വരദാനമാണ് മക്കൾ

രചന : – Khoulath ismail –

ശിഖ പഠിക്കാനിരുന്നതും അയൽപക്കത്തുനിന്നും അമ്മുവിന്റെ കരച്ചിലുയർന്നു അതിലും മീതെ ദേവേട്ടന്റെ ശകാരവും . ഒരു ഒമ്പത് വയസ്സുകാരിയെ ഇങ്ങനെ തല്ലിച്ചതക്കാൻ മാത്രം അയാൾ എന്ത് ക്രൂരനായ അച്ഛനാണ്. ദേവേട്ടൻ ഗൾഫിൽ നിന്നെത്തിയാൽ ഒരാഴ്ച ആ വീട് നിശബ്ദമായിരിക്കും പിന്നെ കേൾക്കാം നാമം ജപിച്ചില്ല കണക്ക് തെറ്റിച്ചു വിളികേട്ടില്ല എന്നൊക്കെയുള്ള കുറ്റങ്ങളും അടിയും ബഹളവും.

“അമ്മേ ഒന്നയാളോട് നിർത്താൻ പോയി പറയാമോ അതിന്റെ കരച്ചില് കേട്ട് പഠിക്കാനുള്ള മൂഡ് മൊത്തം പോയി കിട്ടി” “എന്ത് ചെയ്യാനാണ് മോളേ ആരു പറഞ്ഞാലും അവൻ കേൾക്കില്ല അത്രയ്ക്ക് മുൻ കോപവും വാശിയുമാണവന് തൊട്ടതിനും പിടിച്ചതിനും ചൂരൽ വീശി മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതല്ലേ ആ കുഞ്ഞുങ്ങളുടേയും ശാരദയുടേയും ഒരു യോഗം ഈ വരവിന് രണ്ടാഴ്ചയേ ലീവുള്ളൂ എന്ന് കേട്ടു അത്രയും സഹിച്ചാൽ മതിയല്ലോ ” “നീ അകത്തെങ്ങാനും പോയി ഇരുന്ന് പഠിക്ക് ശിഖേ” അമ്മയ്ക്കും മടുത്തിരിക്കുന്നുഎന്ന് തോന്നി. “ആരാണാവോ ഈ അസുരന് ദേവൻ എന്ന് പേരിട്ടത് ശാരദേച്ചിയെ കാണട്ടെ അമ്മേ ഞാൻ ചോദിക്കുന്നുണ്ട്”

ശിഖ പുസ്തകം തുറന്നു വെച്ചിട്ടും അമ്മുവിന്റെ കുഞ്ഞുമുഖമാണ് മനസ്സിൽ വരുന്നത്. എന്ത് നല്ല കുട്ടിയാണ് അമ്മു . ശിഖേച്ചി എന്ന് വിളിച്ചു ഓടിവരും കോളേജില്ലാത്ത ദിവസം പറമ്പിലൊക്കെ ചുറ്റിയടിക്കാനും പേരമരത്തിൽ കേറാനും ഊഞ്ഞാലാടാനും അവളാണ് കൂട്ട് .

ദേവേട്ടനെ എവിടെ വെച്ചെന്കിലും കണ്ടാൽ എന്തൊരു മര്യാദരാമനാണ് അയാൾ “ശിഖകൊച്ച് ഏത് ക്ലാസിലാണ് ഇപ്പോൾ “എന്നൊക്കെ ചോദിക്കുമ്പോൾ തേനും പാലും ഒഴുകും ദേഷ്യം കടിച്ചമർത്തിയാണ് അയാളോട് മറുപടി പറയാറുള്ളത് . പലവട്ടം തോന്നിയിട്ടുണ്ട് അയാളോട് ചോദിക്കാൻ എന്തിനാണ് ഇത്രയും കഠിനമായി കുഞ്ഞു മക്കളെ തല്ലി പഠിപ്പിക്കുന്നത് ?അതവരുടെ മനസ്സിലുണ്ടാക്കുന്ന മുറിവ് എത്ര ഭീകരമാണെന്ന് അറിയാമോ ?കഠിനശിക്ഷകൾ കുട്ടികളെ നന്നാക്കുമെന്നാണോ നിങ്ങൾ കരുതുന്നത് ?അതവരുടെ ജീവിതകാലം മുഴുവൻ ഉണങ്ങാത്ത മുറിവായിരിക്കില്ലേ ? മക്കളെ പേടിപ്പിച്ചും ഭീഷണിപെടുത്തിയും ദേഹോപദ്രവം ഏല്പിച്ചും ആണോ അച്ചടക്കം ഉണ്ടാക്കുക ?നിങ്ങളുടെ രോഷവും അമർഷവും തീർക്കാനുള്ളതാണോ ആ കുരുന്നുകൾ ?അവർക്ക് വേണ്ടത് സ്നേഹവും ലാളനയും തിരുത്തലുകളും വഴികാട്ടലുമാണ് !എന്നൊക്കെ പക്ഷേ അയാളെ കാണുമ്പോൾ ആ മുഖത്തെ ഗൗരവം കാണുമ്പോൾ വാക്കുകൾ താനേ വിഴുങ്ങിപോകും.

കോളേജിൽ നിന്നു വരുന്ന വഴിയാണ് ശിഖ അമ്മുവിനെ കോവിലിനടുത്ത് കാണുന്നത് അവൾ കണ്ണടച്ചു പ്രാർത്ഥിക്കുന്നു. “എന്താ അമ്മു കഴിഞ്ഞോ ” അവൾ ഞെട്ടി തിരിഞ്ഞു നോക്കി ആ കുഞ്ഞു മുഖത്ത് സന്കടം വിതുമ്പി നിന്നിരുന്നു .കണ്ണുകൾ പെയ്യാൻ തുടങ്ങുന്നു നെഞ്ചിലൊന്ന് കൊളുത്തി വെലിച്ചത് പോലെ തോന്നി ശിഖയ്ക്ക് പെട്ടെന്നാണ് അമ്മുവിന്റെ ചോദ്യം “ശിഖേച്ചീ ഒരു പത്തു രൂപ തരാമോ ” “ആ തരാലോ” “അച്ഛ പോയിട്ട് തിരിച്ചു തരാം ” “ശെരി ” കാശും വാങ്ങി വൈകിയാൽ അടികിട്ടും എന്നും പറഞ്ഞവൾ ഓടി പോയി . രണ്ടു ദിവസം കഴിഞ്ഞു അമ്മ പറഞ്ഞു ഇന്നാണ് ദേവൻ തിരിച്ചു പോകുന്നത് ഇവിടെ വന്നിരുന്നു യാത്ര പറയാൻ ഹോ സമാധാനം അമ്മുവിന് ഇനി അടികൊള്ളേണ്ടല്ലോ എന്നായിരുന്നു മനസ്സിൽ വൈകുന്നേരം അമ്മുവിന്റെ വീട്ടിൽ നിന്നും കാറ് പോകുന്നത് കണ്ടു .

പിന്നാലെ അമ്മു ഓടികിതച്ചു വന്നു ശിഖേച്ചീ ആ വിളിയിൽ പരിഭ്രമം കലർന്നിരുന്നു “എന്താ അമ്മൂ അച്ഛ പോയില്ലെ അമ്മുവിനിനി തല്ല് കിട്ടില്ലല്ലോ ” കരഞ്ഞുകൊണ്ടവളന്നെ കെട്ടിപിടിച്ചു ..വിറയ്ക്കുന്നുണ്ട് ആ കുഞ്ഞുശരീരം ഈ കുഞ്ഞു മനസ്സിന് ഇത്രയും നോവോ .. “എന്തു പറ്റി മോളേ ” “ശിഖേച്ചീ കോവിലിൽ പ്രാത്ഥിച്ചാൽ എന്തും നടക്കുമോ ” “നടക്കുമെന്നാണ് പറയുന്നത് ” “എന്റെ അച്ഛ മരിച്ചു പോകാനാണ് ഞാൻ ആ പത്തു രൂപ നേർച്ചപെട്ടിയിലിട്ടു പ്രാർത്ഥിച്ചത് ” കരഞ്ഞുകൊണ്ടവളിൽ നിന്നും വാക്കുകൾ തെറിച്ചു വീണു. ഒരു നിമിഷം അത് കേട്ടു നടുങ്ങി പോയി! “എന്റെ അച്ഛക്ക് എന്തേലും ആകുമോ ശിഖേച്ചീ എനിക്ക് പേടിയാകുന്നു അറിയാതെ ചെയ്തു പോയതാണ് ” ആ കുഞ്ഞുമുഖം ഞെട്ടി വിറയ്ക്കുകയാണ്. ശിഖ അവളെ കെട്ടിപിടിച്ചു “ഇല്ല മോളേ ഒന്നുമുണ്ടാവില്ല” “ശിഖേച്ചീ ഒന്നെന്റെ കൂടെ വരാമോ കോവിലിൽ അച്ഛയ്ക്ക് ഒന്നും വരല്ലേ എന്നു പറയാൻ ”

കൈപിടിച്ചുവലിച്ചു അമ്മു കോവിലിലേക്ക് ഓടുമ്പോൾ ആ കുഞ്ഞിന്റെ നിഷ്ക്കളന്ക സ്നേഹമോർത്തു അവൾക്ക് ഗദ്ഗദം കൊണ്ട് ചന്ക് പിടയുന്നത് പോലെ തോന്നി ഈ സ്നേഹത്തേയാണല്ലോ തല്ലി കെടുത്തിക്കളയുന്നത് ..ആ പാവം കുഞ്ഞിന്റെ ആധിയും പരിഭ്രാന്തിയും കണ്ടു അവളും ദേവന് മുമ്പിൽ നെഞ്ച്പൊട്ടി കരഞ്ഞു.

രചന : – Khoulath ismail –

Leave a Reply

Your email address will not be published. Required fields are marked *