സഹോദരി

രചന: അബ്ദുൽ സഹദ്.കെ

നിങ്ങളെന്നെ തൊടരുത്…”

“എന്താ അനൂ,നീ പറയുന്നത്”

“പറഞ്ഞത് മനസിലായില്ലേ, ഇനി മേലില്‍ എന്റെ ദേഹത്ത് നിങ്ങള്‍ സ്പർശിക്കരുത് എന്ന്”

“അതിന് മാത്രം ഇപ്പൊ ഇവിടെ എന്താണുണ്ടായത്”

“എന്താണുണ്ടായതെന്ന് നിങ്ങൾക്കറിയില്ലേ”

“നീ വളച്ചുകെട്ടാതെ കാര്യം പറ അനൂ”

“നിങ്ങളുടെ പെഴ്സിൽ ഞാനിന്നൊരു പെണ്ണിന്റ ഫോട്ടോ കണ്ടു, അതാരാ”

“ഓ അതാണോ കാര്യം”

“ആ, അത് തന്നെ”

“എടി അത് എന്റെ സഹോദരിയാണ്”

“നിങ്ങൾക്ക് ഞാനറിയാത്തൊരു സഹോദരിയോ”

“അതെ, ഞനെല്ലാം പറയാം നീ ഇടക്ക് കേറരുത്”

“ശരി”

അവൾ മഞ്ജു, എനിക്ക് പിറക്കാതെ പോയ എന്റെ സഹോദരി… അവളെ ഞാൻ ആദ്യമായി കാണുന്നത് മുംബൈയിലെ ഒരു റെഡ്സ്ട്രീറ്റിനടുത്ത് വെച്ചാണ്, ഞാനന്ന് അവിടെ ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്യുന്ന സമയം.. ഒരു ദിവസം വൈകുന്നേരം റൂമിലേക്ക് പോകുമ്പോഴാണ് ഒരു കരച്ചില്‍ കേട്ടത്, ഞാൻ നേരെ കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കി, അപ്പോഴാണ് ഒരു 10 വയസ്സുകാരി പെൺകുട്ടി അവിടെയുള്ള ഒരു മൂലയില്‍ ഇരുന്ന് തേങ്ങി തേങ്ങി കരയുന്നത് കണ്ടത്, ഞാൻ നേരെ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു, എന്നെ കണ്ടിട്ടാവണം കുട്ടി ഒന്നൂടെ പിന്നോട്ട് വലിഞ്ഞു, കണ്ടപ്പോൾ ഒരു മലയാളി കുട്ടി ആണെന്ന് മനസ്സിലായി.. ഞാൻ അവളോട് കാര്യങ്ങള്‍ ചോദിച്ചു, അവളുടെ അമ്മ ഒരു കൊല്ലം കാരിയാണ്, മുംബൈയിൽ നിന്നും കേരളത്തിൽ ബിസിനസ്സ് ആവശ്യത്തിന് വന്ന ഒരു മാർവാടി അയാളുടെ സൌന്ദര്യം കൊണ്ട് അവളെ വശത്താക്കി…

നാട്ടില്‍ വീട്ടുകാര്‍ അറിയുകയും എതിർപ്പുകൾ സഹിക്കേണ്ടി വരികയും ചെയ്തപ്പോൾ അയാളുടെ കൂടെ ആരോടും പറയാതെ അവൾ മുംബൈയിലേക്ക് പോയി…

അവൾ വിചാരിച്ച പോലെ ആയിരുന്നില്ല കാര്യങ്ങള്‍, അയാൾക്ക് മുംബൈയിൽ വ്യഭിചാരത്തിന്‍റെ കച്ചവടം ആയിരുന്നു, അയാളുടെ ആവശ്യം കഴിഞ്ഞപ്പോൾ അയാൾ അവളെ മറ്റുള്ളവർക്ക് കാഴ്ച വെക്കാന്‍ ശ്രമിച്ചു, ആ സമയത്താണ് ഈ കുട്ടി ജനിക്കുന്നത്…

ആ ഒരു കാരണം കാട്ടി അയാൾ അവളെ ഭീഷണിപ്പെടുത്താൻ തുടങ്ങി, അയാൾ പറയുന്നത് അനസരിച്ചില്ലെങ്കിൽ കുട്ടിയെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി അയാൾ അവളെ പലർക്കും കാഴ്ചവെച്ചു, നാട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥ അവളെ ആ തൊഴിലിൽ തളച്ചിടുകയായിരുന്നു…

അതിനിടയിലാണ് അയാൾ ഒരു ആക്സിഡന്റിൽ കൊല്ലപ്പെടുന്നത്, താൻ സ്വതന്ത്ര ആയെന്ന് കരുതിയ അവർക്ക് തെറ്റി, ദിവസവും രാവിലെ അവൾ ഉണരുന്നത് കടക്കാരുടെ വാതിലില്‍ ഉള്ള മുട്ട് കേട്ടുകൊണ്ടാണ്, അയാൾ പലരിൽ നിന്നായി തന്റെ ശരീരത്തിന് വില പറഞ്ഞ് ഒരുപാട് പണം കൈപ്പറ്റിയിരുന്നു…

നിസ്സഹായായ അവളെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല, ഒരു തവണ ഈ തൊഴിലിൽ വന്ന് പെട്ടാല്‍ തിരിച്ചൊരു മടങ്ങിപ്പോക്ക് അസാധ്യമാണ് എന്ന ബോധം വീണ്ടും അവളെ വേശ്യാവൃത്തിയിലേക്ക് നയിച്ചു…

ഒരു ദിവസം ഒരു പോലീസ് റെയ്ഡിൽ അവളുടെ അമ്മയേയും അവരെപ്പോലെയുള്ള ലൈംഗിക തൊഴിലാളികളെയും അറസ്റ്റ് ചെയ്തു…

ആ സമയത്താണ് ഞാൻ അവളെ കാണുന്നത്,… എനിക്കെന്തോ ആ കുട്ടിയെ അവിടെ തനിച്ചാക്കി വരാൻ കഴിഞ്ഞില്ല, ഞാൻ അവളെ സ്നേഹത്തോടെ കൂടെ കൂട്ടി…

അവളെ നല്ലൊരു അഗതിമന്ദിരത്തിൽ ചേർത്തു, അന്നുമുതല്‍ ഇന്നുവരെ അവളെന്റെ സഹോദരിയാണ്.. അതിനിടയില്‍ അവളുടെ അമ്മ പോലീസ് കസ്റ്റടിയിൽ മരിച്ചെന്ന വിവരം കിട്ടി, അതറിഞ്ഞിട്ടും അവൾക്ക് വിഷമം ഇല്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി…

അവളുടെ സകല ചെലവുകളും വഹിക്കുന്നത് ഞാനാണ്, സ്വന്തമായി ഒരു സഹോദരിയില്ലാത്ത എനിക്ക് അവളെന്നും എന്റെ കൂടപ്പിറപ്പാണ്…”

“സോറി ജയേട്ടാ, ഏട്ടനെ ഞാൻ സംശയിച്ചു എന്നോട് ക്ഷമിച്ചൂടെ”

“അതിന് എനിക്ക് നിന്നോടൊരു ദേഷ്യവുമില്ല അനൂ”

“ഞാനൊരു ആഗ്രഹം പറഞ്ഞാല്‍ സാധിച്ചു തരുമോ”

“നീ പറ, പറ്റുന്നതാണെങ്കിൽ ചെയ്യാം”

“നമുക്ക് നാളെ അവളുടെ അടുത്ത് പോയാലോ, എന്നിട്ട് അവളെ ഇങ്ങോട്ട് കൂട്ടാം”

“നീ നന്നായി ആലോചിച്ചിട്ട് തന്നെയാണോ ഈ പറയുന്നത്”

“അതെ ജയേട്ടാ”

“എനിക്ക് കുഴപ്പമൊന്നും ഇല്ല”

ജയനും അനുവും അവിടെയെത്തി അവളെയും കൂട്ടി തിരിച്ചു വന്നു… അനുവിനൊരു അനുജത്തിയേയും മഞ്ജുവിനൊരു ചേച്ചിയേയും കിട്ടി..

രണ്ടാളുടെയും സന്തോഷത്തിൽ ജയനും പങ്കാളിയായി….

ശുഭം:-

രചന: അബ്ദുൽ സഹദ്.കെ

Leave a Reply

Your email address will not be published. Required fields are marked *