റൂബിയുടെ കുഞ്ഞ്

” ഇടിച്ച് ചതച്ചെന്റെ നെഞ്ച് . “ഉമ്മേം മോനും കൂടി….’ എന്നെ അങ്ങ്ട് കൊന്നോളീ …’

രാത്രി ഭക്ഷണത്തിനു ശേഷം മുഖവും വായും കഴുകി വരികയായിരുന്ന അഞ്ച് വയസുള്ള ഉണ്ണിയുടെ കൈ അവന്റെ വാപ്പുമ്മയുടെ നെഞ്ചിൽ തട്ടി . ചുമയും കഫക്കെട്ടുമുള്ള ഉമ്മ സോഫയിലിരുന്ന് സീരിയൽ കാണുകയായിരുന്നു . വീട്ടിൽ ഉമ്മയും , റൂബിയും , ഉണ്ണിയും മാത്രമാണ് താമസം ; ‘ഉണ്ണിയുടെ വാപ്പ ദുബായിലാണ് . വീട്ടുജോലികൾ എല്ലാം കൃത്യമായി ചെയ്യുന്നത് ഉണ്ണിയുടെ ഉമ്മയായ റൂബിയാണ് . വാപ്പുമ്മ എന്തിനാണ് ഒച്ച വച്ചതെന്ന് ഉണ്ണിക്ക് മനസിലായില്ല . റൂബി ഇതൊന്നും അറിയാതെ പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കുന്ന തിരക്കിലായിരുന്നു .

” ഉമ്മീ , വാപ്പുമ്മ പർദ്ദയിട്ട് നടക്കുന്നു . എവിടെക്കാ നമ്മൾ പോണേ ..?”

ഉണ്ണി വെറുതെ പലതും പറയാറുണ്ട് . അതുപോലെ എന്ന് കരുതി അവൾ വേഗം ജോലി തീർത്തു. കുഞ്ഞിനെ ഉറക്കാനായി റൂമിലെത്തി . ‘ഫോൺ എടുത്ത് നോക്കിയപ്പോൾ വീടിന് അടുത്ത് താമസിക്കുന്ന നാത്തൂന്റെ ആറ് മിസ്ഡ് കോളുകൾ .. എന്തിനാകും തുടരെ കോളുകൾ എന്ന് ചിന്തിച്ച് അവൾ നാത്തൂനെ വിളിച്ചു .

” എന്തേ , ഇത്താ വിളിച്ചേ ..?”

” ഉമ്മാക്ക് എന്തു പറ്റി..?

നെഞ്ച് വേദനയാണെന്ന് പറഞ്ഞ് കരയാ …”

“നെഞ്ച് വേദയോ ..?

ഞാനറിഞ്ഞില്ലല്ലോ ..?

പിന്നെ വിളിക്കാം ”

റൂബിക്ക് ഭർത്താവിന്റെ ഉമ്മ എന്നതിലുപരി അവർ അവൾക്ക് സ്വന്തം ഉമ്മയാണ് .

” ഉണ്ണി ഉമ്മാനെ ഇടിച്ചിട്ടാ നെഞ്ചുവേന .. ആ പാവത്തിനെ വേഗം ഡോക്ട്ടറെ കാണിക്ക് .. ”

നാത്തൂൻ പറഞ്ഞ് വിവരം അറിഞ്ഞപ്പോൾ തന്നെ ഉണ്ണിക്ക് രണ്ട് അടി കൊടുത്ത് റൂബി ഉമ്മയുടെ അരികിലേക്ക് കുതിച്ചു . ഉമ്മ വാതിൽ പുറത്ത് ലോക്ക് ചെയ്ത് ഡോക്ടറെ കാണാൻ പോകാൻ വണ്ടി വിളിച്ച് കസേരയിൽ കാത്തിരിക്കുകയായിരുന്നു . അവൾ വേഗം ജനൽ തുറന്നു .

” ഉമ്മാ , വാതിൽ തുറക്ക് ..ഉമ്മാടെ നെഞ്ച് വേദനിച്ചോ ..? ഡോക്ടറെ കാണാൻ നമുക്കൊരുമിച്ച് പോകാം .. ഉമ്മ.., വിഷമിക്കല്ലേ .. ‘അവൻ കുഞ്ഞല്ലേ .. അറിയാതെ ചെയ്തതാ …”

പലപ്പോഴും കുട്ടികളുടെ വികൃതികൾ കുടുബത്തിന്റെ താളം വരെ തെറ്റിക്കാറുണ്ട് , ഒരു പെണ്ണിനെ സംബന്ധിച്ച് , എല്ലാം അവളുടെ ഭർത്താവ് ആണ് , പ്രവാസികളായ ഭർത്താക്കന്മാർ നിധി പോലെ ഏൽപ്പിച്ച , അവരുടെ ഉമ്മാക്ക് വല്ലതും സംഭവിച്ചാൽ അവരും വേദനിക്കും എന്റെ ചിന്തകൾ കാട് കയറി ,

” അന്റെ വിധി ഇതാകും .. ഇങ്ങനെ അവസാനിക്കാനാ റബ്ബ് ഇനിക്ക് വച്ചേക്ക്ണ് …”

വാതിൽ തുറക്കാതെ ഉമ്മ പിന്നെയും എന്തൊക്കെയോ വിളിച്ചു പറഞ്ഞു ..

‘ ഉമ്മ അവളേയും കുഞ്ഞിനേയും ആ വീട്ടിലെ അംഗങ്ങളായി പരിഗണിച്ചിരുന്നില്ല . തന്റെ മകന്റെ സ്നേഹം തട്ടിയെടുക്കാനും , തന്നെ മകനിൽ നിന്ന് അകറ്റാനും വന്നവരാണ് അവർ എന്ന ദുഷ്ചിന്ത ഉമ്മ മനസ്സിൽ കൊണ്ടു നടന്നിരുന്നു

‘ ഓട്ടോ വന്ന് ഉമ്മ ഒറ്റക്ക് കയറി പോയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ അവൾ പരുങ്ങി . ചെറിയ ഒരു വടിയെടുത്ത് ഉണ്ണിയെ അടിച്ചു . ”

തല്ലല്ലേ തല്ലല്ലേ ..,

എന്നും , അവനെ എടുക്കാനും , ഇനി ചെയ്യില്ല എന്നും പറഞ്ഞ് അവൻ വാവിട്ടു കരഞ്ഞു ; പെറ്റവയറിനെ അറിയൂ പൈതങ്ങളുടെ വേദന , അടിക്കുന്ന ഓരോ അടിയിലും അവൾ ആരും കാണാതെ കണ്ണുനീർ പൊഴിക്കുന്നുണ്ടായിരുന്നു ..

‘തന്റെ കയ്യിലുണ്ടായിരുന്ന താക്കോൽ എടുത്ത് വാതിൽ തുറന്ന് റൂബിയും കുഞ്ഞും പുറത്ത് വന്നിരുന്നു . അവൾക്ക് മന:സമാധാനമില്ലാതെ ഭർത്താവിന് ഫോൺ ചെയ്തു . ഭർത്താവ് കോളെടുക്കാതെ ആയപ്പോൾ വാട്ട്സ്ആപ്പ് സന്ദേശമയച്ചു .

“ഇക്കാ , ഉണ്ണി ഉമ്മയെ ഇടിച്ചു .ഉമ്മാക്ക് നെഞ്ചുവേദനയായി ..

ഡോക്ടറെ കാണാൻ ഒറ്റക്കാ പോയത് . എനിക്ക് ഒരു സമാധാനവുമില്ല .. ഉമ്മാനെ വിളിച്ചിട്ട് കിട്ടുന്നില്ല …”

‘ഉടനെ അവന്റെ മറുപടി ശബ്ദ സന്ദേശമായി അവളുടെ ഫോൺ സ്വീകരിച്ചു .

“ഞാനറിഞ്ഞിട്ട് കുറേ നേരമായി ..

“നീയവിടെ ആരെ നോക്കിയിരിക്കാ ഡീ .. .ഉമ്മാനെ തല്ലിച്ചിട്ട് അവൾ ന്യായം പറയുന്നു .. നിന്റെ വീട്ടുകാരാഡീ.., ഉണ്ണീനെ കേടാക്കിയത് ..

” നീ കുറേ കൂടെ കൊഞ്ചിക്ക് .. ”

“ഒപ്പം അസഭ്യവർഷവും ചൊരിഞ്ഞു .

ഭൂമി പിളരുന്നത് പോലെ ഭർത്താവിന്റെ കൂടെ ശകാരം കേട്ടപ്പോൾ മനസ്സിലെ ധൈര്യം ചോർന്നത് പോലെ , ‘അതേ …’ ലോകത്ത് മക്കൾ എന്ത് തെറ്റ് ചെയ്താലും ആദ്യം പഴി കേൾക്കുന്നത് അമ്മമാരായിരിക്കും . അത് ചിലപ്പോൾ സ്വന്തം ഭർത്താവിൽ നിന്ന് തന്നെ ആവാം . എന്നതും സത്യം ആണെന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു….’

‘റൂബിയും കുഞ്ഞും പുറത്ത് കസേരയിൽ കരഞ്ഞ് തളർന്ന് വിയർത്ത് കുളിച്ചിരിക്കുമ്പോഴാണ് നാത്തൂനും അയൽപക്കത്തുള്ള രണ്ട് കുട്ടികളും വരുന്നത് .

“മോനെ ..മോന്റെ വാപ്പയുടെ ഉമ്മയാണ് . മൂത്തവരെ തല്ലരുത് .

‘നീ പറഞ്ഞ് കൊടുക്കാണ്ട് ആണ് . ഉമ്മാനെ ഇയ്ന് മുന്നും അവൻ തല്ലീട്ട്ണ്ട് . നല്ല ചുട്ട അടി കിട്ടാഞ്ഞിട്ടാണ് . ചൂരൽ വാങ്ങി തല്ലിയാൽ നന്നാകും അവൻ . ഞങ്ങടെ ഉമ്മാനെ ഇനി തല്ലീട്ട് ഇണ്ടെങ്കി ഞാൻ ചുട്ട അടി തരും … ”

നാത്തൂൻ അവളോടും കുഞ്ഞിനോടും ആക്രോശിച്ചു .

” ഞാൻ ഇക്കയോട് പറഞ്ഞപ്പോൾ എന്നെ ചീത്ത വിളിച്ചു… ”

” പിന്നേ , അവന്റെ ഉമ്മാനെ തല്ലീട്ട് അവൻ പൊറുക്കോ ..?? അവന് കേട്ടപ്പോൾ സങ്കടായി … നിന്നെ വിളിച്ചിട്ട് എടുക്കാണ്ടായപ്പോൾ ഞാനാണ് അവനോട് പറഞ്ഞത് .. ”

” ഉണ്ണി അറിയാതെ ചെയ്തതാ .. കുഞ്ഞല്ലേ .. ”

“ഇനി വാപ്പുമ്മാനെ തല്ലോ നീ ..??

ഞാൻ ഇങ്ങട് വിളിച്ചിട്ട് എന്റെ മക്കൾ വന്നില്ല ..

അവർ കംപ്യൂട്ടറില് പുതിയ ഗെയിം കളിക്ക് ന്..”

ഹോസ്പിറ്റലിൽ പോയ ഉമ്മയും ‘നാത്തൂന്റെ കൂടെയുള്ള കുട്ടികളുടെ ഉമ്മ’ സാജിയും വീട്ടിലെത്തി .

“ഇനിക്ക് തണ്ടൽ വേദനയായിട്ടാ ഞാൻ പോകാഞ്ഞത് . ഞാൻ അവളെ വിളിച്ച് കൂട്ട് പറഞ്ഞയച്ച്‌..” നാത്തൂൻ വിശദീകരിച്ചു .

” കുട്ടി ഇടിച്ച്ന്ന് ഞങ്ങൾ പറഞ്ഞില്ല . നെഞ്ച് മേശേൽ മുട്ടീന്ന് പറഞ്ഞ് .. X- RAY എടുക്കാനും SCAN ചെയ്യാനും പറഞ്ഞ് ഡോക്ട്ടർ .ഞങ്ങൾ മരുന്ന് വാങ്ങി പോന്ന് .ഉമ്മാടെ നെഞ്ച് തടിച്ച് വീർത്തേക്ക്ണ് .. രണ്ടൂസം കഴിഞ്ഞ് ഒന്നൂടെ പോണം .”

‘ഉമ്മയെ സാജിയും നാത്തൂനും താങ്ങി പിടിച്ച് പതുക്കെ ഉമ്മയുടെ റൂമിൽ കട്ടിലിൽ കിടത്തി .

” ഉമ്മാക്ക് ഇത്തിരി ചായ തെളപ്പിച്ചന്നേ മക്കളേ … ”

” ഉമ്മാക്ക് ഗുളിക കഴിക്കേണ്ടത്ണ്.. ”

റൂബി ചായ തിളപ്പിക്കാൻ അടുക്കളയിലേക്ക് പോയെങ്കിലും നാത്തൂനും സാജിയും അവളെ അനുവദിച്ചില്ല .

പഞ്ചസാര കൂടുതൽ ചേർത്ത് അവർ ചായ തിളപ്പിച്ചു .

” ഉമ്മാനെ അവൻ ഇടിക്ക്ണേലും മുന്ന് ഉമ്മ എന്തേലും തിന്നേര്ന്നാ … ഉമ്മാക്ക് വെശന്നിട്ട്ണ് ചായ ചോയ്ക്ക്ണ് …”

” ഉമ്മയും ഞാനും ഒരുമിച്ചാ ഭക്ഷണം കഴിച്ചത് .. എന്നിട്ടാ ഉണ്ണിക്ക് ചോറ് കൊടുത്തത് .. ”

” നീ വേഗം ചായ കൊടുക്ക് …” സാജി നാത്തൂനോട് കൽപ്പിച്ചു .

‘ഉമ്മ അവർ കൊടുത്ത ചായ കുടിച്ച് മരുന്ന് കഴിച്ചു . റൂബിയും കുഞ്ഞും ഉമ്മാടെ അരികെ നിന്നിരുന്നുവെങ്കിലും ഉമ്മ അവരെ പാടെ അവഗണിച്ചു . ചില അവഗണകൾ ‘ചെയ്യാത്ത തെറ്റിന് ശിക്ഷഅനുഭവിക്കും പോലെ ആണ് …’

“മോൻ ആകെ പേടിച്ചല്ലാ .. നീ തല്ലീട്ട്ണ് … ഈ രാത്രി ഞങ്ങളെ ഒക്കെ കാണാൻ പറ്റീലേ …

ഉമ്മാക്ക് എന്ത് പ്രശ്നണ്ടായാലും ഞങ്ങളെ വിളിച്ചാ മതി .. ” സാജി റൂബിയോട് പറഞ്ഞു .

‘സാജിയും നാത്തൂനും ഉമ്മയോട് യാത്ര പറഞ്ഞ് അവരുടെ വീട്ടിലേക്ക് പോയി…’ റൂബി വീടിന്റെ വാതിലടച്ച് ഉമ്മയുടെ റൂമിലേക്കെത്തിയപ്പോഴേക്കും റൂമിന്റെ വാതിൽ ഉമ്മ കൊട്ടിയടച്ചു . ചുറ്റിലും വേലിക്കെട്ടുകൾ തീർത്ത പോലെ മനസ്സ് തേങ്ങി ..

ഉണ്ണിക്ക് നാളെ സ്കൂളിൽ പോകേണ്ടതാണ് . രാത്രി സമയം ഒരുപാട് അതിക്രമിച്ചിരുന്നു .. “ഉണ്ണി’ റൂബിയുടെ മേൽ ഉറക്കം വന്ന് വാശി തുടങ്ങിക്കഴിഞ്ഞു .

“ഉമ്മിയുടെ ചക്കര ഒരിക്കലും വാപ്പുമ്മയെ ഒന്നും ചെയ്യരുത് .. ഉമ്മിയെ വിഷമിപ്പിക്കല്ലേ കുട്ടാ ….” കുഞ്ഞ് മനസ്സിനെ പലതും പഠിപ്പിക്കാൻ ശ്രമിച്ചു ..

” ഉമ്മീ , ഇത് എന്റെ ഗ്രാന്റ്മാ അല്ല … ഗ്രാന്റ്മാ ഇങ്ങനെയല്ല … ”

ചെറിയ മനസ് വേദനിച്ച വാക്കുകൾ .

റൂബിക്ക് ശരീരമാസകലം ചുട്ടുപൊള്ളുന്നതായി അനുഭവപ്പെട്ടു . ‘മോൻ ഉറങ്ങിയെങ്കിലും മകനെ മാറോടു ചേർത്തു പിടിച്ചു , നാളെ ഇവന്റെ മകനും വന്നു എന്നെ തല്ലിയെക്കാം .. അന്ന് ഞാൻ തിരിച്ചറിയണം എന്റെ മകന്റെ മകന്റെ ആ കുഞ്ഞു മനസ്സും വികൃതിയും അന്ന് അവനെയും ഇത് പോലെ മാറോടു ചേർക്കണം ..,

അവളുടെ ചങ്ക് നീറിപ്പുകഞ്ഞു .

അവൾക്ക് ഉറക്കം ഇല്ലാതാക്കിയ നഷ്ടങ്ങളുടെ ഒരു രാത്രി കൂടി ………..

Femina Mohamed

Leave a Reply

Your email address will not be published. Required fields are marked *