വിറയ്ക്കുന്ന ചുണ്ടുകളോടെ അവനത് ചോദിക്കുമ്പോൾ, അവൻ്റെ തലമുടിയിൽ നിന്ന് വെള്ളം ഊർന്നു വീഴുന്നുണ്ടായിരുന്നു….

രചന: സന്തോഷ് അപ്പുക്കുട്ടൻ

(ചതുരംഗം) “സ്വർണ്ണമായിട്ട് എന്തിന് കൊണ്ടു പോകുന്നു – അതിനൊപ്പം എന്നെയും കൊണ്ടു പോ”

അശരീരിയോടൊപ്പം മുറിയിൽ പ്രകാശം പരന്നതും ഒന്നിച്ചായിരുന്നു.

ഞെട്ടിത്തെറിച്ചു നോക്കിയ ആദർശ് കണ്ടത്-സ്വിച്ച് ബോർഡിൽ കൈയുംവെച്ച് നിൽക്കുന്ന പെൺകുട്ടിയെയാണ്.

അവളുടെ കണ്ണുകളിലെ അഗ്നിനാളമേറ്റ് അവൻ പൊള്ളിയടർന്നു.

ഷെൽഫിൽ നിന്നു എടുത്ത സ്വർണ്ണം അവൻ്റെ കൈയിൽ കിടന്നു വിറച്ചു.

അവൾ അവൻ്റെ അടുത്തേക്ക് പതിയെ നടന്നടുത്തപ്പോൾ, അവൻ പിന്നോക്കം മാറി മതിലിൽ ചാരി നിന്നു.

കൈയിലുള്ള സ്വർണ്ണം അവൾക്കു നേരെ നീട്ടി അവൻ കണ്ണടച്ചു നിന്നു.

അടിമുടി വിറയ്ക്കുന്ന അവനെ അവൾ സംശയത്തോടെ നോക്കി.

“താൻ ആദ്യമായിട്ടാണോ മോഷണത്തിനിറങ്ങുന്നത്

അവൻ അതെയെന്ന് തലക്കൊണ്ട് ആംഗ്യം കാട്ടി.

” ഇത്തിരി വെള്ളം തരോ?”

വിറയ്ക്കുന്ന ശബ്ദത്തിൽ അവനത് ചോദിച്ചപ്പോർ ആതിര അവനെ അത്ഭുതത്തോടെ നോക്കി ഒരു നിമിഷം നിന്നു.

പിന്നെ അടുക്കളയിൽ ചെന്ന് കലത്തിൽ നിന്ന് വെള്ളമെടുത്ത് വന്നു ആദർശിന് കൊടുത്തു.

ഒറ്റവലിക്ക് വെള്ളം കുടിച്ച് തീർത്ത്, അവൻ ആതിരയെ ദയനീയമായി നോക്കി.

“ഞാൻ പോട്ടെ ?”

വിറയ്ക്കുന്ന ചുണ്ടുകളോടെ അവനത് ചോദിക്കുമ്പോൾ, അവൻ്റെ തലമുടിയിൽ നിന്ന് വെള്ളം ഊർന്നു വീഴുന്നുണ്ടായിരുന്നു.

ആറടിയോളം പൊക്കമുള്ള, ടീ ഷർട്ടിൽ നിന്നു തെറിച്ചു നിൽക്കുന്ന ബോഡിയുള്ള അവൻ്റെ മുഖത്ത് നിന്ന് കുട്ടിത്തം മാറാത്തതുപോലെ അവൾക്കു തോന്നി.

പെട്ടെന്ന് അടുത്ത മുറിയിൽ നിന്ന് ഒരു ചുമകേട്ടപ്പോൾ അവൻ പരിഭ്രമത്തോടെ ആതിരയെ നോക്കി.

“പേടിക്കണ്ട അച്ഛനാണ്. വയ്യാതെ കിടപ്പിലാണ് ”

കെണിയിൽ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടാൻ നോക്കുന്ന ഒരു പക്ഷിയുടെ ദയനീയത അവൻ്റെ മുഖത്ത് നിറഞ്ഞു നിന്നു.

” പുറത്തു നല്ല മഴയും, ഇടി മുഴക്കവും ഉണ്ട്. മഴയൊന്നു തോർന്നിട്ടു പോകാം – അതിനുള്ളിൽ ഞാൻ ഇച്ചിരി കാപ്പിയിടാം”

അതും പറഞ്ഞ് അടുക്കളയിലേക്ക് പോകുന്ന ആതിരയെ അവൻ അത്ഭുതത്തോടെ നോക്കി നിന്നു.

ഒരു ദേവതയുടെ സ്ഥാനമായിരുന്നു അവൻ്റെ മനസ്സിലപ്പോൾ ആതിരയ്ക്ക്.

അവനിൽ വേരുറപ്പിച്ചിരുന്ന, പെണ്ണുങ്ങളെല്ലാം ചതിക്കുന്നവരാണെന്ന ചിന്ത പതിയെ ഇളകി തുടങ്ങി.

“ആ തോർത്ത് മുണ്ട് എടുത്ത് ഒന്നു തല തുവർത്തിക്കോ?”

അടുക്കളയിൽ നിന്ന് മുഖം കാണിച്ച്, ജനലഴിയിൽ തൂങ്ങി കിടക്കുന്ന തോർത്ത് ചൂണ്ടി കാണിച്ച് അവൾ പതിയെ പറഞ്ഞപ്പോൾ അവൻ തലകുലുക്കി.

” തന്നെ കണ്ടപ്പോൾ എൻ്റെ ഏട്ടൻ്റെ ഒരു ഛായതോന്നി ”

കാപ്പി ഊതി കുടിക്കുമ്പോൾ, അവളുടെ മിഴികൾ തേക്കാത്ത ചുമരിലേക്ക് നീണ്ടു.

ചില്ലിട്ട ഫോട്ടോയിയിൽ പുഞ്ചിരിച്ചു നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടതും ആദർശ് അവളെ നോക്കി.

” ആക്സിഡൻ്റായിരുന്നു ”

അതും പറഞ്ഞ് അവൾ ഒരു നിമിഷം കണ്ണടച്ചിരുന്നു.

“അതു പോട്ടെ, തൻ്റെ പേര് എന്താ?”

മിഴിനീർ തുടച്ചുക്കൊണ്ട് അവൾ അവനെ നോക്കി.

” ആദർശ് ”

അവൻ പതിയെ പറഞ്ഞതും അവൾക്ക് ചിരി പൊട്ടി.

” ഇത്രയും നല്ല പേര് വെച്ചാണോ മോഷണത്തിനിറങ്ങുന്നത്?

അവളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ നിശ്ചലം അവനിരുന്നു.

“വീട്ടിൽ ആരൊക്കെയുണ്ട്?”

“അച്ഛനും, അമ്മയും, അനിയത്തിയും”

“അവർ എന്തു ചെയ്യുന്നു?”

ആതിരയുടെ ചോദ്യം കേട്ടതും അവൻ ഒരു നിമിഷം മൗനത്തിലാണ്ടു..

” ആരൊക്കെയുണ്ട്?”

ഈ തവണ ആതിരയുടെ സ്വരമുയർന്നപ്പോൾ അവൻ പതറി.

” അമ്മ,ടീച്ചർ, അച്ഛൻ ബാങ്ക് മാനേജർ ”

ആദർശ് പറഞ്ഞു തീർന്നപ്പോഴേക്കും ആതിര ഇരിപ്പിടത്തിൽ നിന്നും അറിയാതെയുർന്നു.

അവളുടെ കൈ അവൻ്റെ ചെകിട്ടിൽ ആഞ്ഞടിച്ചു.

അവൻ ഒന്നും സംഭവിക്കാത്തതുപോലെ തലയും കുനിച്ചിരുന്നു.

അവൻ്റെ കണ്ണിൽ നിന്ന് നീർ നിലത്ത് വീണ് ചിതറുന്നത് കണ്ടിട്ടും അവളുടെ കോപമടങ്ങിയില്ല.

” ആ നീയാണോ ദരിദ്രമായ ഈവീട്ടിൽ മോഷ്ടിക്കാൻ വന്നത്?ആട്ടെ താൻ കള്ളോ, കഞ്ചാവോ?”

അവളുടെ തീ പാറുന്ന കണ്ണുകൾ നേരിടാനാവാതെ അവൻ പുറത്തു പെയ്യുന മഴയിലേക്ക് നോക്കി നിന്നു.

‘ മദ്യം കഴിക്കും”

അവൻ പതിയെ മന്ത്രിച്ചപ്പോൾ, അവനെ തന്നെ ഉറ്റുനോക്കിയിരുന്നു ആതിര.

” നിനക്കൊരു വിഷാദഭാവമാണല്ലോ? എന്താ നിൻ്റെ പ്രശ്നം?”

ആതിര ചോദിച്ചതും, അവൻ മുഖം ഇരു കൈകൾ കൊണ്ട് പൊത്തിപ്പിടിച്ച് കുനിഞ്ഞിരുന്നു.

അവൻ്റെ കാതിലപ്പോൾ പുറത്തു പെയ്യുന്ന മഴയുടെ ശബ്ദം ഇരമ്പിയെത്തി.

വൃക്ഷലതാദികളെ ഉലച്ചു കൊണ്ട് കാറ്റ് ശക്തിയോടെ വീശിയെത്തി.

തുള്ളിക്കൊരു കുടം പോൽ പെയ്യുന്ന മഴ തോട്ടിൽ വീണ് ചിതറുന്നു.

കരകവിഞ്ഞൊഴുകുന്ന തോടിനു മുകളിലൂടെയുള്ള തടി പാലത്തിലൂടെ നടന്നു വരുന്ന സ്വർണ്ണ കൊലുസിട്ട രണ്ട് പാദങ്ങൾ?

ചൂണ്ട തോട്ടിലേക്കിട്ട് മുഖമുയർത്തിയപ്പോഴാണ് അവളുടെ മുഖം തെളിഞ്ഞത്.

മുല്ലപ്പൂ പോലെ ഒരു പെൺക്കുട്ടി.

കാറ്റിനൊപ്പം സഞ്ചരിക്കുന്ന കുടയെ നിയന്ത്രിക്കാനൊരുങ്ങിയപ്പോൾ, തെങ്ങിൻതടി പാലത്തിൻ നിന്ന് തെന്നിയവൾ തോട്ടിലേക്ക് വീഴുന്നു.

കുത്തിയൊഴുകുന്ന ആ തോട്ടിൽ നിന്നവളെ രക്ഷപ്പെടുത്തുമ്പോൾ, ആദ്യമായി ഒരു പെണ്ണിനെ സ്നേഹിച്ചു തുടങ്ങുകയായിരുന്നു അവൻ.

“വല്ലാത്തൊരു പ്രണയമായിരുന്നു ഞങ്ങൾ – അവൾ ഇട്ടേച്ചു പോകും വരെ ”

തലയും കുനിച്ചിരുന്നു അവനത് പതിയെ സ്വയംപറയുമ്പോൾ ആതിരയ്ക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങി.

“പിന്നെ ഒന്നിനും ഒരു ഉത്സാഹമില്ലായിരുന്നു. എല്ലാറ്റിനോടും വെറുപ്പ്. പെൺക്കുട്ടികളെ കാണുന്നതേ കലി. വീട്ടിൽ വല്ലപ്പോഴും മാത്രമേ കയറി ചെല്ലൂ- ജീവിതത്തിനോട് തന്നെ വിരക്തി ”

പറഞ്ഞു നിർത്തി അവൻ കാപ്പി ഗ്ലാസ് കൈയിലെടുത്തു.

” കാപ്പി തണുത്തിട്ടുണ്ടാവും – ഞാൻ ചൂടാക്കി കൊണ്ടു വരാം ”

ആദർശിൽ നിന്ന് ഗ്ലാസ് വാങ്ങി അവൾ അടുക്കളയിലേക്ക് നടന്നു.

കാപ്പി ചൂടാക്കുന്നതിനിടയിൽ അവൾ തിരിഞ്ഞു നോക്കിയപ്പോൾ, അടുക്കള വാതിൽക്കൽ തന്നെ നോക്കി ആദർശിനെ കണ്ടു.

” ഇട്ടേച്ചു പോയ അവളെ താൻ ഒന്നും ചെയ്തില്ലേ? കുറഞ്ഞ പക്ഷം അവളെ തീകൊളുത്തൽ – അതാണല്ലോ ട്രെൻഡ്?”

കലത്തിൽ നിന്ന് ഗ്ലാസ്സിലേക്ക് ചായ പകർത്തുന്നതിനിടയിൽ അവൾ ചോദിച്ചപ്പോൾ അവൻ പതിയെ ചിരിച്ചു.

“എന്താ ചിരിക്കുന്നേ?”

കാപ്പിഗ്ലാസ്സ് ആദർശിൻ്റെ കൈയിലേക്ക് കൊടുത്തു അവൻ്റെ കണ്ണുകളിലേക്ക് നോക്കി ആതിര.

“നമ്മൾ മനസ്സ് തുറന്ന് സ്നേഹിച്ച ഒരാളെയും നമ്മൾക്ക് ഒന്നു കുത്തിനോവിക്കാൻ പോലും കഴിയില്ല ”

“ആതിര ”

അവൻ പകുതിക്കു നിർത്തി ആതിരയെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ അവൾ പതിയെ അവളുടെ പേര് -പറഞ്ഞു.

“ആതിരയ്ക്കറിയോ അങ്ങിനെ ചെയ്യുന്നുവർ ഒരിക്കലും അവരെ പ്രണയിച്ചിട്ടുണ്ടാവില്ല – വെറും മാംസത്തിനോടുള്ള കൊതിയാ അത് ”

“സത്യം?”

അവൾ അടുക്കളയിലെ പൊളിഞ്ഞ സ്ലാബിൽ കയറിയിരുന്നു അവനെ നോക്കി ചോദിച്ചു.

“അല്ല പിന്നെ ”

അവൾക്കരികിലായ് അവനും ചേർന്നിരുന്നു.

“ജനിപ്പിച്ച തന്തയും, ഗർഭത്തിൽ വഹിച്ച തള്ളയും ഇല്ലാതാകുമ്പോഴും, അതെല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കുന്നവരാ ഒരു പെണ്ണ് കൈവിട്ടാൽ ഒരു മുഴം കയറിൽ തൂങ്ങുന്നത് ശരിക്കും ഭ്രാന്താ അതൊക്കെ ”

ആദർശ് പറഞ്ഞു തീർന്നു മുഖമുയർത്തിയപ്പോൾ തന്നെ നോക്കിയിരിക്കുന്ന ആതിരയെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകി.

അവൾ പതിയെ ചിരിച്ചു കൊണ്ട് തലയാട്ടുമ്പോൾ, അവളുടെ കൊട്ടകമ്മലുകൾ പതിയെ ആടുന്നുണ്ടായിരുന്നു.

അവൻ ചുടുകാപ്പി പതിയെ ഊതിക്കുടിക്കുമ്പോൾ അടുക്കളയൊന്നാകെ ശ്രദ്ധിക്കുകയായിരുന്നു.

ദാരിദ്ര്യത്തിൻ്റെ ഒരിയ്ക്കലും മായാത്ത നിറം പോലെ കറുപ്പ് അവിടെയാകെ പടർന്നിരുന്നു.

മരത്തിൻ്റെ പൊട്ടിപൊളിഞ്ഞ അലമാരിയിലിരിക്കുന്ന ചില്ലു ഭരണികൾ മിക്കതും ശൂന്യമായിരുന്നു.

“ഈ വീടിൻ്റെ കോലം കണ്ടില്ലേ?എന്നിട്ടും എങ്ങിനെ ഇവിടെ കയറി ആദർശിന് മോഷ്ടിക്കാൻ തോന്നി? ”

അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ടതും അവൻ മുഖം താഴ്ത്തി.

“നല്ല തണ്ടും തടീം ഉണ്ടല്ലോ? അദ്ധ്വാനിച്ച് ജീവിച്ചു കൂടെ?”

മുഖം താഴ്ത്തിയിരിക്കുന്ന അവൻ്റെ തോളിൽ ആതിര കൈവെച്ചപ്പോൾ അവൻ പതിയെ മുഖമുയർത്തി.

” പെട്ടെന്ന് പൈസയുണ്ടാക്കാൻ കൂട്ടുകാർ കാണിച്ചു തന്ന വഴി എത്ര വെറുക്കപ്പെട്ടതാണെന്നറിയോ?”

അവൾ പതിയെ അവൻ്റെ കണ്ണീർ തുടച്ചു.

പുറത്തു പെയ്യുന്ന മഴയിലൂടെ,വന്നെത്തിയ മിന്നൽ വെളിച്ചം അവരെ തഴുകി കടന്നു പോയ്.

അവളുടെ വിടർന്ന മിഴികളിലേക്ക് അവൻ രണ്ട് നിമിഷം നോക്കി നിന്നു.

” ആതിരയെ ഞാൻ കല്യാണം കഴിച്ചോട്ടെ?”

ആദർശിൻ്റെ ചോദ്യം ഇടിമുഴക്കങ്ങൾക്കിടയിൽ കുടുങ്ങിയപ്പോൾ, അവൾ ശരിക്കും കേട്ടിരുന്നില്ല.

” എന്തേ ആദർശ് ചോദിച്ചത്?”

ആതിരയുടെ ചോദ്യം കേട്ടപ്പോൾ അവൻ്റെ രണ്ടു കൈകകളും അവളുടെ ഇരുതോളിലും അമർന്നു.

“ഞാൻ തന്നെ വിവാഹം ചെയ്തോട്ടെന്ന്?”

ചോദ്യം കേട്ടതും ഞെട്ടിയ ആതിര അവൻ്റെ കൈകൾ തോളിൽ നിന്നടർത്തി ഒരടി പിന്നോട്ടുവെച്ചു.

“നാളെ എൻ്റെ വിവാഹമാണ് – അതിനു വേണ്ടി വീടൊഴിച്ച് ബാക്കിയുള്ള സ്ഥലം വിറ്റിട്ട് എടുത്ത സ്വർണമാണ് ആദർശ് മോഷ്ടിക്കാൻ നോക്കിയത്?”

അവൻ അത്ഭുതത്തോടെ അവളെ നോക്കി.

പിന്നെ ഒന്നും മനസ്സിലാവാതെ ആ വീടിനുള്ളിൽ ചുറ്റികറങ്ങി കണ്ണുകൾ.

” ഒരു കല്യാണവീടിൻ്റെ ലക്ഷണങ്ങളൊന്നും ഇല്ല അല്ലേ ആദർശ്?”

അവൾ നനുത്ത ചിരിയോടെ ചോദിച്ചപ്പോൾ, അവളുടെ നിറഞ്ഞ കണ്ണുകൾ അവൻ കണ്ടില്ലെന്നു നടിച്ചു. ” കാവിലെ ദേവിയുടെ മുന്നിൽ ലളിതമായ ഒരു താലിക്കെട്ട്.അടുത്ത ബന്ധുക്കൾ പോലും പങ്കെടുക്കാനില്ല”

മുറിയിൽ നിന്ന് അച്ഛൻ്റെ ചുമ കേട്ടപ്പോൾ അവൾ ഒരു നിമിഷം നിർത്തി.

“ചേട്ടൻ്റെ മരണത്തോടെ തളർന്നുവീണതാ അച്ഛൻ”

ആതിര പറഞ്ഞു തീർന്നതും ആദർശ് ആ ചെറിയ മുറിയിലേക്ക് നടന്നു.

വായുവിൽ നിറഞ്ഞു നിൽക്കുന്ന കുഴമ്പിൻ്റെ രൂക്ഷഗന്ധം അവനെ അലോസരപ്പെടുത്തി.

കറുത്ത കരിമ്പടത്തിനു താഴെ, ക്ഷീണത്തോടെയുള്ള മുഖവുമായി ഒരാളെ, പാറിയെത്തുന്ന വെട്ടത്തിൽ അവൻ കണ്ടു.

” അച്ഛനെ ഒറ്റയ്ക്കാക്കി ഒരു വിവാഹത്തിനും എനിക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ അച്ഛൻകരഞ്ഞുകൊണ്ടു പറഞ്ഞപ്പോൾ?”

വാക്കുകൾ പാതിവഴിയിലെവിടെയോ മുറിഞ്ഞു വീണപ്പോൾ, അവൾ അടുക്കളയിലേക്ക് തന്നെ തിരിച്ചു നടന്നു.

” ആള് പോലീസുക്കാരനാണ്. പേര് സതീഷ്. ഞാൻ ജോലി ചെയ്യുന്ന തുണിക്കടയിൽ വന്നപ്പോൾ പരിചയപ്പെട്ടതാ. പൊന്നും പണവും ഒന്നും വേണ്ടാന്ന് പറഞ്ഞതാ. പക്ഷേ അച്ഛൻ സമ്മതിച്ചില്ല. അച്ഛനിപ്പോൾ കൊടുക്കാൻ ഞാൻ മാത്രമല്ലേ ഉള്ളൂ”

ആദർശ് പതിയെ തലയാട്ടി.

“ഇതാണ് ആൾ ”

മൊബൈൽ എടുത്ത് ഗ്യാലറിയിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് ആദർശിനു കാണിച്ചു അവൾ.

“ചുള്ളനാണല്ലോ?”

ഫോട്ടോയിലേക്ക് നോക്കി ആദർശ് പറഞ്ഞതും, അവളുടെ മിഴികൾ നാണത്തിൽ കുതിർന്നു പോയി.

“മോഷ്ടിക്കാൻ വന്ന ആദർശിനെ കണ്ടപ്പോൾ ആദ്യം പുള്ളിക്കാരനെ വിളിക്കാനാണ് തോന്നിയത്. പക്ഷെ പുള്ളിയുടെ ഇടിക്ക് ഒരു മയവുമുണ്ടാകില്ല”

” എല്ലാറ്റിനും നന്ദി ആതിരാ”

അവൾക്കു മുന്നിൽ അവൻ ഒരു നിമിഷം കൈകൂപ്പിനിന്നു.

പിന്നെ അവൻ പുറത്ത്, വെളിച്ചത്തിലേക്ക് വഴിമാറുന്ന ഇരുട്ടിലേക്ക് നോക്കി.

“നേരം പുലരാനായ് ആതിരാ ഞാനിറങ്ങട്ടെ?

പറഞ്ഞതും ആദർശ് പുറത്തേക്ക് നടക്കാനൊരുങ്ങിയതും അവൻ്റെ കൈ പിടിച്ചു ആതിര.

” ഇത്രേം നേരമായ് – ഇനി എൻ്റെ താലിക്കെട്ട്‌ കണ്ടിട്ടുപൊയ്ക്കൂടെ – ഒരാളെങ്കിലും ഉണ്ടല്ലോ എന്ന് എനിക്ക് സന്തോഷിക്കാമല്ലോ?”

കണ്ണീരോടെ അവൾ ചോദിച്ചപ്പോൾ, ആദർശ് അവൻ അണിഞ്ഞിരുന്ന അഴുക്ക് പുരണ്ട വസ്ത്രത്തിലേക്ക് നോക്കി.

” അത് സാരല്യാ- ഞാൻ മുതലാളിയോട് വിളിച്ചു പറയാം. ആദർശ് കുറച്ചു കഴിഞ്ഞ് ചെന്ന് തുണിക്കടയിൽ നിന്ന് ഷർട്ടും മുണ്ടും വാങ്ങി വന്നാൽ മതി”

ഒരു നിമിഷം ആദർശ് സംശയത്തോടെ ആതിരയെ നോക്കി.

” ഇല്ല ആദർശ് നി വിചാരിക്കും പോലെ ഞാൻ നിന്നെ ഒറ്റികൊടുക്കില്ല. പക്ഷേ ഇനി നീ പ്രലോഭനങ്ങളിൽ കുടുങ്ങി തെറ്റായ വഴിയിലൂടെ പോകില്ലായെന്ന് എനിക്കു വാക്കു തരണം”

അവൾ വലതു കൈ അവനു മുന്നിൽ നിവർത്തിയതും, ആദർശ് വലതു കൈ നിവർത്തി അവളുടെ കൈപ്പത്തിക്കു മുകളിൽ വെച്ചു.

രാവിലെ പ്രഭാതകൃത്യങ്ങളെല്ലാം നടത്തി ചായയും കുടിച്ച്, ആദർശ് വസ്ത്രശാലയിലേക്ക് പുറപ്പെടുമ്പോൾ, ആതിര അവനു മുന്നിലായ് വന്നു നിന്നു.

” ഒരു അഞ്ചുമുഴം മുല്ലപ്പൂ കൂടി വാങ്ങണേ”

അവൾ പൈസ നീട്ടിയപ്പോൾ അതു വാങ്ങാതെഅവൻ പുഞ്ചിരിയോടെ അവിടെ നിന്നിറങ്ങി.

എട്ടരയായിട്ടും ആദർശിനെ കാണാതായപ്പോൾ, അച്ഛൻ്റെ അനുഗ്രഹം വാങ്ങി അവൾ വീടിനു പുറത്തേക്കിറങ്ങി.

തെക്കേമുറ്റത്തെ മൺക്കൂനയിലമർന്നു കിടക്കുന്ന അമ്മയുടെയും, ചേട്ടൻ്റെയും അരികിൽ അവൾ കണ്ണീരോടെ കൈകൂപ്പിനിന്നു.

പിന്നെ ഏകയായ് ദേവി ക്ഷേത്രത്തിലേക്ക്.

കൈയിലെയും കഴുത്തിലെയും സ്വർണ്ണത്തിളക്കത്തിലേക്ക് നോക്കിയപ്പോൾ, വിയർത്തു നിൽക്കുന്ന അച്ഛൻ്റെ ഓർമ്മ വന്നതും അവൾ ശബ്ദമില്ലാതെ കരഞ്ഞു.

വിജനമായ പ്രദേശത്തെ ആ ദേവീക്ഷേത്രത്തിലേക്ക് നടക്കുമ്പോഴും അവൾ ഇടയ്ക്കിടെ ആദർശ് വരുന്നുണ്ടോയെന്ന് തിരിഞ്ഞു നോക്കി കൊണ്ടിരുന്നു.

ക്ഷേത്രനടയിൽ അക്ഷമനായി കാത്തു നിൽക്കുന്ന തൻ്റെ സതീഷിനെ കണ്ടതോടെ അവൾ നടത്തയ്ക്ക് ധൃതികൂട്ടി.

ക്ഷേത്രനടയിൽ കൈകൂപ്പി പ്രാർത്ഥിച്ച ശേഷം സതീഷ് ആതിരയുടെ കഴുത്തിലേക്ക് താലിനീട്ടുമ്പോഴാണ് അകലെ നിന്ന് ഒരാൾ ഓടി വരുന്നത് അയാൾ കണ്ടത്.

” പോലീസ്അളിയോ ഒരു നിമിഷം നിൽക്ക്.ഒരു സമ്മാനമുണ്ട് ”

ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കിയ ആതിര കണ്ടത് മുല്ലപ്പൂവും, ഗിഫ്റ്റ് പാക്കറ്റും പിടിച്ച് ഓടി വരുന്ന ആദർശിനെയാണ്.

ക്രീം നിറത്തിലുള്ള ഷർട്ടിലും മുണ്ടിലും അവൻ വല്ലാതെ തിളങ്ങിയിരുന്നു.

“ഫ്രണ്ടാണ് ”

സതീഷ് ആതിരയെ സംശയത്തോടെ നോക്കിയപ്പോൾ അവൾ പതിയെ പറഞ്ഞു.

ഓടി കിതച്ചെത്തിയ ആദർശ് മുല്ലപ്പൂവിൻ്റെ പൊതി ആതിരയുടെ കൈയിലേക്ക് കൊടുത്ത് പതിയെ കണ്ണടച്ച് പുഞ്ചിരിച്ചു.

” ആതിര മുല്ലപ്പൂ ചൂടുമ്പോഴെയ്ക്കും അളിയൻ ആ കൈ ഒന്നു കാണിച്ചേ?”

അയാൾ സംശയത്തോടെ അവനു നേരെ വലതു കൈ നീട്ടിയപ്പോൾ, ആദർശ് പതിയെ കൈയിലുണ്ടായിരുന്ന ഗിഫ്റ്റ് ബോക്സ് തുറന്നു.

ആകാംക്ഷയോടെ നോക്കി നിൽക്കുന്ന ആതിരയും, അയാളും അതിൽ നിന്നെടുത്ത ഗിഫ്റ്റ്‌ കണ്ട് ഞെട്ടിത്തെറിച്ചു.

കൈ വിലങ്ങ്!

പരിഭ്രാന്തനായ അയാൾ രക്ഷപ്പെടാൻ വേണ്ടി ചുറ്റും നോക്കിയപ്പോൾ അവിടവിടെയായി നിൽക്കുന്ന ആൾക്കാരെ കണ്ടപ്പോൾ മുഖം കുനിച്ചു.

അവൻ്റെ കൈയ്യിൽ വിലങ്ങിടുന്നതും നോക്കി നിന്ന ആതിരയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി.

“ഇവൻ ആരാണെന്നറിയുമോ ആതിരയ്ക്ക് .പക്കാ ഫ്രോഡ്. ഈ പ്രദേശത്ത് നടന്നിട്ടുള്ള പല മോഷണത്തിലും, പെൺക്കുട്ടികളുടെ മിസ്സിങിലും ഇവനു പങ്കുണ്ട് ”

ആതിര അവിശ്വസനീയ തോടെ സതീഷിനെ നോക്കി.

“ഇവൻ്റെ പേര് സതീഷ് എന്നല്ല; വിക്രമൻ ”

വിക്രമനെ മഫ്റ്റിയിലുള്ള പോലീസുക്കാർക്ക് കൈമാറി ആദർശ് തൻ്റെ ഐ.ഡി എടുത്ത് ആതിരയ്ക്കു നേരെ നീട്ടി.

സബ് ഇൻസ്പെക്ടർ അരുൺ !

അവൾ പതിയെ ആ പേര് നോക്കി മന്ത്രിച്ചപ്പോൾ അവൻ അതേയെന്നു തലയാട്ടി.

” ട്രെയിനിങ്ങ് കഴിഞ്ഞു ആദ്യത്തെ പോസ്റ്റ് ഇവിടുത്തെ സ്റ്റേഷനിലേക്കായിരുന്നു ആദ്യത്തെ അന്വേഷണം സെയിൽസ് ഗേൾസിൻ്റെ മിസിങ്ങ് | ”

അവിശ്വസനീയമായ ഒരു കഥ കേട്ടിരിക്കുന്ന കുട്ടിയുടെ മുഖഭാവമായിരുന്നു ആതിരക്കപ്പോൾ.

“ഇവൻ ഈ നഗരത്തിലുണ്ടെന്ന് മനസ്സിലായപ്പോൾ ഞങ്ങൾ ഓരോ കടകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.അതിൽ നിന്നാണ് പലവട്ടം ആതിരയും, വിക്രമനും സംസാരിക്കുന്നത് കണ്ടത് ആ അന്വേഷണത്തിനു വേണ്ടിയാണ് പാതിരാത്രിയിൽ ആതിരയുടെ വീട്ടിലേക്ക് ഒരു കള്ളനെ പോലെ ഞാൻ കയറിയത് ”

“അപ്പോൾ അരുൺ -പറഞ്ഞതൊക്കെ നുണയായിരുന്നുല്ലേ?”

അരുണിൻ്റെ കവിളിൽ അടിച്ചതോർത്ത് അവൾ വിഷമത്തോടെ ചോദിച്ചു.

“എൻ്റെ കവിളിൽ അടിച്ചതോർത്ത് വിഷമിക്കണ്ട. അത് സ്നേഹം കൊണ്ടാണെന്നറിയാം”

അവൻ ഒന്നു നിർത്തി അവളുടെ തോളിൽ കൈവെച്ചു’

” ഞാൻ പറഞ്ഞ കഥയിൽ മുക്കാൽ ഭാഗം സത്യമാണ് ആതിര. പ്രാണനെ പോലെ സ്നേഹിച്ച പെണ്ണ് ഇട്ടേച്ചു പോയപ്പോൾ തളർന്നില്ല ഞാൻ. ആ വാശിയിൽ നേടിയെടുത്തതാണ് സബ് ഇൻസ്പെക്ടർ എന്ന ഈ പദവി ”

അരുൺ ഒരു നിമിഷം ശ്രീകോവിലേക്കു നോക്കി കണ്ണടച്ചു കൈകൂപ്പി .

പിന്നെ തൻ്റെ പോക്കറ്റിൽ നിന്നു ഒരു ചെറിയ താലി മാലയെടുത്ത് അവൾക്കു നേരെ നീട്ടി.

” കെട്ടിക്കോട്ടെ ഞാൻ ഈ താലി?”

അവൾ എന്തു പറയണമെന്നറിയാതെ കൈകൂപ്പിനിന്നു.

തൻ്റെ കഴുത്തിൽ താലി വീണെന്നറിഞ്ഞ നിമിഷം അവൾ അവൻ്റെ നെഞ്ചിലേക്കമർന്നു.

അമ്പലമണികളുടെ ശബ്ദത്തിനോടൊപ്പം, ആലിലകളും താളം പിടിച്ച ആ നിമിഷത്തിൽ, പ്രണയസാന്ദ്രമായ ഒരു കാറ്റ് അവരെ തഴുകി കൊണ്ടു കടന്നു പോയി. ലൈക്ക് കമന്റ് ചെയ്യണേ…. ഷെയർ ചെയ്യണേ…

രചന: സന്തോഷ് അപ്പുക്കുട്ടൻ

1 thought on “വിറയ്ക്കുന്ന ചുണ്ടുകളോടെ അവനത് ചോദിക്കുമ്പോൾ, അവൻ്റെ തലമുടിയിൽ നിന്ന് വെള്ളം ഊർന്നു വീഴുന്നുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *