പെൺകുട്ടി…

രചന: സഞ്ജു കാലിക്കറ്റ്‌….

ആ വലിയ കോളേജിലെ ചെറിയ ക്ലാസ്സിലെ ബാക്ക് ബെഞ്ചിലായിരുന്നു അവളുടെ സ്ഥാനം… ദേവിയുടെ.. ദേവി കൃഷ്ണയുടെ..

ദേവി കൃഷ്ണ നല്ല പേരാണ്.. പേരിൽ എന്തിരിക്കുന്നു… എന്ന് പറയുന്നത് പോലെ ഞങ്ങൾക്ക് എല്ലാവർക്കും അവൾ കാക്കപെണ്ണ്, കരിം ഭൂതം.., ആയിരുന്നു.

കാരണം അവൾ നല്ല എണ്ണ കറുപ്പായിരുന്നു…

അവളുടെ നിറത്തെ പറ്റി ആയിരുന്നു ഓരോ തമാശകളും….

ഞാൻ തന്നെ ഇടക്ക് പറയും…

“എടി നീ പുറത്തു ഇറങ്ങല്ലേ… സൂര്യൻ കറുത്തു പോകും…. ”

എന്റെ വാക്കുകൾ കേട്ട് അവൾ പല്ല് കാട്ടാതെ ചിരിക്കും. പിന്നെ ഡെസ്കിൽ തല വെച്ച് കിടക്കും..

കോളേജിൽ പോകുന്നതും വരുന്നതും അവൾ ഒറ്റക്കായിരുന്നു.. ആരോടും വലിയ കൂട്ടില്ല… ഇനി മറ്റുള്ളവർ കുട്ടാത്തത് ആണോ അറിയില്ല…..

അങ്ങനെ… സമയം മെല്ലെ കടന്നു പോയി…

ഞാൻ.. കോളേജ് ചെയർമാൻ ആയി വിലസുന്ന.. സമയം…

ഒരിക്കൽ ഉണ്ണി മുകുന്ദൻ ഗസ്റ്റ്‌ ആയി വരുന്ന പരിപാടിയുടെ സംഘാടകൻ ആയിരുന്നു ഞാൻ… ഉണ്ണിയെ സ്വികരിക്കാൻ ഒരു പെൺകുട്ടി വേണം… ആ അവസരം എന്റെ ക്ലാസ്സിലെ കുട്ടികൾക്ക് കൊടുക്കാൻ ഞാൻ തീരുമാനിച്ചു.

ഞാൻ… ക്ലാസിലെത്തി… സ്റ്റെല്ല മാഡം ക്ലാസ് എടുക്കുകയാണ്.

മാഡത്തോdu പെർമിഷൻ വാങ്ങി.. ഞാൻ പെൺകുട്ടികളെ നോക്കി നാടകീയമായി പറഞ്ഞു..

“യുവ സുന്ദരികളെ…. നിങ്ങൾക്ക് ഇതാ ഒരു അസുലഭ നിമിഷം കൈവന്നിരിക്കുന്നു.. നിങ്ങളുടെ ചെയർമാൻ നിങ്ങളുടെ ക്ലാസ്സിൽ നിന്ന ആയതിനാൽ നിങ്ങൾ ഒരാൾക്ക് ഞാൻ ഒരു അവസരം.. ഉണ്ണീ മുകുന്ദനു.. റോസാ പൂ കൊടുത്തു സ്വികരിക്കാൻ നിങ്ങളിൽ ഒരാൾക്ക് അവസരം.. പൂ കൊടുക്കാം വേണമെങ്കിൽ കെട്ടി പിടിക്കുകയും ചെയ്യാം …..”

ഞാൻ പറഞ്ഞു നിർത്തി..എല്ലാവരെയും നോക്കി..അവരുടെ . കണ്ണുകളിൽ…സന്തോഷം തിരതല്ലി..

“ഒരാൾക്ക് ആണ് അവസരം… അതുകൊണ്ട് ഇഷ്ടം ഉള്ളവർ പേര് എഴുതി തന്നാൽ നമുക്ക് നറുക്കിടാം… ”

ഞാൻ പറഞ്ഞു അവസാനിക്കമുൻപ് പലരും ബുക്ക്‌ ന്റെ നടു പേജ് പലരും കിറിയിരുന്നു…

അങ്ങനെ.. നറുക്കെടുപ്പ് നടന്നു … ഞാൻ തന്നെയാണ് നറുക്ക് എടുത്തത്..

കൂട്ടത്തിൽ നിന്നും ഒന്നെടുത്തു..

തുറന്നപ്പോൾ.. . കണ്ട പേര് കണ്ടു ഞാൻ ഒന്ന് ഞെട്ടി…. “ദേവികൃഷ്ണ..”

മനസ്സിൽ ആയിരം ചിന്തകൾ കടന്നു പോയി….

ഇവൾ കൊടുത്താൽ അത് കോളേജിന് തന്നെ നാണക്കേട് ആവില്ലേ… വെളുത്തു സുന്ദരികൾ ഉള്ളപ്പോൾ ഇത് വേണോ..

ഞാൻ പതിയെ എടുത്ത കടലാസ് ചുരുട്ടി… കൊണ്ട് പിടിച്ചു കൊണ്ട് അവരെ നോക്കി…

“ആരോ.. തമാശക്ക് എന്റെ പേരാണ് എഴുതിയിട്ടത് അത് എനിക്ക് തന്നെ കിട്ടി… സാരമില്ല… വേറെ ഒന്നെടുക്കാം..

എന്നെ ആരും ചോദ്യം ചെയ്യില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു..

ഞാൻ… വേറെ ഒരു കടലാസ് എടുത്തു . പേര് ഉറക്കെ വായിച്ചു….

“ഷഹാന സലിം .. ” ക്ലാസ്സിലെ അല്ല കോളേജ് ലെ തന്നെ സുന്ദരികളിൽ ഒരാൾ….

ഞാൻ അവളെ അഭിനന്ദനങ്ങൾ അറിയിച്ചു.. പിന്നെ അധികം അവിടെ നിന്നില്ല.. വേഗം പുറത്തേക്ക് നടന്നു…

പോകുന്നതിന്റെ ഇടക്ക് ഞാൻ ഇടം കണ്ണിട്ട് അവളെ നോക്കി.. ദേവിയെ…

അവൾ. ..അപ്പോഴും.. ഡെസ്കിൽ തല വെച്ചു കിടക്കുകയാണ്…

—–000—–

കോളേജ് ദിവസങ്ങൾ.. മനോഹരമായിരുന്നു…

അതിനിടയിൽ എനിക്കൊരു സംശയം… അവൾക്ക് ദേവികക്ക് എന്നോട് പ്രണയമുണ്ടോന്ന്…

എന്നെ കാണുമ്പോൾ അവളുടെ കണ്ണുകൾ വിടരുന്നത് പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്…

അങ്ങനെയിരിക്കെ ഓണം വന്നെത്തി….

സകല സുന്ദരികളെയും… തൊട്ടും തലോടിയും…നടക്കുമ്പോഴാണ്.. അവൾ എന്റെ മുന്നിലെത്തുന്നത്…

“ആഹാ… ഇതാര്.. കറുത്ത ഐശ്വര്യറായ് ആണോ ” ഞാൻ പരിഹാസത്തോടെ ചോദിച്ചു…

അവൾ പുഞ്ചിരിച്ചു….

അതിന് ശേഷം അവൾ എന്നോട് മെല്ലെ ചോദിച്ചു..

” ഫ്രീ ആണോ… കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു… ”

എന്നെ പ്രപ്പോസ് ചെയ്യാൻ ആണെന്ന് എനിക്ക് തോന്നൽ…

“സോറി… ഇപ്പോൾ അല്ല.. പിന്നെ ആവട്ടെ ”

അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു…

പിന്നെ പലപ്പോഴും… അവൾ സംസാരിക്കാൻ വന്നെങ്കിലും ഞാൻ ഒഴിഞ്ഞു മാറി…

അങ്ങനെ അത് നീണ്ടു നീണ്ടത് …കുറച്ചു സമയമല്ല.. ഒരു വർഷം… കടന്നു പോയി ..

കോളേജ് അവസാന ദിനം വന്നെത്തി.. ആ ദിവസം കഴിഞ്ഞാൽ… പിന്നെ.. കോളേജ് ജിവിതം ഓർമയാകും..

എല്ലാവരോടും..യാത്ര പറഞ്ഞു… കെട്ടിപിടിച്ചു.. കരഞ്ഞും ചിരിച്ചും.. നടക്കുമ്പോഴാണ്… ഞാൻ അവളെ കണ്ടത്…

അവൾ…. ഗേറ്റ് ലക്ഷ്യമാക്കി നടന്നു പോകുന്നു… സത്യത്തിൽ അപ്പോഴാണ് ഓർത്തത്.. അവളോട്‌ മാത്രം യാത്ര പറഞ്ഞിട്ടില്ല…

ഞാൻ… അവളുടെ അടുത്തേക് ഓടി…

“എടോ.. താൻ പോവുകയാണോ ” ഓടി അവളുടെ പുറകിൽ എത്തിയപ്പോൾ ചോദിച്ചു..

അവൾ… പതിയെ നിന്നു..

അപ്പോഴേക്കും ഞാൻ അവളുടെ മുന്നിലെത്തി…

അവൾ എന്നെ പുഞ്ചിരിച്ചു…. പിന്നെ അതെ.. യെന്ന് തലയാട്ടി…

“ശരി…. “ഞാനും പറഞ്ഞു

അവൾ എന്നെ തന്നെ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി….

എനിക്ക് എന്തോ പോലെ തോന്നി .. ഞാൻ മുഖം താഴ്ത്തികളഞ്ഞു…

“ഞാൻ.. പോട്ടെ.. നമുക്ക് കാണാം… ” അവൾ പറഞ്ഞു..

ഞാൻ അവളെ നോക്കി തലകുലുക്കി…

അവൾ…. എന്നെ ഒന്നുടെ നോക്കിയ ശേഷം നടന്നകന്നു..

“അതെ… നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടായിരുന്നോ .. ‘ ഞാൻ അവളുടെ പുറകെ നടന്നു കൊണ്ട് ചോദിച്ചു

അവൾ നിന്നു…. പിന്നെ തിരിഞ്ഞു നിന്നു

എന്നെ ശരിക്കുമൊന്നു നോക്കി….

ഇപ്പോഴെങ്കിലും ചോദിച്ചല്ലോ എന്ന മട്ടിൽ

ഒരു പുഞ്ചിരി പിന്നെയും ആ മുഖത്തു നിറഞ്ഞു..

“നമുക്ക്… ഒന്ന് ബീച്ചിൽ പോയാലോ”

അവൾ… എന്നെ നോക്കി ചോദിച്ചു..

ഞാൻ…. ശ്വാസം വലിച്ചു വിട്ട ശേഷം… തല കുലുക്കി…

–==000 –==

ഞങ്ങൾ.. കടൽ നോക്കിയിരിക്കുകയാണ്….

ഞങ്ങളുടെ മുന്നിൽ ഒരു ചെറിയ പെൺകുട്ടി ഒരു കവറിൽ റോസ് നിറമുള്ള പഞ്ഞി മിടായി വിൽക്കുന്നുണ്ട്…

ഇരുനിറമുള്ള.. കറുത്ത.. സിബ് ഇല്ലാത്ത ഉടുപ്പിട്ട ഒരു കൊച്ചു പെൺകുട്ടി… അവളുടെ പാറി പറക്കുന്ന മുടിയിഴകൾ കുഞ്ഞു കൈകൊണ്ടു മാടി വെച്ച് ഇടക്ക് ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു..

അല്പം കഴിഞ്ഞപ്പോൾ ദേവിക അവളെ അരികിലേക്ക് വിളിച്ചു…

അവൾ ഓടി അരികിലെത്തി…

ദേവി അവളുടെ കൈ പിടിച്ചു കൊണ്ട് അതിന്റ വില ചോദിച്ചു..

“പത്ത്..”. അവൾ പറഞ്ഞു

“നിനക്ക് ഇത് ഇഷ്ടമാണോ…”. ഞാൻ പേഴ്സ് കയ്യിലെടുത്തു കൊണ്ട് ചോദിച്ചു..

അവൾ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ച ശേഷം.. പേഴ്സ് എടുക്കണ്ട എന്ന രീതിയിൽ മെല്ലെ വലത് കൈകൊണ്ടു തടഞ്ഞു…

“വാങ്ങണ്ടേ “. ഞാൻ ചോദിച്ചു

“ഇത് ഞാൻ വാങ്ങിച്ചോളാം..” അവൾ പുഞ്ചിരിച്ചു കൊണ്ട് ബാഗ് തുറന്നു പേഴ്സ് എടുത്തു..

പിന്നെ.. കുട്ടിയുടെ കയ്യിൽ നിന്ന് വാങ്ങി…അതിൽ നിന്ന് അല്പം എടുത്തു അ വായിൽ വെച്ച ശേഷം… അത് കുട്ടിയുടെ നേരെ നോക്കി .. കൊണ്ട് അവളോട്‌ പറഞ്ഞു

“എനിക്ക് പത്തെണ്ണം വേണം… പക്ഷേ ഒൻപത് എണ്ണം ഇവിടെ വെച്ച് എന്റെ മുന്നിൽ വെച്ച് കഴിക്കണം… ”

ആ കുട്ടി ഞെട്ടിയൊന്നു അറിയില്ല പക്ഷേ ഞാൻ ഞെട്ടി… . ദേവിക നൂറു രൂപ അവൾക്ക് നേരെ നീട്ടി..

ആ പെൺകുട്ടി പണത്തിലേക്ക് കുറച്ചു നേരം നോക്കി… പിന്നെ അവളെയും നോക്കി..

ഒരു വല്ലാത്ത അവസ്ഥ… .

കുട്ടി പണം വാങ്ങി… ദേവികയുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു..പിന്നെ ഓരോ കവർ പൊട്ടിച്ചു വായിലേക്ക് വെച്ചു…

അഞ്ചെണ്ണം ആയപ്പോഴേക്കും… ആ കുഞ്ഞു കണ്ണിൽ നിന്നും… കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു….

പഞ്ഞി മിടായി ആണ്… അലിഞ്ഞു പോകും…. പക്ഷേ ആദ്യമായി ഹൃദയവും അലിഞ്ഞു പോകുന്നത് ഞാനറിഞ്ഞു…

അല്പം കഴിഞ്ഞു ആ കുട്ടിയെ പറഞ്ഞു വിട്ടു…. ശേഷം ഞാൻ ചോദിച്ചു

“അല്ല… നീ എന്താണ് പറയാൻ ഉണ്ടെന്ന് പറഞ്ഞത്…. ”

“പറയാൻ ഉണ്ടായിരുന്നു…പറയാതെ വെച്ചത് കൊണ്ട് തുരുമ്പിച്ചു പോയി… ” അവൾ ചെറു ചിരിയോടെ പറഞ്ഞു

എനിക്ക് ഒന്നും മനസിലായില്ല…. എന്നതാണ് സത്യം.

“അതെല്ലാം വിട്ടേക്ക്..എനിക്ക് .ഒരു സാധനം തരാൻ ഉണ്ടായിരുന്നു…. ”

അവൾ വീണ്ടും… ബാഗ് തുറന്നു… ഒരു കുഞ്ഞു പൊതി എനിക്ക് നേരെ നീട്ടി…

“ഇതെന്താ… ”

“നാളത്തെ ജീവിതത്തിൽ ..ഉപകരിക്കുന്ന ഒരു സമ്മാനം ആണ്… ”

ഇവൾ …എന്നെ പ്രപ്പോസ് ചെയ്യുകയാണോ.. എനിക്ക് സംശയം തോന്നാതിരുന്നില്ല…

അത് മനസ്സിലാക്കിയത് കൊണ്ടാണോ എന്നറിയില്ല.. അവൾ പറഞ്ഞു…

“പേടിക്കണ്ട പ്രണയം ഒളിപ്പിച്ചിട്ടില്ല..എന്റെ പ്രണയം ഇതിൽ ഒതുങ്ങില്ല… പിന്നെ ഇതിൽ വില ഇല്ലാത്ത ഒന്നാണ്..അതുകൊണ്ട് തന്നെ ഞാൻ.. പോയിട്ട് തുറന്നാൽ മതി ”

ഞാൻ അത് വാങ്ങി…

അവൾ മെല്ലെ എഴുനേറ്റു.പിന്നെ യാത്ര പറഞ്ഞു .. നടന്നകന്നു..

അവൾ കണ്ണിൽ നിന്ന് മാഞ്ഞതും…. ഞാൻ അത് തുറന്നു…

അതിൽ ഒരു തുണ്ട് കടലാസ് ആയിരുന്നു.. അതിൽ

“ദേവി കൃഷ്ണ…”എന്നെഴുതിയിരുന്നു…

ഞാൻ… അന്ന് നറുക്ക് എടുത്ത ശേഷം .. ആരും കാണാതെ ചുരുട്ടി മടക്കിയെറിഞ്ഞ അതെ കടലാസ്…..

ജിവിതമല്ല…. കഥ മാത്രം ..

രചന: സഞ്ജു കാലിക്കറ്റ്‌….

Leave a Reply

Your email address will not be published. Required fields are marked *