രാത്രിയിലെ ഏതോ നിമിഷത്തിൽ മൊബൈലിൽ നോക്കിയിരുന്ന രൂപം തനിക്കടുത്ത് വന്നു കിടന്നതവൾ അറിഞ്ഞു.

രചന: Soumya Dileep

അഞ്ചു മണിയുടെ അലാറം കേട്ടാണ് വിധു ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. അലാറം ഓഫ് ചെയ്ത് കട്ടിലിൽ എഴുന്നേറ്റിരുന്ന് പ്രാർത്ഥിച്ച ശേഷം അവൾ കാലുകൾ നിലത്തു വച്ചു. എണീറ്റു പോകുന്നതിനു മുൻപ് തിരിഞ്ഞു കിടന്നുറങ്ങുന്ന കിരണിനെ ഒന്നു നോക്കി. ശേഷം അടുക്കളയിലേക്ക് നടന്നു.എന്നത്തേയും പോലെ ചായയ്ക്ക് വെള്ളം വച്ചു. ചപ്പാത്തിക്ക് മാവു കുഴച്ചു. തലേന്ന് വെള്ളത്തിലിട്ട കടലയെടുത്ത് കഴുകി കുക്കറിലിട്ടു.അങ്ങനെ പണികൾ ഓരോന്നായി തീർത്തു കൊണ്ടിരുന്നു. ഏകദേശം എല്ലാം റെഡിയായപ്പോൾ അവൾ ഓടിച്ചെന്ന് ക്ലോക്കിൽ നോക്കി. സമയം 7 ആയിരിക്കുന്നു. ഒരു പുഞ്ചിരിയോടെ അവൾ മകൾക്കരികിലേക്ക് നടന്നു. ഒന്നുമറിയാതെ കിടന്നുറങ്ങുന്ന 6 വയസുകാരി ജാൻവിയുടെ മൂർധാവിൽ ഉമ്മ വച്ചു.

“ജാനൂ, എണീക്കൂ സമയം ആയി, സ്കൂളിൽ പോണ്ടേ നിനക്ക് ” ” കുറച്ചു കൂടി ഉറങ്ങട്ടേ അമ്മാ” “മതി, ഉറങ്ങീത് ഇപ്പൊ തന്നെ വൈകി. എണീറ്റു വാ ” അമ്മ പറഞ്ഞതു കേട്ട് ജാൻവി എണീറ്റിരുന്നു മുഖം കടന്നൽ കുത്തിയതുപോലെ വീർപ്പിച്ചു.അതു കണ്ട് വിധു മെല്ലെ ചിരിച്ച് അവളുടെ താടിയിൽ പിടിച്ചു വലിച്ചു. എന്നിട്ട് മോളേയും എടുത്ത് ബാത്റൂമിലേക്കു നടന്നു. പല്ലു തേക്കാൻ ബ്രഷ് എടുത്തു കൊടുത്തവൾ കിരണിനടുത്തേക്കോടി. ” കിരൺ , സമയം 7 കഴിഞ്ഞു. എഴുന്നേൽക്കുന്നില്ലേ ”

അവൾ തട്ടിവിളിച്ചതും ഇത്ര പെട്ടന്ന് നേരം വെളുത്തോ എന്ന തോന്നലിൽ അയാൾ ചാടിപ്പിടഞ്ഞെഴുന്നേറ്റു ചുമരിലെ ക്ലോക്കിലേക്കു നോക്കി. സമയം 7.15 എന്ന് കണ്ടതും ഭാര്യയെ ഇരുത്തിയൊന്നു നോക്കി അയാൾ ബാത്റൂമിലേക്കു നടന്നു. വിധു നെടുവീർപ്പോടെ അയാളുടെ പോക്കും നോക്കി നിന്നു. അപ്പോഴേക്കും മോളുടെ വിളിയെത്തിയിരുന്നു. മോളെ കുളിപ്പിച്ച് റെഡിയാക്കി അച്ഛനും മകൾക്കുമുള്ള ചോറ് പാത്രത്തിലാക്കി കിരണിനുള്ള breakfast എടുത്തു വച്ച് അവൾ മകളെ കഴിപ്പിക്കാനിരുന്നു. കുറച്ചു കഴിഞ്ഞ് കിരണും അടുത്തു വന്നിരുന്ന് കഴിക്കാൻ തുടങ്ങി. കഴിച്ചു കഴിഞ്ഞ് Iunchഉം എടുത്ത് അയാൾ കാറെടുത്ത് പോയി.

വിധു മകളേയും ഒരുക്കി സ്കൂളിൽ വിട്ടു, ബാക്കി പണികളിലേക്കു കടന്നു. എല്ലാം കഴിഞ്ഞ് കുളിച്ചു വന്ന് ഉച്ചഭക്ഷണവും കഴിച്ചു കഴിഞ്ഞപ്പോൾ മണി രണ്ടായി.അവൾ ബെഡി ലേക്കു കിടന്ന് മൊബൈലെടുത്തു മുഖ പുസ്തകം തുറന്നു.രാവിലെ വന്നു കിടക്കുന്ന ഒരു ഫോട്ടോയിൽ അവളുടെ കണ്ണുകളുടക്കി.ഒരു ഭാര്യയുടേയും ഭർത്താവിൻ്റെയും കുഞ്ഞിൻ്റേയും ഫോട്ടോ

ആയിരുന്നു അത്. ആ ചിത്രം അവളെ കുറച്ചു വർഷം പുറകിലേക്ക് കൊണ്ടുപോയി ,അവരുടെ കലാലയ ജീവിതത്തിലേക്ക്. മിണ്ടാപ്പൂച്ചയായ വിധുവും കോളേജിലെ പാട്ടുകാരനായ ദീപകും തമ്മിലുള്ള പ്രണയകാലത്തിലേക്ക്. 3 വർഷം ആരോരുമറിയാതെ കൊണ്ടു നടന്ന പ്രണയമാണ്. കോളേജിൻ്റെ ഇടനാഴികളിലും ലൈബ്രറിയിലെ ഇരുട്ടുമൂടിയ റാക്കുകൾക്കിടയിലും പൂത്തു തളിർത്ത അവരുടെ പ്രണയം.കോളേജ് ജീവിതത്തിനു ശേഷം പരസ്പരം കാണാൻ കഴിയാത്തതിൻ്റെ വീർപ്പുമുട്ടലിൽ ഒരു ദിവസം ദീപു തൻ്റെ വീടിനടുത്തുള്ള അമ്പലത്തിൽ വന്നു.അവിടെ വച്ച് തങ്ങളെ ഒരുമിച്ചു കണ്ട ആരോ ഒരാൾ അച്ഛനോടു പറഞ്ഞു .

കേട്ടപാതി അച്ഛൻ തന്നെ വീട്ടുതടങ്കലിലാക്കി. എന്നിട്ടും ദീപുവിനെ മാത്രമേ വിവാഹം കഴിക്കൂ എന്നു പറഞ്ഞ തന്നോട് അവനെ കൊന്നുകളയും എന്നാണ് അച്ഛൻ പറഞ്ഞത്. പ്രതാപശാലിയായ മേലേടത്ത് രാമഭദ്രൻ്റെ മകളെ വെറുമൊരു ബസ് ഡ്രൈവറുടെ മകനെ കൊണ്ട് കെട്ടിക്കുന്നതിലും ഭേദം ആത്മഹത്യയാണെന്നായിരുന്നു അച്ഛൻ്റെ ഭാഷ്യം. ഒടുവിലച്ഛൻ്റെ ഭീഷണിക്കു വഴങ്ങി സോഫ്റ്റ് വെയർ എൻജിനീയറായ കിരണിൻ്റെ താലിയേറ്റു വാങ്ങുമ്പോൾ മനസ്സ് മരവിച്ചിരുന്നു. തൻ്റെ മകൾക്കു കിട്ടിയ ഭാഗ്യമാണ് കിരൺ എന്നാണ് അച്ഛൻ എല്ലാവരോടും പറയുന്നത്.പുറമേ നിന്നു നോക്കുമ്പോൾ അതു ശരിയുമായിരുന്നു. സുന്ദരനായ ഭർത്താവ്, നല്ല ജോലി എല്ലാ

സൗകര്യങ്ങളോടും കൂടിയ വീട് ഇതിൽ പരം എന്തു വേണം പക്ഷേ ഒരിക്കൽ പോലും അവളെ മനസിലാക്കാത്ത ഭർത്താവായിരുന്നു കിരൺ. ഭാര്യയോടൊത്തു ചിലഴിക്കാൻ അയാൾക്കു സമയമുണ്ടായിരുന്നില്ല ഉണ്ടെങ്കിൽ തന്നെ അതയാൾ ഇഷ്ടപ്പെട്ടിരുന്നില്ല.തൻ്റെ വീട്ടിലെ കാര്യങ്ങൾ നോക്കാനുള്ള ഒരു വേലക്കാരി മാത്രമായിരുന്നു അയാൾക്ക് വിധു.

കുറച്ചു നേരം കൂടി വിധു ആ ഫോട്ടോയിലേക്ക് നോക്കിയിരുന്നു. പണ്ടത്തെ 20 വയസുകാരനിൽ നിന്നും ഒരു കുട്ടിയുടെ അച്ഛനിലേക്കുള്ള ദൂരം ദീപകിലും ഒരു പാട് മാറ്റങ്ങൾ വരുത്തിയിരുന്നു. എങ്കിലും ആ കണ്ണുകളിലെ തിളക്കം ഇപ്പോഴുമുണ്ട് എപ്പോഴുമുള്ള ആ പുഞ്ചിരി അവനെ സുന്ദരനാക്കുന്നുണ്ട്. അന്ന് കോളേജിലെ അവസാന ദിവസം ലൈബ്രറിയിൽ വച്ച് തന്നെ നെഞ്ചോട് ചേർത്തു പിടിച്ച് ചുണ്ടുകളിൽ അവൻ്റെ പ്രണയം പകർന്ന നിമിഷം ഓർക്കുന്തോറും അവൾ തരളിതയായി. തൻ്റെ ആദ്യചുംബനം അതിൻ്റെ അനുഭൂതി ഓർക്കുന്തോറും പുതിയൊരു ഊർജം തന്നിൽ നിറയുന്നത് അവളറിഞ്ഞു. അപ്പോഴേക്കും മോളുടെ സ്കൂൾ ബസ് വന്നു നിന്ന ശബ്ദം കേട്ട് വിധുമുറ്റത്തേക്കോടി.

രാത്രി മകളെയും ഉറക്കി ടി വി കണ്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു കിരൺ കയറി വന്നത്. അയാൾ കുളിച്ചു വരുമ്പോഴേക്കും വിധു ഭക്ഷണമെടുത്ത് വച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ വിധു ഒളികണ്ണിട്ട് അയാളെയൊന്ന് നോക്കി. അയാൾ TV യിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. കഴിച്ചു കഴിഞ്ഞ് പാത്രമെല്ലാം കഴുകി വച്ച് അവൾ ബെഡ്

റൂമിലെത്തി. തിരിഞ്ഞു നിൽക്കുകയായിരുന്ന അയാളെ ഒരു കുസൃതിച്ചിരിയോടെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു. തന്നെയിപ്പോൾ ആ നെഞ്ചിലേക്കു വലിച്ചു ചേർത്ത് ചുംബിക്കും എന്നു കരുതി ശ്വാസമടക്കിപ്പിടിച്ചു നിന്ന വിധുവിന് കൂർത്ത ഒരു നോട്ടമാണയാൾ സമ്മാനിച്ചത്. അതു വരെയുള്ള വിധുവിൻ്റെ പ്രതീക്ഷകളെല്ലാം തകർന്നടിയാൻ അയാളുടെ ആ നോട്ടം

മതിയായിരുന്നു. അവൾ പതിവുപോലെ കിടക്കയുടെ ഓരം ചേർന്നു കിടന്നു.” ഇല്ല എൻ്റെ ജീവിതത്തിൽ അദ്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ല, ഈ ജീവിതം ഇങ്ങനെ തന്നെയാണ് ഇതിൽ മാറ്റമൊന്നും വരാൻ പോകുന്നില്ല” അവൾ പതിയെ കണ്ണുകളടച്ചു.രാത്രിയിലെ ഏതോ

നിമിഷത്തിൽ മൊബൈലിൽ നോക്കിയിരുന്ന രൂപം തനിക്കടുത്ത് വന്നു കിടന്നതവൾ അറിഞ്ഞു. വൈകിയില്ല ഒരു കൈ അവളെ തേടി വന്നു. പാതിയുറക്കത്തിൽ അവളയാളുടെ ചുംബനങ്ങൾ ഏറ്റുവാങ്ങി. അവയൊരിക്കലും അവളെ ത്രസിപ്പിക്കുന്നതായിരുന്നില്ല. ലൈബ്രറിയുടെ ഇരുണ്ട മൂലയിൽ അവളേറ്റുവാങ്ങിയ ചുംബനത്തിനോളം മധുരം ഭർത്താവിൻ്റെ കടമ തീർക്കുന്ന ചുംബനത്തിനുണ്ടായിരുന്നില്ല.

എപ്പോളോ അവൾ ഉറക്കത്തിലേക്കു വഴുതി വീണു. പതിവുപോലെ 5 മണിയുടെ അലാറം അടിച്ചു.അവൾക്കുള്ള ഉണർത്തു പാട്ടായി

രചന: Soumya Dileep

Leave a Reply

Your email address will not be published. Required fields are marked *