സെക്കന്റ് സ്റ്റഡ്…

രചന: അഖിൽ സതീഷ്

“എന്തിനാ ഇങ്ങനെ ബഹളം വെക്കുന്നെ…കുത്താമെന്ന് പറഞ്ഞപ്പോ നിനക്ക് തന്നെ അല്ലാരുന്നോ പേടി..” “നിങ്ങൾ പറയണതല്ലാതെ കൊണ്ടോയൊന്നുമില്ലല്ലോ..ഇന്ന് കല്യാണ വീട്ടില് അവളുടെ പൊങ്ങച്ചം മുഴുവൻ ഞാൻ കാണേണ്ടി വന്നില്ലേ..കാത് മുഴുവൻ കുത്തി വെച്ചിട്ട് വന്നേക്കുവാ അവള്..!” മീര ജയകൃഷ്ണനെ കണ്ണുരുട്ടി.. അവൻ മൗനമായി ഇരുന്നു..

” നിങ്ങൾ കാരണാ..എനിക്ക് മേക്കാത് കുത്താൻ പറ്റാത്തെ..” ” എഹ്‌..അതുകൊള്ളാം..ഞാൻ എന്ത് കാണിച്ചിട്ടാ..” ” ആഹ്..അതെ..നിങ്ങൾ കാണിച്ചിട്ട് തന്നെ..അല്ലാണ്ടെന്താ..കാതു കുത്തുന്ന കാര്യം പറയുമ്പഴേക്കും വരും മൂക്ക് കുത്തിപ്പൊ കരഞ്ഞ കഥ ആയിട്ട്…വേദനിക്കില്ലേ..പഴുക്കില്ലേ..മുടി ഒടക്കില്ലേ എന്ന് വേണ്ട സകല വെറുപ്പിക്കലും കഴിഞ്ഞിട്ട് എങ്കിൽ വാ കുത്താം എന്ന് പറയണത് കുത്താണ്ടിരിക്കാനുള്ള നിങ്ങടെ അടവ് അല്ലേ..”

അവൻ കാർ സൈഡിലേക്ക് നിർത്തി അവളെ ഒന്ന് നോക്കി.. ” ഇപ്പൊ എന്താ നിന്റെ പ്രശ്നം..കാത് കുത്തണം അത്രല്ലേ ഉള്ളു..” ” അത്രല്ലേ ഉള്ളു..ചോയ്ക്കണത് കേട്ടാ തോന്നും ഇപ്പോ തന്നെ കൊണ്ടോയി കുത്തിക്കുമെന്ന്..ഹും..”

മീര ദേഷ്യം പിടിച്ചു മുഖം തിരിച്ചു.. ” ആഹ്..ഇപ്പൊ തന്നെ കുത്താം..” അവൻ പറഞ്ഞിട്ട് ഫോൺ എടുത്തു.. ” പിന്നെ..ഈ ആറര മണിക്ക് കാത് കുത്താൻ അവിടെ ഇരിക്കുന്നു..ഫ്രോഡ് വേല കയ്യിൽ വെച്ചാ മതി നിങ്ങടെ..എനിക്ക് ജോലി കിട്ടട്ടെ..ഞാൻ ഒറ്റക്ക് പോയി കുത്തിക്കും നോക്കിക്കോ നിങ്ങൾ..” അവൾ പറഞ്ഞിട്ട് വീണ്ടും തിരിഞ്ഞിരുന്നു..

” ഹലോ..ഡാ ഞാനാ..നിന്റെ അടുത്തുള്ള ആ ക്ലിനിക് എത്ര മണി വരെ ഉണ്ട്..” ജയകൃഷ്ണൻ ഫോണിൽ പറയുന്നത് കേട്ട് മീര മെല്ലെ ഇടംകണ്ണിട്ടു നോക്കി… ” 7 മണി വരെ ഉണ്ടല്ലേ..ഓക്കെ ഡാ..” അവൻ കോൾ കട്ടാക്കി..ഒന്നും പറയാതെ വണ്ടി തിരിച്ചു.. ” എങ്ങോട്ടാ..” മീര മെല്ലെ ചോദിച്ചു..

” നിനക്ക് കാത് കുത്തണ്ടേ..ഇനി അത് കഴിഞ്ഞിട്ട് മതി ബാക്കി..” ” ശരിക്കും കുത്താൻ പോകുവാണോ..” അവൾ ചോദിച്ചു.. ” ആഹ്.. അതെ..” ജയകൃഷ്ണൻ അല്പം സീരിയസ് ആയി തന്നെ പറഞ്ഞു… ” എനിക്ക് വേദനിക്കില്ലേ..” അവൾ വീണ്ടും ചോദിച്ചു..

” ഏയ്..ഇല്ലെടി ഇക്കിളിയാവും.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ..” അവൻ ദേഷ്യപ്പെട്ടു.. അവൾ കാത് പൊത്തി കണ്ണടച്ചു.. ” കണ്ടോ..കണ്ടോ..ഇത് തന്നെയാ ഞാൻ പറഞ്ഞേ..എന്നെ ഇങ്ങനെ പേടിപ്പിക്കാതെ വേദനിക്കില്ലെന്നു ഒന്ന് പറഞ്ഞാലെന്താ നിങ്ങൾക്ക്..” അവൾ പിണങ്ങി താഴേക്ക് നോക്കി ഇരുന്നു..

” മുത്തേ..തീരെ വേദനിക്കില്ല ട്ടോ..കാതിൽ രണ്ടു തുള ഇടുമെന്നല്ലേ ഉള്ളു..ഒരു ഉറുമ്പ് കടിക്കണ പോലെ ഉണ്ടാവുള്ളു..മതിയോ..” അവൻ ചിരിച്ചു ” കളിയാക്കണ്ട..എനിക്ക് വേദനിച്ചാ നിങ്ങക്ക് ഇപ്പൊ എന്താ അല്ലേലും..” അവൾ ഓരോന്ന് പിറുപിറുത്തു കൊണ്ടിരുന്നു..

” മാസം മാസം വയറു വേദന..നടു വേദന തുടങ്ങി പ്രസവ വേദന വരെ ഞങ്ങൾക്ക്..നിങ്ങൾക്കിങ്ങനെ നടന്ന പോരെ..” മീര ഗിയർ ലിവറിൽ ഇരുന്ന അവന്റെ കയ്യിൽ നുള്ളിക്കൊണ്ട് പറഞ്ഞു..

” എന്റെ മീരെ…ഒരു കാതുകുത്തിനാണോ ഇത്രേം വർത്താനം..പറഞ്ഞു പറഞ്ഞു അങ്ങ് പ്രസവം വരെ എത്തിയല്ലോ..ഇത് നീ ഉദ്ദേശിക്കുന്ന വേദന ഒന്നും കാണില്ല..ക്ലിനിക്കിൽ അല്ലെ പോണേ..ഡോക്ടർ മരവിപ്പിച്ചിട്ടേ കുത്തൂ..” ജയകൃഷ്ണൻ പറഞ്ഞു..

” മരവിപ്പിക്കുവോ..?” മീരയുടെ മുഖം അല്പം തെളിഞ്ഞു.. ” പിന്നല്ലാണ്ട്..!” മീര ചിരിച്ചു.. അവർ ക്ലിനിക്കിന്റെ മുന്നിൽ എത്തി..കാർ പാർക്ക് ചെയ്ത ശേഷം അവൻ കാറിൽ നിന്നിറങ്ങി.. “നീ വരുന്നില്ലേ..” മീര കാറിൽ തന്നെ ഇരിക്കുന്നത് കണ്ട് ജയകൃഷ്ണൻ ചോദിച്ചു.. ” നമുക്ക് കുത്തണോ..” മീര പറഞ്ഞത് കേട്ട് അവൻ അവളെ നോക്കി കണ്ണുരുട്ടി.. ” വേണ്ട ഒന്നും പറയണ്ട..കുത്താം..”അവൻ മറുപടി പറയാൻ വാ തുറന്നതും മീര വണ്ടിയിൽ നിന്നും ചാടിയിറങ്ങി..അവർ ക്ലിനിക്കിലേക്ക് നടന്നു..

” സമയം ആറേ മുക്കാൽ ആവുന്നു..വേഗം ബാ..ഡോക്ടർ പോകും..” അവൻ പറഞ്ഞു.. ക്ലിനിക്കിലെ റിസപ്ഷനിൽ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു..ടോക്കൺ എടുത്ത ശേഷം അവർ വരാന്തയിൽ വെയിറ്റ് ചെയ്തു.. ” ലേഡി ഡോക്ടർ ആണല്ലോ..” അവൻ വാതിലിന്റെ ബോർഡിൽ ഡോക്ടറുടെ നെയിം ബോർഡ് വായിച്ചു പറഞ്ഞു..

പെട്ടെന്ന് അകത്തു നിന്ന് മീരയുടെ പേര് വിളിച്ചു..മീരയുടെ നെഞ്ചിടിപ്പ് കൂടി.. ” ഏട്ടാ..നമക്ക് പോയാലോ..” അവൾ അവന്റെ കയ്യിൽ പിടിച്ചു മെല്ലെ ചോദിച്ചു.. ” നീ പേടിക്കണ്ട മീരേ..പെട്ടെന്ന് കഴിയും..ഒന്നും ഉണ്ടാവില്ല..” അവൻ അവളെ ഒന്ന് ആശ്വസിപ്പിച്ചു.. അവർ ഡോക്ടറിന്റെ മുറിയിലേക്ക് കയറി.. “ഇരിക്കൂ..എന്തുപറ്റി..?” ഡോക്ടർ ചോദിച്ചു ” ഡോക്ടറെ..ഇയാളുടെ കാതോന്നു കുത്തണം..” ജയകൃഷ്ണൻ പറഞ്ഞു.. ” കാതു കുത്താനാണോ..ഗൺ വെച്ചാണ് കുത്തുന്നത്..എവിടെയാ കുത്തണ്ടത് എന്ന് നിങ്ങൾ തന്നെ മാർക്ക് ചെയ്യണം..” ഡോക്ടർ പറഞ്ഞു

” അത് ഡോക്ടർ നോക്കി കുത്തിയാൽ പോരെ..” അവൻ ചോദിച്ചു.. ” ഏയ്..അവസാനം കേറി പോയി..ഇറങ്ങി പോയി എന്ന് പരാതി ആവും..നിങ്ങൾ തന്നെ മാർക്ക് ചെയ്തു തന്നാൽ മതി..ഞാൻ കുത്തി തരാം..” അവർ തീർത്തു പറഞ്ഞു.. ഇതിപ്പോ കുടുങ്ങിയാലോ..ഞാൻ മാർക്ക് ചെയ്തു അവസാനം കുത്തുമ്പോ രണ്ടും കേറി ഇറങ്ങി പോയാൽ അവളുടെ വായിൽ ഇരിക്കണത് മുഴുവൻ കേക്കേണ്ടി വരും..അവൻ മനസ്സിൽ ഓർത്തു..

” നിങ്ങൾ എന്താ ആലോചിച്ചിരുന്നത്..ദാ ഈ പേന കൊണ്ട് മാർക്ക് ചെയ്തോ..” മീര ടേബിളിൽ ഇരുന്ന ഒരു പേന അവന്റെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.. അവൻ എഴുന്നേറ്റു മീരയുടെ അടുത്തേക്ക് നിന്നു.. ” നീ എഴുന്നേറ്റ് നിന്നെ..” അവൻ പറഞ്ഞു..

അവൾ എഴുന്നേറ്റു നിന്ന് അവന്റെ നേരെ നോക്കി.. ” കറക്റ്റ് ആയിട്ട് മാർക്ക് ചെയ്തില്ലെങ്കി നിങ്ങളെ ഞാൻ കൊല്ലും..” അവൾ പതിയെ പറഞ്ഞു.. ” നീ ഒന്നു മിണ്ടാതിരുന്നേ..ടെൻഷൻ ആക്കാണ്ട്..” അവൻ പേന എടുത്ത് ഒരു കാതിൽ മാർക്ക് ചെയ്തു..കണ്ണാടി എടുത്തു മീരക്ക് കൊടുത്തു.. “ഇവിടെ പോരെ..” അവൻ ചോദിച്ചു

” ആഹ്..മതി..അതേ ലെവലിൽ ഇനി ഇപ്പറത്തും..” അവൾ പറഞ്ഞു.. അവൻ അപ്പുറത്തെ കാതിലേക്ക് പേന കൊണ്ടുവന്നു..ഒന്ന് കൂടി ആദ്യം നോക്കിയ മാർക്കിലേക്ക് നോക്കി.. ” ഡോക്ടറെ ഒരു സ്കെയിൽ തരുവോ..” അവൻ ഡോക്ടറെ നോക്കി ചോദിച്ചു.. ഡോക്ടർ മീരയെ നോക്കി ചിരിച്ചു.. “സ്കെയിൽ ഒന്നും ഇവിടില്ല..സ്കെയിൽ എന്തിനാ..” ” അല്ല ഇത് ഒപ്പമാണോ എന്നൊന്ന് കൺഫോം ആക്കാലോ..” ഡോക്ടർ ചിരിച്ചു..” വേഗം ആവട്ടെ..എനിക്ക് പോവാനുള്ളതാ..” ജയകൃഷ്ണൻ പേനയുടെ ക്യാപ് കൊണ്ട് ഒന്നുകൂടി അളവ് നോക്കിയശേഷം പേന കൊണ്ട് മാർക്കിങ് ചെയ്തു.. ” ഒപ്പമല്ലേ..നോക്കിക്കേ..” അവൻ മീരയോട് പറഞ്ഞു.. ” എനിക്ക് നോക്കിയിട്ട് മനസ്സിലാവണില്ല.. ഒപ്പം അല്ലേ..” അവൾ കണ്ണാടി നോക്കി പറഞ്ഞു.. ” ഡോക്ടറെ ഒന്ന് നോക്കുവോ ഒപ്പമായൊന്ന്..” ” എഞ്ചിനീയർക്ക്‌ കോൺഫിഡൻസ് ഇല്ലേ..” ” എഞ്ചിനീയർ ആണെന്നെങ്ങനെ മനസിലായി..” ജയകൃഷ്ണൻ ചോദിച്ചു.. ” അളവെടുക്കൽ കണ്ടു ചോദിച്ചതാ മാഷേ..കണ്ടിട്ട് ഒപ്പമാണെന്നു തോന്നുന്നു..കുത്താം അപ്പോ..” ” ആഹ്..ഡോക്ടർ കുത്താനുള്ള ഗൺ എടുത്ത് മീരയുടെ അടുത്തേക്ക് വന്നു..” ” അല്ല..മരവിപ്പിച്ചില്ലല്ലോ ഡോക്ടറെ..” അവൻ ചോദിച്ചു.. “കാതുകുത്താൻ മരവിപ്പിക്കുവൊന്നുമില്ല..” ഡോക്ടർ പറഞ്ഞത് കേട്ട് മീര ജയകൃഷ്ണനെ നോക്കി.. ” അല്ല..അങ്ങനെ പറഞ്ഞാൽ എങ്ങനാ… വേദനിക്കില്ലേ മരവിപ്പിച്ചില്ലെങ്കിൽ..” ” ആഹ്..അങ്ങനെയാ എല്ലാവരും ചെയ്യുന്നേ…ഇതിനൊന്നും ആരും മരവിപ്പിക്കില്ല..” ” അങ്ങനെ വേണ്ട…വാ മീരേ നമുക്ക് പോവാം..വേറെവിടുന്നേലും കുത്താം..” ജയകൃഷ്ണൻ മീരയെ നോക്കി പറഞ്ഞു.. ” അതുകൊള്ളാലൊ..ഇപ്പൊ കുത്തണോ വേണ്ടയോ..” മീരയെ നോക്കി ഡോക്ടർ ചോദിച്ചു.. ” കുത്തണം..എനിക്ക് കുഴപ്പമില്ല..ഏട്ടൻ പുറത്തു നിന്നോ..ഞാൻ കഴിഞ്ഞിട്ട് വരാം..” മീര പറഞ്ഞു..

” മ്മ്മ്..വേണ്ട..ഞാൻ ഇവിടെ നിന്നോളാം..”

ഡോക്ടർ ഗൺ മീരയുടെ കാതിലേക്ക് വെച്ചു..ജയകൃഷ്ണൻ കണ്ണടച്ച് നിൽക്കുന്നത്ത് കണ്ടു മീരക്ക് ചിരി വന്നു.. ” ടക്ക്..” മീരയുടെ ചിരി മാറി കണ്ണൊന്നു നിറഞ്ഞു..

ശബ്ദം കേട്ട് ജയകൃഷ്ണൻ കണ്ണ് തുറന്നു.. “കഴിഞ്ഞോ..വേദനിച്ചോ..” അവൻ അവളുടെ അടുത്തേക്ക് വന്നു.. ” ഇല്ല..വല്യ കുഴപ്പൊന്നുമില്ല..ചെറിയൊരു തരിപ്പേ ഉള്ളു..അപ്പുറത്തു കൂടി കുത്തണം..” അവൾ പറഞ്ഞു

ജയകൃഷ്ണൻ വീണ്ടും കുറച്ചപ്പുറത്തേക്ക് നീങ്ങി നിന്നു..

” ടക്ക്..” അടുത്തതും കഴിഞ്ഞു.. ” ഇത്രേ ഉള്ളു കാര്യം..” ഡോക്ടർ പറഞ്ഞു.. ഡോക്ടർ കസേരയിലേക്കിരുന്നു.. ” ഡോക്ടർ എത്രയാ ഫീസ്..” അവൻ ചോദിച്ചു.. ” 1000 റുപ്പീസ്..” അവൻ പഴ്സിൽ നിന്നും പൈസ എടുത്തു..ഡോക്ടർ അപ്പളേക്കും കുറച്ചു മരുന്നുകൾ കുറിച്ചു.. “ഈ സ്റ്റഡ് 2 ആഴ്ച കഴിഞ്ഞു മാറ്റിയാൽ മതി..അത് വരെ ഈ മരുന്ന് ഇടണം..” ഡോക്ടർ മീരയോട് പറഞ്ഞു.. അവൻ പൈസ ഡോക്ടർക്ക് നേരേ നീട്ടി.. ” അടുത്ത തവണ ഇങ്ങനത്തെ കാര്യത്തിന് വരുമ്പോ ഇച്ചിരി കൂടെ ധൈര്യം ഉള്ള ആരെയെങ്കിലും കൂട്ടിക്കോ ട്ടോ..” പൈസ വാങ്ങുമ്പോൾ മീരയെ നോക്കി ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു.. ജയകൃഷ്ണൻ ചിരിച്ചു..” ഇറങ്ങട്ടെ ഡോക്ടർ..” അവർ പുറത്തിറങ്ങി…കാറിലേക്ക് കയറിയതും മീര പൊട്ടിച്ചിരിച്ചു… ” എന്റമ്മോ..എന്തൊക്കെ ഡയലോഗ് ആയിരുന്നു.. കേറിപ്പോ ഉള്ള ധൈര്യം കണ്ടപ്പോ ഞാൻ ഓർത്തു ഇപ്പോ അങ്ങ് മറിക്കുമെന്ന്..കാത് കുത്താൻ കൂടെ കേറീട്ട് കണ്ണും പൂട്ടി നിക്കണത് ഞാൻ കണ്ടു..” മീര കളിയാക്കി കൊണ്ട്‌ പറഞ്ഞു.. ” അതുപിന്നെ നിന്റെ വേദന കാണാൻ പറ്റാത്തൊണ്ടല്ലേ..” ” മ്മ്മ് മ്മ്മ്..ഉവ്വ മനസ്സിലായി..” അവൾ വീണ്ടും കളിയാക്കി.. ” ചെറിയൊരു ലെവൽ വ്യത്യാസം ഉണ്ടോ..” അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.. “അത് ഞാൻ വീട്ടിൽ ചെന്നിട്ട് നോക്കിട്ട് നിങ്ങക്ക് തരാം..” വീട്ടിൽ എത്തിയ ശേഷം അവൾ അമ്മയുടെ അടുത്തേക്ക് ഓടി ചെന്നു..” അമ്മേ..ഈ കാത് കുത്തിയത് ഒപ്പമല്ലേ എന്നൊന്ന് നോക്കിക്കേ..” ” കാത് കുത്തിയോ അതിന്റിടക്ക്‌..ആഹ്..ഇത് ഒപ്പമാണ്..കുഴപ്പൊന്നുമില്ലല്ലോ..” മീരക്ക് ആശ്വാസമായി..അവൾ മുറിയിലേക്ക് പോയി കണ്ണാടിയുടെ മുന്നിൽ നിന്ന് മേക്കാതിന്റെ ഭംഗി നോക്കി നിന്നു..ജയകൃഷ്ണൻ മുറിയിലേക്ക് വന്നു. ” സമാധാനമായോ…” അവൻ ചോദിച്ചു.. അവൾ പല്ലുകൾ എല്ലാം കാണിച്ചൊരു ഹൈ ഫൈ ചിരി പാസ്സാക്കി..അവൻ അവളുടെ പിന്നിൽ വന്നു നിന്നു.. ” ഒന്ന് നോക്കട്ടെ..എങ്ങനെയുണ്ടെന്നു..” കണ്ണാടിയിലേക്ക് നോക്കി അവൻ അവളെ പിന്നിൽ നിന്ന് ചേർത്ത് പിടിച്ചു..

” ഇത് കൊള്ളാല്ലോ..” അവൻ പറഞ്ഞു.. ” ഞാൻ എത്ര നാളുകൊണ്ട് പറയാറുള്ളതാ..” അവൾ പറഞ്ഞു.. ” ഏട്ടാ…ഇനി നമുക്ക് രണ്ടു ഡയമണ്ട് വെച്ച സ്റ്റഡ് വാങ്ങണം ട്ടോ..” അതുകേട്ട് ജയകൃഷ്ണൻ മെല്ലെ പിടിത്തം വിട്ടശേഷം ഒരു മൂളിപ്പാട്ടും പാടി ബാത്റൂമിലേക്ക് കയറി.. ” കണ്ടോ..ഒഴിവാവുന്ന കണ്ടോ..ഇങ്ങനൊരു മനുഷ്യൻ…………..” ബാത്‌റൂമിനു വെളിയിൽ മീരയുടെ കലപില തുടർന്നു…അകത്തു മൂളിപ്പാട്ടും..

ഒരു സെക്കന്റ് സ്റ്റഡ് കുത്തിയ കഥ..!

അഖിൽ സതീഷ്..❤️ ,ഇഷ്ടമായൽ അഭിപ്രായം പറയണേ പ്രിയ കൂട്ടുകാരെ

രചന: അഖിൽ സതീഷ്

Leave a Reply

Your email address will not be published. Required fields are marked *