” Best student of d yr award goes to Sandeep Sankar “

രചന : Prajith Surendrababu‎

സ്റ്റേജിൽ ടീച്ചർ അനൗൺസ് ചെയ്യുമ്പോൾ അനേകം കരഘോഷങ്ങൾക്കിടയിലൂടെ സന്ദീപ് സ്റ്റേജിലേക്കു കയറി നിന്നു.പ്രിൻസിപ്പാളിന്റെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾ ആ കുഞ്ഞു മനസ് ഏറെ സന്തോഷിച്ചു.

“ഇനി നമ്മുടെ സന്ദീപ് നിങ്ങളോട് രണ്ടു വാക്ക് സംസാരിക്കും”

ടീച്ചർ മൈക്ക് നീട്ടുമ്പോൾ അവന്റെ ഉള്ളിൽ ഒരു പരവേശം ഉണ്ടായി. ആദ്യമായിട്ടാണ് ഇങ്ങനൊരു വേദിയിൽ. വിറയാർന്ന സ്വരത്തിൽ അവൻ സംസാരിച്ചു തുടങ്ങി

” വേദിയിൽ ഇരിക്കുന്ന എല്ലാവർക്കും പിന്നെ എന്നെ പ്രോൽസാഹിപ്പിക്കുന്ന നിങ്ങൾ ഓരോരുത്തർക്കം എന്റെ നമസ്കാരം….ഞാൻ ആദ്യായിട്ടാണ് ഇങ്ങനൊരു സ്റ്റേജിൽ എന്ത് സംസാരിക്കണം എന്നും അറിയില്ല.കഴിഞ്ഞ വർഷം ഇതേ വേദിയിൽ മറ്റൊരു കുട്ടി ഈ അവാർഡ് വാങ്ങിയപ്പോഴാണ് എന്റെ അമ്മ എന്നോട് ആ ആഗ്രഹം പറഞ്ഞത്.അടുത്ത വർഷം ഈ അവാർഡ് ഞാൻ വാങ്ങി കാണണമെന്ന്….ഇന്ന് ഞാൻ ഏറെ സന്തോഷവാൻ ആണ് കാരണം എന്റെ അമ്മയുടെ ഏറ്റവു വലിയ ആഗ്രഹാ ഞാൻ സാധിച്ച് കൊടുത്തത്. എത്രയും വേഗം അമ്മേടെ അടുത്ത് ചെന്ന് ഈ വിവരം അറിയിക്കണം അതാ എന്റെ ഏക ആഗ്രഹം .. കാരണം അച്ഛൻ മരിച്ചതിൽ പിന്നെ ഒരു പാട് കഷ്ടപ്പെട്ടാ അമ്മ എന്നെ വളർത്തിയതും പഠിപ്പിച്ചതും…. ഇന്ന് അമ്മ ഏറെ സന്തോഷിക്കും ഉറപ്പാ….. കൂടുതലൊന്നും നിക്ക് പറയാനില്ല ല്ല.എല്ലാർക്കും നന്ദി. ”

സന്ദീപ് പറഞ്ഞു നിർത്തുമ്പോൾ ഒരു പക്ഷെ വേദിയിൽ ഇരിക്കുന്ന ഓരോ അമ്മമാർക്കും ആ മകന്റെ സ്നേഹത്തിൽ അസൂയ തോന്നിക്കാണും….

“സന്ദീപ് ഒന്നു നിന്നേ”

ഹാളിനു പുറത്തേക്കിറങ്ങുമ്പോഴാണ് പിന്നിൽ നിന്നു വിളി കേട്ടത്. മായ ടീച്ചർ ആയിരുന്നു അത്. ടീച്ചർ കൂളിൽ എത്തിയിട്ട് രണ്ടു മാസമേ ആയുള്ളൂ പക്ഷെ ഇപ്പോൾ സന്ദീപിന്റെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപിക അവരാണ്….

“സന്ദീപ് ഞങ്ങളോടൊന്നും പറയാണ്ട് പോകുവാണോ…”

“ഏയ്… സോറി ടീച്ചർ ഞാൻ ടീച്ചറെ കാണാഞ്ഞിട്ടാ….”

അവന്റെ നെറുകയിൽ സ്നേഹത്താൽ തലോടി മായ..

” എവിടേ മോന്റെ അമ്മ…. ഇന്ന് എന്തേ വരാഞ്ഞത് ”

“അമ്മ വീട്ടിലാ ടീച്ചർ അവിടെ അച്ഛമ്മ ഒറ്റയ്ക്കേ ഉള്ളൂ.ഞാൻ പൊയ്ക്കോട്ടെ ടീച്ചർ ”

മായ ഒന്നു പുഞ്ചിരിച്ചു.

” എന്തേ ഈ അവാർഡ് അമ്മയെ കാട്ടാൻ തിടുക്കമായോ.എന്തായാലും മോന്റെ അമ്മയെ നേരിട്ട് ഒന്നു കാണണംന്ന് നിക്കും ആഗ്രഹം ഉണ്ട്. ഇങ്ങനൊരു സ്റ്റുഡന്റിനെ എനിക്കു തന്നതിന് നേരിട്ട് ഒരു ടാങ്ക്സ് പറയണം ഒപ്പം ആ അമ്മയുടെ സന്തോഷം ഒന്നു നേരിൽ കാണാലോ…ഞാനും വരാം വീട്ടിലേക്ക് നമുക്ക് എന്റെ വണ്ടിയിൽ പോകാം….”

മായയുടെ വാക്കുകൾ സന്ദീപിനെ ഏറെ സന്തോഷിപ്പിച്ചു.

” ശരിയാ .. അമ്മയോട് ഞാൻ ടീച്ചറെപ്പറ്റി പറയാറുണ്ട് അമ്മയ്ക്കും ഒരു സസ്പെൻസ് കൊടുക്കാം അല്ലേ….”

ആ നിഷ്കളങ്കതയ്ക്കു മുന്നിൽ മായ പുഞ്ചിരി തൂകി.

കാറിൽ വീട്ടിലേക്കുള്ള യാത്രയിൽ അവൻ ഏറെ സന്തോഷവാൻ ആയിരുന്നു.

“മോനോട് ഒരു കാര്യം ചോദിച്ചാൽ വിഷമമാവോ”

“എന്താ ടീച്ചർ ചോദിക്ക് ”

“അത് മോന്റെ അച്ഛൻ.. എങ്ങിനെയാ……”

വാക്കുകൾ പാതി മുറിച്ച് മായ അവന്റെ മുഖത്തേക്കു നോക്കി…. ആ മുഖത്ത് അപ്പോഴും പുഞ്ചിരി തന്നെ നിലനിന്നു.

“ടീച്ചർ ഇതുപോലൊരു കാർ ഉണ്ടായിരുന്നു അച്ഛന് ടാക്സിയായിരുന്നു ഒരു രാത്രി എവിടെയോ ഒരു യാത്ര പോയതാ പിന്നെ വണ്ടിയും വന്നില്ല അച്ഛനും വന്നില്ല. ആദ്യമൊക്കെ നിക്ക് നല്ല വിഷമമായിരുന്നു.പിന്നെ ഞാൻ വിഷമിച്ചാൽ അമ്മയും വിഷമിക്കും അമ്മയ്ക്ക് ഞാൻ മാത്രല്ലേ ഉള്ളൂ… ആൺ കുട്ടികൾ കരയാൻ പാടില്ല അവരാ എല്ലാരെയും സമാധാനിപ്പിക്കേണ്ടത് എന്ന് അച്ഛമ്മ എപ്പോഴും പറയും അതുകൊണ്ട് ഞാൻ വിഷമമെല്ലാം മറന്നു….. പിന്നങ്ങോട്ട് എന്റെ അച്ഛനും അമ്മയും എല്ലാം ഒരാളായിരുന്നു. .. ന്റെ അമ്മ…. ”

മുഖത്ത് നിഴലിച്ച വേദന ഒറ്റനിമിഷംകൊണ്ട് അവൻ പുഞ്ചിരിയാക്കി മാറ്റിയപ്പോൾ…. മായക്ക് അതിശയമായി.. ഈ കുഞ്ഞു പ്രായത്തിലും എത്ര സ്നേഹത്തോടെയും പക്വതയോടെയാണ് അവൻ പെരുമാറുന്നത്…. ആ അമ്മയോട് വല്ലാത്ത അസൂയ തോന്നി മായക്ക്..

വീട്ടിലെത്തുമ്പോൾ അച്ഛമ്മ മുറ്റത്തു തന്നെ ഉണ്ടായിരുന്നു….. ഒറ്റ നോട്ടത്തിൽ തന്നെ മായക്ക് ആ വീട് ഏറെ ഇഷ്ടായി തുളസിത്തറയും നാലു കെട്ടുമൊക്കെയുള്ള ഒരു പഴയ തറവാട്

” അച്ഛമ്മേ ദേ ഇതാ ഞാൻ പറയാറുള്ള മായ ടീച്ചർ ”

മായ ഭവ്യതയോടെ കൈകൂപ്പി..

“ടീച്ചർ വന്നേ അമ്മയെ പരിചയപ്പെടാം….

അമ്മേ ദേ അതാ ഞാൻ പറയാറുള്ള മായടീച്ചർ…അമ്മയെ കാണാൻ വന്നതാ… എന്നെ പോലൊരു മിടുക്കനെ സ്റ്റുഡന്റായി കൊടുത്തതിന് അമ്മയോട് ടാങ്ക്സ് പറയണമെന്ന് ടീച്ചറിന്…”

ശബ്ദം കേട്ട ഭാഗത്തേക്ക് പുഞ്ചിരി മായ്ക്കാതെ തിരിഞ്ഞ മായ ഒരു നിമിഷം ചലനമറ്റു നിന്നു പോയി കൺമുന്നിലെ ആ കാഴ്ച വിശ്വസിക്കാൻ കഴിയാതെ……

അവിടെ…. മുറ്റത്ത് ഒരു കോണിലായുള്ള അസ്തിത്തറയിൽ കത്തിച്ച് വച്ച ദീപത്തിനു മുന്നിൽ തന്നെ പരിചയപ്പെടുത്തിയതിനൊപ്പം ഇന്നത്തെ തന്റെ വിശേഷങ്ങൾ വാതോരാതെ പങ്കു വയ്ക്കുകയാണ് ആ കുഞ്ഞു മനസ്….. സർട്ടിഫിക്കറ്റ് ഉയർത്തിക്കാട്ടിയും കൈ കൊണ്ട് ഓരോരോ ആംഗ്യങ്ങൾ കാട്ടിയും സന്തോഷത്തിന്റെ പരമ കോടിയിലാണവൻ….

കൺമുന്നിലെ കാഴ്ച വിശ്വസിക്കാൻ കഴിയാണ്ട് തിരിയുമ്പോൾ പിന്നിൽ അവന്റെ അച്ഛമ്മ നിന്നിരുന്നു.

“മോന്റെ… അമ്മ…. ”

സംശയത്താൽ ഉറ്റുനോക്കുമ്പോൾ ആ വൃദ്ധയുടെ മിഴികൾ നിറഞ്ഞു തുളുമ്പുന്നത് അവൾ കണ്ടു.

” പോയി… ”

വിറയാർന്ന ആ വാക്കുകൾ മായയുടെ മനസിൽ തറഞ്ഞു കയറി

“ആറു മാസങ്ങൾക്ക് മുന്നേ… കിണറ്റിൽ കരയിൽ പെട്ടെന്ന് തല കറങ്ങി വീണതാ…. പിന്നെ ആ കണ്ണുകൾ തുറന്നില്ല. ഇപ്പോൾ ഈ കുഞ്ഞും പ്രായമായ ഞാനും മാത്രം .ഇനി എത്ര നാളെന്നു വച്ചാ …….. ഞാൻ കൂടി പോയാൽ…….. ന്റെ കൃഷ്ണാ……”

ആ വാക്കുകൾ അവളെ ഏറെ വേദനിപ്പിച്ചു.

വാ തോരാതെ അമ്മയെപ്പറ്റി സംസാരിക്കുമ്പോൾ ഒരിക്കൽ പോലും ആ കുഞ്ഞു മനസ് നൊന്ത് കണ്ടിട്ടില്ല.. ആ കുഞ്ഞു മിഴികളിൽ നനവ് പടർന്നു കണ്ടിട്ടില്ല.തന്റെ നൊമ്പരം മനസിലൊതുക്കി പുഞ്ചിരിക്കുന്ന ആ മുഖം അവൾടെ മനസിൽ ഒരു നീറ്റലായി മാറി.

‘ആൺ കുട്ടികൾ കരയാൻ പാടില്ല അവരാ എല്ലാരെയും സമാധാനിപ്പിക്കേണ്ടത് ‘

കുഞ്ഞുവായിൽ നിന്നുതിർന്ന പക്വതയേറിയ ആ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങിക്കേട്ടു

“ടീച്ചർ ഇങ്ങു വന്നേ അമ്മയെ പരിചയപ്പെടണ്ടേ”

കൈ പിടിച്ച് വലിച്ചുകൊണ്ട് പോകുമ്പോൾ യന്ത്രം കണക്കെ പിന്നാലെ ചെന്നു മായ……. അവനെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരയാൻ തോന്നി അവൾക്ക് പക്ഷെ പാടില്ല.. നെഞ്ചു പൊട്ടുന്ന വേദനയെ പുഞ്ചിരിച്ച് കീഴ്പ്പെടുത്തിയ ആ കുഞ്ഞു മനസിനെ നോട്ടം കൊണ്ട് പോലും നോവിച്ചുകൂട.

അസ്തി തറയിൽ കത്തിച്ചു വച്ച ദീപത്തിനു മുന്നിൽ തൊഴു കയ്യോടെ നിൽക്കുമ്പോൾ മായയുടെ മനസിൽ ഒരായിരം തിരമാലകൾ അലയടിച്ചു.. മിഴികൾ അറിയാതെ നീർച്ചാലുകളായി….. കണ്ണുകൾ അടച്ച് കൈകൂപ്പുമ്പോൾ അറിയാതെ അവൾടെ മനസു മന്ത്രിച്ചു.

” സോദരീ ഈ മകന്റെ അമ്മയാകാനുള്ള ഭാഗ്യം ലഭിച്ച നിന്നിൽ ഞാൻ അസൂയ പൂണ്ടു. പക്ഷെ ആ സ്നേഹം അനുഭവിക്കാൻ വിധി നിന്നെ അനുവദിച്ചില്ല എന്നറിഞ്ഞ മാത്രയിൽ എന്റെ മനസുരുകുകയാണ് വിവാഹം കഴിഞ്ഞ് വർഷങ്ങളേറെയായിട്ടും അമ്മയാകാൻ ഭാഗ്യം ലഭിക്കാത്ത എനിക്ക് ഇന്നിപ്പോൾ വല്ലാത്ത ആശ തോന്നു വാ എന്നിലെ മാതൃത്വം കൊതിക്കുവാ ഈ മകന്റെ സ്നേഹത്തിന്റെ ഒരംശത്തിനായി…… കൊണ്ടു പൊയ്ക്കോട്ടെ ഞാൻ…. എന്റെ മകനായിട്ട്…. പെറ്റമ്മയോളം വരില്ലെങ്കിലും മനസിലെ സ്നേഹം വാരിക്കോരിക്കൊടുത്ത് പൊന്നുപോലെ നോക്കിക്കൊളളാം ഞാൻ ”

“എന്തിനാ ടീച്ചർ കരയുന്നെ ”

മിഴികൾ തുറക്കുമ്പോൾ കൺമുന്നിലെ നിഷ്കളങ്കതയ്ക്കു മുന്നിൽ സർവ്വനിയന്ത്രണങ്ങളും വിട്ടു പോയി മായക്ക് ..അവനെ വാരി പുണർന്ന് നെറുകയിൽ മുത്തം ചാർത്തുമ്പോൾ അസ്തിത്തറയിലെ ദീപത്തിന്റെ ശോഭയേറിയതായി തോന്നി അവൾക്ക് ഒരു പക്ഷെ തന്റെ പ്രാർത്ഥന അങ്ങകലെ നക്ഷത്ര ലോകത്തിരുന്ന് ആ അമ്മ കേട്ടിരിക്കണം… അവരുടെ മൗനസമ്മതമാകാം അത്….

രചന : Prajith Surendrababu‎

Leave a Reply

Your email address will not be published. Required fields are marked *