വഴിപാട്

രചന : – മിത്ര മനു-

ചെറിയൊരു ബൈക്ക് ആക്‌സിഡന്റ്, എന്റെ ജീവിതം തന്നെ മാറ്റി . കാലിന്റെ എല്ലു പൊട്ടി പ്ലാസ്റ്റർ ഇട്ട് കിടപ്പിലായിരുന്നു .. വീട്ടിൽകിടന്നു ബോറടിച്ചു .. ആദ്യമായിട്ടാണ് വീട്ടിൽ ഇങ്ങനെ ചടഞ്ഞുകൂടി കിടക്കുന്നതും.. മറ്റൊരു നിവർത്തിയും ഇല്ലല്ലോ.. ആകെ രക്ഷ എഫ്ബിയാണ്… എഫ്ബിയിൽ ഇത്രയും കൂട്ടുകാരൊക്കെ എനിക്കുണ്ടെന്നു ഞാൻ അന്നാണ് അറിഞ്ഞത്. പെൺകുട്ടികൾക്കാണെങ്കിൽ ഒടുക്കത്തെ ജാഡയാണ് .. അവളുമാരുടെ

“Mm”

എന്ന മൂളൽ കേൾക്കുമ്പോൾ ഒറ്റന്നങ്ങു കൊടുക്കാനാണ് തോന്നാറ്… എല്ലാ പെൺകുട്ടികളും ഒരുപോലെയാണെന്ന് ഞാൻ പറയുന്നില്ല.. എന്നാൽ മിക്കതും കണക്കാ… അതുകൊണ്ട് തന്നെ എന്റെ ചങ്ക്‌സിനോടൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കും .. അതിനും ഉണ്ടല്ലോ ഒരു പരുതി .. പിന്നെ ലൈക്കും ‌ കമെന്റ്സും ഇട്ട് പോകാൻ തുടങ്ങി .. ആ ഇടക്കാണ് ഒരുപാടു നാലുവരി പോസ്റ്റുകൾ മാത്രം എഴുതുന്ന അലനെ പരിചയപ്പെട്ടത് … അവന്റെ നാലുവരികൾ ഞാൻ എന്നുംശ്രദ്ധിക്കാറുണ്ടായിരുന്നു .. വിഷമം നിറഞ്ഞ വരികൾ എന്നും ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ… അവന്റെ കണ്ണുനീർ ആ എഴുത്തിൽ കാണാമായിരുന്നു.. ആരെയും കുറ്റപ്പെടുത്താതെ എല്ലാം വിധിയെ പഴിചാരുന്നവൻ…

എന്തോ ആദ്യമായിട്ടാണ് ഒരു ആണ്കുട്ടിയോടു എഫ്ബിയിൽ ഞാൻ ഇങ്ങനെ സംസാരിക്കുന്നത് … അവൻ ഒഴിഞ്ഞുമാറുന്നൊരു സ്വഭാവക്കാരനായിരുന്നു .. അവനെപ്പറ്റി എന്ത് ചോദിച്ചാലും ഓൺലൈനിൽ നിന്നും മുങ്ങും … ഹോ ഇതിലും ഭേതം പെണ്കുട്ടികളാണെന്നു എപ്പോഴും തോന്നാറുണ്ട്… എങ്കിലും അവനുമായി അടുക്കാൻ ഒരാഗ്രഹം.. സോപ്പിട്ടു വീഴ്ത്തി..

” നമ്മളാരാ മോൻ… അവനെയല്ല അവന്റെ പെങ്ങളേവരെ വളക്കാനുള്ള അടവ് എന്റടുത്തുണ്ട്..!

പിന്നീട് അവനും എന്നോട് അടുക്കാൻ തുടങ്ങി.. അങ്ങനെ കൊല്ലത്തുള്ള എനിക്ക് തൃശൂരിൽ ഒരു ഉറ്റചങ്ങാതിയുമുണ്ടായി.. അവനെപ്പറ്റി കൂടുതൽ അറിയാൻ തോന്നി.. അവന്റെ ഒഴിഞ്ഞുമാറ്റം കണ്ടപ്പോൾ അന്നെനിക്ക് ശരിക്കും ദേഷ്യം വന്നു.. പിന്നെ 4 ഡയലോഗ് അങ്ങ് കാച്ചി..

“ടാ… പുല്ലേ നാലുവരി കവിത എഴുതുന്നതുകൊണ്ടാണോ നിനക്കിത്ര ജാട… അതോ നീ പെൺകുട്ടികളോട് മാത്രമേ മിണ്ടാറുള്ളോ..? കുറെ നാളായി ഞാൻ ഓരോന്ന് ചോദിക്കുന്നു മിണ്ടാൻ പറ്റില്ലെങ്കിൽ എന്തിനാടാ ….. മോനെ എന്നെ ഫ്രണ്ടാക്കിയത്..?”

ഉടനെത്തന്നെ കരയുന്നൊരു സ്റ്റിക്കർ വന്നു കൂടെ ഒരു വോയിസ്‌ മെസ്സേജും.. ഞാൻ ഞെട്ടിപ്പോയി നല്ലൊരു കിളിനാദം… അലൻ.. ഒരു പെൺകുട്ടിയാണ്.. ഒറിജിനൽ പേര് അലംകൃത .. തെറ്റുധരിച്ചതു ഞാനായിരുന്നു… ഇപ്പോഴല്ലേ ജാടയിട്ടതിന്റെ അർത്ഥം മനസിലായത്… എന്റെ കിളിപോയി…

പിന്നെ അവൾ മനസ്സ് തുറന്നു… ഒരുപാടു സങ്കടങ്ങൾ മനസിലൊതുക്കി ആരോടും കൂട്ടില്ലാതെ അക്ഷരങ്ങളോട് മാത്രം സങ്കടങ്ങൾ പരിഭവങ്ങളും പങ്കുവെക്കുന്ന ഒരു പെൺകുട്ടി.. എന്തിനായിരുന്നു അലൻ എന്നപേരിൽ നിൽക്കുന്നത് എല്ലാവരും ആണ്കുട്ടിയെന്നെ കരുത്തുകയുള്ളു എന്ന് പറഞ്ഞപ്പോൾ അവളുടെ ആവിശ്യവും അതുതന്നെയായിരുന്നു… ആരും തന്നോട് കൂട്ടുകൂടണ്ട .. എനിക്ക് തനിച്ചിരിക്കുന്നതാണ് ഇഷ്ടം എന്നതായിരുന്നു മറുപടി … പ്രണയ നഷ്ടമാകും ഈ സങ്കടത്തിനു കാരണമെന്നു ഞാൻ ഊഹിച്ചെടുത്തു.. കളിയും ചിരിയും നിറഞ്ഞ കുട്ടിയാകും അലൻ… അവളുടെ പ്രണയ നഷ്ടമാകും അവളെ ഇങ്ങനെ മാറ്റിയത്.. അവളെ പഴയ സന്തോഷകരമായ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നു ഞാൻ നിശ്ചയിച്ചു… അറിയാതെ അവളോട്‌ ഒരു അടുപ്പവും തോന്നി തുടങ്ങി … എന്തെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കാനാണെങ്കിൽ അവളെ കാണാനും ഇല്ല…

ഒരാഴ്ചക്ക് ശേഷംപിന്നെ കണ്ടു… പ്രണയ നഷ്ടമാണോ നിന്റെ സങ്കടത്തിനു കാരണം,എന്ന എന്റെ ചോദ്യത്തിന് മറുപടി അല്ല.. പ്രണയം വിജയിച്ചു .. പക്ഷെ ജീവിതം പരാജയപെട്ടെന്നവൾ പറഞ്ഞപ്പോൾ ഒരു വിവാഹ മോചനം കഴിഞ്ഞസങ്കടത്തിൽ ജീവിക്കുന്ന കുട്ടിയാണ് അവളെന്നു ഞാൻ തീരെ പ്രതിക്ഷിച്ചില്ല… എന്ത് മറുപടി കൊടുക്കും എന്ന സങ്കടത്തിൽ നില്കുമ്പോഴേക്കും അവൾ ബൈ പറഞ്ഞു പോയി.. പിന്നെ കുറച്ച് ദിവസത്തേക്ക് അവളെ കണ്ടതേയില്ല… പിന്നീട് എന്നെ നല്ലൊരു ഫ്രണ്ടായി കണ്ടതുകൊണ്ടാവാം അവൾ മനസ്സ് തുറന്നു … ഒരു അണകെട്ട് പൊട്ടിച്ചുവിട്ടതുപോലെ അവളുടെ സങ്കടവും കണ്ണുനീരും അവൾ ഒഴുക്കി വിട്ടു … എന്റെ സമാധാന വാക്കുകൾ കുറച്ചൊക്കെ അവൾക്കു ആശ്വാസം നൽകിയെന്ന് എനിക്കു മനസിലായി… എന്റെ സ്വഭാവം പൂർണമായി മനസിലാക്കിയതുകൊണ്ടാവാം ആദ്യമായി അവൾ എനിക്ക് നമ്പർ തന്നു.. ഞങ്ങൾ ഒരുപാടു അടുത്തു.. അവളുടെ സങ്കടമെല്ലാം എന്റെ സാമീപ്യത്തിൽ ഇല്ലാതായി തീർന്നത് ഞാൻ കണ്ടു … അലനിലെ കളിയും ചിരിയും ഞാൻ കാരണം തിരിച്ചു വന്നു… ഞാൻപോലും അറിയാതെ എന്നിൽ പ്രണയം പൂവിട്ടു തുടങ്ങി…

മാസങ്ങൾ കടന്നുപോയി.. ജോലിയിലാണെങ്കിലും മനസ്സ് മുഴുവൻ അലനിലായിരുന്നു… പിന്നെ അവളെ ഒന്ന് കാണണം എന്നതായിരുന്നു എന്റെ ആഗ്രഹം .. ചോദിക്കാൻ എനിക്ക് മടിയും.. ആ കാരണത്താൽ തെറ്റിപോകുമോ എന്നുള്ള ഭയവും ഉണ്ടായിരുന്നു…

അന്ന് അവൾ വിളിച്ചു നാളെ എന്റെ പിറന്നാളാണ് അതുകൊണ്ട് അടുത്തുള്ള ക്ഷേത്രത്തിൽ പോകും, ഉച്ചക്ക് ഓൺലൈൻ വരു എന്നവൾ അറിയിച്ചു … ഒറ്റക്കാണെന്നു അറിഞ്ഞപ്പോൾ എനിക്കും ഒരു ആഗ്രഹം തോന്നി.. അവളറിയാതെ പിറ്റേന്ന് രാവിലെ ഞാനും അവിടെ എത്തി. നല്ലൊരു ഗിഫ്റ്റും കയ്യിൽ കരുതി … അതിനിടയിൽ സ്കൂട്ടിയിൽ വന്നിറങ്ങിയ ചുവപ്പ് പട്ടുപാവാട ഇട്ട കുട്ടിയെ ഞാൻ ശ്രദ്ധിച്ചു … ഇതാകുമോ അലംകൃത.. ഹൈ അല്ല .. അവൾ കല്യാണം കഴിഞ്ഞതല്ലേ വലിയ പെണ്ണായിരിക്കും.. ഇടം കണ്ണിട്ടു ഞാൻ ആ കുട്ടിയെ ഒന്ന് നോക്കി… നല്ല വാലിട്ടു കണ്ണെഴുതിയ തിളക്കമുള്ള കണ്ണുകളുള്ള കൊച്ചു സുന്ദരി.. കാറ്റിൽ പാറിപറക്കുന്ന മുടി ഒതുക്കി വെച്ച് വണ്ടി സൈഡാക്കാൻ ശ്രമിക്കുകയാണ് അവൾ… ഞാൻ കണ്ട എന്റെ സ്വപ്നത്തിലെ അതെ രൂപമുള്ള കുട്ടി…

‘ഹേയ്.. വേണ്ട സൗന്ദര്യം നോക്കിയിട്ട് കാര്യമില്ല എനിക്ക് അലനെ മതി ..’ അവളുടെ മനസ്സ് ഞാൻ കണ്ടതാണ് .. അതിനോളം വരില്ലല്ലോ ഒരു സൗന്ദര്യവും… എങ്കിലും മനസ്സിൽ ഞാൻ ചിന്തിച്ചു അവൾ വല്ല തടിച്ചിപ്പാറുവോ, തള്ളച്ചിയെപ്പോലെയോ ആണെങ്കിൽ ഞാൻ എന്തുചെയ്യും ഈശ്വരാ… എന്റെ ബോധം പോകുമോ..? വരുന്നിടത്തുവെച്ചു കണമെന്നുറപ്പിച്ചു ഞാൻ പതിയെ കൗണ്ടറിന്റെ അടുത്തേക്ക് നടന്നു… അലനെ കാണുന്നുമില്ല .. അവൾ വന്നിട്ട് പോയികാണുമോ.. ഞാൻ മാറി നിന്ന് ഫോണെടുത്തു വിളിച്ചു .. അതെ സമയം ആ കുട്ടിയുടെ ഫോണും റിങ് ചെയ്തു.. അവൾ ഫോൺ കട്ടാക്കിയതും എന്റെ ചെവിയിൽ നമ്പർ ബിസി എന്ന് മുഴങ്ങി കേട്ടു .. അത്ഭുതം തോന്നി ഇവളാണോ അലൻ.. ഞാൻ കൗണ്ടറിന്റെ അടുത്ത് നിന്നു, അവൾ അർച്ചനക്കുള്ള ബില്ല് മുറിക്കുകയായിരുന്നു.. പേരും നാളും പറയുന്നത് കേൾക്കാനായി ഞാൻ കാതോർത്തു നിന്നു… പേര്.. അലംകൃത.. നാളു.. മകം എനിക്കവിടുന്നു തുള്ളിച്ചാടാനാണ് തോന്നിയത്.. പക്ഷെ ഞാൻ മൗനം പാലിച്ചു .. അവസാനം വിഷ്ണു അവിട്ടം എന്നുകൂടി കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു എന്റെ പേരിലും അവൾ നേർച്ച കഴിക്കുന്നല്ലോ…അപ്പോൾ ഇവൾക്കെന്നെ ഇഷ്ടമാണോ..?

അവൾ അമ്പലത്തിൽ തൊഴാൻ കയറിയപ്പോൾ ഞാൻ കയ്യിലെ ഗിഫ്റ്റ് അവളുടെ വണ്ടിയിൽ കൊണ്ട് വെച്ചു … അവളറിയാതെ അവളോട്‌ ചേർന്നു നിന്ന് പ്രാർത്ഥിച്ചു. ഇവളെ എനിക്ക് തരണമേ ദൈവമെ എന്ന് മനമുരുകി പ്രാർത്ഥിച്ചു… അവളോടൊപ്പം അവളറിയാതെ അമ്പലത്തിനു വലം വെച്ചപ്പോഴും മനസ്സിൽ ഒരേയൊരു പ്രാർത്ഥന മാത്രം… ഇത്രനല്ലൊരു ചുള്ളൻചെക്കനെ കണ്ടഭാവംപോലും ഇല്ലാതെ അവൾ ഭക്തിയിൽ മുഴുകിയിരിക്കുന്നു.. മുഖത്തേക്കൊന്നു നോക്കിയിരുന്നേൽ ഒരു ചിരി പാസ്സാക്കാമായിരുന്നു… അവൾ നോക്കിയതേയില്ല… അവിടെനിന്നും വിളിച്ച് പറയണമെന്നുണ്ട് ഇഷ്ടമാണ് എന്ന് … പക്ഷെ അവൾ എതിർത്താൽ എനിക്കു താങ്ങാൻ ആവില്ല … കാരണം കാണുന്നതിന് മുൻപ് തന്നെ ഞാൻ സ്നേഹിച്ച പെണ്ണാണ് അവൾ.. തൊഴുതിറങ്ങി വണ്ടിക്കരികിലേക്കു നടക്കുന്ന അവളെ മാറി നിന്ന് ഞാൻ ഒന്നുകൂടി വിളിച്ചു .. അമ്പലത്തിൽ ആയതുകൊണ്ടാണ് ഫോൺ കട്ടാക്കിയതെന്നും ഏട്ടന്റെ അസുഖം മാറിയതിനു ഞാൻ നേർച്ച കഴിച്ചെന്നും അവൾ പറഞ്ഞു… പിന്നെ അനക്കമില്ല. അവൾ മിണ്ടാതിരുന്നപ്പോൾ ഞാൻ പതുക്കെയൊന്ന് എത്തി നോക്കി ഗിഫ്റ്റ് കയ്യിലെടുത്തു ചുറ്റോടുചുറ്റും നോക്കുന്ന അവളെ കണ്ടു … “ഏട്ടാ … സോറി ട്ടോ .. എന്റെ വണ്ടിയുടെ മുകളിൽ ഒരു ഗിഫ്റ്റ് .. ആരാ വെച്ചതെന്ന് അറിയില്ല …”

“അതെയോ നീ പൊട്ടിച്ച് നോക്ക് .. എന്താ അതിലെന്ന് അറിയാമല്ലോ”

“ആരാ വെച്ചതെന്ന് അറിയാതെ ഞാൻ എങ്ങനെ പൊട്ടിക്കും ..? ”

” അത് സാരമില്ല, ചിലപ്പോൾ അകത്തു പേര് കാണും .. നീ പൊട്ടിക്കു”

ആകാംഷയോടെ പൊതിയഴിക്കുന്ന അവളെ ഞാൻ മറഞ്ഞു നിന്ന് കണ്ടു …

“ഏട്ടാ.. ഇതിൽ ഒരു കൃഷ്ണ വിഗ്രഹമാ .. കറന്റിൽ കുത്തിയാൽ പാട്ടൊക്കെ കേൾക്കുന്ന, ലൈറ്റ് ഒക്കെ കത്തുന്ന ഒരു ഗിഫ്റ്റ് …നല്ല ഭംഗിയുണ്ട് …”

“ആഹാ കൊള്ളാമല്ലോ … എന്തെങ്കിലും എഴുതിയിട്ടുണ്ടോന്നു നോക്ക് …”

“ഉം ഉണ്ട് … Happy birthday Alankritha … എന്ന് എഴുതിയിട്ടുണ്ട് by എഴുതി കുറെ കുത്തിട്ടിരിക്കുന്നു…”

ആരായിരിക്കും..?

“അറിയില്ല ഏട്ടാ .. ഞാൻ എന്താ ചെയ്യുക പരിചയം ഉള്ള ആരെയും ഇവിടെ കാണുന്നില്ല ..”

“സാരമില്ല നീ അത് വീട്ടിലേക്കു കൊണ്ടുപോകു.. വൈകാതെ തന്നെ ഉടമസ്ഥൻ നിന്നെ തേടിവരുമായിരിക്കും ”

ഉം ..

“അല്ല മൂളൽ മാത്രമേ ഉള്ളോ എനിക്ക് കൊളൊന്നുമില്ലേ..?

“ആഘോഷങ്ങളൊന്നും ഇല്ല ഏട്ടാ .. അമ്പലത്തിൽ വന്നു നേർച്ച കഴിച്ചു .. ഇപ്പോൾ വന്നാൽ വേണമെങ്കിൽ പായസം തരാം.. പിന്നെ ഏട്ടന്റെ പേരിൽ കഴിപ്പിച്ച ചന്ദനവും തരാം …”

“ആഹാ … വന്നാൽ ചന്ദനം നീ തൊട്ടുതരുമോ ..?

“അയ്യടാ സ്വന്തം അങ്ങ് തൊട്ടാൽ മതി ..”

“എന്നാൽ വരുന്നില്ല.. പായസവും വേണ്ട.. ”

“ഹോ പറച്ചിൽ കേട്ടാൽ ഇപ്പോൾ വരും…”

“പൊട്ടു തൊട്ടുതരുകയാണേൽ വരും…”

“ആഹാ എന്നാൽ അത് കാണണമല്ലോ..? തൊട്ടുതരം വാ …”

“പറ്റിക്കരുത് … വന്നാൽ തൊട്ടു തരണം..”

“ഞാൻ ആരെയും പറ്റിക്കാറില്ല .. അമ്മ സത്യം തൊട്ടു തരും..”

“എന്നാൽ ഞാൻ വരാം..”

“അതെ എനിക്കറിയാം ഏട്ടന് അത്ര ദൂരത്തു നിന്നും ഇവിടെ എത്താൻ പറ്റില്ലാന്ന്…”

അതു പറഞ്ഞതും ഞാൻ ഫോൺ കട്ടാക്കി .. അവൾ ചിരിച്ചുകൊണ്ട് വണ്ടിയെടുക്കാൻ തിരിഞ്ഞതും ഞാൻ മുന്നിൽ പോയി നിന്നു …

happy birthday alan.. പ്രസാദം താ …”

അവൾ ശരിക്കും ഞെട്ടി വാക്കുകൾക്കായി തപ്പിത്തടഞ്ഞു …

“ഏട്ടൻ … എങ്ങനെ ഇവിടെ..? എനിക്കൊന്നും മനസിലാകുന്നില്ല..”

സംശയം തീർക്കാൻ എന്നോണം അവൾ എന്റെ ഫോണിലേക്കു വിളിച്ചു..

“അതെ ..മുന്നിൽ നിൽക്കുന്ന ഇ ഞാൻ തന്നെയാണ് വിഷ്ണു..”

ഞാൻ കളിയാക്കി പറഞ്ഞു… ശരിക്കും ചമ്മിയെന്നു മനസിലായി, അവൾ തിരിഞ്ഞു നിന്നപ്പോൾ സ്കൂട്ടിയുടെ കണ്ണാടി ചില്ലിലൂടെ ആ മുഖത്തെ ചമ്മൽ ഞാൻ കണ്ടു … പിന്നെ കയ്യിലിരുന്ന പായസം എനിക്ക് തന്നു ..

“അല്ല പൊട്ടു തൊട്ടുതരുമെന്നു ചിലർ ഇവിടെ അമ്മയെ തൊട്ടു സത്യമെല്ലാം ചെയ്തിരുന്നു …”

അവൾ ചമ്മിയ മുഖത്തോടെ തല താഴ്ത്തി… പുഷ്പാഞ്ജലി എനിക്ക് നേരെ നീട്ടി…

“ഇത് തൊട്ടോളൂ .. ഏട്ടന്റെ അസുഖം മാറാൻ വേണ്ടി കഴിപ്പിച്ചതാണ്…”

“അപ്പോൾ താൻ സത്യം ചെയ്തത് മറന്നോ …?

“അയ്യോ അത് വേണ്ട… ഏട്ടൻ ഇവിടെ വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല…”

“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല … അമ്പലത്തിനു മുന്നിൽ നിന്നു സത്യം ചെയ്തതാണ്..”

പിന്നെ അവൾ ചുറ്റോടു ചുറ്റും നോക്കി മനസില്ല മനസോടെ വിറക്കുന്നകൈകൾ കൊണ്ട് എനിക്കൊരു കുറി വരച്ചു തന്നു…

ഗിഫ്റ്റിന്റെ ഉടമക്ക് താങ്ക്സും പറഞ്ഞു… പിന്നീട് അവൾക്കെന്നോട് മിണ്ടാൻ ചമ്മലായിരുന്നു … എന്റെ ഇഷ്ടംഅവളെ അറിയിച്ചു, മറുപടി പോലും കേൾക്കാൻ നിൽക്കാതെ ഞാൻ തിരിഞ്ഞുനടന്നു.. കണ്ണടച്ചാൽ ഭദ്രകാളി തുള്ളുന്ന വീട്ടുകാരുടെ മുഖം മനസ്സിൽ ഉണ്ടെങ്കിലും അതെല്ലാം പരിഹരിച്ചു അവൾക്കുള്ള താലിയുമായി ഈ നടയിൽ വെച്ചു അവളെ സ്വന്തമാക്കുമെന്ന് വടക്കുംനാഥന് വാക്ക് നൽകി, ഞാൻ ആ യാത്ര തിരിച്ചു …

രചന : – മിത്ര മനു-

Leave a Reply

Your email address will not be published. Required fields are marked *