എനിക്ക് ഒരു പെണ്ണ്

രചന: ദിപി ഡിജു

‘ഹലോ… ഞാന്‍ പത്രത്തിലെ വിവാഹപരസ്യം നോക്കി വിളിക്കുവാണേ…’

‘ഹാ പറഞ്ഞോളു…’

‘ഞങ്ങള്‍ തൃശൂര്‍ന്നാണേ… എന്‍റെ മോനു വേണ്ടി വിളിച്ചതാണ്… മോള് എന്തു ചെയ്യുവാണ്…??’

‘അവള്‍ ഒരു ചെറിയ പ്രൈവറ്റ് ജോലി ആണ്… പ്ളസ്സ് ടൂ പാസായതാണ്…’

‘എന്‍റെ മോന്‍ പത്താം ക്ളാസ്സ് ആണ്… 34 വയസ്സുണ്ട്… ഞങ്ങള്‍ തരക്കേടില്ലാത്ത കുടുംബക്കാരാണ്… അന്വേഷിച്ചു നോക്കിയാല്‍ അറിയാന്‍ പറ്റും…’

‘അതൊന്നും വിഷയം അല്ല… ചെറുക്കനു എന്താ ജോലി…??’

‘ഡ്രൈവറാണ്…’

‘KSRTC – ല്‍ ആണോ…??? അല്ലേല്‍ സ്വന്തം വണ്ടി ഉണ്ടോ…??’

‘ഹേയ് അല്ല… ചില പ്രൈവറ്റ് ബസ്സുകള്‍ ഓടിക്കും… പിന്നെ ഇവിടെ അടുത്തുള്ള ട്രാവല്‍ ഏജന്‍സിയുടെ വണ്ടിയും എടുക്കും… ജോലി ഇല്ലാതെ ഇരിക്കില്ല…’

‘ഓ… സ്വന്തം വണ്ടിയും ഇല്ലേ… എന്നാല്‍ താല്‍പര്യം ഇല്ലാട്ടോ…’

മറു തലയ്ക്കല്‍ ഫോണ്‍ കട്ടായി.

മാധവി വിഷമത്തോടെ ഫോണ്‍ താഴെ വച്ചു.

‘അമ്മയ്ക്ക് വേറെ പണി ഒന്നും ഇല്ലേ…?? ഞായറാഴ്ച്ച ആകുമ്പോള്‍ തുടങ്ങും ഫോണ്‍ എടുത്തു കുത്തി വിളി… ഇത്രനാള്‍ ആയിട്ടും മനസ്സിലായില്ലേ… ഡ്രൈവര്‍മാര്‍ക്ക് വിവാഹകമ്പോളത്തില്‍ തീരെ ഡിമാന്‍റ് ഇല്ല… അല്ലേല്‍ കുറച്ച് പഠിപ്പോ….അതോ…. ഒന്നുമില്ലേലും…. ഒരു കമ്പനിയില്‍ സ്ഥിരം ഡ്രൈവര്‍ പോസ്റ്റ് എങ്കിലും വേണം… ആ ബ്രോക്കര്‍ വര്‍ക്കി കുറെ കാശ് കൊണ്ടു പോയതല്ലേ…??? ഇനിയും മതിയായില്ലേ…?? ഞാന്‍ ഇറങ്ങുവാണ്… ഇന്ന് രാജീവിന്‍റെ ഇളയപെങ്ങളുടെ കല്ല്യാണം അല്ലേ… കാര്‍ ഞാന്‍ തന്നെ എടുക്കണം എന്നവന്‍ കട്ടായം പറഞ്ഞേക്കുവാണ്…’

കെറുവിച്ചു കൊണ്ട് ഹരി പുറത്തേക്ക് ഇറങ്ങി.

‘എന്‍റെ കുഞ്ഞിന്‍റെ കല്ല്യാണം കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടാകുമോ എന്‍റെ ഭഗവാനേ…!!’

മാധവി കൂപ്പുകൈകളോടെ കൃഷ്ണവിഗ്രഹത്തിലേക്ക് നോക്കി കണ്ണുനിറച്ചു.

ഇത് ഹരി, ഹരിനാരായണന്‍ എന്നു മുഴുവന്‍ പേര്. പരേതനായ സുകുമാരന്‍റേയും മാധവിയുടെയും മൂന്നു മക്കളില്‍ മൂത്തവന്‍. പത്താം ക്ളാസ്സ് കഴിഞ്ഞു പ്ളസ്സ് വണ്ണിനു പഠിക്കുമ്പോഴാണ് ഡ്രൈവര്‍ ആയിരുന്ന സുകുമാരന്‍ ഒരു ആക്സിഡന്‍റില്‍ മരിക്കുന്നത്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞു ഇരിക്കുകയായിരുന്ന മാധവി ആ അവസ്ഥയില്‍ എന്തു ചെയ്യണം എന്നു അറിയാതെ വിഷമിച്ചു ഇരിക്കുമ്പോഴാണ് തന്‍റെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു ഹരി കൂലിപ്പണിക്കായി ഇറങ്ങിയത്. ഇളയവര്‍ എങ്കിലും പഠിച്ചു നല്ല നിലയില്‍ എത്തട്ടെ എന്നവന്‍ ആശിച്ചു.

18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ ഡ്രൈവിങ്ങ് ലൈസന്‍സ് സമ്പാദിച്ചു രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ഡ്രൈവിങ്ങ് തന്നെ അവന്‍ ജീവിതമാര്‍ഗ്ഗം ആയി തിരഞ്ഞെടുത്തു. രാവും പകലും കഷ്ടപ്പെട്ടു വീട്ടുകാര്യങ്ങളും സഹോദരങ്ങളുടെ പഠനവും അവന്‍ മുന്നോട്ടു കൊണ്ടു പോയി.

അനിയന്‍ വിഷ്ണുവിന്‍റെ ആഗ്രഹപ്രകാരം അവനെ ബാംഗ്ളുര്‍ നിംഹാന്‍സില്‍ വിട്ടു റേഡിയോളജി പഠിപ്പിച്ചു. അനിയത്തി പ്രഭയ്ക്ക് അധ്യാപിക ആകാനായിരുന്നു താല്‍പര്യം. രണ്ടു പേര്‍ക്കും ആഗ്രഹമുള്ളിടത്തോളം പഠിപ്പിച്ചു.

പ്രഭയ്ക്ക് ജോലി കിട്ടിയ സ്കൂളിലെ അധ്യപകനുമായി തന്നെ അവളുടെ വിവാഹവും നടന്നു. ഇപ്പോള്‍ അവള്‍ക്ക് രണ്ടു കുട്ടികള്‍.

വിഷ്ണുവിന്‍റെ കൂടെ കോളേജില്‍ നേഴ്സിങ്ങിനു പഠിച്ചിരുന്ന പെണ്‍കുട്ടിയുമായി അവന്‍ ഇഷ്ടത്തില്‍ ആയിരുന്നു. ഏട്ടന്‍റെ വിവാഹം ശരിയാകാന്‍ അവര്‍ കുറച്ചു നാള്‍ കാത്തിരുന്നു. എന്നാല്‍ അവള്‍ക്കു അയര്‍ലാന്‍റില്‍ പോകാന്‍ ഒരു അവസരം വന്നപ്പോള്‍ വിവാഹം പെട്ടെന്ന് വേണമെന്നു പെണ്‍വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചതിനാല്‍ അവരുടെ വിവാഹം നടത്തി കൊടുത്തു.

തന്നെക്കാള്‍ 7 വയസ്സിനു ഇളയ അനിയന്‍റെ വിവാഹം അവനെക്കൊണ്ട് ആകുന്ന രീതിയില്‍ ഭംഗിയായി നടത്തി കൊടുത്തപ്പോഴും, സ്വന്തം പാതിയെ കിട്ടാത്തതില്‍ ഉള്ള ഹരിയുടെ ദുഃഖം അവന്‍ ഒരു പുഞ്ചിരിയില്‍ ഒളിപ്പിച്ചു, അവരെ മനസ്സു തുറന്നു അനുഗ്രഹിച്ചു.

കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ വിഷ്ണുവും അയര്‍ലാന്‍റിലേക്ക് പോയി. അവര്‍ക്ക് ഒരു കുഞ്ഞും ജനിച്ചു.

ഹരിനാരായണന്‍ ഇപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി വളയം പിടിച്ചു കൊണ്ടിരിക്കുന്നു.

‘നീ എന്താടാ ഇത്രയും വൈകിയേ…??? ഇതാ… ഈ പൂക്കള്‍ ഒക്കെ ഒന്നു സെറ്റ് ചെയ്തേക്കാമോ…?? അമ്പലത്തിലേക്ക് ഇറങ്ങാന്‍ സമയം ആയി…’

രാജീവ് കുറച്ചു റോസ്സാപൂക്കള്‍ ഹരിയെ ഏല്‍പ്പിച്ചു പോയി. അവന്‍ അത് ഭംഗിയായി കാറില്‍ സെറ്റ് ചെയ്യാന്‍ തുടങ്ങി.

‘അല്ലാ… ആരാ ഇത്… മ്മട ഹരി അല്ലേ… മാധവിടെ മോന്‍…’

തന്‍റെ അടുത്തേക്ക് നടന്നടുക്കുന്ന ഭവാനിയമ്മയെ കണ്ട് ഹരി അസ്വസ്ഥനായി. ഒരാളെ പോലും വെറുതെ വിടാത്ത നാട്ടിലെ പ്രധാന കുടുംബംകലക്കി ആണ്.

‘അതേ ഭവാനിചേച്ചി… ചേച്ചി കല്ല്യാണത്തിനു വന്നതാണോ…??’

ഹരി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

‘പിന്നല്ലാണ്ട് എന്തിനാടാ ഞാന്‍ ഇവിടെ വരണേ… നിന്‍റെ ഇളയതുങ്ങളൊക്കെ എങ്ങനെ ഇരിക്കുന്നു… അതുങ്ങള്‍ക്ക് എല്ലാം പിള്ളേരായല്ലേ…??’

കുശലാന്വേഷണം തുടങ്ങിയപ്പോഴേ റൂട്ട് മനസ്സിലായി ഹരിക്ക്.

‘അവരെല്ലാം നന്നായി ഇരിക്കുന്നു ചേച്ചി…’

ഒരു ഒഴുക്കന്‍ മട്ടില്‍ അവന്‍ പറഞ്ഞു.

‘പ്രായം കുറെ ആയല്ലോടാ… നിനക്കൊന്നും ഇതു വരെ ശരിയായില്ലല്ലേ… അല്ല ഇനി നിനക്ക് വല്ല കുഴപ്പവും ഉണ്ടോടാ…?? ചിലരുടെ കാര്യം ഇങ്ങനെയാണ്… ജീവിതകാലം മുഴുവന്‍ ഒറ്റത്തടിയായി… ഒടുക്കം കുടുബക്കാര്‍ക്കും ഭാരമായി അങ്ങനെ അങ്ങ് ഒടുങ്ങും…’

അവരുടെ ഓരോ വാക്കും ചങ്കില്‍ തറച്ചു കയറുമ്പോഴും അത് പുറത്തു കാണിക്കാതെ ചിരിച്ചുകൊണ്ട് ഹരി അവരെ നോക്കി.

‘ചേച്ചി അകത്തോട്ടു ചെല്ല്… പെണ്ണിപ്പോള്‍ ഇറങ്ങും…’

ഭവാനിയമ്മ വീടിനകത്തേക്ക് കയറി പോയി.

കുറച്ചുനാള്‍ ആയി ആളുകള്‍ കൂടുന്ന ഒരു ചടങ്ങുകള്‍ക്കും പോകാറില്ലായിരുന്നു ഹരി. ഒന്നാമത് ഇതു പോലെയുള്ള മാരണങ്ങള്‍ എല്ലായിടത്തും ഉണ്ടാവും. കൃത്രിമ ദുഃഖം അഭിനയിച്ച് മനസ്സു വേദനിപ്പിച്ചു അതില്‍ സന്തോഷം കണ്ടെത്തുന്ന ചിലര്‍. പിന്നെ മംഗളകര്‍മ്മങ്ങള്‍ കാണുമ്പോള്‍ അറിയാതെ തന്നെ കണ്ണുനിറയും തനിക്കു ഇതൊന്നും വിധിച്ചിട്ടില്ലല്ലോ എന്നു ഓര്‍ത്ത്.

ഇതിപ്പോള്‍ രാജീവ് ഏറ്റവും അടുത്ത കൂട്ടുകാരന്‍ ആണ്. അവന്‍റെ പെങ്ങള്‍ എന്‍റെയും പെങ്ങള്‍ തന്നെയാണ്. അതു കൊണ്ടു മാത്രം വന്നതാണ്.

അണിഞ്ഞൊരുങ്ങി വന്ന പെണ്‍കുട്ടി ഹരിയുടെ കാലിലും വീണു അനുഗ്രഹം വാങ്ങി.അതു കണ്ട് പലരുടെയും അടക്കിപ്പിടിച്ച ചിരിയും സംസാരവും എല്ലാം കേട്ടെങ്കിലും അവന്‍ അതൊന്നും ശ്രദ്ധിക്കാതെ മനസ്സുനിറഞ്ഞ് ആ കുട്ടിയെ അനുഗ്രഹിച്ചു.

അമ്പലത്തില്‍ താലികെട്ടു കഴിഞ്ഞു അവിടെ അടുത്തു തന്നെയുള്ള ഹാളില്‍ ആയിരുന്നു സദ്യ ഒരുക്കിയിരുന്നത്.

ഇലയിടാന്‍ തുടങ്ങി പായസം വിളമ്പാന്‍ വരെ ഹരി ഓടി നടന്നു.

അതിനിടയില്‍ പെണ്ണും ചെറുക്കനും ഇറങ്ങി.

അവസാനപന്തിയില്‍ ഇരുന്നു ഭക്ഷണവും കഴിച്ചു ആല്‍മരത്തിനു ചുവട്ടില്‍ ഒന്നു നീണ്ടു നിവര്‍ന്നു കിടന്നപ്പോള്‍ ആണ് ഒരു വിളി കേട്ടത്.

‘ഹരിയേട്ടാ… എന്നെ മനസ്സിലായോ…???’

ഹരിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ഇരുനിറമുള്ള എന്നാല്‍ കാണാന്‍ ഭംഗിയുള്ള ഒരു പെണ്‍കുട്ടിയെ കണ്ടവന്‍ പെട്ടെന്ന് എഴുന്നേറ്റു ഇരുന്നു.

‘നോട്ടം കണ്ടാല്‍ അറിയാം മനസ്സിലായില്ല എന്ന്… ഞാന്‍ ധന്യ… പ്രഭയുടെ കൂടെ പത്താം ക്ളാസ്സ് വരെ പഠിച്ച…’

പറഞ്ഞു മുഴുമിച്ചില്ല അതിനു മുന്‍പ് ഹരി ഇടയില്‍ കയറി.

‘അയ്യോ സോറി… കുറെ നാള്‍ ആയില്ലെ കണ്ടിട്ട്… അതാ മനസ്സിലാകാഞ്ഞേ…’

‘ഞാന്‍ ഒരുപാടു നേരമായി ഹരിയേട്ടനെ നോക്കുന്നത്… എനിക്ക് ചോറ് വിളമ്പി തന്നപ്പോഴെല്ലാം ഞാന്‍ നോക്കി ചിരിച്ചു മനസ്സിലായിട്ടില്ല എന്നു അപ്പോള്‍ തോന്നി…. ഏട്ടന്‍ ഇപ്പോള്‍ എന്തു ചെയ്യുവാ…???’

‘ഞാന്‍ ഡ്രൈവര്‍ ആണ് മോളെ… മോള്‍ ഇപ്പോള്‍ എന്തു ചെയ്യുവാണ്…?? കുറെ നാള്‍ ആയി കണ്ടിട്ടില്ലല്ലോ ഇവിടെ എങ്ങും…’

‘ഞാന്‍ ഡോക്ടര്‍ ആണ് ചേട്ടാ… MBBS കഴിഞ്ഞു എമര്‍ജന്‍സി മെഡിസിനില്‍ MD ചെയ്തു…. ഇവിടത്തെ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ മാസം ജോയിന്‍ ചെയ്തു…. അല്ല ചേട്ടന്‍റെ ഫാമിലി ഒക്കെ…?? എത്ര കുട്ടികള്‍ ആണ്…??’

അവളുടെ ചോദ്യം കേട്ട് ഹരിയുടെ തലതാഴ്ന്നു.

‘എന്തു പറ്റി ചേട്ടാ…???’

‘ഒന്നുമില്ല മോളെ… ഡ്രൈവര്‍മാരെ ആര്‍ക്കാണ് വേണ്ടത്…?? അവര്‍ വെറും വളയം പിടിക്കുന്നവര്‍… അവര്‍ക്ക് പെണ്ണുതരാന്‍ ആളുകള്‍ക്ക് മടി അല്ലേ…??’

‘അപ്പോള്‍ ചേട്ടന്‍റെ കല്ല്യാണം കഴിഞ്ഞില്ലാര്‍ന്നോ…???’

വിടര്‍ന്ന കണ്ണുകളോടെയുള്ള അവളുടെ ആ ചോദ്യം കേട്ട് ഹരി അത്ഭുതത്തോടെ അവളെ നോക്കി.

‘ചേട്ടന് ഓര്‍മ്മ ഉണ്ടോ എന്നു അറിയില്ല… ഞാന്‍ ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുമ്പോളാണ് അച്ഛന് അറ്റാക്ക് വന്നത്… ഒരുപാടു വണ്ടിക്കു കൈകാണിച്ചെങ്കിലും അവസാനം ചേട്ടനാണ് ഞങ്ങളെ സഹായിച്ചത്… ഞങ്ങളുടെ വീടിന്‍റെ അവസ്ഥ മനസ്സിലാക്കിയ ചേട്ടന്‍ അന്നു കാശും വാങ്ങിയില്ല… അച്ഛന്‍ ഡിസ്ചാര്‍ജ്ജ് ആകുന്നതു വരെ വന്നു അന്വേഷിച്ചു… പിന്നീടാണ് ചേട്ടന്‍ പ്രഭയുടെ സഹോദരന്‍ ആണെന്നു ഞാന്‍ മനസ്സിലാക്കിയത്… ഒന്നു കാണാന്‍ വേണ്ടി ഒരുപാടു തവണ ഞാന്‍ അവളുടെ ഒപ്പം വീട്ടില്‍ വന്നിട്ടുണ്ട്… പക്ഷേ ഒരിക്കല്‍ പോലും തെറ്റായ രീതിയില്‍ ഒരു നോട്ടം പോലും ചേട്ടനില്‍ നിന്നുണ്ടായില്ല…’

അവളുടെ സംസാരം കേട്ട് അമ്പരന്നു നില്‍ക്കുന്ന ഹരിയെ നോക്കി അവള്‍ തുടര്‍ന്നു.

‘സ്കോളര്‍ഷിപ്പിന്‍റെ പണം കൊണ്ടാണ് എന്‍റെ പഠനം എല്ലാം പൂര്‍ത്തി ആയത്…. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ചേട്ടന്‍റെ മുഖം മാത്രം എന്‍റെ മനസ്സില്‍ നിന്നു മാഞ്ഞു പോയിരുന്നില്ല… ഞാന്‍ കരുതി ചേട്ടന്‍റെ കല്ല്യാണം ഒക്കെ കഴിഞ്ഞിട്ടുണ്ടാകുമെന്ന്… എന്‍റെ വീട്ടില്‍ വന്നു സംസാരിക്കാമോ…???’

കേട്ടതു വിശ്വസിക്കാനാവാതെ ഹരി ആകെ പതറി.

‘അഅത് പിപിന്നെ ഞാന്‍ ഒരു ഡ്രൈവര്‍… ഒരു ഡോക്ടറെ…’

‘ഹരിയേട്ടന്‍ ഒന്നും പറയണ്ട… ഈ പറയുന്ന ഡ്രൈവര്‍മാര്‍ ഇല്ലെങ്കില്‍ ഇന്നു വല്ല്യജോലിക്കാര്‍ ആണെന്നു ഞെളിഞ്ഞു നടക്കുന്ന പലരും ഉണ്ടാവില്ല… നിങ്ങള്‍ എല്ലാവരും ഒന്നു പണി മുടക്കുമ്പോള്‍ അറിയാം നിങ്ങളുടെ വില… ഏതൊരു ജോലിക്കും അതിന്‍റേതായ മാന്യത ഉണ്ട് ചേട്ടാ… ഞാനും എന്‍റെ വീട്ടുകാരും അതില്‍ വിശ്വസിക്കുന്നവരാണ്… ചേട്ടന്‍ ധൈര്യമായി വീട്ടുകാരെ കൂട്ടി വന്നോളൂ എന്നെ പെണ്ണു കാണാന്‍… സ്നേഹിക്കുന്ന ഈ ഒരു മനസ്സും ജോലി ചെയ്യാനുള്ള ചങ്കൂറ്റവും അത് മതി ഈ ഡോക്ടര്‍ക്ക്…’

അവള്‍ നടന്നകലുന്നതു നോക്കി നിന്നുപോയി ഹരി. അവന്‍റെ ജോലിയോടു അവന് എന്തെന്നില്ലാത്ത ബഹുമാനം തോന്നി.

മൂന്നു മാസം കഴിഞ്ഞുള്ള മറ്റൊരു ഞായറാഴ്ച്ച അതേ അമ്പലനടയില്‍ വച്ച് ഹരിനാരായണന്‍ ധന്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി അവളുടെ നെറുകയില്‍ സിന്ദൂരം അണിയിച്ചു.

കല്ല്യാണം കൂടാന്‍ വന്ന ഭവാനിയമ്മയോടായി അവന്‍ പറഞ്ഞു.

‘ഭവാനി ചേച്ചിയേ… ഇത്രയും നാള്‍ എന്‍റെ കല്ല്യാണം നടക്കാഞ്ഞതേ… എന്‍റെ ഈ പെണ്ണ് എനിക്കു വേണ്ടി നോമ്പു നോറ്റിരിക്കുവായിരുന്നതു കൊണ്ടാ… മനസ്സിലായോ…??’

ധന്യയെ ചേര്‍ത്തു നിര്‍ത്തി ഹരി പറഞ്ഞതുകേട്ട് ഭവാനിയമ്മ ഒരു വിളറിയ ചിരി ചിരിച്ചു.

‘അല്ലേലും എനിക്ക് അറിയാര്‍ന്നു… നീ ഭാഗ്യം ഉള്ളവനാണെന്ന്…’

‘ആ പറഞ്ഞത് തെറ്റി പോയല്ലോ… ഭവാനി ചേച്ചി… ഭാഗ്യം ചെയ്തത് ഞാനാണ്… ഇങ്ങനെ ഒരു നല്ല മനുഷ്യന്‍റെ ഭാര്യയാകാന്‍ പറ്റിയതിന്… അഭിമാനത്തോടെ തന്നെ ഞാന്‍ പറയും ഈ ഡോക്ടര്‍ പെണ്ണിന്‍റെ കെട്ടിയോന്‍ നല്ല അസ്സല്‍ ഡ്രൈവര്‍ ആണെന്ന്…’

അവന്‍റെ കണ്ണുകളിലേക്ക് നോക്കി അവള്‍ പ്രണയത്തോടെ പറഞ്ഞു നിര്‍ത്തി.

അവളുടെ നെറുകയില്‍ ഒരു ചുടുചുംബനം നല്‍കി അവന്‍ അവളുടെ കൈപിടിച്ചു ആ പടവുകള്‍ ഇറങ്ങി.

രചന: ദിപി ഡിജു

2 thoughts on “എനിക്ക് ഒരു പെണ്ണ്

Leave a Reply

Your email address will not be published. Required fields are marked *