ചേച്ചിയുടെ ആഗ്രഹ പ്രകാരം, നമ്മുടെ മക്കളുടെ അമ്മയായിട്ട്, മധുവേട്ടൻ്റെ ഭാര്യയായി ഞാനിവിടെത്തന്നെയുണ്ടാവും…

രചന: സജി തൈപ്പറമ്പ്.

“ഞാൻ മരിച്ച് കഴിയുമ്പോൾ മധുവേട്ടനെ നീ ഭർത്താവായി സ്വീകരിക്കണം”

രണ്ട് വർഷമായി കിടപ്പിലായിരുന്ന ചേച്ചി വിളിച്ച് അരികിലിരുത്തിയിട്ട്, പറഞ്ഞ കാര്യം കേട്ട് സവിത ഞെട്ടിപ്പോയി.

“ചേച്ചി എന്താണീ പറയുന്നത് ,ഇന്നലെ വരെ എൻ്റെ വല്യേട്ടനെ പോലെ കണ്ട മധുവേട്ടനെ, ഞാനെങ്ങനെയാ ചേച്ചീ ഭർത്താവിൻ്റെ സ്ഥാനത്ത് കാണുന്നത്”

“സവിതേ ,ഞാൻ പോയിക്കഴിഞ്ഞാൽ ,എൻ്റെ രണ്ട് പിഞ്ച് കുഞ്ഞുങ്ങളനാഥരാവാൻ പാടില്ല, നീയെനിക്കൊരു വാക്ക് തരണം, ഞാൻ മരിച്ച് കഴിഞ്ഞാലും, എൻ്റെ മക്കളെ നോക്കാൻ നീയിവിടെ തന്നെയുണ്ടാവുമെന്ന്, ഇല്ലെങ്കിൽ മധുവേട്ടൻ മറ്റൊരു വിവാഹം കഴിച്ചാൽ, വന്നു കയറുന്നവൾ ചിലപ്പോൾ ,എൻ്റെ മക്കളെ രണ്ടാം തരക്കാരായേ കാണു”

“ചേച്ചിയിപ്പോൾ അതൊന്ന്മോർത്ത് വിഷമിക്കേണ്ട ,അവരെ ഞാൻ തറവാട്ടിലേക്ക് കൊണ്ട് പോയി, പൊന്ന് പോലെ നോക്കിക്കൊള്ളാം”

“അതെത്ര നാള് അങ്ങനെ നോക്കാൻ നിനക്ക് കഴിയും, കുറച്ച് കാലംകഴിയുമ്പോൾ, നിന്നെ വിവാഹം കഴിച്ച് വിട്ടാൽ പിന്നെ, എൻ്റെ മക്കളെ, നമ്മുടെ ഏട്ടത്തി മര്യാദയ്ക്ക് നോക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?

ചേച്ചിയുടെ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം കൊടുക്കാൻ കഴിയാതെ, സവിതയിരുന്ന് വിയർത്തു.

“എന്താ സവിതേ.. നീ ഒന്നും മിണ്ടാത്തത്, നമ്മുടെ അമ്മയും അച്ഛനും നിന്നെ സ്നേഹിച്ചതിനെക്കാൾ , എത്രയോ ഇരട്ടിയാണ്, ഞാൻ നിന്നെ സ്നേഹിച്ചത് ,ചേച്ചി കണക്ക് പറയുവാണെന്ന് കരുതരുത്, ഒരു രണ്ടാം കെട്ടുകാരനെ, നിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്ന, ഈ ചേച്ചിയെ, നീ ശപിക്കുകയും ചെയ്യരുത് ,മക്കളെയോർത്ത് ഉത്ക്കണ്ഠപ്പെടുന്ന , സ്വാർത്ഥമതിയായ, ഒരമ്മയുടെ അന്ത്യാഭിലാഷമാണെന്ന് കരുതി, എനിക്ക് നീ വാക്ക് തരു സവിതേ, ഞാനൊന്ന് സമാധാനത്തോടെ മരിച്ചോട്ടെ”

ശുഷ്കിച്ച കൈകളാൽ തൻ്റെ കരം ഗ്രഹിച്ച് കൊണ്ട് ,വിതുമ്പി കരയുന്ന ചേച്ചിയുടെ കുഴിഞ്ഞ കണ്ണുകളിലെ, പ്രതീക്ഷകളെ കണ്ടില്ലെന്ന് നടിക്കാൻ സവിതയ്ക്ക് കഴിഞ്ഞില്ല.

“ചേച്ചി സമാധാനമായിട്ടിരിക്ക് , ചേച്ചിയുടെ ആഗ്രഹ പ്രകാരം, നമ്മുടെ മക്കളുടെ അമ്മയായിട്ട്, മധുവേട്ടൻ്റെ ഭാര്യയായി ഞാനിവിടെത്തന്നെയുണ്ടാവും”

സവിതയുടെ ഉറപ്പ് കിട്ടിയപ്പോൾ, സീത അനുജത്തിയുടെ കൈയ്യിൽ, സ്നേഹത്തോടെ അമർത്തി പിടിച്ചു.

പെട്ടെന്ന്, മുറുകെ പിടിച്ചിരുന്ന ചേച്ചിയുടെ കൈകൾ അയഞ്ഞ് തുടങ്ങിയപ്പോൾ, സവിത ആ കണ്ണുകളിലേക്ക് നോക്കി.

ഇമയനങ്ങാതെ ,തന്നെ ഉറ്റ് നോക്കുന്ന ആ കണ്ണുകളിലെ തിളക്കം മാഞ്ഞ് പോയെന്നും, കുറച്ച് മുമ്പ് വരെ ആ ശരീരത്തിലുണ്ടായിരുന്ന ജീവൻ്റെ തുടിപ്പ് നിന്ന് പോയെന്നും ഒരു ഞെട്ടലോടെ സവിത തിരിച്ചറിഞ്ഞു.

ദിവസങ്ങളും മാസങ്ങളും കടന്ന് പോയി ,ശവമടക്കും ,അടിയന്തിരവുമൊക്കെ കഴിഞ്ഞ് സവിതയെയും കുട്ടികളെയും മറ്റുള്ളവർ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.

സീതയുടെ മരണമേല്പിച്ച ആഘാതത്തിൽ നിന്നും ,എല്ലാവരും പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നു.

സവിതയോട് പറഞ്ഞ കാര്യങ്ങൾ, അതിന് മുമ്പ് തന്നെ, സീത തൻ്റെ ഭർത്താവിനോടും ,തറവാട്ടിലെ മറ്റുള്ളവരോടുമൊക്കെ സംസാരിച്ച് ഉറപ്പിച്ച് വച്ചിരിക്കയായിരുന്നു.

സീതയുടെ മരണം കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷം, എല്ലാവരും കൂടി തറവാട്ടിൽ ഒത്ത് ചേർന്ന്, മധുവിൻ്റെയും സവിതയുടെയും വിവാഹ തീയതി ഉറപ്പിച്ചു.

അന്ന് വൈകുന്നേരം ,സവിത അമ്പലത്തിലേക്ക് പോകുമ്പോൾ വഴിയിൽ മധു , നില്പുണ്ടായിരുന്നു.

മാസങ്ങൾക്ക് ശേഷം, മധുവേട്ടനെ കണ്ടപ്പോൾ, സവിതയ്ക്ക് അയാളുടെ മുഖത്ത് നോക്കാൻ, എന്തോ ഒരു വൈക്ളബ്യം തോന്നി.

“ഞാൻ സവിതയെ കാത്ത് നില്ക്കുകയായിരുന്നു.”

“എന്താ മധുവേട്ടാ.. എന്താ കാര്യം”

അവൾ ആകാംക്ഷയോടെ തിരക്കി.

“ഞാനിന്നലെ ഹരിയെ കണ്ടിരുന്നു”.

അത് കേട്ടപ്പോൾ സവിതയുടെ ഉള്ളൊന്ന് കാളി, അവൾ ജിജ്ഞാസയോടെ മധുവിൻ്റെ മുഖത്തേയ്ക്ക് ഉറ്റ് നോക്കി.

“അയാൾ പറഞ്ഞപ്പോഴാണ്, നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിത്തിലായിരുന്നെന്ന് ഞാനറിയുന്നത് ,ചേച്ചിക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി മാത്രമാണ് ,സവിത നിങ്ങളുടെ ഭാര്യയാകുന്നതെന്നും, നിങ്ങൾക്കവളോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ, അവളാഗ്രഹിച്ച ജീവിതം നയിക്കാൻ, നിങ്ങളവളെ അനുവദിക്കണമെന്നും, അയാളെന്നോട് പറഞ്ഞിട്ട് പോയി, അയാൾ പറഞ്ഞത് ന്യായമാണെന്നെനിക്കറിയാം, പക്ഷേ ,അയാൾ പറഞ്ഞിട്ട് വേണമായിരുന്നോ മോളേ ..ഞാനിതറിയാൻ, നിനക്കെന്നോടെങ്കിലും ഒന്ന് തുറന്ന് പറയാമായിരുന്നില്ലേ? നിന്നെ കാത്തിരിക്കുന്നൊരാളുണ്ടെന്ന കാര്യം , നിനക്കിഷ്ടപ്പെട്ട വിവാഹം ഈ ഏട്ടൻ നടത്തിത്തരില്ലായിരുന്നോ?

“പക്ഷേ ഏട്ടാ നമ്മുടെ മക്കൾ, അവരുടെ ഭാവി ,എൻ്റെ ചേച്ചിക്ക് ഞാൻ കൊടുത്ത വാക്ക്”

“അതെല്ലാം നിൻ്റെ ചേച്ചിയുടെ അനാവശ്യമായ ഉത്ക്കണ്ഠകളായിരുന്നു മോളേ.. എൻ്റെ മക്കളെ പൊന്ന് പോലെ വളർത്താൻ, ഞാൻ മാത്രം മതി, അതിനിനി എനിക്ക് മറ്റൊരു വിവാഹം കഴിക്കേണ്ട ആവശ്യമില്ല, നീയതൊന്ന്മോർത്ത് വിഷമിക്കേണ്ട ,അതിനെക്കുറിച്ച് പറയാനും, നിനക്ക് മറ്റൊരു വരനെ കണ്ടെത്തി, നിൻ്റെ വിവാഹം മംഗളമായി നടത്തുന്നതിനെക്കുറിച്ച് സംസാരിക്കാനും വേണ്ടിയിരിക്കുമ്പോഴാണ് ,ഒരു നിമിത്തം പോലെ ,ഹരിയെ കണ്ട് മുട്ടുന്നത് ,എന്തായാലും നീ അമ്പലത്തിൽ പോയി നല്ലത് പോലെ പ്രാർത്ഥിച്ചിട്ട് വേഗം വാ ,ഞാനും വരാം തറവാട്ടിലേക്ക്, എന്നിട്ട് എല്ലാവരോടും ഈ കാര്യങ്ങൾ സംസാരിച്ച് ,നിങ്ങളുടെ വിവാഹം എത്രയും വേഗം നടത്തണം”

ഏറെ നാളായി കാറും കോളും നിറഞ്ഞ് നിന്ന, തൻ്റെ മനസ്സ്, ഒരു മഴയായ് പെയ്ത് തോർന്ന പ്രതീതിയായിരുന്നു സവിതയ്ക്ക്.

രചന: സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *