്യാമളയുണ്ടേൽ ഈ സമയം പിള്ളേര് ഹോംവർക്ക് ചെയ്യുന്നതാണ്.

പിള്ളേർക്ക് ചായകൊടുക്കണം തിന്നാനും!. അടുക്കളയിൽ പരതിയപ്പോൾ റവ കണ്ടു. ഉപ്പുമാവ് ഉണ്ടാക്കാം…!.

വേഷം മാറ്റി കൈലിയുടുത്ത് ഞാൻ അടുക്കളയിലെത്തി.

“അല്ല ഈ റവ ആദ്യം വറക്കണോ? അതോ….???”.

ഞാൻ ആരോടെന്നില്ലാതെ ഈ ചോദ്യം ഉന്നയിച്ചു. ശ്യാമളയെ വിളിക്കണോ? വേണ്ട…എനിയ്ക്ക് ഉപ്പുമാവ് പോലും ഉണ്ടാക്കാനറിയാത്ത കിഴങ്ങനാണെന്ന് അവൾ കരുതിയാലോ…?.

ഒടുവിൽ പിള്ളേർക്കും ആടിനും ഒരു വിധേനയും തിന്നാൻ പറ്റാത്ത ഉപ്പുമാവ് ഞാൻ തെങ്ങിൻ ചുവട്ടിലിട്ടു…!!!.

നാരായണൻകുട്ടിയുടെ ചായക്കടയിലെ വിറങ്ങലിച്ച പൊറാട്ടയും ചാറും കഴിച്ച് പിള്ളേര് വിശപ്പടക്കി.

അൽപ്പം ചോറും സാമ്പാറുമിരുന്നത് കൊണ്ട് ‘അത്താഴപഷ്ണി’ കൂടാതെ ഞാനും പിള്ളേരുമുറങ്ങി.

നാരായണൻകുട്ടിയുടെ ചായക്കടയിലെ പൊറോട്ട പിള്ളേർക്കങ്ങ് ബോധിച്ചു. അത് രാവിലെ അവരെ കൊണ്ട് ചായക്കടയിൽ നിന്നുമിറങ്ങുമ്പോൾ എനിയ്ക്ക് അവരുടെ മുഖപ്രസാദത്തിൽ നിന്നും ബോധ്യപെട്ടു. പതിവിലും ഏറെ വൈകിയാണ് ഞാനും പിള്ളേരും സ്ക്കൂളിലും ഓഫീസിലുമെത്തിയത്.

ശ്യാമളയുടെ മണിക്കൂറുകൾ മാത്രമായ അഭാവം എന്റെ ജീവിതത്തിൽ വലിയൊരു നിശബ്ദതയുടെ നിഴൽ വീഴ്ത്തിയതിനെ ഞാൻ ഓർത്തു തുടങ്ങി…എന്റെ ദിനചര്യകളിലെല്ലാം അവളുടെ ഒരു താളമുണ്ടായിരുന്നു. അവളുടെ കരുതലും കാർക്കശ്യവുമാണ് എന്റെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് എന്നോർത്ത് ഞാൻ അത്ഭുതപെട്ടു.

ഞാൻ അവസാനം വിളിച്ചപ്പോൾ ഇന്ന് വൈകിട്ട് അവൾ എത്തുമെന്നറിഞ്ഞതുമുതൽ എന്തെന്നില്ലാത്ത സന്തോഷമാണ്. മുൻപും പിരിഞ്ഞിരുന്നിട്ടുള്ളതാണ് പക്ഷെ….

വൈകിട്ട് വീട്ടിലെത്തുമ്പോൾ പിള്ളേർ ഉമ്മറത്തിരുന്ന് ഹോം വർക്ക് ചെയ്യുന്നുണ്ടായിരുന്നു. തോളിലെ ബാഗ് മേശപ്പുറത്തിട്ട് അടുക്കളയിൽ ചെല്ലുമ്പോൾ ശ്യാമള ഉപ്പുമാവ് ഇളക്കിക്കൊണ്ടിരിക്കുകയാണ്.

“അച്ഛനെങ്ങിനുണ്ട്…”.

“കുറവുണ്ട്… മേമ്മ രാവിലെ വന്നപ്പോൾ ഞാനിങ്ങ് പോന്നു… ഒരു ഗ്ലാസ് അരിയിട്ടിരുന്നേൽ രാവിലെ പിള്ളേർക്ക് ഒണക്കപൊറാട്ട വാങ്ങിക്കൊടുക്കണമായിരുന്നോ…? ഉച്ചയ്ക്കെന്താ ചേട്ടൻ കഴിച്ചത്. ദേ…ആ ഷർട്ട് നോക്കിയേ ഒന്ന് ഇസ്തിരിയിട്ട് ഇടാമായിരുന്നില്ലേ…?”

ഞാൻ പതിയെ അവളുടെ പിന്നിൽ ചെന്നു നിന്ന് എന്നിലേയ്ക്ക് അവളെ ചേർത്ത് നിറുത്തി… വിയർപ്പുരസമുള്ള അവളുടെ പിൻകഴുത്തിലെ മറുകിൽ പതിയെ ഉമ്മ വെച്ചു. എന്നിട്ട് അവളുടെ കാതിൽ പതിയെ ഞാൻ പറഞ്ഞു….

“താങ്ക്സ്…”.

അവളുടെ മുഖം വിടർന്ന ചെന്താമര പോലെ ചുവന്നു തുടുത്തു. മനോഹരമായി അവൾ പുഞ്ചിരിച്ച് എന്റെ കണ്ണുകളിലേയ്ക്ക് നോക്കി. അന്നുവരെ ആ കണ്ണുകളിൽ കണ്ടിട്ടില്ലാത്ത സംതൃപ്തിയുടെ ആയിരമായിരം പുതുകിരണങ്ങൾ മിന്നിമറയുന്നത് ഞാൻ കണ്ടു. ഒരു താങ്ക്സിന് ഇത്രത്തോളം കഴിയുമെന്ന് ഞാനറിഞ്ഞില്ല.

പോക്കറ്റിൽ നിന്നും അവൾക്കേറെ ഇഷ്ടമുള്ള നാരങ്ങമിഠായിയുടെ പൊതി ഞാൻ രഹസ്യമായി എടുത്ത്‌ ഒന്നവളുടെ വായിൽ വെച്ചു കൊടുത്തു.

” ടാങ്ക്സ്…”

ഞാനവളുടെ നാരങ്ങ മിഠായിയുടെ മധുരമുള്ള ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു.

“അമ്മേ ഉപ്പ്മാവ്…”

വിനുവിന്റെ ശബ്ദം കേട്ട മാത്രയിൽ ശ്യാമള എന്നെ കുടഞ്ഞു മാറ്റി. കുട്ടികൾക്കുള്ള ഉപ്പുമാവ് വേഗം പാത്രങ്ങളിലേയ്ക്ക് വിളമ്പുന്നതിനിടയിൽ ഞാൻ ശ്യാമളയോടു പറഞ്ഞു.

“ശ്യാമേ…ഈ ലോകത്ത് ഇങ്ങിനെ ഒക്കെ ആകാൻ നിനക്ക് മാത്രമേ കഴിയൂ… നിനക്ക് മാത്രം… കാരണം നീ ഭാര്യയാണ്, അമ്മയാണ്… താങ്ക്സ്…”.

രചന : ബിജൊ…..

Leave a Reply

Your email address will not be published. Required fields are marked *